പ്രധാനമന്ത്രിയുടെ പ്രധാന പരിപാടികളും പ്രസംഗങ്ങളും

നഗര വികസന പദ്ധതികളുടെ മൂന്നാം വാര്‍ഷികാഘോഷച്ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


28 Jul, 2018
പ്രധാനമന്ത്രി ആവാസ് യോജന (നഗരം), അടല്‍ മിഷന്‍ ഫോര്‍ റീജൂവനേഷന്‍ ഓഫ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍ (അമൃത്), സ്മാര്‍ട്ട് സിറ്റി പദ്ധതി എന്നീ മൂന്നു പ്രധാന നഗരവികസന പദ്ധതികളുടെ മൂന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ലഖ്‌നൗവില്‍ നടന്ന ‘നഗരങ്ങളെ പരിഷ്‌കരിക്കല്‍’ ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രസംഗിച്ചു.
നഗരവികസനത്തിനായുള്ള മുന്‍നിര പദ്ധതികളെക്കുറിച്ചുള്ള പ്രദര്‍ശനം അദ്ദേഹം കണ്ടു. ഓരോ സംസ്ഥാനത്തുനിന്നും ഓരോ കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുമായുള്ള 35 പി.എം.എ.വൈ.(യു) ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു.
ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളിലുള്ള പി.എം.എ.വൈ. ഗുണഭോക്താക്കളുടെ പ്രതികരണം വീഡിയോ ലിങ്ക് വഴി അദ്ദേഹം കേട്ടു.
ഉത്തര്‍പ്രദേശില്‍ നടപ്പാക്കുന്ന മുന്‍നിര പദ്ധതികള്‍ക്കു തറക്കല്ലിടുകയും ചെയ്തു.
ചടങ്ങിനെ അഭിസംബോധന ചെയ്യവേ, പുതിയ ഇന്ത്യയുടെയും പുതിയ തലമുറയുടെയും പ്രതീക്ഷകളെയും മോഹങ്ങളെയും പ്രതിനിധാനം ചെയ്യുന്ന നഗര പ്രതിനിധികളാണ് ഇവിടെയെത്തിയ നഗര ഭരണകര്‍ത്താക്കള്‍ എന്നു പ്രധാനമന്ത്രി വ്യക്തമാക്കി.
സ്മാര്‍ട് സിറ്റി പദ്ധതി പ്രകാരം ഏഴായിരം കോടി രൂപ മൂല്യം വരുന്ന പദ്ധതികള്‍ യാഥാര്‍ഥ്യമായിക്കഴിഞ്ഞു എന്നും 52,000 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയായി വരികയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. താഴെത്തട്ടിലുള്ളവര്‍ക്കും താഴെത്തട്ടിലുള്ളതും അല്ലാത്തതുമായ മധ്യവര്‍ഗത്തിനും മെച്ചപ്പെട്ട പൊതുസൗകര്യങ്ങള്‍ ഒരുക്കുകയും അതുവഴി അവരുടെ ജീവിതം എളുപ്പമാക്കിത്തീര്‍ക്കുകയുമാണു പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. സംയോജിത നിര്‍ദേശ കേന്ദ്രങ്ങള്‍ ഈ പദ്ധതിയുടെ പ്രധാന ഘടകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ കേന്ദ്രങ്ങള്‍ 11 നഗരങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചുവെന്നും മറ്റു പല നഗരങ്ങളിലും തുറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി നടത്തിയ ശ്രമങ്ങള്‍ അനുസ്മരിച്ച ശ്രീ. നരേന്ദ്ര മോദി, ‘നഗരങ്ങളെ പരിഷ്‌കരിക്കുക’ പദ്ധതി സംബന്ധിച്ച വീക്ഷണം ശ്രീ. വാജ്‌പേയി എം.പിയായിരുന്ന ലഖ്‌നൗ നഗരവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നു എന്ന് ഓര്‍മിപ്പിച്ചു.
പദ്ധതിലക്ഷ്യം മുറുകെപ്പിടിച്ചുകൊണ്ട് വേഗവും വ്യാപ്തിയും ജീവിത നിലവാരും മെച്ചപ്പെടുത്താനായി കേന്ദ്ര ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചുവരികയാണെന്നും പ്രധാനമന്ത്രിയെന്ന നിലയില്‍ ശ്രീ. അടല്‍ ബിഹാരി വാജ്‌പേയി നടപ്പാക്കിയ കാര്യങ്ങളെ പരാമര്‍ശിക്കവേ പ്രധാനമന്ത്രി വ്യക്തമാക്കി. 2022 ആകുമ്പോഴേക്കും എല്ലാവര്‍ക്കും വീടൊരുക്കുക എന്നതാണു ഗവണ്‍മെന്റിന്റെ പദ്ധതി. ഇതിനായി ഏറെ പ്രവര്‍ത്തനം നടന്നിട്ടുണ്ടെന്നു സ്ഥിതിവിവരക്കണക്കുകള്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ ഉണ്ടാക്കുന്ന വീടുകളില്‍ ശൗചാലയം നിര്‍മിക്കുന്നുണ്ടെന്നും വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ വീടുകള്‍ സ്ത്രീശാക്തീകരണത്തിന്റെ അടയാളങ്ങളാണെന്നും സ്ത്രീകളുടെ പേരിലാണ് അവ റജിസ്റ്റര്‍ ചെയ്യുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ ഉയര്‍ന്ന ഒരു വിമര്‍ശനത്തോടു വൈകാരികമായാണ് അദ്ദേഹം പ്രതികരിച്ചത്. പാവങ്ങളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും കര്‍ഷകരുടെയും സൈനികരുടെയും ദുരിതങ്ങളും ക്ലേശങ്ങളും തന്റേതുകൂടിയാണെന്നും ഏതുവിധേനയും അവരുടെ ദുരിതങ്ങള്‍ അവസാനിപ്പിക്കണമെന്നു ചിന്തിക്കുന്ന വ്യക്തിയാണെന്നും ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.
നല്ല രീതിയില്‍ ആസൂത്രണം ചെയ്ത നഗരങ്ങള്‍ ഉണ്ടായിരുന്ന രാഷ്ട്രമാണ് ഇന്ത്യയെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. രാഷ്ട്രീയ ഇച്ഛാശക്തിയുടെയും തെളിഞ്ഞ ചിന്തയുടെയും അഭാവം, വിശേഷിച്ച് സ്വാതന്ത്ര്യാനന്തരം, ഉണ്ടായതു നമ്മുടെ നഗരകേന്ദ്രങ്ങള്‍ക്കു വലിയ നാശനഷ്ടം വരുത്തിവെച്ചു.
ഇന്ത്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും വളര്‍ച്ചയുടെ സിരാകേന്ദ്രങ്ങളായ നഗരങ്ങള്‍ എങ്ങനെയെങ്കിലും വികസിക്കട്ടെ എന്നു ചിന്തിക്കാന്‍ സാധിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പുതിയ ഇന്ത്യ നേരിടേണ്ടിവരുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യാനും 21ാം നൂറ്റാണ്ടിന് ഉതകുന്ന ആഗോള നിലവാരത്തിലുള്ള ബൗദ്ധിക നഗരകേന്ദ്രങ്ങള്‍ ലഭ്യമാക്കാനും രാജ്യത്തെ സജ്ജമാക്കാന്‍ സ്മാര്‍ട് സിറ്റി പദ്ധതികള്‍ക്കു സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവിക്കാനുള്ള എളുപ്പം, വിദ്യാഭ്യാസം, തൊഴില്‍, ധനം, വിനോദം എന്നീ അഞ്ചു കാര്യങ്ങള്‍ ജീവിക്കുന്ന ഇടങ്ങളില്‍ ഉണ്ടായിരിക്കണമെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
പൗരന്‍മാരുടെ പങ്കാളിത്തവും പ്രതീക്ഷകളും ഉത്തരവാദിത്തവുമാണ് സ്മാര്‍ട് സിറ്റി പദ്ധതിയുടെ അടിസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. പൂനെ, ഹൈദരാബാദ്, ഇന്‍ഡോര്‍ എന്നീ നഗരങ്ങള്‍ മുനിസിപ്പല്‍ ബോണ്ടുകള്‍ വഴി നല്ല തുക സമാഹരിച്ചിട്ടുണ്ടെന്നും ലഖ്‌നൗ, ഘാസിയാബാദ് തുടങ്ങിയ നഗരങ്ങള്‍ ഈ മാതൃക പിന്‍തുടരണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പൗരസേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാകുന്നതോടെ അഴിമതിക്കു പഴുതുള്ള വരിനില്‍ക്കല്‍ സമ്പ്രദായം ഇല്ലാതാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാര്യക്ഷമവും സുതാര്യവും സുസ്ഥിരവും സുതാര്യവുമായ സംവിധാനം കോടിക്കണക്കിനു ജനങ്ങളുടെ ജീവിതം മാറ്റിമറിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

ആയുഷ്മാന്‍ ഭാരതിനു കീഴിലുള്ള ആരോഗ്യസംരക്ഷണ പദ്ധതി ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ പ്രധാനമന്ത്രി വിലയിരുത്തി


04 Aug, 2018

ആയുഷ്മാന്‍ ഭാരതിനു കീഴിലുള്ള ആരോഗ്യസംരക്ഷണ പദ്ധതി ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിലയിരുത്തി.
ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വരെ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്ന പദ്ധതിയാണ് ഇത്. ദരിദ്രവും അവശത അനുഭവിക്കുന്നതുമായ പത്തു കോടിയിലേറെ കുടുംബങ്ങളെ ഉദ്ദേശിച്ചുള്ളതാണു പദ്ധതി.
വിവിധ സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന തയ്യാറെടുപ്പുകള്‍, പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക അടിസ്ഥാനസൗകര്യ വികസനം എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചു ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിലെയും നിതി ആയോഗിലെയും പ്രധാനമന്ത്രിയുടെ ഓഫീസിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്കു മുന്നില്‍ വിശദീകരിച്ചു.
ആയുഷ്മാന്‍ ഭാരതിനു കീഴിലുള്ള ആദ്യത്തെ 'ആരോഗ്യക്ഷേമ കേന്ദ്രം' വികസനം അര്‍ഹിക്കുന്ന ജില്ലകളിലൊന്നായ ഝത്തീസ്ഗഢിലെ ബീജാപ്പൂരില്‍ ഏപ്രിലില്‍ നടന്ന അംബേദ്കര്‍ ജയന്തി ആഘോഷവേളയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.

ഗതാഗത, പാര്‍പ്പിട മേഖലകളിലെ സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളുടെ പ്രകടനം പ്രധാനമന്ത്രി അവലോകനം ചെയ്തു


03 Aug, 2018

റോഡുകള്‍, പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി (പി.എം.ജി.എസ്.വൈ), ഗ്രാമീണ ഭവന നിര്‍മ്മാണം, നഗര പാര്‍പ്പിട മേഖല, റെയിവെ, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നീ സുപ്രധാന അടിസ്ഥാന സൗകര്യ മേഖലകളുടെ പ്രവര്‍ത്തനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അവലോകനം ചെയ്തു. രണ്ട് മണിക്കൂര്‍ നീണ്ട യോഗത്തില്‍ അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍, നിതി ആയോഗ്, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
റോഡ് നിര്‍മ്മാണത്തില്‍ ഗണ്യമായ പുരോഗതി ഉണ്ടായതായി നിതി ആയോഗ് സി.ഇ.ഒ. ശ്രീ. അമിതാഭ് കാന്ത് യോഗത്തില്‍ അറിയിച്ചു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിദിനം ശരാശരി 26.93 കിലോ മീറ്റര്‍ റോഡാണ് നിര്‍മ്മിച്ചത്. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 11.67 കിലോ മീറ്റര്‍ ആയിരുന്നു.
ഗതാഗത മേഖലയിലെ ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ പുരോഗതി പ്രധാനമന്ത്രി വിലയിരുത്തി. 24 ലക്ഷത്തില്‍ കൂടുതല്‍ ആര്‍.എഫ്.ഐ.ഡി. ടാഗുകള്‍ ഇതുവരെ അനുവദിച്ചു. 23 ശതമാനത്തില്‍ കൂടുതല്‍ ടോള്‍ പിരിവും ഇലക്‌ട്രോണിക് ടോള്‍ കളക്ഷന്‍ വഴി ആയിക്കഴിഞ്ഞു. റോഡ് സാഹചര്യങ്ങള്‍, പരാതികള്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം എന്നിവ ഉള്‍പ്പെടുത്തിയിട്ടുള്ള 'സുഖത് യാത്ര' ആപ്ലിക്കേഷന്‍ ഇതുവരെ ഒരു ലക്ഷത്തില്‍ കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. ഇലക്‌ട്രോണിക് ടോള്‍ കളക്ഷന്റെ പുരോഗതി വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിക്ക് കീഴില്‍ നിര്‍മ്മിച്ച ഗ്രാമീണ റോഡുകള്‍ 88 ശതമാനം ജനവാസ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നു.2014 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 44,000 ത്തില്‍ കൂടുതല്‍ ഗ്രാമങ്ങളെ ഈ പദ്ധതി വഴി ബന്ധിപ്പിച്ചു. ഇതിന് മുമ്പുള്ള നാല് വര്‍ഷം ഇത് 35,000 ആയിരുന്നു. 10 പ്രദേശിക ഭാഷകളില്‍ പുറത്തിറക്കിയ 'മേരി സഡക്ക്' ആപ്ലിക്കേഷന്‍ ഇതുവരെ 9.76 ലക്ഷം പേര്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. റോഡുകളുടെ ജി.ഐ.എസ്. മാപ്പിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ജിയോ സ്‌പേഷ്യല്‍ റൂറല്‍ റോഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ (ജി.ആര്‍.ആര്‍.ഐ.എസ്) 20 സംസ്ഥാനങ്ങള്‍ ഇതിനകം പങ്കുചേര്‍ന്നു കഴിഞ്ഞു. ഗ്രാമീണ റോഡ് നിര്‍മ്മാണത്തിനായി ഹരിത സാങ്കേതിക വിദ്യകള്‍, പാരമ്പര്യേതര അസംസ്‌കൃത വസ്തുകളായ പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ഫ്‌ളൈ ആഷ് എന്നിവ ഉപയോഗപ്പെടുത്തുന്നുണ്ട്.
റെയില്‍വെ മേഖലയില്‍ ശേഷി വര്‍ദ്ധനവിലും റോളിഗ് സ്റ്റോക്കിലും ഗണ്യമായ വര്‍ദ്ധനവുണ്ടായി. 2014-2018 ല്‍ 9528 കിലോ മീറ്റര്‍ പുതിയ പാതകള്‍ നിര്‍മ്മിക്കപ്പെടുകയോ, ഇരട്ടിപ്പിക്കുകയോ, ഗേയ്ജ് മാറ്റം വരുത്തുകയോ ചെയ്തു. തൊട്ട് മുമ്പുള്ള നാല് വര്‍ഷത്തെ അപേക്ഷിച്ച് 56 ശതമാനം അധികമാണിത്.
വ്യോമയാന മേഖലയില്‍ 2014 മുതല്‍ 2018 വരെയുള്ള കാലയളവില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 62 ശതമാനം വര്‍ദ്ധനയുണ്ടായി. ഇതിന് തൊട്ട് മുമ്പുള്ള നാല് വര്‍ഷങ്ങളില്‍ ഇത് 18 ശതമാനമായിരുന്നു. ഉഡാന്‍ പദ്ധതിക്ക് കീഴില്‍ ടയര്‍ രണ്ട്, ടയര്‍ മൂന്ന് നഗരങ്ങളിലായി 23 വിമാനത്താവളങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
2014-18 ല്‍ പ്രധാന തുറമുഖങ്ങളിലെ ഗതാഗതത്തില്‍ 17 ശതമാനം വര്‍ദ്ധവുണ്ടായി.
ഗ്രാമീണ ഭവന മേഖലയില്‍ 2014 മുതല്‍ 18 വരെയുള്ള കാലയളവില്‍ ഒരു കോടിയിലേറെ വീടുകള്‍ നിര്‍മ്മിച്ചതായി യോഗത്തില്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. തൊട്ട് മുമ്പുള്ള നാല് വര്‍ഷം ഇത് 25 ലക്ഷം വീടുകളായിരുന്നു. ഭവന മേഖലയിലും മറ്റ് നിര്‍മ്മാണ വ്യവസായ രംഗത്തും ഇത് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിച്ചു. ഒരു സ്വതന്ത്ര പഠനമനുസരിച്ച് 2015-16 കാലഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ എടുത്ത ശരാശരി സമയം 314 ദിവസം ആയിരുന്നത്, 2017-18 ല്‍ 114 ദിവസമായി കുറഞ്ഞു. ദുരന്ത പ്രതിരോധം, കുറഞ്ഞ ചെലവിലുള്ള ഭവന രൂപകല്‍പ്പനാ രീതികള്‍ എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കുന്നു.
നഗര പാര്‍പ്പിട മേഖലയില്‍ പുതിയ നിര്‍മ്മാണ സാങ്കേതികവിദ്യകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് (നഗരം) കീഴില്‍ ഇതുവരെ 54 ലക്ഷം വീടുകള്‍ അനുവദിച്ചിട്ടുണ്ട്.

സ്വച്ഛ് ഭാരത് മിഷന് (ഗ്രാമീണ്‍)(എസ്.ബി.എം (ജി))ക്ക് അധിക ബജറ്റ് വിഹിതമായി 2018-19 സാമ്പത്തികവര്‍ഷത്തില്‍ 15,000 കോടി രൂപ കൂടി ഉയര്‍ത്തുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി


01 Aug, 2018


പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം താഴെപ്പറയുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ടു.
എ) സ്വച്ഛ് ഭാരത് മിഷന്(ഗ്രാമീണ്‍) വേണ്ടി 15,000 കോടി രൂപ അധിക ബജറ്റ് വിഹിതമായി (ഇ.ബി.ആര്‍.) (ഇന്ത്യാ ഗവണ്‍മെന്റ് മുഴുവന്‍ സര്‍വീസ് ബോണ്ടുകള്‍) നേടിയെടുക്കും.
ബി) ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഡ്രിങ്കിംഗ് വാട്ടര്‍ ക്വാളിറ്റി എന്ന സൊസൈറ്റിയുടെ വ്യാപ്തി വര്‍ദ്ധിപ്പിച്ച് അതിനെ എസ്.ബി.എം (ജി)ക്ക് വേണ്ടി ഇ.ബി.എം. സ്വീകരിക്കുന്നതിനും അതിനെ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമുള്ള നിര്‍വഹണ ഏജന്‍സികള്‍ക്ക് നല്‍കുന്നതിനു ചുമതലപ്പെടുത്തും.
സി) ഈ സൊസൈറ്റിയുടെ പേര് ''ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഡ്രിങ്കിംഗ് വാട്ടര്‍ ക്വാളിറ്റി'' എന്നതില്‍ നിന്നും 'നാഷണല്‍ സെന്റര്‍ ഫോര്‍ ഡ്രിങ്കിംഗ് വാട്ടര്‍, സാനിറ്ററി ആന്‍ഡ് ക്വാളിറ്റി' എന്നാക്കി മാറ്റും.
നേട്ടങ്ങള്‍:
ഈ തീരുമാനം സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) പ്രകാരമുള്ള മുന്‍കൈകള്‍ക്ക് യോഗ്യതയുള്ള 1.5 കോടിയോളം ഗ്രാമീണ കുടുംബങ്ങള്‍ക്കും ഒപ്പം ഖര-ദ്രവ മാലിന്യ പരിപാലന (എസ്.എല്‍.എം.ഡബ്ല്യു) പരിപാലനം നടത്തുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ക്കും ഗുണകരമാകും.
രാജ്യത്താകമാനമുള്ള ഗ്രാമങ്ങളെ സുസ്ഥിരമായ വെളിയിട വിസര്‍ജന മുക്തമാക്കുന്നതിന് ഈ ഫണ്ടുകള്‍ വിനിയോഗിക്കാം.
ഉള്‍പ്പെടുന്ന ചെലവുകള്‍:
വായ്പ വിതരണം ചെയ്ത ദിവസത്തില്‍ നിന്നു പത്തുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കരാറിലെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി വായ്പാ തുകയായ 15,000 കോടി രൂപ നബാര്‍ഡിന് ഒറ്റ ബുള്ളറ്റ് പേയ്‌മെന്റായി തിരിച്ചുനല്‍കും.
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ആവശ്യമായ കൃത്യമായ ചെലവിന്റെ കണക്ക് പരിഗണിച്ചശേഷം നബാര്‍ഡിലൂടെ ഫണ്ട് നേടിയെടുക്കും. അത് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും നിര്‍വഹണ ഏജന്‍സികള്‍ക്ക് വിതരണം ചെയ്യും. എസ്.ബി.എം(ജി)ക്ക് വേണ്ട ഫണ്ട് സ്വീകരിക്കുന്നതിനും അതിനെ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും നിര്‍വഹണ ഏജന്‍സികള്‍ക്ക് വിതരണം ചെയ്യുന്നതിനും വായ്പയും പലിശയും തിരിച്ചടയ്ക്കുന്നതിനും നാഷണല്‍ സെന്റര്‍ ഫോര്‍ ഡ്രിങ്കിംഗ് വാട്ടര്‍, സാനിറ്റേഷന്‍ ആന്‍ഡ് ക്വാളിറ്റി അടിസ്ഥാന ഏജന്‍സിയായി പ്രവര്‍ത്തിക്കും.
ഇത് എസ്.ബി.എം (ജി)യുടെ നിശ്ചിതകാലയളവില്‍ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ആവശയമായ ഫണ്ട് ലഭ്യമാക്കും.
പശ്ചാത്തലം:
ഗ്രാമീണമേഖലകളില്‍ 2019 ഒക്‌ടോബര്‍ രണ്ടോടെ പൂര്‍ണശുചിത്വം നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ 2014 ഒക്‌ടോബര്‍ രണ്ടിനാണ് എസ്.ബി.എ. (ജി) ആരംഭിച്ചത്. ഐ.എച്ച്.എച്ച്.എല്ലിന് വേണ്ടി, യോഗ്യരായ ഗുണഭോക്താക്കള്‍ക്ക് വ്യക്തിഗത കൂടുംബ ശുചിത്വമുറികള്‍ നിര്‍മ്മിക്കുന്നതിന് കേന്ദ്രവും സംസ്ഥാനവും ഫണ്ട് വീതം വയ്ക്കുന്ന ഘടനയുടെ അടിസ്ഥാനത്തില്‍ 12,000 കോടി രൂപയുടെ സാമ്പത്തിക മുന്‍കൈയുമെടുത്തു. എസ്.എല്‍.ഡബ്ല്യു.എം. പ്രവര്‍ത്തനങ്ങള്‍ക്കായി സാമ്പത്തിക സഹായം 150/300/500/500ലധികം കുടുംബങ്ങള്‍ ഉള്ള ഗ്രാമപഞ്ചായത്തുകള്‍ക്ക് യഥാക്രമം 7/12/15/20 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. ഐ.ഇ.സിക്ക് പദ്ധതിയുടെ മൊത്തം ചെലവിന്റെ 5% സംസ്ഥാന/ജില്ലാതലത്തിലും 3% കേന്ദ്ര തലത്തിലും ചെലവഴിക്കാം. ഭരണപരമായ ചെലവിനായി പദ്ധതിച്ചെലവിന്റെ 2% ഉപയോഗിക്കാം. ഇതിന് വേണ്ട ഫണ്ട് പങ്കുവയ്ക്കലിലുള്ള ഘടന (വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, ജമ്മുകശ്മീര്‍, പ്രത്യേക ഗണത്തില്‍പ്പെട്ട സംസ്ഥാനങ്ങള്‍ എന്നിവ ഒഴികെ) 60:40 ആണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ജമ്മുകശ്മീര്‍, പ്രത്യേക ഗണത്തില്‍പ്പെട്ട സംസ്ഥാനങ്ങള്‍ എന്നിവയ്ക്ക് ഫണ്ടിന്റെ ഘടന 90:10 എന്ന രീതിയിലുമാണ്.
ഗ്രാമീണ ഇന്ത്യയില്‍ ശുചിത്വ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍ അതിദ്രുതഗതിയിലുള്ള പുരോഗതിയാണ് കൈവരിച്ചത്. 2018 ജൂലൈ 31ലെ കണക്ക്പ്രകാരം ഇന്ത്യയിലെ ശുചിത്വവ്യാപ്തി 88.9 ശതമാനം ആയിട്ടണ്ട്. 2014 ഒക്‌ടോബര്‍ രണ്ടിനു ശേഷം 419 ജില്ലകളിലെ 4.06 ല്രക്ഷം ഗ്രാമങ്ങളില്‍ 7.94 കോടി ശൗചാലയങ്ങള്‍ നിര്‍മിച്ചു. 19 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ വെളിയിട വിസര്‍ജനമുക്തമായി പ്രഖ്യാപിച്ചു. ഇതിന്റെ പുരോഗതി സ്ഥായായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2019 ഒക്‌ടോബറോടെ വെളിയിട വിസര്‍ജ്ജമുക്തമാകുന്നതിനുള്ള പാതയിലാണ് ഇന്ത്യ.
ഗ്രാമീണ മേഖലയില്‍ 2019 ഒക്‌ടോബര്‍ രണ്ടോടെ സാര്‍വത്രിക ശുചിത്വം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2014 ഒക്‌ടോബര്‍ മുതല്‍ പ്രാവര്‍ത്തികമാകുന്ന തരത്തില്‍ 2014 സെപ്റ്റംബര്‍ 24ന് എസ്.ബി.എം(ജി)ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ഇതിനകം തന്നെ എസ്.ബി.എം(ജി)യില്‍ വളരെയധികം പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ദൗത്യം അവസാനിക്കാറായ ഘട്ടത്തില്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പുരോഗതി വര്‍ധിക്കും.
2018-19 വര്‍ഷത്തെ ലക്ഷ്യങ്ങള്‍ നേടുന്നതിന് വേണ്ട സാമ്പത്തികാവശ്യങ്ങള്‍ക്കായി ധനകാര്യമന്ത്രി നടത്തിയ ബജറ്റ് പ്രഖ്യാപനത്തില്‍ 30,343 കോടി രൂപ എസ്.ബി.എം(ജി)ക്ക് അനുവദിച്ചിരുന്നു. ഇതില്‍ 15,343 കോടി രൂപ പൊതു ബജറ്റ് വിഹിതത്തില്‍ നിന്നും ബാക്കി 15,000 കോടി രൂപ അധിക ബജറ്റ് സഹായത്തിലൂടെയും നല്‍കാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. അതിന് ശേഷം സാമ്പത്തികകാര്യവകുപ്പിന്റെ സെക്രട്ടറി ചെയര്‍മാനായ ഇ.ബി.ആര്‍ സ്റ്റിയറിങ് ഗ്രൂപ്പ് ഇ.ബി.ആര്‍ 2018-19 വര്‍ഷത്തേക്ക് നബാര്‍ഡ് വഴി കണ്ടെത്തുന്നതിന് ശിപാര്‍ശ ചെയ്യുകയായിരുന്നു.

പ്രധാനമന്ത്രി ഇന്‍ഡോറില്‍ നഗരവികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു, സ്വച്ഛ് സര്‍വേക്ഷണ്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു



മധ്യപ്രദേശ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നഗര വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി റിമോട്ട് സംവിധാനത്തിലൂടെ നിര്‍വഹിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നിര്‍മിച്ച വീടുകള്‍, നഗരങ്ങളിലെ കുടിവെള്ള വിതരണ പദ്ധതികള്‍, ഗ്രാമീണ ഖരമാലിന്യനിര്‍മാര്‍ജന പദ്ധതികള്‍, നഗരങ്ങളിലെ ശുചിത്വ പദ്ധതികള്‍, നഗര ഗതാഗത പദ്ധതികള്‍, ലാന്‍ഡ്‌സ്‌കേപിങ് പദ്ധതികള്‍ എന്നിവ ഉദ്ഘാടനം ചെയ്യപ്പെട്ടവയില്‍ പെടും.
ഇന്‍ഡോറില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം സ്വച്ഛ് സര്‍വേക്ഷണ്‍-2018 അവാര്‍ഡുകള്‍ വിതരണം ചെയ്യുകയും സ്വച്ഛ് സര്‍വേക്ഷണ്‍-2018 റിസള്‍ട്ട്‌സ് ഡാഷ് ബോര്‍ഡ് പ്രകാശിപ്പിക്കുകയും ചെയ്തു.
സ്വച്ഛ് ഭാരത് മഹാത്മാ ഗാന്ധിയുടെ സ്വപ്‌നമായിരുന്നുവെന്നും അതിപ്പോള്‍ 125 കോടി ഇന്ത്യയുടെ ദൃഢനിശ്ചയമായി പരിണമിച്ചുവെന്നും ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും ശുചിത്വമാര്‍ന്ന നഗരത്തിനുള്ള അവാര്‍ഡ് ലഭിച്ച ഇന്‍ഡോറില്‍നിന്ന് രാജ്യം പ്രചോദനം ഉള്‍ക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശുചിത്വം പുലര്‍ത്തുന്നതില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ചവെക്കുന്ന ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് എന്നീ മൂന്നു സംസ്ഥാനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ശുചിത്വം മെച്ചപ്പെടുത്തുന്നതില്‍ ഉണ്ടായിട്ടുള്ള പ്രവര്‍ത്തനങ്ങളള്‍ അദ്ദേഹം വിശദീകരിച്ചു. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികം അടുത്ത വര്‍ഷം ആഘോഷിക്കുമ്പോഴേക്കും ഗാന്ധിജിയുടെ സ്വപ്‌നം യാഥാര്‍ഥ്യമായിത്തീര്‍ന്നിരിക്കുമെന്നു പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
നഗരങ്ങളിലെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താന്‍ ഏതു വിധത്തിലാണു കേന്ദ്ര ഗവണ്‍മെന്റ് ശ്രമിച്ചുവരുന്നതെന്ന് അദ്ദേഹം വിശദമാക്കി. സ്വച്ഛ് ഭാരത് പദ്ധതിക്കു പുറമേ, പ്രധാനമന്ത്രി ആവാസ് യോജന (നഗരങ്ങളില്‍), സ്മാര്‍ട്ട് സിറ്റി പദ്ധതി, അമൃത്, ദീനദയാല്‍ ഉപാധ്യായ ദേശീയ നഗര ഉപജീവന ദൗത്യം എന്നിവയെക്കുറിച്ചും ശ്രീ. നരേന്ദ്ര മോദി പരാമര്‍ശിച്ചു. ഇന്ത്യയുടെ പ്രഥമ സ്മാര്‍ട്ട് സിറ്റിയായ ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ നയാ റായ്പൂരില്‍ കഴിഞ്ഞ ദിവസം താന്‍ ഉദ്ഘാടനം ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മധ്യപ്രദേശില്‍ ഏഴു നഗരങ്ങളില്‍ സമാന പദ്ധതികള്‍ തയ്യാറായിവരികയാണെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
മധ്യപ്രദേശില്‍ വിവിധ നഗര വികസന പദ്ധതികളില്‍ ഉണ്ടായിവരുന്ന പുരോഗതിയെക്കുറിച്ചു വിശദമായിത്തന്നെ അദ്ദേഹം പ്രതിപാദിച്ചു. ഭവന നിര്‍മാണ പദ്ധതിയിലൂടെ ഭവനരഹിതരായ ഒരു ലക്ഷത്തിലേറെ പേര്‍ക്കു വീട് ലഭിച്ചുവെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി.
2022 ആകുമ്പോഴേക്കും എല്ലാവര്‍ക്കും ഭവനം യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണു കേന്ദ്ര ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 1.15 കോടി വീടുകള്‍ നിര്‍മിക്കപ്പെട്ടുകഴിഞ്ഞുവെന്നും 2022 ആകുമ്പോഴേക്കും ലക്ഷ്യപ്രാപ്തി നേടാന്‍ രണ്ടു കോടി വീടുകള്‍കൂടി നിര്‍മിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി ആവാസ് യോജന വഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതുകൂടി ഉണ്ടെന്നും പദ്ധതി സ്ത്രീശാക്തീകരണം സാധ്യമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മറ്റുമ മേഖലകളില്‍ ഉണ്ടായ വികസനത്തെക്കുറിച്ചും പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു.

നഗര വികസന പദ്ധതികളുടെ മൂന്നാം വാര്‍ഷികാഘോഷച്ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

Comments