കള്ള്‌ നിരോധനത്തിന്റെ രാഷ്‌ട്രീയം






കള്ള്‌ നിരോധനം കേരളത്തില്‍ വീണ്ടും ചര്‍ച്ചാ വിഷയമായിരിക്കുന്നു. കേരളത്തില്‍ കള്ള്‌ കച്ചവടം നിരോധിക്കണമെന്ന ഹൈക്കോടതിയുടെ അഭിപ്രായത്തെ എതിര്‍ത്തും അനുകൂലിച്ചും ആളുകള്‍ രംഗത്ത്‌ എത്തി കഴിഞ്ഞു. ഭരിക്കുന്ന മുന്നണിയിലെ പാര്‍ട്ടികള്‍ക്കുള്ളില്‍ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ഒരു വശത്ത്‌ സമുദായിക സംഘടനകള്‍ തമ്മിലുള്ള വടംവലികളിലേക്കും വിഷയം മാറുന്നു.
നിരോധനം കൊണ്ട്‌ എന്തു നേട്ടമാണ്‌ ഉണ്ടാകാന്‍ പോകുന്നത്‌ എന്ന്‌ ചിന്തിക്കുന്നത്‌ നന്നായിരിക്കും. ചാരായ നിരോധനത്തിന്റെ അവസ്ഥയിലേക്കു തന്നെയെ ഈ നിരോധനവും മാറുകയുള്ളു. കേരളത്തില്‍ ചാരായം പൂര്‍ണ്ണമായും നിരോധിച്ചു. അത്‌ കൈവശം വക്കുന്നതും ഉപയോഗിക്കുന്നതും വില്‌പന നടത്തുന്നതുമെല്ലാം നിയമം മൂലം നിരോധിച്ചു. പക്ഷെ സമൂഹത്തിന്റെ മദ്യാസക്തിക്ക്‌ ഒരു കുറവും വന്നില്ലന്നു മാത്രമല്ല കളറിലാക്കിയ ചാരായം നിയമ വിധേയമായും കളറില്ലാത്ത ചാരായം നിയമ വിരുദ്ധമായും എവിടടെയും സുലഭമായി ലഭിക്കുന്നു. നിരോധന കാലം വരെ ആ തൊഴില്‍ മേഖലയില്‍ പണിയെടുത്തു കൊണ്ടിരുന്ന നിരവധി തൊഴിലാളികള്‍ തൊഴില്‍ രഹിതരായി. ഈ തൊഴിലിനെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന കുടുംബങ്ങളിലെ നിരവധി കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങി. പലരുടേയും കുടുംബ ജീവിതം താറുമാറി. ചാരായ തൊഴിലാളികളെ പുനരധിവസിപ്പിക്കുമെന്ന സര്‍ക്കാര്‍ വാഗ്‌ദാനത്തില്‍ കുടുങ്ങി മറ്റു തൊഴിലുതേടി പോകാത്ത പലരും ആത്മഹത്യയില്‍ വരെ എത്തി. ഇതിനപ്പുറം നേടാന്‍ ചാരായ നിരോധനം കൊണ്ട്‌ സാധിച്ചിട്ടില്ല. നാട്ടിലെ ഷാപ്പായ ഷാപ്പുകളിലെല്ലാം ഒളിഞ്ഞും തെളിഞ്ഞും സ്‌പിരിറ്റ്‌ കലര്‍ത്തിയ കള്ള്‌ വില്‍പ്പന നടത്തുന്നു. ലൈസന്‍സുകള്‍ നിലവിലുണ്ടങ്കിലും നിയമ വിധേയമായി സ്‌പിരിറ്റ്‌ കേരളത്തില്‍ ഒരിടത്തും ഉത്‌പാദിപ്പിക്കപ്പെടുന്നില്ല. അപ്പോള്‍ കേരളത്തിലെ ഷാപ്പുകളിലൂടെ വില്‍പ്പന നടത്തുന്ന സ്‌പിരിറ്റ്‌ എവിടെ നിന്നു വരുന്നു. അംഗീകൃത ഡിസ്റ്റലറികള്‍ക്ക്‌ അനുവദനീയമായ അളവിലല്ലാതെ സ്‌പിരിറ്റ്‌ കേരളത്തിലേക്ക്‌ കൊണ്ടു വരുന്നത്‌ നിയമം മൂലം നിരോധിച്ചിട്ടുണ്ടന്നു മാത്രമല്ല അത്‌ വലിയ കുറ്റ കൃത്യവുമാണ്‌. നിരോധനം നിലനില്‍ക്കുമ്പോഴും കേരളത്തിന്റെ ചെക്ക്‌ പോസ്റ്റുകള്‍ കടന്ന്‌ സ്‌പിരിറ്റ്‌ കേരളത്തിലേക്ക്‌ ഒഴുകുകയും വില്‍പ്പന തകൃതിയായി നടക്കുകയും ചെയ്യുന്നുണ്ട്‌. ഇഛാശക്‌തിയില്ലാത്ത നിരോധനം കൊണ്ട്‌ യാതൊരു പ്രയോചനവും ഇല്ല എന്നതിന്റെ തെളിവാണത്‌.
ഇപ്പോള്‍ കള്ള്‌ കച്ചവടം നിരോധിക്കാന്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്ന ഒരു കാരണവും ഇതാണ്‌. നാട്ടില്‍ ആവശ്യത്തിന്‌ പ്രകൃതി ദത്തമായ കള്ള്‌ ഉല്‍പ്പാദനം നടക്കുന്നില്ലന്നും കൃത്രിമ കള്ളുകളാണ്‌ കേരളത്തില്‍ വില്‍പ്പന നടത്തുന്നതെന്നുമാണ്‌ കോടതിയും നിരോധനത്തെ അനു കൂലിക്കുന്നവരും അഭിപ്രായപ്പെടുന്നത്‌. ഒരു പരിധി വരെ ഈ ആരോപണം സത്യവുമാണ്‌. പക്ഷെ കള്ളു കച്ചവടം നിരോധിക്കുന്നതോടെ നിരാലംബരാന്‍ പോകുന്ന ആയിരക്കണക്കായ തൊഴിലാളികളേയും അവരുടെ കുടുംബത്തെയും കണ്ടില്ലന്നു നടിക്കാന്‍ കഴിയുമോ. കോടതി പറയും പോലെ കെട്ടിട നിര്‍മ്മാണ മേഖലയിലേക്കും കൃഷി പണികളിലേക്കും തിരിഞ്ഞാന്‍ ഇവരുടെ തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമോ. പരമ്പരാഗതമായി ഈ തൊഴില്‍ ചെയ്‌തു വരുന്ന ഒരു സമുദായത്തിന്റെ പ്രശ്‌നമായി ഇതു മാറ്റപ്പെട്ടാല്‍ അത്‌ ഒരു തൊഴില്‍ പ്രശ്‌നം മാത്രമല്ല സാമൂദായിക പ്രശ്‌നമായും മാറ്റപ്പെടും. കള്ള്‌ നിരോധിച്ചാല്‍ മദ്യ ഉപഭോഗം കുറയുവാന്‍ പോകുന്നില്ലന്നു മാത്രമല്ല ഇതിന്റെ പേരില്‍ നാടു മുഴുവന്‍ സര്‍ക്കാര്‍ വിദേശ മദ്യ ശാലകള്‍ തുറന്നു കച്ചവടവും ആരംഭിക്കും.
ഇവിടെ ഇന്ന്‌ നിരോധനമല്ല വേണ്ടത്‌ ബോധവത്‌കരണമാണ്‌. ഒപ്പം ഗുണനിലവാരമുള്ള മദ്യത്തിന്റെ നിയന്ത്രിത വ്യാപാരവും നടത്തണം. ഇപ്പോള്‍ ഇതു ഉപയോഗിച്ചു വരുന്നവരെ ഒറ്റയടിക്ക്‌ ഇതില്‍ നിന്ന്‌ പിന്തിരിപ്പിക്കുക എളുപ്പമല്ല. ഘട്ടം ഘട്ടമായ മോചനമാണ്‌ അനിവാര്യമായത്‌. അത്‌ ബോധവത്‌കരണത്തിലൂടെയും ചികില്‍സയിലുടേയും മാത്രമെ സാധിക്കുകയുള്ളൂ. മദ്യ നിരോധനം നടപ്പിലാക്കുന്നതിനു മുമ്പായി അതിനു വേണ്ടി സമൂഹത്തെ സജ്ജമാക്കണം അല്ലാതുള്ള നിരോധനങ്ങള്‍ വിപരീത ഫലമെ ചെയ്യുകയേ ഉള്ളൂ. ഒപ്പം പുതിയ തലമുറയെ മദ്യാസക്തിയില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിനും കഴിയണം.
പ്രകൃതിയില്‍ നിന്നും ചെത്തി എടുക്കുന്ന ശുദ്ധമായ കള്ള്‌ ഒരു നല്ല പാനീയമാണന്നാണ്‌ പറയുന്നത്‌. എനിക്ക്‌ നിശ്ചയമില്ല കേട്ടോ. പക്ഷെ കേരളത്തില്‍ ഉദ്‌പാദിപ്പിക്കപ്പെടുന്ന അളവും ഉപഭോഗവും തമ്മില്‍ യോജിക്കുന്നില്ലന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. ഇവിടെ പാലക്കാടന്‍ കള്ള്‌ എന്ന പേരില്‍ വിറ്റഴിക്കപ്പെടുന്നത്‌ മുഴുവന്‍ രാസവസ്‌തുക്കള്‍ ഉപയോഗിച്ച്‌ നിര്‍മ്മിക്കപ്പെടുന്നതാണന്ന ആരോപണം നിലനില്‍ക്കുന്നു. ഇത്തരത്തില്‍ മദ്യാസക്തിലേക്ക്‌ വീണു പോകുന്നവരെ രക്ഷിക്കാന്‍ ബോധവത്‌കരണത്തിലൂടെ മാത്രമെ സാധിക്കുകയുള്ളു.
മദ്യ നിരോധനത്തെ ഒരു രാഷ്‌ട്രീയ പ്രശ്‌നമായി കാണാതെ സാമൂഹിക പ്രശ്‌നമായി കണ്ടു പരിഹരിക്കുന്നതിനുള്ള നടപടികളാണ്‌ രാഷ്‌ട്രീയ പാര്‍ട്ടികളും സാമുദായിക സംഘടനകളും സ്വീകരിക്കേണ്ടത്‌. മറിച്ച്‌ ഇതിനെ ജാതിയുടേയോ മതത്തിന്റേയോ പേരില്‍ നോക്കി കാണുന്നത്‌ ആശാസ്യമല്ല.
സര്‍ക്കാരിന്റെ പ്രധാന പണ സംബാധന മാര്‍ഗ്ഗങ്ങളില്‍ ഒന്നായി മദ്യ വ്യാപാരത്തെ കാണുന്നതും പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കും. ബാറുകള്‍ക്ക്‌ എതിരെ സമരം ചെയ്യാതെ കള്ളു ഷാപ്പുകളെ മാത്രം ലക്ഷ്യം വയ്‌ക്കുന്നതിനു പിന്നില്‍ സ്ഥാപിത താല്‍പര്യങ്ങള്‍ ഉള്ളതായി ചില കേന്ദ്രങ്ങള്‍ ആരോപിക്കുന്നുണ്ട്‌. ഈ നീക്കങ്ങള്‍ ബാറുകാരെ സഹായിക്കുവാനും പരമ്പരാഗത തൊഴില്‍ സമുദായത്തെ തകര്‍ക്കുവാനും നീക്കം നടക്കുന്നുണ്ടന്നുമാണ്‌ ഒരു വിഭാഗത്തിന്റെ ആരോപണം. ആരോപണങ്ങള്‍ എന്തു തന്നെയാലും മദ്യാസക്തിയില്‍ നിന്നും കേരളത്തെ മോചിപ്പിക്കേണ്ടതു തന്നെയാണ്‌.
മദ്യ വ്യാപാരത്തിന്റെ സമയദൈര്‍ഘ്യം കുറച്ചും ലഭ്യത കുറച്ചും പരീക്ഷണങ്ങള്‍ നടത്തുന്നത്‌ നല്ലതാണ്‌. പക്ഷെ ബോധവല്‍കരണത്തിലൂടെ സമൂഹത്തിന്‌ സ്വയം ബോദ്ധ്യപ്പെടാതെ ഈ മഹാവിപത്തില്‍ നിന്നും കേരളത്തിന്‌ രക്ഷപെടാനാകുമെന്ന്‌ കരുതുന്നില്ല. 

Comments