
ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് ശ്രദ്ധേയമാകുന്നു.
മലയോര ജില്ലയില്‍ നിന്നും ഒരുപിടി ദേശീയ - അന്തര്‍ദേശീയ താരങ്ങളെ വാര്‍ത്തെടുത്ത തൊടുപുഴയിലെ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് ശ്രദ്ധേയമാകുന്നു. ഇടുക്കി ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനും തൊടുപുഴ യൂണിറ്റി സോക്കര്‍ ക്ലബും സംയുക്തമായാണ് കഴിഞ്ഞ 20 വര്‍ഷക്കാലമായി സമ്മര്‍ഫുട്‌ബോള്‍ ക്യാമ്പും തുടര്‍പരിശീലനവും മുടങ്ങാതെ നടത്തുന്നത്. 13 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് ഇവിടെ പരിശീലനം നല്‍കുന്നത്. തുടര്‍ച്ചയായി വരുന്ന ഈ ക്യാമ്പുകളിലൂടെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനു തന്നെ അവിഭാജ്യഘടകമായ നിരവധി താരങ്ങളെ സൃഷ്‌ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ദേശീയതലത്തിലുള്ള നിരവധി ക്ലബുകള്‍ക്കായും മറ്റും അനേകം താരങ്ങള്‍ സമ്മര്‍ ക്യാമ്പിലൂടെ രംഗത്തെത്തിയിട്ടുണ്ട്. കായികക്ഷമത നിലനിര്‍ത്തിയുള്ള ചിട്ടയായ പരിശീലനമാണ് ഇവിടുത്തെപ്രത്യേകത. മുന്‍ സന്തോഷ്‌ട്രോഫി താരം കൂടിയായ പി.എ സലിംകുട്ടിയാണ് ക്യാമ്പിന് ചുക്കാന്‍ പിടിക്കുന്നത്. ഒപ്പം ദേശീയ തലത്തിലുള്ള പരിശീലകരുടെ സേവനവും ക്യാമ്പില്‍ ലഭ്യമാക്കാന്‍ സംഘാടകര്‍ നിരന്തരം ശ്രദ്ധിക്കാറുണ്ട്. ക്യാമ്പിന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ ഇവിടേക്ക് അയക്കാന്‍ മത്സരിക്കുകയാണ്. കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിച്ച ഇത്തവണത്തെ ക്യാമ്പില്‍ മുപ്പതോളം കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. തൊടുപുഴ ഡിപോള്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു വരുന്ന ക്യാമ്പ് മെയ് 30 ന് അവസാനിക്കും. ഫുട്‌ബോളില്‍ പരിശീലനം നേടാന്‍ താല്‍പര്യമുള്ള കുട്ടികള്‍ക്ക് ക്യാമ്പില്‍ ഇനിയും പങ്കെടുക്കാന്‍ അവസരമുണ്ടെന്ന് ക്യാമ്പിന് നേതൃത്വം നല്‍കുന്ന പി.എ സലിംകുട്ടി അറിയിച്ചു
Comments
Post a Comment