ഈ ഭേദഗതി പൗരത്വം കളയാന്‍ അല്ല; നല്‍കാന്‍
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ടൈംസ് നൗവിനു നല്‍കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.
സാമ്പത്തിക രംഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ പിന്തള്ളപ്പെട്ടിരിക്കുന്നു. മറ്റു പല വിഷയങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. ആര്‍ട്ടിക്കിള്‍ 370, അയോധ്യ, പൗരത്വ ഭേദഗതി നിയമം ഇങ്ങനെ പല വിഷയങ്ങള്‍. പ്രതിഷേധങ്ങള്‍ ജമ്മു കശ്മീരില്‍ നിന്ന് ആസാമിലേക്കും അവിടെ നിന്ന് ദല്‍ഹിയിലേക്കും എത്തിയിരിക്കുന്നു. ആദ്യം ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ ഇപ്പൊള്‍ സീലംപൂരിലും പ്രക്ഷോഭങ്ങള്‍ നടക്കുന്നു. ഇതിന് കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമമാണ്. അവര്‍ പറയുന്നത് ഈ നിയമം മുസ്ലീങ്ങളെയും ഹിന്ദുക്കളെയും തമ്മില്‍ വേര്‍തിരിക്കുന്നതാണെന്നാണ്. താങ്കള്‍ എന്തു പറയുന്നു.
ഞാന്‍ അങ്ങനെ കരുതുന്നില്ല. ഈ പ്രതിഷേധങ്ങള്‍ക്ക് രണ്ട് കാരണമുണ്ട്. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടയില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നു. അവര്‍ ജങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ്. രണ്ടാമത്തെ കാരണം ഇവര്‍ പരത്തുന്ന തെറ്റിദ്ധാരണ ചിലരില്‍ ആശങ്ക വളര്‍ത്തിയിട്ടുണ്ട്. അത് വിശദമാക്കാം. പൗരത്വ ഭേദഗതി നിയമത്തില്‍ ഒരിടത്തും ആരുടേയും പൗരത്വം എടുത്തുകളയാനുള്ള ഒന്നും പരാമര്‍ശിക്കുന്നില്ല. അത് പൗരത്വം നല്‍കുന്നതിനുള്ള നിയമമാണ്. പൗരത്വം ആര്‍ക്കാണ് നല്‍കുന്നത്? പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നും പീഡനങ്ങള്‍ സഹിക്കവയ്യാതെ ഇന്ത്യയിലെത്തിയ അവിടത്തെ ആറ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കാണ് പൗരത്വം നല്‍കുന്നത്. അവര്‍ അഭയം തേടി വന്നവരാണ്. അവരുടെ കൈവശം ഒരു രേഖയും ഇല്ല. വര്‍ഷങ്ങളായി നരക തുല്യമായ ജീവിതമാണ് അവരുടേത്. അവര്‍ക്ക് പൗരത്വം നല്‍കാനുള്ള വ്യവസ്ഥകളാണ് ഈ നിയമത്തിലുള്ളത്. ഇന്ന് കോണ്‍ഗ്രസ് ഇതിനെ എതിര്‍ക്കുകയാണ്. എനിക്ക് കോണ്‍ഗ്രസ് അധ്യക്ഷയോട് പറയാനുള്ളത് ജവഹര്‍ലാല്‍ നെഹ്‌റുവും ലിയാഖത്ത് അലിയും ഒപ്പുവച്ച നെഹ്‌റു-ലിയാഖത്ത് ഉടമ്പടി എന്നറിയപ്പെടുന്ന കരാറിന്റെ ആദ്യത്തെ വ്യവസ്ഥതന്നെ ഒന്ന് വായിച്ച്‌നോക്കണമെന്നാണ്. അതില്‍ പറയുന്നത് രണ്ട് രാജ്യങ്ങളും തങ്ങളുടെ രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കും എന്നുമാണ്. അത് പാക്കിസ്ഥാനിലും ബംഗ്ലാദേശിലും നടപ്പിലായില്ല. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ഈ മൂന്ന് രാജ്യങ്ങളും ഇസ്ലാം മതം അവരുടെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളില്‍ പലര്‍ക്കും നേരെ അക്രമങ്ങളുണ്ടായി, മതപരിവര്‍ത്തനത്തിനു വിധേയരാക്കി, സ്ത്രീകള്‍ക്ക് നേരെ അക്രമങ്ങള്‍ ഉണ്ടായി. ഇതേ തുടര്‍ന്ന് പലരും അഭയം തേടി ഇവിടെയെത്തി. അവര്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ ആണ് പൗരത്വ ഭേദഗതി നിയമത്തിലുള്ളത്. ഇതില്‍ ഇന്ത്യയില്‍ വസിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകിച്ച് മുസ്ലിം വിഭാഗത്തിനു ഭയപ്പെടേണ്ടതായി എന്താണുള്ളത്?
ഈ പ്രക്ഷോഭങ്ങള്‍ തുടങ്ങിയത് ചില സര്‍വ്വകലാശാലകളില്‍ നിന്നാണ്. ജാമിയ മിലിയ സര്‍വ്വകലാശാല ഒരു ഉദാഹരണമാണ്. ആസാമിലും പ്രക്ഷോഭങ്ങളുണ്ടായി. ഇന്ന് നാല്‍പത് സര്‍വ്വകലാശാലകളില്‍ ജാമിയ മിലിയയ്ക്ക് പിന്തുണയുമായി പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ടല്ലോ?
നാല്‍പതില്ല. ഇരുപത്തിരണ്ടാണ്. രാജ്യത്ത് ആകെ 2500ല്‍ അധികം സര്‍വ്വകലാശാലകളുണ്ട്. സംസ്ഥാനങ്ങളിലെ സ്വതന്ത്ര സര്‍വ്വകലാശാലകളുടെ കൂടി കണക്കെടുത്താല്‍ അതിലും കൂടുതല്‍ സര്‍വ്വകലാശാലകളുണ്ടാകും. അതിലാകെ 22 സര്‍വ്വകലാശാലകളിലാണ് പ്രക്ഷോഭങ്ങള്‍ നടക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് നേരെ അക്രമം ഉണ്ടായി എന്നുള്ള മാധ്യമ വാര്‍ത്തകളെത്തുടര്‍ന്ന് മറ്റുള്ള സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള സമരങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, എനിക്ക് ചോദിക്കാനുള്ളത് ഇതിന്റെ പേരില്‍ കല്ലെറിയാമോ? ആരുടെയെങ്കിലും ഇരുചക്രവാഹനത്തില്‍ നിന്ന് പെട്രോള്‍ എടുത്ത് ബസ്സിനു തീയിടാമോ? പൗരന്മാര്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്താമോ? അങ്ങനെയൊക്കെ ചെയ്താല്‍ പോലീസ് നടപടി ഉണ്ടാകാതിരിക്കും എന്നാണോ? ക്രമസമാധാന നില എങ്ങനെയാണ് നിയന്ത്രണത്തില്‍ കൊണ്ടുവരിക? താങ്കള്‍ പറയൂ ഇവരെല്ലാവരും വിദ്യാര്‍ഥികള്‍ ആണെങ്കില്‍ ആരാണ് അകത്തുനിന്ന് കല്ലെറിയുന്നത്? എന്തിനാണ് ചെയ്യുന്നത്? അതിന്റെയും ഉത്തരം കണ്ടെത്തേണ്ടതായിട്ടുണ്ട്. എന്നാല്‍, ഞാന്‍ ഇപ്പോഴും പറയുന്നു കോണ്‍ഗ്രസ്, തൃണമൂല്‍, കമ്യൂണിസ്റ്റ്, ആം ആദ്മി പാര്‍ട്ടികള്‍ തെറ്റിദ്ധാരണ പരത്തുന്നതുകൊണ്ടാണ്. നിങ്ങള്‍ ഒരു പത്രപ്രവര്‍ത്തകയല്ലേ? നിങ്ങള്‍ ആ നിയമം വായിച്ചതല്ലേ? നിങ്ങള്‍ പറയൂ ആ നിയമത്തില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായി എന്താണുള്ളത്?
ന്യൂനപക്ഷങ്ങള്‍ സിഎഎ (സിറ്റിസണ്‍ഷിപ്പ് അമന്റ്‌മെന്റ് ആക്ട്-പൗരത്വ ഭേദഗതി നിയമം)യില്‍ ഇല്ലെങ്കില്‍ ഇത് കേവലം ഒരു സൂചന മാത്രമാണ്. ഇതിന്റെ അടുത്ത ലക്ഷ്യം എന്‍ആര്‍ സി (നാഷണല്‍ രജിസ്റ്റര്‍ ഫോര്‍ സിറ്റിസണ്‍സ്-ദേശീയ പൗരത്വ രജിസ്റ്റര്‍) ആണ്. ഇതുവച്ച് നിങ്ങള്‍ ഹിന്ദുക്കളെ ഈ രാജ്യത്തെ പൗരന്മാരാക്കും. പിന്നീട് എന്‍ആര്‍സി കൊണ്ടുവരും. മുസ്ലീങ്ങളെ പുറത്താക്കും. ഈ ആശങ്കയാണ് അവര്‍ക്കുള്ളത്.
ശരി. അതാണ് അപ്പോള്‍ ആശങ്ക. എന്‍ആര്‍സി എന്നത് ആരാണ് കൊണ്ടുവന്നത്? ബിജെപിയാണോ അതുകൊണ്ടുവന്നത്? അല്ല. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് അതിനു തുടക്കം കുറിച്ചത്. 1985ല്‍ ആസാം ഉടമ്പടിയില്‍ ആസാമില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കും എന്ന് ഉറപ്പ് നല്‍കിയത് രാജീവ് ഗാന്ധിയാണ്. കൂടാതെ ഒന്നുകൂടി വ്യക്തമാക്കാം. പൗരത്വ നിയമം 1955 14(മ) വ്യവസ്ഥ കൂട്ടിച്ചേര്‍ത്ത് 2004 ഡിസംബര്‍ മൂന്നിന് നോട്ടിഫിക്കേഷന്‍ ഇറക്കിയത് ആരുടെ സര്‍ക്കാരാണ്? യുപിഎ സര്‍ക്കാരാണ്. ഈ നോട്ടിഫിക്കേഷന്‍ അനുസരിച്ചാണ് ഭാരതസര്‍ക്കാര്‍ എന്‍ആര്‍സി നടപ്പിലാക്കുക. അതുകൊണ്ടുവന്നത് കോണ്‍ഗ്രസാണ്. അതിനു ശേഷം ആ പട്ടികയില്‍ 4(മ) കൂട്ടിച്ചേര്‍ത്തു. അത് കൃത്യമായും എന്‍ആര്‍സിയ്ക്കുള്ള വ്യവസ്ഥയാണ്. ഇപ്പോള്‍ കോണ്‍ഗ്രസ് ചോദിക്കുന്നത് എന്തിനാണ് എന്‍ആര്‍സി നടപ്പിലാക്കുന്നത് എന്നാണ്? എന്തിനാണ് നിങ്ങള്‍ (കോണ്‍ഗ്രസ്) അതിനുള്ള വ്യവസ്ഥകള്‍ കൊണ്ടുവന്നത്? അങ്ങനെ വ്യവസ്ഥകള്‍ കൊണ്ടുവന്നതിനു പിന്നിലെ ഉദ്ദേശ്യം എന്തായിരുന്നു? ഈ നിയമം പൂര്‍ണമായും അവരുടെ കാലത്ത് ഉണ്ടാക്കിയതാണ്. അതു ശരിയാണെന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു. ലോകത്ത് പൗരന്മാരുടെ രജിസ്റ്റര്‍ ഇല്ലാത്ത ഏതെങ്കിലും രാജ്യം ഉണ്ടോ? പാക്കിസ്ഥാനിലേയും ബംഗ്ലാദേശിലെയും അഫ്ഗാനിസ്ഥാനിലെയും മുഴുവന്‍ മുസ്ലീങ്ങള്‍ക്കും ഇന്ത്യയില്‍ പൗരത്വം നല്‍കണം എന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പറയുമോ? നാളെ അങ്ങനെ ഒരു പ്രസ്താവന സോണിയ ഗാന്ധി ഇറക്കട്ടെ.
പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയുടെ അടുത്ത് പോയിരുന്നു. അവര്‍ പറയുന്നത്?
ഈ നിയമത്തെ എതിര്‍ക്കുന്ന എല്ലാവരോടുമുള്ള എന്റെ വെല്ലുവിളി ഇതാണ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ഭാരത പൗരത്വം ആഗ്രഹിക്കുന്ന എല്ലാ മുസ്ലിം സഹോദരന്മാര്‍ക്കും ഭാരതത്തിലെ പൗരത്വം നല്‍കണമെന്നാണ് തങ്ങളുടെ ആവശ്യം എന്ന് നിങ്ങള്‍ ഈ രാജ്യത്തോട് പറയൂ. അങ്ങനെ പറയാന്‍ സാധിക്കില്ല എങ്കില്‍ ഈ നിയമത്തെ എതിര്‍ക്കാതിരിക്കുക. ഞങ്ങള്‍ എന്തു ചെയ്യാനാണ്. എന്‍ആര്‍സിയില്‍ എന്താണുള്ളത്? എന്‍ആര്‍സി ഈ രാജ്യത്തെ പൗരന്മാരുടെ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള വ്യവസ്ഥയാണ്. ഈ രാജ്യത്ത് ആര്‍ക്കും (രേഖകള്‍ ഇല്ലാതെ) താമസിക്കാം എന്നാണോ? ഏത് രാജ്യത്താണ് പൗരന്മാരുടെ രജിസ്റ്റര്‍ ഇല്ലാത്തത്? ലോകത്തില്‍ എല്ലാ രാജ്യങ്ങളിലും പൗരന്മാരുടെ രജിസ്റ്ററുണ്ട്.
ആധാര്‍ കാര്‍ഡ്, വോട്ടര്‍ കാര്‍ഡ് ഇങ്ങനെയുള്ള രേഖകളൊന്നും ഒരാള്‍ക്ക് ഈ രാജ്യത്തെ പൗരത്വത്തിനുള്ള രേഖകളല്ലേ?
അല്ല. ഒരിക്കലും അല്ല. അതുകൊണ്ടൊന്നും പൗരത്വം സ്ഥാപിക്കാനാകില്ല. ആധാര്‍ കൊണ്ട് പ്രത്യേകിച്ചും ഇല്ല. ആധാര്‍ ഒരു പ്രത്യേക ഉദ്ദേശ്യത്തോടെ രൂപംകൊടുത്തതാണ്. ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുക തന്നെ വേണം. അത് തയ്യാറാക്കുന്നതുകൊണ്ട് ആര്‍ക്ക് എന്ത് അപകടം സംഭവിക്കാനാണ്? എന്തിനാണ് ഭയക്കുന്നത്? ഈ രാജ്യത്തെ പൗരന്മാര്‍ക്ക് ഒരു ദോഷവും വരില്ല. രാജ്യത്തെ പൗരനായിട്ടുള്ള ഒരു മുസല്‍മാനും എന്‍ആര്‍സികൊണ്ട് ഒരു അപകടവും വരില്ല എന്ന് സര്‍ക്കാരിനു വേണ്ടി ഞാന്‍ ഉറപ്പ് നല്‍കുന്നു. ഒരിക്കലും ഉണ്ടാകില്ല. ഉണ്ടാകാന്‍ പോകുന്നുമില്ല. എന്‍ആര്‍സിയ്ക്ക് മുകളില്‍ കോടതി ഉണ്ട്. പരാതികള്‍ വന്നാല്‍ കോടതിയില്‍ പോകാം. കോടതി വാദം കേള്‍ക്കും. തീരുമാനം എടുക്കും. ഈ പ്രക്രിയ ആരംഭിച്ചിട്ടുപോലും ഇല്ല. അപ്പോഴേയ്ക്കും നിങ്ങള്‍ ഇത്രയധികം ബഹളം വയ്ക്കുന്നത് എന്തിനാണ്? അതും പൗരത്വ ഭേദഗതി നിയമവും തമ്മില്‍ എന്തു ബന്ധമാണുള്ളത്? ഒരു ബന്ധവുമില്ല.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ടൈംസ് നൗവിനു നല്‍കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍. 2
ഒറ്റപ്പെട്ടുപോയവര്‍ക്കൊപ്പം
കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും രാഷ്ട്രപതിയോട് പറയുന്നത് പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണം എന്നാണ്. ഇത് പിന്‍വലിക്കുമോ?
ഒരിക്കലും ഇല്ല. നിയമം പിന്‍വലിക്കാനുള്ള ഒരു സാധ്യതയുമില്ല
സ്വന്തം മതവിശ്വാസങ്ങള്‍ സംരക്ഷിക്കുന്നതിന് ഈ രാജ്യത്ത് ശരണാര്‍ത്ഥികളായി എത്തിച്ചേര്‍ന്ന കോടിക്കണക്കിന് ആളുകളെ സംരക്ഷിക്കേണ്ടത് നെഹ്രു-ലിയാഖത്ത് ഉടമ്പടി അനുസരിച്ച് രാജ്യത്തിന്റെ ഉത്തരവാദിത്വമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കോണ്‍ഗ്രസിന്റെ അന്നത്തെ നേതാക്കള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ഈ രാജ്യത്തെ വിഭജിക്കാന്‍ കൂട്ടുനിന്നില്ലായിരുന്നു എങ്കില്‍ ഈ ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ല. നിങ്ങള്‍ രാജ്യത്തിന്റെ വിഭജനം മതത്തിന്റെ അടിസ്ഥാനത്തില്‍ നടത്തി. അപ്പോള്‍ അവിടത്തെ ന്യൂനപക്ഷങ്ങള്‍ക്ക് ആ രാജ്യത്ത് സംരക്ഷണം കിട്ടുന്നില്ല എങ്കില്‍ അവര്‍ എവിടെ പോകും? ഇനി ഇതാണ് തര്‍ക്കമെങ്കില്‍ നിങ്ങള്‍ പറയൂ, ഉഗാണ്ടയില്‍ നിന്ന് ധാരാളം ഹിന്ദുക്കള്‍ ഇവിടെ വന്നല്ലൊ. അപ്പോള്‍ എന്തുകൊണ്ട് അവര്‍ക്ക് പൗരത്വം നല്‍കി? ഇന്ദിര ഗാന്ധി തന്നെ 1971-ല്‍ എന്തുകൊണ്ട് കുറെപ്പേര്‍ക്ക് പൗരത്വം നല്‍കി? ദണ്ഡകാരണ്യ പദ്ധതി എന്തായിരുന്നു? എന്തുകൊണ്ട് പൗരത്വം നല്‍കി? ശ്രീലങ്കയില്‍ നിന്നു വന്ന ആറുലക്ഷം കുടുംബങ്ങള്‍ക്ക് പൗരത്വം നല്‍കിയത് എന്തിനാണ്? ഇതേ അടിസ്ഥാനത്തിലാണ് നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ ബിജെപി
അതേ കാര്യം നടപ്പിലാക്കുമ്പോള്‍ അതിനു മറ്റൊരു നിറം നല്‍കുന്നത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. ഇത് രാഷ്ട്രീയ ആരോപണം നടത്തേണ്ട വിഷയമല്ല. ഇത് പൂര്‍ണമായും രാജ്യത്തിന്റെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്നതിനായുള്ള വിഷയമാണ്.
ഇതില്‍ ഒന്നു രണ്ട് ചോദ്യങ്ങള്‍ കൂടി ഉയര്‍ന്നു വരുന്നുണ്ട്. താങ്കള്‍ ഇതെല്ലാം പാര്‍ലമെന്റില്‍ വ്യക്തമാക്കി. എന്നിട്ടും ഇപ്പോള്‍ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരുന്നു. ഇപ്പോള്‍ സര്‍വ്വകലാശാലകളില്‍...
താങ്കള്‍ ഇനിയും ഇതിനെ പര്‍വ്വതീകരിച്ചു കാണിക്കാതിരിക്കുക. സര്‍വ്വകലാശാലകളില്‍ നടക്കുന്നതെന്താണെന്ന് എനിക്കും അറിയാം താങ്കള്‍ക്കും അറിയാം. നാലായിരത്തില്‍ അധികം സര്‍വ്വകലാശാലകളുണ്ട്. അതില്‍ ഇരുപത്തിരണ്ട് സര്‍വ്വകലാശാലകള്‍. അതില്‍ത്തന്നെ അഞ്ച് സര്‍വ്വകലാശാലകളിലാണ് യഥാര്‍ത്ഥത്തില്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്നത്. ജാമിയ മിലിയ, ജെഎന്‍യു എന്നിവിടങ്ങളിലെ ചില കുട്ടികള്‍, ലഖ്‌നൗ, അലിഗഡ് മുസ്ലിം സര്‍വ്വകലാശാലകളില്‍. മറ്റുള്ള സര്‍വ്വകലാശാലകളില്‍ ഒരു തെറ്റിദ്ധാരണയാണ് പരക്കുന്നത്, കുട്ടികളുടെ നേരേ അക്രമം ഉണ്ടായി എന്ന്. വിദ്യാര്‍ത്ഥികള്‍ക്ക് നേരേയല്ല, അക്രമം നടത്തുന്നവരുടെ നേരേയാണ് നടപടിയുണ്ടായത്. അതുണ്ടാവുക തന്നെ ചെയ്യും. അല്ലാതെ എങ്ങനെയാണ് ക്രമസമാധാനപാലനം നടത്തുന്നത്?
താങ്കള്‍ പറയുന്നത് ജാമിയ മിലിയയില്‍ ഉണ്ടായ പോലീസ് നടപടി അനിവാര്യമാണെന്നു തന്നെ ആണോ? പോലീസ് കോളേജ് ക്യാമ്പസില്‍ കടന്നത്, ലൈബ്രറിയില്‍ കടന്നത്...
ഞാന്‍ ഇപ്പോഴും പറയുന്നത് ആരാണോ ക്രമസമാധാനത്തിനു ഭംഗം വരുത്തുന്നത്, പൊതുമുതല്‍ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിക്കുന്നത് അവര്‍ക്കെതിരേ പോലീസിനു നടപടി സ്വീകരിക്കേണ്ടതായിത്തന്നെ വരും.
അനുവാദമില്ലാതെ സര്‍വ്വകലാശാലകളുടെ ഉള്ളില്‍ കടന്നും?
കല്ല് എവിടെ നിന്നാണ് വന്നത്? വിദ്യാര്‍ത്ഥികള്‍ അല്ലാത്ത കുറെയധികം ആളുകള്‍ സര്‍വ്വകലാശാലകള്‍ക്കുള്ളില്‍ ഉണ്ടായിരുന്നു എന്നതും ഇപ്പോള്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ പലരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. വീഡിയോ ഉണ്ട്.
വീഡിയോയില്‍ നിന്ന് പോലീസ് നടത്തിയത് അതിക്രൂരമായ ലാത്തിച്ചാര്‍ജ്ജ് ആണെന്നതും മനസ്സിലാകുന്നുണ്ട്.
എത്ര ബസുകള്‍ക്കാണ് തീവച്ചത്? താങ്കള്‍ അതിനെ പിന്തുണയ്ക്കുന്നുണ്ടോ? ഈ വിദ്യാര്‍ത്ഥികള്‍ ബസ് കത്തിച്ചത് ശരിയാണോ?
നവിക കുമാര്‍: അക്രമങ്ങളെ ആരും പിന്തുണയ്ക്കുന്നില്ല.
പിന്നെ അക്രമം എങ്ങനെ ഇല്ലാതാവുമെന്നാണ്. ഉപദേശം കൊണ്ട് ഇല്ലാതാവുമോ? നിങ്ങളുടെ പരിപാടികള്‍ കണ്ട് ഇല്ലാതാവുമോ? അക്രമങ്ങള്‍ക്ക് വലിയ പ്രചാരണം ആണല്ലോ നല്‍കുന്നത്. ടൈംസ് നൗ മുഴുവന്‍ അക്രമത്തിന്റെ ദൃശ്യങ്ങളാണ്. അക്രമം എങ്ങനെ അവസാനിപ്പിക്കും എന്നതിന് എനിക്ക് ഒരു മാര്‍ഗം പറഞ്ഞുതരൂ. അക്രമം അവസാനിപ്പിക്കുകയും വേണം. കടുത്ത നടപടികള്‍ ഉണ്ടാകാനും പാടില്ല. നിങ്ങള്‍ക്ക് അക്രമങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുകയും വേണം. എല്ലാംകൂടി എങ്ങനെ നടക്കാനാണ്. പറയൂ.
താങ്കള്‍ ആഭ്യന്തര മന്ത്രിയാണ്. ക്രമസമാധാനം താങ്കളുടെ ചുമതലയാണ്. സമ്മതിക്കുന്നു. അതേസമയംതന്നെ താങ്കള്‍ ഒരു ഭാരത പൗരനുമാണ്. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുള്ള ഒരു വിഭാഗത്തെയാണ് താങ്കള്‍ പ്രതിനിധാനം ചെയ്യുന്നതും. ഒരു മിനിറ്റ് താങ്കളുടെ രാഷ്ട്രീയം മാറ്റിവച്ച് എന്റെ ഒരു ചോദ്യത്തിന് ഉത്തരം പറയണം എന്ന് ആവശ്യപ്പെടുന്നു. നമ്മുടെ സാമൂഹ്യ രാഷ്ട്രീയ സ്ഥിതി മെച്ചപ്പെടുത്തുന്നതിനു സ്വീകരിക്കുന്ന നടപടികള്‍ രാജ്യത്താകമാനം അസ്വസ്ഥത പടര്‍ത്തുന്നു എങ്കില്‍ അത്തരം നടപടികള്‍ സ്വീകരിക്കുന്നത് ശരിയാണോ?
താങ്കള്‍ കൃത്യമായ ചോദ്യങ്ങള്‍ ചോദിച്ചാല്‍ ഞാന്‍ കൃത്യമായ ഉത്തരം നല്‍കാം.
നവിക കുമാര്‍: ഞാന്‍ കൃത്യമായി ചോദിക്കാം. ആര്‍ട്ടിക്കിള്‍ 370. അതിനെക്കുറിച്ച്?
ആര്‍ട്ടിക്കിള്‍ 370 കൊണ്ടുവന്നപ്പോള്‍തന്നെ അത് താല്‍ക്കാലികമായതാണെന്ന് എല്ലാവരും പറഞ്ഞിരുന്നു. അതൊരിക്കലും എടുത്തുകളയാന്‍ പാടില്ലാത്തതാണ് എങ്കില്‍ അത് താല്‍ക്കാലികമാണെന്ന് എന്തുകൊണ്ട് പറഞ്ഞു?
അത് നമ്മള്‍ മുന്‍പും ചര്‍ച്ച ചെയ്തതാണ്. താങ്കളുടെ വാദങ്ങള്‍ ശരിയായിരിക്കും എന്ന് ഞാനും കരുതുന്നു. എന്റെ ചോദ്യം ഇത്രയധികം കാര്യങ്ങള്‍ ഒന്നിനു പുറകെ ഒന്നായി കൊണ്ടുവന്നാല്‍ അത് ഉള്‍ക്കൊള്ളാനുള്ള സമയം സമൂഹത്തിനു കിട്ടേണ്ടതല്ലെ?
ഇതിനെല്ലാം എന്തു സാമ്യമാണുള്ളത്. ആര്‍ട്ടിക്കിള്‍ 370 കശ്മീരിനു വേണ്ടിയുള്ളതാണ്. ഇപ്പോള്‍ അവിടെ കുഴപ്പങ്ങള്‍ ഒന്നും ഇല്ല. സമാധാനമുണ്ട്. ജനങ്ങള്‍ സ്വതന്ത്രമായി ജീവിക്കുന്നുണ്ട്. കര്‍ഫ്യു പിന്‍വലിച്ചിട്ടുണ്ട്. ഒരു കുഴപ്പവും ഇല്ല. എന്താണ് പ്രശ്‌നം?
അങ്ങനെ എങ്കില്‍ ആസാമില്‍ എന്താണ് പ്രശ്‌നങ്ങള്‍?
ആസാമില്‍ ഒരു വലിയ പ്രക്ഷോഭം നടന്നു, അതിന്റെ കാരണം വിദേശികളായ അഭയാര്‍ത്ഥികളെ നിലനിറുത്തണോ വേണ്ടയോ എന്നതാണ്. ഒന്ന് എന്‍ആര്‍സി കൊണ്ടുവരുക എന്നത്. രണ്ടാമത്തേത് ആസാമിന്റെ അസ്തിത്വത്തിന്റെ സംരക്ഷണത്തിനായി ക്ലോസ് ആറ് അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുക. കോണ്‍ഗ്രസ് 1985 മുതല്‍ ക്ലോസ് ആറ് ഓര്‍ത്തതു പോ
ലുമില്ല. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ക്ലോസ് ആറ് അനുസരിച്ചുള്ള കമ്മറ്റി ഉണ്ടാക്കി, 2019-ല്‍ ഞങ്ങള്‍ കമ്മറ്റി പുനഃസംഘടിപ്പിച്ചു. ഇന്ന് ആസാമിലെ പൂ
ര്‍വ്വവാസികളുടെ അസ്തിത്വത്തിന്, സംസ്‌കാരത്തിന്, അവിടത്തെ ജനങ്ങള്‍ക്ക് ജോലിയില്‍ ലഭിക്കേണ്ട സംവരണത്തിന് ഒക്കെ ക്ലോസ് ആറ് അനുസരിച്ചുള്ള കമ്മറ്റി നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഞങ്ങള്‍ അതിനു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ രണ്ട് ദിവസം വലിയ പ്രക്ഷോഭങ്ങള്‍ നടന്നു. ഇത് അന്തിമ പട്ടികയാണെന്ന തെറ്റിദ്ധാരണയുടെ പേരിലായിരുന്നു അത്. 2014 ഡിസംബര്‍ 31 വരെ ശരണാര്‍ത്ഥികളായി വന്നവര്‍ക്ക് പൗരത്വം നല്‍കേണ്ടതുണ്ട്. ഈ കാര്യത്തില്‍ വ്യക്തത വന്നതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പതുക്കെ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. മൂന്നു ദിവസമായി അവിടെ അക്രമ സംഭവങ്ങള്‍ ഒന്നും തന്നെയില്ല.
നാലു പേര്‍ അവിടെ കൊല്ലപ്പെട്ടു?
അതെ, അതു ശരിയാണ്. കോണ്‍ഗ്രസിന്റെ കാലത്ത് ഇതുപോലെ കലാപം ഉണ്ടായപ്പോള്‍ 885 പേര്‍ കൊല്ലപ്പെട്ടു.
ഈ കലാപത്തിന്റെ ആവശ്യം മുഴുവന്‍ ശരണാര്‍ത്ഥികളും പുറത്താക്കപ്പെടുമെന്നതായിരുന്നു. ഹിന്ദുക്കളിലും മുസ്ലിങ്ങളിലും അവര്‍ ഒരു വ്യത്യാസവും കണ്ടില്ല.
ഹിന്ദുക്കളിലും മുസ്ലിങ്ങളിലും ഞങ്ങളും ഒരു വ്യത്യാസവും കാണുന്നില്ല. ഈ രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ നെഹ്രു-ലിയാഖത്ത് ഉടമ്പടിയില്‍ വിശ്വസിച്ച് അവിടെ താമസിച്ചവരെ എന്തുചെയ്യണം? നാളെ ലോകത്തെ ഏതെങ്കിലും രാജ്യം അവിടത്തെ ഹിന്ദുക്കളെ പുറത്താക്കിയാല്‍ അവര്‍ എവിടെ പോകും? കോണ്‍ഗ്രസ് ഉഗാണ്ടയില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്ക് എന്തുകൊണ്ടാണ് ഇന്ത്യയില്‍ അഭയം നല്‍കിയത്?
ഹിന്ദുക്കളെക്കുറിച്ച് മാത്രം ചിന്തിക്കുക, അവരുടെ സുരക്ഷയെക്കുറിച്ച് മാത്രം ആശങ്കപ്പെടുക...
ആദ്യം ഒന്ന് മനസ്സിലാക്കൂ. ഈ മൂന്ന് രാജ്യങ്ങളിലെയും ഹിന്ദുക്കളെക്കുറിച്ച് പറയുന്നത് ആ രാജ്യങ്ങള്‍ മുസ്ലിം രാജ്യങ്ങള്‍ ആയതുകൊണ്ടാണ്. ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളെക്കുറിച്ച് പറയുന്നതും ഇത് മൂന്നും ഇസ്ലാമിക രാജ്യങ്ങള്‍ ആയതുകൊണ്ടാണ്. ഇസ്ലാമിക രാജ്യങ്ങളില്‍ ഇസ്ലാം വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് എങ്ങനെയാണ് മതാനുഷ്ഠാനങ്ങള്‍ തുടരാന്‍ സാധിക്കാതെ വരുന്നതെന്ന് നിങ്ങള്‍ പറയൂ.
അതിന്റെ പേരില്‍ നമ്മുടെ രാജ്യത്ത് ഇങ്ങനെ ഒരു പ്രശ്‌നം നടക്കുന്നത്...
ഇവര്‍ നമ്മുടെ നാട്ടുകാര്‍ തന്നെയാണ്. താങ്കള്‍ ഇത്രയും പറഞ്ഞതുകൊണ്ട് ഞാന്‍ ചിലതു പറയാം.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞു 'രാഷ്ട്രീയ അതിര്‍ത്തികള്‍ കാരണം നമ്മളില്‍ നിന്നും അകലെയായ സഹോദരീ സഹോദരന്മാരെ നമ്മള്‍ കാണുന്നുണ്ട്. ഈ സമയത്ത് ഈ സ്വാതന്ത്ര്യ ആഘോഷങ്ങളില്‍ അവര്‍ക്ക് പങ്കെടുക്കാന്‍ പറ്റാത്തതില്‍ വിഷമവും ഉണ്ട്. എന്തുതന്നെ സംഭവിച്ചാലും അവര്‍ നമ്മുടേതാണ്. എപ്പോഴും നമ്മുടേതായിരിക്കും. അവരുടെ സുഖദുഃഖങ്ങളെക്കുറിച്ച് നമുക്ക് ആശങ്ക ഉണ്ടായിരിക്കും' എന്നാണ്.
ഡോ. രാജേന്ദ്ര പ്രസാദ് തന്റെ പ്രസംഗത്തില്‍ പറഞ്ഞത്, 'ഒറ്റപ്പെട്ടുപോയ ആ വ്യക്തികളെ പു
നരധിവസിപ്പിക്കുന്നതില്‍ നമ്മള്‍ ആശങ്കയുള്ളവരായിരിക്കും. അവര്‍ക്കുണ്ടാകുന്ന പ്രയാസങ്ങളെയും ബുദ്ധിമുട്ടുകളെയും കുറിച്ച് രാജ്യം ആലോചിക്കേണ്ടതുണ്ട്' എന്നാണ്.
സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ പറഞ്ഞു, 'സ്വാതന്ത്ര്യ സമരത്തില്‍ നമ്മള്‍ക്കൊപ്പം നിന്ന നമ്മുടെ ബന്ധുക്കളും സുഹൃത്തുക്കളും പെട്ടെന്നുണ്ടായ ഈ അതിര്‍ത്തികള്‍ മൂലം വിദേശികളാകുന്ന പ്രശ്‌നമില്ല. അവരെ നമ്മള്‍ സ്വീകരിക്കേണ്ടതാണ്'.
ഇനി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ പ്രസ്താവന ശ്രദ്ധിച്ചു കേള്‍ക്കണം. 'കോണ്‍ഗ്രസ് സ്വന്തം ജീവന്‍ സംരക്ഷിക്കുന്നതിന് അതിര്‍ത്തികടന്ന് വന്നതും വരാനിരിക്കുന്നവരുമായ പാക്കിസ്ഥാനിലെ മുഴുവന്‍ അമുസ്ലിങ്ങള്‍ക്കും പൂര്‍ണ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ ബാധ്യസ്ഥമാണ്'. അമുസ്ലിം ഇത് കോണ്‍ഗ്രസിന്റെ പ്രസ്താവനയാണ്. ഈ പ്രസ്താവന 1947 നവംബര്‍ 25ലേതാണ്.
മഹാത്മാഗാന്ധി 1947 ഡിസംബര്‍ 25 ന് പറഞ്ഞു, 'പാക്കിസ്ഥാനില്‍ താമസിക്കുന്ന ഹിന്ദുക്കളും സിഖുകാരും (ഞാന്‍ ഈ വാക്കുകള്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു) പാക്കിസ്ഥാനില്‍ വസിക്കുന്ന ഹിന്ദുക്കളും സിഖുകാരും അവിടെ താമസം തുടരാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, അവിടെ താമസിക്കാനുള്ള സാഹചര്യം നല്ലതല്ലെങ്കില്‍ അവര്‍ക്ക് നിസ്സംശയം ഭാരതത്തിലേയ്ക്ക് വരാവുന്നതാണ്. ഭാരതം അവരെ സ്വീകരിക്കേണ്ടതാണ്'.
ഇവരൊന്നും മതനിരപേക്ഷവാദികള്‍ അല്ലായിരുന്നോ? കോണ്‍ഗ്രസ്, ജവഹര്‍ലാല്‍ നെഹ്‌റുവിനെയും മഹാത്മാഗാന്ധിയെയും സര്‍ദാര്‍ പട്ടേലിനെയും രാജേന്ദ്ര പ്രസാദിനെയും പാ
ര്‍ട്ടിയുടെ തന്നെ പ്രസ്താവനയും ഒക്കെ മറന്നു പോയോ? ഇവരൊന്നും മതനിരപേക്ഷര്‍ അല്ലായിരുന്നോ? മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചത് തെറ്റാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അത്തരത്തില്‍ രാജ്യത്തിന്റെ വിഭജനം നടക്കാന്‍ പാടില്ലായിരുന്നു. അങ്ങനെ നടന്നില്ലായിരുന്നു എങ്കില്‍ ഈ സ്ഥിതി വരില്ലായിരുന്നു.
കടപ്പാട് ജന്മഭൂമി, മണികണ്‌ഠന്‍ ഒ.വി



Comments
Post a Comment