കൊടുങ്കാറ്റിന്റെ മുന്‍പുള്ള ശാന്തത രമേശ്‌ പിന്‍വാങ്ങി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകും


കൊടുങ്കാറ്റിന്റെ മുന്‍പുള്ള ശാന്തത
രമേശ്‌ പിന്‍വാങ്ങി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകും
അനിശ്ചിതത്വങ്ങള്‍ക്കും അബ്യൂഹങ്ങള്‍ക്കും താത്‌കാലിക വിരാമമിട്ടുകൊണ്ട്‌ കോണ്‍ഗ്രസ്സ്‌ നേതാവിനെ തെരെഞ്ഞെടുത്തു. വരാന്‍ പോകുന്ന വലിയ കൊടുങ്കാറ്റിന്റെ മുന്‍പുള്ള ശാന്തതയാണ്‌ യുഡി എഫില്‍ ഇന്നുകാണുന്നത്‌. ചവിട്ടേറ്റ്‌ രണ്ട്‌ സര്‍പ്പങ്ങള്‍ ഉമ്മന്‍ചാണ്ടിയുടെ രക്തത്തിനായി കാത്തിരിക്കുന്നുണ്ട്‌. എ.കെ. ആന്റണി ഡല്‍ഹിയിലും കെ.മുരളീധരന്‍ കേരളത്തിലും കേരളത്തിലെ കോണ്‍ഗ്രസ്‌ നിയമസഭാ കക്ഷി നേതാവായി ഉമ്മന്‍ ചാണ്ടിയെ തിരഞ്ഞെടുത്തു. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുമതിയോടെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്‌ത്രിയാണ്‌ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്‌.ഇന്ദിരാഭവനില്‍ ചേര്‍ന്ന കോണ്‍ഗ്രസ്‌ നിയമസഭാ കക്ഷി യോഗം ഇതു സംബന്ധിച്ച തീരുമാനം സോണിയാ ഗാന്ധിക്കു വിട്ടുകൊണ്ടു പ്രമേയം പാസാക്കുകയായിരുന്നു. കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല അവതരിപ്പിച്ച പ്രമേയം ഉമ്മന്‍ ചാണ്ടി പിന്തുണച്ചു. മധുസൂദനന്‍ മിസ്‌ത്രിയുടെയും പ്രവര്‍ത്തകസമിതി അംഗം മൊഹ്‌സിന കിദ്വായിയുടെയും സാന്നിധ്യത്തിലാണ്‌ പ്രമേയം പാസാക്കിയത്‌.യോഗത്തോടനുബന്ധിച്ച്‌ എഐസിസി നിരീക്ഷകരായ മിസ്‌ത്രിയും കിദ്വായിയും ഓരോ എംഎല്‍എമാരുമായും പ്രത്യേകം കൂടിക്കാഴ്‌ച നടത്തി.ഓരോ എംഎല്‍എമാരുടെയും അഭിപ്രായം അറിയുന്നതിനായിരുന്നു കൂടിക്കാഴ്‌ച.ഇതിനുശേഷമാണ്‌ മിസ്‌ത്രി ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്‌. പിന്നാലെ കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല വാര്‍ത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചു.കോണ്‍ഗ്രസ്‌യു.ഡി.എഫ്‌ തീരുമാനത്തെ തുടര്‍ന്ന്‌ ഉമ്മന്‍ചാണ്ടി ഗവര്‍ണര്‍ ആര്‍.എസ്‌.ഗവായിയെ സന്ദര്‍ശിച്ച്‌ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ആവശ്യം അറിയിച്ചു. ഇത്‌ സംബന്ധിച്ച കത്ത്‌ ഉമ്മന്‍ചാണ്ടി ഗവര്‍ണര്‍ക്ക്‌ കൈമാറി. ഘടകക്ഷികളുടെ പിന്തുണ അറിയിച്ചുള്ള ആറ്‌ കത്തുകളും ഇതിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്‌.ഉമ്മന്‍ചാണ്ടിയോ രമേശ്‌ ചെന്നിത്തലയോ മുഖ്യമന്ത്രിയാവുക എന്നൊരു അനിശ്ചിതത്വം കഴിഞ്ഞ ദിവസംവരെ നിലനിന്നിരുന്നു. നേരിയ ഭൂരിപക്ഷമുള്ള മന്ത്രിസഭയെ നയിക്കാന്‍ താല്‍പര്യമില്ലെന്ന്‌ ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചതായും മുഖ്യമന്ത്രിയാകാന്‍ താല്‍പര്യമുണ്ടെന്ന്‌ രമേശ്‌ ചെന്നിത്തല അറിയിച്ചതായുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ്‌ അനിശ്ചിതത്വവും ഊഹാപോഹങ്ങളും ശക്തമായത്‌.എന്നാല്‍, കേന്ദ്ര നിരീക്ഷകള്‍ എത്തുന്നതിന്‌ മണിക്കൂറുകള്‍ക്ക്‌ മുന്‍പ്‌ താന്‍ മുഖ്യമന്ത്രിസ്ഥാനത്തേയ്‌ക്ക്‌ മത്സരിക്കുന്നില്ലെന്നും മന്ത്രിസഭയില്‍ അംഗമാകില്ലെന്നും രമേശ്‌ ചെന്നിത്തല പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ഉമ്മന്‍ചാണ്ടിയുടെ സ്ഥാനലബ്ധി ഉറപ്പായിക്കഴിഞ്ഞിരുന്നു. ഔദ്യോഗിക പ്രഖാപനം മാത്രമായിരുന്നു പിന്നീട്‌ ശേഷിച്ചിരുന്നത്‌. 1970 മുതല്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചുവരുന്ന ഉമ്മന്‍ചാണ്ടി ഇക്കുറി 33225 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ വിജയിച്ചത്‌.
തെരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ പാമൊലിന്‍ കേസില്‍നിന്ന്‌ ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കി കോടതിയില്‍ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ നല്‍കിയതു തന്നെ മുഖ്യമന്ത്രി സ്ഥാനം ഉമ്മന്‍ ചാണ്ടിക്കുനല്‍കുന്നതിനു വേണ്ടിയാണന്ന്‌ ആരോപണം ഉയര്‍ന്നിരുന്നു.. വിജിലന്‍സ്‌ ഡയറക്ടറുടെ ചുമതല വഹിക്കുന്ന എഡിജിപി ഡസ്‌മണ്ട്‌ നെറ്റോയുടെ നിര്‍ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ തിരുവനന്തപുരം റെയ്‌ഞ്ച്‌ എസ്‌പി വി എന്‍ ശശിധരന്‍ അതീവ രഹസ്യമായാണ്‌ പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. വെള്ളിയാഴ്‌ച വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെയാണത്രെ ഇതിനുള്ള നടപടി ആരംഭിച്ചത്‌. റെയ്‌ഞ്ച്‌ എസ്‌പി ശശിധരനെ വിളിച്ചുവരുത്തി റിപ്പോര്‍ട്ട്‌ നല്‍കാന്‍ ഡയറക്ടര്‍ നിര്‍ദേശിക്കുകയായിരുന്നുവത്രെ. യുഡിഎഫിന്‌ കേവല ഭൂരിപക്ഷം ഉറപ്പായതോടെ റിപ്പോര്‍ട്ട്‌ നല്‍കുകയും ചെയ്‌തു. പാമൊലിന്‍ കേസില്‍ പുതുതായി ആരെയെങ്കിലും പ്രതിചേര്‍ക്കാന്‍ വേണ്ട തെളിവില്ലെന്നും നിലവിലുള്ള പ്രതികള്‍ക്കെതിരെ വിചാരണ നടപടി ആരംഭിക്കാമെന്നുമാണ്‌ റിപ്പോര്‍ട്ടിലെ ഉള്ളടക്കം. റിപ്പോര്‍ട്ടില്‍ ഒരിടത്തും ഉമ്മന്‍ചാണ്ടിയുടെ പേര്‌ പരാമര്‍ശിച്ചിട്ടില്ല. പാമൊലിന്‍ കേസില്‍ തുടരന്വേഷണം നടത്താന്‍ വിജിലന്‍സ്‌ പ്രത്യേക കോടതി അനുവദിച്ച സമയപരിധി അവസാനിക്കാന്‍ ഒരുമാസം ബാക്കിയുള്ളപ്പോഴാണ്‌ തിരക്കിട്ട്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. ഇക്കഴിഞ്ഞ മാര്‍ച്ച്‌ 14നാണ്‌ തുടരന്വേഷണം നടത്താന്‍ വിജിലന്‍സ്‌ പ്രത്യേക കോടതി ഉത്തരവിട്ടത്‌. മുന്‍ ധനമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ പങ്കിനെക്കുറിച്ചുള്ള പുതിയ തെളിവുകളുടെ പശ്ചാത്തലത്തില്‍ തുടരന്വേഷണത്തിന്‌ അനുമതി തേടി ക്രിമിനല്‍ നടപടി ചട്ടം 173(8) അനുസരിച്ച്‌ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി എ അഹമ്മദും റെയ്‌ഞ്ച്‌ എസ്‌പിയും നല്‍കിയ അപേക്ഷ പരിഗണിച്ചാണ്‌ കോടതി ഉത്തരവ്‌. മൂന്നുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു കോടതി നിര്‍ദേശം. വിജിലന്‍സ്‌ അന്വേഷണം താമസിക്കുകയോ ഉമ്മന്‍ചാണ്ടിക്കെതിരെ കേസ്സുണ്ടാവുകയോ ചെയ്‌താന്‍ പകരം സംവിധാമമെന്ന നിലയിലായിരുന്നു രമേശ്‌ ചെന്നിത്തലയെക്കൂടി മത്സരിപ്പിക്കാന്‍ ഹൈക്കമാന്റ്‌ തീരുമാനിച്ചത്‌.വരാന്‍ പോകുന്ന വലിയ കൊടുങ്കാറ്റിന്റെ മുന്‍പുള്ള ശാന്തതയാണ്‌ യുഡി എഫില്‍ ഇന്നുകാണുന്നത്‌. ചവിട്ടേറ്റ്‌ രണ്ട്‌ സര്‍പ്പങ്ങള്‍ ഉമ്മന്‍ചാണ്ടിയുടെ രക്തത്തിനായി കാത്തിരിക്കുന്നുണ്ട്‌. എ.കെ. ആന്റണി ഡല്‍ഹിയിലും കെ.മുരളീധരന്‍ കേരളത്തിലും




Comments