
അല്‍ഖായിദ തലവന്‍ ഉസാമ ബിന്‍ലാദനെ യുഎസ് സേന വധിച്ചു
വാഷിങ്‌ടണ്‍: അല്‍ഖായിദ തലവന്‍ ഉസാമ ബിന്‍ലാദനെ യുഎസ് സേന വധിച്ചതായി യുഎസ് പ്രസിഡന്റ് ബറാക് ഒബാമ അറിയിച്ചു. പാക്കിസ്‌ഥാനിലെ അബോട്ടാബാദില്‍ നടത്തിയ സൈനിക നടപടിയിലാണു ലാദനെ വധിച്ചതെന്നു വെളിപ്പെടുത്തിയ ഒബാമ, ലാദന്റെ മൃതശരീരം യുഎസ് സേനയുടെ പക്കലുണ്ടെന്നും അറിയിച്ചു.ഇസ്‌ലാമിക മതാചാര പ്രകാരമുള്ള ആദരവു ലാദന്റെ മൃതശരീരത്തോടു കാണിക്കുമെന്നും യുഎസ് അറിയിച്ചു.
അമേരിക്കന്‍ ചാരസംഘടന സിഐഎയുടെ രഹസ്യവിവരമനുസരിച്ച് യുഎസ് കമാന്‍ഡോകള്‍ നടത്തിയ ഏറ്റുമുട്ടലില്‍ ഞായറാഴ്‌ചയാണ് ഉസാമ കൊല്ലപ്പെട്ടത്. ഓഗസ്‌റ്റിലാണ് ഉസാമയുടെ ഒളിത്താവളത്തെ കുറിച്ചുള്ള ആദ്യ സൂചന ലഭിച്ചതെന്ന് ബറാക് ഒബാമ വ്യക്‌തമാക്കി. കഴിഞ്ഞയാഴ്‌ച ആണ് സൈനിക നടപടിക്ക് ഉത്തരവിട്ടത്. ഉസാമയെ വധിക്കാനായത് അല്‍ഖായിദയെ പരാജയപ്പെടുത്താനായി ഇന്നുവരെയുളള ശ്രമങ്ങളില്‍ ഏറ്റവും നിര്‍ണായകമായ നേട്ടമാണെന്നും ഒബാമ പറഞ്ഞു.
ഇസ്‌ലാമാബാദിനു സമീപം അബോട്ടാബാദില്‍ ഏകദേശം 60 അംഗങ്ങളോടൊപ്പം കഴിയുഞ്ഞ അന്‍പത്തിനാലുകാരനായ ലാദന്റെ ഒളിത്താവളത്തിനു നേരെ വ്യോമാക്രമണവും വെടിവയ്‌പും നടത്തിയാണ് യുഎസ് സേന വിജയം നേടിയതെന്നാണ് ഒബാമ അറിയിച്ചത്. അതേസമയം, പാക്ക് സൈനിക കേന്ദ്രത്തിനു, വിരലിലെണ്ണാവുന്ന കിലോമീറ്ററുകള്‍ മാത്രം അകലെയാണു ലാദന്‍ മൂന്നുമാസമായി സുരക്ഷിതമായി കഴിഞ്ഞ കെട്ടിടമെന്നും സൂചനയുണ്ട്. ഉസാമയെ വധിച്ച സൈനിക നടപടിയില്‍ പാക്ക് ചാരസംഘടന ഐഎസ്‌ഐ പങ്കാളികളായിരുന്നില്ലെന്നു പാക്കിസ്‌ഥാന്‍ ഔദ്യോഗികമായി അറിയിച്ചു. ഉസാമയുടെ അന്ത്യം ലോകത്തിനു ഗുണകരമാണെന്നും പാക്കിസ്‌ഥാന്‍ പ്രതികരിച്ചു.
2001 സെപ്‌റ്റംബര്‍ 11 ന് ലോക വ്യാപാര കേന്ദ്രം ലക്ഷ്യമിട്ട
ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്നു കരുതുന്ന ലാദനെ പിടികൂടാന്‍ ഒരു ദശാബ്‌ദമായി യുഎസ് സൈന്യം ശ്രമിച്ചു വരികയായിരുന്നു. ലോക വ്യാപാര കേന്ദ്രത്തിലേക്ക് അല്‍ഖായിദ നടത്തിയ ആക്രമണത്തില്‍ ഏകദേശം മൂവായിരം പേരാണ് അമേരിക്കന്‍ മണ്ണില്‍ രക്‌തസാക്ഷികളായത്.
ഉസാമ ബിന്‍ ലാദന്‍ എവിടെയാണുള്ളതെന്നു കൃത്യമായി അറിയില്ലെന്നു യുഎസ് അടുത്തയിടെ വരെ അറിയിച്ചിരുന്നു. എന്നാല്‍ ലാദന്‍ പാക്കിസ്‌ഥാനില്‍ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ സംരക്ഷണത്തില്‍ കഴിയുകയാണെന്നു കഴിഞ്ഞ ദിവസം സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ബിന്‍ ലാദനെ ഐഎസ്‌ഐ സഹായിക്കുന്നെന്ന കാര്യം പെന്റഗണ്‍ ശരിവയ്‌ക്കുകയോ നിഷേധിക്കുകയോ ചെയ്‌തിരുന്നില്ല.
1988ല്‍ ഉസാമ ബിന്‍ ലാദന്റെ നേതൃത്വത്തില്‍ `ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് ഫ്രണ്ട് ഫോര്‍ ജിഹാദ് എഗെന്‍സ്‌റ്റ് ദ് ജൂസ് ആന്‍ഡ് ക്രൂസൈഡേഴ്‌സ് റ്റു ഫൈറ്റ് ദ് യുഎസ് എന്ന പേരില്‍ രൂപീകരിച്ച സംഘടനയാണു പിന്നീട് അല്‍ ഖായിദ എന്ന പേരില്‍ ശക്‌തപ്പെട്ടത്. എല്ലാ അമേരിക്കക്കാരെയും അവരെ സഹായിക്കുന്നവരെയും കൊന്നൊടുക്കാന്‍ മുസ്‌ലിംകളോട് ആഹ്വാനം ചെയ്യുന്ന ഫത്‌വയും സംഘടന പുറപ്പെടുവിച്ചു. ലണ്ടനില്‍ നിന്നുള്ള ഒരു അറബ് പത്രത്തിലാണ് ഫത്‌വ പ്രസിദ്ധീകരിച്ചത്. പ്രവര്‍ത്തന കേന്ദ്രം പിന്നീടു സുഡാനില്‍ നിന്നു അഫ്‌ഗാനിലേക്കു മാററി. ചിതറിക്കിടന്ന തീവ്രവാദ സംഘടനകളെയെല്ലാം ഒരുമിപ്പിച്ചു അമേരിക്കയുടെ ഉറക്കം കെടുത്തുന്ന വിധത്തിലേക്ക് അല്‍ഖായിദയെ വളര്‍ത്തിയതിനു പിന്നിലെ ഊര്‍ജവും സാമ്പത്തിക ശക്‌തിയുമെല്ലാം ഉസാമ ബിന്‍ ലാദന്‍ എന്ന സൗദി വംശജനായിരുന്നു.
കോടീശ്വര പുത്രനായി സൗദി അറേബ്യയിലെ റിയാദില്‍ 1957 മാര്‍ച്ച് 10 നായിരുന്നു ഉസാമ ബിന്‍ലാദന്റെ ജനനം. സൗദിയിലെ പ്രഭു കുടുംബങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തി വന്ന കോടീശ്വര വ്യവസായി മുഹമ്മദ് ബിന്‍ അവദ് ബിന്‍ ലാദനു തന്റെ പത്താമത്തെ ഭാര്യ ഹമീദയില്‍ ജനിച്ച ഒറ്റപ്പുത്രന്‍. ഉസാമ ജനിച്ച് അധികനാള്‍ കഴിയും മുന്‍പ് മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. മാതാവ് ഹമീദ മുഹമ്മദ് അല്‍ അത്താനസയുടെ പുനര്‍ വിവാഹത്തില്‍ ജനിച്ച മൂന്ന് അര്‍ധ സഹോദരന്‍മാര്‍ക്കും ഒരു അര്‍ധ സഹോദരിക്കുമൊപ്പമായിരുന്നു ഉസാമയുടെ കുട്ടിക്കാലം..
വഹാബി മുസ്‌ലിം വിശ്വാസിയായി വളര്‍ന്ന ഉസാമയുടെ സ്‌കൂള്‍ വിദ്യാഭ്യാസം 11-ാം വയസുമുതല്‍ റിയാദിലെ അല്‍ താഗര്‍ മോഡല്‍ സ്‌കൂളിലായിരുന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ പരിചയപ്പെട്ട അന്തോണി കാര്‍ഡസും എനോസ് ഫിംഗിയും ജീവിതകാലം മുഴുവന്‍ ലാദന്റെ അടുത്ത സുഹൃത്തുക്കളായി തുടര്‍ന്നു.
കിങ് അബ്‌ദുല്‍ അസീസ് സര്‍വകലാശാലയില്‍ നിന്നു സാമ്പത്തിക ശാസ്‌ത്രത്തിലും ബിസിനസ് അഡ്‌മിനിസ്‌ട്രേഷനിലും ബിരുദം നേടി. സിവില്‍ എഞ്ചിനിയറിങ്ങിലും ലാദന്‍ ബിരുദം നേടിയതായും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കവി കൂടിയായിരുന്ന ബിന്‍ലാദന്‍ പഠനത്തിനിടയിലും മതപരമായ കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തി. ഖുറാനും ജിഹാദും വ്യാഖാനിക്കുന്നതിനു സമയം കണ്ടെത്തി. 1974ല്‍ 17-ാം വയസില്‍ ആദ്യ വിവാഹം. നജ്വ ഖാനം ആണ് ആദ്യ ഭാര്യ. 2002 ല്‍ സിഎന്‍എന്‍ പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം ലാദനു നാലു ഭാര്യമാരും ഇവരില്‍ 25 മക്കളുമുണ്ട്


Comments
Post a Comment