സഞ്‌ജയ് ദത്ത് മാപ്പ് അര്‍ഹിക്കുന്നുവോ.....!?
അനധികൃതമായി ആയുധം കൈവശം വച്ച കേസ്സില്‍ പ്രമുഖ ബോളിവുഡ് താരം സഞ്‌ജയ് ദത്തിന് ലഭിച്ച ശിക്ഷയും, ആ ശിക്ഷ സുപ്രീം കോടതി ശരിവച്ചതും വിവാദങ്ങളിലേക്കും ചര്‍ച്ചകളിലേക്കും വഴിതിരിച്ചു വിട്ടിരിക്കുകയാണല്ലോ. സഞ്‌ജയ് ദത്തിന് മാപ്പ് നല്‍കി ശിക്ഷ ഇളവുചെയ്യണമെന്നും മറ്റും ആവശ്യപ്പെട്ട് നിരവധി പ്രമുഖര്‍ രംഗത്ത് എത്തിക്കഴിഞ്ഞിരിക്കുന്നു. റിട്ടയേര്‍ഡ് ജസ്റ്റീസ് മാര്‍ക്കണ്ടേയ കട്‌ജുവും, ദിഗ് വിജയസിംഗും തുടങ്ങി ഇങ്ങ് കേരളത്തില്‍ മോഹന്‍ലാല്‍ വരെ ഈ അഭിപ്രായക്കാരാണ്. പൊതു രംഗത്ത് നീതിയുടേയും നിയമത്തിന്റേയും കാവാലാളന്‍മാരായി വിലസുന്ന ഇക്കൂട്ടര്‍ നീതിന്യായ വ്യവസ്ഥയുടെ തന്നെ അന്തകരായി മാറുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മോഹല്‍ലാലിന്റെ പ്രസ്ഥാവന ഓടുന്ന കാളയ്‌ക്ക് ഒരു മുഴം മുമ്പേയുള്ള എറിയലായി കണ്ടാലും മതി. കാരണം നാളെ ആനക്കൊമ്പ് കേസ്സില്‍ ലാലിന് ഒരു തട്ടു കിട്ടിയാലും മാപ്പൊ ഇളവോ ആവശ്യപ്പെടാനുള്ള മുന്‍കരുതലാവാം.
സഞ്‌ജയ് ദത്ത് ചെയ്‌ത കുറ്റത്തിന് അനുസൃതമായ ശിക്ഷയോ, അത്തരത്തില്‍ ഒരു ശിക്ഷ ലഭിക്കുന്നതിന് ആവശ്യമായ നിയമ നടപടികളോ ഉണ്ടായിട്ടില്ലന്ന ആരോപണവും ചില ഭാഗങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. ഈ കേസ്സുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റ് മുഴുവന്‍ കൂട്ടു പ്രതികള്‍ക്കും എതിരെ ടാഡാ നിമയ പ്രകാരം കേസ്സെടുത്തപ്പോള്‍ ദത്തിനെതിരെ ചുമത്തിയത് ലഘുവായ വകുപ്പുകളാണന്നും ആരോപണം ഉണ്ട്. ദത്തിന്റേയും പിതാവിന്റേയും രാഷ്‌ട്രീയ സ്വാധീനവും, സാമ്പത്തിക മാനദണ്‌ഡങ്ങളുമാണ് അതിനു കാരണമായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.
സഞ്‌ജയ് ദത്ത് ദയ അര്‍ഹിക്കുന്നുണ്ടന്ന പ്രസ്‌ഥാവനയുമായി രംഗത്ത് വന്നിട്ടുള്ള ആളുകള്‍ എല്ലാം സൗകര്യപൂര്‍വ്വം വിസ്‌മരിക്കുന്ന ചില സത്യങ്ങള്‍ ഈ കേസിനു പിന്നില്‍ ഉണ്ട്. ഭാരതത്തിന്റെ പരമാധികാത്തേയും രാഷ്‌ട്ര സുരക്ഷയേയും വെല്ലുവിളിച്ചു കൊണ്ട് രാഷ്‌ട്രവിരുദ്ധ ശക്തികളുടെ സഹായത്താല്‍ 1993 ല്‍ മൂംബൈയില്‍ നടന്ന സ്‌പോടന പരമ്പരകളുടെ ഭാഗമാണ് ഈ കേസ്സും അറസ്റ്റും എന്ന് ഇവര്‍ വിസ്‌മരിച്ചു കൂടാ. 257 പേര്‍ മരിക്കുകയും നിവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ നശിപ്പിക്കപ്പടുകയും ചെയ്‌ത സംഭവത്തെ മറന്നു കൊണ്ടാണ് ആളുകള്‍ ഇപ്പോള്‍ ദയയെക്കുറിച്ച് സംസാരിക്കുന്നത്. അവിടെ മരിച്ചു വീണവര്‍ക്കും മുറിവേറ്റവര്‍ക്കും ഇന്നും ജീവശവമായി ജീവിക്കുന്നവര്‍ക്കും ദയക്ക് അര്‍ഹതയില്ലേ. കുറ്റം ചെയ്യുന്നവരേയും അതിനു കൂട്ടു നില്‍ക്കുന്നവരേയും പണത്തിന്റേയും സ്വാധീനത്തിന്റേയും പ്രശസ്‌തിയുടേയും അടിസ്ഥാനത്തില്‍ ശിക്ഷ നിശ്ചയിക്കുവാനും ഇളവ് അനുവദിക്കുവാനും തുടങ്ങിയാല്‍ പിന്നെ നിയമ നീതിന്യായ വ്യവസ്ഥക്കു നാട്ടിലെന്തു വിലയുണ്ടാകും.
1993 ലെ മൂംബൈ സ്‌പോടന കേസ്സില്‍ അന്താരാഷ്‌ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹീമിനും സംഘത്തിനുമുള്ള പങ്ക് കോടതി കണ്ടെത്തിയിട്ടുള്ളതാണ്.അതേസ്‌പോടന കേസ്സിലെ പ്രതികള്‍ ഉപയോഗിച്ചിട്ടുള്ള ആയുധങ്ങള്‍ തന്നെയാണ് സഞ്‌ജയദത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയതെന്നും പറയപ്പെടുന്നു. സഞ്‌ജയ് ദത്തിന് ഈ അക്രമികളുമായി യാതൊരു തരത്തിലും ബന്ധമില്ലങ്കില്‍ എങ്ങിനെയാണ് ഇതേ ആയുധങ്ങള്‍ അവിടെനിന്നും കണ്ടെത്തിയത്. തെഹല്‍ക്ക ഉള്‍പ്പെടയുള്ള വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളതനുസരിച്ച് 3 എ.കെ. 56 റൈഫിളുകളും 450 കാറ്റ്‌റിജുകളും, ഇരുപത് ഹാന്‍ഡ് ഗ്രനേഡുകളും അടക്കമുള്ള ആയുധങ്ങളാണ് സഞ്‌ജയദത്തില്‍ നിന്നും കണ്ടെത്തിയത്. സ്വയരക്ഷക്കാണ് ആയുധങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചത് എന്നാണ് ദത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിട്ടുള്ളത്. ഭരണത്തിലും മറ്റും വലിയ സ്വാധീനമുള്ള ദത്തിന് സ്വയ രക്ഷക്ക് ആവശ്യമാണങ്കില്‍ ലൈസന്‍സോടു കൂടിയ ഒരു ആയുധം സ്വന്തമാക്കാന്‍ യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല. അപ്പോള്‍ നിയമവിരിദ്ധമായി അത് ദാവൂദിന്റെ സംഘത്തില്‍ നിന്നും വാങ്ങി സൂക്ഷിക്കേണ്ട എന്ത് സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇതില്‍ നിന്നു തന്നെ ഇതിനുപിന്നിലെ കള്ളക്കളികള്‍ ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതല്ലേ ഉള്ളൂ. ദാവൂദ് ഇബ്രാഹിമുമായുള്ള ദത്തിന്റെ ബന്ധവും രഹസ്യമല്ല. ആ ബന്ധത്തെ കോടതിയില്‍ ദത്ത് തന്നെ സമ്മതിച്ചിട്ടുള്ളതും ആണ്. ദുബായില്‍ ദാവൂദ് ഇബ്രാഹീം നടത്തിയ സല്‍ക്കാരത്തില്‍ സഞ്‌ജയ് ദത്ത് പങ്കെടുത്തിട്ടുണ്ടന്ന് ദത്തിന്റെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ തന്നെ കോടതിയില്‍ സമ്മതിച്ചിട്ടുള്ളതും ആണ്. മൂംബൈ സ്‌പോടനത്തില്‍ ദാവൂദിന്റെ ബന്ധവും , സ്‌പോടനത്തില്‍ ഉപയോഗിച്ച തരം നിയമ വിരുദ്ധആയുധങ്ങള്‍ ദത്തിന്റെ പക്കല്‍ നിന്നും കണ്ടെടുത്തതും ദത്ത് ദാവൂദിന്റെ സല്‍ക്കാരം സ്വീകരിച്ചതും എല്ലാം കൂട്ടി വായിക്കുമ്പോള്‍ ദത്തിന്റെ നിരപരാധിത്വം സംശയത്തിന്റെ നിഴലില്‍ തന്നെയാണന്നത് വസ്‌തുതയായി തുടരുന്നു. അപ്പോള്‍ എന്തു കാരണത്താലാണ് ദത്ത് ദയ അര്‍ഹിക്കുന്നതെന്ന് പൊതു സമൂഹത്തോട് തുറന്നു പറയുവാന്‍ മോഹന്‍ലാല്‍ അടക്കമുള്ള അദ്ദേഹത്തിന്റെ അഭിനവ വക്കീലന്‍മാര്‍ക്ക് ബാദ്ധ്യതയുണ്ട്.
മാത്രമല്ല ദത്ത് കുറ്റം ചെയ്‌തിട്ടില്ലന്ന് സഞ്‌ജയദത്തോ അദ്ദേഹത്തിനു വേണ്ടി വാദിക്കുന്നവരോ അഭിപ്രായപ്പെടുന്നുമില്ല. ദത്തിന് മാപ്പ് നല്‍കണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. കുറ്റം ചെയ്യാത്തവര്‍ക്ക് മാപ്പ് നല്‍കേണ്ട ആവശ്യമില്ലല്ലോ. അതിപ്രശസ്ഥന്‍മാരായ ആളുകള്‍ പ്രതികളാക്കപ്പെടുന്ന കേസ്സുകളില്‍ അവര്‍ക്ക് മാപ്പ് നല്‍കുക വഴി സമൂഹത്തിന് തെറ്റായ സന്ദേശങ്ങള്‍ ലഭിക്കുവാനും ഇടവരും. എന്നു മാത്രമല്ല അത് നീതിന്യായ വ്യവസ്ഥയുടെ കെട്ടുറുപ്പിനെ തന്നെ ബാധിക്കുകയും ചെയ്യും. ഇത്തരം സംഭവങ്ങള്‍ക്ക് ഏറെ വാര്‍ത്താ പ്രാധാന്യം ലഭിക്കുമെന്നുള്ളതുകൊണ്ട് തന്നെ ഇവര്‍ക്ക് ലഭിക്കുന്ന ശിക്ഷ സമൂഹത്തിന് പാഠമാവുകയും ചെയ്യും.
നിയമം എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കണം. അതില്‍ വേര്‍തിരിവുകള്‍ സൃഷ്‌ടിക്കാന്‍ അനുവദിച്ചു കൂടാ. എത്ര പ്രശസ്ഥനും സ്വാധീനമുള്ളവനും ആയാലും സാധാരണക്കാരനായാലും നിയമത്തിനു മുന്നില്‍ സമന്‍മാരായിരിക്കണം. നിയമത്തിന്റെ മുന്നില്‍ പൗരന്‍മാരെ രണ്ടായി കാണാനുള്ള നീക്കത്തില്‍ നിന്നും ആളുകള്‍ പിന്തിരിയണം. അത് മാര്‍ക്കണ്ടേയ കട്‌ജുവാണെങ്കിലും, ദിഗ് വിജയസിംഗാണെങ്കിലും മോഹന്‍ലാല്‍ ആയാലും തെറ്റ് തിരുത്തുവാന്‍ അവര്‍ തയ്യാറാവുക തന്നെ വേണം.
ഇനി ഇവരെല്ലാം ആവശ്യപ്പെട്ടാലും ശിക്ഷയില്‍ ഇളവു നല്‍കുക എന്നത് അപ്രായോഗികമായ കാര്യവുമാണ്. പൊതു ജനനന്മ കണക്കിലെടുത്തു മാത്രമെ ശിക്ഷാ ഇളവുകള്‍ പരിഗണിക്കാവൂ എന്ന് 2006 ല്‍ ഒരു സുപ്രധാന വിധിയിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. പൊതുജന നന്മ കണക്കിലെടുക്കാവുന്ന യാതൊരു സംഗതികളും ദത്തിന്റെ കാര്യത്തില്‍ ഇല്ല. ഈ വിധി നിലനില്‍ക്കുന്നിടത്തോളം കാലം ആരെങ്കിലും നിയമ നടപടിക്കു പോയാല്‍ തന്നെ ശിക്ഷാ ഇളവ് അസാധ്യമാകുമെന്നത് ഉറപ്പാണ്. അപ്പോള്‍ പിന്നെ ഇപ്പോള്‍ ഉണ്ടാക്കുന്ന വിവാദങ്ങള്‍ക്കൊന്നും പ്രസക്തി ഇല്ലാതാവുകയും ചെയ്യും.
ഈ വസ്‌തുത അറിയാവുന്നതുകൊണ്ടു തന്നെയാണ് ശിക്ഷാ ഇളവിന് പോകുന്നില്ലന്നും വിധി അംഗീകരിച്ച് കീഴടങ്ങുമെന്നും സഞ്‌ജയ് ദത്ത് പറഞ്ഞിട്ടുള്ളതും. ഹിന്ദി സിനിമാ ലോകത്ത് മാഫിയകള്‍ക്കുള്ള അമിത സ്വാധീനവും കൊലപാതകങ്ങളും ഒന്നും പുതിയ സംഭവങ്ങളും വാര്‍ത്തകളും അല്ല. ഇത്തരം ചില വിധികള്‍ അത്തരം മാഫിയകള്‍ക്കും അവരെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും ഒരു പാഠമാകുന്നെങ്കില്‍ അത് സിനിമാ ലോകത്തിനു തന്നെ ഗുണകരമാവുക തന്നെ ചെയ്യും. ദത്തിന്റെ കണ്ണു നീര്‍ പ്രയശ്ചിത്തത്വത്തില്‍ ഉതിര്‍ന്നതാകാം എന്നു നമുക്ക് വിശ്വസിക്കാം. അനുഭവങ്ങളില്‍ നിന്നും മാറ്റങ്ങള്‍ ഉല്‍ക്കൊള്ളാന്‍ ഒരു പക്ഷെ അദ്ദേഹത്തിന് കഴിഞ്ഞിട്ടുമുണ്ടാകാം പക്ഷെ വിതച്ചത് കൊയ്യാതിരിക്കാനാവില്ലല്ലോ. അദ്ദേഹത്തോടും ഒപ്പം ഓരോ കുറ്റവാളികളോടും അവരുടെ കുടുംബാംഗങ്ങളോടും നമുക്ക് സഹതപിക്കാം അവരുടെ പ്രായശ്ചിത്തത്തില്‍ നമുക്ക് കണ്ണീര്‍ പൊഴിക്കാം ഒപ്പം നിയമത്തെ അനുസരിക്കാനാണും നാം ബാദ്ധ്യസ്ഥരാണ്.



Comments
Post a Comment