വീണ്ടും ഒരു പീഢന വര്‍ഷം.........

വീണ്ടും ഒരു പീഢന വര്‍ഷം.........


2013 ഒരു പീഢന വര്‍ഷമായി മാറുകയാണോ..!?. കുറച്ചു കാലമായി പത്ര ദൃശ്യ മാധ്യമങ്ങള്‍ക്ക്‌ അത്ര വലിയ സംഭവം അല്ലാതിരുന്ന സ്‌ത്രീ പീഢനം വീണ്ടും തലക്കെട്ടുകളില്‍ നിറയാന്‍ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം അവസാനം ഡല്‍ഹിയില്‍ ബസ്സിനുള്ളില്‍ പീഢനത്തിന്‌ ഇരയായ പെണ്‍കുട്ടി മരിച്ച സംഭവത്തോടെയാണ്‌ സ്‌ത്രീ പീഢന ചര്‍ച്ചകള്‍ക്ക്‌ വീണ്ടും ചിറകു മുളച്ചത്‌. പുതുവര്‍ഷം പിറന്നതോടെ പലരും മറന്നതോ, അല്ലെങ്കില്‍ മറന്നതായി ഭാവിച്ചതോ ആയ പഴയ പല പീഢന കഥകളും വീണ്ടും ഉയര്‍ന്നു വരാന്‍തുടങ്ങി. ഒന്നിനു പുറകെ ഒന്നായി ഉയര്‍ന്നു വരുന്ന പീഢനകഥകളിലെ പ്രതിനായക സ്ഥാനങ്ങളില്‍ രാഷ്‌ട്രീയ- ഭരണ നേതാക്കളോ, അവരുടെ മക്കളോ, എല്ലാം സംശയത്തിന്റെ മുള്‍മുനയില്‍ ആയതോടെ വിഷയങ്ങള്‍ കൂടുതല്‍ ചൂടുപിടിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഏതായുലും 2013 ഒരു പീഢന വാര്‍ത്താ വര്‍ഷമായി പ്രഖ്യാപിക്കേണ്ടി വരുമെന്നാണ്‌ സംഭവങ്ങള്‍ സൂചിക്കുന്നത്‌.
ഇത്തരം പീഢനങ്ങള്‍ക്ക്‌ രാഷ്‌ട്രീയ മുഖം കൂടി ലഭിച്ചതൊടെ പീഢനകേസ്സുകള്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആയുധങ്ങളായി മാറിയിരിക്കുന്നു. മുമ്പ്‌ ഇത്തരം സംഭവങ്ങള്‍ പ്രധാനമായും എതിര്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ എതിരെ ഉപയോഗിക്കുവാനുള്ള ആയുധങ്ങള്‍ ആയിരുന്നുവെങ്കില്‍ ഇന്ന്‌ അത്‌ പുതിയ വഴിത്തിരുവിലും എത്തി നില്‍ക്കുന്നു. സമീപകാല കേരള രാഷ്‌ട്രീയത്തില്‍ ഭരണ പ്രതിപക്ഷ പാര്‍ട്ടികളില്‍ ഉരുണ്ടു കൂടി കൊണ്ടിരിക്കുന്നതും അങ്ങിങ്ങായി പൊട്ടിത്തെറിച്ചു കൊണ്ടിരിക്കുന്നതുമായ ആഭ്യന്തര കലാപങ്ങള്‍ക്ക്‌ ഊര്‍ജ്ജം പകരാനും പീഢനകേസുകള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. മറ്റ്‌ പാര്‍ട്ടികള്‍ക്ക്‌ എതിരെ പീഢനത്തിന്റെ പേരില്‍ വിഷ അമ്പുകള്‍ അയക്കുമ്പോഴും അതിലൊന്ന്‌ സ്വന്തം പാര്‍ട്ടിയിലെ പ്രതിയോഗികള്‍ക്ക്‌ നേരെ തൊടുത്തു വിടാനും നേതാക്കള്‍ മടിക്കാറില്ല.
ഡല്‍ഹി പെണ്‍കുട്ടിയുടെ മരണവും അതുയര്‍ത്തിയ സാമൂഹിക പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്‌തുകൊണ്ടു തന്നെയാണ്‌ ഈ പുതുവര്‍ഷം പിറന്നത്‌. ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്‌ത്രീ പീഢനക്കേസുകളില്‍ എടുക്കേണ്ട നടപടികളെക്കുറിച്ചും ശിക്ഷാ രീതികളെക്കുറിച്ചും പഠിച്ച്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിക്കുന്നതിനായി നിയമിതനായ വര്‍മ്മ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇറക്കിയ ഒര്‍ഡിനന്‍സും അതിലെ നിര്‍ദ്ദേശങ്ങളും ആയിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. അതിനു പിന്നാലെയാണ്‌ സ്‌ത്രീകള്‍ക്കു നേരെയുള്ള അതിക്രമ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനു മാത്രമായി ഇന്ത്യയിലാദ്യമായി ഒരു ബെഞ്ച്‌ കേരളാ ഹൈക്കോടതിയില്‍ സ്ഥാപിച്ചത്‌.
ഇത്തരത്തില്‍ സ്‌ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ക്രീയത്മകമായ നടപടികള്‍ രാജ്യമൊട്ടാകെ നടക്കുന്ന അവസരത്തിലാണ്‌ രണ്ട്‌ സ്‌ത്രീപീഢന കേസ്സുകകളില്‍ സുപ്രധാന മായ തീരുമാനം ഉണ്ടാകുന്നത്‌. കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്‌ടിച്ച സൂര്യനെല്ലി പെണ്‍വാണിഭ കേസിലെ പ്രതികളില്‍ ഒരാളോഴികെ മറ്റെല്ലാ പ്രതികളേയും കുറ്റവിമുക്തമാക്കിയ കേരളാ ഹൈക്കോടതി വിധി സുപ്രീം കോടതി അസാധുവാക്കിയതാണ്‌ അതില്‍ പ്രധാന സംഭവം. ഈ കേസ്‌ കേരളത്തിലാണങ്കിലും പ്രതികരണങ്ങള്‍ ദേശീയ തലത്തില്‍ തന്നെ ഉയര്‍ന്നു കഴിഞ്ഞു. കാരണം ഈ കേസിന്റെ പേരില്‍ ആരോപണ വിധേയനാവുകയും പിന്നീട്‌ കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്‌ത രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യന്റെ സാന്നിദ്ധ്യമാണ്‌ ഈ കേസിനിപ്പോള്‍ ദേശീയ ശ്രദ്ധ നേടിക്കൊടുത്തിരിക്കുന്നത്‌. മാത്രമല്ല പി.ജെ. കുര്യനെ കുറ്റ വിമുക്തനാക്കിയ നടപടി പുനപരിശോധിക്കമമെന്ന്‌ ആവശ്യപ്പെട്ട്‌ പെണ്‍കുട്ടി പരാതി നല്‍കുക കൂടി ചെയ്‌തതോടെ സൂര്യനെല്ലിക്കേസിന്‌ വാര്‍ത്താ പ്രാധാന്യം വര്‍ദ്ധിച്ചിരിക്കുന്നു. ഇത്‌ ഭരണപക്ഷത്തിനെതിരെയുള്ള ആയുധമാക്കി മാറ്റാമെന്ന്‌ കരുതി പ്രതിപക്ഷം കരുനീക്കം ആരംഭിച്ചപ്പോഴാണ്‌ കൂനിന്മേല്‍ കുരു എന്ന കണക്കിന്‌ പ്രതിപക്ഷ നേതാവ്‌ സെല്‍ഫ്‌ ഗോള്‍ അടിച്ചത്‌. സൂര്യനെല്ലി കേസ്‌ അട്ടിമറിക്കാന്‍ അന്നത്തെ ഭരണപക്ഷത്തെ ചിലര്‍ കൂട്ടു നിന്നിട്ടുണ്ടോ എന്നു കൂടി അന്വോഷിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്ഥാവനയിലൂടെ അദ്ദേഹം വെട്ടിലാക്കിയിരിക്കുന്നത്‌ അദ്ദേഹത്തിന്റെ പാര്‍ട്ടി നേതൃത്വത്തെ തന്നെയാണ്‌. അങ്ങിനെ രാഷ്‌ട്രീയവും നിയമപരവുമായ സൂര്യനെല്ലി കേസ്‌ വാര്‍ത്തകളില്‍ നിറയുന്നു.
കവിയൂര്‍ കേസിലെ സി.ബി.ഐ. വാദത്തെ കോടതി നിരാകരിച്ചതും വിശദമായ പുനരന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ടതുമാണ്‌ പിന്നീട്‌ ഉണ്ടായ സംഭവം. അതോടെ പ്രതിപക്ഷ നിരയിലെ പലരുടേയും മക്കള്‍ക്ക്‌ എതിരെ ആരോപണ ശരങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ഈകേസില്‍ ഉന്നതര്‍ ആരെങ്കിലും ഇടപെട്ടിട്ടുണ്ടോ എന്ന്‌ പരിശോധിക്കണം എന്നു പറഞ്ഞതിലൂടെ പഴയ പല പേരുകളും വീണ്ടും വാര്‍ത്തകളില്‍ നിറയുക തന്നെ ചെയ്യും. വരും ദിനങ്ങളില്‍ പണ്ടു പറഞ്ഞ വി.ഐ.പി. ആരന്ന്‌ അച്ചുതാനന്ദന്‍ സഖാവിനെക്കൊണ്ടു പറയിപ്പിക്കാതിരിക്കാന്‍ സംസ്ഥാന പാര്‍ട്ടി നേതൃത്വത്തിലെ പലര്‍ക്കും അദ്ദേഹത്തെ പിന്തുണക്കേണ്ട ഗതികേടും വന്നു ചേരാം. കാര്യങ്ങള്‍ എന്തു തന്നെയായാലും പീഢനത്തിന്‌ ഇരയായവരേക്കാളും അവരുടെ കുടുംബക്കാരേക്കാളും ഇപ്പോള്‍ ഈ കേസുകളെ ഭയപ്പെടുന്നത്‌ രാഷ്‌ട്രീയ നേതാക്കന്‍മാരണന്നു വേണം കരുതാന്‍.
ഇതിനൊപ്പം തന്നെ പീഢന വാര്‍ത്തകള്‍ക്ക്‌ അനുബന്ധ കഥകള്‍ ഒരുക്കുന്നതിനും ഫോളോ അപ്പ്‌ ചെയ്യുന്നതിനും ചെറുതും വലുതുമായ മറ്റ്‌ പല കഥകളും ഉയര്‍ന്നു വരികയും ചെയ്യും. നാട്ടില്‍ നടക്കുന്ന പീഢനങ്ങളിലെ പ്രതികളില്‍ ഭൂരിഭാഗവും ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുകയാണന്നാണ്‌ അനുബന്ധ കണക്കുകള്‍ പറയുന്നത്‌. 2009-2011 കാലഘട്ടര്‌രില്‍ ഇന്ത്യയിലാകമാനം 1,22,292 സ്‌ത്രീ പീഢന കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തതില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്‌ 27,408 പേര്‍ മാത്രമാണത്രെ.കേരളത്തിലാകട്ടെ 9232 കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്‌ 718 പേര്‍ മാത്രവും.
ഇത്തരത്തില്‍ പീഢനകഥകളും അനുബന്ധ കണക്കുകളും അതിനു പിന്നിലെ രാഷ്‌ട്രീയവും നിരത്തി ചര്‍ച്ചകളില്‍ നിറയുമ്പോള്‍ മറ്റുള്ളവര്‍ വിചാരിക്കും ഇന്ത്യ പീഢനക്കാരുടെ ഒരു നാടാണന്ന്‌. മറ്റേതെങ്കിലും ഒരു പ്രശ്‌നം ലഭിക്കുന്നതു വരെ ഇതുതന്നെയാകും നമ്മുടെ ചര്‍ച്ച . അതിനുശ്ശേഷം എല്ലാവരും ഇതു മറക്കും പീഢനങ്ങളും നിര്‍ബാധം തുടരും . ഇതാണല്ലോ കാലാകാലങ്ങളായി ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്‌. 

Comments