ഇക്കുറി ജംബോ മന്ത്രി സഭയ്‌ക്ക്‌ സാധ്യത. വനിതാ പ്രാധിനിത്യം ഉണ്ടായേക്കില്ല


ചീഫ്‌വിപ്പിന്‌ പകരമായി പാര്‍ലമെന്ററി കാര്യ മന്ത്രിയുള്‍പ്പടെ നിയമം അനുശാസിക്കുന്ന പരമാവധി മന്ത്രിമാരെ ഉള്‍പ്പെടുത്തി ജംബോ മന്ത്രി സഭയ്‌ക്കാകും ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കുകയെന്ന്‌ വ്യക്തമായി.സ്‌ത്രീ സംവരണത്തേക്കുറിച്ചും സ്‌ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുന്ന സോണിയഗാന്ധിയുടെ പാര്‍ട്ടിയുടെ മന്ത്രി സഭയില്‍ പേരിനു ഒരു സ്‌ത്രീ പോലും ഉണ്ടാകില്ല എന്നും ആദ്യ സൂചനകള്‍ വ്യക്തമാക്കുന്നു. മന്ത്രിമാരുടെ എണ്ണവും വകുപ്പുകളും സംബന്ധിച്ച്‌ ആശയക്കുഴപ്പങ്ങള്‍ക്ക്‌ ശേഷം ലീഗിന്‌ നാലുമന്ത്രിമാരെയും മാണിക്ക്‌ 2 മന്ത്രിമാരെയും നിശ്ചയിച്ച്‌ യുഡിഎഫ്‌ ചര്‍ച്ച ഏതാണ്ട്‌ അവസാനിപ്പിച്ചിരിക്കുകയാണ്‌ നിയുക്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ഏഴ്‌ പേര്‍ വ്യാഴാഴ്‌ച്ച സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേല്‍ക്കും.പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്‌ലിം ലീഗ്‌), കെ.എം. മാണി (കേരള കോണ്‍ഗ്രസ്‌ എം), കെ.പി. മോഹനന്‍(സോഷ്യലിസ്‌റ്റ്‌ ജനത), ടി.എം. ജേക്കബ്‌ (കേരള കോണ്‍ഗ്രസ്‌-ജേക്കബ്‌), കെ.ബി. ഗണേഷ്‌ കുമാര്‍ (കേരള കോണ്‍ഗ്രസ്‌-ബി), ഷിബു ബേബി ജോണ്‍ (ആര്‍എസ്‌പി-ബി) എന്നിവരാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടൊപ്പം നാളെ സത്യപ്രതിജ്‌ഞ ചെയ്യുക .മുസ്‌ലിം ലീഗിന്‌ നാലു മന്ത്രിമാരും കേരള കോണ്‍ഗ്രസ്‌ എമ്മിന്‌ രണ്ടു മന്ത്രിമാരും സോഷ്യലിസ്‌റ്റ്‌ ജനത, കേരള കോണ്‍ഗ്രസ്‌ ജേക്കബ്‌, കേരള കോണ്‍ഗ്രസ്‌-ബി, ആര്‍എസ്‌പി-ബി എന്നീ പാര്‍ട്ടികള്‍ക്ക്‌ ഓരോ മന്ത്രിമാരും ഉണ്ടാവും. കോണ്‍ഗ്രസിന്‌ മുഖ്യമന്ത്രിയെ കൂടാതെ ഒന്‍പതു മന്ത്രിമാരാണ്‌ ഉണ്ടാവുക. സ്‌പീക്കര്‍, ഡപ്യുട്ടി സ്‌പീക്കര്‍, പാര്‍ലമെന്ററികാര്യമന്ത്രി എന്നിവയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. രണ്ടാം ഘട്ട സത്യപ്രതിജ്‌ഞ 23നു നടക്കും.മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനമായിട്ടുണ്ടെന്നും ആദ്യ മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി വകുപ്പുകള്‍ അതത്‌ മന്ത്രിമാര്‍ക്കു വീതിച്ചു നല്‍കുമെന്നുംപറയുന്നു .അതേസമയം, കെ.എം. മാണിക്ക്‌ ധനം, നിയമം, ഭവനനിര്‍മാണം എന്നീ വകുപ്പുകളും പി.ജെ. ജോസഫിന്‌ ജലവിഭവവും, ഷിബു ബേബിജോണിന്‌ തൊഴിലും കെ.പി. മോഹനന്‌ കൃഷിയും ടി.എം. ജേക്കബിന്‌ ഗതാഗതവും ലഭിക്കാനാണ്‌ സാധ്യത. ഇതുസംബന്ധിച്ച്‌ ധാരണയായിട്ടുണ്ട്‌.
.

Comments