എനിക്കൊരു നിലാവിന്റെ സ്‌നേഹം മതി................

എനിക്കൊരു നിലാവിന്റെ സ്‌നേഹം മതി, മുളം കാട്ടിന്റെ പാട്ടും കുളിരും മതി, ഒരു മണ്‍ചെരാതിന്റെ ആത്മദുഃഖങ്ങളും ഹൃദയശംഖില്‍ നേര്‍ത്ത സ്വരവും മതി എന്ന ഗാനത്തിലൂടെ മലയാള ചലച്ചിത്ര ഗാന ശാഖയിലേക്ക്‌ ഒരു താരം കൂടി പിറവിയെടുക്കുന്നു. പ്രിയനന്ദന്റെ പുതിയ ചിത്രമായ ഭക്തജനങ്ങളുടെ ശ്രദ്ധക്ക്‌ എന്ന ചിത്രത്തിലൂടെയാണ്‌ കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജയകുമാര്‍ ചെങ്ങമനാടാണ്‌ ഗാനരചയിതാവിന്റെ കുപ്പായം അണിയുന്നത്‌. പ്രീഡിഗ്രി കാലയളവില്‍ ഓണനാളില്‍ തൃശ്ശൂര്‍ ആകാശവാണിയില്‍ ഓലവാലന്‍കിളി ഓമനപൈങ്കിളി നെഞ്ചിലൊരു ചെല്ലപ്പാട്ടുണ്ടോ എന്ന ഗാനം എഴുതികൊണ്ടാണ്‌ ജയകുമാര്‍ ചെങ്ങമനാട്‌ ഗാനരചനയിലേക്ക്‌ പ്രവേശിക്കുന്നത്‌. മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ കെ.ആര്‍. ചെങ്ങമനാടിന്റെ മകനാണ്‌ ജയകുമാര്‍. മുമ്പ്‌ നിരവധി ഭക്തിഗാനങ്ങളും, ആല്‍ബങ്ങളും നാടക ഗാനങ്ങളും ജയകുമാര്‍ ചെങ്ങമനാടിന്റേതായി പുറത്തിറങ്ങിയിട്ടുണ്ടങ്കിലും പ്രിയനന്ദന്റെ പുതിയ ചിത്രത്തിലെ ഗാനം തന്റെ കരിയര്‍ ഗ്രാഫ്‌ ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ്‌ ഗാനരചിയിതാവ്‌. ഗാനഗന്ധര്‍വന്‍ കെ. ജെ. യേശുദാസാണ്‌ ഗാനം ആലപിച്ചിരിക്കുന്നത്‌ എന്നത്‌ ജയകുമാറിന്റെ ആഹ്‌ളാദം ഇരട്ടിയാക്കുന്നു. യേശുദാസിനു പുറമെ ചിത്രയും ഈ ചിത്രത്തില്‍ ഇതേ ഗാനം ആലപിച്ചിട്ടുണ്ട്‌. പടം പുറത്തു വന്നതോടെ ഗാനം ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്‌.സിനിമയില്‍ കാവ്യ മാധവന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കുടുംബവുമായുള്ള വിരഹത്തെ മനോഹരമായ രീതിയില്‍ ഈ മെലഡി ഗാനം ഉള്‍ക്കൊണ്ടിട്ടുണ്ട്‌. ഗാനത്തിന്‌ സംഗീതം നല്‍കിയിരിക്കുന്നത്‌ നടേശ്‌ ശങ്കറാണ്‌. സിനിമ സംഗീതവുമായി ബന്ധപ്പെട്ട്‌ കാല്‍ നൂറ്റാണ്ടിലേറെ പരിചയമുള്ള പ്യക്തിയാണ്‌ നടേശ്‌ ശങ്കര്‍. സംഗീതസംവിധായകനായ വിദ്യാധരന്‍ മാസ്റ്ററുടെ അനുജനാണ്‌ നടേശ്‌ ശങ്കര്‍.
എം.എന്‍. വിജയന്‍ അവതാരികയെഴുതിയ രായിനെല്ലൂരിലെ കാഴ്‌ചകള്‍, വാക്കിനപ്പുറം, വാക്കിന്റെ വെയില്‍ പാളങ്ങള്‍ എന്നീ മൂന്നു കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. എറണാകുളം ചെങ്ങമനാട്‌ സ്വദേശിയായ ജയകുമാര്‍, ഇപ്പോള്‍ മൂവാറ്റുപുഴയിലാണ്‌ താമസം. മുനിസിപ്പല്‍ സര്‍വീസില്‍ ലൈബ്രേറിയനാണ്‌. കുമരനെല്ലൂര്‍ സ്‌കൂള്‍ അധ്യാപികയായ വിജയകുമാരിയാണ്‌ ഭാര്യ. മക്കള്‍ : വര്‍ഷ, മേഘ. പ്രിയനന്ദനെ പോലുള്ള ഒരു സംവിധായകനൊപ്പം യേശുദാസും ചിത്രയും ആലപിച്ച ഗാനത്തിലൂടെ അരങ്ങേറ്റം കുറിക്കാനായതിലും ഗാനവും ഒപ്പം സിനിമയും ശ്രദ്ധിക്കപ്പെട്ടതിലുമുള്ള സന്തോഷത്തിലാണ്‌ ജയകുമാര്‍

Comments