മതവര്‍ഗ്ഗീയതയെ ഇളക്കി വിടുന്ന കോണ്‍ഗ്രസ്സ്‌ - മാര്‍ക്‌സിസ്‌റ്റ്‌ സംഖ്യം മറുപടി പറയുമോ

പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ജനതയെ ബാധിക്കുമോ?
ഉ: ഇല്ല, ഇന്ത്യാക്കാരെ ഒരുതരത്തിലും ഈ നിയമ ഭേദഗതി ബാധിക്കില്ല.
2 ഏതെല്ലാം രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ക്കാണ് പൗരത്വം നല്‍കുന്നത്?
ഉ: പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍
3 രാഷ്ട്രീയ, വംശീയ, ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായവര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാമോ ?
ഉ: ഈ നിയമ ഭേദഗതിയുടെ ഉദ്ദേശ്യം വളരെ വ്യക്തമാണ്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ മതപരമായ പീഡനത്തിന് വിധേയരായിട്ടുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ഈ നിയമം.
4. എന്തുകൊണ്ടാണ് ഈ മൂന്ന് രാജ്യങ്ങള്‍ മാത്രം ബില്ലിന്റെ പരിധിയില്‍ വരുന്നത്? മത ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള വേട്ടയാടല്‍ മാത്രം എന്തുകൊണ്ട് പരിഗണിക്കുന്നു?
ഉ: പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ മത ന്യൂനപക്ഷങ്ങളായ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യന്‍ വിഭാഗക്കാര്‍ക്കുനേരെയുണ്ടായിട്ടുള്ള വ്യാപകവും ആസൂത്രിതവുമായ മതപീഡനങ്ങളെക്കുറിച്ചുള്ള കൃത്യമായ കണക്കുകള്‍ ഉണ്ട്. പ്രത്യേകിച്ചും പാക്കിസ്ഥാനില്‍ നിന്നും. ഇതിന്റെ അടിസ്ഥാനത്തിലാണ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത്.
5 ആര്‍ക്കൊക്കെ ഇതുപ്രകാരം ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാം.
ഉ: മതന്യൂനപക്ഷങ്ങള്‍ ഏറ്റവും കൂടുതല്‍ വിവേചനത്തിന് വിധേയമാകുന്ന പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, പാഴ്‌സി, ബുദ്ധ, ജൈന, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് അപേക്ഷിക്കാം. ഇത്തരത്തില്‍ 2014 ഡിസംബര്‍ ഒന്നിന് മുമ്പ് ഇന്ത്യയിലെത്തിയ കുടിയേറ്റക്കാര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത
6 ഈ നിയമ ഭേദഗതികൊണ്ട് മേല്‍പ്പറഞ്ഞ വിഭാഗങ്ങള്‍ക്ക് എന്ത് ആനുകൂല്യമാണ് ലഭിക്കുന്നത്?
ഉ: 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസക്കാരായിരുന്നവര്‍ക്കാണ് നേരത്തെ പൗരത്വം അനുവദിച്ചിരുന്നത്. എന്നാല്‍ നിലവിലെ ഭേദഗതി പ്രകാരം അത് അഞ്ച് വര്‍ഷമായി ചുരുക്കി. ഇപ്രകാരം ഇന്ത്യയില്‍ അഞ്ചുവര്‍ഷമായി സ്ഥിരതാമസക്കാരായ മതന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാം.
7 എന്തുകൊണ്ടാണ് പാക്കിസ്ഥാനിലെ അഹമ്മദീയ, ബലൂചിസ് വിഭാഗങ്ങള്‍, മ്യാന്‍മാറിലെ റോഹിന്‍ഗ്യന്‍ വിഭാഗം എന്നിവരെ പൗരത്വ ഭേദഗതി നിയമത്തില്‍ പരിഗണിക്കാത്തത്?
ഉ: പ്രത്യേക വിഭാഗം എന്ന പരിഗണന ഇവര്‍ക്കുണ്ടാവില്ല. നിലവില്‍ പൗരത്വം നല്‍കുന്നചടങ്ങില്‍ ഉള്‍പ്പെടുത്തിപരിഗണിക്കും.
8 മറ്റ് രാജ്യങ്ങളില്‍ മതപീഡനത്തിന് ഇരയാകുന്ന ഹിന്ദുക്കള്‍ക്ക് ഈ ഭേദഗതി നിയമപ്രകാരം പൗരത്വത്തിന് അര്‍ഹതയുണ്ടോ?
ഉ: ഇല്ല
9 : ശ്രീലങ്കന്‍ തമിഴര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാമോ?
ഉ. പത്ത് വര്‍ഷം മുന്നേ തന്നെ ശ്രീലങ്കയില്‍ എല്‍ടിടിഇയുമായുള്ള യുദ്ധം അവസാനിച്ചതാണ്. അവിടെ മതപീഡനം നടക്കുന്നില്ല. വംശീയ അധിക്ഷേപങ്ങളാണ് അധികവും. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ആഭ്യന്തര കലാപവും തമിഴ് ജനതയോടുള്ള വിവേചനവും അവസാനിപ്പിക്കാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചിട്ടുണ്ട്.
10 പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുമോ?
ഉ: ഇല്ല. ഈ നിയമഭേദഗതി പ്രകാരം ലഭിക്കില്ല. എന്നിരുന്നാല്‍ തന്നെയും സ്വാഭാവികമായ രീതിയില്‍, അതായത് 11 വര്‍ഷം ഇന്ത്യയില്‍ സ്ഥിരമായി താമസിച്ചുകൊണ്ട് പൗരത്വം നേടാം.
11 ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയിട്ടുള്ള മുസ്ലിങ്ങള്‍ ഈ നിയമ ഭേദഗതി പ്രകാരം സ്വയമേവ നാടുകടത്തപ്പെടുമോ?
ഉ: ഇല്ല. സ്വാഭാവിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിയമമനുസരിച്ച് അവരുടെ സാധുത പരിശോധിക്കും. വിദേശീയര്‍ക്കുള്ള പൗരത്വ നിയമ പ്രകാരം ഇവര്‍ക്കും പൗരത്വത്തിന് അപേക്ഷിക്കാം.
12 അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഐക്യരാഷ്ട്ര സഭയുടെ നിബന്ധനകള്‍ ഇന്ത്യ പാലിക്കുമോ?
ഉ: തീര്‍ച്ചയായും. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ നിന്നും ഇന്ത്യ ഒരിക്കലും പിന്നോട്ട് പോവില്ല. എന്നാല്‍ പൗരത്വം നല്‍കാന്‍ ഇന്ത്യക്ക് ബാധ്യതയില്ല. എല്ലാ രാജ്യങ്ങളും പൗരത്വം നല്‍കുന്ന കാര്യത്തില്‍ അവരുടേതായ നിയമങ്ങള്‍ ഉണ്ട്. ഐക്യരാഷ്ട്ര സഭയുടെ ചട്ടങ്ങള്‍ പ്രകാരം ഇന്ത്യ അഭയാര്‍ത്ഥികള്‍ക്ക് ആതിഥ്യം അരുളും. ആ രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുമ്പോള്‍ അവിടേക്ക് മടങ്ങിപ്പോകും എന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തിലാണ് സംരക്ഷണം. എന്നാല്‍ ഭേദഗതി ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മൂന്ന് രാജ്യങ്ങളിലേയും മതന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ആ രാജ്യങ്ങളിലെ സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയില്ല
യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ പൗരത്വ ഭേദഗതി ബില്ലിനെതിരെ തെരുവിലിറങ്ങി യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കുന്നവര്‍ ഈ ബില്ലിന്റെ ഉദ്ദേശ്യം എന്തെന്ന് തിരിച്ചറിയാനുള്ള ശ്രമം എങ്കിലും നടത്തണം. ദേശവിരുദ്ധ ശക്തികളുടെ കള്ള പ്രചാരണങ്ങളില്‍ അകപ്പെട്ട് അവരുടെ കൈയിലെ പാവയായി മാറുന്ന സ്ഥിതിയാണ് ഏറ്റവും അപകടകരം. അതിനാണ് മാറ്റം വരേണ്ടത്.



മതവര്‍ഗ്ഗീയതയെ ഇളക്കി വിടുന്ന 
കോണ്‍ഗ്രസ്സ്‌ - മാര്‍ക്‌സിസ്‌റ്റ്‌ സംഖ്യം മറുപടി പറയുമോ
==========================================
പൗരത്വ ഭേദഗതി ബില്‍ മൂലം നിലവില്‍ ഇന്ത്യന്‍ പൗരത്വമുള്ള മുസ്‌ളീം മത വിഭാഗത്തില്‍ പെട്ട ഏതെങ്കിലും ഒരാളുടേയോ അല്ലങ്കില്‍ ഭാവിയില്‍ അവരുടെ അനന്തര പരമ്പരകളില്‍ ആരുടേയെങ്കിലുമോ എന്തെങ്കിലും അവകാശങ്ങള്‍ നിക്ഷേധിക്കപ്പെടുകയോ ഇല്ലാതാക്കപ്പെടുകയോ ചെയ്യുന്നുണ്ടോ .......?
മറ്റു രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക്‌ അഭയാര്‍ത്ഥികളായി കടന്നു വന്നിട്ടുള്ള മുസ്‌ളീം മത വിഭാഗത്തില്‍ പെട്ട ആളുകള്‍ക്ക്‌ ഈ ബില്‍ നിയമമാക്കപ്പെടുന്നതിന്‌ മുമ്പ്‌ പൗരത്വം ലഭിക്കുന്നതിന്‌ നിലവിലുണ്ടായിരുന്ന ഏതെങ്കിലും അവകാശമോ അവസരമോ ഈ ബില്‍ മൂലം നിക്ഷേധിക്കപ്പെട്ടിട്ടുണ്ടോ............?
ഭാവിയില്‍ മറ്റു രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക്‌ അഭയാര്‍ത്ഥികളായി കടന്നു വരാവുന്ന മുസ്‌ളീം മത വിഭാഗത്തില്‍ പെട്ട ആളുകള്‍ക്ക്‌ പൗരത്വം നിക്ഷേധിക്കുവാനോ ലഭിക്കാതിരിക്കുവാനോ ഈ ബില്‍ കാരണമാകുന്നുണ്ടോ........?
ഈ മൂന്നു ചോദ്യങ്ങളുടേയും ഉത്തരം ഇല്ല എന്നതാണങ്കില്‍ ഇപ്പോള്‍ മതവിവേചനം എന്ന പേരില്‍ നടക്കുന്ന ഈ പ്രതിക്ഷേധങ്ങളുടെ അര്‍ത്ഥമെന്താണ്‌
നാട്ടില്‍ വര്‍ഗ്ഗീയ ചേരിതിരിവു
സൃഷ്ടിക്കുന്ന ഇടതു വലതു സംഖ്യം നാടിനാപത്ത്






ഇന്ന്‌ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണല്ലോ പൗരത്വ ഭേദഗതി ബില്‍. ഇതിനെ മാനുഷിക പരിഗണനയോടെ സമീപിക്കുന്നതിനു പകരം വര്‍ഗ്ഗീയതയുടേയും ചേരിതിരിവിന്റേയും നിറം നല്‍കി യഥാര്‍ത്ഥ വസ്‌തുതകളെ വഴി തിരിച്ചുവിടുവാനുള്ള ശ്രമമാണ്‌ കോണ്‍ഗ്രസ്സ്‌ അടക്കമുള്ള ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ചെയ്‌തു കൊണ്ടിരിക്കുന്നത്‌. ദേശീയപ്രശ്‌നമായ പൗരത്വവിഷയം ന്യൂനപക്ഷ വിരുദ്ധ നടപടിയായി ചിത്രീകരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സ്‌ അടക്കമുള്ള പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിലകൊള്ളുകയാണ്‌.
ആറുപതിറ്റാണ്ട്‌ പഴക്കമുള്ള പൗരത്വ നിയമമാണ്‌ ഭേദഗതി ചെയ്യുന്നത്‌. ഇത്തരത്തില്‍ ഒരു ഭേദഗതി കൊണ്ടു വരുമ്പോള്‍ ശ്രദ്ധിക്കേണ്ടതും പരിഗണിക്കേണ്ടതുമായ വിവിധ വിഷയങ്ങളെ പരിഗണിച്ചും ഇളവുകള്‍ ആവശ്യമായ സംഗതികളില്‍ ഇളവുകളും അനുവദിച്ചുകൊണ്ടു തന്നെയാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഈ ബില്ലിനു രൂപം നല്‍കിയിട്ടുള്ളത്‌. ഇത്‌ പെട്ടെന്ന്‌ ധൃതി പിടിച്ച എടുത്ത ഒരു തീരുമാനവും അല്ല. 2014 ലേയും 2019 ലേയും പൊതു തെരെഞ്ഞെടുപ്പില്‍ ബി ജെ പി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സംഖ്യത്തിന്റെ മുഖ്യ തെരെഞ്ഞെടുപ്പ്‌ വാഗ്‌ദാനങ്ങളില്‍ ഒന്നുമായിരുന്നു ഇത്‌. തെരെഞ്ഞെടുപ്പ്‌ സമയത്ത്‌ നല്‍കിയ വാഗ്‌ദാനങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി തന്നെയാണ്‌ പൗരത്വ ഭേദഗതി ബില്‍ ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്‌.
2014 ഡിസംബര്‍ 31ന്‌ മുമ്പായി അയല്‍രാജ്യങ്ങളായ പാക്കിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ്‌ എന്നിവിടങ്ങളില്‍ നിന്നായി വംശഹത്യ ഭയന്ന്‌ രക്ഷപ്പെട്ട്‌ ഇന്ത്യയില്‍ അഭയം പ്രാപിച്ച അവിടങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദു, സിഖ്‌, ജയിന്‍, ബൗദ്ധ, പാഴ്‌സി, ക്രിസ്‌ത്യന്‍ മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക്‌ പൗരത്വം നല്‍കി സംരക്ഷിക്കുന്നതിനാണ്‌ പൗരത്വ ഭേദഗതി ബില്‍ കൊണ്ടു വന്നിട്ടുള്ളത്‌. ഇത്തരത്തിലുള്ളവരെ അനധികൃത നുഴഞ്ഞു കയറ്റക്കാരായി കണക്കാക്കാതെ പൗരത്വം നല്‍കുകയാണ്‌ പുതിയ ബില്ലിന്റെ ലക്ഷ്യം.മാതൃരാജ്യമായ ഭാരതത്തിന്‌ ഇവരെ സ്വീകരിക്കാതിരിക്കാനാവില്ലെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ തന്നെ വ്യക്തമാക്കിയിരുതാണ്‌. കഴിഞ്ഞ ലോക്‌സഭയുടെ കാലത്ത്‌ ബില്‍ പാസാക്കിയിരുന്നെങ്കിലും രാജ്യസഭ യില്‍ പാസ്സാകത്തതിനെ തുടര്‍ന്ന്‌ റദ്ദാവുകയായിരുന്നു.
ഹിന്ദു, സിഖ്‌, ബുദ്ധ, പാഴ്‌സി, ക്രിസ്‌ത്യന്‍ വിഭാഗങ്ങള്‍ രാജ്യത്തിന്റെ പലഭാഗത്തും അഭയാര്‍ഥികളായി കഴിയുന്നുണ്ട്‌. അവര്‍ക്കു പോകാന്‍ വേറെ ഇടമില്ലെന്നതാണ്‌ കാരണം. അതേസമയം ആ രാജ്യങ്ങളിലെ ഭൂരിപക്ഷമായ മുസ്ലിങ്ങള്‍ക്കു ബില്ലില്‍ പൗരത്വത്തിന്റെ പരിരക്ഷയില്ല. എന്നിരുന്നാലും ആരുടേയും അവകാശങ്ങള്‍ ഹനിക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിട്ടുണ്ട്‌. സര്‍ക്കാരിന്റേത്‌ മതവിവേചനമല്ല, മാനുഷിക പരിഗണനയാണ്‌ എന്നര്‍ത്ഥം.
1955 ലെ ഇന്ത്യന്‍ പൗരത്വ നിയമപ്രകാരം ഇന്ത്യന്‍ പൗരത്വത്തിന്‌ അപേക്ഷ നല്‍കാന്‍ പ്രധാനമായും രണ്ട്‌ വ്യവസ്ഥകളാണുള്ളത്‌. അപേക്ഷിക്കുന്ന വ്യക്തി അവസാന പന്ത്രണ്ട്‌ മാസങ്ങളില്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നിരിക്കണം, അവസാന 14 വര്‍ഷങ്ങളില്‍ 11 വര്‍ഷമെങ്കിലും ഇന്ത്യയില്‍ കഴിഞ്ഞിരിക്കണം എന്നിവ. ഇതില്‍ രണ്ടാമത്തെ വ്യവസ്ഥയായ 11 വര്‍ഷം എന്നത്‌ ആറാക്കി കുറയ്‌ക്കുകയാണ്‌ ഭേദഗതി.
പാക്കിസ്ഥാനില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട ഹിന്ദുക്കളുടെ 400 അഭയാര്‍ത്ഥി ക്യാമ്പുകളാണ്‌ രാജസ്ഥാനിലെ ജോധ്‌പൂര്‍, ജയ്‌സാല്‍മീര്‍, ബിക്കാനീര്‍, ജയ്‌പൂര്‍ എന്നിവിടങ്ങളിലുള്ളത്‌. പശ്ചിമബംഗാളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമായി ബംഗ്ലാദേശ്‌ അഭയാര്‍ത്ഥികളും കഴിയുന്നു. പഞ്ചാബ്‌, ദല്‍ഹി, ചണ്ഡീഗഡ്‌ എന്നിവിടങ്ങളിലാണ്‌ സിഖ്‌ അഭയാര്‍ത്ഥി ക്യാമ്പുകളുള്ളത്‌. മിക്ക അഭയാര്‍ത്ഥി ക്യാമ്പുകളിലും യാതനാപൂര്‍ണ്ണമായ ജീവിതമാണ്‌ പൗരത്വമില്ലാത്തതുമൂലം ജനങ്ങള്‍ക്ക്‌ നയിക്കേണ്ടിവരുന്നത്‌. പൗരത്വത്തിനായുള്ള ആയിരക്കണക്കിന്‌ അപേക്ഷ കളാണ്‌ കേന്ദ്രസര്‍ക്കാരിന്റെ മുന്നിലുള്ളത്‌. ബില്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളായ ഹിന്ദു, സിഖ്‌, ബുദ്ധ, പാഴ്‌സി, ജയിന്‍, ക്രിസ്‌ത്യന്‍ എന്നീ മത വിഭാഗക്കാര്‍ക്ക്‌ ഇന്ത്യന്‍ പൗരത്വം ലഭിക്കും.
പൗരന്മാരുടെ കൃത്യമായ കണക്കും തിരിച്ചറിയല്‍ സംവിധാനവും ഏതൊരു രാഷ്ട്രത്തിന്റെയും അടിസ്ഥാന വിഷയമാണ്‌. അതിലേക്കുള്ള ആദ്യ ചുവടാണിത്‌. അഭയാര്‍ഥികളായും കുടിയേറ്റക്കാരായും നുഴഞ്ഞുകയറ്റക്കാരായും രാജ്യത്തേക്കു വരുന്നവരെയും ഇവിടത്തെ പൗരത്വമുള്ളവരേയും തിരിച്ചറിയാന്‍ സംവിധാനമുണ്ടായേ പറ്റൂ ; ലോകമെങ്ങും ഭീകരാക്രമണ ഭീഷണി അസ്വസ്ഥത പടര്‍ത്തുമ്പോള്‍ പ്രത്യേകിച്ചും. പലരൂപത്തിലുള്ള കുടിയേറ്റങ്ങള്‍ക്കും അഭയാര്‍ഥി പ്രവാഹത്തിനും സാക്ഷ്യം വഹിച്ച നാടാണ്‌ ഭാരതം. രോഹിങ്ക്യന്‍ പ്രശ്‌നം നിലനില്‍ക്കുന്നുമുണ്ട്‌. ബംഗ്ലാദേശില്‍നിന്ന്‌ അസമിലേക്കും ബംഗാളിലേക്കും നുഴഞ്ഞുകയറിയവരും കുടിയേറിയവരും കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു.
ഇത്തിരത്തില്‍ ഒരു ബില്ല്‌ അവതരിപ്പിക്കപ്പെടുമ്പോള്‍ ഉയര്‍ന്നു വരാവുന്ന ആശങ്കകള്‍ പരിഹരിച്ചുകൊണ്ടു തന്നെയാണ്‌ ബില്ല്‌ അവതരിപ്പിച്ചിട്ടുള്ളതും അതിന്റെ ഭാഗമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗിരിവര്‍ഗ മേഖലകളില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക്‌ പൗരത്വം നല്‍കുന്നത്‌ സംബന്ധിച്ച്‌ ഉയര്‍ന്ന ആശങ്കകള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്‌. പുതിയ ഭേദഗതി പ്രകാരം ഇന്നര്‍ ലൈന്‍ പെര്‍മിറ്റിലുള്ള മേഖലകളും ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍പ്പെടുത്തി ഭരണം നടത്തുന്ന അസാം, മേഘാലയ, മിസോറാം, ത്രിപുര സംസ്ഥാനങ്ങളിലെ ഗിരിവര്‍ഗ മേഖലകളും പുതിയ നിയമഭേദഗതിയില്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്‌.
ഭാരതത്തില്‍ മതന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണെന്നും ഭയത്തിലാ ണെന്നും പ്രചരിപ്പിക്കുന്നവര്‍ കലാപം ഉണ്ടാക്കുവാനാണ്‌ ശ്രമിക്കുന്നത്‌. മതന്യൂനപക്ഷങ്ങള്‍ക്ക്‌ ഒരു വിധത്തിലുള്ള ഭയവും ഇന്ത്യയില്‍ ഇല്ല. ഇന്ത്യയെ മതത്തിന്റെ പേരില്‍ വെട്ടി മുറിച്ചവരാണ്‌ ഇന്ന്‌ ഇത്തരത്തില്‍ ആരോപണവുമായിരംഗത്ത്‌ വന്നിട്ടുള്ളത്‌ . ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്ക്‌ മോദി പ്രധാനമന്ത്രി ആയിരിക്കുന്നിടത്തോളം ഒരുവിധത്തിലുള്ള ആശങ്കയും വേണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. മറിച്ചുള്ള ആരോപണങ്ങള്‍ രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്‌.
പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങളുടെ എണ്ണം 33 ശതമാനത്തില്‍ നിന്ന്‌ നാല്‌ ശതമാനമായി. ഇന്ത്യയില്‍ ഹിന്ദുക്കളുടെ എണ്ണം 84 ശതമാനത്തില്‍ നിന്ന്‌ 79 ശതമാനമായി കുറഞ്ഞു. അതേസമയം മുസ്ലിങ്ങളുടെ എണ്ണം 9 ല്‍ നിന്ന്‌ 14 ശതമാനമാകുകയും ചെയ്‌തു.
ബില്ല്‌ മുസ്ലീങ്ങളുടെ അവകാശത്തെ കവര്‍ന്നെടുക്കുന്നതാണന്ന പ്രചരണം ദുഷ്‌ടലാക്കോടെയുള്ളതാണ്‌. ഇന്ത്യന്‍ പൗരത്വത്തിന്‌ നിയമ പ്രകാരം അവര്‍ക്ക്‌ അപേക്ഷ നല്‍കാമെന്നും , ബില്ലിനെ ആരും ഭയപ്പെടേണ്ടതില്ലന്നും പൗരത്വത്തിന്‌ അപേക്ഷ നല്‍കിയാല്‍ ഉടന്‍ പിടിച്ച്‌ ജയിലടയ്‌ക്കുമെന്ന ധാരണ ശരിയല്ലന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഇന്ത്യന്‍ പൗരത്വം ലഭിച്ചാല്‍ ആ വ്യക്തക്കെതിരായ എല്ലാ അന്വേഷണങ്ങളും അവസാനിപ്പിക്കാന്‍ വ്യവസ്ഥയുമുണ്ട്‌
മതേതരത്വത്തെ എല്ലാവരും അംഗീകരിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ ആരെയും വേര്‍തിരിവോടെ കാണുകയോ അവകാശങ്ങള്‍ വെട്ടിക്കുറയ്‌ക്കയോ ചെയ്യില്ല. പൗരത്വ ഭേദഗതി ബില്ല്‌ പാസാക്കുന്നതോടെ ദുരിത ജീവിതമനുഭവിക്കുന്ന അഭയാര്‍ത്ഥികള്‍ ഇന്ത്യന്‍ പൗരന്മാരായി മാറുകയാണ്‌ ചെയ്യുക.






ബില്ലിനെ സംബന്ധിച്ച ചര്‍ച്ചയില്‍ മറുപടി നല്‍കി 
ശ്രി അമിത് ഷാ ജി രാജ്യസഭയില്‍ നടത്തിയ
 പ്രസംഗത്തില്‍ നിന്നുള്ള ഭാഗം


ദേശീയ പൗരത്വ നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന് ശക്തമായ ഭാഷയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കിയിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് പലതും തിരുത്താന്‍ കൂടിയാണ് എന്ന് അദ്ദേഹം പ്രതികരിച്ചു. വിവാദങ്ങള്‍ ഉണ്ടാകുമെന്ന് പേടിച്ച് ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലീം മതസ്ഥര്‍ വന്നാല്‍ മാത്രമേ രാജ്യം മതനിരപേക്ഷമാകുകള്ളു എന്ന നിലപാടല്ല ബിജെപിയുടേത്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിന് ശേഷം പൗരത്വത്തിന് അപേക്ഷിക്കാന്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്ലിന് മേലുള്ള ചര്‍ച്ച നടക്കുന്നതിനിടെയാണ് അമിത് ഷായുടെ പ്രതികരണം. 
രാജ്യത്ത് വിഭജനം നടന്നത് കൊണ്ടാണ് ഈ ബില്‍ കൊണ്ടു വരേണ്ടി വന്നത്. അന്‍പത് വര്‍ഷം മുന്‍പേ ഈ ബില്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ഇത്രകണ്ട് വഷളാവില്ലായിരുന്നു. നരേന്ദ്രമോദി അധികാരത്തില്‍ എത്തിയത് സര്‍ക്കാര്‍ നടത്താന്‍ വേണ്ടി മാത്രമല്ല രാജ്യത്ത് പലതും തിരുത്താന്‍ കൂടിയാണ്.  വിവാദം പേടിച്ച് ശക്തമായ നടപടികളില്‍ നിന്ന് പിന്തിരിയില്ല. ബില്ല് പാസായ ശേഷം അഭയാര്‍ത്ഥികളുടെ യഥാര്‍ത്ഥ എണ്ണം വ്യക്തമാകും. ലക്ഷക്കണക്കിനാളുകള്‍ പൗരത്വത്തിന് അപേക്ഷിക്കും. അയല്‍രാജ്യങ്ങളില്‍ നിന്നും അനധികൃതമായി കുടിയേറിയ മുസ്ലീങ്ങളെ കൂടി ചേര്‍ത്താല്‍ മാത്രമേ പൗരത്വഭേദഗതി ബില്‍ മതനിരപേക്ഷമാകൂ എന്ന ചിന്ത ബിജെപിക്കില്ല. രാഷ്ട്രവിഭജനസമയത്ത് ജവഹര്‍ ലാല്‍ നെഹ്‌റുവും ലിയാഖത്ത് അലിഖാനും തമ്മില്‍ സ്വരാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം എന്ന് ധാരണയിലെത്തിയിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് മൂന്നാം വര്‍ഷം ഒരു മതേതര ജനാധിപത്യ രാഷ്ട്രം സ്ഥാപിച്ചു കൊണ്ട് ഇന്ത്യ വാക്ക് പാലിച്ചു. എന്നാല്‍ അയല്‍ രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് കടുത്ത വിവേചനവും ചൂഷണവും ഏല്‍ക്കേണ്ടി വന്നു. അയല്‍രാജ്യങ്ങളില്‍ ന്യൂനപങ്ങള്‍ക്ക് നേരെ ആക്രമണവും വേട്ടയാടലും പതിവായതോടെയാണ് അവിടെയുള്ളവര്‍ ഇന്ത്യയില്‍ അഭയം പ്രാപിച്ചു. അവരെ സംരക്ഷിക്കാനാണ് ഈ ബില്‍ കൊണ്ടു വന്നത്. പൗരത്വഭേദഗതി ബില്‍ പാസാക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ട്. കോടതി ഈ ബില്‍ അംഗീകരിക്കും എന്നുറപ്പുണ്ട്. ആറ് മതങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ പൗരന്‍മാരായി അംഗീകരിക്കാന്‍ തീരുമാനിച്ചതിനെപ്പറ്റി ആരുമൊന്നും മിണ്ടുന്നില്ല മുസ്ലീംങ്ങളെ ഉള്‍പ്പെടുത്തിയില്ല എന്നതാണ് എല്ലാവര്‍ക്കും ചര്‍ച്ച ചെയ്യേണ്ടത്. ബംഗ്ലാദേശിലേയും പാക്കിസ്ഥാനിലേയും അഫ്ഗാനിസ്ഥാനിലേയും മുസ്ലീങ്ങളെ ന്യൂനപക്ഷങ്ങള്‍ എന്ന് വിശേഷിപ്പിക്കാന്‍ പറ്റുമോ. അതെല്ലാം ഇസ്ലാമിക രാഷ്ട്രങ്ങളാണ്. ഒരു ഇസ്ലാമിക രാഷ്ട്രത്തില്‍ എങ്ങനെയാണ് മുസ്ലീങ്ങള്‍ വിഭാഗീയത നേരിടുക. 
ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേരത്തെ തന്നെ നിയമം കൊണ്ടു വന്നതാണ്. ഇനി അടുത്ത മൂന്ന് രാജ്യങ്ങളിലെ അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാം. മുഹമ്മദലി ജിന്ന മൂലമാണ് ഇന്ത്യയെ വിഭജിക്കേണ്ടി വന്നത് എന്ന് രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കുമറിയാം. ജിന്നയുടെ ആവശ്യപ്രകാരമാണ് രണ്ട് രാജ്യങ്ങളുണ്ടായത്. എന്തിനാണ് കോണ്‍ഗ്രസ് ആ ആവശ്യത്തെ പിന്തുണച്ചത് എന്നു മാത്രമാണ് എനിക്ക് ചോദിക്കാനുള്ളത്. എന്തിനാണ് മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിച്ചത്. ഭരണഘടനയുടെ 14-ാം അനുച്ഛേദം മുന്നോട്ട് വയ്ക്കുന്ന സമത്വം എന്ന ആശയത്തിന് എതിരാണ് പൗരത്വ ഭേദഗതി ബില്‍ എന്ന പ്രതിപക്ഷ വിമര്‍ശനം അടിസ്ഥാന രഹിതമാണ്. മുസ്ലീങ്ങളടക്കം ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ പൗരത്വഭേദഗതി നിയമം ഒരു രീതിയിലും ബാധിക്കില്ല.  യുപിഎ ഭരണകാലത്ത് പാകിസ്ഥാനില്‍ നിന്നും സിഖ്-ഹിന്ദു ന്യൂനപക്ഷങ്ങളില്‍പ്പെട്ടവര്‍ അഭയാര്‍ത്ഥികളായി ഇന്ത്യയിലെത്തുന്ന കാര്യം രാജസ്ഥാന്‍ സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. വിഷയം ഗൗരവകരമായി പരിഗണിക്കണം എന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ സര്‍ക്കാര്‍ കേന്ദ്ര അഭ്യന്തരമന്ത്രി പി.ചിദംബരത്തിന് കത്തയക്കുകയും ചെയ്തു. ഹിന്ദു-സിഖ് ന്യൂനപക്ഷങ്ങളില്‍പ്പെട്ട 13000 പേര്‍ക്ക് മാത്രമാണ് ഇതുവരെ പൗരത്വം ലഭിച്ചത്.  ഇവിടെയാണ് ആറ് മതന്യൂനപക്ഷങ്ങളിലുള്ളവര്‍ക്ക് നമ്മള്‍ പൗരത്വം വാഗ്ദാനം ചെയ്യുന്നത്. 
8-9 ലക്ഷം ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്ക് ഇതിനോടകം ഇന്ത്യന്‍ പൗരത്വം നല്‍കി കഴിഞ്ഞു. അവരെ പരിഗണിച്ചില്ല എന്ന വാദത്തിന് കഴമ്പില്ല. ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞു കയറുന്നവര്‍ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുന്നത് 2005-ലെ തെരഞ്ഞെടുപ്പ് കാലത്ത് മമതാ ബാനര്‍ജി അന്നത്തെ ബംഗാള്‍ സര്‍ക്കാരിനെതിരെ പ്രചരണായുധമാക്കിയിരുന്നു. ബംഗാളില്‍ ഇന്ന് ദുര്‍ഗ്ഗാ പൂജ നടത്താന്‍ വരെ ഹിന്ദുക്കള്‍ക്ക് ഹൈക്കോടതിയില്‍ പോകേണ്ട അവസ്ഥയാണ്. ഇന്ത്യയുടെ ആശയം എന്താണെന്ന് എന്നെയാരും പഠിപ്പിക്കേണ്ട, ഇവിടെ ജനിച്ച് ഇവിടെ മരിക്കേണ്ട ആളാണ് ഞാന്‍. ഇന്നലെ ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ച ശിവസേന ഇന്ന് നിലപാട് മാറ്റിയിരിക്കുകയാണ്. എങ്ങനെയാണ് രാത്രിക്ക് രാത്രി നിലപാട് മാറ്റിയതെന്ന് മഹാരാഷ്ട്രയിലെ ജനങ്ങളോട് ശിവസേന വ്യക്തമാക്കണം. റോഹിംഗ്യ മുസ്ലീങ്ങളെ എന്തു കൊണ്ട് ബില്ലില്‍ ഉള്‍പ്പെടുത്തിയില്ല എന്ന് പലരും ചോദിച്ചു. റോഹിംഗ്യക്കാര്‍ നേരിട്ട് ഇന്ത്യയിലേക്ക് വന്നവരല്ല. അവര്‍ മ്യാന്‍മറില്‍ നിന്നും ബംഗ്ലാദേശിലേക്ക് കുടിയേറിയവരാണ്. അവിടെ നിന്നുമാണ് ഇന്ത്യയിലെത്തിയത്.
മോദിജി പ്രധാനമന്ത്രിയായി ഇരിക്കുന്നിടത്തോളം കാലം ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് വിവേചനം ഉണ്ടാകില്ലെന്ന് ബില്‍ അതരിപ്പിക്കവെ അമിത് ഷാ വ്യക്തമാക്കി. പൗരത്വ ബില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഈ വാഗ്ദ്ധാനം അടക്കമുള്ളവ അംഗീകരിച്ചാണ് ബിജെപിയെ ജയിപ്പിച്ചത്. ബില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്നും അമിത് ഷാ വ്യക്തമാക്കി. ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇന്ത്യക്കാരായി തുടരും. അഭയാര്‍ത്ഥികളായ ന്യൂനപക്ഷങ്ങളെ സഹായിക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും അമിത് ഷാ പറഞ്ഞു. 
അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടിയുള്ളതാണ് ഈ ബില്‍. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങളെ ഇന്ത്യന്‍ പൗരന്മാരാക്കേണ്ട കാര്യമുണ്ടോയെന്നും അദ്ദേഹം പറഞ്ഞു. ബില്‍ മുസ്ലിങ്ങള്‍ക്കെതിരെയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുന്നുണ്ട്. എന്നാല്‍ വിഷയത്തിലെ നിജ സ്ഥിതി മറ്റൊന്നാണ്. ഇന്ത്യയിലെ മുസ്ലീങ്ങള്‍ എപ്പോഴും ഇന്ത്യയിലെ പൗരന്മാര്‍ തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മിസോറാമിനെ ബില്‍ ബാധിക്കില്ലെന്നും അമിത് ഷാ അറിയിച്ചു.

ലോകത്താകമാനമുള്ള മുസ്ലീങ്ങളെ ഇന്ത്യന്‍ പൗരന്മാരാക്കേണ്ടതുണ്ടോ? രാജ്യം അങ്ങനെയല്ല മുന്നോട്ടുപോകേണ്ടതെന്നും അമിത് ഷാ വ്യക്തമാക്കി.



രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തുന്ന നിയമം


ജന്മഭൂമി മുഖപ്രസംഗം

രേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ സ്വീകരിച്ചിട്ടുള്ള നടപടികളും നിയമനിര്‍മാണങ്ങളും സമാനതകളില്ലാത്ത സംഭവങ്ങളാണ്. ജമ്മു കാശ്മീരിനുള്ള 370-ാം വകുപ്പ് റദ്ദാക്കിയതും മുത്തലാഖ് റദ്ദാക്കിയതും പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചുകൊണ്ടാണ്. ഏറ്റവും ഒടുവില്‍ പാസാക്കിയ പൗരത്വ ഭേദഗതിബില്‍ രാജ്യത്തിന്റെ യശസ് ഉയര്‍ത്തുമെന്നതില്‍ സംശയമില്ല. ആദ്യം ലോക്‌സഭയും പിന്നീട് രാജ്യസഭയും പാസാക്കിയ പൗരത്വഭേദഗതി ബില്‍ രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ നിയമമാകും. രാജ്യസഭയില്‍ ബിജെപിയ്ക്ക് വ്യക്തമായ ഭൂരിപക്ഷമില്ല. എന്നിട്ടും ബില്‍ പാസാക്കാനായത് ബില്ലിനോടുള്ള ജനങ്ങളുടെ താല്‍പര്യം തന്നെയാണ്. ബില്ലിനെതിരെ ശക്തമായ എതിര്‍പ്പുമായി വന്നത് കോണ്‍ഗ്രസും ഇടതുപക്ഷവുമാണ്. ബില്‍ മുസ്ലീങ്ങള്‍ക്കെതിരെ എന്ന ആപല്‍ക്കരമായ പ്രചാരണമാണ് പ്രതിപക്ഷം നടത്തിയത്. എന്നാല്‍ പരമ്പാരഗതമായി രാജ്യത്ത് കഴിയുന്ന ഒരു മുസ്ലിമിനും ബില്‍ എതിരല്ലെന്ന് ബില്‍ അവതരിപ്പിച്ച ആഭ്യന്തര മന്ത്രി അമിത്ഷാ ആവര്‍ത്തിച്ചിട്ടും അപകടകരമായ പ്രചാരണം പ്രതിപക്ഷം തുടര്‍ന്നു. അത് ചില കേന്ദ്രങ്ങളിലെങ്കിലും ആശങ്കയും അക്രമസംഭവങ്ങളും സൃഷ്ടിച്ചിരിക്കുകയാണ്.
പൗരത്വ ഭേദഗതി ബില്‍ പെട്ടെന്നുണ്ടായതല്ല. ബിജെപിയുടെ പ്രകടനപത്രികയില്‍ വ്യക്തമാക്കിയതാണിത്. പ്രകടനപത്രികകള്‍ പ്രാബല്യത്തില്‍ വരുത്താനുള്ളതല്ലെന്ന ധാരണ പ്രതിപക്ഷത്തിനുണ്ടായിരിക്കും. എന്നാല്‍ വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തം വേണമെന്ന് വിശ്വസിക്കുന്ന ബിജെപി വാക്കുപാലിക്കുക മാത്രമാണ് ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ എന്തു തീരുമാനിച്ചാലും പാര്‍ലമെന്റ് ഏത് നിയമമുണ്ടാക്കിയാലും നടപ്പാക്കില്ലെന്ന് വീമ്പടിക്കുന്ന ചിലരുണ്ട്. പശ്ചിമ ബംഗാള്‍ ഈ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രസ്താവിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ അതങ്ങ് മനസ്സില്‍ വച്ചാല്‍ മതി എന്ന മറുപടിയാണ് ആഭ്യന്തരമന്ത്രി മറുപടി പ്രസംഗത്തില്‍ രാജ്യസഭയില്‍ നല്‍കിയത്. ഈ നിയമം രാജ്യതാല്പര്യത്തിനുവേണ്ടി മാത്രമാണ്. 2014ന് മുമ്പ് ഇന്ത്യയിലെത്തിയ ആര്‍ക്കും ഈ നിയമം മൂലം രാജ്യം വിടേണ്ടിവരില്ല. അതിനുശേഷം നുഴഞ്ഞുകയറിയവര്‍ പുറത്തുപോകേണ്ടിവരും. അത് ലോകനീതിയാണ്. ഇന്ത്യയില്‍ ഇരട്ട പൗരത്വമില്ല. മത വിവേചനവുമില്ല. മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ക്ക് രാഷ്ട്രപതിയും സുപ്രീംകോടതി ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിമാരുമെല്ലാം ആകാന്‍ കഴിയുന്ന രാജ്യമാണിത്. പൗരത്വ ബില്ലിലെ ഭേദഗതിമൂലം ഒരവകാശവും മുസ്ലിങ്ങള്‍ക്ക് നഷ്ടപ്പെടില്ല. മതത്തേക്കാള്‍ രാജ്യതാല്പര്യം പരിഗണിക്കുന്ന സര്‍ക്കാരാണ് ഇന്നത്തേത്. അതുകൊണ്ടുതന്നെ മതരാഷ്ട്രം സൃഷ്ടിക്കാനുള്ള നടപടി എന്നവാദം പുച്ഛിച്ച് തള്ളേണ്ടതാണ്.
പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം വ്യവസ്ഥ ചെയ്യുന്ന പൗരത്വ ഭേദഗതി ബില്ലാണ് പാര്‍ലമെന്റ് പാസാക്കിയത്. അയല്‍ രാജ്യങ്ങളില്‍ നിന്ന് മതപീഡനം മൂലം അഭയാര്‍ഥികളായി നരകിക്കുന്ന ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പുതുജീവന്‍ നല്‍കുന്നതാണ് നിയമമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കുകയുണ്ടായി. അഞ്ഞൂറിലേറെ മുസ്ലിങ്ങള്‍ക്കും അടുത്തിടെ പൗരത്വം നല്‍കിയത് അമിത് ഷാ ചൂണ്ടിക്കാട്ടി. ബില്ലിന് എഐഎഡിഎംകെ, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി, നാഗാ പീപ്പിള്‍സ് ഫ്രണ്ട് എന്നീ കക്ഷികള്‍ കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ശിവസേന വേട്ടെടുപ്പ് ബഹിഷ്‌കരിക്കുകയായിരുന്നു. നാല്‍പ്പതിലേറെ ഭേദഗതി നിര്‍ദേശങ്ങളും സഭ വോട്ടിനിട്ട് തള്ളി. ബില്ലിനെതിരെ മുസ്ലീംലീഗ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. പൗരത്വം റദ്ദാക്കുന്ന ബില്ലല്ല കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നതെന്ന് മറുപടി പ്രസംഗത്തില്‍ അമിത് ഷാ ആവര്‍ത്തിച്ചിട്ടും അത് ഗൗനിക്കാതിരിക്കുന്നത് ദുരൂഹമാണ്. മുസ്ലിങ്ങളെ ഭയപ്പെടുത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള കള്ളപ്രചാരണമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് വ്യക്തം. ഈ ബില്ലുമായി ഇന്ത്യയിലെ മുസ്ലീങ്ങളുടെ പൗരത്വത്തിന് യാതൊരു ബന്ധവുമില്ല. ആരുടേയും പൗരത്വം റദ്ദാക്കാന്‍ പൗരത്വ ഭേദഗതി ബില്‍ വഴി സാധിക്കില്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിയാത്തതിന് പിന്നില്‍ ദുഷ്ടലാക്കാണ്. വിഭജനകാലത്ത് പാക്കിസ്ഥാനില്‍പെട്ടുപോയ മുസ്ലിങ്ങള്‍ക്ക് നീതിനല്‍കിയത് വാജ്‌പേയി സര്‍ക്കാരാണ്. ഇതില്‍ കേരളത്തില്‍ നിന്നുള്ള മുസ്ലിങ്ങളുമുണ്ടായിരുന്നു. ആ നയത്തില്‍ ഒരുമാറ്റവും വരുത്താത്ത മോദി സര്‍ക്കാരിനെ ക്രൂശിക്കാന്‍ നടത്തുന്ന ശ്രമം ക്രൂരമാണ്. പ്രതിപക്ഷ ശ്രമം ജനങ്ങള്‍ തള്ളിക്കളയുമെന്ന കാര്യത്തില്‍ സംശയമില്ല
https://arackanvision.blogspot.com/2019/12/blog-post_18.html

Comments