ഗുണം വന്‍കിടക്കാര്‍ക്ക്‌ മാത്രം രജിസ്‌ട്രേഷന്‍ ഫീസ്‌ ഏകീകരണം തട്ടിപ്പ്‌




കോരളത്തില്‍ കുടുബാംഗങ്ങള്‍ തമ്മിലുള്ള വസ്‌തു കൈമാറ്റത്തിന്റെ രജിസ്‌ട്രേഷന്‍ ഫീസ്‌ കുറയ്‌ക്കാന്‍ തീരുമാനിച്ചു എന്ന കെ.എം. മാണിയുടെ ഇന്നലത്തെ നിയമസഭാ പ്രഖ്യാപനം ശുദ്ധ തട്ടിപ്പ്‌. ഇത്തരത്തില്‍ കുടുബാംഗങ്ങള്‍ തമ്മില്‍ നടക്കുന്ന വസ്‌തു കൈമാറ്റത്തിന്റെ രജിസ്‌ടേഷന്‌ അടക്കേണ്ട ഫീസ്‌ ഇതു വരെ ചുമത്തിയിരുന്നത്‌ വസ്‌തുവിന്റെ സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന വിലയുടെ ഒരു ശതമാനമായിരുന്നു. ആ തുകയാണ്‌ പരമാവധി 25,000 രൂപയാക്കി കുറച്ചുകൊണ്ട്‌ സര്‍ക്കാര്‍ പ്രഖ്യാപനം വന്നിട്ടുള്ളത്‌. 
ഇതുകൊണ്ട്‌ സാധാരണക്കാരും ചെറുകിടക്കാരും ആയ ഭൂ ഉടമകള്‍ക്ക്‌്‌ യാതൊരു പ്രയോജനവും ലഭിക്കുവാന്‍ പോകുന്നില്ല. ഈ നിയമനിര്‍മ്മാണം കൊണ്ട്‌ നേട്ടം ഉള്ളത്‌ വന്‍കിടക്കാരായ ഭൂ ഉടമകള്‍ക്ക്‌ മാത്രമാണ്‌. ആതായത്‌ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വില അനുസരിച്ച്‌ ആധാരത്തില്‍ ഇരുപത്തഞ്ച്‌ ലക്ഷത്തിലധികം വില കാണിക്കുന്നവര്‍ക്കു മാത്രമെ ഈ ആനുകൂല്യം ലഭിക്കുഎന്ന്‌ അര്‍ത്ഥം.
കേരളത്തിലെ ഗ്രാമീണ മേഖലകളിലാണല്ലോ കൂടുതല്‍ കൃഷി ഭൂമികള്‍ ഉള്ളത്‌. സര്‍ക്കാര്‍ ഇപ്പേള്‍ നിശ്ചയിച്ചിരിക്കുന്ന മിനിമം വില അനുസരിച്ച്‌ ഗാര്‍ഡന്‍ ലാന്റുകള്‍ക്ക്‌ ആവറേജ്‌ നിശ്ചയിച്ചിരിക്കുന്ന വില ഒരു ആറിന്‌ (2.471 സെന്റ്‌) 60,000 രൂപയാണ്‌. ഇതിലും കുറവു വില നിശ്ചയിച്ചിരിക്കുന്ന നിരവധി ഭൂമികള്‍ വേറെ ഉണ്ട്‌. കൂടിയ വില വച്ചു നോക്കിയാല്‍ പോലും ഒരു ഏക്കര്‍ വരെ ഭൂമിയുള്ള ഒരാള്‍ക്കും സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന കിഴിവിന്റെ ആനുകൂല്യം ലഭിക്കില്ലിന്നര്‍ത്ഥം. അതു മാത്രമല്ല വന്‍കിട ഭൂ ഉടമകളെ സംബന്ധിച്ചിടത്തോളം ഇതു വളരെ വലിയ നേട്ടവുമാണ്‌. കാരണം ഒരു ഏക്കര്‍ ഭൂമിയുള്ള ചെറുകിടക്കാരന്‍ മേല്‍ പറഞ്ഞ കണക്കനുസരിച്ച്‌ ബന്ധുക്കള്‍ തമ്മിലുള്ള ആധാര രജിസ്‌ടേഷന്‌ അടക്കേണ്ട ഫീസ്‌ 24,282 രൂപയാണ്‌. അതേ സമയം ഇതേ കാറ്റഗറിയില്‍ പെട്ട 25 ഏക്കറോ നൂറ്‌ ഏക്കറോ ആയിരം ഏക്കറോ ഭൂമി കൈമാറ്റം ചേയ്യുന്നവന്‍ അടക്കേണ്ട രജിസ്‌ട്രേഷന്‍ ഫീസ്‌ 25,000 രൂപ മാത്രമായി ചുരുങ്ങുന്നു. ഒരേക്കറുള്ളവന്‍ 24,282 രൂപ അടക്കുമ്പോള്‍ ആയിരം ഏക്കറുള്ളവന്‍ അടക്കേണ്ടത്‌ 25,000 രൂപ മാത്രമായി ചുരുങ്ങുന്നു.
കെ.എം. മാണി മന്ത്രി ആയിരിക്കുന്ന കാലത്തെല്ലാം ഇത്തരത്തില്‍ വന്‍കിടക്കാരെ സഹായിക്കുവാന്‍ നിയമം ഉണ്ടാക്കുന്നത്‌ പതിവാണ്‌. നേരെ മറിച്ച്‌ അശാസ്‌ത്രീയവും അപ്രായോഗികവുമായ ഭൂമിയുടെ താരിഫ്‌ വിലയുടെ അപാകതകള്‍ പരിഹരിക്കുവാനോ വില കുറക്കുവാനോ സര്‍ക്കാര്‍ തയ്യാറായാല്‍ ചെറുകിട നാമ മാത്രമായ ഭൂ ഉടമകള്‍ക്കു കൂടി അതിന്റെ ഫലം ലഭ്യമാക്കാമായിരുന്നു. അതു ചെയ്യാത്തതിലൂടെ സര്‍ക്കാരിന്റെ ലക്ഷ്യം പകല്‍ പോലെ വ്യക്തമാണ്‌. ധനകാര്യ മന്ത്രിയുടെ ബന്ധുക്കളും വേണ്ടപ്പെട്ടവരുമായ വന്‍കിട കുത്തകകളെ സഹായിക്കുവാന്‍ മാത്രമാണ്‌ ഈ നിയമനിര്‍മ്മാണം.
ഇതോടൊപ്പം തന്നെ പരമാവധി ഫീസ്‌ 25,000 രൂപായില്‍ താഴെ വരുന്ന ഇടപാടുകളില്‍ രജിസ്‌ട്രേഷന്‍ ഫീസ്‌ ഒരു ശതമാനത്തില്‍ നിന്നും അര ശതമാനമാക്കി കുറയ്‌ക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നെങ്കിലും വന്‍കിടക്കാരെ സഹായിക്കുന്നതോടൊപ്പം ചെറുകിടക്കാര്‍ക്കു കൂടി ഗുണം ചെയ്‌തേനെ. സര്‍ക്കാര്‍ നടപ്പിലാക്കുന്ന മുഴുവന്‍ നിയമങ്ങളും വന്‍കിടക്കാര്‍ക്ക്‌ ഗുണവും ചെറകിടക്കാര്‍ക്ക്‌ ഭാരവുമായി മാറുന്ന ദുരവസ്ഥയാണ്‌ ഇന്നുള്ളത്‌.
മുമ്പ്‌ ബന്ധുക്കള്‍ തമ്മിലുള്ള വസ്‌തു കൈമാറ്റങ്ങള്‍ക്കുള്ള സ്റ്റാമ്പ്‌ ഡ്യൂട്ടി ആയിരം രൂപയാക്കി നിജപ്പെടുത്തിയപ്പോള്‍ രജിസ്‌ട്രേഷന്‍ ഫീസിന്റെ കാര്യം സര്‍ക്കാര്‍ സൗകര്യപൂര്‍വ്വം മറച്ചു വയ്‌ക്കുകയായിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപനം കേട്ട്‌ വിശ്വസിച്ച പലരും ആയിരം രൂപയുമായി ആധാരം എഴുതിക്കാന്‍ ചെല്ലുമ്പോഴാണ്‌ ആയിരം രൂപക്കും പുറമെ പതിനായിരങ്ങളും ലക്ഷങ്ങളും രജിസ്‌ട്രേഷന്‍ ഫീസ്‌ ആഫീസില്‍ അടക്കണമെന്ന കാര്യം മനസ്സിലാക്കിയത്‌. ആ പ്രഖ്യാപനം കൊണ്ടും കൂടുതല്‍ ഗുണം ഉണ്ടായത്‌ ഭൂമി അധികം ഉള്ളവര്‍ക്കാണ്‌. സ്ഥലം എത്ര ഏക്കറുകള്‍ ഉണ്ടങ്കിലും മുദ്രവില ആയിരം രൂപാ മാത്രം മതി. വന്‍കിടക്കാര്‍ക്കും കുത്തകള്‍ക്കും മാത്രമല്ല സാധാരണക്കാര്‍ക്കും വേട്ടുണ്ടന്ന കാര്യം സര്‍ക്കാര്‍ വിസ്‌മരിക്കരുത്‌. 

Comments