
ഉത്രാളിക്കാവ് പൂരം നാളെ (മാര്‍ച്ച് 1 ചൊവ്വ)
ചമയങ്ങളുടേയും ബഹുവര്‍ണ്ണ നിലപ്പന്തലുകളുടേയും വിസ്‌മയ കാഴ്‌ചവട്ടങ്ങളൊരുക്കിയ പ്രസിദ്ധമായ ഉത്രാളിക്കാവ് പൂരം നാളെ (മാര്‍ച്ച് 1 ചൊവ്വ)
ആഘോഷിക്കും. പൂരത്രയങ്ങളായ വടക്കാഞ്ചേരി, എങ്കക്കാട് കുമാരമെല്ലൂര്‍ ദേശങ്ങള്‍ മത്സരബുദ്ധിയോടെ അണിയിച്ചൊരുക്കുന്ന പൂരച്ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പതിനായിരങ്ങള്‍ ഉത്രാളിപ്പാടത്തെത്തും. ആദ്യം എങ്കക്കാട് ദേശത്തിന്റേയും രണ്ടാമത് കുമാരനെല്ലൂര്‍ ദേശത്തിന്റേയും അവസാനമായി വടക്കാഞ്ചേരി ദേശത്തിന്റേയും എഴുന്നള്ളിപ്പുകളാണ് ഉത്രാളിക്കാവില്‍ പ്രവേശിക്കുക. മൂന്നു ദേശക്കാര്‍ക്കും ഏഴു ആനകളെ വീതം ഇരുപത്തിയൊന്ന് ആനകളെ ആകും എഴുന്നള്ളിക്കു.
എങ്കക്കാട് ദേശം
ഉത്സവ ദിനമായ നാളെ രാവിലെ ക്ഷേത്രചടങ്ങുകള്‍ക്കു ശേഷം ഏങ്കക്കാട് വിഭാഗത്തിന്റെ എഴുന്നള്ളിപ്പോടെ പൂരച്ചടങ്ങുകള്‍ക്ക് ക്ഷേത്രത്തില്‍ തുടക്കമാകും. രാവിലെ 11 ന് വാദ്യകുലപതി കുനിശ്ശേരി അനിയന്‍ മാരാര്‍ തിമിലയിലും , ചന്ദ്രന്‍ മദ്ദളത്തിലും പ്രാമാണികരായി നാദ താളമുയര്‍ത്തുന്നതൊടെ ഉത്രാളി തട്ടകത്ത് പൂരാവേശം പതഞ്ഞയുരും തിരുവമ്പാടി ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള ഏഴംഗ ഗജനിര താളപ്പെരുക്കങ്ങള്‍ക്കു മാറ്റു കൂട്ടും
കുമാരനെല്ലൂര്‍ ദേശം
ഇതേ സമയത്ത് കുമാരനെല്ലൂര്‍ ദേശം പുതുപ്പള്ളി കേശവന്റെ നേതൃത്വത്തില്‍ ഏഴംഗ ഗജഘോഷയാത്ര കറുവണ്ണി ശിവക്ഷേത്ര പരിസരത്ത് നിന്നും ഉത്രാളിക്കാവിനെ ലക്ഷ്യമാക്കി പുറപ്പെടും. രണ്ടോടെ എഴുന്നള്ളിപ്പ് പൂര്‍ത്തിയാക്കി എങ്കക്കാട് ദേശം കാവിന് പുറത്തു കടക്കുന്നതോടെ , കുമാരനെല്ലൂര്‍ ദേശം കുയന്നൂര്‍ നാരായണന്‍ നമ്പൂതിരി തിമില, കോട്ടയ്‌ക്കല്‍ രവി മദ്ദളം എന്നിവരുടെ പ്രാമാണികത്വത്തില്‍ വാദ്യപ്പെരുമയ്‌ക്ക് തുടക്കമിടും
വടക്കാഞ്ചേരി ദേശം
പന്ത്രണ്ടോടെ വടക്കാഞ്ചേരി ദേശത്തിന്റെ ചരിത്ര പ്രസിദ്ധമായ നടപ്പുര വാദ്യത്തോടെ പൂരം എഴുന്നള്ളിപ്പിന് തുടക്കമാകും. വൈക്കം ചന്ദ്രശേഖര മാരാര്‍ തിമില. കൃഷ്‌ണ വാര്യര്‍ മദ്ദളം എന്നീ പ്രഗത്ഭര്‍ കാലങ്ങള്‍ കാലങ്ങള്‍ കൊട്ടിക്കയറി വടക്കാഞ്ചേരി കരുമരക്കാട് ശിവക്ഷേത്ര നടപ്പുരയില്‍ വാദ്യ വിസ്‌മയം ഒരുക്കുമ്പോള്‍ ഗജരാജാവ് പാമ്പാടി രാജന്റെ നേതൃത്വത്തില്‍ ഏഴംഗ ഗജനിര പ്രൗഢിയോടെ അകമ്പടിയേകും.
നടപ്പുര താളപ്പെരുമയ്‌ക്ക് ശേഷം തൃശൂര്‍ - ഷൊര്‍ണ്ണൂര്‍ സംസ്ഥാന പാതയിലൂടടെ രാജകീയ പ്രൗഢിയോടെ ആയുധധാരികളായ പോലീസ് അകമ്പടിയോടെ വടക്കാഞ്ചേരി ദേശത്തിന്റെ എഴുന്നള്ളിപ്പ് ഉത്രാളിക്കാവിലേക്ക് നീങ്ങുന്നതോടെ എല്ലാ വഴികളും ഉത്രാളിപ്പാടത്തേക്കാവും. വടക്കാഞ്ചേരി ദേശത്തിന്റെ എഴുന്നള്ളിപ്പ് ക്ഷേത്രത്തിനഭിമുഖമായി ആല്‍ച്ചുവട്ടില്‍ നിരക്കുന്നതോടെ കുമാരനെല്ലൂര്‍ വിഭാഗം എഴുന്നള്ളിപ്പ് പൂര്‍ത്തിയാക്കി ക്ഷേത്രത്തിനു പുറത്തു കടക്കും.
ഭഗവതിപ്പൂരവും കുടമാറ്റവും
പൂരത്രയങ്ങളായ വടക്കാഞ്ചേരി, എങ്കക്കാട് കുമാരമെല്ലൂര്‍ ദേശങ്ങള്‍ ഉത്രാളി മുറ്റത്ത് എത്തുന്നതോടെ വടക്കാഞ്ചേരി ദേശം ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തിലും , എങ്കക്കാട് ദേശം കലാനിലയം ഉദയന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലും , കുമാരനെല്ലൂര്‍ ദേശം വെള്ളിത്തുരുത്തി ഉണ്ണി നായരുടെ നേതൃത്വത്തിലും പാണ്ടിമേളത്തോടെ ഭഗവതിപ്പൂരത്തിന് തുടക്കം കുറിക്കും . തുടര്‍ന്ന് മൂന്നു ദേശങ്ങളും മത്സര ബുദ്ധിയോടെ നടത്തുന്ന കുടമാറ്റവുംനടക്കും.
വെടിക്കെട്ട്
വൈകിട്ട് ഏഴരയോടെ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ മൂന്നു ദേശങ്ങളും സംയുക്തമായി കരിമരുന്ന് വിസ്‌മയം ഒരുക്കും.
രാത്രി പൂരം
രാത്രിയിലും പകല്‍ പൂര ചടങ്ങുകളുടെ തനി ആവര്‍ത്തനം നടക്കും. ബുധനാഴ്‌ച രാവിലെ ആറിന് സര്‍ക്കാര്‍ അനുശാസിക്കുന്ന കരിമരുന്ന് പ്രയോഗം നടക്കും. തുടര്‍ന്ന് ഭഗവതിപ്പൂരത്തൊടെ ഈ വര്‍ഷത്തെ ചടങ്ങുകള്‍ സമാപിക്കും.
ഉത്രാളിക്കാവ് അമ്പലം അഥവാ
രുധിര മഹാകാളിക്കാവ് ക്ഷേത്രം
=========================
തൃശ്ശൂര് ജില്ലയിലെ
വടക്കാഞ്ചേരിക്കടുത്തുള്ള
പ്രശസ്‌തമായ ഒരു അമ്പലമാണ്
ഉത്രാളിക്കാവ് അമ്പലം അഥവാ രുധിരമഹാകാളിക്കാവ് ക്ഷേത്രം.
ആദിപരാശക്തിയുടെ (ദുര്ഗ്ഗ)
ഉഗ്രരൂപമായ `രുധിര മഹാകാളി`
ആണ് പ്രതിഷ്‌ഠ.
മദ്ധ്യകേരളത്തിലെ പ്രശസ്‌തമായ
വേല ഉത്സവങ്ങളില് ഏറ്റവും പ്രധാനമാണു് വെടിക്കെട്ടിനു പ്രാധാന്യമുള്ള
ഉത്രാളിക്കാവ് പൂരം.
കൊടുങ്ങല്ലൂര് ഷൊര്ണൂര് സംസ്ഥാനപാതയില് വടക്കാഞ്ചേരിയില്നിന്നും ഏകദേശം രണ്ടു കിലോമീറ്റര് വടക്ക്, തീവണ്ടിപ്പാതയ്‌ക്കുസമീപം അകമല താഴ്‌വരയിലെ പാടങ്ങള്ക്കരികിലായാണു് വിസ്‌താരത്തില് താരതമ്യേന ചെറുതായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നതു്. ചുറ്റുപാടും ഉയര്ന്ന മലയോരപ്രദേശങ്ങള്ക്കിടയ്‌ക്ക് താഴ്‌വരയിലുള്ള ചെറിയ സമതലം എന്ന പ്രത്യേകത ഈ അമ്പലത്തിലെ പൂരാഘോഷത്തിനു് തനിമ നല്കുന്നതില് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. തൃശ്ശൂര്, വടക്കാഞ്ചേരി, ഷൊറണൂര് എന്നീ തീവണ്ടിസ്‌റ്റേഷനുകളും തൃശ്ശൂര്, ഒറ്റപ്പാലം, കുന്നംകുളം, ഗുരുവായൂര്, ചേലക്കര, പട്ടാമ്പി എന്നിവിടങ്ങളില്നിന്നുള്ള ബസ് സര്വീസുകളുമാണു് പ്രധാന യാത്രാസൌകര്യങ്ങള്.
കേരളത്തിലെ മിക്ക ഭഗവതി ക്ഷേത്രങ്ങളുടേയും ഉല്പ്പത്തിയായി പറഞ്ഞുകേള്ക്കുന്ന കഥകള്ക്കു സമാനമാണു് രുധിരമഹാകാളികാവു ക്ഷേത്രത്തിന്റേതും. കൊച്ചി രാജ്യത്തെ പ്രധാനിയായിരുന്ന പാലിയത്തച്ചനെപ്പോലെ തലപ്പള്ളിയിലെ പ്രമുഖനായിരുന്നു കേളത്തച്ചന്. അകമല താഴ്വരകളിലുള്ള തന്റെ കൃഷിസ്ഥലങ്ങള് സന്ദര്ശിക്കാന് എത്തിയിരുന്ന കേളത്തച്ചന്റെ ഓലക്കുടയില്നിന്നും ഭൂമിയില് അവരൂഢയായ മൂകാംബികാദേവിയുടെ അംശമാണു് രുധിരമഹാകാളി എന്നത്രേ സ്ഥലവാസികള് കേട്ടറിയുന്ന ഐതിഹ്യം. പില്ക്കാലത്ത് അശ്രദ്ധമായി ഉപേക്ഷിക്കപ്പെട്ട ആ വിഗ്രഹശിലയില് പാടത്ത് നെല്ലു കൊയ്യുകയായിരുന്ന ഒരു ചെറുമി അരിവാളിനു മൂര്ച്ചകൂട്ടുന്നതിനിടയില് അതില് നിന്നും രക്തം വരുന്നതായി കണ്ടു, പ്രശ്‌നം വച്ചു നോക്കിയവര്ക്ക് ശിലയിലെ ദേവീസാന്നിദ്ധ്യം ബോദ്ധ്യമാവുകയും തുടര്ന്നു് യഥാചാരവിധികളോടെ ക്ഷേത്രം നവീകരിക്കുകയും ചെയ്‌തുവത്രേ.
മദ്ധ്യകേരളത്തിലെ പുരാതനമായ ഭഗവതിക്കാവുകളില് ഒന്നായി ഈ ക്ഷേത്രത്തെ കണക്കാക്കുന്നു.
ഉത്രാളിക്കാവ് വേലയും പൂരവും
മദ്ധ്യകേരളത്തിലെ പുരാതനമായ വേല ആഘോഷങ്ങളില് പ്രമുഖമായ സ്ഥാനമാണു് ഉത്രാളിക്കാവിലെ പൂരത്തിനുള്ളതു്. കുംഭമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്‌ച കഴിഞ്ഞുള്ള ചൊവ്വാഴ്‌ചയാണ് ഉത്സവം കൊടിയേറുന്നതു്. (ഇതേ ദിവസം തന്നെയാണു് നാലുകിലോമീറ്റര് അകലെയുള്ള പ്രസിദ്ധമായ മച്ചാട്ടുവേലയും). ഒരാഴ്‌ച നീണ്ടുനില്ക്കുന്ന ഉത്സവത്തിന്റെ സമാപനദിവസമാണു് പൂരവും അതിനോടനുബന്ധിച്ച മറ്റു പരിപാടികളും.
എങ്കക്കാവ്, കുമരനെല്ലൂര്, വടക്കാഞ്ചേരി എന്നീ ദേശങ്ങളില് നിന്നുള്ള മൂന്നു പങ്കുകാരാണു് ഉത്രാളിക്കാവ് വേലയുടെ പ്രധാന നടത്തിപ്പുകാര്. സാധാരണ, ഓരോ ദേശക്കാരും പതിനൊന്നു് ആനകള് വീതം മൊത്തം 33 ആനകളെ പൂരത്തിനു് എഴുന്നള്ളിക്കുന്നു. ഇതുകൂടാതെ വിവിധ സമുദായക്കാരുടേതായി കുതിരവേല, കാളവേല, ഹരിജന് വേല എന്നീ പരിപാടികളും മുട്ടിറക്കല് എന്ന വഴിപാടുചടങ്ങും പതിവുണ്ട്.
ഉത്സവത്തിലെ മറ്റൊരു പ്രശസ്‌ത ഇനം ഇവിടത്തെ നടപ്പുര പഞ്ചവാദ്യം ആണു് . ക്ഷേത്രവാദ്യാസ്വാദകര്ക്ക് തൃശ്ശൂര് പൂരത്തിന്റെ ഇലഞ്ഞിത്തറ മേളം (പാണ്ടിമേളം), മഠത്തില്നിന്നുള്ള വരവ്(പഞ്ചവാദ്യം), ആറാട്ടുപുഴ കൈതവളപ്പ് പാണ്ടിമേളം, ശേഷമുള്ള പഞ്ചാരി ഇവയെപ്പോലെത്തന്നെ പ്രിയങ്കരമാണു് നടപ്പുര പഞ്ചവാദ്യവും.
വെടിക്കെട്ട്
ഉത്രാളിക്കാവ് പൂരം പകല്വെടിക്കെട്ട്
കുന്നുകള്ക്കിടയില് സ്ഥിതിചെയ്യുന്ന ഉത്സവപ്പറമ്പിന്റെ ഭൂപ്രകൃതിയിലുള്ള പ്രത്യേകത മൂലം അസാമാന്യമായ ശബ്ദഗാംഭീര്യം ജനിപ്പിക്കുന്ന വെടിക്കെട്ടാണു് ഉത്രാളിക്കാവ് പൂരത്തിന്റെപ്രത്യേകത. പൂരദിവസം സന്ധ്യയ്‌ക്കും പിറ്റേന്നു പുലര്ച്ചേ നാലുമണിക്കും മത്സരാടിസ്ഥാനത്തില് നടക്കുന്ന വെടിക്കെട്ട് സുരക്ഷിതമായും വ്യക്തമായും കണ്ടാസ്വദിക്കാനും ഈ കുന്നുകള് സൌകര്യപ്രദമാണു്
സന്തോഷ് അറയ്ക്കല് 9961747406
Comments
Post a Comment