ശബരിമല : ഇരിക്കുന്ന കൊമ്പ് മുറിക്കാന്‍ കേരളം കൂട്ട് നില്‍ക്കരുത്.
മറ്റൊരു ശബരിമല സീസണ്‍ കൂടി അരംഭിച്ചു, ഒപ്പം വിവാദങ്ങളും. ശബരിമല തീര്‍ത്ഥാടനത്തെ അട്ടി മറിക്കുവാനും ശബരിമലയുടെ പരിശുദ്ധിയെ അപകീര്‍ത്തിപ്പെടുത്തുവാനും ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നു എന്ന പ്രചരണം കുറച്ചു വര്‍ഷങ്ങളായി സ്ഥിരം പല്ലവിയാണ്. മുന്‍കാലങ്ങളില്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത് സംഘ പരിവാര്‍ സംഘടനകളായിരുന്നു എങ്കില്‍ ഇക്കുറി എന്‍ എസ്സ് എസ്സും, എസ് എന്‍ ഡി.പി. യും അടക്കമുള്ള സംഘടനകളും ഈ ആരേപണം ശക്തമായി ഉന്നയിച്ചിരിക്കുന്നു. ശബരിമലയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ കാണുമ്പോഴും ഓരോ തീര്‍ത്ഥാടനക്കാലം അടുക്കുമ്പോഴും ഉയര്‍ന്നു വരുന്ന വിവാദങ്ങള്‍ ശ്രദ്ധിക്കുമ്പോഴും മനസ്സിലാക്കാന്‍ കഴിയുന്നത് ഈ ആരോപണങ്ങളില്‍ കഴമ്പ് ഉണ്ടാകാം എന്നു തന്നെയാണ്.
മുല്ലപ്പെരിയാര്‍ പ്രശ്‌നവും ദേശീയ കടുവാ സംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതി നിര്‍ദ്ദേശങ്ങളും, ജയമാല പ്രശ്‌നവും എല്ലാം ഓരോ തീര്‍ത്ഥാടന കാലം അടുത്തു വരുമ്പോഴും ഉയര്‍ത്തികൊണ്ടുവന്ന് ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കാനും അതോടൊപ്പം തന്നെ ശബരിമലയിലെ പ്രസാദ വിതരണത്തേക്കുറിച്ചുള്ള കപട പ്രചരണങ്ങള്‍ അഴിച്ചു വിട്ട് ശബരിമലയുടെ പരിശുദ്ധിയെ ഇല്ലാതാക്കാനും കാലാകാലങ്ങളായി ശ്രമിച്ചുവരുന്നതിന്റെ സമീപ ഉദാഹരണങ്ങള്‍ മാത്രമാണിത്. അരവണക്കും അപ്പത്തിനും എതിരെ ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ ഇതിന്റെ എല്ലാം ഭാഗമാണന്ന് വേണം കരുതാന്‍. ഇത്തരം ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകരും ശ്രമിക്കുന്നുണ്ട്. ഇത്തരം ഗൂഢാലോചന നടത്തുന്നവര്‍ക്ക് ശബരിമലയുമായ ബന്ധപ്പെട്ട ഒരുവിഭാഗം ആളുകള്‍ വിഷയങ്ങള്‍ ഇട്ടു നല്‍കുന്നതും പതിവാണ്. ഇത്തരം ആളുകളെയെല്ലാം നിയന്ത്രിക്കേണ്ട ദേവസ്വം ബോര്‍ഡും സര്‍ക്കാരും കുറ്റകരമായ അനാസ്ഥയാണ് ഈ വിഷയത്തില്‍ പാലിക്കുന്നതും.
ശബരിമല തീര്‍ത്ഥാടനം കൊണ്ട് കേരളത്തിലെ ഹൈന്ദവ ജന വിഭാഗങ്ങള്‍ക്ക് യാതൊരു ഭൗതിക നേട്ടങ്ങളും ഉണ്ടാകുന്നില്ലന്നതാണ് സത്യം. കാരണം ശബരിമലയില്‍ നേരിട്ടും പരോക്ഷവുമായി എത്തുന്ന മുഴുവന്‍ വരുമാനങ്ങളും ആത്യന്തികമായി എത്തി ച്ചേരുന്നത് കേരളത്തിന്റെ പൊതു ഖജനാവിലാണ്. അല്ലാതെ ഏതെങ്കിലും ഹൈന്ദവ സംഘടനകളുടെ പോക്കറ്റിലല്ല. എന്നിട്ടും കേരളീയ സമൂഹത്തിലെ ഒരു വിഭാഗം ഈ തീര്‍ത്ഥാടനത്തെ അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോഴാണ് ഇതിനു പിന്നിലെ ഗൂഢാലോചനയോക്കുറിച്ച് സംശയം ഉണ്ടാകുന്നത്. ഈ തീര്‍ത്ഥാടന കാലത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ കേരളത്തിലെ മറ്റ് മതസ്ഥരാണ് എന്ന് പറഞ്ഞാല്‍ പോലും അതില്‍ അതിശയോക്തി ഉണ്ടന്നു കരുതിന്നില്ല. കാരണം കേരള ഖജനാവിലെ പണം ഇന്ന് കൂടുതലായും വന്നു ചേരുന്നതും കേരളത്തില്‍ ഏറെ വ്യാപാര സ്ഥാപനങ്ങള്‍ ഉള്ളതും ആ വിഭാഗങ്ങള്‍ക്കാണല്ലോ.
കേരളത്തിലെ വാര്‍ഷിക സമ്പദ്‌ഘടനക്ക് ഇത്രയധികം സഹാകരമായ മറ്റൊരു സംഭവവും കേരളത്തിലില്ല. രണ്ട് മാസം കൊണ്ട് ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ വഴിപാടുകള്‍ നടത്തുന്ന പണം മാത്രമല്ല ഈ തീര്‍ത്ഥാടനം കൊണ്ടുള്ള നേട്ടം. കേരളത്തിലെ തെരുവോരങ്ങളില്‍ കരിക്ക് വില്‍ക്കുന്നവര്‍ മുതല്‍ പെട്രോള്‍ പമ്പുകള്‍ വരെയുള്ള കച്ചവടക്കാരിലൂടെയും മറ്റുമായി ഒരു തീര്‍ത്ഥാടന കാലത്ത് കേരളത്തിലേക്ക് എത്തുന്ന പണം ആയിരം കോടിയലധികം വരുമെന്നാണ് കണക്കാക്കുന്നത്. അപ്പോള്‍ ഈ തീര്‍ത്ഥാടനം കൊണ്ട് നേട്ടമുണ്ടാക്കുന്നത് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളും പതിനായിരക്കണക്കായ ചെറുതും വലുതുമായ കച്ചവടക്കാരുമാണ്. ഇതില്‍ ഹിന്ദു നാമധാരികള്‍ വളരെക്കുറവെ കാണുകയുള്ളൂ. എന്നിട്ടും നാടിന്റെ സമ്പദ്‌ഘടനയെ ഒരളവുവരെ താങ്ങി നിര്‍ത്തുന്ന ശബരിമലയെ നിലനിര്‍ത്തുന്നതിനാവശ്യമായ പദ്ധതികള്‍ രൂപീകരിക്കുന്നതിനു പകരം സര്‍ക്കാരാകട്ടെ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് ചൂട്ടു പിടിക്കുകയാണ് ചെയ്യുന്നത്. സര്‍ക്കാരിന്റെ ഈ നടപടി ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് സമമാണന്ന് അവര്‍ തിരിച്ചറിയുന്നില്ല. മുമ്പ് ട്രഷറി ബാന്‍ നിലനിന്നിരുന്ന കാലത്ത് ട്രഷറി സ്‌തംബനത്തെ ഒരു പരിധി വരെ പിടിച്ചു നിര്‍ത്തിയിരുന്നത് ശബരിമലയാണ്.
രാജ്യത്തിന്റെ ഖജനാവിലേക്ക് ഒരു രൂപാ പോലും ലഭിക്കാത്ത മറ്റ് മതസ്‌തരുടെ ആഭ്യന്തരവും വിദേശീയവുമായ തീര്‍ത്ഥാടനങ്ങള്‍ക്കെല്ലാം സര്‍ക്കാരുകള്‍ സബ്‌സിഡികളും ആനുകൂല്യങ്ങളും പ്രഖ്യാപിക്കുമ്പോള്‍ സര്‍ക്കാരിന്റെ ഖജനാവ് നിറക്കുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഒരാനുകൂല്യവും നല്‍കുന്നില്ലന്നു മാത്രമല്ല ഓരോ ഇനങ്ങളിലും അധിക ചാര്‍ജും ഈടാക്കുകയും ചെയ്യുന്നു. ഒരോ ശബരിമല സീസണും കേരളത്തിലെ പൊതു സമൂഹത്തിന് സമ്മാനിക്കുന്നത് അളവറ്റ സമ്പത്തുകളാണ്.
അങ്ങിനെയെങ്കില്‍ ശബരിമല തീര്‍ത്ഥാടനം നിലനില്‍ക്കേണ്ടതും അഭിവൃദ്ധിപ്പെടേണ്ടതും ആരുടെ ആവശ്യമാണ്. കേരളത്തിലെ ഹൈന്ദവ ജനതയുടേയോ അതോ പൊതു സമൂഹത്തിന്റേയോ. എന്നിട്ടും കേരളത്തിലെ പൊതു സമൂഹവും സര്‍ക്കാരും ഈ നേട്ടത്തെ തകര്‍ക്കുന്ന നിലപാട് എടുക്കുന്നത് എന്തുകൊണ്ട് എന്ന് ചിന്തിക്കേണ്ടതല്ലേ. ഹൈന്ദവ സമൂഹത്തെ സംബന്ധിച്ച് ഇത് വിശ്വാസത്തിന്റെ മാത്രം പ്രശ്‌നമാണ്. ആത്മീയതയേയും വിശ്വാസത്തേയും എതിര്‍ക്കുന്ന ഭൗതിക വാദികള്‍ പോലും വൃശ്ചികമാസമായാല്‍ മാലയിട്ടും കറുപ്പുടുത്തും വിശ്വാസത്തിന്റെ പാതയിലേക്ക് മാറും. ഒരോ ശബരിമല സീസണുകളും നാട്ടില്‍ ഇല്ലാതായി കൊണ്ടിരിക്കുന്ന വിശ്വാസ തകര്‍ച്ചയില്‍ നിന്നും വിശ്വാസത്തിലേക്കുള്ള തീര്‍ത്ഥാടനമാകുന്നു എന്നതു മാത്രമാണ് ഹൈന്ദവ സമൂഹത്തിനുള്ള നേട്ടം. ഭൗതിക നേട്ടങ്ങളാകട്ടെ സര്‍ക്കാരിനും കേരളത്തിലെ കച്ചവട സമൂഹത്തിനും മാത്രം സ്വന്തം.
അപ്പോള്‍ തീര്‍ച്ചയായും ഈ തീര്‍ത്ഥാടനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പിന്നിലെ ലക്ഷ്യം വിശ്വാസത്തെ തകര്‍ക്കല്‍ തന്നെയാണ്. അപ്പോള്‍ അത് എതിര്‍ക്കപ്പെടേണ്ടതു തന്നെയല്ലേ. പക്ഷെ കേരളത്തിലെ ഹൈന്ദവ സമൂഹത്തിന് ഈ ഗൂഢാലോചനക്ക് എതിരെ യോജിച്ചു നിന്നു പോരാടാന്‍ കഴിയുന്നുണ്ടോ . ഒറ്റക്ക് ഒറ്റക്ക് പ്രസ്ഥാവനകള്‍ ഇറക്കുന്നതിനു പകരം കൂട്ടായും യോജിപ്പോടെയും ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇക്കൂട്ടര്‍ തയ്യാറാകുന്നില്ലങ്കില്‍ ഭൗതിക നേട്ടങ്ങള്‍ മറ്റുള്ളവര്‍ തട്ടിയെടുത്തതു പോലെ വിശ്വാസവും നശിപ്പക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.



Comments
Post a Comment