രാഹുല്‍ പട്ടാഭിക്ഷേക നാടകം!

രാഹുല്‍ പട്ടാഭിക്ഷേക നാടകം!




രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ്സ്‌ ഉപാദ്ധ്യക്ഷനായി നിയമിച്ചുവെന്നും ഇനി രാഹുല്‍ ആയിരിക്കും കോണ്‍ഗ്രസ്സിലെ രണ്ടാമനെന്നും കഴിഞ്ഞ ദിവസങ്ങളില്‍ പത്ര ദൃശ്യമാധ്യങ്ങള്‍ വെണ്ടക്ക നിരത്തി. എന്തോ ഒരു മഹാത്ഭുതം സംഭവിച്ച മട്ടിലായിരുന്നു മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചത്‌. വാര്‍ത്തകള്‍ ഇവിടം കൊണ്ടും അവസാനിക്കുന്നില്ല. പിന്നീടുള്ള ദിവസങ്ങളില്‍ രാഹുലിനെ പ്രകീര്‍ത്തിച്ച്‌ വാര്‍ത്തകള്‍ നിരത്തുന്നതില്‍ മത്സരിക്കുകയായിരുന്ന ചില മാധ്യമങ്ങള്‍, അവര്‍ പറയുന്നു ഇനി രാഹുലിന്റെ കാലമാണത്രെ വരാന്‍ പോകുന്നത്‌. ഈ വാര്‍ത്തകളെല്ലാം കണ്ടും വായിച്ചും അങ്കലാപ്പിലായിരിക്കുകയാണ്‌ സാധാരണക്കാരായ ജനങ്ങള്‍. ഇപ്പോള്‍ ജനങ്ങള്‍ പരസ്‌പരം ചോദിക്കുന്നത്‌ അപ്പോള്‍ ആരായിരുന്നു ഇതുവരെ കോണ്‍ഗ്രസ്സിലെ രണ്ടാമന്‍ എന്നാണ്‌. എത്ര ചിന്തിച്ചിട്ടും അവര്‍ക്ക്‌ ഉത്തരം കിട്ടുന്നില്ല പോലും. അഴിമതി, വിലക്കയറ്റം, കള്ളപ്പണം, സ്‌ത്രീപീഡനം, തുടങ്ങിയ വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധ അകറ്റുക എന്നതിനപ്പുറം ഈ വാര്‍ത്തകള്‍ക്ക്‌ യാതൊരു ലക്ഷ്യവും ഇല്ലന്നത്‌ പകല്‍ വെളിച്ചം പോലെ വ്യക്തമാണ്‌.
കോണ്‍ഗ്രസ്സ്‌ എന്നും നെഹൃ കുടുംബത്തിന്റെ നിഴലായി മാത്രം പ്രവര്‍ത്തിക്കാന്‍ വിധിക്കപ്പെട്ട പ്രസ്ഥാനമാണ്‌. അതിനെ നയിക്കാന്‍ നെഹൃ കുടുംബത്തിനു വെളിയില്‍ നിന്നും ഒരു നേതാവിനേയും വളര്‍ന്നു വരാന്‍ അവര്‍ അനുവദിച്ചിരുന്നുമില്ല. അങ്ങിനെ ആരെങ്കിലും വളര്‍ന്നിട്ടുണ്ടങ്കില്‍ അവരെല്ലാം അല്‌പായുസ്സുക്കളായി മാറിയിട്ടുമുണ്ട്‌. നെഹൃവിന്റെ പാരമ്പര്യം ഉള്‍ക്കൊള്ളുമ്പോഴും ആ പാരമ്പര്യത്തെ പൂര്‍ണ്ണമായി അംഗീകരിക്കുവാനോ പിന്‍തുടരുവാനോ തുടര്‍ന്നു വന്ന തലമുറകള്‍ തയ്യാറായിരുന്നില്ല എന്ന വസ്‌തുതയും നാം വിസ്‌മരിച്ചു കൂടാ. നെഹൃവിന്റെ പാരമ്പര്യ പേര്‌ വഴിയില്‍ ഉപേക്ഷിച്ചു കൊണ്ട്‌ ഇന്ത്യന്‍ സമൂഹത്തിന്‍ അല്‌പം കൂടി മാര്‍ക്കറ്റുള്ള ഗാന്ധി നാമം കടം എടുത്ത്‌ പേരിനൊപ്പം ചേര്‍ക്കാന്‍ വെമ്പല്‍ കൊള്ളുകയും ചെയ്‌തു. അങ്ങിനെയാണ്‌ ഇറ്റലിയില്‍ ജനിച്ച വളര്‍ന്ന സോണിയയും രാഹുലും എല്ലാം ഗാന്ധിയായി മാറിയതും. ശ്രീമതി ഇന്ദിരക്ക്‌ ഗാന്ധി എന്ന സര്‍നെയിം ലിഭിച്ചതും ഇന്ദിരാഗാന്ധിയായി മാറിയതും അവരുടെ ഭര്‍ത്താവിന്റെ പേരില്‍ രൂപമാറ്റം വരുത്തിയാണ്‌. ഫിറോസ്‌ ഗന്ധിയെ ഗാന്ധിയാക്കി മാറ്റിയ മാജിക്‌ ഇപ്പോഴും നെഹൃ കുടുംബം തുടര്‍ന്നു വരുന്നു. എന്നാല്‍ അതിന്റെ ഒരു നന്ദി ആ കുടുംബത്തിന്‌ ഫിറോസിനോട്‌ ഇല്ലന്നതുമാണ്‌ വസ്‌തുത. ഫിറോസ്‌ഗന്ധിയുടെ നൂറാം ജന്മ വാര്‍ഷികം ആഘോഷിക്കുന്ന ഈ അവസരത്തില്‍ പോലും യാതൊരു പരിപാടിയും സംഘടിപ്പിക്കുവാനോ അനുസ്‌മരിക്കുവാനോ പുതു തലമുറ തയ്യാറായിട്ടുമില്ല. സ്വന്തം പരമ്പരകളോട്‌ സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി ഇവര്‍ കാട്ടുന്ന നന്ദികേടു തന്നെ രാജ്യവും അവരില്‍ നിന്നും പ്രതീക്ഷിച്ചാല്‍ മതിയല്ലോ.
രാഹുലിന്റെ പുതിയ സ്ഥാന ലബ്‌ദിക്ക്‌ പുതുമകളൊന്നും അവകാശപ്പെടാനില്ല. കാരണം കഴിഞ്ഞ കുറെക്കാലങ്ങളായി കോണ്‍ഗ്രസ്സിലെ രണ്ടാമനും മറ്റ്‌ ചിലപ്പോള്‍ ഒന്നാമന്‍ തന്നെയും രാഹുല്‍ തന്നെയായിരുന്നല്ലോ. ഭരണത്തിന്റേയും, സംഘടനയുടേയും പ്രചരണത്തിന്റേയും എല്ലാം നിയന്ത്രണം കുറേക്കാലങ്ങളായി കയ്യാളിയിരുന്നത്‌ രാഹുല്‍ തന്നെയായിരുന്നു. അപ്പോള്‍ ഇനി രാഹുലിന്റെ കാലം എന്നു പറയുന്നതില്‍ ഒരു പുതുമയും ഇല്ല. രാഹുലിന്റെ കഴിവുകള്‍ കഴിഞ്ഞ കാലങ്ങളില്‍ ഭാരതം കണ്ടുകൊണ്ടിരുന്നതു തന്നെയാണല്ലോ. ഉത്തര്‍ പ്രദേശ്‌, ഗുജറാത്ത്‌, ബീഹാര്‍ തുടങ്ങിയ സംസ്ഥാന നിയമ സഭകളിലേക്ക്‌ നടന്ന തെരെഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിന്റ്‌ സ്റ്റാര്‍ പ്രചാരകന്‍ രാഹുല്‍ ആയിരന്നല്ലോ. ഇവിടങ്ങളിലെല്ലാം സംഭവിച്ച കടുത്ത തിരിച്ചടികള്‍ കുഴലൂത്തുകാരായ മാധ്യമങ്ങള്‍ മറന്നിട്ടുണ്ടങ്കിലും ജനങ്ങള്‍ മറക്കാനിടയില്ല.
പുതിയ പട്ടാഭിക്ഷേകത്തിനു ശേഷം രാഹുല്‍ നടത്തിയ പ്രസംഗം ശ്രദ്ധേയമാണ്‌. ആ പ്രസംഗം തന്നെയായിരിക്കണം അടുത്ത പൊതു തെരെഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സിന്റെ മാനിഫെസ്റ്റോയും. രാഹുലിന്റെ പ്രസംഗം കേട്ടവര്‍ കരുതിയിട്ടുണ്ടാകും കഴിഞ്ഞകാലമത്രയും ഇന്ത്യ ഭരിച്ചുകൊണ്ടിരുന്നത്‌ അന്യ ഗ്രഹത്തില്‍ നിന്നും വന്നവര്‍ ആരോ ആയിരുന്നുവെന്ന്‌. കഴിഞ്ഞ കാലമത്രയും ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ്സും അതിനു നേതൃത്വം കൊടുത്ത നേതാക്കന്‍മാരും ഇന്ത്യന്‍ ജനങ്ങളോടു ചെയ്‌ത കോടും ക്രൂരതകളുടെ കുറ്റസമ്മതമോ അല്ലങ്കില്‍ അവര്‍ക്കുള്ള കുറ്റപ്പെടുത്തലുകളോ ആയിരുന്നു പ്രസംഗത്തിന്റെ ഓരോ വരികളിലും മുഴച്ചു നിന്നത്‌. രാഹുലും ഈ ദുഷ്‌ചെയ്‌തികളില്‍ നിന്നും ഒരു മാറ്റം ആഗ്രഹിക്കുന്നു എന്നു വേണം കരുതാന്‍. കോണ്‍ഗ്രസ്സിന്‌ ആ മാറ്റം സൃഷ്‌ടിക്കാന്‍ കഴിയില്ലന്ന്‌ രാഹുല്‍ തിരിച്ചറിഞ്ഞിരിക്കുന്നു. രാഹുലിന്റെ മുതുമുത്തഛനും, മുത്തശ്ശിയും, അഛനും എല്ലാം മാറി മാറി ഭരിച്ചിട്ടും അമ്മയും താനുമെല്ലാം ഭരണത്തെ നിയന്ത്രിച്ചിട്ടും, ഇന്ത്യയിലെ യുവാക്കള്‍ക്ക്‌ അന്യതാബോധമാണന്നും, സ്‌ത്രീകളും, ദരിദ്രരും രാഷ്‌ട്രീയത്തിന്റെ പുറം പോക്കിലുമാണന്നും ഉള്ള സത്യം രാഹുല്‍ തന്നെ സമ്മതിച്ചിരിക്കുന്നു. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി നയങ്ങള്‍ രൂപീകരിക്കുന്നതും, പദ്ധതികള്‍ തയ്യാറാക്കുന്നതും, പാര്‍ട്ടിയിലെ നേതാക്കളെ നിശ്ചയിക്കുന്നതും എന്തിനേറെ തെരെഞ്ഞെടുപ്പിന്‌ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതു വരെ രാഹുലിന്റെ നേതൃത്വത്തില്‍ ആയിരുന്നു. അപ്പോള്‍ രാഹുലിന്റെ കുറ്റ സമ്മതം ജനങ്ങള്‍ സ്വീകരിക്കുക തന്നെ വേണം.
ഇന്ത്യയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ തന്നെയാണ്‌ രാഹുല്‍ പറഞ്ഞിട്ടുള്ളത്‌, ജനങ്ങള്‍ ആഗ്രഹിക്കുന്നത്‌ ഒരു മാറ്റമല്ല മറിച്ച്‌ മോചനമാണന്നു മാത്രം. ജനങ്ങളില്‍ നിന്ന്‌ അകന്ന്‌ സ്വന്തം കുടുംബങ്ങളിലേക്ക്‌ മാത്രം ചുരുങ്ങിയ വികസനത്തില്‍ നിന്നും നാടിന്റെ സമഗ്ര പുരോഗതിക്കാവശ്യമായ മോചനം. അത്‌ അവര്‍ നേടിയെടുക്കാതിരിക്കില്ല.
കോണ്‍ഗ്രസ്സ്‌ ജയ്‌പൂരില്‍ ചിന്തന്‍ ബൈഠക്ക്‌ നടത്തുന്നു എന്നു കേട്ടപ്പോള്‍ തന്നെ ജനങ്ങള്‍ക്കുള്ളില്‍ ഇനി എന്തിന്റെ വിലയാണ്‌ വര്‍ദ്ധിപ്പിക്കാന്‍ പോകുന്നത്‌ എന്നോര്‍ത്ത്‌ ഭയം വര്‍ദ്ധിച്ചു തുടങ്ങിയിരുന്നു. വിലക്കയറ്റം ,അഴിമതി, ഭരണപരാജയം ഇവയൊന്നും ചിന്തന്‍ ബൈഠക്കില്‍ സജീവ ചര്‍ച്ചക്ക്‌ വിധേയമായില്ല എന്നറിയുമ്പോഴാണ്‌ കോണ്‍ഗ്രസ്സ്‌ ജനങ്ങളില്‍ നിന്നും എത്രത്തോളം അകന്നു കഴിഞ്ഞു എന്ന്‌ നാം മനസ്സിലാക്കുന്നത്‌. ഇനി ബിജെപിക്കുള്ളിലെ അന്തഛിദ്രമല്ലാതെ മറ്റൊന്നും കോണ്‍ഗ്രസ്സിനെ സഹായിക്കാനില്ലന്ന അവസ്ഥയിലേക്ക്‌ കോണ്‍ഗ്രസ്സിന്റെ കാര്യങ്ങള്‍ വന്നു ചേര്‍ന്നിരിക്കുന്നു. ഈ അവസരത്തില്‍ നടത്തിയ പട്ടാഭിക്ഷേക നാടകം ഗുണത്തേക്കാള്‍ ഏറെ ദോഷമാകാതിരുന്നാല്‍ അവര്‍ക്ക്‌ നന്ന്‌.  

Comments