നെല്‍വയല്‍ നീര്‍ത്തട സംരക്ഷണം സത്യവും മിഥ്യയും











ഇപ്പോള്‍ കേരളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണല്ലോ നീര്‍ത്തട നെല്‍വയല്‍ സംരക്ഷണം. കേരളത്തിലെ നെല്‍വയലുകള്‍ സംരക്ഷിക്കുമെന്ന്‌ ആണയിടുന്ന ഭരണ പക്ഷവും നെല്‍വയല്‍ സംരക്ഷണത്തിനായി വാളെടുത്ത്‌ ഉറഞ്ഞു തുള്ളുന്ന പ്രതിപക്ഷവും സൗകര്യപൂര്‍വ്വം മറച്ചു വയ്‌ക്കുന്ന ചില സത്യങ്ങളുണ്ട്‌. ഇവരൊന്നും അറിയാതെ ഇവരുടെ സമ്മതം ഇല്ലാതെ ഒരുതരി മണല്‍ പോലും കേരളത്തിലെ ഒരു നിലത്തിലും ഇടാന്‍ കഴിയില്ലന്ന സത്യം മറച്ചുവച്ചുകൊണ്ട്‌, ഇവര്‍ കണ്ണടച്ച്‌ ഇരുട്ടാക്കുന്നത്‌ കേരള സമൂഹം മനസ്സിലാക്കുന്നുണ്ട്‌. കാലാകാലങ്ങളായി ഇക്കൂട്ടര്‍ ചെയ്‌ത പാതകത്തിന്റെ ഫലമാണ്‌ ഇന്ന്‌ കേരളത്തിലെ നെല്‍വയലുകള്‍ പരിവര്‍ത്തനെ ചെയ്യാന്‍ കാരണമെന്ന്‌ സത്യം ഇവര്‍ മറച്ചു വയ്‌ക്കുന്നു. നിയമം ഉണ്ടാക്കുന്നതിലല്ല അത്‌ കാര്യക്ഷമമായി നടപ്പിലാക്കുന്നതിലാണ്‌ കാര്യം. നിയമത്തിന്റെ കുറവല്ല അതു നടപ്പിലാക്കാന്‍ തയ്യാറാകാത്തതാണ്‌ നമ്മുടെ നാട്‌ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. കേരളത്തിലെ നെല്‍വയലുകള്‍ ഇല്ലാതാകുന്നതിനെ ക്കുറിച്ചോ, നെല്‍കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചോ ഇരുകൂട്ടര്‍ക്കും വേവലാതിയില്ല. ഇവര്‍ തമ്മിലടിക്കുന്നതു ചെളിവാരി എറിയുന്നതും ആരാണ്‌ കൂടുതല്‍ നെല്‍വയല്‍ നികത്താന്‍ അനുമതി നല്‍കിയെന്നത്‌ എന്നതിനെക്കുറിച്ചാണ്‌.
കാലാകാലങ്ങളില്‍ രൂപീകൃതമായ നിയങ്ങള്‍ നോക്കു കുത്തികളായി ഭരണത്തിന്റെ പടിപ്പുറത്ത്‌ ഇരിക്കുമ്പോഴും നെല്‍വയല്‍ നികത്തലും നിര്‍ബാധം തുടര്‍ന്നു കൊണ്ടിരുന്നു. നെല്‍കൃഷി യെ സംബന്ധിച്ച്‌ സര്‍ക്കാരിന്റെ സ്റ്റാറ്റിക്‌സ്‌ വകുപ്പ്‌ പ്രസിധ്‌ധീകരിച്ചിട്ടുള്ള കണക്കുകളില്‍ ഇവ വ്യക്തമാക്കുന്നുണ്ട്‌. നെല്‍ വയല്‍ നികത്തുന്നതിനെതിരെ ഏറ്റവും ഒടുവില്‍ നിയമ നിര്‍മ്മാണം നടന്നത്‌ 2007 ല്‍ ആണ്‌. 12-ാം കേരള നിയമസഭയില്‍ കെപി. രാജേന്ദ്രന്‍ 137-ാം നമ്പരായി അവതരിപ്പിച്ച കേരള നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ ബില്‍. ഈ ബില്‍ അവതരിപ്പിച്ച്‌ നിയമമാക്കിയ ഇടതുപക്ഷത്തിനു പറയാന്‍ കഴിയുമോ അതിനുശ്ശേഷം അവരുടെ ഭരണത്തിന്‍ കീഴിലെങ്കിലും ഒരു നെല്‍പാടവും നീര്‍ത്തടവും നികത്താന്‍ അനുവദിച്ചിട്ടില്ലന്ന്‌....? സര്‍ക്കാര്‍ നല്‍കുന്ന കണക്കനുസരിച്ച്‌ ഈ നിയമം നടപ്പില്‍ വരുമ്പോള്‍ കേരളത്തില്‍ അവശേഷിക്കുന്ന നിലം 2.29 ലക്ഷം ഹെക്‌ടറാണ്‌. നിയമം നിലവില്‍ വന്ന തൊട്ടടുത്ത വര്‍ഷം മാത്രം പരിവര്‍ത്തനം ചെയ്യപ്പെട്ടത്‌ 252 ഹെക്‌ടര്‍ നിലമാണ്‌. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച്‌ കേരളത്തില്‍ അവശേഷിക്കുന്ന നെല്‍വയലുകളുടെ അളവ്‌ 2,13,187 ഹെക്‌ടറാണ്‌. 1961-62 വര്‍ഷത്തില്‍ 7.53 ലക്ഷം ഹെക്‌ടറിലും 1975-76 വര്‍ഷത്തില്‍ 8.76 ഹെക്‌ടറിലും നെല്‍കൃഷി ഉണ്ടായിരുന്ന സ്ഥാനത്താണ്‌ ഇതെന്ന്‌ മനസ്സിലാക്കുമ്പോഴാണ്‌ ഇതിന്റെ ഭീകരത നമ്മള്‍ മനസ്സിലാക്കുന്നത്‌. അതായത്‌ അന്‍പത്‌ വര്‍ഷം കൊണ്ട്‌ കേരളത്തിലെ നെല്‍പാടങ്ങളുടെ അളവ്‌ ഏഴുപത്തഞ്ച്‌ ശതമാനത്തോളം ഇല്ലാതായിരിക്കുന്നു. കേരളത്തില്‍ നെല്‍കൃഷിയുടെ കാര്യത്തില്‍ ഇന്നും ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത്‌ പാലക്കാടു തന്നെയാണ്‌. പാലക്കാട്‌ അവശേഷിക്കുന്ന നെല്‍പാടം 87,511 ഹെക്‌ടറാണ്‌. കേരളത്തിന്റെ മൊത്തം നിലത്തിന്റെ 41% ശതമാനം വരും ഇത്‌. പാലക്കാട്‌ മാത്രം കഴിഞ്ഞ ഒരു വര്‍ഷത്തില്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളത്‌ 13% നിലമാണ്‌. ഏറ്റവും കുറവ്‌ നെല്‍കൃഷി യുള്ളത്‌ ഇടുക്കിയിലാണ്‌.1,819 ഹെക്‌ടര്‍. ഇടുക്കിയില്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട്‌ പരിവര്‍ത്തനം ചെയ്യപ്പെട്ടിച്ചുള്ളത്‌ ആകെയുള്ളതിന്റെ 22% നിലമാണ്‌. ഈ കണക്കുകള്‍ സൂചിപ്പിച്ചത്‌ എത്രമാത്രം നെല്‍വയലുകളാണ്‌പരിവര്‍ത്തനം ചെയ്യപ്പെടുന്നത്‌ എന്ന കണക്ക്‌ ബോദ്ധ്യപ്പെടുത്തുവാന്‍ തന്നെയാണ്‌.
ആരാണ്‌ ഇതിന്‌ ഉത്തരവാദികള്‍ എന്ന്‌ ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്നുണ്ടോ?. ഇത്തരം ചര്‍ച്ചകള്‍ക്കൊന്നും സത്യസന്തയില്ലാതായി കൊണ്ടിരിക്കുന്നു. ആര്‍ക്കു ആരെയും കുറ്റം പറയാന്‍ പറ്റാത്ത സ്ഥിതിയില്‍ എല്ലാ മേഖലയിലും ജീര്‍ണ്ണത ബാധിച്ചു കഴിഞ്ഞിരിക്കുന്നു. ഉള്ളില്‍ ബോധമുണ്ട്‌ പക്ഷെ മിണ്ടാന്‍ പറ്റില്ല എന്ന അവസ്ഥയിലേക്ക്‌ ഭരണാധികാരികളും, രാഷ്‌ട്രീയ കക്ഷികളും മാധ്യമങ്ങളും, സാമൂഹിക സാംസ്‌കാരിക നേതാക്കളും , ആത്മീയ നേതാക്കളും, ഞാനും നിങ്ങളും എല്ലാം മാറിയിരിക്കുന്നു. ഇന്നത്തെ ദുരവസ്ഥക്കു എല്ലാവരും ഉത്തരവാദികളാണ്‌. നമുക്ക്‌ നമ്മുടെ വിഷയത്തിലേക്കു തന്നെ മടങ്ങാം.
യഥാര്‍ത്ഥത്തില്‍ ഇത്തരത്തില്‍ കൃഷി ഭൂമി പരിവര്‍ത്തനം ചെയ്‌ത്‌ പുതിയ കൃഷി രീതികള്‍ പരീക്ഷിച്ച്‌ കര്‍ഷകര്‍ ജീവിക്കുകയാണങ്കില്‍ ഒരിക്കലും അവരെ കുറ്റപ്പെടുത്തുവാന്‍ ഇന്നത്തെ അവസ്ഥയില്‍ ആര്‍ക്കും ആകില്ല. കാരണം നെല്‍കൃഷി ആദായകരമല്ല എന്നതു തന്നെ. പക്ഷെ ഇവിടെ സംഭവിക്കുന്നത്‌ എന്താണ്‌...? ഒരു കാലത്തും രണ്ടറ്റവും കൂട്ടിമുട്ടിക്കുന്ന തരത്തില്‍ കൃഷി ചെയ്യാന്‍ കഴിയാതെ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക്‌ നെല്‍കൃഷി ഉപേക്ഷിക്കേണ്ടി വരുന്നു. അവിടെയും പ്രശ്‌നം അവസാനിക്കുന്നില്ല. ബാങ്ക്‌ ലോണിന്റെ തിരിച്ചടവ്‌, കുട്ടികളുടെ വിദ്യാഭ്യാസം അരി കാശു കൊടുത്തു വാങ്ങണം തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ മൂലം ഗതികെട്ട നെല്‍കര്‍ഷകര്‍ നിസ്സാര വിലക്ക്‌ നെല്‍വയലുകള്‍ വിലക്കു വില്‍ക്കേണ്ടി വരുന്നു. ഇത്തരച്ചില്‍ ആത്മഹത്യാമുനമ്പ്‌ എത്തി നില്‍ക്കുന്ന കര്‍ഷകരില്‍ ആരെങ്കിലും നിലനില്‍പ്പിന്‌ വേണ്ടി നെല്‍പാടം ചാല്‌ കീറി പൈനാപ്പിളോ, വാഴയോ, റമ്പറോ നടുവാന്‍ തയ്യാറായാല്‍ അവനെ പ്രോസിക്ക്യൂട്ട്‌ ചെയ്യുകയും ശൂലത്തില്‍ കയറ്റുകയും ചെയ്യും. ഇവന്റെ കയ്യില്‍ നിന്നും നിസ്സാര വിലക്ക്‌ നെല്‍പാടം വാങ്ങി മണ്ണിട്ട്‌ നികത്തി കോടികള്‍ സംബാധിക്കുന്ന റിയല്‍ എസ്റ്റേറ്റ്‌ മാഫിയക്കാവട്ടെ ഒരു നിയമവും തടസ്സമില്ല. അവര്‍ മണ്ണിടുന്നതും നികത്തുന്നതും ആരും കാണുകയും ഇല്ല. കേരളത്തില്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള കൃഷി ഭൂമിയില്‍ തൊണ്ണൂറ്‌ ശതമാനവും ചെയ്‌തിരിക്കുന്നത്‌ റിയല്‍ എസ്റ്റേറ്റ്‌ മാഫിയയും വന്‍കിട കമ്പനികളുമാണ്‌. സര്‍ക്കാരിന്റേയെ അധികാരികളുടേയോ രാഷ്‌ട്രീയ നേതൃത്വത്തിന്റേയോ അനുവാദമോ സമ്മതമോ കൂടാതെ ഇത്തരത്തില്‍ വ്യാപകമായി നെല്‍വയലുകള്‍ നികത്താന്‍ ആര്‍ക്കെങ്കിലും കേരളത്തില്‍ സാധിക്കുമോ...?. ഇല്ല എന്നതാണ്‌ സത്യം. ഇപ്പോള്‍ നീര്‍ത്തട -നെല്‍വയല്‍ സംരക്ഷണത്തിനു വേണ്ടി തമ്മിലടിച്ച്‌ നാടകം കളിക്കുന്ന എല്ലാ പക്ഷങ്ങളും ചേര്‍ന്നാണ്‌ നമ്മുടെ നെല്‍വയലുകളും നീര്‍ത്തടങ്ങളും നശിപ്പിച്ചിട്ടുള്ളത്‌. ഇവര്‍ക്കാര്‍ക്കും ഈ അപരാധത്തില്‍ നിന്നും തലയൂരാന്‍ ആകില്ല.
നെല്‍വയലുകള്‍ നികത്തരുതെന്നും കൃഷി ചെയ്യാതെ തരിശിടരുതെന്ന്‌ പറയുകയും മാഫിയകള്‍ക്ക്‌ പാടംനികത്താന്‍ ഒത്താശ ചെയ്‌തു കൊടുക്കുകയും ചെയ്യുന്ന ഭരണ കൂടങ്ങള്‍ നെല്‍ കൃഷിയെ പ്രോത്സാഹിപ്പിക്കാനോ കര്‍ഷകരെ സഹായിക്കുവാനോ ക്രീയാത്മകമായ എന്തു പദ്ധതികളാണ്‌ നടപ്പിലാക്കിയിട്ടുള്ളത്‌. ഏട്ടിലെ പശു പുല്ലു തിന്നില്ല എന്നു പറയുന്നതു പോലെ പേപ്പറില്‍ എഴുതി വയ്‌ക്കുന്ന ഉത്തരവുകള്‍ കൊണ്ട്‌ മാത്രം നെല്‍കൃഷി ചെയ്യാന്‍ കഴിയില്ല. പരമ്പരാഗതമായി നെല്‍കൃഷി ചെയ്‌തിരുന്ന കുടുംബത്തില്‍ വളര്‍ന്ന ആളാണ്‌ ഞാനും ആറേഴു വര്‍ഷങ്ങള്‍ക്കു മുമ്പു വരെ കൃഷി ചെയ്‌തിരുന്നു. നെല്‍ കൃഷി ചെയ്യാനാകില്ല.മാഫിയയല്ലാത്തതിനാല്‍ മണ്ണിടാനോ മറ്റ്‌ എന്തെങ്കിലും കൃഷി ചെയ്യാനോ സാധിക്കാതെ വെറുതെ കിടക്കുന്നു.രണ്ട്‌ പശുക്കള്‍ ഉള്ളതിനാല്‍ അവയെ ഇറക്കി കെട്ടാന്‍ മാത്രം ഉപകരിക്കുന്നു എന്നു മാത്രം. ഇതു തന്നെയാണ്‌ കേരളത്തിലെ ഭൂരിഭാഗം ചെറുകിട നാമമാത്ര കര്‍ഷകരുടേയും അവസ്ഥ. നെല്‍കൃഷി ഘട്ടം ഘട്ടം ആയ പ്രവര്‍ത്തികളിലൂടെ നടക്കേണ്ടതാണ്‌. അതിനാകട്ടെ ഭാരിച്ച സാമ്പത്തിക മുടക്കും ഉണ്ടാകും. ഇന്നത്തെ കൂലിചിലവും വളത്തിന്റേയും വിത്തിന്റേയും വിലയും വച്ചു നോക്കുമ്പോള്‍ കൃഷി ചെയ്യാതിരുന്നാല്‍ ആവറേജ്‌ ഒരു സെന്റിന്‌ കുറഞ്ഞത്‌ അഞ്ഞൂറ്‌ രൂപയെങ്കിലും കര്‍ഷകന്‌ ലാഭം ഉണ്ടകുന്ന അവസ്ഥയാണ്‌ ഉള്ളത്‌.

ഞാറിടല്‍
വരമ്പ്‌ അരിക്‌ കിള
വരമ്പ്‌ പണി,
ഉഴുത്‌ നിരപ്പാക്കല്‍
വളം ഇടല്‍
ഞാറ്‌ പറിക്കല്‍
ഞാറ്‌ നടീല്‍
കള പറിക്കല്‍
മരുന്നടി
രണ്ടാം വളം
കൊയ്‌ത്ത്‌
ചുമന്ന്‌ വയ്‌ക്കല്‍
മെതി
നെല്ലണൊക്ക്‌
നെല്ല്‌ വീശി പതിര്‌ കളയല്‍

ഇത്രയും കടമ്പകള്‍ ഇന്നത്തെ അവസ്ഥയില്‍ കൂലി കൊടുത്ത്‌ ചെയ്യേണ്ടി വരുന്ന ഒരു നെല്‍ കര്‍ഷകന്‌ സര്‍ക്കാര്‍ സഹായം ഇല്ലാതെ ഒരു തരത്തിലും കൃഷിയുമായി മുന്നോട്ടു പോകാന്‍ നിവൃത്തിയില്ല. ഇവിടെയാണ്‌ കര്‍ഷകര്‍ പരാജയപ്പെടുന്നത്‌. അവര്‍ക്ക്‌ താങ്ങായി മാറാന്‍ സര്‍ക്കാരിന്‌ സാധിച്ചില്ലങ്കില്‍ കേരളത്തില്‍ നെല്‍കൃഷിയുടെ നാശം ആസന്നമാണ്‌. ഒരേക്കര്‍ നെല്‍പാടത്ത്‌ ശരാശരി 1250 ഘനമീറ്റര്‍ വെള്ളം സംഭരിച്ചു നിര്‍ത്താന്‍ കഴിയുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. കേരളത്തിലെ പരമ്പരാഗത ജല സ്രോതസ്സുകളുടെ ഏറ്റവും വലിയ ഉറവിടം കൂടിയാണ്‌ നെല്‍പാടങ്ങള്‍. ലോകം കടുത്ത വേനലിലേക്കും ഉണക്കിലേക്കുമാണ്‌ നീങ്ങുന്നത്‌ എന്ന മുന്നറിയിപ്പുകള്‍ നിലനില്‍ക്കുമ്പോഴും നമ്മള്‍ കാണിക്കുന്ന ഈ നിസംഗതക്ക്‌ വലിയ വിലകൊടുക്കേണ്ടി വരുമെന്നകാര്യത്തില്‍ സംശയമില്ല.
നെല്‍കൃഷി നിലനില്‍ക്കുന്നതിലൂടെ നാട്ടില്‍ ഭക്ഷ്യ സുക്ഷ ഉറപ്പാക്കുന്നതോടൊപ്പം ജലദൗര്‍ലഭ്യം ഇല്ലാതാക്കാനും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താനും കഴിയും . വന്‍കിട സ്വകാര്യ കമ്പനികള്‍ക്കും കുത്തകകള്‍ക്കും അവരുടെ വ്യവസായങ്ങള്‍ക്കും കോടികള്‍ സബ്‌സിഡി കൊടുക്കുന്ന സര്‍ക്കാരുകള്‍ എന്തെ നെല്‍കര്‍ഷകരുടെ കാര്യത്തില്‍ പുറം തിരിഞ്ഞു നില്‍ക്കുന്നു.
ഭരണ പ്രതിപക്ഷങ്ങള്‍ക്ക്‌ അല്‌പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടങ്കില്‍ കര്‍ഷകരോടും നാടിനോടും അല്‌പമെങ്കിലും സ്‌നേഹമുണ്ടങ്കില്‍ ജനങ്ങളെ പറ്റിക്കാന്‍ നിങ്ങള്‍ നടത്തുന്ന പൊറാട്ട്‌ നാടകങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്ക്‌. 

Comments

Post a Comment