സി. പി. എം. -ആര്.എസ്സ്.എസ്സ് സംഖ്യത്തിന്റെ പ്രസക്തി...?
ആര് എസ്സ് എസ്സും സി പി എമ്മും യോജിക്കണമെന്ന് ആര് എസ്സ് എസ്സ് പ്രസിദ്ധീകരണമായ കേസരിയില്‍ വന്ന ഒരു ലേഖനത്തിലെ പരാമര്‍ശം രാഷ്ട്രീയ കേരളത്തില്‍ വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചിരിക്കുകയാണല്ലോ. കേസരിയിലെ ലേഖനത്തെ ദൃശ്യ പത്ര മാധ്യമങ്ങളും ഏറ്റുപിടിച്ചതോടെ ഈ ചര്‍ച്ചക്ക് ആകെ സജീവത വന്നിരിക്കുകയാണ്. കേരളത്തിലെ സമകാലീക രാഷ്ട്രീയ വിഷയങ്ങളും ഭരണ കൂടത്തിന്റെ പ്രീണന നയങ്ങളും ഈ ചര്‍ച്ചയുടെ കാലിക പ്രസക്തി വര്ദ്ധിപ്പിക്കുന്നുണ്ടങ്കിലും സിപിഎം നേതൃത്വം അവരുടെ പ്രഖ്യാപിത നയങ്ങളില്‍ ഉറച്ചു നിന്നു കൊണ്ടു തന്നെ ഈ ചര്‍ച്ചകളില്‍ നിന്നും ഒഴിഞ്ഞു മാറാനാണ് ശ്രമിക്കുന്നത്. അതിന് അവര്‍ക്ക് മതിയായ കാരണവും ഉണ്ടാകാം. സംഘടിത ന്യൂനപക്ഷ വോട്ടുബാങ്കുകളുടെ മേല്‍ കണ്ണു വച്ചു കൊണ്ടുള്ള അടവുനയമായി മാത്രം അതിനെ കണ്ടാല്‍ മതി. കേരളം കാത്തിരിക്കുന്ന സൗഹൃദം എന്ന പേരില്‍ ഭാരതീയ വിചാര കേന്ദ്രത്തിന്റെ സജ്ജീവ കാര്യകര്‍ത്താവ് കെ. മോഹന്‍ദാസ് കേസരിയില്‍ എഴുതിയ ലേഖനമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. ലേഖകന്റെ സ്വതന്ത്ര സംവാദമാണ് ഇത് എന്ന് കേസരി പത്രാധിപര്‍ ലേഖനത്തിനൊടുവില്‍ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംവാദങ്ങള്‍ ഉയര്‍ന്നു വരുമെന്നു തന്നെ നമുക്ക് കരുതാം.
സി.പി.എം. നേതൃത്വം എത്ര തന്നെ ഈ സംവാദങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്ക്കാന് ശ്രമിച്ചാലും ഈ സ്വപ്നം യാതാര്ത്ഥ്യമാക്കപ്പെടുമെന്നു തന്നെയാണ് ഇരു പ്രസ്ഥാനങ്ങളിലേയും ബഹു ഭൂരിപക്ഷം സാധാരണ പ്രവര്‍ത്തകരും ആശിക്കുന്നത്. പ്രസ്തുത ലേഖനത്തില്‍ സൂചിപ്പിക്കുന്നതു പോലെ ഇപ്പോള്‍ തന്നെ പല പ്രദേശങ്ങളിലും ഈ സൗഹദം പ്രാദേശിക തലത്തില്‍ രൂപ പെട്ടു കഴിഞ്ഞു. കാസര്‍ഗോഡ് ജില്ലയിലും തലശ്ശേരിയിലും നാദാപുരത്തും തുടങ്ങി പലയിടങ്ങളിലും ഇത് മറ നീക്കി പുറത്തു വരികയും ചെയ്തു കഴിഞ്ഞു. ഇത് സംസ്ഥാന വ്യാപകമായി മാറാന്‍ അധിക കാലം വേണ്ടി വരുമെന്ന് തോന്നുന്നുമില്ല. എത്ര തന്നെ മറച്ചു വയ്ക്കാന്‍ ശ്രമിച്ചാലും മറ്റു കാരണങ്ങള്‍ കണ്ടെത്താന്‍ മാധ്യമങ്ങള്ക്കാകുമെങ്കിലും ഒരു കാര്യം വ്യക്തമാണ്. കഴിഞ്ഞ നിയമ സഭാ തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ മുന്നേറ്റത്തിനു പ്രധാന കാരണം ഭൂരിപക്ഷമെന്ന പേരില്‍ (ഫലത്തില്‍ ന്യൂനപക്ഷം) അറിയപ്പെടുന്ന സമുദായത്തിന്റെ പിന്തുണ ഒന്നു കൊണ്ടുമാത്രമാണ് എന്ന്. അതു മുഴുവന്‍ ആര് എസ്സ് എസ്സിന്റെ വോട്ടാണോ എന്നു ചോദിച്ചാല്‍ അല്ല എന്നായിരിക്കും ഉത്തരം. പക്ഷെ ന്യൂന പക്ഷ വര്‍ഗ്ഗീയ പ്രീണനം മാത്രം മുഖമുദ്രയാക്കിയ ഒരു സംവിധാനത്തിനെതിരെ ജനമനസ്സുകളെ രൂപപ്പെടുത്തുന്നതിലും ഇടതു പക്ഷത്തിന് വിത്ത് വിതക്കാന്പാകത്തിന് കളം ഒരുക്കുന്നതിലും സംഘ പരിവാര്‍ സംഘടനകള്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട് എന്ന കാര്യം വിസ്മരിച്ചു കൂടാ.
സൈത്താന്തികമായി ഇരു സംഘടനകള്‍ക്കും യോജിക്കാന്‍ തടസ്സമായി നില്ക്കുന്ന കാരണങ്ങളേയും ഒപ്പം ഇരു സംഘടനകളുടേയും ചരിത്രവും എല്ലാം ലഘുവായി പ്രദിപാദിക്കുന്ന ലേഖനം ഇരു പ്രസ്ഥാനങ്ങളുടേയും നേതാക്കള്‍ മനസ്സിരുത്തി വായിക്കുന്നതും ഒരു പുനര്‍വിചിന്തനത്തിന് തയ്യാറാകുന്നതും നന്നായിരിക്കും എന്ന അഭിപ്രായമാണ് എനിക്കുള്ളത്. കാരണം പരസ്പരം വിട്ടു വീഴ്ചകളിലൂടെ ഇരുസംഘടനകള്‍ക്കും ഒരു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ യോജിക്കാന്‍ കഴിയുമെങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റി മറിക്കപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.
ഏതൊരു സംഘടനയുടേയും പ്രസ്ഥാനത്തിന്റേയും വളര്‍ച്ചക്കും വ്യാപനത്തിനും ഉതകുന്നത് ഒന്നിലധികം എതിരാളികളെ ഒരേ സമയത്ത് അഭിമുഖീകരിക്കാതിരിക്കുകഎന്നതാണ്. കേരളത്തില്‍ കോണ്‍ഗ്രസ്സിനേയും കമ്മ്യൂണിസ്റ്റുകളേയും ഒരേപോലെ എതിര്‍ക്കേണ്ട ആവശ്യം സംഘപരിവാര്‍ സംഘടനകള്‍ക്കില്ല. മറിച്ച് ഒരാവശ്യം സിപിഎമ്മിനുമില്ല.
ഒരു തെരെഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ സംഖ്യം നിലവില്‍ വന്നില്ലങ്കിലും പരസ്പരം അംഗീകരിക്കുവാനും യോജിക്കാവുന്ന മേഖലകളില്‍ യോജിക്കുവാനും തക്ക രീതിയില്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തന രീതികള്‍ക്ക് മാറ്റം വരുത്തുവാനും ഇരു പ്രസ്ഥാനങ്ങളും തയ്യാറായേ മതിയാകു. തൊഴിലാളി സംഘടനാ രംഗത്തും സര്‍വ്വീസ് സംഘടനാ രംഗത്തും ഈയെരു യോജിപ്പ് നില്‍ക്കുന്നുണ്ടന്ന യാഥാര്‍ത്ഥ്യം ഇരു പ്രസ്ഥാനങ്ങളും വിസ്മരിച്ചു കൂടാ. പൂര്‍ണ്ണമായും ആര്‍എസ്സ് എസ്സ് പ്രചാരകന്മാരാല് നിയന്ത്രിക്കപ്പെടുന്ന ബി.എം.എസ്സിനെ അംഗീകരിച്ചും യോജിച്ചും പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ യൂണിനുകളുടെ പാത തന്നെ സി.പി.എം. പിന്തുടര്ന്നാല് മതി. ആശയത്തിലും ആദര്‍ശത്തിലും ഒരു തുള്ളി വെള്ളം പോലും ചേര്‍ക്കാതെ പൊതുവായി യോജിക്കാന്‍ കഴിയുന്നിടങ്ങളില്‍ എല്ലാം യോജിക്കാന്‍ ആദ്യം തയ്യാറാവുക.
ഇന്നലെ വരെയുണ്ടായ എല്ലാ പ്രശ്നങ്ങളേയും പരസ്പരം മറന്നുകൊണ്ട് പുതിയ ഒരു ക്യാന്‍വാസില്‍ സാമൂഹിക നീതിക്കായുള്ള ചിത്രരചന ആരംഭിക്കുവാന്‍ ഇരു കൂട്ടര്‍ക്കും കഴിയുമെങ്കില്‍ അത് ഒരു വലിയ നേട്ടമായിരിക്കും. സൈത്താന്തികമായ കാഴ്ചപ്പാടുകളില്‍ വിട്ടു വീഴ്ചയില്ലാതെ ആശയപരമായ ഏറ്റുമുട്ടലുകള്‍ തുടരുമ്പോഴും കായികവും ശാരീരികവുമായ ഏറ്റുമുട്ടലുകള്‍ക്ക് അറുതി വരുത്താനും കഴിയണം. കായികവും ശരീരികവുമായ ഏറ്റുമുട്ടലുകള്‍ അവസാനിപ്പിച്ചാല്‍ മാനസിക ഐക്യം താനെ വരികയും ചെയ്യും. പല തെരെഞ്ഞെടുപ്പുകളിലും ഇടതുപക്ഷങ്ങള്‍ ആരോപിക്കുന്നതുപോലെ സംഘപരിവാര്‍ സംഘടനകള്‍ യുഡിഎഫിനെ സഹായിക്കുന്നു എന്ന ആരോപണത്തിന് കഴമ്പില്ല. സംഘ പരിവാര്‍ സംഘടനകളുടെ അനുഭാവികളുടെ വോട്ടുകള്‍ യു ഡി എഫിന് പോകുന്നില്ല എന്നല്ല പറഞ്ഞതിനര്‍ത്ഥം. യഥാര്‍ത്ഥത്തില്‍ വോട്ടുകള്‍ പോകുന്നതല്ല മറിച്ച് യു ഡി.എഫ് ഹൈജാക്ക് ചെയ്യുന്നതാണ്. അതിനാവട്ടെ അവര്‍ ആയുധമാക്കുന്നത് സിപിഎം അക്രമവുമാണ്. രാഷ്ട്രീയ അക്രമങ്ങള്‍ പരസ്പരം അവസാനിപ്പിക്കുവാന്‍ കഴിഞ്ഞാല്‍ അതിന്റെ നേട്ടം ഇടതുപക്ഷത്തിനു തന്നെയാകും. കാരണം അവര്‍ക്ക് എതിരായ ഏകീകരണത്തെ തടയാന്‍ അതുവഴി കളമൊരുങ്ങുകയും ചെയ്യും.
പുതിയ ആശയങ്ങള്‍ കടന്നു വരുമ്പോള്‍ അതിനെ അടിച്ചമര്‍ത്തിയോ കൊല ചെയ്തോ ഇല്ലാതാക്കാമെന്നുള്ള മിഥ്യാധാരണ ഉപേക്ഷിക്കണം. ഇരുവിഭാഗങ്ങളും തമ്മിലടിച്ച് നൂറുകണക്കിന് രക്ത സാക്ഷികള്‍ ഉണ്ടാവുകയും ചെയ്തു. ഇതുകൊണ്ട് ഏതെങ്കിലും ഒരു പ്രസ്ഥാനത്തെ ഒരിഞ്ചു പോലും പിന്നോട്ടടിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ലന്നു മാത്രമല്ല കൂടുതല്‍ ദൂരങ്ങള്‍ താണ്ടുകയും ചെയ്യുന്നു.
ഇനി തമ്മില്‍ പരസ്പരം ആക്രമിക്കില്ലന്ന ഒരു പ്രതിജ്ഞ ഇരു കൂട്ടര്‍ക്കും ചേര്‍ന്ന് എടുക്കാന്‍ കഴിയണം. ഇത് അതാതു പ്രസ്ഥാനങ്ങള്‍ക്കു വേണ്ടി ജീവത്യാഗം ചെയ്ത ബലിദാനികളോടും അതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട് ജയിലുകളിലകപ്പെട്ടവരോടും അവരുടെ കുടുംബാംഗങ്ങളോടും ഉള്ള ഒരു അനുഭാവമായി മാത്രം കണ്ടാല്‍മതി, ഒപ്പം സമൂഹത്തോടുള്ള കര്‍ത്തവ്യവും. പിന്നീടാകാം രാഷ്ട്രീയമായ ധാരണയും സംഖ്യവും എല്ലാം രൂപപ്പെടുത്തുന്നത്.



ഫോളോ ചെയ്യാനുള്ള വിഡ്ജെറ്റ് ഓപ്പെണ്‍ ചെയ്തിടൂ..
ReplyDeleteവേറ്ഡ് വേരി റിമൂവ് ചെയ്യൂ.. എങ്കിലേ കമന്റ്സ് വരൂ..:))
ReplyDelete