ജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു മോദിജി റിപ്പബ്ലിക്‌ ടിവിക്ക്‌ നല്‍കിയ അഭിമുഖത്തിന്റെ മലയാള പരിഭാഷ



ഈ തെരഞ്ഞെടുപ്പിന്റെ കേന്ദ്രബിന്ദു താങ്കളാണല്ലോ? 
തെരഞ്ഞെടുപ്പില്‍ ജനങ്ങളാണ് കേന്ദ്രബിന്ദു. അഥവാ ജനങ്ങളാണ് കേന്ദ്രബിന്ദു ആവേണ്ടത്. അവരുടെ പ്രതീക്ഷകളും  അഭിപ്രായങ്ങളും രേഖപ്പെടുത്താന്‍ ലഭിക്കുന്ന അവസരമാണിത്. അവരുടെ ആഗ്രഹത്തിന് അനുസരിച്ചാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളാണ് ഇവിടെ ജനാധിപത്യത്തില്‍ പ്രധാനം. പ്രധാനമന്ത്രിയില്‍ കേന്ദ്രീകരിക്കുന്ന തെരഞ്ഞെടുപ്പ് എന്ന വിശേഷണം നമ്മുടെ രാജ്യത്തു വരുന്നതും സ്വാഭാവികം. ജനാധിപത്യത്തിന്റെ നിലനില്‍പ്പിനും രാജ്യത്തിന്റെ ഉജ്ജ്വലമായ ഭാവിക്കും നല്ലത്, വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പിന്റെ കേന്ദ്ര ബിന്ദു ആവുന്നതാണ്.
പക്ഷേ, ശ്രദ്ധാകേന്ദ്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. താങ്കള്‍  കേന്ദ്രബിന്ദു ആവുന്നു എന്നതുകൊണ്ട് ഉദ്ദേശിച്ചത്, താങ്കളുടെ വ്യക്തിത്വം പ്രചാരണത്തില്‍ ചെലുത്തുന്ന സ്വാധീനത്തെ ഓര്‍ത്തു കൊണ്ടാണ്.
സ്വഭാവികമാണ്. അഞ്ചുവര്‍ഷം ഒരു സര്‍ക്കാരിനു നേതൃത്വം നല്‍കി. ആ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയാണ് വിലയിരുത്തുന്നത്. മാത്രമല്ല ഞാന്‍ പ്രവര്‍ത്തിച്ച പ്രധാനമന്ത്രിയാണ്. ജനങ്ങള്‍ക്കിടയില്‍ നിന്നു പ്രവര്‍ത്തിച്ച പ്രധാനമന്ത്രിയാണ്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് സദാ യാത്ര ചെയ്ത പ്രധാനമന്ത്രിയാണ്. അത്തരമൊരാളെ ജനങ്ങള്‍ ശ്രദ്ധിക്കുന്നത് സ്വാഭാവികമാണ്. 
കഴിഞ്ഞദിവസം അങ്ങ് ടെലിവിഷനിലൂടെ ഉപഗ്രഹവേധ മിസൈല്‍ പ്രഖ്യാപനം നടത്തി. വലിയ നേട്ടമാണത്. പക്ഷേ, പ്രതിപക്ഷം വലിയ ബഹളമുണ്ടാക്കി. പ്രധാനമന്ത്രി തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന് അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിനു മൂന്നാഴ്ച ബാക്കി നില്‍ക്കെ ഇങ്ങനെ വേണമായിരുന്നോ എന്നാണ് അവര്‍ ചോദിച്ചത്.
പ്രതിപക്ഷത്തെ ചെറിയ പാര്‍ട്ടികള്‍ ഇത്തരത്തില്‍ പറയുന്നത് മനസ്സിലാക്കാം. എന്നാല്‍ കോണ്‍ഗ്രസ്സോ? അവര്‍ ദീര്‍ഘകാലം രാജ്യം ഭരിച്ചവരാണ്. സര്‍ക്കാരുകള്‍ക്ക് നേതൃത്വം നല്‍കിയവരടക്കം നിരവധി മികച്ച നേതാക്കള്‍ അവര്‍ക്കുണ്ട്. എന്തിനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞതെന്ന് അവര്‍ നന്നായി മനസ്സിലാക്കേണ്ടതായിരുന്നു. എതിര്‍ക്കട്ടെ, വിയോജിപ്പുകള്‍ പറയട്ടെ, പക്ഷേ കാര്യമെന്താണെന്ന് അവര്‍ മനസ്സിലാക്കേണ്ടതായിരുന്നു. ശാസ്ത്രലോകം കൈവരിച്ച നേട്ടത്തെക്കുറിച്ചുള്ള പ്രാഥമിക അറിവുപോലും അവര്‍ക്കുണ്ടായിരുന്നില്ല എന്നാണ് തോന്നുന്നത്.
ഇത്തരം നേട്ടങ്ങള്‍, ഒരുപക്ഷേ സാഹസികമായ പരിശ്രമത്തിലൂടെയുള്ള നേട്ടങ്ങള്‍, യാദൃച്ഛികമായി സംഭവിക്കുന്നതല്ല. ബഹിരാകാശത്തു നമ്മള്‍ മാത്രമല്ല ഉള്ളത്. ചെറിയ പിഴവുപോലും വലിയ കുഴപ്പങ്ങള്‍ക്കു കാരണമായേക്കാം. അതുകൊണ്ടു തന്നെ ഏറെക്കാലത്തെ, വളരെ സമര്‍ഥമായ തയാറെടുപ്പുകള്‍ ആവശ്യമാണ്. ആ പരിശ്രമങ്ങള്‍ പരീക്ഷിക്കേണ്ട ഘട്ടത്തിലെത്തിയപ്പോള്‍ അതിനു മടിച്ചില്ല എന്നതാണ് പ്രധാനം. തെരഞ്ഞെടുപ്പിനു മൂന്നാഴ്ച മുമ്പ് പരീക്ഷിക്കാം എന്ന തരത്തില്‍ ഇത്തരം കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ സാധിക്കില്ലല്ലോ? ഏറ്റവും കൃത്യമായ അവസരം വന്നപ്പോള്‍ പരീക്ഷണത്തിന് അനുമതി നല്‍കുകയായിരുന്നു. തെരഞ്ഞെടുപ്പു കമ്മീഷനുമായി ബന്ധപ്പെട്ട കാര്യത്തിനും മറുപടിയുണ്ട്. നോക്കൂ, വലിയൊരു പ്രകൃതി ക്ഷോഭമുണ്ടായാല്‍ ഇപ്പോള്‍ പെരുമാറ്റച്ചട്ടം നിലവിലുണ്ട് എന്നു പറഞ്ഞ് ഒന്നും ചെയ്യാതിരിക്കണോ? ഇത്തരം കാര്യങ്ങളിലുള്ള അജ്ഞത കൊണ്ടാണ് ചിലര്‍ എതിര്‍പ്പു പ്രകടിപ്പിക്കുന്നത്. ഒരു പോലീസുകാരന്റെ വീട്ടില്‍ കള്ളന്‍ കയറിയ കഥ പറഞ്ഞു കേട്ടിട്ടുണ്ട്. കള്ളന്‍ വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ എല്ലാം എടുത്തു. പോലീസുകാരന്‍ കിടന്നുറങ്ങുകയാണ്. ഭാര്യ അയാളെ ഉണര്‍ത്തി കാര്യം പറഞ്ഞു. ഞാന്‍ ഇപ്പോള്‍ ഡ്യൂട്ടയിലല്ല എന്നു പറഞ്ഞ് അയാള്‍ വീണ്ടും കിടന്നുറങ്ങിയത്രേ. ഇതാണോ ഇവിടെ ചിലര്‍ പ്രതീക്ഷിക്കുന്നത്?
ഒരു ഉപഗ്രഹം വീഴ്ത്തുന്നത് വലിയ കാര്യമാണോ എന്ന് മമത ബാനര്‍ജി ചോദിക്കുന്നു. ഇത് മുമ്പു ചൈന ചെയ്തതാണെന്ന് അഖിലേഷ് പറയുന്നു, രാഹുല്‍ പറഞ്ഞത്...
നോക്കൂ, ഇവരെല്ലാം ഇതൊക്കെ പറയുന്നു. ഇത്തരം കാര്യങ്ങളില്‍ പ്രാഥമിക അറിവു പോലുമില്ലാത്ത ഇവരെ ഈ രാജ്യം ഏല്‍പ്പിക്കണോ എന്ന് ജനങ്ങള്‍ ആലോചിക്കട്ടെ.
ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു മാത്രമായി 272 സീറ്റുകള്‍ കിട്ടും എന്ന് ആത്മവിശ്വാസമുണ്ടോ? എന്‍ഡിഎയ്ക്ക് കഴിഞ്ഞ തവണ മുന്നൂറിലധികം സീറ്റുകള്‍ കിട്ടി. ഇത്തവണ താങ്കളുടെ വിലയിരുത്തല്‍ എന്താണ്? യാഥാര്‍ഥ്യ ബോധത്തോടെയുള്ള വിലയിരുത്തല്‍
ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ രൂപീകരിക്കും എന്ന് 2014-ല്‍ പറഞ്ഞപ്പോള്‍, മോദി സങ്കല്‍പലോകത്താണെന്നാണ് പലരും കുറ്റപ്പെടുത്തിയത്. ഗുജറാത്തിനപ്പുറം അനുഭവമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് മറ്റുചിലര്‍ അഭിപ്രായപ്പെട്ടു. പക്ഷേ, ജനങ്ങള്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം തന്നു. ഏറെക്കാലത്തെ അസ്ഥിരഭരണം കണ്ടവരാണ് ജനങ്ങള്‍. സഖ്യസര്‍ക്കാരിന് ജനങ്ങള്‍ എതിരല്ല. എന്നാല്‍ അവര്‍ സ്ഥിരതയുള്ള ഭരണം ആഗ്രഹിക്കുന്നു. അതുകൊണ്ടു തന്നെ സഖ്യത്തിലെ പ്രധാനകക്ഷിക്ക് ഭൂരിപക്ഷം നല്‍കി. ഒപ്പമുള്ള കക്ഷികളും കരുത്തുള്ളവരായതുകൊണ്ട് രാജ്യത്തെ നല്ല രീതിയില്‍ മുന്നോട്ടു നയിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം ഇതിനു തെളിവാണ്. മികച്ച ഭൂരുപക്ഷത്തോടെ രാജ്യം ഭരിക്കുന്ന നേതാവിനെ ലോകരാഷ്ട്രങ്ങള്‍ ബഹുമാനത്തോടെയാണ് കാണുന്നത്. ഇനി രാജ്യം അസ്ഥിരമാകാന്‍ ജനങ്ങളും ആഗ്രഹിക്കുന്നില്ല. അസ്ഥിര ഭരണകാലത്തേയും കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തേയും ജനങ്ങള്‍ നന്നായി വിലയിരുത്തിയിട്ടുണ്ട്. ഈ താരതമ്യം അവരുടെ മനസ്സിലുണ്ട്. 
2014-ല്‍ മോദി എന്തു ചെയ്യും എന്ന സംശയമുണ്ടായിരുന്നു ജനങ്ങള്‍ക്ക്. എന്നാല്‍ ഇപ്പോള്‍ അവര്‍ക്കറിയാം. രാജ്യസുരക്ഷയില്‍ മോദി എന്തു ചെയ്തു എന്നത് ജനങ്ങള്‍ക്കു മുന്നിലുണ്ട്. ക്ഷേമപ്രവര്‍ത്തനങ്ങളില്‍ മോദി എന്തു ചെയ്തു എന്നത് ജനങ്ങള്‍ക്കു മുന്നിലുണ്ട്. മോദി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അറിയാം. ഇത്തവണ ബിജെപി മാത്രമല്ല എന്‍ഡിഎയിലെ മറ്റു കക്ഷികളും മികച്ച വിജയത്തോടെ തിരിച്ചുവരും. മുമ്പ് ബിജെപിക്ക് കാര്യമായ നേട്ടുണ്ടാക്കാന്‍ കഴിയാത്ത ഇടങ്ങളിലും ഇത്തവണ ജനങ്ങള്‍ ഞങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കും. 
പുല്‍വാമ ആക്രമണ സമയത്ത് താങ്കള്‍ എവിടെയായിരുന്നു, വിവരം എങ്ങനെ അറിഞ്ഞു, എങ്ങനെ പ്രതികരിച്ചു?
മുന്‍കൂട്ടി തയാറാക്കിയ ചില പരിപാടികള്‍ ഉണ്ടായിരുന്ന സമയമാണത്. ഉത്തരാഖണ്ഡിലായിരുന്നു അന്ന്. അവിടെ നല്ല മഴയായിരുന്നു ആ ദിവസം. പരിപാടി നിശ്ചയിച്ച സ്ഥലത്തേക്ക് പോകാന്‍ കഴിയുമായിരുന്നില്ല. ആ സമയത്താണ് പുല്‍വാമ ആക്രമണത്തെക്കുറിച്ച് അറിയുന്നത്. വളരെ ശാന്തമായാണ് ആ വാര്‍ത്തയോടു പ്രതികരിച്ചത്. വലിയ ബഹളംവച്ച് സാഹചര്യത്തെ കൂടുതല്‍ വഷളാക്കാനല്ല അപ്പോള്‍ ശ്രമിക്കേണ്ടത്. പക്വതയോടെയുള്ള നീക്കങ്ങളാണ് വേണ്ടത്. ഇതെക്കുറിച്ച് അറിയാത്തവരാണ് വെറുതെ ഓരോന്നു പറഞ്ഞുകൊണ്ടിക്കുന്നത്.
തിരിച്ചടിക്കുമെന്നും സൈനികരുടെ വീരമൃത്യുവിനു മറുപടി നല്‍കുമെന്നും ഇരുപത്തിനാലു മണിക്കൂറിനകം താങ്കള്‍ പ്രഖ്യാപിച്ചു. ബലാക്കോട്ട് വ്യോമാക്രണം അപ്പോള്‍ മനസ്സിലുണ്ടായിരുന്നോ?
ഇതെല്ലാം പ്രധാനമന്ത്രിയാണു ചെയ്യുന്നതെന്നു പറഞ്ഞാല്‍ അതു വെറും നുണയാണ്. ഇത്തരം സമയങ്ങളില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുണ്ട്. അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കണം. രാജ്യത്തിനായി പ്രവര്‍ത്തിക്കേണ്ടത് നിങ്ങളാണെന്ന് അവരെ ബോധ്യപ്പെടുത്തണം. അവര്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കണം. അവര്‍ ആസൂത്രണം ചെയ്യുന്ന പദ്ധതികള്‍ക്ക് പിന്തുണ നല്‍കണം.
ബലാക്കോട്ട് വ്യോമാക്രമണ ദിവസം ഓരോ നിമിഷത്തേയും നീക്കങ്ങള്‍ താങ്കള്‍ അറിയുന്നുണ്ടായിരുന്നോ?
ഇത്തരം ഘട്ടങ്ങളില്‍. പ്രത്യേകിച്ച് നമ്മുടെ സൈനികരുടെ ജീവന്‍ വരെ അപകടത്തിലായേക്കാവുന്ന ഘട്ടങ്ങളില്‍ അതില്‍ നിന്ന് അകന്നു നില്‍ക്കാന്‍ എനിക്കു കഴിയാറില്ല. എന്നാല്‍ കഴിയുന്നവിധം അതില്‍ ഉള്‍പ്പെടാന്‍ ശ്രമിക്കാറുണ്ട്. പ്രധാനമന്ത്രി രാത്രി ഉറങ്ങാതിരുന്നു എന്നു പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ല. എന്റെ രീതി അതാണെന്നു മാത്രം.
പുല്‍വാമയും ബലാക്കോട്ടും പ്രധാനമന്ത്രിയുടെ തന്ത്രമാണെന്നാണ് പ്രതിപക്ഷം പറഞ്ഞത്. നരേന്ദ്ര മോദിയും ഇമ്രാന്‍ ഖാനും മാച്ച് ഫിക്‌സിങ് നടത്തുന്നു എന്നിവര്‍ പറഞ്ഞു. ഇതൊരു രാഷ്ട്രീയ ആക്രമണം അല്ലായിരുന്നു. വ്യക്തിപരമായ ആക്രമണമായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തു എന്നതാണോ അതോ മറ്റുവല്ല കാരണവും താങ്കള്‍ കാണുന്നുണ്ടോ? 
നരേന്ദ്രമോദിയുടെ ദേശഭക്തിയില്‍ ഈ രാജ്യത്ത് ആര്‍ക്കെങ്കിലും സംശയമുണ്ടെന്ന് തോന്നുന്നില്ല. ഇത്രയും ഗൗരവമുള്ള കാര്യത്തെക്കുറിച്ചും ഇത്തരത്തില്‍ നീചമായി ചിന്തിക്കുന്ന രാഷ്ട്രീയ നേതാക്കളെക്കുറിച്ച് ഈ രാജ്യമാണ് ആലോചിക്കേണ്ടത്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ലോകത്തിന്റെ തന്നെ നേതൃസ്ഥാനത്തേക്ക് ഇന്ത്യ വരുന്ന ഘട്ടത്തില്‍ ഇത്ര വിലകുറഞ്ഞ തരത്തില്‍ പ്രതികരിക്കുന്നത് രാജ്യത്തിന് എത്രവലിയ അപമാനമാണെന്നോര്‍ക്കുക. രാജ്യം വലിയൊരു അപകടത്തെ നേരിടുന്ന ഘട്ടത്തിലും ഇവര്‍ ഇത്തരത്തില്‍ പ്രതികരിച്ചപ്പോള്‍ സംഭവിച്ചതെന്താണ്? മോദിക്കല്ല, രാജ്യത്തിനാണ് പ്രധാന്യം. മാച്ച് ഫിക്‌സിങ് പോലുള്ള ആരോപണങ്ങള്‍ ഇപ്പോഴുമുണ്ടെങ്കില്‍ പ്രതിപക്ഷം പ്രചരണത്തില്‍ അതു മുന്നോട്ടു വെക്കട്ടെ, ജനങ്ങള്‍ക്കു മുന്നില്‍ തെളിവ് അവതരിപ്പിക്കട്ടെ. എന്നിട്ടു ജനങ്ങള്‍ തീരുമാനിക്കട്ടെ.
യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധതിരിക്കാന്‍, രാഷ്ട്രീയ നേട്ടത്തിനായി മോദി ഇതെല്ലാം ഉപയോഗിക്കുന്നു. അല്ലെങ്കില്‍ മോദി ചെയ്യുന്നതെല്ലാം രാഷ്ട്രീയ നേട്ടത്തിനാണ് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമാണ്. അവര്‍ ഭരിച്ചുകൊണ്ടിരുന്നപ്പോള്‍ ചെയ്ത കാര്യങ്ങളും കഴിഞ്ഞ അഞ്ചുവര്‍ഷം എന്‍ഡിഎ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും പറയട്ടെ. അവര്‍ എത്ര പാവപ്പെട്ട ജനങ്ങള്‍ക്ക് വീടു നല്‍കി, എന്റെ സര്‍ക്കാര്‍ എത്ര വീടു നല്‍കി? അതു പറയട്ടെ. നിങ്ങള്‍ ഇത്രയും കാലത്തിനിടെ എത്ര ഗ്യാസ് കണക്ഷന്‍ നല്‍കി? എന്റെ സര്‍ക്കാര്‍ എത്ര നല്‍കി? വരൂ ചര്‍ച്ച നടത്താം. പാവപ്പെട്ട എത്ര ജനങ്ങള്‍ക്ക് നിങ്ങള്‍ ഇത്രയും കാലത്തിനിടെ എത്ര ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു, എന്റെ സര്‍ക്കാര്‍ എത്ര ബാങ്ക് അക്കൗണ്ടുകള്‍ നല്‍കി? ഇക്കാര്യത്തിലും ചര്‍ച്ച നടത്താം. ഇതിനെക്കുറിച്ചൊക്കെ ഞാന്‍ പറയുമ്പോള്‍ അവര്‍ മറ്റുകാര്യങ്ങള്‍ പറയും. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വാക്കുകളില്‍ നയതന്ത്രം കാണുകയും ഈ രാജ്യത്തെ പ്രധാനമന്ത്രിയുടെ വാക്കുകളെ സംശയിക്കുകയും ചെയ്യുന്നവരെ ജനങ്ങള്‍ തിരിച്ചറിയും. ഇന്ത്യയുടെ സൈനികര്‍ എഫ്16 വീഴ്ത്തിയപ്പോള്‍ അതില്‍ അഭിമാനിക്കുന്നതിനു പകരം അഭിനന്ദന്‍ എപ്പോള്‍ വരും എന്നു ചോദിച്ചുകൊണ്ടേയിരുന്നു ഇവര്‍. പുല്‍വാമ, ബലാക്കോട്ട് സംഭവങ്ങളുടെ ഗൗരവം മുഴുവന്‍ നശിപ്പിക്കാന്‍ അതിനെല്ലാം മുകളില്‍ ഇവര്‍ അഭിനന്ദന്റെ മടങ്ങിവരവിനെ പ്രതിഷ്ഠിച്ചു. അഭിനന്ദനെ തിരിച്ചെത്തിക്കാന്‍ നാം എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടായിരുന്നു. വിട്ടയയ്ക്കുമെന്ന് പാക് പ്രധാനമന്ത്രി അവരുടെ പാര്‍ലമെന്റിലാണ് പറഞ്ഞത്.
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി സംസാരിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ താങ്കള്‍ ഫോണ്‍ എടുത്തില്ല എന്നാണ് പറയുന്നത്..
പാക്കിസ്ഥാനുമായി സംസാരിക്കേണ്ടപ്പോഴെല്ലാം ഞാന്‍ സംസാരിച്ചിട്ടുണ്ട്. ഭീകരതയുടെ കാര്യം സംസാരിക്കുമ്പോഴൊക്കെ നടപടിയെടുക്കും എന്നാണ് അവര്‍ ഉറപ്പു നല്‍കിയത്. പക്ഷേ, അതൊന്നുമല്ല സംഭവിച്ചത്. ഇനി പഴയപല്ലവി കേള്‍ക്കേണ്ടതില്ല എന്നു തീരുമാനിച്ചു. ഇതാ ഇതാണ് ശരിയായ നടപടി എന്നു ബോധ്യപ്പെടുന്ന തരത്തില്‍ ഭീകരതയ്‌ക്കെതിരെ പാക്കിസ്ഥാന്‍ നീങ്ങുന്നതിനു കാത്തിരിക്കുകയാണ് ഞാന്‍. മുംബൈ ആക്രണത്തിന്റെ തെളിവുകള്‍ എല്ലാം നല്‍കിയില്ലേ? ഇന്ത്യ ആവശ്യപ്പെടുന്ന ക്രിമിനലുകള്‍ അവിടെയുണ്ടല്ലോ? ശാന്തിയും സൗഹൃദവുമാണ് ആഗ്രഹിക്കുന്നതെങ്കില്‍ അവരെ കൈമാറട്ടെ. പുല്‍വാമ ചെയ്തത് ജെയ്‌ഷെ ആണെന്നു പറഞ്ഞു. നടപടിയില്ല. നമ്മുടെ പോരാട്ടം പാക് ജനതയ്‌ക്കെതിരെ അല്ല. ഭീകരതയ്‌ക്കെതിരെയാണ്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ ജയിച്ചപ്പോള്‍ അഭിനന്ദിക്കാന്‍ വിളിച്ചപ്പോഴും ഞാന്‍ ഇതു തന്നെയാണ് പറഞ്ഞത്. ഇന്ത്യ മുന്നേറുന്ന സാമ്പത്തിക ശക്തിയായി. പാക്കിസ്ഥാന്‍ എന്തു നേടി? ഭീകരത ഉപേക്ഷിക്കൂ, ഒന്നിച്ചു നില്‍ക്കാം. ദാരിദ്ര്യം അടക്കമുള്ള പ്രശ്‌നങ്ങളോട് ഒന്നിച്ചു പൊരുതാം. ഭീകരത ഉപേക്ഷിക്കൂ എന്നതിനപ്പുറം പാക്കിസ്ഥാനോട് എനിക്കൊന്നും പറയാനില്ല.
ബലാക്കോട്ട് വ്യോമാക്രണത്തിനു ശേഷവും പാക്കിസ്ഥാനെതിരെ പരിമിത യുദ്ധത്തിനു സമാനമായ രീതിയില്‍ നടപടിയുണ്ടാവും എന്നു പ്രതീക്ഷിച്ചിരുന്നു പലരും. അതെക്കുറിച്ച് ആലോചിച്ചിരുന്നോ? 
പൂര്‍ണമായും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണത്. ഇതേക്കുറിച്ചു പ്രതികരിക്കാന്‍ കഴിയില്ല. ഇത്തരം നടപടികള്‍ ഉണ്ടാവുമെങ്കില്‍ അപ്പോള്‍ താങ്കളും അറിയും എന്നു മാത്രമേ ഇപ്പോള്‍ പറയാന്‍ കഴിയൂ.
'മരണത്തിന്റെ വ്യാപാരി' മുതല്‍ നിരവധി വിശേഷണങ്ങള്‍ കേട്ടു. ഇപ്പോള്‍ 'ചൗക്കിദാര്‍ ചോര്‍ ഹേ' (കാവല്‍ക്കാരന്‍ കള്ളനാണ്) എന്നു പറയുന്നു. അതിനെ അവഗണിക്കാതെ 'ഞാനും കാവല്‍ക്കാരന്‍' എന്നു തിരിച്ചടിച്ചതെന്തേ?
നമുക്ക് ചായ്‌വാലയില്‍ തുടങ്ങാം. ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച മുഖ്യമന്ത്രിയായിരുന്നപ്പോഴും ആരും എന്റെ കുടുംബത്തിന്റെ ജോലിയോ മറ്റു കാര്യങ്ങളോ അന്വേഷിച്ചു പോയില്ല. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എന്റെ പേരു വന്നപ്പോള്‍ ബാല്യവും മറ്റും അന്വേഷിച്ചു ചിലര്‍ പോയിത്തുടങ്ങി. ചിലര്‍ അതു കൗതുകത്തിനു ചെയ്തതാണ്. ചായ വിറ്റു നടന്നയാള്‍ പ്രധാനമന്ത്രിയോ എന്ന ഭാവമായിരുന്നു മറ്റു ചിലര്‍ക്ക്. അതുകൊണ്ടു തന്നെയാണ്  മറുപടി നല്‍കിയത്. ഇപ്പോള്‍ ചൗക്കിദാറിനും മറുപടി നല്‍കുന്നു. അതൊരു ജോലിയുടെ ഭാഗമായല്ല കാണേണ്ടത്. രാജ്യത്തിന്റെ കാവല്‍ക്കാരവാനുക എന്നത് ഒരു മനോഭാവമാണ്. ദേശസേവനത്തിന്റെ കാര്യത്തില്‍ ട്രസ്റ്റിഷിപ്പ് എന്നൊക്കെ ഗാന്ധിജി പറഞ്ഞതിന്റെ തുടര്‍ച്ചയാണ് കാവല്‍ക്കാരന്‍ എന്നത്. അതിനെയാണ് പ്രതിപക്ഷം അപമാനിച്ചത്. ഞാന്‍ കാവല്‍ക്കാരന്‍ തന്നെയാണെന്ന് രാജ്യത്തോടു പറയണം എന്നാണ് അപ്പോള്‍ എനിക്കു തോന്നിയത്. പ്രതിപക്ഷത്തിനു തോന്നിയത് അവരും പറയട്ടെ. 
കോണ്‍ഗ്രസ്സിന്റെ ആരോപണങ്ങളെക്കുറിച്ച് ഗുജറാത്തിലെ ഒരു അനുഭവം പറയാം. മുഖ്യമന്ത്രിയായിരുന്ന കാലം. എനിക്ക് നൂറുകണക്കിനു ജോഡി ഉടുപ്പുകള്‍ ഉണ്ട് എന്നായിരുന്നു ആരോപണം. പിറ്റേന്നത്തെ പൊതുയോഗത്തില്‍ ഇക്കാര്യം ഞാന്‍ ഉന്നയിച്ചു. ആരോപണം ഞാന്‍ സമ്മതിക്കുന്നു എന്നു പ്രസംഗിച്ചു. ഒരു മറുചോദ്യം ഉന്നയിച്ചു. രാജ്യത്തെ ചില മുഖ്യമന്ത്രിമാര്‍ കോടിക്കണക്കിനു രൂപയുടെ അനധികൃത സ്വത്തുണ്ടാക്കി എന്നു കേള്‍ക്കുന്നു, ചില മുഖ്യമന്ത്രിമാരുടെ മക്കളും മരുമക്കളും ലക്ഷക്കണക്കിനു രൂപയുടെ സ്വത്തുണ്ടാക്കി എന്നു കേള്‍ക്കുന്നു. കോടിക്കണക്കിനു രൂപയുടെ സ്വത്തു സമ്പാദിച്ചവരെ വേണോ നൂറു കണക്കിനു ഷര്‍ട്ടുള്ള ആളെ വേണോ എന്നു ചോദിച്ചപ്പോള്‍ ജനങ്ങള്‍ കരഘോഷം മുഴക്കി. പിറ്റേന്നു മുതല്‍ കോണ്‍ഗ്രസ് അക്കാര്യം മിണ്ടിയില്ല. 
നീരവ് മോദിയേയും വിജയ് മല്ല്യയേയും രാജ്യം വിടാന്‍ അനുവദിച്ചു എന്നാണ് മറ്റൊരു ആരോപണം.
അധികാരത്തിലെത്തി അധികം വൈകാതെ തന്നെ ബാങ്കുകളുടെ അവസ്ഥയടക്കം സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങള്‍ മുന്നില്‍ വന്നു. ഒന്നും അറിഞ്ഞില്ല എന്ന മട്ടില്‍ ഈ സ്ഥിതി തുടരട്ടെ എന്ന നിലപാടു സ്വീകരിക്കാമായിരുന്നു. എന്നാല്‍ ശക്തമായ നടപടി സ്വീകരിക്കാനാണ് ശ്രമിച്ചത്. ചില പേരുദോഷങ്ങള്‍ ഉണ്ടാവും എന്നുറപ്പായിരുന്നു. മുമ്പ് എത്ര പണം തട്ടിയെടുത്താലും ഇവിടെ സുഖമായി ജീവിക്കാമായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ നടപടികള്‍ ശക്തമായപ്പോള്‍ അവര്‍ക്ക് ഓടിപ്പോകേണ്ടി വന്നു. മുമ്പ് ഇങ്ങനെ ഒളിച്ചോടിയവര്‍ കുറച്ചു കാലം കഴിയുമ്പോള്‍ തിരിച്ചു വന്ന് ഒന്നും സംഭവിക്കാത്തതു പോലെ ഇവിടെ ജീവിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ പുതിയ നിയമമുണ്ടാക്കി. ഇത്തരക്കാര്‍ക്ക് ലോകത്തിന്റെ എവിടെ സ്വത്തുണ്ടെങ്കിലും കണ്ടുകെട്ടാന്‍ കഴിയും. മല്ല്യ ബാങ്കുകളെ പറ്റിച്ചത് 9000 കോടിയാണ്. എന്നാല്‍ സര്‍ക്കാര്‍ മല്ല്യയുടെ 14,000 കോടിയുടെ സ്വത്ത് ജപ്തി ചെയ്തു. ഇതിനു മുമ്പും ഇങ്ങനെ ആളുകള്‍ ബാങ്കുകളെപ്പറ്റിച്ച് രാജ്യം വിട്ടിട്ടില്ലേ? അവരുടെ പേരുപോലും ആരും ഓര്‍ക്കുന്നില്ല.
അഗസ്ത വെസ്റ്റ്‌ലാന്‍ഡ് കേസില്‍ മിഷേലിന്റെ അവിഹിത ബന്ധങ്ങള്‍ പുറത്തു വരുന്നു. ഇതില്‍ റോബര്‍ട്ട് വാദ്രയ്ക്കു ബന്ധമുണ്ടെന്ന് ആരോപണം വരുന്നു. എന്താണ് പറയാനുള്ളത്?  
ആര്‍ക്കെതിരെയും കാര്യമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്റെ ജോലിയല്ല. 2014-ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ് കോടതിയില്‍ വരെ വന്ന കേസാണ് അഗസ്ത വെസ്റ്റ്‌ലാന്‍ഡ് അഴിമതി. ഇതുമായി ബന്ധപ്പെട്ട് മിഷേലിനെ എത്തിക്കാന്‍ കഴിഞ്ഞു. അന്വേഷണം തുടരുന്നു. നിയമം അതിന്റെ വഴിക്കു നീങ്ങും.
വാദ്രയ്‌ക്കെതിരായ കേസുകളില്‍ ഉടന്‍ നടപടി എന്നാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്തു പറഞ്ഞത്. എന്നാല്‍ ഇത്രകാലമായിട്ടും ഒന്നുമായില്ലല്ലോ?
നാഷണല്‍ ഹെറാള്‍ഡ്, അനധികൃത സ്വത്തു സമ്പാദനം തുടങ്ങിയ കേസുകളില്‍ നിയമനടപടികള്‍ തുടരുകയാണ്. കോടതിയില്‍ കേസ് നീട്ടിക്കൊണ്ടു പോകുന്നതടക്കമുള്ള കാര്യങ്ങള്‍ അവര്‍ നടത്തുന്നുണ്ട്. നിയമം അതിന്റെ വഴിക്കു നീങ്ങട്ടെ. ഇപ്പോള്‍ നിങ്ങള്‍ ചോദിക്കുന്നു എന്താണ് വൈകുന്നതെന്ന്. ഈ കേസുകളില്‍ ഞങ്ങള്‍ എന്തെങ്കിലും ചെയ്താല്‍ പറയും, രാഷ്ട്രീയ പ്രതികാരം തീര്‍ക്കലാണെന്ന്. 
റഫാല്‍ പ്രശ്‌നത്തില്‍ ഏതെങ്കിലും അന്താരാഷ്ട്ര കമ്പനികളുടെ താളത്തിനൊത്ത് തുള്ളി കോണ്‍ഗ്രസ് ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നു കരുതുന്നുണ്ടോ?
പ്രതിരോധരംഗത്തെ ഇടപാടുകള്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കും അവര്‍ നേതൃത്വം നല്‍കിയ സര്‍ക്കാരുകള്‍ക്കും എടിഎം പോലെയായിരുന്നു. തോന്നുമ്പോഴൊക്കെ തോന്നിയതു പോലെ അവര്‍ ഈ ഇടപാടുകളില്‍ നിന്നു കാശുണ്ടാക്കി. അവര്‍ ഒരിക്കലും സൈന്യത്തിന്റെ ആവശ്യങ്ങളെക്കുറിച്ച് ചിന്തിച്ചില്ല. സൈന്യത്തിന്റെ കരുത്തിലാണ് എന്റെ ശ്രദ്ധ. ഞാന്‍ പെട്ടെന്നു തീരുമാനങ്ങളെടുത്തു. ഇനിയും അങ്ങനെതന്നെയായിരിക്കും. മുമ്പ് ഇടനിലക്കാരാണ് കാര്യങ്ങള്‍ തീരുമാനിച്ചത്. ഇപ്പോള്‍ സര്‍ക്കാര്‍-സര്‍ക്കാര്‍ തലത്തിലാണ് ചര്‍ച്ച. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ പ്ലാറ്റ്‌ഫോമിലാണ് പ്രതിരോധരംഗം ഇപ്പോള്‍.
മോദി കണക്കു നോക്കുന്നില്ല എന്നു ചിലര്‍ പറയുന്നു. മഹാസഖ്യത്തിന് 42 ശതമാനം വോട്ട് ഷെയറുണ്ടത്രേ. ഈ കണക്കില്‍ ആശങ്കയില്ലേ?
ഒട്ടുമില്ല. 2014ലും ഇതേ കണക്കു പറഞ്ഞു. ഞങ്ങള്‍ ജയിച്ചു.  അതിനു ശേഷം എത്രയോ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഞങ്ങള്‍ ജയിച്ചു. ജനങ്ങള്‍ ഇത്തരം കണക്കുകള്‍ നോക്കാറില്ല. മാത്രമല്ല 2014ലേക്കാള്‍ പ്രതിപക്ഷം വിഘടിച്ചു നില്‍ക്കുകയാണ് ഇപ്പോള്‍. ബംഗാളില്‍ സഖ്യമുണ്ടോ? ആന്ധ്രയില്‍ ടിഡിപിയും കോണ്‍ഗ്രസും ഒന്നിച്ചാണോ?
തെരഞ്ഞെടുപ്പിനു ശേഷം മോദിയെ പുറത്താക്കാന്‍ ഇവര്‍ക്ക് ഒന്നിച്ചു കൂടേ
ജനങ്ങള്‍ മോദിക്ക് സീറ്റുകള്‍ കുറച്ചു നല്‍കിയാല്‍ ആലോചിക്കേണ്ട കാര്യമല്ലേ അത്. എന്‍ഡിഎയ്ക്ക് മുന്നൂറിലധികം സീറ്റുകള്‍ നല്‍കി അധികാരത്തില്‍ തിരിച്ചെത്തിക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു. 
എന്‍ഡിഎയിലോ, മഹാസഖ്യത്തിലോ ഉള്‍പ്പെടാത്ത പാര്‍ട്ടികളുണ്ട്. ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി...ഇത്തരം കക്ഷികളുമായി തെരഞ്ഞെടുപ്പിനു ശേഷം യോജിച്ചു പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടോ?
ബിജെപി ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരും. എന്‍ഡിഎയ്ക്ക് കഴിഞ്ഞ തവണത്തേതിനേക്കാള്‍ സീറ്റുകള്‍ ലഭിക്കും. എന്നാല്‍ രാജ്യം ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല മുന്നോട്ടു പോകുന്നത്. ഒന്നിച്ചുള്ള പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണ്. ഇപ്പറഞ്ഞ കക്ഷികളുമായി മാത്രമല്ല, മായാവതിജി, മമതാജി തുടങ്ങി ആരുമായും യോജിച്ചുള്ള പ്രവര്‍ത്തനത്തിന് ജനാധിപത്യത്തില്‍ സാധ്യതയുണ്ട്. പ്രാദേശിക പാര്‍ട്ടികളിലൂടെ ആ പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങളെ, പ്രതീക്ഷകളെ കൂടുതല്‍ ഫലപ്രദമായി നിറവേറ്റാന്‍ കഴിയും എന്നാണ് ഞാന്‍ കരുതുന്നത്.
തെരഞ്ഞെടുപ്പു കാലത്തുണ്ടാകുന്ന ആരോപണപ്രത്യാരോപണങ്ങള്‍ രാജ്യത്തിന്റെ മുന്നേറ്റത്തില്‍ യോജിച്ചുള്ള പ്രവര്‍ത്തനത്തെ ബാധിക്കും എന്നു കരുതുന്നില്ല. സര്‍ക്കാര്‍  മുന്നോട്ടു കൊണ്ടു പോകുന്നതില്‍ എന്‍ഡിഎയുടെ ഭൂരിപക്ഷം മതി. എന്നാല്‍ രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ എല്ലാവരുടേയും പിന്തുണ വേണം. സബ്കാ സാഥ്, സബ്കാ വികാസ് എന്നതല്ലേ ഞങ്ങളുടെ പാര്‍ട്ടിയുടെ സംസ്‌കാരം.
വിജയത്തെക്കുറിച്ച് ഇത്ര ശക്തമായ ആത്മവിശ്വാസം എങ്ങനെ?
എന്റെ ആത്മവിശ്വാസത്തിന്റെ പ്രശ്‌നമല്ല. ജനങ്ങളുടെ വികാരമാണ് പ്രതിഫലിക്കുന്നത്. എത്രയോ കാലത്തെ അസ്ഥിരഭരണവും കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണവും അവരുടെ മുന്നിലുണ്ട്. ശക്തമായ ഭരണത്തിനായി മാത്രമേ അവര്‍ വോട്ടു ചെയ്യൂ.
കുടുംബവാഴ്ചയില്‍ താങ്കള്‍ക്ക് ഇത്ര വിരോധമെന്താണ്?
എന്റെ വിരോധമല്ല. അത് ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ക്കും എന്നതാണ് അപകടം. ഏതെങ്കിലും നേതാവിന്റെ മകനോ മകളോ കഴിവുണ്ടെങ്കില്‍ രാഷ്ട്രീയത്തില്‍ വരുന്നതിനെയല്ല ഞാന്‍ എതിര്‍ക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ഒരു കുടുംബത്തിന്റെ സ്വത്താക്കി മാറ്റുന്നതിനെയാണ്. അഥവാ ഒരു രാഷ്ട്രീയ പാര്‍ട്ടി ഒരു കുടുംബത്തിനായി പ്രവര്‍ത്തിക്കുന്നതിനെയാണ്. ഒരു പാര്‍ട്ടി ഒരു കുടുംബത്തിന്റെ കമ്പനിയായി പ്രവര്‍ത്തിക്കരുത്. ഒരു കുടുംബത്തിനു പുറത്തുള്ള ഒരാള്‍ക്ക് ആ പാര്‍ട്ടിയുടെ പ്രസിഡന്റാവാന്‍ കഴിയാത്ത സാഹചര്യം ശരിയല്ല. ടിഡിപിയിലേയും സമാജ്‌വാദി പാര്‍ട്ടിയിലേയും കുടുംബവാഴ്ചയെക്കുറിച്ച് മാധ്യമങ്ങളും പറയുന്നില്ല.
ഇത്തവണ മോദി പ്രധാനമന്ത്രി ആയാല്‍പ്പിന്നെ തെരഞ്ഞെടുപ്പില്ല, ജാനാധിപത്യം തകരും, സംവിധാനങ്ങളെ ഒന്നാകെ തകര്‍ക്കും എന്നൊക്കെയാണ് ചന്ദ്രബാബു നായിഡു അടക്കമുള്ളവര്‍ ഉന്നയിക്കുന്ന ആരോപണം.
തല ഉയര്‍ത്തി ജനങ്ങളെ സമീപിക്കാന്‍ ഭയക്കുന്നവര്‍, ജനങ്ങളെ ഭയപ്പെടുത്തുകയാണ്. എന്നാല്‍ ഇങ്ങനെ പറയുന്നവരെക്കുറിച്ച് ചിന്തിക്കണം. ആര്‍ക്കെങ്കിലും തകര്‍ക്കാന്‍ കഴിയുന്ന തരത്തിലാണോ നമ്മുടെ ഭരണഘടന സൃഷ്ടിച്ചിരിക്കുന്നത്. അതിനു ചുക്കാന്‍ പിടിച്ചവര്‍ ദുര്‍ബലമനസ്സുകളായിരുന്നോ? മോദി എന്നു പേരുള്ള ഒരാള്‍ക്കു വന്നു തകര്‍ക്കാന്‍ പാകത്തിനാണോ നമ്മുടെ രാജ്യത്തിന്റെ വ്യവസ്ഥ? ഇന്ത്യക്കു സ്വാതന്ത്ര്യം നേടിത്തന്നവരേയും ജനാധിപത്യത്തിന് അടിത്തറയുണ്ടാക്കിയവരേയും ഭരണഘടന സൃഷ്ടിച്ചവരേയുമൊക്കെ അപമാനിക്കാന്‍ ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കരുത്. മോദിയെ കല്ലെറിയാന്‍ ബാബാ സാഹെബ് അംബേദ്ക്കറെപ്പോലുള്ള മഹാപുരുഷന്മാരെ അധിക്ഷേപിക്കരുത്. സുപ്രീംകോടതി ജഡ്ജിക്കെതിരെ ഇംപീച്ച്‌മെന്റ് അവതരിപ്പിച്ചത് ആരാണ്? ഇന്ത്യയിലെ മാധ്യമങ്ങളെ നിയന്ത്രിച്ചത് ആരാണ്? ഭാര്യയുടെ അച്ഛനെ പിന്നില്‍നിന്നു കുത്തി അധികാരത്തിലെത്തിയവര്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനു മുമ്പ് കണ്ണാടിയില്‍ മുഖം നോക്കുന്നത് നന്നായിരിക്കും
കടപ്പാട് ജന്മഭൂമി ദിനപത്രം

Comments