നന്ദി കെജ്രിവാള്‍ നന്ദി...



ഇതില്‍ പ്രതിപാദിക്കുന്ന അഭിപ്രായങ്ങള്‍ എന്റേതല്ല.........

ബിജെപിയുടെ ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്‌കരിക്കെതിരായി അരവിന്ദ്‌ കെജ്രിവാള്‍ ഉന്നയിച്ച ആരേപണങ്ങളുടെ പേരില്‍ കെജ്രിവാളിന്‌ നന്ദി രേഖപ്പെടുത്തി ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ പ്രസിദ്ധീകിച്ച കുറിപ്പ്‌ ....

ഒരു ചര്‍ച്ചക്കു വഴി ഒരുക്കുന്നതിനായി 
എന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നു എന്നു മാത്രം ......... 





അരവിന്ദ്‌ കെജ്രിവാളിനു ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഒരു പ്രവര്‍ത്തകന്‍ നന്ദി പറയുമ്പോള്‍ ഒരു പക്ഷേ അത്‌ നിങ്ങളില്‍ ആശ്ചര്യം സൃഷ്ടിച്ചേക്കാം. ബിജെപിയുടെ ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്‌കരിക്കെതിരായി ?കര്‍ഷകരുടെ ഭൂമി തട്ടിയെടുത്തു? എന്ന ആരോപണം കെജ്രിവാള്‍ ഉന്നയിച്ചിട്ട്‌ ഇരുപത്തിനാല്‌ മണിക്കൂര്‍ പോലുമായിട്ടില്ലാത്ത സ്ഥിതിക്ക്‌ പ്രത്യേകിച്ചും സംശയം ഇരട്ടിക്കാം.

അരവിന്‍ കെജ്രിവാളും... അഞ്‌ജലി ദമാനിയയും ഇന്നലെ വൈകീട്ട്‌ അഞ്ചിനു ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ്‌ ആരോപണങ്ങള്‍ ഉന്നയിച്ചത്‌. യഥാര്‍ത്ഥത്തില്‍ രണ്ടാഴ്‌ച മുമ്പ്‌ അഞ്‌ജലി ദമാനിയ ഉന്നയിച്ച ആരോപണങ്ങള്‍ കെജ്രിവാള്‍ ആവര്‍ത്തിക്കുക മാത്രമായിരുന്നു ചെയ്‌തത്‌.

പത്രസമ്മേളനം കഴിഞ്ഞതും രാജ്യത്തെ പ്രമുഖ ടെലിവിഷന്‍ ചാനലുകളില്‍ ഇതു സംബന്ധിച്ച്‌ വിശകലനം ആരംഭിച്ചു. ഇന്ത്യയിലെ പ്രമുഖ ന്യൂസ്‌ ചാനലായ ടൈംസ്‌ നൌവിന്റെ അമരക്കാരനും ശ്രദ്ധേയനായ ന്യൂസ്‌ ആങ്കറുമായ അര്‍ണോബ്‌ ഗോസ്വാമിയുടെ പ്രതികരണം ശ്രദ്ധേയമായിരുന്നു. ?പതിവിനു വിരുദ്ധമായി മുഴുവന്‍ ചോദ്യങ്ങള്‍ക്കും പ്രതികരിക്കാന്‍ നില്‍ക്കാതെ അരവിന്ദ്‌ കെജ്രിവാളും സംഘവും പത്രസമ്മേളന വേദി വിട്ടു. നിതിന്‍ ഗഡ്‌കരിക്കെതിരെ എന്തു പുതിയ തെളിവാണ്‌ കെജ്രിവാള്‍ കൊണ്ടുവന്നത്‌??. സി.എന്‍.എന്‍ ഐ.ബി.എന്നിലെ ന്യൂസ്‌ ആങ്കറും രാജ്യത്തെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ രജ്‌ദീപ്‌ സര്‍ദേസായി അദ്ദേഹത്തിന്റെ ബിജെപി വിരോധം കൊണ്ട്‌ ശ്രദ്ധേയനാണ്‌. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു ?സത്യത്തില്‍ ബിജെപി ആശ്വസിക്കുകയാണ്‌. എന്തെന്നാല്‍ കെജ്രിവാളിന്റെ പത്രസമ്മേളനത്തില്‍ പുതുതായി ഒന്നുമില്ല. നേരത്തെ വന്ന ആരോപണങ്ങള്‍ക്ക്‌ നിതിന്‍ ഗഡ്‌കരി മറുപടി നല്‍കിയതുമാണ്‌?. എന്‍.ഡി.ടി.വി, ഹെഡ്‌ലൈന്‍സ്‌ ടുഡേ തുടങ്ങിയ പൊതുവില്‍ ബിജെപി വിരുദ്ധതയുള്ള കെജ്രിവാള്‍ ഫാന്‍സ്‌ അസോസിയേഷന്‍കാരായ മാധ്യമങ്ങളും നിതിന്‍ ഗഡ്‌കരി വിഷയത്തില്‍ കെജ്രിവാളിനെ പൂര്‍ണ്ണമായും കൈവിട്ടു.

റോബര്‍ട്ട്‌ വധേരക്കെതിരെ ഔട്ട്‌ ലുക്ക്‌ മാസിക പുറത്തു കൊണ്ടുവരികയും ബിജെപി പാര്‍ലമെന്റില്‍ ഉന്നയിക്കുകയും ചെയ്‌ത വിഷയങ്ങള്‍ തമസ്‌കരിച്ച ഇതര മാധ്യമങ്ങള്‍, അതേ വിഷയം കെജ്രിവാള്‍ ഉന്നയിച്ചപ്പോള്‍ പ്രാധാന്യം നല്‍കിയിരുന്നു. അന്നാ ഹസാരെയുടെ സമരം മുതല്‍ ഡല്‍ഹിയിലെ ദൃശ്യമാധ്യമ പ്രവര്‍ത്തകരുമായുള്ള ബന്ധം കെജ്രിവാള്‍ ഇതു വരെ നന്നായി ഉപയോഗിച്ചിരുന്നു. സ്വന്തം രാഷ്ട്രീയമോഹങ്ങള്‍ക്ക്‌ മാധ്യമവേദികള്‍ അദ്ദേഹം ദുരുപയോഗം ചെയ്‌തുകൊണ്ടിരുന്നു. പക്ഷേ അതേ മാധ്യമങ്ങള്‍ക്കു പോലും ഇന്നലെ അദ്ദേഹത്തെ കൈവിടേണ്ടി വന്നു എന്നത്‌ രസകരമായി.

ഇന്നലെ നിതിന്‍ ഗഡ്‌കരിക്കെതിരെ കൊണ്ടുവന്ന ആരോപണങ്ങളുടെ നിജസ്ഥിതി മാധ്യമങ്ങളോടു തന്നെ അന്വേഷിക്കാന്‍ ബിജെപി നേതാവ്‌ രവി ശങ്കര്‍ പ്രസാദ്‌ വെല്ലുവിളിച്ചു. ആരോപണങ്ങള്‍ക്ക്‌ അര മണിക്കൂറിനുള്ളില്‍ തന്നെ നിതിന്‍ ഗഡ്‌കരി, അരുണ്‍ ജെയ്‌റ്റ്‌ലി, സുഷമ സ്വരാജ്‌ എന്നിവര്‍ ഒരുമിച്ചു നടത്തിയ വാര്‍ത്ത സമ്മേളനം മറുപടി നല്‍കി.

എന്താണ്‌ കെജ്രിവാളിന്റെ ആരോപണങ്ങള്‍, എന്താണു നിജസ്ഥിതി എന്നറിയാന്‍ രാജ്യത്തെ ഏതൊരു പൌരനേയും പോലെ ബിജെപി പ്രവര്‍ത്തകനായ എനിക്കും താല്‍പ്പര്യമുണ്ടായിരുന്നു. സംഘ സ്വയംസേവകനായ നിതിന്‍ ഗഡ്‌കരിയുടെ ഭാഗത്തു നിന്ന്‌ അത്തരമൊരു പിശക്‌ സംഭവിച്ചോ എന്ന്‌ പലരേയും പോലെ ഞാനും ആശങ്കപ്പെട്ടു. അതിനാല്‍ തന്നെ സത്യാവസ്ഥ പരിശോധിക്കണമെന്നു തോന്നി.

അരവിന്ദ്‌ കെജ്രിവാളിന്റെ ആരോപണം വിദര്‍ഭയിലെ നൂറ്‌ ഏക്കര്‍ വരുന്ന കര്‍ഷക ഭൂമി നിതിന്‍ ഗഡ്‌കരിക്ക്‌ സര്‍ക്കാര്‍ കൈമാറി എന്നായിരുന്നു. അവിടെ ഡാം നിര്‍മ്മിക്കുന്നതിനു വേണ്ടി 200 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഡാം നിര്‍മ്മിച്ചു കഴിഞ്ഞ്‌ ബാക്കിയുള്ള നൂറേക്കര്‍ കര്‍ഷകര്‍ക്ക്‌ തിരികെ നല്‍കണമായിരുന്നു എന്നാണ്‌ കെജ്രിവാളിന്റെ ആവശ്യം. കര്‍ഷകര്‍ക്ക്‌ ഇക്കാര്യത്തില്‍ പരാതിയുണ്ടത്രെ. എന്താണു സത്യാവസ്ഥ?

1) ഭൂമി കാര്‍ഷിക ഭൂമി ആയിരുന്നില്ല എന്നത്‌ ഒന്നാമത്തെ കാര്യം. തരിശായ പാറക്കൂട്ടങ്ങള്‍ നിറഞ്ഞ നൂറേക്കര്‍ ഭൂമിയായിരുന്നു അത്‌.

2) ഭൂമി ലഭിച്ചത്‌ നിതിന്‍ ഗഡ്‌കരിക്കല്ല എന്നത്‌ രണ്ടാമത്തെ കാര്യം. പതിനയ്യായിരം കരിമ്പു കര്‍ഷകര്‍ അംഗങ്ങളായി നിതിന്‍ ഗഡ്‌കരിക്ക്‌ ഒരു ലക്ഷം രൂപയുടെ ഓഹരി മാത്രമുള്ള ഒരു സഹകരണ പ്രസ്ഥാനത്തിനാണ്‌ ഭൂമി ലഭിച്ചത്‌.

3) ഭൂമി എന്നെന്നേക്കുമായി ലഭിക്കുകയായിരുന്നില്ല എന്നത്‌ മൂന്നാമത്തെ കാര്യം. കേവലം പതിനൊന്നു വര്‍ഷത്തേക്ക്‌ കരിമ്പു നഴ്‌സറി നടത്തുന്നതിനു പാട്ടത്തിനു ആ സഹകരണ പ്രസ്ഥാനത്തിനു ലഭിക്കുകയായിരുന്നു.

4) ഡാമിലെ വെള്ളം മുഴുവന്‍ നഴ്‌സറിക്ക്‌ ഉപയോഗിക്കുന്നുവെന്നായിരുന്നു അടുത്ത ആരോപണം. എന്നാല്‍ ഡാമിലെ വെള്ളത്തിന്റെ ഒരു ശതമാനത്തില്‍ താഴെ 0.85 മാത്രമാണ്‌ ഈ നൂറേക്കറിലെ നഴ്‌സറിക്ക്‌ ലഭിക്കുന്നത്‌.

5) കര്‍ഷകര്‍ക്ക്‌ ഈ ഭൂമി തിരികെ നല്‍കണമായിരുന്നുവെന്ന്‌ അടുത്ത ആവശ്യം. ഇതു സാധ്യമല്ലെന്ന സുപ്രീം കോടതി വിധിയുണ്ട്‌. വികസനാവശ്യത്തിനു ഭൂമി ഏറ്റെടുത്ത്‌ ബാക്കിയുണ്ടെങ്കില്‍ അത്‌ സമൂഹത്തിനു ഗുണപരമായ ആവശ്യങ്ങള്‍ക്കേ നല്‍കാനാവൂ. തിരികെ കര്‍ഷകനു നല്‍കാന്‍ പാടില്ലെന്ന സുപ്രീം കോടതി വിധിയുണ്ട്‌.

ഇത്രയും കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ നിതിന്‍ ഗഡ്‌കരിയെ അഭിനന്ദിക്കാനാണു തോന്നിയത്‌. വിദര്‍ഭയിലെ പതിനയ്യായിരം കര്‍ഷകരെ സംഘടിപ്പിച്ച മഹത്തായ ഒരു സഹകരണ പ്രസ്ഥാനം തുടങ്ങി അവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രേരിപ്പിച്ചതാണോ അദ്ദേഹം ചെയ്‌ത തെറ്റ്‌?

പുറമേ പതിനൊന്നു രൂപക്ക്‌ ലഭിക്കുന്ന കരിമ്പ്‌ സീഡ്‌ കേവലം 5 രൂപക്ക്‌ കര്‍ഷകര്‍ക്ക്‌ ലഭ്യമാക്കിയതാണോ ആ സഹകരണ സ്ഥാപനം ചെയ്‌ത തെറ്റ്‌?

നിതിന്‍ ഗഡ്‌കരി ഡാം നിര്‍മ്മാണത്തിന്റെ ഫണ്ടുകള്‍ കരാരുകാര്‍ക്ക്‌ റിലീസ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ കേന്ദ്രമന്ത്രി പവന്‍ കുമാര്‍ ബന്‍സാലിനു കത്തെഴുതിയെന്നതാണ്‌ അടുത്ത ആരോപണം. വിദര്‍ഭ പ്രദേശത്തു നിന്നുള്ള പൊതുപ്രവര്‍ത്തകനാണ്‌ അദ്ദേഹം. ആ പ്രദേശത്തു നിന്നുള്ള മുഴുവന്‍ ജനപ്രതിനിധികളും കോണ്‍ഗ്രസ്സ്‌ മഹാരാഷ്ട്ര പ്രദേശ്‌ പ്രസിഡണ്ട്‌ ഉള്‍പ്പെടെയുള്ളവര്‍ സമാന ആവശ്യം ഉന്നയിച്ച്‌ കേന്ദ്രത്തിനു കത്തെഴുതിയിട്ടുണ്ട്‌. എന്താണ്‌ നിതിന്‍ ഗഡ്‌കരിയുടെ കത്തിന്റെ കാതല്‍? ?ചില ഡാമുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ അഴിമതി ആരോപണമുണ്ടെങ്കിലും, അതു മൂലം മുഴുവന്‍ ഡാമുകളുടേയും നിര്‍മ്മാണം അനിശ്ചിതത്വിലാവരുത്‌. അത്‌ വരള്‍ച്ച നേരിടുന്ന കര്‍ഷകര്‍ക്ക്‌ ഏറെ ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ട്‌ ആരോപണമില്ലാത്ത പ്രൊജക്ടുകളിലെ പണം റിലീസ്‌ ചെയ്യണം? എന്ന്‌ ആവശ്യപ്പെടുന്നതില്‍ എവിടെയാണ്‌ പിശക്‌?

മറ്റൊരു ആരോപണം ഡാമുകളിലെ വെള്ളം കാര്‍ഷികാവശ്യത്തേക്കാള്‍ കുടിവെള്ള, വ്യവസായ ആവശ്യങ്ങള്‍ക്കു നല്‍കുന്നുവെന്നാണ്‌. ഇതിനു മറുപടി പറയേണ്ട ബാധ്യത നിതിന്‍ ഗഡ്‌കരിക്ക്‌ ഇല്ലെങ്കിലും, അതിന്റെ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്‌. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്‌, മദ്ധ്യപ്രദേശ്‌, രാജസ്ഥാന്‍ തുടങ്ങി വര്‍ള്‍ച്ച കെടുതി അനുഭവിക്കുന്ന സംസ്ഥാനങ്ങളില്‍ ഒരു ?വാട്ടര്‍ പോളിസി? സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്‌. അത്‌ ഇപ്രകാരമാണ്‌ . ഡാമുകളിലെ ജലത്തിന്റെ ആദ്യ ഉപയോഗം കുടിവെള്ളം, രണ്ടാം ഉപയോഗം വ്യവസായം മൂന്നാം ഉപയോഗം കൃഷി എന്നിങ്ങനെ ആയിരിക്കും. അതായത്‌ മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാട്ടര്‍ പോളിസി അനുസരിച്ച്‌ ഡാമുകളിലെ ജലം കുടിവെള്ളത്തിനും വ്യവസായത്തിനും ഉപയോഗിച്ച ശേഷമേ കൃഷിക്ക്‌ ഉപയോഗിക്കാനാവൂ. അതു സര്‍ക്കാര്‍ നയമാണ്‌.

അരവിന്ദ്‌ കെജ്രിവാളിനു നന്ദി പറയുന്നു. എന്തെന്നാല്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ദേശീയ പ്രസിഡണ്ട്‌ നിതിന്‍ ഗഡ്‌കരി അഴിമതി രഹിതനാണെന്ന്‌ ഇന്നാട്ടിലെ ജനങ്ങള്‍ക്ക്‌ ബോധ്യപ്പെടാന്‍ താങ്കളുടെ ആരോപണം കാരണമായിരിക്കുന്നു. അതു മാത്രമല്ല, നിതിന്‍ ഗഡ്‌കരി കേവലം ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ മാത്രമല്ലെന്നും ഒരു മികച്ച സഹകാരി കൂടിയാണെന്നും ഇക്കാര്യങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. പതിനയ്യായിരം കര്‍ഷകരെ സംഘടിപ്പിച്ച്‌ കരിമ്പു നഴ്‌സറി നടത്തുന്ന ഒരു സഹകരണ സംഘം തുടങ്ങുകയെന്നത്‌ ഒരു ഭഗീരഥ പ്രയത്‌നം തന്നെ. ഗ്രാമവികാസത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ഒരു മാതൃകാ സ്വയംസേവകനാണ്‌ നിതിന്‍ ഗഡ്‌കരി എന്ന്‌ ഉറപ്പിച്ച്‌ പറയാനാകും.

മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക്‌ നിതിന്‍ ഗഡ്‌കരിയെക്കുറിച്ച്‌ നല്ലതേ പറയാനുള്ളൂ. കോണ്‍ഗ്രസ്സിന്റെ തൊഴിലാളി സംഘടനയായ ഐ.എന്‍.ടി.യു.സിയുടെ നാഗപ്പൂര്‍ ഓഫീസില്‍ നിതിന്‍ ഗഡ്‌കരിയുടെ ചിത്രമുണ്ട്‌. കോണ്‍ഗ്രസ്സ്‌ തൊഴിലാളി സംഘടനയുടെ ഓഫീസില്‍ ബിജെപി പ്രസിഡണ്ടിന്റെ ചിത്രമോ എന്ന്‌ നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. ഐ.എന്‍.ടി.യു.സിയുടെ നാഗപ്പൂര്‍ ഘടകം പ്രസിഡണ്ട്‌ സ്ഥാനം നിതിന്‍ ഗഡ്‌കരിക്ക്‌ അവര്‍ ബഹുമാന സൂചകമായി നല്‍കിയിരിക്കുകയാണ്‌. എന്തിനെന്നോ, അദ്ദേഹം തൊഴിലാളികള്‍ക്കു ചെയ്‌ത മഹത്തായ സേവനങ്ങള്‍ മാനിച്ച്‌. ബി.എം.എസ്‌ രൂപീകരിക്കുന്നതിനു വേണ്ടി ഐ.എന്‍.ടി.യു.സിയില്‍ നിന്നും രാജി വച്ച്‌ പുറത്തു പോന്ന ദത്തോപാന്ത്‌ ഠേംഗ്‌ഡിജിക്ക്‌ ഐ.എന്‍.ടി.യു.സി യാത്രയയപ്പ്‌ നല്‍കിയത്രെ. ഠേംഗ്‌ഡിജിയുടെ തൊഴിലാളി വര്‍ഗ്ഗ സംഘാടന പ്രവര്‍ത്തനത്തിന്റെ ആത്മാര്‍ത്ഥതയും മികവുമാണ്‌ അവരെ അതിനു പ്രേരിപ്പിച്ചത്‌. അതിനു സമാനമാണ്‌ നിതിന്‍ ഗഡ്‌കരിയുടെ പ്രവര്‍ത്തനങ്ങളും.

സ്വയംസേവകനായി, എ.ബി.വി.പി പ്രവര്‍ത്തകനായി, യുവമോര്‍ച്ചയുടെ പ്രവര്‍ത്തകനായി, കാര്യകര്‍ത്താവായി, ഓരോ പദവികളും പിന്നിട്ട്‌ അദ്ദേഹം ബിജെപിയുടെ ദേശീയ പ്രസിഡണ്ട്‌ പദവിയിലെത്തിയത്‌ ഏതെങ്കിലും കുടുംബ മഹിമയുടെ പേരിലല്ല, മറിച്ച്‌ കഴിവിന്റെയും പ്രവര്‍ത്തനമികവിന്റെയും അംഗീകാരവുമായിട്ടായിരുന്നു.

മഹാരാഷ്ട്രയിലെ പൊതുമരാമത്ത്‌ മന്ത്രി ആയിരിക്കുമ്പോള്‍ നിതിന്‍ ഗഡ്‌കരിയാണ്‌ മുംബൈ പൂനെ എക്‌സ്‌പ്രസ്‌ ഹൈവേക്ക്‌ തുടക്കമിട്ടത്‌. മഹാരാഷ്ട്രയിലെമ്പാടും റോഡുകളുടേയും ഹൈവേകളുടേയും നെറ്റ്‌ വര്‍ക്കുകള്‍, മേല്‍പ്പാലങ്ങള്‍, ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട്‌ അഭിമാനാര്‍ഹമായ നേട്ടമാണ്‌ നിതിന്‍ ഗഡ്‌കരി സംസ്ഥാനത്തിനു വേണ്ടി ഉണ്ടാക്കിയത്‌.

ശേഷം അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ ഭരണത്തില്‍ ദേശീയ ഗ്രാമീണ റോഡ്‌ വികസന സമിതിയുടെ ചെയര്‍മാനായി. അന്ന്‌ നിതിന്‍ ഗഡ്‌കരി വിഭാവനം ചെയ്‌ത പദ്ധതിയാണ്‌ ?പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്‌ യോജന?. ഇന്ന്‌ ഭാരതത്തിലെ നിരവധി ഗ്രാമങ്ങള്‍ ബന്ധിപ്പിച്ച്‌ നിലവാരമുള്ള റോഡുകള്‍ നിര്‍മ്മിക്കപ്പെട്ടത്‌ ഈ പദ്ധതി മൂലമായിരുന്നു എന്ന്‌ നിഷേധിക്കാനാവുമോ? കേരളത്തില്‍ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്ത ഒരു പഞ്ചായത്ത്‌ പോലും ഉണ്ടാവില്ല എന്നുറപ്പാണ്‌. എന്റെ വീടിനു മുന്നിലൂടെ പോകുന്ന റോഡും ഇതേ പദ്ധതി പ്രകാരം നിര്‍മ്മിച്ചതാണെന്നത്‌ ബിജെപി പ്രവര്‍ത്തകനെന്ന നിലക്ക്‌ എനിക്കഭിമാനം പകരുന്ന വസ്‌തുതയാണ്‌.

അരവിന്ദ്‌ കെജ്രിവാളും സംഘവും രാജ്യത്തെ പ്രതിപക്ഷം തങ്ങളാണെന്നു വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നു. അതിനായി അവര്‍ ബിജെപിയെ കോണ്‍ഗ്രസ്സിനോടുപമിക്കുന്നു. എന്നാല്‍ വസ്‌തുതകള്‍ എന്ത്‌ എന്ന്‌ പരിശോധിക്കപ്പെടേണ്ടേ?

1) 2ജി അഴിമതി പാര്‍ലമെന്റില്‍ ഉന്നയിച്ച്‌ അന്വേഷണം പ്രഖ്യാപിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത്‌ ബിജെപി. നിയമപോരാട്ടം നടത്തിയത്‌ എന്‍.ഡി.എ നേതാവ്‌ സുബ്രഹ്മണ്യം സ്വാമി. ഈ വിഷയം ഉന്നയിച്ച്‌ രാജ്യവ്യാപക പ്രക്ഷോഭം നടത്തിയത്‌ ബിജെപി. റിസള്‍ട്ട്‌ : എ.രാജയും കനിമൊഴിയും ജയിലില്‍. സമ്പൂര്‍ണ്ണ നിയമനടപടി നേരിടുന്നു. മുരളി മനോഹര്‍ ജോഷിജി പി.എ.സി അദ്ധ്യക്ഷനെന്ന നിലക്ക്‌ നടത്തിയ ഇടപെടലുകളും ശ്രദ്ധേയം.

2) കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതി സംബന്ധിച്ച്‌ പ്രക്ഷോഭം നടത്തിയത്‌ ബിജെപി. അന്വേഷണം വന്നതും കല്‍മാഡി ജയിലില്‍ പോയതും ബിജെപി സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌.

3) കല്‍ക്കരി അഴിമതി : പാര്‍ലമെന്റ്‌ ആഴ്‌ചകള്‍ സ്‌തംഭിപ്പിച്ചു. അന്വേഷണത്തിനു സമ്മര്‍ദ്ദം ചെലുത്തി. ഇന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭം നയിക്കുന്നു.

4) കള്ളപ്പണ പ്രശ്‌നം : കഴിഞ്ഞ യു.പി.എ കാലത്തു തന്നെ എല്‍.കെ.അദ്വാനിജി ഇത്‌ വിഷയമാക്കി. ബിജെപിയുടെ മുഴുവന്‍ പ്രചാരണവും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കള്ളപ്പണം തിരികെ കൊണ്ടുവരുന്നത്‌ സംബന്ധിച്ച്‌. നിരന്തര പ്രക്ഷോഭങ്ങള്‍ ബിജെപി ഇതു സംബന്ധിച്ചു നടത്തി. പത്തു ലക്ഷം യുവാക്കളെ സംഘടിപ്പിച്ച്‌ യുവമോര്‍ച്ച നടത്തിയ പാര്‍ലമെന്റ്‌ മാര്‍ച്ചിനു നേരെ പോലീസ്‌ അതിക്രമം അഴിച്ചു വിട്ടു. ദേശീയ അദ്ധ്യക്ഷന്‍ അനുരാഗ്‌ സിങ്ങ്‌ താക്കൂറിനടക്കം പരിക്കേറ്റു.

5) വിലക്കയറ്റം : വിലക്കയറ്റത്തിനെതിരെ നിരന്തര പ്രക്ഷോഭം തന്നെ ബിജെപി അഴിച്ചു വിട്ടു. ഡല്‍ഹി കണ്ട ഏറ്റവും വലിയ പ്രക്ഷോഭ റാലിക്ക്‌ നിതിന്‍ ഗഡ്‌കരി നേതൃത്വം കൊടുത്തു. സ്വന്തം ജീവന്‍ പോലും തൃണവല്‍ഗണിച്ച്‌ നിത്യവും കഴിക്കേണ്ട മരുന്നു പോലും കഴിക്കാതെ സമരത്തിനിറങ്ങിയ നിതിന്‍ ഗഡ്‌കരി കുഴഞ്ഞു വീണു. പിറ്റേന്ന്‌ സമര വാര്‍ത്തകള്‍ ഒതുക്കിയ മലയാള മാധ്യമ ലോകം ?നിതിന്‍ ഗഡ്‌കരി കുഴഞ്ഞു വീണു? എന്ന്‌ ഒന്നാം പേജില്‍ നല്‍കി. രണ്ടു ദിവസം മുമ്പും രാജ്യത്തെ എല്ലാ ജില്ലകളിലും മഹിളാമോര്‍ച്ചയുടെ വലിയ വിലക്കയറ്റ വിരുദ്ധ സമരങ്ങള്‍ നടന്നു. തിരുവനന്തപുരത്ത്‌ സെക്രട്ടേറിയേറ്റിലേക്ക്‌ മാര്‍ച്ച്‌ ചെയ്‌ത മഹിളാമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ്‌ ശാരീരികമായി നേരിട്ടു.

പാര്‍ലമെന്റിനകത്തും പുറത്തും ഉത്തരവാദിത്വമുള്ള പ്രതിപക്ഷമെന്ന നിലക്ക്‌ പ്രവര്‍ത്തിക്കുന്ന ബിജെപിയെ കോണ്‍ഗ്രസ്സിനോട്‌ താരതമ്യം ചെയ്യുന്ന കെജ്രിവാളിന്റെ പ്രവര്‍ത്തി ജുഗുപ്‌സാവഹമാണ്‌. സുഷമ സ്വരാജ്‌ പ്രതിപക്ഷ നേതാവെന്ന നിലക്ക്‌ നേടിയെടുത്ത ആദരവും മികവും ദേശീയ മാധ്യമങ്ങളില്‍ പോലും ചര്‍ച്ചയായിരുന്നു എന്നത്‌ കെജ്രിവാള്‍ മറക്കുന്നു.

എങ്കിലും അരവിന്ദ്‌ കെജ്രിവാളിനു നന്ദിയുണ്ട്‌. ഒരുപാടു നന്ദി. ബിജെപിയുടെ ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്‌കരിയുടെ വ്യക്തിത്വം കളങ്കമേല്‍ക്കാത്ത തനിത്തങ്കമാണെന്ന്‌ തെളിയിക്കാന്‍ അവസരമൊരുക്കിയതിന്‌. ബിജെപിയുടെ രണ്ടാം നിര നേതൃത്വത്തില്‍ കലഹമെന്ന്‌ അച്ചു നിരത്തിയിരുന്ന മാധ്യമങ്ങള്‍ക്കു മുമ്പില്‍ അവരെ ഒറ്റക്കെട്ടായി നിതിന്‍ ഗഡ്‌കരിക്കൊപ്പം അണി നിരത്തിയതിന്‌. നന്ദി കെജ്രിവാള്‍ നന്ദി.

കടപ്പാട്‌ :
പ്രസാദകന്‍
സന്ദീപ്‌ ജി വാര്യര്‍
യുവമോര്‍ച്ച പാലക്കാട്‌ ജില്ലാ വൈസ്‌ പ്രസിഡന്റ്‌

Comments

  1. ബി ജെ പിയുടെ ബി ടീം എന്നാ കോണ്ഗ്രസ് ആരോപണത്തിന് തടയിടാന്‍ കേജ്രിവാള്‍ കണ്ടെത്തിയ ഒരു എളുപ്പവഴി മാത്രം ഈ ആരോപണങ്ങള്‍ !!ഇതൊന്നും നിലനില്‍ക്കുന്നതല്ല എന്ന് ആരോപണം ഉന്നയിച്ച കേജ്രിവളിനും അറിയാം !!!

    ReplyDelete
  2. ഇവന്‍ മാര്‍ ക്കെതിരെ വല്ലതും പറഞ്ഞില്ലെങ്കില്‍ താന്‍ മോശക്കാരനാവുമോ എന്ന ചിന്തയില്‍ നിന്നും ഉള്ള ഒരു തട്ടിക്കൂട്ടല്‍ മാത്രമായൊതുങ്ങിപ്പോയി ഈ കെജ്റിവാള്‍ പ്രതിഭാസം

    ReplyDelete

Post a Comment