നിലത്തെഴുത്താണ്‌ തൊഴില്‍. കുഞ്ഞന്‍പിള്ള ആശാന്‌ പ്രായം 76.
തൊടുപുഴ : കുഞ്ഞന്‍പിള്ള ആശാന്‌ പ്രായം 76. വണ്ണപ്പുറത്തുകാര്‍ക്ക്‌ കളരി ആശാനാണ്‌. നിലത്തെഴുത്താണ്‌ തൊഴില്‍. കളരിയിലൂടെ നിലത്തെഴുത്ത്‌ ഇപ്പോഴും തുടരുകയാണ്‌ ആശാന്‍. കുട്ടികളുടെ കൈവിരലിന്‌ വേദനയോ ക്ഷതമോ സംഭവിക്കുമോ എന്ന ഓര്‍ത്ത്‌ മാതാപിതാക്കള്‍ വിഷമിക്കേണണ്ടതില്ല. ഇവിടെ കടല്‍മണലാണ്‌ ആശാന്‍ നിലത്തെഴുത്തിന്‌ ഉപയോഗിക്കുന്നത്‌. ഇതിനായി തന്നെ കടലില്‍ നിന്നും മണല്‍ കൊണ്ട്‌ വരുന്നതാണ്‌. പണ്ടത്തെ പോലെ ഓലയില്‍ നാരായം കൊണ്ട്‌ എഴുതി കൊടുക്കാറില്ലെന്ന്‌ മാത്രം. ഇപ്പോള്‍ കരിമ്പന ഓലയൊന്നും കിട്ടാനില്ലാത്തതു കൊണ്ടാണിത്‌. ആശാന്റെ കളരിയില്‍ എത്തിയാല്‍ തന്നെ കുട്ടികള്‍ക്ക്‌ ആവേശമാണ്‌. പഠനം മാത്രമല്ല, പാട്ടും പഠിപ്പിക്കും. നല്ല പുരാണകഥകള്‍ മാത്രമല്ല, ഇതിഹാസകഥകളും വായിക്കാനും പഠിപ്പിക്കും. സംഗീത അധ്യാപകരെയും ഡാന്‍സ്‌ അധ്യാപകരെയും കളരിയില്‍ കൊണ്ട്‌ വന്ന്‌ കുട്ടികള്‍ക്ക്‌ അതിലും പരിശീലനം. കലപരമായി താല്‍പര്യമുള്ള കുട്ടികളെ വളര്‍ത്തിയെടുക്കാനും ആശാന്‍ പിന്നോട്ടല്ല. അധ്യാപകരെ കൊണ്ട്‌ വന്ന്‌ കുട്ടികളെ പരിശീലിപ്പിക്കുന്നു. ഇതോടെ മാനേജ്‌മെന്റും മാതാപിതാക്കളും കുട്ടികളെ കളരിയിലേക്കേ വിടൂ. ആശാന്റെ കളരിക്ക്‌ എത്രയാണ്‌ പ്രായമെന്ന്‌ ചോദിച്ചാല്‍ ആശാനോളം വരും. പാരമ്പര്യമായി കിട്ടിയ തൊഴിലാണ്‌ ആശാനിത്‌. വര്‍ഷങ്ങള്‍ കടന്നു പോയിട്ടും ജനം കളരിശാലകള്‍ മറന്നെങ്കിലും ആശാന്‌ മറക്കാന്‍ കഴിയില്ല. ആശാനിലൂടെ കളരികള്‍ പുനര്‍ജനിക്കുകയാണ്‌. ഇന്ന്‌ ആശാന്‍ വണ്ണപ്പുറം എസ്‌എന്‍എം വി എച്ച്‌എസിലെ കളരി ആശാനാണ്‌. ഒരു സ്‌കൂളില്‍ കളരിയോ എന്ന്‌ സംശയിക്കാം. എന്നാല്‍ സത്യമാണിത്‌. കഴിഞ്ഞ പത്ത്‌ വര്‍ഷമായി ആശാന്‍ വണ്ണപ്പുറം സ്‌കൂളിലുണ്ട്‌. ആശാനായി തന്നെ.ആദ്യമൊക്കെ നാട്ടുകാര്‍ക്കും കുട്ടികള്‍ക്കും കൗതുകമായിരുന്നു. എന്തിന്‌ അധ്യാപകര്‍ പോലും കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്‌. പക്ഷേ, ഇപ്പോള്‍ അധ്യാപകരുടെ മാത്രമല്ല, നാട്ടുകാരുടെ കുട്ടികളും ഈ ആശാന്റെ മുന്നില്‍ നിലത്തിരുന്ന്‌ മണ്ണില്‍ വരയ്‌ക്കും. അവധിക്കാലത്ത്‌ 36 കുട്ടികളാണ്‌ പഠിക്കുന്നത്‌. ഇപ്പോള്‍ സ്‌കൂളിലെ ക്ലാസ്‌ മുറിയിലാണ്‌. സ്‌കൂള്‍ തുറക്കുമ്പോള്‍ സ്‌കൂള്‍ ഹോസ്റ്റലിലേക്ക്‌ മാറും. അവിടെ രണ്ട്‌ മുറികളിലാണ്‌ ക്ലാസ്‌ ക്രമികരിച്ചിരിക്കുന്നത്‌. ഇപ്പോഴത്തെ രീതിയില്‍ എല്‍കെജി,യുകെജി എന്ന്‌ വിളിച്ചാലും ഇവിടെ പഠിച്ചു കൊണ്ടിരിക്കുന്ന 126 കുട്ടികള്‍ക്കും ആശാനും ഇത്‌ കളരിയാണ്‌. മനോഹരമായ കൈയ്യക്ഷരം, നന്നായി വായിക്കാന്‍ പഠിക്കുന്നു. അക്ഷരമൊന്നും മറക്കാതെ കൊച്ചുകുട്ടികള്‍ എഴുതുമ്പോള്‍ ആരാണ്‌ കളരിയെ ആശ്രയിക്കാത്തത്‌. പഴമക്കാര്‍ക്ക്‌ കളരിയെ കുറിച്ച്‌ അറിയാവുന്നതു കൊണ്ട്‌ ഇവിടേയ്‌ക്ക്‌ വിടണമെന്ന നിര്‍ബന്ധവുമുണ്ട്‌. 1959ലാണ്‌ വണ്ണപ്പുറത്തേക്ക്‌ ആശാന്‍ വരുന്നത്‌. തിരുമാറാടി പഞ്ചായത്തിലെ മണ്ണന്നൂരിലാണ്‌ ആശാന്റെ നാട്‌. ഇതിനകം കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നിരവധി സ്ഥലങ്ങളില്‍ കളരി തുറക്കുകയും അക്ഷരം പഠിപ്പിക്കുകയും ചെയ്‌തു.വണ്ണപ്പുറത്ത്‌ സ്‌കൂളിലേക്ക്‌ പത്ത്‌ വര്‍ഷമായി വന്നിട്ട്‌.ഇപ്പോള്‍ പൂര്‍ണമായും സ്‌കൂളുമായി ബന്ധപ്പെട്ടാണ്‌. ഇവിടെ കൊച്ചുകുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും എന്തിന്‌ പത്താംക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ വരെ നല്ല മലയാളം പഠിക്കാന്‍ എത്തുന്നു. ഇവിടെ മലയാളം മാത്രമാണ്‌ പഠിപ്പിക്കുന്നതെന്ന്‌ ഓര്‍ക്കരുത്‌. മലയാളത്തിന്‌ പുറമേ, ഇംഗ്ലീഷ്‌, ഹിന്ദി, കണക്ക്‌ എന്നി വിഷയങ്ങളും പഠിപ്പിക്കുന്നു. സ്‌കൂളിലെ പരീക്ഷഫലം നോക്കിയാല്‍ കുട്ടികളുടെ വളര്‍ച്ച മനസിലാകും. 200 ലധികം കുട്ടികളെ പരീക്ഷ എഴുതിച്ചതില്‍ 99 ശതമാനംകുട്ടികളെ ജയിപ്പിച്ച സ്‌കൂളാണ്‌ വണ്ണപ്പുറം എസ്‌എന്‍എം വിഎച്ച്‌എസ്‌. ഇവിടെ വിദ്യാഭ്യാസത്തിന്റെ അടിത്തറ ഭദ്രമാക്കാനുള്ള തയാറെടുപ്പ്‌ പത്ത്‌ വര്‍ഷം മുമ്പേ ആരംഭിച്ചിരിക്കുന്നു. വണ്ണപ്പുറം സ്‌കൂളില്‍ നിലത്തെഴുത്ത്‌ ആരംഭിച്ചതിന്റെ പത്താം വാര്‍ഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ആശാനും സുഹൃത്തുക്കളും മാനേജ്‌മെന്റും. നിലത്തെഴുത്ത്‌ ആശാന്‍മാര്‍ക്കുള്ള സംഘടനയുണ്ട്‌. കേരള നിലത്തെഴുത്താശാന്‍ സംഘടന തൊടുപുഴ താലൂക്ക്‌ സെക്രട്ടറിയുമാണ്‌ കുഞ്ഞന്‍പിള്ള ആശാന്‍.

Comments