പാപം ചെയ്യാത്തവര്‍ നരേന്ദ്ര മോഡിയെ കല്ലെറിയട്ടെ.......





ഇന്ന്‌ ഭാരതത്തിലാകമാനം ചര്‍ച്ച ചെയ്യപ്പെടുന്ന പേരാണല്ലോ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടേത്‌. ഭാരതത്തിന്റെ വികസന സ്വപ്‌നങ്ങളുടെയും അഴിമതി വിരുദ്ധ ഭരണത്തിന്റേയും പ്രതീക്ഷയായി ഒരു വിഭാഗം മോഡിയെ കാണുമ്പോള്‍ മറു വിഭാഗമാകട്ടെ അദ്ദേഹത്തെ ഭീകരതയുടെ ആള്‍ രൂപമായി ചിത്രീകരിക്കുന്നു. ഭാരതത്തിലാകമാനം നരേന്ദ്ര മോഡിയെപ്പോലെ വേട്ടയാടപ്പെട്ട ഒരു നേതാവും വേറെയുണ്ടാകാനിടയില്ല. അത്രക്കു വേട്ടയാടപ്പെടേണ്ട എന്തു പ്രവര്‍ത്തിയാണ്‌ മോഡി ചെയ്‌തിട്ടുള്ളത്‌. ഗുജറാത്തില്‍ 2002 ല്‍ നടന്ന കലാപത്തിന്റെ പേരിലാണ്‌ ആ വേട്ടയാടല്‍ നടന്നിട്ടുള്ളത്‌. ഭരണ കൂടത്തിന്റെ തലവന്‍ എന്ന നിലയില്‍ തന്റെ കര്‍ത്തവ്യം വേണ്ട രീതിയില്‍ നടപ്പിലാക്കിയില്ല എന്നതും കലാപകാരികള്‍ക്ക്‌ അനു കൂലമായ നടപടികള്‍ സ്വീകരിച്ചു എന്നുള്ളതുമാണ്‌ അദ്ദേഹത്തിന്‌ എതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍.
മോഡിക്കും ഗുജറാത്തിനും എതിരെ പ്രവര്‍ത്തിക്കുന്നവര്‍ സൗകര്യ പൂര്‍വ്വം മറച്ചു വയ്‌ക്കുന്ന സത്യങ്ങള്‍ കാണാതെ പോകുന്നത്‌ ഉചിതമായിരിക്കില്ല. ഗുജറാത്ത സംസ്ഥാനം രൂപം കൊണ്ടതിനു ശ്ശേഷം ഗുജറാത്തില്‍ ആകെ ഒരു കലാപം മാത്രമെ നടന്നിട്ടുള്ളൂ എന്നു തോന്നും വിമര്‍ശകരുടേയും പത്രമാധ്യമങ്ങളുടേയും എഴുത്തും പറച്ചിലും കണ്ടാല്‍. എന്നും കലാപങ്ങള്‍ക്ക്‌ പേരു കേട്ട ഭൂമിയായിരുന്നു ഗുജറാത്ത്‌. അഹമ്മദാബാദിലും സൂററ്റിലും കലാപങ്ങള്‍ നിത്യ സംഭവം ആയിരുന്നു . 1950 മുതല്‍ 2002 വരെയുള്ള കാലയളവിനുള്ളില്‍ ഗുജറാത്തില്‍ നടന്നിട്ടുള്ളത്‌ ചെറുതും വലുതുമായി ഏകദേശം ഇരുപതിലധികം വര്‍ഗ്ഗീയ കലാപങ്ങളാണ്‌. 1969ലും 1985 ലും 1986 ലും 1992 ലും നടന്നിട്ടുള്ള കലാപങ്ങള്‍ എടുത്തു പറയേണ്ടവയാണ്‌. ആ കലാപങ്ങളിലെല്ലാം ജീവനും സ്വത്തും നഷ്‌ടപ്പെട്ടിട്ടുള്ളത്‌ പതിനായിരകണക്കായ ജനങ്ങള്‍ക്കാണ്‌. ഗുജറാത്ത്‌ കലാപത്തിന്റെ കണക്കെടുക്കുന്ന അഭിനവ ബുദ്ധി ജീവികളും മനുഷ്യാവകാശക്കാരും ആരും തന്നെ ഈ കലാപങ്ങളെക്കുറിച്ച്‌ ഒരക്ഷരം പോലും ഉരിയാടുന്നില്ല. കാരണം ഈ കലാപങ്ങളില്‍ എല്ലാം ജീവനും സ്വത്തും നഷ്‌ടപ്പെട്ടിട്ടുള്ളത്‌ മുഴുവന്‍ ഭൂരിപക്ഷ സമുദായക്കാര്‍ക്ക്‌ ആയിരുന്നു, അവരുടെ ജീവന്‌ വിലയും അവര്‍ക്ക്‌ മനുഷ്യാവകാശങ്ങളും ഇല്ലല്ലോ. 2002 ലെ കലാപത്തിന്‌ കാരണമായ ഗോദ്രയിലെ കൂട്ടക്കൊലയെക്കുറിച്ചും ഇവര്‍ക്ക്‌ മിണ്ടാട്ടമില്ല. 2002 ല്‍ ഗുജറാത്തില്‍ നടന്നിട്ടുള്ള കലാപം ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടികളോ സംഘടനകളോ സ്‌പോണ്‍സര്‍ ചെയ്‌തത്‌ ആയിരുന്നില്ല. മറിച്ച്‌ കാലാകാലങ്ങളായി ആക്രമണങ്ങള്‍ക്ക്‌ കൊള്ളയടിക്കും ഇരയാക്കപ്പെട്ട തിരിച്ചടിക്കാതെ ജീവിതം മുന്നോട്ടു നയിക്കാന്‍ ഗത്യന്തരമില്ലാത്ത ഒരു സമൂഹം രാഷ്‌ട്രീയ ചിന്തകള്‍ വെടിഞ്ഞ്‌ സട കുടഞ്ഞ്‌ എണീറ്റതിന്റെ പ്രതിഫലനം മാത്രമായിരുന്നു. കലാപത്തിന്റെ പേരില്‍ പ്രതിയാക്കപ്പെട്ടവരുടേയും ശിക്ഷിക്കപ്പെട്ടവരുടേയും ചരിത്രം പരിശോധിച്ചാല്‍ ഇതില്‍ എല്ലാ രാഷ്‌ട്രീയക്കാരും ഉണ്ടന്നും മനസ്സിലാക്കാവുന്നതെ ഉള്ളൂ. കലാപങ്ങളെ അത്‌ ആരു നടത്തിയാലും ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല. എന്തായാലും അതോടെ ഗുജറാത്തിലെ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്ക്‌ അറുതി വരികയും ചെയ്‌തു.
ഗുജറാത്തിനെ വര്‍ഗ്ഗീയ കലാപ വിമുക്തമാക്കിയ മുഖ്യമന്ത്രി എന്ന നിലയിലാണ്‌ യഥാര്‍ത്ഥത്തില്‍ നരേന്ദ്രമോഡി അറിയപ്പെടേണ്ടിയിരുന്നത്‌. കാരണം കഴിഞ്ഞ പത്തു വര്‍ഷത്തിലൊരിക്കല്‍ പോലും ഒരു വര്‍ഗ്ഗീയ കലാപവും സംഘട്ടനവും ഗുജറാത്തില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. അഹമ്മദാബാദിലും സൂററ്റിലുമെല്ലാം പലപ്പോഴും കലാപങ്ങള്‍ ഉണ്ടായിരുന്നത്‌ വ്യത്യസ്ഥ സമുദായക്കാര്‍ തമ്മില്‍ മാത്രമായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്‌. മുഹറവും ബലി പെരുന്നാളും പോലുള്ള ആഘോഷങ്ങളില്‍ പോലും സുന്നി- ഷിയാ വിഭാഗങ്ങള്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ക്കും ഗുജറാത്ത്‌ വേദി ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ കലാപങ്ങളോ സംഘര്‍ഷങ്ങളോ ഉണ്ടാകുന്നില്ലന്നു മാത്രമല്ല എല്ലാവര്‍ക്കും സ്വാതന്ത്ര്യത്തോടെ അവരവരുടെ ആഘോഷങ്ങള്‍ നടത്തുന്നതിനും യാതൊരു തടസ്സവുമില്ല.
കലാപങ്ങള്‍ നടത്തുന്നവരെ അമര്‍ച്ച ചെയ്യാനും സമാധാനം പരിപാലിക്കുന്നതിനും മോഡി വഹിച്ചിട്ടുള്ള പങ്കിനെ നാം വിസ്‌മരിച്ചു കൂടാ. മോഡി വംശഹത്യക്ക്‌ നേതത്വം നല്‍കി എന്ന്‌ ആരോപിക്കുന്നവര്‍ കണ്ണടച്ച്‌ ഇരുട്ടാക്കാനാണ്‌ ശ്രമിക്കുന്നത്‌. 48 മണിക്കൂറിനുള്ളില്‍ 2002 ലെ കലാപത്തെ അടിച്ചമര്‍ത്താന്‍ മോഡിക്ക്‌ സാധിച്ചു. പോലീസ്‌ വെടി വയ്‌പില്‍ മരിച്ചവരുടെ സമുദായം തിരിച്ച കണക്കെടുക്കുവാന്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ തയ്യാറായാല്‍ ഈ വസ്‌തുത മനസ്സിലാക്കാവുന്നതെയുള്ളൂ. കലാപത്തിന്‌ ഉത്തരവാദി മോഡിയോ ഭൂരിപക്ഷ സമുദായമോ ആയിരുന്നില്ല. നമ്മള്‍ സൗകര്യ പൂര്‍വ്വം വിസ്‌മരിക്കുന്ന 2002 ന്‌ മുമ്പുള്ള നിരവധിയായ കലാപങ്ങളുടെ ചരിത്രം പ്രസിദ്ധീകരിക്കാന്‍ തയ്യാറായാല്‍ അതിനുള്ള കാരണം വ്യക്തമാകും.
മോഡിക്ക്‌ എതിരെ ചന്ദ്രഹാസം ഉയര്‍ത്തുന്ന കോണ്‍ഗ്രസ്സുകാര്‍ക്കും മാര്‍ക്‌സിസ്സ്‌റ്റുകള്‍ക്കും പെട്രോ ഡോളറില്‍ കണ്ണും നട്ട്‌ കൂലി എഴുത്ത്‌ നടത്തുന്ന കപട ബുദ്ധി ജീവികള്‍ക്കും ചരിത്രം അറിയാഞ്ഞിട്ടല്ല, അറിയില്ലന്ന്‌ നടിക്കുകയാണ്‌. ഭാരത മണ്ണില്‍ വംശ ഹത്യക്കു നേതൃത്വം നല്‍കിയതും വര്‍ഗ്ഗീയ വിഷ സര്‍പ്പങ്ങളെ പോറ്റി വളര്‍ത്തിയതും കോണ്‍ഗ്രസ്സ്‌ നേതൃത്വമാണന്ന ചരിത്ര സത്യത്തെ മറച്ചു പിടിച്ചിട്ടു കാര്യമില്ല.
ഭാരത വിഭജനത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യ നടന്നത്‌ 1984 ല്‍ ആണ്‌ അതിന്‌ നേതൃത്വം നല്‍കിയതാവട്ടെ കോണ്‍ഗ്രസ്സും രാജീവ്‌ ഗാന്ധിയും. ഇന്ദിരാഗാന്ധി വധത്തിനു ശേഷം ഇന്ത്യയുടെ വിവിധ വടക്കന്‍ സംസ്ഥാനങ്ങളിലായി കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകര്‍ കൊന്നൊടുക്കിയ സിക്കുകാരുടെ എണ്ണം നാം വിസ്‌മരിച്ചു കൂടാ. സ്വതന്ത്ര ഇന്ത്യയിലെ കറുത്ത അധ്യായമായി സിക്ക്‌ കൂട്ടക്കൊല നമ്മുടെ കണ്‍മുന്നില്‍ മായാതെ നില്‍ക്കുന്നു. അതിന്‌ നേതൃത്വം നല്‍കിയ അന്നത്തെ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയെ കോണ്‍ഗ്രസ്സ്‌ ഇന്നും മാന്യനായി ചിത്രീകരിക്കുന്നു. സിക്ക്‌ കൂട്ടക്കൊലയെക്കുറിച്ച്‌ സിബിഐ നല്‍കിയ റിപ്പോര്‍ട്ടിലും അന്നത്തെ പ്രധാന മന്ത്രിയുടേയും ഡല്‍ഹിയിലെ പോലീസ്‌ മേധാവികളുടേയും പങ്ക്‌ വ്യക്തമാക്കുന്നുണ്ടത്രെ. ഇതിനെക്കുറിച്ചുള്ള രാജീവ്‌ ഗാന്ധിയുടെ പ്രതികരണവും അന്ന്‌ ഏറെ വിവാദമായിരുന്നു. മനുഷ്യജീവന്‌ പുഴുവിന്റെ പോലും വിലകല്‍പ്പിക്കാത്ത പ്രതികരണമാണ്‌ അന്ന്‌ രാജീവ്‌ ഗാന്ധി നടത്തിയത്‌. ഒരു വന്‍ മരം വീഴുമ്പോള്‍ അതിനടിയില്‍ പെട്ട്‌ കുറെ പേര്‍ ചതഞ്ഞമരുന്നത്‌ സാധാരണമാണന്നായിരുന്നു രാജീവിന്റെ പ്രതികരണം. സിക്കുകാരെ കൂട്ടക്കെല ചെയ്‌തതിന്റെ പേരില്‍ ഒരു ക്ഷമാപണം പോലും നടത്താത്ത കോണ്‍ഗ്രസ്സുകാരാണ്‌ ഇന്ന്‌ മോഡിക്ക്‌ എതിരെ ആരോപണങ്ങളുമായി രംഗത്ത്‌ എത്തിയിരിക്കുന്നത്‌.
1950 മുതല്‍ ഭാരതത്തില്‍ നടന്നിട്ടുള്ള കലാപങ്ങള്‍ 1194 എണ്ണമാണന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. അതില്‍ 871 എണ്ണവും നടന്നിട്ടുള്ളത്‌ നെഹൃവിന്റേയും, ഇന്ദിരാഗാന്ധിയുടേയും രാജീവ്‌ ഗാന്ധിയുടേയും ഭരണത്തിന്‍ കീഴിലാണ്‌. ഭാരതത്തെ കലാപ ഭൂമിയാക്കി മാറ്റിയതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ്‌ നില്‍ക്കാന്‍ കോണ്‍ഗ്രസ്സിനോ നെഹൃു കുടുംബത്തിനോ ആകില്ല.
മോഡിക്ക്‌ എതിരായി നടക്കുന്ന ആരോപണങ്ങള്‍ക്കു മുന്നില്‍ വ്യക്തമായ നിഗൂഢ ലക്ഷ്യങ്ങള്‍ ഉണ്ട്‌. ഇന്ത്യയിലെ മികച്ച ഭരണത്തിന്‌ ഏറ്റവും നല്ല ഉദാഹരണമാണ്‌ ഗുജറാത്തിലെ നരേന്ദ്ര മോഡിയുടെ സര്‍ക്കാറെന്ന്‌ യു.എസ്‌ കോണ്‍ഗ്രസ്‌ വരെ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. മോഡിയുടെ ഗുജറാത്ത്‌ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ടു നയിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നതായും കോണ്‍ഗ്രഷനല്‍ റിസര്‍ച്ച്‌ സര്‍വീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 11 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ്‌ ഗുജറാത്ത്‌ കൈവരിക്കുന്നത്‌. രാജ്യത്തിന്റെ അഞ്ച്‌ ശതമാനം മാത്രം ജനസംഖ്യയുള്ള ഈ സംസ്ഥാനത്ത്‌ നിന്നാണ്‌ ഇന്ത്യയുടെ അഞ്ചില്‍ ഒന്ന്‌ കയറ്റുമതിയുമെന്ന്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. അതുപോലെ തന്നെ ഇന്ത്യന്‍ ഭരണാധികാരികളുടെ കഴിവ്‌ പരിശോധിക്കുന്ന എല്ലാ റിപ്പോര്‍ട്ടുകളിലും മോഡിയും ഗുജറാത്തും ഒന്നാമതെത്തുന്നു. ഈ ഒരു നേട്ടത്തെ കുറച്ചു കാണിക്കുന്നതിനും മോഡിയെ പോലെ കഴിവുള്ളവര്‍ ദേശീയ തലത്തിലേക്ക്‌ ഉയര്‍ന്നു വരുന്നത്‌ തടയുകയുമാണ്‌ ഈ പ്രചാരണങ്ങളുടെ എല്ലാം ലക്ഷ്യം.
ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ ഗുജറാത്തിനെയാണ്‌ ഭാരതത്തിലെ ഏറ്റവും വലിയ വികസിത സംസ്ഥാനമാക്കി മോഡി മാറ്റിയത്‌ . 12220 പേര്‍ മരിച്ച ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ കച്‌ പ്രദേശവും തകര്‍ന്ന സംസ്ഥാനത്തെ സാമ്പത്തിക നിലയും പുനരുദ്ധരിക്കുക എന്നതായിരുന്നു 2001 ഇല്‍ മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്ത നരേന്ദ്ര മോഡി നേരിട്ട വന്‍ വെല്ലുവിളി. ഈ വെല്ലുവിളികളെ അതിജീവിച്ച്‌ ഗുജറാത്തിന്റെ രക്ഷകനായി മാറിയ മോഡിയെ പോലുള്ളവരെയാണ്‌ ഇന്ന്‌ ഭാരതത്തിന്‌ ആവശ്യം. അല്ലാതെ ഇല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി മോഡിക്ക്‌ എതിരെ പ്രവര്‍ത്തിക്കുന്നവര്‍ ചിന്തിക്കുക. മോഡിക്ക്‌ എതിരെ കല്ലെറിയാന്‍ എന്ത്‌ അര്‍ഹതയാണ്‌ തങ്ങള്‍ക്കുള്ളത്‌ എന്ന്‌.
നയി ദുനിയ പത്രത്തിന്റെ ചീഫ്‌ എഡിറ്റര്‍ ലഖ്‌നോയിലെ സമാജ്‌ വാദി പാര്‍ട്ടി എം.പി ശഹീദ്‌ സിദ്ദീഖിയോട്‌ മോഡി പറഞ്ഞ വാക്കുകള്‍ ഇവിടെ ആവര്‍ത്തിക്കുന്നു. കലാപത്തില്‍ തനിക്കൊരിക്കലും പങ്കില്ല. പങ്കുണ്ടെങ്കില്‍ തന്നെ തൂക്കികൊന്നുകൊള്ളൂ. ക്ഷമാപണം നടത്താന്‍ തനിക്കൊരു മടിയുമില്ല. എന്നാല്‍ ചെയ്യാത്ത കുറ്റത്തിന്‌ ക്ഷമാപണം നടത്താന്‍ തനിക്കാവില്ല. താന്‍ നിരപരാധിയാണെന്ന്‌ തെളിഞ്ഞാല്‍ മാധ്യമങ്ങള്‍ തനിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ക്ക്‌ ക്ഷമാപണം നടത്തണം 

Comments

  1. ഗോദ്രയും ഗോദ്രനന്തര കലാപവും നിര്‍ഭാഗ്യകരം തന്നെ പക്ഷെ അതിനു നരേന്ദ്രമോഡിയെ ക്രൂശ്ശിക്കുന്നവര്‍ ഒന്നോര്‍ക്കുക അദ്ദേഹം അവിടെ വീണ്ടും വീണ്ടും തിരഞ്ഞെടുക്കപെടുകയായിരുന്നു.അപവാദപ്രചരണങ്ങള്‍ തുടരുന്നുകൊണ്ടിരിക്കുന്ന നിങ്ങള്‍ ആറു കോടി ഗുജറാത്തികളെ അപമാനിച്ചുകൊണ്ടിരിക്കുന്നു !!

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. This comment has been removed by a blog administrator.

    ReplyDelete
  4. This comment has been removed by a blog administrator.

    ReplyDelete
  5. good pls give me good news for me http://sarayutvnews.blogspot.com

    ReplyDelete
  6. Pls Facebook Harikrishnan Raveendranathakaimal

    ReplyDelete

Post a Comment