കുറുന്തോട്ടിക്കും വാതം പിടിപെടുമ്പോള്‍....



(ഒരു വര്‍ഷം മുമ്പ്‌ (24 10 2012) മറുനാടന്‍ മലയാളിയുടെ ദോഷൈക ദൃക്കില്‍ എഴുതിയ ലേഖനം)

പ്രായമാകുമ്പോള്‍ മനുഷ്യര്‍ക്കെല്ലാം വാതത്തിന്റെ അസുഖം ഉണ്ടാവാറാണ്ടുന്നാണ്‌ പറയപ്പെടുന്നത്‌. വാദത്തിന്‌ ഏറ്റവും നല്ല ഔഷധങ്ങളില്‍ ഒന്നാണത്രേ കുറുന്തോട്ടി. കുറുന്തോട്ടിക്കും വാതം പിടി പെട്ടാല്‍ എന്താകും അവസ്ഥ. ഏതാണ്ട്‌ ഇതുപോലെ തന്നെയാണ്‌ ഇന്ന്‌ ഭാരതത്തിലെ അഴിമതി വിരുദ്ധ പ്രസ്ഥാനങ്ങളുടേയും അവസ്ഥ. അണ്ണാഹസാരയിലൂടെ ആരംഭിച്ച്‌ ബാബാ രാംദേവിലൂടെയും, ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയിലൂടെയും വളര്‍ന്ന്‌ അരവിന്ദ്‌ കേജ്രിവാളില്‍ എത്തി നില്‍ക്കുന്ന അഴിമതിവിരുദ്ധ പോരാട്ടങ്ങളുടെ ദിശാബോധം തന്നെ തെറ്റിയിരിക്കുന്നു എന്നു വേണം കരുതാന്‍. അഴിമതി വിരുദ്ധ പോരാട്ടങ്ങളില്‍ നിന്നും വഴിമാറി വ്യക്തി വിദ്വേഷം തീര്‍ക്കുവാനും അധികാര സ്ഥാനങ്ങള്‍ കയ്യടക്കാനുമുള്ള കുറുക്കുവഴികളായി ഇത്തരം പോരാട്ടങ്ങള്‍ മാറിയിട്ടുണ്ടോ എന്നതാണ്‌ സംശയം.
എന്റെ രാഷ്‌ട്രീയ നിലപാടുകള്‍ അറിയാവുന്നവര്‍ തീര്‍ച്ചയായും സംശയിക്കാം ഗഡ്‌ഗരിക്ക്‌ ഏതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണോ ഇത്തരം ഒരു അഭിപ്രായ പ്രകടനമെന്ന്‌. ഒരിക്കലുമല്ല. ബി.ജെ.പി. പ്രതിനിധാനം ചെയ്യുന്ന രാഷ്‌ട്രീയ ആശയങ്ങളെ ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ സംഘടനയുടെ പല നിലപാടുകളെ നിശിതമായ വിമര്‍ശിച്ച്‌ ഇതേ പംക്തിയില്‍ തന്നെ ഞാന്‍ എഴുതിയിട്ടുമുണ്ട്‌. ഗഡ്‌കരിക്ക്‌ എതിരായ ആരോപണങ്ങള്‍ ചീറ്റിപോയ സാഹചര്യത്തില്‍ അതിനെക്കുറിച്ച്‌ കൂടുതല്‍ പ്രതിപാദിക്കേണ്ടതില്ലല്ലോ.
മുമ്പ്‌ ഭാരതത്തില്‍ വിവരാവകാശ നിയമം നിലവില്‍ വന്നപ്പോള്‍ അതിന്റെ നേട്ടങ്ങളെക്കുറിച്ച്‌ നിരവധി ചര്‍ച്ചകളും അഭിപ്രായങ്ങളും ഉയര്‍ന്നു വന്നിരിന്നു.എന്നാല്‍ വിവരാവകാശ നിയമത്തിന്റെ പില്‍ക്കാല ചരിത്രം പരിശോധിച്ചാല്‍ നമുക്ക്‌ ഒരു കാര്യം മനസ്സിലാക്കാന്‍ കഴിയും. ഈ നിയമത്തിന്റെ പിന്‍ബലത്തിലാണ്‌ ഇന്ന്‌ പല ഗ്രൂപ്പുകളും ഭീഷണികള്‍ മുഴക്കുന്നതും പിരിവുകള്‍ നടത്തുന്നതും. അതായത്‌ എന്ത്‌ അര്‍ത്ഥത്തിലാണോ വിവരാവാകാശ നിയമം നടപ്പിലാക്കപ്പെട്ടിട്ടുള്ളത്‌ അതിന്‌ ഘടക വിരുദ്ധമായ ആവശ്യങ്ങള്‍ക്കായി അത്‌ ദുര്‍വിനിയോഗം ചെയ്‌തു കൊണ്ടിരിക്കുകയാണ്‌. ഇന്ന്‌ ആളുകളെ ഭീഷണിപ്പെടുത്തുന്നതിനും പണം തട്ടുന്നതിനും ഏറ്റവും കൂടുതല്‍ ഈനിയമം ഉപയോഗിക്കപ്പെടുന്നു.
ഇന്ന്‌ ഭാരതത്തില്‍ ആകമാനം ഉയര്‍ന്നു വന്ന അഴിമതി വിരുദ്ധ പോരാട്ടങ്ങളുടേയും ദിശ മാറിയിരിക്കുന്നു. സ്വാര്‍ത്ഥമോഹമില്ലാതെ നാടിന്റെ നന്മക്കായി ആരംഭിച്ച അഴിമതി വിരുദ്ധ പോരാട്ട സംഘാംഗങ്ങള്‍ക്കിടയില്‍ വിള്ളല്‍ വീണിരിക്കുന്നു. അധികാരത്തിനു വേണ്ടി സമര പോരാട്ടങ്ങളെ ഒരു വിഭാഗം ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ആ മുന്നേറ്റം തന്നെ തടസ്സപ്പെട്ടിരിക്കുന്നു. അഴിമതി വിരുദ്ധ സംഘത്തിലെ അംഗങ്ങള്‍ക്കെതിരെയും അഴിമതിക്കഥകള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നു. അഴിമതി യെ എതിര്‍ക്കുന്നതിനപ്പുറം പാര്‍ലമെന്റിനേയും ഭരണ സംവിധാനങ്ങളേയും വെല്ലുവിളിക്കുന്ന തരത്തിലേക്ക്‌ സൂപ്പര്‍ ഭരണാധികാരികളായി ചിലര്‍ ചമയുന്നു. ദിശാബോധം നഷ്‌ടപ്പെട്ട അഴിമതി വിരുദ്ധ സംഘം ശിഥിലമായി പിരിഞ്ഞപ്പോള്‍ അവശേഷിക്കുന്നവര്‍ അധികാര മോഹികളായി മാറിയിരിക്കുന്നു.ഫലമൊ തങ്ങളല്ലാതെ മറ്റെല്ലാവരും കൊള്ളരുതാത്തവരാണന്ന്‌ വരുത്തി തീര്‍ക്കുവാനുള്ളശ്രമങ്ങളാണ്‌. ഇപ്പോള്‍ നടക്കുന്നത്‌. ബടക്കാക്കി തനിക്കാക്കുക എന്നത്‌ ലക്ഷ്യമായിരിക്കുന്നു. ഭരണപക്ഷത്തെ പോലെ തന്നെ പ്രതിപക്ഷവും അഴിമതിക്കാരാണന്ന്‌ വരുത്തി തീര്‍ക്കാന്‍ കഴിഞ്ഞാന്‍ പിന്നെ പണി എളുപ്പമാകുമല്ലോ. ബിജെപിയും സംഘ പരിവാര്‍ സംഘടകളും പലപ്പോഴും ഇവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളാണ്‌ സ്വീകരിച്ചിട്ടുള്ളതും. അഴിമതിക്കും കള്ളപ്പണത്തിനും എതിരെ ദേശവ്യാപകമായ പ്രക്ഷോഭം വളര്‍ത്തിയെടുക്കുന്നതില്‍ ബി.ജെ.പി. വേണ്ടത്ര മുന്നോട്ടു പോകാത്തതിനാലാണ്‌ ഇത്തരം ശക്തികള്‍ക്ക്‌ ഇന്ത്യന്‍ മണ്ണില്‍ ഇടം കിട്ടിയത്‌.
ഇത്തരം പ്രക്ഷോഭങ്ങളുടെ ഫ്‌ളാഷ്‌ ബാക്കിലേക്ക്‌ നമുക്കൊന്ന്‌ പോകാം. ഒരു സംഘടനയുടേയും പിന്‍ബലമില്ലാതെ അഴിമതി വിരുദ്ധ പോരാട്ടങ്ങളിലേക്ക്‌ ജനങ്ങള്‍ ഒഴുകിയെത്തുന്നത്‌ കണ്ടപ്പോള്‍ ഭാരതത്തിലെ പത്ര മാധ്യമങ്ങള്‍ അതിനെ വാനോളം പുകഴ്‌തി. അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന ചിലരുടെയെല്ലാം ധാരണ ആ ജനസഞ്‌ജയത്തിന്റെ കാരണം തങ്ങളുടെ മാത്രം കഴിവാണന്നാണ്‌. എന്നാല്‍ ഇതിനു പിന്നില്‍ ഒളിച്ചിരിക്കുന്ന സംഘടനാ സംവിധാനം ഏതാണന്ന്‌ ചിലര്‍ക്കെങ്കിലും അറിയാമായിരുന്നു. പ്രത്യേകിച്ച്‌ ഭരണാധികാരികള്‍ക്കും കോണ്‍ഗ്രസ്സ്‌ നേതാക്കന്‍മാര്‍ക്കും അവര്‍ അത്‌ വിളിച്ചു പറയാന്‍ ശ്രമിക്കുകയും ചെയ്‌തു.
കഴിഞ്ഞ വര്‍ഷം നാഗപൂരില്‍ ചേര്‍ന്ന രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ അഖിലഭാരതീയ കാര്യകാരിയുടെ തീരുമാനപ്രകാരം തന്നെയാണ്‌ ആ അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ എല്ലാം ശക്തി പ്രാപിച്ചതും വളര്‍ന്ന്‌ പന്തലിച്ചതും. ഭാരതത്തില്‍ കള്ളപ്പണത്തിനും അഴിമതിക്കും എതിരെ ഉയര്‍ന്നു വരുന്ന മുഴുവന്‍ പോരാട്ടങ്ങളേയും സംഘടന ഏതെന്ന്‌ നോക്കാതെ തന്നെ പിന്തുണക്കുവാനും സഹായിക്കുവാനും കാര്യകാരി തീരുമാനിച്ചിരുന്നു. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്‌ അണ്ണാഹസാരയും ബാബാ രാംദേവും, ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയും എല്ലാം നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക്‌ ജന പിന്തുണ ലഭിച്ചതും. അണ്ണാ ഹസാരയുടെ ആദ്യ പ്രക്ഷോഭം ശ്രദ്ധിച്ചവര്‍ക്കെല്ലാം അറിയാന്‍ കഴിയും അതിന്റെ പ്രധാന ചാലക ശക്തി എ.ബി.വി.പി ആയിരുന്നുവെന്ന്‌. പിന്നീട്‌ സംഘ പരിവാര്‍ സംഘടനകളെ തള്ളിപ്പറഞ്ഞ്‌ നടന്ന അഴിമതിവിരുദ്ധ പോരാട്ടങ്ങള്‍ ആളില്ലാതെ അവസാനിപ്പിക്കേണ്ടി വന്നതും തമ്മിലടിച്ച്‌ സംഘങ്ങഘള്‍ പിരിഞ്ഞതും എല്ലാം നാം കണ്ടതുമാണ്‌. ഇത്തരത്തില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ എതിരേയും എന്ത്‌ ആരോപണങ്ങളും ഉന്നയിക്കാന്‍ തരത്തില്‍ ഇത്തരം ആളുകളെ വളര്‍ത്തിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സംഘ പരിവാര്‍ സംഘടകള്‍ക്ക്‌ ഒഴിയാനും ആകില്ല.
വീണ്ടും വര്‍ത്തമാനകാല അഴിമതി വിരുദ്ധ പോരാട്ടങ്ങളിലേക്ക്‌ വന്നാല്‍ കാണാന്‍ കഴിയുന്നത്‌ വാതം പിടിപെട്ട കുറുന്തോട്ടിയുടെ അവസ്ഥയിലേക്കാണ്‌. രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക്‌ എന്തെല്ലാം കുറ്റങ്ങളും കുറവുകളും ഉണ്ടങ്കിലും രാഷ്‌ട്രീയ പ്രവര്‍ത്തനം തന്നെ ജീര്‍ണ്ണാവസ്ഥയില്‍ എത്തിയിട്ടുണ്ടങ്കിലും ഞാന്‍ അരാഷ്‌ട്രീയ വാദത്തെ ഒരു തരത്തിലും പിന്തുണക്കുന്നില്ല. അരാഷ്‌ട്രീയവാദം രാഷ്‌ട്രീയത്തിലെ ജീര്‍ണ്ണതയേക്കാള്‍ കുഴപ്പം പിടിച്ചതാണ്‌. അരാഷ്‌ട്രീയ വാദികള്‍ക്ക്‌ പിന്‍ബലമേകാന്‍ ഇന്ത്യയിലെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനം കാരണമായിട്ടുണ്ട്‌. അതുകൊണ്ട്‌ തന്നെ ഇന്ത്യയിലെ രാഷ്‌ട്രീയ പാര്‍ട്ടികളും നേതാക്കളും ഒരു സ്വയം ശുദ്ധീകരണത്തിന്‌ തയ്യാറാകുമെന്നും ഒപ്പം അഴിമതി വിരുദ്ധ പോരാട്ടക്കാരും ശരിയായ ദിശയില്‍ സഞ്ചരിക്കുമെന്നും നമുക്ക്‌ പ്രത്യാശിക്കാം.  

Comments