പ്രകൃതിക്കെതിരായ കുരിശുയുദ്ധം


(ഈ ലേഖനത്തിന്റെ പ്രധാന ഭാഗങ്ങള്‍ മലയോര കര്‍ഷകരെ തെരുവിലിറക്കുന്ന രാഷ്‌ട്രീയം എന്ന ശീര്‍ഷകത്തില്‍ നവംബര്‍ 29 ന്‌ ഇറങ്ങിയ കേസരിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.)

നാട്ടില്‍ നിലനില്‍ക്കുന്ന ജനാധിപത്യത്തേയും രാഷ്‌ട്രീയ സംവിധാനങ്ങളേയും വെല്ലുവിളിച്ച്‌ കലാപങ്ങളിലൂടെ സമാന്തര ഭരണകൂടങ്ങള്‍ സൃഷ്‌ടിക്കുവാനുമുള്ള കുരിശുയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ക്രൈസ്‌തവ സഭകള്‍ പ്രകൃതിയേയും പൊതു സമൂഹത്തേയും വെല്ലുവിളിക്കുയാണ്‌. ഭാരതത്തിന്റെ വടക്കു കിഴക്കന്‍ പ്രദേശങ്ങളിലും പാശ്ചാത്യ രാജ്യങ്ങളിലും എല്ലാം തന്നെ ഇവര്‍ പരീക്ഷിച്ചു വിജയിപ്പിച്ച അതേ രാഷ്‌ട്രീയ തന്ത്രങ്ങള്‍ തന്നെയാണ്‌ കേരളത്തിന്റെ മലയോര മേഖലകളിലും ഇക്കൂട്ടര്‍ പരീക്ഷിക്കുന്നത്‌. ഭൂമിക്കു മേലുള്ള അധികാരവും സാമ്പത്തിക നിയന്ത്രണങ്ങളും രാഷ്‌ട്രീയ നിയന്ത്രണാധികാരങ്ങളും കയ്യാളിയിരുന്നവര്‍ ഇപ്പോള്‍ സമാന്തര ഭരണകൂടങ്ങള്‍ ആകാനും ശ്രമം നടത്തുകയാണ്‌. യാഥാര്‍ത്ഥ്യ ബോധത്തോടെ ഈ വിഷയങ്ങളെ വിശകലനം ചെയ്യാന്‍ തയ്യാറാകാത്ത മറ്റ്‌ ഇതര സമുദായങ്ങളിലെ ചിലരും ഇവരുടെ തന്ത്രങ്ങളില്‍ പെട്ടു പോയിട്ടുണ്ടന്നതും വിസ്‌മരിക്കാനാവില്ല. കേവലം വോട്ടുബാങ്ക്‌ രാഷ്‌ട്രീയം മാത്രം കൈകാര്യം ചെയ്യുന്ന ഇടതു വലതു രാഷ്‌ട്രീയ മുന്നണികളും താത്‌കാലിക ലാഭത്തിന്‌ വേണ്ടി ഈ കയ്യാങ്കളികളെ പ്രത്യക്ഷമായും പരോക്ഷമായും സഹായിച്ചു കൊണ്ടിരിക്കുന്നു.
ഗുജറാത്ത്‌ മുതല്‍ കേരളം വരെ നീണ്ടു കിടക്കുന്ന പശ്ചിമഘട്ട മല നിരകളുടെ സംരക്ഷണം ലക്ഷ്യം വച്ച്‌ പ്രൊഫ. മാധവ്‌ ഗാഡ്‌ഗിലിന്റെ നേതൃത്വത്തിലുള്ള വിദഗ്‌ദസംഘം തയ്യാറാക്കിയ പശ്ചിമഘട്ട ആവാസ വ്യവസ്ഥ വിദഗ്‌ദ സമിതി റിപ്പോര്‍ട്ടും അതിന്‌ അനുബന്ധമായി വന്ന ഡോ. കസ്‌തൂരിരംഗന്‍ റിപ്പേര്‍ട്ടും ഉയര്‍ത്തിയാണ്‌ കേരളത്തിലെ മലയോര മേഖലയെ യുദ്ധക്കളമാക്കി മാറ്റുവാന്‍ കത്തോലിക്ക മത മേധാവികളും, അവരുടെ സംഘടിത വോട്ടു ബാങ്ക്‌ ലക്ഷ്യം വച്ച രാഷ്‌ട്രീയ കോമരങ്ങളും ഉറഞ്ഞു തുള്ളുന്നത്‌. ഇതിനായി ഇവര്‍ പടച്ചുവിടുന്ന കള്ളത്തരങ്ങളേയും കുപ്രചരണങ്ങളേയും ചാനല്‍ റേറ്റിങ്ങിനായി വെള്ളംതൊടാതെ വിഴുങ്ങുന്ന മുഖ്യധാര മാധ്യമങ്ങളും ഈ നാടിനെ അരാജകത്വത്തിലേക്കാണ്‌ നയിക്കുന്നത്‌.
ഈ ഭൂമിയുടെ അവകാശികള്‍ ഇവിടെ വസിക്കുന്ന സര്‍വ്വ ചരാചരങ്ങളുമാണ്‌. നിസ്സാരനെന്നു കരുതുന്ന ഉറുമ്പ്‌ മുതല്‍ ഭീമാകാരനായ ആന വരെയുള്ള എല്ലാവിധ ജീവജാലങ്ങള്‍ക്കും പക്ഷിമൃഗാദികള്‍ക്കും വൃക്ഷ ലതാദികള്‍ക്കും ഭൂമിയില്‍ തുല്യ അവകാശവും പ്രധാന്യവുമുണ്ടന്ന്‌ അര്‍ത്ഥം. എന്നാല്‍ ഇരുകാലി മൃഗങ്ങളായ ഒരു വിഭാഗം മനുഷ്യര്‍ ഈ പ്രപഞ്ച സത്യത്തെ അനുകൂലിക്കുന്നില്ലന്നതാണ്‌ മറ്റൊരു വസ്‌തുത. ഈ ഭൂമിയും അതിലുള്ള സര്‍വ്വ ചരാചരങ്ങളും സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്‌ മനുഷ്യന്റെ ആവശ്യങ്ങള്‍ക്കു വേണ്ടിയാണന്നാണ്‌ അവന്‍ സ്വയം പറഞ്ഞും വിശ്വസിച്ചും ഇരിക്കുന്നത്‌. അതുകൊണ്ടു തന്നെ അവന്റെ ആഗ്രഹങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അന്തവും ഇല്ല.
അവശേഷിക്കുന്ന പശ്ചിമഘട്ട മലനിരകളെയെങ്കിലും സംരക്ഷിക്കേണ്ടത്‌ ഭൂമിയുടെ നിലനില്‍പ്പിന്‌ തന്നെ അത്യന്താപേക്ഷിതമായ കാര്യമാണ്‌. കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റിയതില്‍ പശ്ചിമ ഘട്ട മലനിരകള്‍ക്കുള്ള സ്ഥാനം ചെറുതല്ല. വനസംരക്ഷണം എന്നത്‌ കേവലം കുറച്ചു വൃക്ഷങ്ങളുടെ സംരക്ഷണം മാത്രമല്ല. അത്‌ പ്രകൃതിയുടേയും സര്‍വ്വ ചരാചരങ്ങളുടേയും നിലനില്‍പ്പിന്റെ പ്രശ്‌നം കൂടിയാണ്‌. ജൈവവൈവിദ്ധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വനം മുഴുവന്‍ വെട്ടി നശിപ്പിച്ചതിനു ശ്ശേഷം കുറച്ചധികം മരങ്ങള്‍ വച്ചു പിടിപ്പിച്ചതുകൊണ്ടും കാര്യമില്ല. മനഷ്യന്റെ അത്യാര്‍ത്തി മൂലം നടക്കുന്ന വനനശീകരണത്തിന്റെ ദുരന്ത ഫലം അനുഭവിക്കുന്നതും മനുഷ്യര്‍ തന്നെയാണന്ന്‌ അവന്‍ തിരിച്ചറിയുന്നില്ല.
പ്രതിവര്‍ഷം ഒരു ഹെക്‌ടര്‍ വനം നല്‍കുന്ന സാമൂഹ്യ മൂല്യം രണ്ടു ലക്ഷം രൂപയാണന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. വന നശീകരണത്തിലൂടെ നഷ്‌ടമാകുന്നത്‌ നാടിന്റെ ജൈവവൈവിദ്ധ്യങ്ങള്‍ മാത്രമല്ല, ജലസ്രോതസ്സുകളുമാണ്‌. കുടിവെള്ളം കിട്ടാക്കനിയായ ദശ ലക്ഷക്കണക്കിന്‌ മനുഷ്യര്‍ ദുരിതത്തില്‍ ആകുമ്പോഴും വനനശീകരണത്തിന്റെ തോത്‌ ക്രമാതീതമായി ഉയരുകയാണ്‌. ലോകത്ത്‌ ആകെയുള്ള ജലത്തിന്റെ 97 ശതമാനവും സമുദ്രജലമാണ്‌. ബാക്കി 3 ശതമാനം ജലം മാത്രമാണ്‌ ശുദ്ധജലമായിട്ടുള്ളത്‌. അതില്‍ രണ്ട്‌ ശതമാനം ഹിമപാളികളാണ്‌. ബാക്കി ഒരു ശതമാനമെ കുടിവെള്ളമായിട്ടുള്ളു. 44 നദികളും ആയിരത്തിലധികം പോഷക നദികളും നീര്‍ച്ചാലുകളുമുള്ള കേരളത്തില്‍ മനുഷ്യന്‍ ജലക്ഷാമം കൊണ്ട്‌ കഷ്‌ടപ്പെടുന്നു എന്നതാണ്‌ മറ്റൊരു വിരോധാഭാസം. എന്നിട്ടും മനുഷ്യന്റെ അത്യാര്‍ത്തി അവസാനിക്കുന്നില്ല.
ഓരോ വര്‍ഷവും വനംകൊള്ളയുടേയും അനധികൃത കയ്യേറ്റങ്ങളുടേയും തോത്‌ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്‌. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം മാത്രം വനംകൊള്ളയും നശീകരണവുമായി ബന്ധപ്പെട്ട്‌ 890 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടന്നാണ്‌ മാസങ്ങള്‍ക്കു മുമ്പ്‌ വനം മന്ത്രി നിയമസഭയില്‍ പറഞ്ഞത്‌.
ഈ ഒരു സാമൂഹിക സാഹചര്യത്തില്‍ വേണം കത്തോലിക്ക പുരോഹിതരുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന അക്രമ സമരങ്ങളെ നോക്കിക്കാണാന്‍. ഈ ആക്രമണങ്ങള്‍ക്കെല്ലാം പിന്നിലുള്ള ക്വാറി, വന , മാഫിയകളുടെ സാന്നിദ്ധ്യം പകല്‍ വെളിച്ചം പോലെ വ്യക്തമാണ്‌. ഇവരുടെയെല്ലാം മുഖംമൂടി അണിഞ്ഞ്‌ പ്രക്ഷോഭങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാകട്ടെ കത്തോലിക്കാ മത മേധാവിത്വവുമാണ്‌. കര്‍ഷകരുടെ താത്‌പര്യങ്ങളല്ല മറിച്ച്‌ ഈ മാഫിയാകളുടെ താല്‍പര്യങ്ങളാണ്‌ ഇവിടെ സംരക്ഷിക്കപ്പെടുന്നത്‌. ഗാഡ്‌ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിലോ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിലോ പ്രതിപാതിക്കാത്തതും അവയുടെ അന്തസത്തയുമായി പുലബന്ധം പോലുമില്ലാത്തതുമായ കെട്ടിച്ചമച്ച കഥകളും കുപ്രചാരണങ്ങളും അഴിച്ചുവിട്ട്‌ രാജ്യത്ത്‌ കലാപ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഛിദ്രശക്തികള്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്‌ കര്‍ഷകരേയും പാവപ്പെട്ട സാധാരണക്കാരേയും മുന്നില്‍ നിര്‍ത്തിയാണ്‌. സഭാ നേതൃത്വം നടത്തുന്ന വളച്ചൊടിക്കലുകളുടേയും തെറ്റിധരിപ്പിക്കലിന്റേയുംവിഷലിപ്‌തത തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതും മലയോര മേഖലയിലെ ജനങ്ങളെ തെരുവിലിറക്കാന്‍ കാരണമായിട്ടുണ്ട്‌.
ഇത്‌ തികച്ചും യാഥൃശ്ചികമായതോ ഒറ്റപ്പെട്ടതോ ആയ സംഭവങ്ങള്‍ അല്ല. ഇത്തരം തകര്‍ക്കലുകളുടേയും കയ്യേറ്റങ്ങളുടേയും ചരിത്രം സഭയ്‌ക്ക്‌ പുത്തരിയുമല്ല. ബൈബിള്‍ പഴയ നിയമത്തില്‍ ഇത്തരം തകര്‍ക്കലുകള്‍ക്കലുകള്‍ക്കായുള്ള ആഹ്വാനവും നമുക്ക്‌ കാണാം. ? ?നിങ്ങള്‍ പുറന്തള്ളാന്‍ പോകുന്ന ജനതകള്‍ അവരുടെ ദേവന്‍മാരെ സേവിച്ചിരുന്ന എല്ലാ സ്ഥലങ്ങളും, ഉന്നത പര്‍വ്വതങ്ങളും മലകളും എല്ലാ പച്ചമരങ്ങളും തീര്‍ച്ചയായും നശിപ്പിക്കണം. അവരുടെ ബലിപീഠങ്ങള്‍ നിങ്ങള്‍ തകര്‍ക്കണം. സ്‌തംഭങ്ങള്‍ ഇടിച്ചു നിരത്തണം അവരുടെ അശേറ പ്രതിഷ്‌ഠ തീയില്‍ ചുട്ടുകളയണം. അവരുടെ ദേവന്‍മാരുടെ കൊത്തു രൂപങ്ങള്‍ വെട്ടി വീഴ്‌ത്തണം അവരുടെ പേരുകള്‍ ആ സ്ഥലത്തു നിന്നും നിര്‍മ്മാര്‍ജ്ജനം ചെയ്യണം??(ആവ.12:2-3) പഴയ നിയമത്തില്‍ നിന്നുമുള്ള ഇത്തരം ആഹ്വാനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാകും ഇവര്‍ ഭൂമിയെ ഉപഭോഗ വസ്‌തുവാക്കി മാറ്റുന്നത്‌.
ഇസ്രായേല്‍ ജനതയെ പണ്ട്‌ കാനാന്‍ദേശത്തു നിന്നു ആട്ടിപ്പായിച്ച്‌ പൈശാചിക ശക്തികള്‍ അവിടെ അധികാരം കൈക്കലാക്കിയതുപോലെ മലയോര കര്‍ഷകരെ പശ്ചിമഘട്ട മലനിരകളില്‍ നിന്നും കുടിയിറക്കി ആനത്താരകളും സംരക്ഷിത വനങ്ങളും സൃഷ്‌ടിക്കുവാനുള്ള നീക്കങ്ങളാണ്‌ ഗാഡ്‌ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിലൂടെയും കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിലൂടെയും ലക്ഷ്യമിടുന്നത്‌ എന്ന്‌ പ്രചരിപ്പിച്ചാണ്‌ ഇവിടെ ഇടയലേഖനങ്ങള്‍ ഇറക്കുന്നതും പ്രചരണങ്ങള്‍ നടത്തുന്നതും.
നിയമപരമായി നോക്കിയാല്‍ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ നിലനില്‍ക്കില്ല. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച്‌ പഠിക്കാനും അതിനനുസരിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുവാനും സര്‍ക്കാര്‍ ഒദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടുള്ളതും വസ്‌തുതാ പരമായി പഠനം നടത്തിയിട്ടുള്ളതും പരിസ്ഥിതി വിദഗ്‌ദര്‍ അടങ്ങിയ ഗാഡ്‌ഗിലിന്റെ നേതൃത്വത്തിലുള്ള പാനലാണ്‌. ആ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ സംബന്ധിച്ചുള്ള പരാതികള്‍ കേള്‍ക്കാനും അതിന്റെ അടിസ്ഥാനത്തില്‍ ഗാഡ്‌ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തുവാനുമാണ്‌ ബഹിരാകാശ ശാസ്‌ത്രജ്ഞനായ കസ്‌തൂരി രംഗനെ ഏകാംഗ കമ്മീഷനായി സര്‍ക്കാര്‍ നിയമിച്ചത്‌. അതുകൊണ്ട്‌ തന്നെ കസ്‌തൂരി രംഗന്‌ പൂര്‍ണ്ണമായ റിപ്പോര്‍ട്ട്‌ അവതരിപ്പിക്കാന്‍ അര്‍ഹതയും ഇല്ല. കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ എന്നൊരു റിപ്പോര്‍ട്ടും ഇല്ല. കൂടുതല്‍ ജനാധിപത്യ സ്വഭാവമുള്ളതും നിയമപരമായുള്ളതുമായ ഗാഡ്‌ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടു തന്നെയാണ്‌ നടപ്പിലാക്കേണ്ടത്‌.
എന്നാല്‍ മാഫിയകളുടേയും അവരുടെ സംരക്ഷകരായ സഭകളുടേയും സമ്മര്‍ദ്ദത്തിന്‌ വഴങ്ങി ഗാഡ്‌ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ പൂര്‍ണ്ണമായും തള്ളികളഞ്ഞുകൊണ്ട്‌ കസ്‌തൂരിരംഗന്റെ റിപ്പോര്‍ട്ട്‌ നടപ്പിലാക്കുവാനാണ്‌ സര്‍ക്കാര്‍ തയ്യാറായത്‌. കസ്‌തൂരിരംഗനാകട്ടെ പശ്ചിമഘട്ടത്തിന്റെ പ്രധാന മേഖലകളെയെല്ലാം ഒഴിവാക്കിയിരിക്കുകയാണ്‌. 1,60,000 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയുള്ള പശ്ചിമഘട്ടത്തില്‍ 60,000 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ്‌ കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംരക്ഷിത മേഖലയാക്കി മാറ്റുന്നത്‌ ബാക്കിയുള്ള 1,00,000 ചതുരശ്ര കിലോമീറ്ററിനെ കസ്‌തൂരി രംഗന്‍ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. ആകെയുള്ള പശ്ചിമ ഘട്ടത്തിന്റെ 37 ശതമാനത്തിന്റെ മാത്രം സംരക്ഷിക്കുന്നതിലൂടെ അട്ടിമറിക്കപ്പെടുന്നത്‌ യഥാര്‍ത്ഥത്തില്‍ പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ടിനെ തന്നെയാണ്‌. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടില്‍ മുഖ്യമായി ചൂണ്ടിക്കാട്ടിയ പല നിര്‍ദേശങ്ങളും ഒഴിവാക്കി കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിനു പ്രാധാന്യം നല്‍കിയാണ്‌ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇപ്പോള്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്‌. ഇതിനായി F. No. 1-4/2012 - RE (Pt.) , Government of IndiaMinistry of Environment and Forests, Paryavaran Bhavan, CGO Complex, Lodhi Road, New Delhi - 110003, Dated: 13 .11.2013 Sub: Directions under Section 5 of the Environment (Protection) Act, 1986 -ാം നമ്പരായി സര്‍ക്കാര്‍ ഇറക്കിയ 67 പേജുള്ള കത്തില്‍ പശ്ചിമഘട്ട സംരക്ഷണത്തിനായി എടുക്കേണ്ട മുന്‍കരുതലുകളെ പറ്റി വ്യക്തമായും നിര്‍ദ്ദേശിക്കുന്നുണ്ട്‌. അവയില്‍ ഒന്നു പോലും കര്‍ഷക വിരുദ്ധമോ സാധാരണ ജനങ്ങളെ ഒരു തരത്തിലും ബാധിക്കുന്നവയോ അല്ല. കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വില്ലേജുകളില്‍ താഴെ പറയുന്ന പ്രവര്‍ത്തികള്‍ മാത്രമാണ്‌ നിരോധിച്ചിട്ടുള്ളത്‌
1. മണല്‍, പാറ ഖനനം പാടില്ല
2. താപവൈദ്യുത നിലയം പാടില്ല
3. ഇരുപതിനായിരം ചതുരശ്ര മീറ്ററില്‍ കൂടുതലുള്ള വീട്‌ പാടില്ല.
4. 50 ഹെക്ടര്‍ ഏരിയയിലോ ഒന്നരലക്ഷം ചതുരശ്ര മീറ്റര്‍ വിസ്‌തീര്‍ണ്ണമുള്ളതോ ആയ കെട്ടിട സമുച്ചയം പാടില്ല.
5. ചുവപ്പുപട്ടികയില്‍ പെടുത്തിയിട്ടുള്ള വ്യവസായങ്ങള്‍ പാടില്ല.
ഇതില്‍ ഒരു നിര്‍ദ്ദേശങ്ങളും കര്‍ഷകരെ നേരിട്ടു ബാധിക്കുന്നവ അല്ലന്നു മാത്രമല്ല പലതും നിലവിലുള്ള നിയമങ്ങളാണ്‌. ജലവൈദ്യുത പദ്ധതികള്‍ക്കും കാറ്റാടിപ്പാടങ്ങള്‍ക്കും കസ്‌തൂരി രംഗന്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുമില്ല. പട്ടയം നല്‍കുന്നതിനോ ഒന്നും എതിര്‍പ്പുമില്ല.
കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ണ്ണാടകയില്‍ 1179 വില്ലേജുകളും, മഹാരാഷ്‌ട്രയില്‍ 1055 വില്ലേജുകളും, ഗോവയില്‍ 200 വില്ലേജുകളും തമിഴ്‌ നാട്ടില്‍ 133 വില്ലേജുകളും കേരളത്തില്‍ 124 വില്ലേജുകളും ഗുജറാത്തില്‍ 65 വില്ലേജുകളും നിയന്ത്രണത്തിന്റെ കീഴില്‍ വരും. എന്നാല്‍ ആ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ക്ക്‌ എതിരെ കര്‍ണ്ണാടകയിലും , മഹാരാഷ്‌ട്രയിലും, തമിഴ്‌നാട്ടിലും ഗോവയിലും ഗുജറാത്തിലും അധിവസിക്കുന്ന ആളുകള്‍ക്ക്‌ ഇല്ലാത്ത ആശങ്കകളും ആവലാതികളും കേരളത്തില്‍ മാത്രം പ്രചരിപ്പിക്കുന്നതിനു പിന്നില്‍ വലിയ ഗൂഢാലോചന തന്നെ നടക്കുന്നുണ്ടന്നു വേണം കരുതാന്‍.
അതുമാത്രമല്ല പശ്ചിമഘട്ടത്തിന്റെ അറുപത്തിമൂന്ന്‌ ശതമാനവും ഒഴിവാക്കി അവശേഷിക്കുന്ന മുപ്പത്തേഴു ശതമാനമെങ്കിലും സംരക്ഷിക്കപ്പെടണമെന്ന ആവശ്യം ഉയരുമ്പോഴും അതിനെതിരായി ഉയരുന്ന പ്രക്ഷോഭങ്ങളെ സംശയ ദൃഷ്‌ടിയോടെ വേണം പൊതു സമൂഹം നോക്കി കാണുവാന്‍. പ്രകതിയുടെ മേലുള്ള ഒരു നിയന്ത്രണവും അനുവദിക്കുകയില്ലന്നും അത്‌ പരിധികളില്ലാതെ ചൂഷണം ചെയ്യാന്‍ തങ്ങള്‍ക്ക്‌ അധികാരമുണ്ടന്നുമുള്ള ചിലരുടെ ധാര്‍ഷ്‌ട്യമാണ്‌ ഇതിലൂടെ വ്യക്തമാകുന്നത്‌. പുഴകളും വനങ്ങളും മലകളും കൈവശപ്പെടുത്തി വെള്ളത്തിന്റേയും ജൈവവൈവിദ്ധ്യങ്ങളുടേയും നിയന്ത്രണം കൈക്കലാക്കുവാനും അതുവഴി പൊതു സമൂഹത്തോട്‌ വിലപേശാനുമുള്ള ചി ല മാഫിയകളുടെ വക്താക്കളായി മതനേതാക്കള്‍ രംഗത്ത്‌ വന്നിരിക്കുകയാണോ. അതോ പൊതു സമൂഹത്തിന്റെ അജ്ഞതയെ മുതലാക്കി പ്രകൃതിയേയും പ്രകൃതി വിഭവങ്ങളേയും കാല്‍ക്കീഴില്‍ ആക്കുവാനുള്ള സഭാ നേതൃത്വത്തിന്റെ ഗുഢതന്ത്രങ്ങളാണോ ഇപ്പോള്‍ നടപ്പിലാക്കുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ഇതോടൊപ്പം തന്നെ കൂട്ടി വായിക്കേണ്ട മറ്റൊരു പ്രധാന പ്രശ്‌നം കൂടിയുണ്ട്‌ . ചിലപ്പോള്‍ അത്‌ യാദൃശ്ചികമാകാം അല്ലങ്കില്‍ അതിനു പിന്നില്‍ വ്യക്തമായ പ്ലാനുകളും പദ്ധതികളും ഉണ്ടാകാം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ പതിവ്‌ തുടരുന്നുമുണ്ട്‌. ഒരോ ശബരിമല സീസണും എത്തുമ്പോഴും ഒപ്പം വിവാദങ്ങളും വന്നെത്തി കൊണ്ടിരിക്കുന്നു. ശബരിമല തീര്‍ത്ഥാടനത്തെ അട്ടി മറിക്കുവാനും ശബരിമലയുടെ പരിശുദ്ധിയെ അപകീര്‍ത്തിപ്പെടുത്തുവാനും ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നു എന്ന പ്രചരണം കുറച്ചു വര്‍ഷങ്ങളായി സ്ഥിരം പല്ലവിയാണ്‌.
മുല്ലപ്പെരിയാര്‍ പ്രശ്‌നവും ദേശീയ കടുവാ സംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതി നിര്‍ദ്ദേശങ്ങളും, ജയമാല പ്രശ്‌നവും എല്ലാം ഓരോ തീര്‍ത്ഥാടന കാലം അടുത്തു വരുമ്പോഴും ഉയര്‍ത്തികൊണ്ടുവരുന്നത്‌ പതിവായിട്ടുണ്ട്‌ . ഇപ്പോഴത്തെ ഈ വിവാദങ്ങള്‍ക്കും തുടക്കമായത്‌ വൃശ്ചികം ഒന്നിനു തന്നെയാണ്‌. ഇതിനു പിന്നിലെ രഹസ്യങ്ങളും തിരക്കേണ്ടിയിരിക്കുന്നു.
സാധാരണക്കാരായ കര്‍ഷകരേയും ചെറുകിട ഭൂ ഉടമകളേയും തെറ്റിധരിപ്പിച്ച്‌ തെരുവിലിറക്കുന്നവര്‍ക്ക്‌ വ്യക്തമായ ഹിഡന്‍ അജണ്ടകള്‍ ഉണ്ട്‌ . കാരണം പ്രസ്‌തുത റിപ്പോര്‍ട്ട്‌ പൂര്‍ണ്ണമായും പരിശോധിച്ചാല്‍ അതു ബോദ്ധ്യമാവുക തന്നെ ചെയ്യും. അനധികൃതമായ സര്‍ക്കാര്‍ ഭൂമി വന്‍തോതില്‍ കൈവശം വച്ചു കൊണ്ടിരിക്കുന്നവര്‍ക്കും, ഖനനം നടത്തുന്നവര്‍ക്കും പരിസ്ഥിതി ലോല മേഖലകളില്‍ വന്‍കിട കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങള്‍ പണിതുയര്‍ത്തി ടൂറിസം ബിസ്സിനസ്സ്‌ നടത്തുന്നവര്‍ക്കും ദോഷകരമായ പല നിര്‍ദ്ദേശങ്ങളും ഈ റിപ്പോര്‍ട്ടില്‍ ഉണ്ട്‌. അത്തരക്കാരുടെ സ്വാധീനമാണ്‌ ഈ റിപ്പോര്‍ട്ട്‌ വെളിച്ചം കാണാതിരിന്നതിനും, ഇപ്പോള്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കാതിരിക്കാന്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നതിനും കാരണമായിട്ടുള്ളത്‌.
സത്യം എന്തു തന്നെയായാലും മത നേതാക്കള്‍ പറയുന്നത്‌ അപ്പാടെ വിശ്വസിക്കണമെന്നും അതിനെ ചോദ്യം ചെയ്യാന്‍ അനുവദിക്കുകയില്ലന്നുമുള്ള നിലപാടുകളാണ്‌ ഇത്തരം മത നേതൃത്വങ്ങള്‍ എന്നും കൈക്കൊണ്ടു പോന്നിരുന്നത്‌. ഭൂമി പരന്നതല്ല ഉരുണ്ടതാണന്നു പറഞ്ഞ ശാസ്‌ത്രജ്ഞനെ വധശിക്ഷക്കു വിധിച്ച പഴയ കത്തോലിക്ക നേതൃത്വത്തിന്റെ നിലപാടു തന്നെയല്ലെ ഗാഡ്‌ഗില്‍- കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടുകളുടെ കാര്യത്തിലും ഇപ്പോഴും സഭ തുടര്‍ന്നു പോരുന്നത്‌. ജനാധിപത്യ സ്വഭാവമില്ലാത്ത ഇത്തരം സഭകളുടെ നിലപാടുകളും എപ്പോഴും ജനവിരുദ്ധങ്ങളും ആയിരിക്കും. ജനാധിപത്യ സ്വഭാവം ഉള്‍ക്കൊള്ളുന്ന സി.എസ്‌.ഐ. പോലുള്ള സഭകളുടെ നിലപാടുകള്‍ ആവട്ടെ ഈ വിഷയത്തില്‍ സത്യത്തിനോട്‌ നീതി പുലര്‍ത്തുന്നതുമാണ്‌. അവര്‍ പ്രകൃതിയെ സംരക്ഷിക്കപ്പെടണമെന്ന കാര്യത്തില്‍ പ്രതിജ്ഞാ ബദ്ധരുമാണ്‌. എന്തിനേയും ഏതു വിധേനെയും അടക്കി വാഴുവാനുള്ള നീക്കങ്ങള്‍ നിലനില്‍ക്കുകയില്ല.
ഇത്തരം നീക്കങ്ങള്‍ക്കു പിന്നില്‍ സഭയ്‌ക്ക്‌ വ്യക്തമായ ലക്ഷ്യങ്ങള്‍ ഉണ്ട്‌. വ്യക്തമായ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ള പ്രവര്‍ത്തന പദ്ധതികളാണ്‌ അവര്‍ തയ്യാറാക്കുന്നത്‌. തങ്ങളുടെ വരുതിയില്‍ നില്‍ക്കാത്ത പാര്‍ട്ടികളേയും നേതാക്കളേയും അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുക വഴി അവര്‍ ലക്ഷ്യം വയ്‌ക്കുന്നത്‌ വരും നാളകളില്‍ ഭരണാധികാരികള്‍ തങ്ങള്‍ക്ക്‌ അടിമപ്പെട്ട്‌ നിന്നില്ലങ്കില്‍ നിങ്ങളേയും ക്രൂശിക്കുമെന്ന മുന്നറിയിപ്പ്‌ നല്‍കലാണ്‌. അത്തരത്തിലുള്ള അധികാര കേന്ദ്രീകൃതമായ സഭകളുടെ പദ്ധതികളെ മനസ്സിലാക്കാതെ സഭാ നേതൃത്വത്തിനു കീഴില്‍ അണിനിരക്കുന്ന മറ്റു സമുദായ സംഘടനാ നേതാക്കളെ സഭയുടെ ലക്ഷ്യങ്ങള്‍ നേടാനുള്ള ചവിട്ടു പടികളാക്കി മാറ്റുകയും ചെയ്യുന്നു. കത്തി നില്‍ക്കുന്ന വിളക്കിന്റെ ജ്വാല കണ്ട്‌ പറന്നടുക്കുകയും ചാമ്പലാവുകയും ചെയ്യുന്ന ഈയാം പാറ്റകളുടെ ഗതിയാകും പിന്നീട്‌ ഈ സമുദായ നേതാക്കള്‍ക്ക്‌ എന്ന്‌ അവര്‍ തിരിച്ചറിയുന്നില്ല. സ്വന്തമായ ശക്തി തെളിയിക്കാന്‍ കഴിയാത്ത ഒറ്റപ്പെട്ട ചില നേതാക്കളും ആള്‍ക്കൂട്ടത്തിനു മുന്നില്‍ നിന്ന്‌ ആളാകാനും ഇതിനോടൊപ്പം കൂടുന്നുണ്ട്‌.
ഭൂമിയിലുള്ള വസ്‌തുക്കള്‍ എല്ലാം മനുഷ്യന്‌ യഥേഷ്‌ടം ചൂഷണം ചെയ്യാനുള്ളതാണന്ന മിഥ്യാധാരണ ഉപേക്ഷിച്ച്‌ ശരിയായ ദിശയിലേക്കു ചിന്തിക്കാന്‍ സഭാ നേതൃത്വം തയ്യാറായില്ലങ്കില്‍ അവര്‍ ജനകീയ വിചാരണകള്‍ നേരിടേണ്ട കാലം വരുമെന്ന കാര്യത്തില്‍ സംശയമില്ല. മത പ്രചരണത്തിന്‌ ഭാരതത്തില്‍ എത്തിയ മിഷനറിമാര്‍ ഭാരതത്തിലെ പരമ്പരാഗത ജനതതിയോട്‌ കാണിച്ച അവഹേളനങ്ങളെ മുന്‍ നിര്‍ത്തി അമേരിക്കയില്‍ വച്ച്‌ സ്വാമി വിവേകാനന്ദന്‍ ക്രിസ്‌ത്യാനികളോട്‌ പറഞ്ഞ വാക്കുകള്‍ ഇന്നും ശ്രദ്ധേയമാണ്‌. ??എല്ലാ ഭാരതീയരും ഉണര്‍ന്നെഴുന്നേറ്റ്‌ നില്‍ക്കുകയും ഹിന്ദു മഹാസമുദ്രത്തിന്റെ അടിത്തട്ടിലെ മുഴുവന്‍ ചെളിമണ്ണും എടുത്ത്‌ പാശ്ചാത്യരാജ്യങ്ങളുടെ നേര്‍ക്ക്‌ എറിയുകയും ചെയ്‌താലും ആ നടപടികള്‍ നിങ്ങള്‍ ഞങ്ങളോട്‌ ചെയ്യുന്നതിന്റെ ഒരു അംശം പോലും ആവില്ല?.? എന്നതായിരുന്നു സ്വാമിയുടെ വാക്കുകള്‍. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ പൂര്‍ണമായും തള്ളിക്കളഞ്ഞ്‌ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ പേരില്‍ ഇപ്പോള്‍ മതമേലധ്യക്ഷന്‍മാര്‍ നടത്തുന്ന ഈ കുപ്രചാരണങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും അവര്‍ നല്‍കുന്ന സന്ദേശം ഒരു തരത്തിലുള്ള പരിസ്ഥിതി സംരക്ഷണവും കൈയേറ്റ നിയന്ത്രണവും തങ്ങള്‍ അനുവദിക്കില്ലെന്നതാണ്‌. ഇത്‌ തിരിച്ചറിഞ്ഞ്‌ യഥാര്‍ത്ഥ കര്‍ഷക പക്ഷത്തുനില്‍ക്കുന്ന പരിസ്ഥിതി വാദികളും രാജ്യസ്‌നേഹികളും ഒന്നടങ്കം രംഗത്തു വന്ന്‌ പശ്ചിമഘട്ടത്തിലെ മുഴുവന്‍ മണ്ണും പാറക്കല്ലുകളും എടുത്ത്‌ നിങ്ങളുടെ നേരെ എറിഞ്ഞാലും നിങ്ങള്‍ ഈ പ്രകൃതിയോടും വരും തലമുറയോടും ഇപ്പോള്‍ ചെയ്യുന്നതിന്റെ ഒരു അംശം പോലും ആവില്ല എന്ന്‌ നിങ്ങള്‍ തിരിച്ചറിയണം. ഭൂമിയുടെ മേലുള്ള അധീശക്തം നേടിയെടുക്കുവാന്‍ സഭാ നേതൃത്വം ഏതു രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്‌ കെനിയയുടെ ആദ്യ പ്രസിഡന്റായിരുന്ന ജോമോ കെനിയാട്ടയുടെ വാക്കുകള്‍
When the Missionaries arrived, the Africans had the land and the Missionaries had the Bible. They taught how to pray with our eyes closed. When we opened them, they had the land and we had the Bible.?
Jomo Kenyatta
ഇപ്പോള്‍ തന്നെ മലയോര മേഖലകളില്‍ നിന്നും ആട്ടിപ്പായിക്കപ്പെട്ട വനവാസികളും യഥാര്‍ത്ഥ കര്‍ഷകരും, കര്‍ഷക രക്ഷകരായി ചമഞ്ഞ്‌ കടന്നു വരുന്ന ഇക്കൂട്ടരെ ഇനിയും തിരിച്ചറിഞ്ഞില്ലങ്കില്‍ ആഫ്രിക്കന്‍ ജനതക്കു സംഭവിച്ചതു പോലെ കണ്ണടച്ചു തുറക്കുമ്പോഴേക്കും അവശേഷിക്കുന്ന കൃഷി ഭൂമി കൂടി നഷ്‌ടമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

സന്തോഷ്‌ അറയ്‌ക്കല്‍ 9961747406

Comments