സമയമായില്ല വിശ്രമിക്കാന്‍ (വിജയദശമി ആഘോഷത്തോടനുബന്ധിച്ച് ആര്‍.എസ്.എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നാഗ്‌പൂരില്‍ ചെയ്‌ത പ്രഭാഷണം)
വിജയദശമി ആഘോഷത്തോടനുബന്ധിച്ച് ആര്‍.എസ്.എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നാഗ്‌പൂരില്‍ ചെയ്‌ത പ്രഭാഷണം
അവിസ്‌മരണീയമാക്കുന്ന അനുഭവങ്ങള്‍
ഈ വര്‍ഷത്തിന് വളരെ സവിശേഷതയുണ്ട്. ഗുരുനാനാക്കിന്റെ 550-ാം ജന്മവാര്‍ഷികവും മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികവും ഈ വര്‍ഷമാണ് ആഘോഷിക്കുന്നത്. ഇതോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ദത്തോപാന്ത് ഠേംഗ്ഡിജിയുടെ 100-ാം ജന്മവാര്‍ഷികാചരണം നവംബര്‍ 10 മുതല്‍ ആരംഭിക്കുകയാണ്.
മെയ് മാസത്തിലാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടത്. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു. വൈവിധ്യങ്ങള്‍ നിറഞ്ഞ വിശാലമായ രാജ്യം വളരെ മികച്ചരീതിയില്‍ സമയബന്ധിതമായും ചിട്ടയോടുംകൂടി തെരഞ്ഞെടുപ്പ് നടത്തി എന്നതായിരുന്നു അതിനു പ്രധാനകാരണം. 2014 ലെ തെരഞ്ഞെടുപ്പ്ഫലം നിലവിലുണ്ടായിരുന്ന സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്തായിരുന്നു. എന്നാല്‍ ജനം തങ്ങളുടെ മുന്നോട്ടുള്ള പ്രയാണം ഏത് ദിശയിലേക്കായിരിക്കണം എന്നത് നിശ്ചയിച്ചു കഴിഞ്ഞുവെന്നാണ് 2019 ലെ തെരഞ്ഞെടുപ്പ് ഫലം കാണിച്ചത്. അതും ലോകശ്രദ്ധയാകര്‍ഷിച്ചു. ജനങ്ങള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി. ജനാധിപത്യം എന്നത് പുറത്തുനിന്ന് ഇറക്കുമതി ചെയ്ത അപരിചിതമായ ഒന്നല്ല, മറിച്ച് അത് നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിലൂടെ, അനുഭവങ്ങളിലൂടെ, സ്വാതന്ത്ര്യാനന്തരകാലഘട്ടത്തില്‍ നേടിയ പ്രബുദ്ധതയിലൂടെ ദേശീയ മനസ്സില്‍ രൂപംകൊണ്ട ഒന്നാണെന്ന് അതുതെളിയിച്ചു. ജനാധിപത്യത്തെ മുറുകെപിടിച്ച് മുന്നോട്ട് പോകാന്‍ ജനത ദൃഢനിശ്ചയം എടുക്കുകയും ചെയ്തു. ഇത് എല്ലാവരുടെയും ശ്രദ്ധ കവര്‍ന്നിട്ടുണ്ടാകും. ജനത ഒരു പുതിയ സര്‍ക്കാരിനെ തെരെഞ്ഞെടുത്തിരിക്കുന്നു. അതും കഴിഞ്ഞതവണ നല്‍കിയതിനേക്കാള്‍ കൂടുതല്‍ അംഗബലത്തോടെ. അതിനര്‍ത്ഥം കഴിഞ്ഞ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അവര്‍ തൃപ്തരാണെന്നും ഭാവിയെക്കുറിച്ച് അവര്‍ക്ക് ശുഭപ്രതീക്ഷകള്‍ ഉണ്ടെന്നുമാണ്.
ജനത തങ്ങളില്‍ അര്‍പ്പിച്ച വിശ്വസം കാത്തുസൂക്ഷിക്കാനും രാഷ്ട്രതാല്പര്യങ്ങളെ സംരക്ഷിക്കാനുമുള്ള കരുത്ത് തങ്ങള്‍ക്കുണ്ടെന്ന് 370-ാം വകുപ്പ് റദ്ദ്‌ചെയ്ത നടപടിയിലൂടെ പുതിയ ഭരണ നേതൃത്വം തെളിയിച്ചിരിക്കുന്നു. 370-ാം വകുപ്പ് റദ്ദാക്കുക എന്നത് ഭരണകക്ഷിയുടെ അജണ്ടയില്‍ തുടക്കം മുതലേയുള്ള കാര്യമാണ്. ഇത്തവണ ഇരുസഭകളിലും വളരെ സമര്‍ത്ഥമായി മറ്റ് പാര്‍ട്ടികളുടെ പിന്തുണനേടിയും പൊതുജനാഭിപ്രായം ഇതിനനുകൂലമായി സ്വരൂപിച്ചും കേന്ദ്രസര്‍ക്കാര്‍ ദൗത്യം പൂര്‍ത്തിയാക്കിയിരിക്കുന്നു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഭരണകക്ഷി അംഗങ്ങളും, പൊതുജനവികാരത്തെ മാനിച്ച് മറ്റ് പാര്‍ട്ടികളിലെ അംഗങ്ങളും ഇക്കാര്യത്തില്‍ പ്രശംസ അര്‍ഹിക്കുന്നുണ്ട്. 370-ാം വകുപ്പിന്റെ മറവില്‍ കശ്മിരില്‍ ഉണ്ടായ അനീതികള്‍ക്ക് അന്ത്യം കുറിക്കുകയും ഇതിന്റെ പേരില്‍ നിഷേധിക്കപ്പെട്ട നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പ്‌വരുത്തുകയും ചെയ്യുമ്പോഴാണ് ഈ റദ്ദാക്കല്‍ നടപടി ഫലവത്തായി മാറുക.
അന്യായമായി പുറത്താക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുകയും സുരക്ഷിതരും നിര്‍ഭയരും ദേശസ്‌നേഹികളുമായ ഹിന്ദുക്കളായി അവരെ തുടര്‍ന്ന് ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നതോടെയാണ് അത് ഉണ്ടാവുക. കശ്മീര്‍ നിവാസികള്‍ക്ക് ഇതുവരെ നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ പുനഃസ്ഥാപിക്കണം. തെറ്റായ പ്രചാരണങ്ങള്‍ താഴ്‌വരയിലെ സഹോദരങ്ങളുടെ മനസ്സില്‍ പകര്‍ന്നിട്ടുണ്ട്. 370-ാം വകുപ്പ് അസാധുവാക്കിയാല്‍ അവരുടെ സ്വത്തിനും ഭീഷണിയുണ്ട് എന്ന പ്രചാരണം നടത്തുന്നു. ഈ ഭയം ഇല്ലാതാക്കിയാല്‍ സാഹോദര്യത്തോടെ രാജ്യത്തിന്റെ വികസനത്തിനായി അവരുടെ കടമകള്‍ നിര്‍വഹിച്ചുകൊണ്ട് ഭാരതത്തിലെ മറ്റു ജനവിഭാഗങ്ങളുമായി യോജിച്ചു ജീവിക്കാന്‍ അവര്‍ക്ക് കഴിയും.
സപ്തംബര്‍ മാസത്തില്‍ ഭാരതത്തിന്റെ ശാസ്ത്രലോകം ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റി. ഇതുവരെ പര്യവേഷണം ചെയ്യപ്പെടാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ചന്ദ്രയാന്റെ 'വിക്രം' ഇറങ്ങി. പ്രതീക്ഷിച്ചതുപോലെ ആദ്യ ദൗത്യം വിജയിച്ചില്ലെങ്കിലും ആദ്യ ശ്രമത്തില്‍തന്നെ വളരെയധികം നേട്ടം കൈവരിക്കാന്‍ സാധിച്ചുവെന്നത് അഭിമാനാര്‍ഹമാണ്. ഭാരതീയ ശാസ്ത്രജ്ഞന്‍മാരുടെ ധീരമായ ഈ ദൗത്യം രാജ്യത്തിന്റെ ബൗദ്ധിക ശക്തിയേയും ശാസ്ത്ര അഭ്യുന്നതിയേയും കഠിനപ്രയത്‌നത്തിലൂടെ ദൗത്യം പൂര്‍ത്തീകരിക്കാനുള്ള പ്രതിബദ്ധതയേയും വര്‍ദ്ധിപ്പിച്ചു. ജനതയുടെ പക്വതയോടെയുള്ള ബുദ്ധിപരമായ പ്രവര്‍ത്തനവും രാജ്യത്ത് ഉയര്‍ന്നുവന്ന അഭിമാനബോധവും സര്‍ക്കാരിന്റെ ഉറച്ച പ്രതിബദ്ധതയും ശാസ്ത്ര-വൈജ്ഞാനിക പ്രതിഭകളുടെ അനുഭവവും കഴിഞ്ഞവര്‍ഷത്തെ എക്കാലത്തേക്കും അവിസ്മരണീയമാക്കുന്ന സന്തോഷകരമായ അനുഭവങ്ങളായിരുന്നു.
സമയമായില്ല വിശ്രമിക്കാന്‍
സുഖകരമായ സാഹചര്യങ്ങളില്‍ ആനന്ദിച്ചിരിക്കാനും ജാഗരൂകരാകാതെ മടിപിടിച്ചിരിക്കാനും നിഷ്‌ക്രിയരാകാനും ആഡംബരത്തിലും സ്വാര്‍ത്ഥതയിലും ഏര്‍പ്പെടാനും എല്ലാം സര്‍ക്കാര്‍ നോക്കികൊള്ളുമെന്ന് കരുതി വെറുതെ ഇരിക്കാനുമുള്ള സമയമല്ല ഇത്. നമ്മുടെ പരമമായ ലക്ഷ്യം-ഭാരതത്തെ മഹത്വമുള്ളതും ഐശ്വര്യസമ്പന്നവുമാക്കി മാറ്റുക എന്നതാണ്. അതിനുവേണ്ടിയാണ് നമ്മള്‍ യാത്ര ആരംഭിച്ചത്. ലക്ഷ്യം ഇപ്പോഴും അകലെയാണ്. പാതയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാനും വഴിതടയാനും ശ്രമിക്കുന്ന ശക്തികള്‍ ഇതുവരെ അവരുടെ തന്ത്രങ്ങള്‍ അവസാനിപ്പിച്ചിട്ടില്ല. നമുക്ക് മുന്നില്‍ ചില പ്രതിസന്ധികളുണ്ട്, അവ മറികടക്കേണ്ടതുണ്ട്. ചില ചോദ്യങ്ങളുണ്ട്, അവയ്ക്ക് നമ്മള്‍ ഉത്തരം നല്‍കേണ്ടതുണ്ട്. കൂടാതെ, ചില പ്രശ്‌നങ്ങളുമുണ്ട്, അവ പരിഹരിക്കുന്നതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്തണം.
പ്രതിസന്ധികളെ സംബന്ധിച്ചിടത്തോളം, ഒരു വ്യക്തിയുടേതാകട്ടെ, ലോകത്തിന്റെതാകട്ടെ, ജീവിതത്തില്‍ എല്ലായ്‌പ്പോഴും പ്രശ്‌നങ്ങളുള്ള സാഹചര്യങ്ങളുണ്ടാകും. ചില പ്രതിസന്ധികള്‍ ദൃശ്യമാണ്. ചിലത് പിന്നീട് മാത്രമായിരിക്കും രംഗത്തെത്തുക. നമ്മുടെ ശരീരവും മനസ്സും ബുദ്ധിയും ജാഗ്രതയോടെയും ആരോഗ്യത്തോടെയും പ്രതികരണശേഷിയോടെയും ഇരിക്കുന്നിടത്തോളം കാലം പ്രതിസന്ധികളെ വിജയകരമായി നേരിടാനുള്ള സാധ്യതയും വര്‍ധിക്കും.
ഭാഗ്യവശാല്‍, നമ്മുടെ രാജ്യത്തിന്റെ സുരക്ഷാശേഷി, നമ്മുടെ സായുധസേനകളുടെ തയ്യാറെടുപ്പ്, നമ്മുടെ സര്‍ക്കാരിന്റെ സുരക്ഷാനയം, അന്തര്‍ദേശീയ രാഷ്ട്രീയത്തിലെ നമ്മുടെ വൈദഗ്ധ്യം എന്നിവയെല്ലാം നമ്മുക്ക് ജാഗ്രതയും ആത്മവിശ്വാസവും നല്‍കുന്ന തലത്തിലേക്ക് വളര്‍ന്നു. നമ്മുടെ കരയിലും സമുദ്രഅതിര്‍ത്തിയിലും സുരക്ഷാജാഗ്രത മികച്ചതാണ്. എന്നിരുന്നാലും കര അതിര്‍ത്തികളിലെ കാവല്‍ക്കാരുടെയും ചെക്ക്‌പോസ്റ്റുകളുടെയും എണ്ണവും സമുദ്രഅതിര്‍ത്തിയിലെ പ്രത്യേകിച്ച് ദ്വീപുകളിലെ നിരീക്ഷണവും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. രാജ്യത്ത് തീവ്രവാദ അതിക്രമങ്ങള്‍ കുറഞ്ഞു. കീഴടങ്ങുന്ന തീവ്രവാദികളുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാലും, ഒരോ മനുഷ്യനെ സംബന്ധിച്ചും എല്ലായ്‌പ്പോഴും വരാനിടയുള്ള ഒരു പ്രതിസന്ധിയെക്കുറിച്ച് ഉള്ളില്‍ ഭയമുണ്ട്. പല കുഴപ്പങ്ങള്‍ക്കും കാരണമാകുന്ന ഏജന്റുകള്‍ ശരീരത്തില്‍തന്നെയുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയാണെങ്കില്‍ അവയുടെ ആഘാതം ദൃശ്യമാകും, അല്ലാത്തപക്ഷം, ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഭാരതത്തിന്റെ ചിന്താപ്രക്രിയയുടെ ദിശയില്‍ ഒരുമാറ്റം ഉണ്ടായിട്ടുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ആ ഒരുമാറ്റം ഇഷ്ടപ്പെടാത്തവര്‍ വിദേശത്തും സ്വദേശത്തും ഉണ്ട്. വികസിതഭാരതം നിക്ഷിപ്തതാല്‍പ്പര്യക്കാരുടെ മനസ്സില്‍ ഭയം സൃഷ്ടിക്കുന്നു. അത്തരം ശക്തികള്‍ ഭാരതം ശക്തവും ഊര്‍ജ്ജസ്വലവുമായിരിക്കാന്‍ ആഗ്രഹിക്കുന്നില്ല. നിര്‍ഭാഗ്യവശാല്‍, ഭാരതത്തില്‍ നിലനില്‍ക്കുന്ന സാമൂഹികഐക്യവും, സമത്വവും ആവശ്യമായ തലത്തിലേക്കുയര്‍ന്നിട്ടില്ല.
രാഷ്ട്രത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ ഈ സാഹചര്യം മുതലെടുക്കുന്നതായി കാണാന്‍ സാധിക്കും. ജാതി, മതം, ഭാഷ, പ്രദേശം എന്നിവയുടെ വൈവിധ്യങ്ങള്‍ പരസ്പരം വേര്‍തിരിക്കാന്‍ ഇവര്‍ ഉപയോഗിക്കുന്നു. സമൂഹത്തെ അഭിപ്രായ വ്യത്യാസങ്ങളിലേക്ക് തിരിക്കുക, സമൂഹത്തില്‍ നിലവിലുള്ള തെറ്റുകളെ വീണ്ടും വിശാലമാക്കുക, നിര്‍മ്മിത വിഭജനങ്ങളില്‍ കെട്ടിച്ചമച്ച ഐഡന്റിറ്റികള്‍ അടിച്ചേല്‍പ്പിക്കുക, അതുവഴി ദേശീയ മുഖ്യധാരയില്‍ വൈരുദ്ധ്യമുള്ള പാതകള്‍ സൃഷ്ടിക്കുക, അത്തരം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഈ പ്രവൃത്തികളെ തിരിച്ചറിയുന്നതില്‍ ജാഗ്രതപാലിക്കുകയും അവ ബൗദ്ധികവും സാമൂഹികവുമായ തലങ്ങളില്‍ പ്രതിരോധിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. സര്‍ക്കാരിലെയോ ഭരണസംവിധാനത്തിലെയോ വ്യക്തികളില്‍നിന്ന് വരുന്ന നല്ല അര്‍ത്ഥമുള്ള നയങ്ങള്‍, തീരുമാനങ്ങള്‍, എന്തിന് പ്രസ്താവനകള്‍പോലും തെറ്റായി വ്യാഖ്യാനിക്കാന്‍ ഈ ശക്തികള്‍ ശ്രമിക്കുന്നുണ്ട്. നിരന്തരജാഗ്രത അത്യാവശ്യമാണ്. ഈ പ്രവര്‍ത്തനങ്ങളെല്ലാം നടന്നുകൊണ്ടിരിക്കുമ്പോള്‍, രാജ്യത്തിന്റെ സിവില്‍ അച്ചടക്കത്തോടും നിയമത്തോടും അതൃപ്തി സൃഷ്ടിക്കാന്‍ പരസ്യമായും രഹസ്യമായും ശ്രമങ്ങള്‍ നടക്കുന്നു. ഇത് എല്ലാ തലങ്ങളിലും നേരിടേണ്ടതുണ്ട്.
ഇക്കാലത്ത്, നമ്മുടെ സമൂഹത്തില്‍ ഒരു സമുദായത്തിലെ അംഗങ്ങളെ മറ്റൊരു സമുദായം അക്രമിക്കുകയും അവരെ സാമൂഹിക അതിക്രമത്തിന് ഇരയാക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇത്തരം സംഭവങ്ങള്‍ ഏകപക്ഷീയമല്ല. ഇരുവശത്തുനിന്നും ഇത്തരം സംഭവങ്ങള്‍ നടക്കുന്നതായി ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉണ്ട്. ചില സംഭവങ്ങള്‍ മനപൂര്‍വ്വം കെട്ടിച്ചമച്ചതാണെന്നും മറ്റുചിലത് വികലമായ രീതിയില്‍ പ്രസിദ്ധീകരിച്ചതാണെന്നുമുള്ള വിവരം വെളിച്ചത്തുവന്നിട്ടുണ്ട്. ഇത്തരം അക്രമപ്രവണതകള്‍ ക്രമസമാധാനം തകര്‍ക്കുകയും സമൂഹത്തിലെ പരസ്പരബന്ധത്തെ നശിപ്പിക്കുകയും ചെയ്യുന്നു എന്ന വസ്തുത നാം അംഗീകരിക്കണം. ഈ അക്രമപ്രവണതകള്‍ നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യമല്ല. ഭരണഘടനയുടെ അന്തസത്തയ്ക്കു നിരക്കുന്നതുമല്ല. അഭിപ്രായവ്യത്യാസം എത്ര ആഴത്തിലുള്ളതാണെങ്കിലും, എത്രതന്നെ പ്രകോപനപരമായ നടപടികള്‍ നടന്നാലും ഭരണഘടനയുടെ പരിധിക്കുള്ളില്‍നിന്നുകൊണ്ട് അത്തരം കേസുകള്‍ പോലീസിന് കൈമാറുകയും രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യണം. സ്വതന്ത്രരാഷ്ട്രത്തിലെ പൗരന്മാരുടെ കടമ ഇതാണ്. ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെട്ട ആളുകളെ സംഘം ഒരിക്കലും പിന്തുണച്ചിട്ടില്ല, മാത്രമല്ല ഇത്തരം പ്രവൃത്തികളെ സംഘം എതിര്‍ക്കുന്നു. ഇത്തരം സംഭവങ്ങള്‍ നടക്കാതിരിക്കാന്‍ സ്വയംസേവകര്‍ പ്രയത്‌നിക്കുന്നുണ്ട്. ഭാരതത്തിന് അന്യമായ ഇത്തരം സംഭവങ്ങളെ 'ലിഞ്ചിംഗ്' എന്ന് പേരുവിളിച്ച് നമ്മുടെ രാജ്യത്തെയും മുഴുവന്‍ ഹിന്ദുസമൂഹത്തെയും അപകീര്‍ത്തിപ്പെടുത്താനും ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പ്രകോപനപരമായ ഭാഷയില്‍ സംസാരിക്കുന്നതില്‍നിന്നും പ്രകോപനപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍നിന്നും എല്ലാവരും മാറിനില്‍ക്കണം. ഒരു നിര്‍ദ്ദിഷ്ട സമുദായത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കായി വാദിക്കുന്നതിന്റെ പേരില്‍ നമ്മുടെ സമൂഹത്തിലെ രണ്ട് സമുദായങ്ങള്‍ക്കിടയില്‍ ഏറ്റുമുട്ടല്‍ സൃഷ്ടിക്കുകയും സ്വന്തം താല്പര്യസംരക്ഷണം നടത്തുകയും ചെയ്യുന്നവരെ നാം പ്രോത്സാഹിപ്പിക്കരുത്. ഇത്തരം അതിക്രമങ്ങള്‍ തടയുന്നതിന് മതിയായ നിയമങ്ങള്‍ രാജ്യത്ത് നിലവിലുണ്ട്. അവ സത്യസന്ധമായും കര്‍ശനമായും നടപ്പാക്കണം.
സമൂഹത്തിലെ വിവിധവിഭാഗങ്ങള്‍ പരസ്പരം സൗഹാര്‍ദ്ദവും സംഭാഷണവും സഹകരണവും വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കണം. ഇന്നത്തെ സാഹചര്യത്തില്‍, സമൂഹത്തിലെ എല്ലാവിഭാഗങ്ങളില്‍ ഉള്ളവരുമായും സൗഹാര്‍ദ്ദത്തിനും ഐക്യത്തിനും സഹകരണത്തിനുംവേണ്ടി പ്രവര്‍ത്തിക്കണം. നമ്മുടെ ആശയങ്ങള്‍ പ്രകടിപ്പിക്കുമ്പോഴും നമ്മുടെ താല്‍പ്പര്യങ്ങളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുമ്പോഴും ഭരണഘടനയുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് അച്ചടക്കം പാലിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തിലുള്ള സംഭാഷണങ്ങളും സഹകരണങ്ങളും വര്‍ദ്ധിപ്പിക്കുന്നതിന് സംഘസ്വയംസേവകര്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അപ്പോഴും ചില കാര്യങ്ങളില്‍ തീരുമാനങ്ങള്‍ കോടതികള്‍ എടുക്കേണ്ടതുണ്ട്. തീരുമാനം എന്തുതന്നെയായാലും, വാക്കുകളിലൂടെയോ പ്രവൃത്തികളിലൂടെയോ പരസ്പരസൗഹാര്‍ദ്ദത്തെ വ്രണപ്പെടുത്തരുത് എന്നത് ഉത്തരവാദിത്തമുള്ള പൗരന്മാരുടെ കടമയാണ്. ഇത് ഏതെങ്കിലും ഒരു സമുദായത്തിന്റെമാത്രം ഉത്തരവാദിത്തമല്ല. മറിച്ച് മുഴുവന്‍പേരുടെയും ഉത്തരവാദിത്തമാണ്.
ലോക സമ്പദ്‌വ്യവസ്ഥയിലുണ്ടായ മാന്ദ്യം എല്ലായിടത്തും ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. അമേരിക്കയും ചൈനയും തമ്മിലുള്ള ആഗോള വ്യാപാരയുദ്ധത്തിന്റെ ഫലമായി ഭാരതം ഉള്‍പ്പെടെയുള്ള പല രാജ്യങ്ങള്‍ക്കും ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നു. കഴിഞ്ഞ ഒന്നരമാസത്തിനിടെ സ്ഥിതിഗതികള്‍ നേരിടാനുള്ള നിരവധി മുന്‍കരുതലുകള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ മനസ്സിലാക്കാനുള്ള സര്‍ക്കാരിന്റെ സംവേദനക്ഷമതയെയും സത്വരവും സജീവവുമായ മനോഭാവത്തെയുംകുറിച്ച് ഇത് വ്യക്തമായ സൂചന നല്‍കുന്നു. മാന്ദ്യത്തില്‍നിന്ന് നാം തീര്‍ച്ചയായും പുറത്തുവരും. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ നയിക്കുന്ന വ്യക്തിത്വങ്ങള്‍ മതിയായ കഴിവുള്ളവരാണ്.
ഉണരണം സ്വദേശിബോധം
സാഹചര്യത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് ഉത്തരം തേടുമ്പോള്‍ സ്വദേശിബോധം മറക്കുന്നതും നഷ്ടത്തിലേക്ക് നയിക്കും. ദൈനംദിന ജീവിതത്തിലെ ദേശസ്‌നേഹത്തിന്റെ പ്രകടനമായാണ് 'സ്വദേശി'യെ ദത്തോപന്ത് ഠേംഗ്ഡിജി കണക്കാക്കിയത്. ആചാര്യ വിനോബഭാവേ ഇതിനെ സ്വാശ്രയത്വം (സ്വാവലംബന്‍), അഹിംസ എന്നിവയായാണ് വിശദീകരിച്ചത്. സ്വാശ്രയത്വം കൈവരിക്കുകയും രാജ്യത്തെ എല്ലാവര്‍ക്കും തൊഴില്‍ നല്‍കാനുമുള്ള കഴിവ് ലഭിച്ചവര്‍ക്ക് മാത്രമേ സ്വയം സുരക്ഷിതരായി അന്താരാഷ്ട്ര വ്യാപാരബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും വിപുലീകരിക്കുന്നതിനും കഴിയൂ. അങ്ങനെയുള്ളവര്‍ക്ക് മുഴുവന്‍ മനുഷ്യവര്‍ഗത്തിനും സുരക്ഷിതവും ആരോഗ്യകരവുമായ ഭാവി വാഗ്ദാനം ചെയ്യാന്‍ സാധിക്കുന്നു. നമ്മുടെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് ഏതുപാത തെരഞ്ഞെടുക്കേണ്ടിവന്നാലും, നമ്മുടെ സ്വന്തം ശക്തിയെ അടിസ്ഥാനമാക്കി ഒരു ലക്ഷ്യസ്ഥാനവും ദിശയും നിശ്ചയിച്ച് മുന്നേറാനും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും സാധിക്കണം.
എന്നിരുന്നാലും, ലോകസമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും മറ്റ് സാമ്പത്തിക പ്രതിസന്ധികളും നമ്മുടെ സമ്പദ്‌വ്യവസ്ഥയില്‍ സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ കുറയ്ക്കുന്നതിന് നമ്മള്‍ അടിസ്ഥാനകാര്യങ്ങളിലേക്ക് പോയി ആലോചിക്കേണ്ടതുണ്ട്. നമ്മുടെ ജനങ്ങളുടെ ആവശ്യങ്ങള്‍, ജീവിതനിലവാരം, ജീവിതസാഹചര്യങ്ങള്‍, വിഭവങ്ങള്‍, ദേശീയ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കാനുള്ള കഴിവ് എന്നിവ കണക്കിലെടുത്ത് നമ്മുടെ സ്വന്തം സാമ്പത്തിക കാഴ്ചപ്പാട് രൂപപ്പെടുത്തേണ്ടതുണ്ട്. നിലവിലുള്ള ലോക സാമ്പത്തികചിന്തയ്ക്ക് നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയില്ല. അതിന്റെ മാനദണ്ഡങ്ങളും പലതരത്തില്‍ അപൂര്‍ണ്ണമാണ്. ഈ വസ്തുത ലോകത്തിലെ നിരവധി സാമ്പത്തികവിദഗ്ധരുടെ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍, പരിസ്ഥിതിക്കനുയോജ്യമായ തരത്തിലുള്ള ഊര്‍ജ്ജ ഉപഭോഗത്തിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം. അതിനായി മറ്റുരാജ്യങ്ങളുമായി വ്യാപാരബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്ന നമ്മുടേതായ സാമ്പത്തികദര്‍ശനവും, നയവും, സംവിധാനവും നമുക്ക് രൂപപ്പെടുത്തേണ്ടതുണ്ട്.
സ്വാതന്ത്ര്യംനേടി പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഈ 'സ്വ'യെക്കുറിച്ച് (സ്വാവലംബന്‍) ചിന്തിക്കുന്നതില്‍ നാം പിന്നിലാണ്. കൊളോണിയല്‍ ഭരണാധികാരികള്‍ നമ്മെ അടിമകളായി നിലനിര്‍ത്താന്‍ രൂപം കൊടുത്ത വിദ്യാഭ്യാസ സമ്പ്രദായമാണ് ഇതിന്റെ പിന്നിലെ കാരണം. സ്വാതന്ത്ര്യം നേടിയതിനുശേഷവും അതേ വിദ്യാഭ്യാസസമ്പ്രദായം തുടരുകയാണ്. അതിനാല്‍ ഭാരതീയ കാഴ്ചപ്പാടിന് അനുസൃതമായ വിദ്യാഭ്യാസചട്ടക്കൂടിന് നാം രൂപം നല്‍കേണ്ടതുണ്ട്. ലോക വിദ്യാഭ്യാസരംഗത്ത് ഒന്നാമതെത്തിയ രാജ്യങ്ങളെക്കുറിച്ച് പഠിക്കുമ്പോള്‍, സ്വ-കേന്ദ്രീകൃത വിദ്യാഭ്യാസത്തിന് അവര്‍ നല്‍കിയ ശ്രദ്ധയാണ് വിദ്യാഭ്യാസമികവിന് കാരണമെന്ന് കാണാന്‍ സാധിക്കും. പ്രപഞ്ചത്തോട് മുഴുവന്‍ സ്‌നേഹവും എല്ലാ ജീവജാലങ്ങളോടും അനുകമ്പയും ഉളവാക്കുന്ന തരത്തിലുള്ള പ്രസക്തവും, യുക്തിസഹവും സത്യസന്ധവും ചുമതലാബോധം ഉണര്‍ത്തുന്നതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം നമുക്ക് ആവശ്യമാണ്. അത് നമ്മുടെ ഭാഷയെക്കുറിച്ചും (സ്വഭാഷ), നമ്മുടെ വസ്ത്രധാരണത്തെക്കുറിച്ചും (സ്വഭൂഷ), നമ്മുടെ സംസ്‌കാരത്തെക്കുറിച്ചും (സ്വസംസ്‌കൃതി) സമഗ്രമായ അറിവും അഭിമാനവും നല്‍കുന്നതാകണം. പാഠ്യപദ്ധതിയിലും അധ്യാപകരുടെ പരിശീലനത്തിലും സമൂലമായ പരിവര്‍ത്തനത്തിന്റെ ആവശ്യകത നമുക്ക് അനുഭവപ്പെടുന്നുണ്ട്. കേവലം ഘടനാപരമായ മാറ്റങ്ങളിലൂടെ ഇത് നേടാന്‍ കഴിയില്ല.
രാഷ്ട്ര നവനിര്‍മ്മാണത്തില്‍ പങ്കാളികളാവാം
വിദ്യാഭ്യാസത്തില്‍ സ്വഭാഷ, സ്വഭൂഷ, സ്വസംസ്‌കൃതി എന്നീ ഘടകങ്ങളുടെ അഭാവത്തോടൊപ്പം, സാംസ്‌കാരിക അപചയവും സമൂഹത്തിലെ അധാര്‍മികതയും സദാചാരരഹിതമായ പെരുമാറ്റവും ആണ് സാമൂഹ്യജീവിതത്തിലെ പ്രധാന പ്രശ്നങ്ങള്‍ക്ക് കാരണം. പരസ്ത്രീകളെ അമ്മമാരായി കരുതി (മാതൃവദ് പരദാരേഷു) ബഹുമാനിക്കുന്ന, സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ വലിയ യുദ്ധങ്ങള്‍ നടന്ന, തങ്ങളുടെ ചാരിത്ര്യം കാത്തുസൂക്ഷിക്കാന്‍ ജൗഹര്‍ അനുഷ്ഠിച്ചവരുള്ള നമ്മുടെ രാജ്യത്ത് ഇന്ന് നടക്കുന്ന പലകാര്യങ്ങളും സൂചിപ്പിക്കുന്നത് സ്ത്രീകളും കുട്ടികളും കുടുംബത്തിലും സമൂഹത്തിലും പൂര്‍ണ്ണമായും സുരക്ഷിതരല്ല എന്നാണ്.
ഇത് നമുക്കെല്ലാവര്‍ക്കും അപമാനകരമാണ്. നാം നമ്മുടെ അമ്മമാരെ പ്രബുദ്ധരും ആത്മവിശ്വാസമുള്ളവരും സ്വാശ്രയശീലരും സ്വയം സംരക്ഷണത്തിന് പ്രാപ്തിയുള്ളവരുമാക്കി തീര്‍ക്കണം. നമ്മുടെ സംസ്‌കാരത്തിന്റെ പവിത്രതയുള്‍ക്കൊണ്ട് സ്ത്രീകളോട് മാന്യമായി പെരുമാറാന്‍ പുരുഷന്മാര്‍ക്ക് കഴിയണം.
ഇത്തരത്തിലുള്ള പരിശീലനം കുട്ടിക്കാലം മുതല്‍തന്നെ കുടുംബാന്തരീക്ഷത്തില്‍നിന്ന് ആരംഭിക്കണം. ഇന്നത്തെ അണുകുടുംബങ്ങളില്‍ ഇതിന്റെ അഭാവമുണ്ട്. ഇതിന്റെ ഭയപ്പെടുത്തുന്ന മറ്റൊരു ലക്ഷണം പുതിയ തലമുറയില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ആസക്തിയാണ്. ചൈനയെപ്പോലെ സാംസ്‌കാരികമായി ഉന്നത നിലവാരത്തിലുണ്ടായിരുന്ന രാജ്യത്തെ യുവാക്കളെപ്പോലും വിദേശശക്തികള്‍ മയക്കുമരുന്നിന് അടിമകളാക്കി നിശ്ചേഷ്ടരാക്കിമാറ്റിയ ഒരു കാലമുണ്ടായിരുന്നു. നമ്മുടെ കുടുംബങ്ങള്‍ മയക്കുമരുന്നിന്റെ കടുത്ത പ്രലോഭനങ്ങളില്‍നിന്ന് രക്ഷപെടാനും ധാര്‍മ്മികജീവിതം നയിക്കാനും ദൃഢപ്രതിജ്ഞ എടുത്തില്ലെങ്കില്‍ ഈ സാമൂഹ്യതിന്മയുടെ വിനാശകരമായ പ്രത്യാഘാതങ്ങള്‍ തടയുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇക്കാര്യത്തില്‍, സംഘസ്വയംസേവകരുള്‍പ്പെടെ എല്ലാ രക്ഷിതാക്കളും ജാഗ്രതയോടെയും സജീവമായും പ്രവര്‍ത്തിക്കേണ്ടതുണ്ട്.
സമൂഹത്തില്‍ അനുഭവപ്പെടുന്ന വ്യാപകമായ സാമ്പത്തിക അഴിമതിയും, വ്യക്തിചാരിത്ര്യം ഇല്ലായ്മയും ഈ സാംസ്‌കാരിക തകര്‍ച്ചയില്‍നിന്നാണ് ഉരുത്തിരിയുന്നത്. കാലാകാലങ്ങളില്‍, കാലാനുസൃതമായി നിയമങ്ങള്‍ നിര്‍മ്മിച്ച് അഴിമതിക്കാര്‍ക്ക് കഠിനശിക്ഷ നല്‍കാന്‍ കഴിയണം. അഴിമതിക്കെതിരായ മികച്ച തിരുത്തല്‍നടപടികള്‍ ഉയര്‍ന്നതലത്തില്‍ എടുക്കുന്നുണ്ടെങ്കിലും, അഴിമതികള്‍ താഴ്ന്നതലത്തില്‍ തുടരുന്നുണ്ട്. ഈ നിയന്ത്രണ നടപടികള്‍പോലും ദുരുപയോഗപ്പെടുത്തി ചിലസമയങ്ങളില്‍ അഴിമതി വര്‍ദ്ധിക്കാം. കര്‍ശനമായ നിയമങ്ങള്‍ പാലിക്കുന്നതിനിടെ സത്യസന്ധരായ ആളുകള്‍ കഷ്ടപ്പെടുകയും ബുദ്ധിമുട്ടുകളില്‍ അകപ്പെടുകയും നിയമത്തെയും ധാര്‍മ്മികതയെയും അവഗണിക്കുന്നവര്‍ വ്യവസ്ഥയെ മറികടന്ന് തഴച്ചുവളരുകയും ചെയ്യുന്ന അവസ്ഥ കാണാറുണ്ട്. ഇത് സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്വം അല്ല. അര്‍ഹതയില്ലാതെ, കൂടുതല്‍ പരിശ്രമിക്കാതെ, കൂടുതല്‍ സമ്പാദിക്കാനുള്ള അത്യാഗ്രഹം നമ്മുടെ മനസ്സില്‍ രൂപംകൊള്ളുന്നതാണ് അഴിമതിയുടെ മൂലകാരണം. സാമൂഹ്യബോധവത്കരണത്തിലൂടെയും വീടുകളില്‍, കുടുംബങ്ങളില്‍ നല്ല മാതൃകകള്‍ സൃഷ്ടിക്കുന്നതിലൂടെയും അഴിമതിക്ക് തടയിടാന്‍ സാധിക്കും.
സമൂഹത്തെ ബോധവത്കരിക്കുന്നതിലും നല്ല ഒരു സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിലും മാധ്യമങ്ങള്‍ക്ക് ഒരു പ്രധാന പങ്കുണ്ട്. മാധ്യമങ്ങള്‍, കേവലം സെന്‍സേഷണല്‍ വാര്‍ത്തകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള കച്ചവട മനോഭാവത്തില്‍നിന്ന് പുറത്തുവരികയും ഭാവാത്മകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ പങ്കുചേരുകയും ചെയ്യുന്നത് സമുഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വേഗതപകരും.
സാമൂഹിക അന്തരീക്ഷത്തെ ആരോഗ്യകരമാക്കുന്നതിനെക്കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ട്. അതുപോലെതന്നെ പ്രധാനമാണ് ബാഹ്യപരിസ്ഥിതിയും. മുഴുവന്‍ മാനവസമൂഹവും പരിസ്ഥിതിയുടെ ആരോഗ്യകരമായ നിലനില്‍പ്പിനുവേണ്ടി മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. എല്ലാ രാജ്യങ്ങളുടെയും പാരിസ്ഥിതികനയങ്ങളില്‍ ഉചിതവും സമഗ്രവുമായ മാറ്റങ്ങള്‍ ആവശ്യപ്പെടുന്ന പ്രക്രിയയുമായി ബന്ധപ്പെട്ട വിഷയമാണ് ഇത്. എന്നിരുന്നാലും, സാധാരണക്കാരുടെ ദൈനംദിന ജീവിതത്തില്‍ കൈക്കൊള്ളുന്ന ചെറിയ ചെറിയ മാറ്റങ്ങളും ഈ ദിശയില്‍ ഫലപ്രദമാണ്. സംഘസ്വയംസേവകരും നിരവധികാര്യങ്ങള്‍ ഈ രംഗത്ത് ചെയ്യുന്നുണ്ട്. അവരുടെ എല്ലാവരുടെയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാനായി 'പര്യാവരണ്‍ ഗതിവിധി' എന്നൊരു സംരംഭം ആരംഭിച്ചിരിക്കുന്നു.
കഴിഞ്ഞ ഒന്‍പത് പതിറ്റാണ്ടായി, രാഷ്ട്രീയ സ്വയംസേവക സംഘം സമൂഹത്തില്‍ ഏകാത്മത, സദ്ഭാവന, സദാചരണം, സദ്‌വ്യവഹാരം (നല്ല പെരുമാറ്റം) എന്നിവ സൃഷ്ടിക്കുന്നതിനും രാജ്യത്തോടുള്ള വ്യക്തമായ കാഴ്ചപ്പാടും ഭക്തിയും ഉണര്‍ത്തുന്നതിനുമായി പ്രവര്‍ത്തിക്കുന്നു. സ്വയംസേവകരുടെ സേവനമനസ്ഥിതിയും അര്‍പ്പണമനോഭാവവും രാജ്യമെമ്പാടുമുള്ളവരുടെ വിശ്വാസം ആര്‍ജ്ജിച്ചിട്ടുണ്ട്. എന്നിരുന്നാലും, സംഘവുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ലാത്ത ജനവിഭാഗങ്ങള്‍ക്കിടയില്‍ സംഘത്തോട് അവിശ്വാസം, ഭയം, ശത്രുത എന്നിവ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ പലരും നടത്തുന്നു. സംഘം ഹിന്ദുസമൂഹത്തെ സംഘടിപ്പിക്കുന്നു, ഇതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണം നിരന്തരമായി നടക്കുന്നുണ്ട്. പ്രത്യേകിച്ച് മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍ എന്നിവരോട് വിദ്വേഷം വളര്‍ത്തുക എന്നതാണ് സംഘം ഇതിലൂടെ ഉദ്ദേശിക്കുന്നത് എന്നാണ് ഇത്തരക്കാര്‍ പ്രചരിപ്പിക്കുന്നത്. അടിസ്ഥാനരഹിതവും അപമാനകരവുമായ നിരവധി ആരോപണങ്ങളിലൂടെ ഹിന്ദുസമൂഹത്തെയും ഹിന്ദുത്വത്തെയും അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഈ നികൃഷ്ടമായ പദ്ധതിക്കുപുറകില്‍ വ്യക്തമായ ചിന്താപ്രക്രിയയുണ്ട്. ഈ ചിന്താപദ്ധതിയുടെ പ്രയോക്താക്കള്‍ നമ്മുടെ സമൂഹത്തെ ഭിന്നിപ്പിച്ച് അവരുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ സഫലീകരിക്കാന്‍ നിരന്തരം പ്രവര്‍ത്തിക്കുന്നു. ഇത് വളരെ വ്യക്തമാണ്, മനഃപൂര്‍വ്വം കണ്ണടച്ചിരിക്കുന്നവര്‍ക്ക് മാത്രമേ അത് മനസ്സിലാക്കാന്‍ സാധിക്കാതിരിക്കുകയുള്ളു.
രാഷ്ട്രത്തിന്റെ സ്വത്വം, നമ്മുടെ എല്ലാവരുടെയും സാമൂഹിക സ്വത്വം, രാജ്യത്തിന്റെ തനിമ എന്നിവ സംബന്ധിച്ച സംഘത്തിന്റെ കാഴ്ചപ്പാടും പ്രഖ്യാപനവും വ്യക്തവും ചിന്തിച്ചുറച്ചതുമാണ്. ഭാരതം ഹിന്ദുരാഷ്ട്രമാണ്. സംഘത്തിന്റെ വീക്ഷണത്തില്‍, ഹിന്ദു എന്ന പദം സ്വയം ഹിന്ദുക്കള്‍ എന്ന് വിളിക്കുന്നവരില്‍ മാത്രമായി ഒതുങ്ങുന്നില്ല. ഭാരതത്തില്‍പ്പെട്ടവര്‍, ഭാരതീയപൂര്‍വികരുടെ പിന്‍ഗാമികള്‍, ഭാരതത്തിന്റെ പരമവൈഭവത്തിനായി പ്രവര്‍ത്തിക്കുന്നവര്‍, എല്ലാ വൈവിധ്യങ്ങളെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും സ്വാഗതം ചെയ്യുകയും ശാന്തിയും സമാധാനവും പുലരുന്നതിന് തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍, ഈ ഭാരതീയരെല്ലാം ഹിന്ദുക്കളാണ്. അവരുടെ ആരാധനാരീതി, ഭാഷ, ഭക്ഷണശീലങ്ങള്‍, ജീവിതശൈലി, ജന്മസ്ഥലം എന്നിവ പലതാകാം. പക്ഷേ അവര്‍ ഹിന്ദുക്കളാണ്. ശക്തനും ശക്തമായസമൂഹവും നിര്‍ഭയരാണ്. കളങ്കമേശാത്ത, ശക്തരായ ആളുകള്‍ ആരെയും ഭയപ്പെടുത്തുകയില്ല. അരക്ഷിതാവസ്ഥയില്‍ നിന്നുണ്ടാകുന്ന ഭയം കാരണം ദുര്‍ബലരായ ആളുകള്‍ മാത്രമേ മറ്റുള്ളവരെ ഭയപ്പെടുത്താന്‍ പരിശ്രമിക്കൂ. സംഘം മുഴുവന്‍ ഹിന്ദുസമൂഹത്തെയും ശക്തവും സദ്ഗുണസമ്പന്നവുമാക്കിമാറ്റുന്നു. അത് ആരെയും ഭയപ്പെടുകയോ ഭയപ്പെടുത്തുകയോ ചെയ്യില്ല, മറിച്ച് ദുര്‍ബലരെയും ഭയപ്പെടുന്നവരെയും രക്ഷിക്കും.
ഹിന്ദു എന്ന പദത്തെ മതത്തിന്റെ ചട്ടക്കൂടില്‍ ഒതുക്കാനുള്ള ശ്രമം ബ്രിട്ടീഷുകാരുടെ കാലംമുതല്‍തന്നെ ഉണ്ടായിരുന്നു. അത്തരം ഒരു ഭാവന നമ്മുടെ ബുദ്ധിയെ വഴിതെറ്റിക്കും. സമൂഹത്തില്‍ ഒരു വിഭാഗം ഉണ്ട്, അവര്‍ ഈ വാക്ക് അംഗീകരിക്കുന്നില്ല. അവര്‍ ഉപയോഗിക്കുന്നത് ഭാരതീയന്‍ എന്നാണ്.
ചില ആളുകള്‍ ഭാരതീയ സ്വഭാവത്തെയും സംസ്‌കാരത്തെയും അടിസ്ഥാനമാക്കിയുള്ള നാഗരികതയെ ഇംഗ്ലീഷില്‍ ഇന്‍ഡിക് എന്ന് വിളിക്കുന്നു. ഭയം അല്ലെങ്കില്‍ ആശയക്കുഴപ്പം എന്നിവ കാരണം സ്വയം ബദല്‍പദങ്ങള്‍ ഉപയോഗിക്കുന്നവരും ഹിന്ദു എന്ന പദം നിരാകരിക്കുന്നവരും സംഘത്തിന് സ്വീകാര്യരാണ്. വാക്കുകള്‍ വ്യത്യസ്തമായിരിക്കാം, വഴികളും ആചാരങ്ങളും ആരാധനാരീതികളും വ്യത്യസ്തമായിരിക്കാം. ഭക്ഷണശീലങ്ങളും ജീവിതരീതികളും വ്യത്യസ്തമായിരിക്കാം, ജന്മദേശം വ്യത്യസ്തമായിരിക്കാം, സംസ്ഥാനവും ഭാഷയും വ്യത്യസ്തമായിരിക്കാം, എന്നാല്‍ സമൂഹത്തിലെ ആ വിഭാഗങ്ങളെ നമ്മില്‍നിന്നും വ്യത്യസ്തമായി സംഘം കാണുന്നില്ല. എല്ലാവരേയും നമ്മുടെ സ്വന്തമായി കണ്ട് സംഘത്തിന്റെ പ്രവര്‍ത്തനം തുടരുന്നു. ഈ അടുപ്പവും സമന്വയവും രാഷ്ട്രത്തിന്റെ സ്വഭാവമാണ്. അതാണ് ഹിന്ദുത്വം. നമ്മുടെ പുരാതനരാഷ്ട്രത്തിന്റെ മഹത്വം സംരക്ഷിക്കുകയും ധര്‍മ്മത്തെ ആചരിച്ച് പ്രകൃതിയെയും സംസ്‌കാരത്തെയും മുന്നോട്ട് കൊണ്ടുപോവുക എന്നതാണ് ആത്യന്തികലക്ഷ്യം.
ലോകത്തെ സംബന്ധിച്ചിടത്തോളം ഭാരതം ഒരു കേവല ആവശ്യകതയാണ്. സ്വപ്രകൃതിയുടെയും സംസ്‌കാരത്തിന്റെയും ശക്തമായ അടിത്തറയില്‍ ഭാരതം നിലകൊള്ളണം. അതിനാല്‍, രാജ്യത്തെക്കുറിച്ചുള്ള ഈ വ്യക്തമായ ആശയവും അഭിമാനവും മനസ്സില്‍ വെച്ചുകൊണ്ട്, സമൂഹത്തില്‍ മുഴുവന്‍ സത്‌സ്വഭാവം, നല്ല പെരുമാറ്റം, ഐക്യം എന്നിവയുടെ വികാരങ്ങള്‍ ശക്തമാക്കേണ്ടത് ആവശ്യമാണ്. ഈ ശ്രമങ്ങളിലെല്ലാം സംഘസ്വയംസേവകര്‍ക്ക് ഒരു പ്രധാനപങ്കുണ്ട്, അത് തുടരുകയും ചെയ്യണം. ഇതിനുള്ള പദ്ധതികള്‍ വിജയകരമാക്കുന്നതില്‍ സംഘസ്വയംസേവകര്‍ സജീവമാണ്. അതാതു കാലത്തെ വെല്ലുവിളികള്‍ സ്വീകരിച്ച് ഓരോ സ്വയംസേവകനും ഇതിനായി പ്രവര്‍ത്തിക്കണം.
ഈ ചുമതലയുടെ ഉത്തരവാദിത്തം ഒരു വ്യക്തിക്കോ സംഘടനക്കോ വിട്ടുകൊടുത്ത് ഒരു നിശ്ശബ്ദനായ കാഴ്ചക്കാരനായിരിക്കുന്ന മനഃസ്ഥിതി ദൂരെ കളയുകയാണ് പരമപ്രധാനം. രാജ്യത്തിന്റെ പുരോഗതി കൈവരിക്കുക, സമൂഹത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക, പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുക, ഇവയെല്ലാം പുറംകരാര്‍ കൊടുത്ത് ചെയ്യാന്‍ സാധിക്കില്ല. കാലാകാലങ്ങളില്‍ ഒരാള്‍ അല്ലെങ്കില്‍ മറ്റൊരാള്‍ നയിക്കാനുള്ള ചുമതല ഏറ്റെടുക്കാം, എന്നാല്‍ വ്യക്തമായ കാഴ്ചപ്പാടും നിസ്വാര്‍ത്ഥവും സത്യസന്ധവുമായ പരിശ്രമവും അഭേദ്യമായ ഐക്യവും ഉള്ള പ്രബുദ്ധസമൂഹം സുശക്തമായി ഇടപെടാന്‍ സന്നദ്ധരായില്ലെങ്കില്‍ സമ്പൂര്‍ണ്ണവും ശാശ്വതവുമായ വിജയം കൈവരിക്കുക അസാധ്യമാണ്.
ഇതിനനുയോജ്യമായ അന്തരീക്ഷം കെട്ടിപ്പടുക്കാന്‍ കഴിവുള്ള കാര്യകര്‍ത്താക്കളെ സൃഷ്ടിക്കുന്നതിനാണ് സംഘം ഊന്നല്‍ കൊടുക്കുന്നത്. സമൂഹത്തില്‍ ഈ കാര്യകര്‍ത്താക്കള്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അവയുടെ സ്വാധീനവും ഇന്ന് നമ്മെയും നമ്മുടെ കുടുംബത്തെയും നമ്മുടെ രാഷ്ട്രത്തെയും, ലോകത്തെയും സന്തുഷ്ടരാക്കുന്നതിനുള്ള ശരിയായ മാര്‍ഗമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
കാലഘട്ടത്തിന്റെ ആവശ്യകതകള്‍ കണക്കിലെടുത്ത്, നാമെല്ലാവരും ഈ ശ്രേഷ്ഠവും പവിത്രവുമായ ദൗത്യത്തില്‍ പങ്കെടുക്കണം എന്നത് നിങ്ങളോടെല്ലാവരോടുമുള്ള അഭ്യര്‍ത്ഥനയാണ്.
യുഗപരിവര്‍ത്തന്‍ കീ ബേലാ മേം
ഹം സബ് മില്‍കര്‍ സാഥ് ചലേം
ദേശധര്‍മ്മ കീ രക്ഷാ കേ ഹിത്
സഹതേ സബ് ആഘാത ചലേം
മില്‍കര്‍ സാഥ് ചലേം
മില്‍കര്‍ സാഥ് ചലേം



Comments
Post a Comment