മോദിയുടെ വിദേശ യാത്രകള്‍ കൊണ്ട്‌ നാടിന്‌ എന്തു ഗുണം .



നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയ അന്നു മുതല്‍ ആരംഭിച്ചതാണ്‌ അദ്ദേഹത്തിന്‌ എതിരായ അപവാദ പ്രചരണങ്ങളുടെ ഘോഷയാത്ര. അദ്ദേഹത്തിനും പാര്‍ട്ടിക്കും ഭരണത്തിനും എതിരായ അപവാദപ്രചരണങ്ങങ്ങള്‍ക്ക്‌ നീര്‍ക്കുമിളയുടെ ആയുസ്സ്‌ മാത്രമെ ഉണ്ടായിരുന്നുള്ളു. ഏറ്റവും അധികം പഴി കേള്‍ക്കേണ്ടി വന്നത്‌ പ്രധാനമന്ത്രിയുടെ വിദേശ യാത്രകളുടെ പേരിലാണ്‌. പ്രധാനമന്ത്രി വിദേശരാജ്യങ്ങളില്‍ ഉല്ലാസ യാത്ര പോവുകയാണ്‌ എന്ന മട്ടിലാണ്‌ രാഷ്‌ട്രീയ പ്രതിയോഗികളും പത്ര ദൃശ്യമാദ്ധ്യമങ്ങളും പ്രചാരണം അഴിച്ചു വിട്ടിട്ടുള്ളത്‌. എന്നാല്‍ ഓരോ വിദേശ യാത്രങ്ങളും ഭാരതത്തിനു സമ്മാനിച്ച വിലപ്പെട്ട സേവനങ്ങളെ അവര്‍ കണ്ടില്ലന്നു നടിക്കുകയായിരുന്നു. എത്രകാലം അവര്‍ക്ക്‌ സത്യത്തെ മറച്ചു വയ്‌ക്കാനാകും.
വിദേശ യാത്രകളടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്ഷേപിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ ഒരു കാര്യം മനസിലാക്കുക, മോദി യാത്ര ചെയ്‌ത പോലെ തന്നെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും നിരവധി വിദേശ യാത്രകള്‍ നടത്തിയിരുന്നു. ഏകദേശം 67 വിദേശ യാത്രകള്‍. പക്ഷെ അത്‌ ആരുമറിഞ്ഞില്ലന്നു മാത്രമല്ല രാജ്യത്തിനു ആ യാത്രകള്‍ വലിയ പ്രയോജനവും ഉണ്ടാക്കിയില്ല. ഇവിടെയാണ്‌ മോദിയുടെ വിദേശ യാത്രകളെ നാം വിലയിരുത്തേണ്ടത്‌. മോദിയുടെ ഓരോ വിദേശ സന്ദര്‍ശനത്തിലും പ്രവാസി ഭാരതീയരും അന്നാട്ടുകാരും കാണിക്കുന്ന ആവേശം ശ്രദ്ധേയമാണ്‌. ഇന്നലകളില്‍ ഞാന്‍ ഭാരതീയനാണ്‌ എന്ന്‌ തുറന്നു പറയാന്‍ മടി കാണിത്തിരുന്ന പ്രവാസി സമൂഹം ഇന്ന്‌ നെഞ്ച്‌ വിരിച്ചു പറയാന്‍ തുടങ്ങിയിരിക്കുന്നു ഞാന്‍ മോദിയുടെ നാട്ടുകാരനാണന്ന്‌. അത്രകണ്ട്‌ ലോകത്തിനു മുന്നില്‍ ഭാരതത്തിന്റെ യശസ്സ്‌ ഉയര്‍ന്നിരിക്കുന്നു.
പരസ്‌പരാശ്രിത ലോകത്ത്‌ ഭാരതത്തിന്‌ ഒറ്റപ്പെട്ടു നില്‍ക്കാന്‍ കഴിയില്ല. തന്റെ സന്ദര്‍ശനം പരാജയമാണോ, എന്തെങ്കിലും തെറ്റുകളുണ്ടോ എന്ന്‌ പ്രതിപക്ഷം പറയട്ടെ. അല്ലാതുള്ള വിമര്‍ശനം പക്വതയില്ലായ്‌മയാണ്‌, എന്നാണ്‌ പ്രധാനമന്ത്രി ഇതിനെക്കുറിച്ച്‌ പ്രതികരിച്ചിട്ടുള്ളത്‌. മത്രവുമല്ല രാജ്യത്തേയും പ്രധാനമന്ത്രിയേയും തന്നെ കുഴപ്പത്തിലാക്കിയ ഒരു സം ഭവങ്ങളും ഈ യാത്രാ വേളകളില്‍ ഒന്നും ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്‌. മുമ്പ്‌ വിദേശയാത്രാ വേളകളില്‍ പല ഇന്ത്യന്‍ പ്രധാനമന്ത്രിമാരോടും ഒപ്പമുള്ള പ്രതിനിധികള്‍ സൃഷ്‌ടിച്ച പ്രശ്‌നങ്ങള്‍ ജനം മറന്നിട്ടുണ്ടാവില്ല.
പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശേഷമുള്ള ആദ്യത്തെ രണ്ട്‌ വര്‍ഷം 95 ദിവസമാണ്‌ മോദി വിദേശ രാജ്യങ്ങളില്‍ ചെലവഴിച്ചത്‌. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിഗ്‌ 75 ദിവസമാണ്‌ ആദ്യത്തെ രണ്ട്‌ വര്‍ഷത്തിനിടെ വിദേശത്ത്‌ ചെലവഴിച്ചത്‌. പക്ഷേ മന്‍മോഹന്‍ സിഗ്‌ ഇത്രയും ദിവസങ്ങള്‍ കൊണ്ട്‌ 18 രാജ്യങ്ങളാണ്‌ സന്ദര്‍ശിച്ചതെങ്കില്‍ മോദി 40 രാജ്യങ്ങളാണ്‌ 95 ദിവസങ്ങളില്‍ സന്ദര്‍ശിച്ചത്‌. അതിനായി മോദി കണ്ടെത്തിയ മാര്‍ഗ്ഗവും ശ്രദ്ധേയമായി. പ്രവര്‍ത്തി ദിനങ്ങള്‍ നഷ്‌ടപ്പെടാതിരിക്കാന്‍ രാത്രി യാത്രകള്‍ സജീവമാക്കിയായിരുന്നു മോദിയുടെ സഞ്ചാരം. അതുവഴി വിദേശയാത്രാ സമയങ്ങളില്‍ ഉറക്കം വിമാനത്തില്‍ തന്നെയാക്കാനും കൂടുതല്‍ സമയം പ്രവര്‍ത്തനങ്ങളില്‍ മുഴുകാനും അദ്ദേഹത്തിനു കഴിഞ്ഞു. എന്നു മാത്രമല്ല അദ്ദേഹത്തിന്റെ വിമാനം സഞ്ചരിക്കുന്ന ഒരു ഓഫീസുമാണ്‌.
വിദേശയാത്രാ ചിലവുകള്‍ ഒരു താരതമ്യം
മന്‍മോഹന്‍ സിംഗ്‌ പ്രധാനമന്ത്രി ആയിരിക്കെ വിവരാവകാശനിയമം അനുസരിച്ച്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ തന്നെ സ്വമേധയാ പുറത്തുവിട്ട കണക്കനുസരിച്ച്‌ മന്‍മോഹന്‍ സിംഗിന്റെ വിദേശത്തേക്കുള്ള വിമാന യാത്രാചെലവ്‌ 642 കോടി രൂപയാണ്‌. ഇതില്‍ തന്നെ അഞ്ച്‌ യാത്രകളുടെ കണക്ക്‌ കൂട്ടിയിട്ടില്ല. 2012 ജൂണിലെ ജി20 ഉച്ചകോടി യ്‌ക്കായുള്ള മെക്‌സിക്കോ ബ്രസീല്‍ യാത്രയ്‌ക്കു മാത്രം ചിലവായത്‌ 26.94 കോടിയാണ്‌ 2008 ഒക്ടോബറില്‍ നടത്തിയ അമേരിക്കന്‍ ഫ്രാന്‍സ്‌ യാത്രയ്‌ക്ക്‌ ചിലവാക്കിയത്‌ 24 കോടിയുമാണ്‌.
കഴിഞ്ഞ വര്‍ഷം മാത്രം 27 വിദേശ യാത്രകളാണ്‌ മോദി നടത്തിയത്‌്‌ മന്‍മോഹന്‍ സിംഗിന്റെ ഒരു വിദേശ യാത്രക്കു മാത്രം 26.94 കോടി രൂപാ ചിലവ്‌ വന്നപ്പോള്‍ മോദിയുടെ 27 വിദേശ യാത്രകള്‍ക്കും കൂടി സര്‍ക്കാരിന്‌ ആകെ ചെലവു വന്നത്‌ വെറും 41.1 കോടി രൂപമാത്രമാണ്‌. എന്നു മാത്രമല്ല ആ വിദേശ യാത്രകളിലൂടെ രാജ്യത്തിന്‌ നേടാനായത്‌ അനേക കോടി രൂപയുടെ നിക്ഷേപങ്ങളും അതുവഴി ലക്ഷക്കണക്കിന്‌ തൊഴില്‍ അവസരങ്ങളുമാണ്‌.
പൊതു ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നത്‌ ഒഴിവാക്കാന്‍ വിദേശയാത്രയ്‌ക്ക്‌ ഒപ്പം പോയിരുന്നവരുടെ എണ്ണം മോദി വെട്ടിക്കുറച്ചു. മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം പത്തായി കുറച്ചു; അങ്ങനെയാണ്‌ മോദിക്ക്‌ ചിലവ്‌ കുറക്കാനായത്‌.
ചൈനയെ പിന്തള്ളി
ഭാരതത്തിലെ വിദേശനിക്ഷേപം സര്‍വ്വകാല റെക്കോഡില്‍
കേരളത്തില്‍ കൊട്ടിഘോഷിച്ച്‌ കോടികള്‍ ധൂര്‍ത്തടിച്ച്‌ നടത്തിയ ആഗോള നിക്ഷേപ സംഘമങ്ങളെല്ലാം വെള്ളത്തില്‍ വരച്ച വരകളായി മാറുന്ന കാഴ്‌ചകള്‍ മാത്രം കണ്ട്‌ ശീലിച്ച മലയാളികളെ സംബന്ധിച്ചടത്തോളം സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത നേട്ടങ്ങളാണ്‌ നരേന്ദ്ര മോദിയുടെ ഓരോ വിദേശയാത്രകളും ഭാരതത്തിന്‌ നേടി തന്നിട്ടുള്ളത്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഭാരതത്തില്‍ 5100 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപമാണ്‌ നടന്നിട്ടുള്ളത്‌. ഇത്‌ ഭാരതത്തെ സംബന്ധിച്ചിടത്തോളം സര്‍വ്വകാല റെക്കോഡാണ്‌. 2015 ഏപ്രില്‍ മുതല്‍ 2016 ഫെബ്രുവരി വരെയുള്ള കാലയളവിലാണ്‌ ഇത്രയും വിദേശ നിക്ഷേപം കൈവരിച്ചിട്ടുള്ളത്‌. 2014-15 സാമ്പത്തിക വര്‍ഷത്തെ സമാന കാലയളവില്‍ ഇത്‌ 4429 കോടി ഡോളറായിരുന്നു. അതായത്‌ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മാത്രം ഭാരതത്തിലേക്ക്‌ ഒഴികിയെത്തിയ വിദേശ നിക്ഷേപം എന്നു പറയുന്നത്‌ 9529 കോടി ഡോളറിന്റെ വിദേശ നിക്ഷേപമാണ്‌. എന്നു മാത്രമല്ല മറ്റ്‌ വികസിത രാഷ്‌ട്രങ്ങളെ പോലും പിന്തള്ളി ഭാരതം ലോകത്തെ ഏറ്റവും കൂടുതല്‍ വിദേശനിക്ഷേപം നേടുന്ന രാഷ്‌ട്രമായി മാറിയിരിക്കുന്നു. വിദേശനിക്ഷേപം ആകര്‍ ഷിക്കുന്നതില്‍ ചൈനയായിരുന്നു ഇതുവരെ ഒന്നാംസ്ഥാനത്ത്‌.
അന്താരാഷ്‌ട്ര തലങ്ങളില്‍ ബഹുമാന്യത
ഇന്നലകളില്‍ വിവിധ രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആഗോള സഭകളില്‍ കാഴ്‌ചക്കാരന്റെ റോളിലായിരുന്നു ഭാരത ഭരണത്തലവന്‍മാര്‍ ഇരുന്നിരുന്നതെങ്കില്‍ ഇന്ന്‌ അത്‌ നേതാവിന്റെ റോളിലേക്ക്‌ മാറ്റിയെടുക്കാന്‍ ഭാരതത്തിന്റെ പ്രധാന മന്ത്രിക്ക്‌ സാധിച്ചിരിക്കുന്നു. കഴിഞ്ഞ ഇരുപത്തിമൂന്ന്‌ മാസങ്ങള്‍ക്കുള്ളില്‍ നടന്ന എല്ലാ ഉച്ചകോടികളിലും ഭാരതത്തിന്റെ വാക്കുകള്‍ക്ക്‌ വില കല്‌പിക്കുവാനും ഭാരതത്തെ അംഗീകരിക്കുവാനും ലോക രാഷ്‌ട്രങ്ങള്‍ തയ്യാറായതിന്റെ നേര്‍ചിത്രങ്ങള്‍ മാത്രമെ കാണുവാനുണ്ടായിരുന്നുള്ളൂ.
യു.എസ്‌.കോണ്‍ഗ്രസ്സിന്റെ യോഗത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചത്‌അതിന്റെ ഏറ്റവും വലിയ തെളിവാണ്‌ . കഴിഞ്ഞ വര്‍ഷം പോപ്പ്‌ ഫ്രാന്‍സിസും, ഏപ്രില്‍ 29 ന്‌ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേയും മാത്രമാണ്‌ ഇത്തരത്തില്‍ മുഖ്യ ക്ഷണിതാ വായി ട്ടുള്ളത്‌.
പ്രതിരോധം, ജീവകാരുണ്യ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍, ബഹിരാകാശ സഹകരണം തുടങ്ങിയ വിഷയങ്ങളില്‍ നരേന്ദ്രമോദിയില്‍ നിന്നും നേരിട്ടുളള അഭിപ്രായങ്ങള്‍ കേള്‍ക്കാനാണ്‌ യു.എസ്‌. ഹൗസ്‌ ഓഫ്‌ റെപ്രസന്റേറ്റീവ്‌സ്‌ ഫോറിന്‍ അഫയേഴ്‌സ്‌ കമ്മറ്റി ജൂണില്‍ നടക്കുന്ന യു.എസ്‌.കോണ്‍ഗ്രസ്സിന്റെ യോഗത്തെ അഭിസം ബോധന ചെയ്യാന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചിരിക്കുന്നത്‌. ഇത്‌ അന്താരാഷ്‌ട്ര തലത്തില്‍ ഭാരതത്തിനു ലഭിച്ചുകൊണ്ടിരിക്കുന്ന അംഗീകാരത്തിന്റെ പ്രതിഫലനമാണ്‌.
ഭാരതത്തിന്‌ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗമാകാന്‍ അമേരി ക്കയും ചൈനയും പിന്തുണ പ്രഖ്യാപിച്ചു എന്നത്‌ എടുത്തുപറയേണ്ട നേട്ടമാണ്‌.
ഐക്യരാഷ്ട്രസഭ � യോഗ� ഔദ്യോഗികമായി അംഗീകരിച്ചതും മോദി സര്‍ക്കാരിന്റെ അന്താരാഷ്‌ട്ര വിജയങ്ങളില്‍ ഒന്നാണ്‌.
ലോക വ്യാപര സംഘടനയുടെ കരാര്‍ ഭാരതത്തിലെ കര്‍ഷകര്‍ക്ക്‌ ഗുണകരമായും, ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷ കണക്കിലെടുത്തും മാറ്റിയെടുക്കാന്‍ മോദി സര്‍ക്കാരിന്‌ കഴിഞ്ഞു.
ഭാരതം വിശ്വസനീയമായി വാണിജ്യ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ഉതകുന്ന ഒരു രാജ്യമാണെന്ന്‌ അവിടത്തെ ജനങ്ങളെയും ഭരണാധികാരികളെയും ബോധ്യപ്പെടുത്താന്‍ ഈ
സന്ദര്‍ശനങ്ങള്‍ ഉപകരിച്ചു.
യമനില്‍ ഒറ്റപ്പെട്ടു പോയ ഇന്ത്യക്കാരെയും ഒപ്പം വിദേശികളെയും രക്ഷിക്കാന്‍ 26 രാജ്യങ്ങള്‍ ഭാരതത്തിന്റെ സഹായം തേടുകയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ സ്‌തുത്യര്‌ഹമായ രീതിയില്‍ ഭാരതം നടത്തുകയും ചെയ്‌തു. ഇത്‌ ഭാരതത്തിന്റെ സല്‍പേര്‌ ആഗോള തലത്തില്‍
ശ്രദ്ധിക്കപ്പെടാന്‍ ഇടയായി.
പാരീസില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ ഭാരതം നിര്‍ണായക പങ്കാണ്‌ വഹിച്ചത്‌.
യു എന്‍ ഉച്ചകോടിയില്‍ ഭീകരതക്ക്‌ എതിരെ ലോക രാജ്യങ്ങളെ അണി നിരത്താന്‍ ആയതും മോദിയുടെ നയതന്ത്ര വിജയമാണ്‌,
ചൈനയുമായി അടുത്തു കൊണ്ടിരിക്കുന്ന സാര്‍ക്ക്‌ രാജ്യങ്ങളെ ഭാരതവുമായി സൗഹൃദ ത്തിലാക്കിയതും. ചൈനയുടെ ഭീഷണിയെ അവഗണിച്ച്‌ വിയറ്റ്‌നാമുമായി ഉണ്ടാക്കിയ സൗഹൃദവും ഇന്ത്യന്‍ മഹാസമുദ്രത്തിലെ സ്വാധീനം ശക്തമാക്കിയതുമൊക്കെ അത്ഭുത ത്തോടെയാണ്‌ ലോകം നോക്കിക്കാണുന്നത്‌.
ചൈന, ദക്ഷിണകൊറിയ, മംഗോളിയ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയതിനുശേഷം തിരിച്ചുവരവെ യുഎന്‍ സെക്രട്ടറി ജനറല്‍ മോദിയെ പ്രശംസിച്ചതും ഇതുവരെ നെഹ്‌റു അടക്കമുള്ള മറ്റൊരു പ്രധാനമന്ത്രിക്കും നേടിയെടുക്കാന്‍ കഴിയാത്ത ആദരവാണ്‌. മോദിയുടെ പ്രവര്‍ത്തനം അന്താരാഷ്ടാതലത്തിലേക്ക്‌ കൊണ്ടു വരണ മെന്നായിരുന്നു ബാന്‍ കി മൂണിന്റെ ആവശ്യം.
വിദേശ യാത്രകള്‍ - ലക്ഷ്യവും നേട്ടവും
മോദിയുടെ ഭരണത്തിന്‍ കീഴില്‍ ഭാരതത്തിന്റെ ഉയര്‍ച്ചയും ആഗോളസാന്നിദ്ധ്യവും ഒരു ശക്തിക്കും കണ്ടില്ലെന്ന്‌ നടിക്കാനാവില്ല. 2014 ല്‍ പ്രധാനമന്ത്രിയായതിനു ശേഷം മോദി നടത്തിയ വിദേശയാത്രകളാണ്‌ അതു നേടിയെടുക്കുന്നതിന്‌ മോദിയെ സഹായിച്ചത്‌ .
മോദി സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍തന്നെ തന്റെ ആദ്യ സന്ദര്‍ ശനത്തിനായി തെരഞ്ഞെടുത്തത്‌ ഭൂട്ടാനാണ്‌. ചൈനയുടെ സാന്നിദ്ധ്യം ഭാരത സുരക്ഷിതത്ത്വത്തിന്‌ ഭീഷണിയായി നിലകൊള്ളുന്ന സാഹ ചര്യത്തില്‍ നയതന്ത്രപ്രാധാന്യം അര്‍ഹിച്ച യാത്രയായിരുന്നു ഭൂട്ടാനിലേക്കുള്ളത്‌. തുടര്‍ന്ന്‌ നടത്തിയ ഒരോ വിദേശ യാത്രകളും ഭാരതത്തിന്‌ സമ്മാനിച്ച നേട്ടങ്ങള്‍ അനവധിയാണ്‌. അത്‌ ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്നു.
രണ്ടാം വര്‍ഷത്തിലും മോദി നടത്തിയ വിദേശ യാത്രകള്‍ ആ വളര്‍ച്ചക്കും വികാസത്തിനും ആക്കം കൂട്ടുകയും ചെയ്‌തിരിക്കുന്നു. 20152016 കാലഘട്ടത്തില്‍ ഏകദേശം ഇരുപത്തഞ്ചോളം രാജ്യങ്ങളാണ്‌ മോദി സന്ദര്‍ശിച്ചത്‌.
സൗദി അറേബ്യ സന്ദര്‍ശനം
ഏറ്റവും ഒടുവിലായി സൗദി അറേബ്യ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവര്‍ ആദരിച്ചത്‌ സൗദി അറേബ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കികൊണ്ടാണ്‌. ഏറ്റവും പ്രധാന വ്യക്തിക്കു നല്‍കുന്ന അവിടത്തെ ഏറ്റവും വലിയ ഔദ്യോഗിക പുരസ്‌കാരമാണിത്‌.
അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ, പുടിന്‍, ഡേവിഡ്‌ കാമറൂണ്‍, ഷിന്‍സോ ആബെ ജോകോ വിഡോഡോ എന്നിവര്‍ക്കാണ്‌ മുമ്പ്‌ ഈ ബഹുമതി ലഭിച്ചിട്ടുള്ളത്‌.
നിരവധി സുപ്രധാന തീരുമാനങ്ങളും കരാറുകളും ഉണ്ടായ സന്ദര്‍ശനമായിരന്നു, സൗദിയിലേത്‌. ഭാരതത്തില്‍ നിന്നും സൗദിയില്‍ എത്തുന്ന ഭാരതീയരായ തൊഴിലാളികള്‍ക്കെല്ലാം സൗജന്യ പ്രീ പെയ്‌ഡ്‌ സിം കാര്‍ഡ്‌.
പ്രവാസികള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബഹുഭാഷാ ഹെല്‍പ്‌ ലൈന്‍ സംവിധാനം, റിയാദിലും ജിദ്ദയിലും വര്‍ക്കര്‍ റിസോഴ്‌സ്‌ സെന്ററുകള്‍
വെബ്‌ പോര്‍ട്ടല്‍ വഴി സര്‍ക്കാര്‍ സഹായം, വ്യാപാരം, തൊഴില്‍, ആഭ്യന്തര സുരക്ഷ എന്നീ മേഖലകളില്‍ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തല്‍
ഭീകരവാദ സ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായങ്ങളെക്കുറിച്ചും ഹവാല ഇടപാടുകളെക്കുറിച്ചും ഉള്ള രഹസ്യവിവരങ്ങളും പരസ്‌പരം കൈമാറാന്‍ ധാരണ, ഭാരതത്തില്‍ നിന്നും റിക്രൂട്ട്‌ ചെയ്യുന്നവര്‍ക്ക്‌ തൊഴില്‍ സുരക്ഷ
പരസ്‌പര നിക്ഷേപം പ്രോത്സാഹിപ്പിക്കല്‍, കരകൗശല മേഖലയിലെ സഹകരണം എന്നിവയാണ്‌ സൗദി സന്ദര്‍ശനത്തിലൂടെ ഉണ്ടായ നേട്ടം.
പാക്കിസ്ഥാനില്‍ മിന്നല്‍ സന്ദര്‍ശനം.
ഡിസംബര്‍ 25 ന്‌ അപതീതിക്ഷിതമായി പാക്കിസ്ഥാനില്‍ മോദി നടത്തിയ മിന്നല്‍ സന്ദര്‍ശനം ലോക രാജ്യങ്ങളെ പോലും ഞെട്ടിക്കുന്നതായിരുന്നു. ലോകത്തിന്റെ ഏതു കോണും തനിക്ക്‌ സമമാണന്ന്‌ ലോകത്തെ ബോദ്ധ്യപ്പെടുത്തുവാന്‍ ഈ സന്ദര്‍ശനത്തിലൂടെ സാധിച്ചിരിക്കുന്നു. മാത്രമല്ല ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടു ത്തു ന്നതിനുള്ള തുടര്‍ ചര്‍ച്ചകള്‍ക്കും ആ സന്ദര്‍ശനം തുടക്കം കുറിച്ചു.
അഫ്‌ഗാനിസ്ഥാന്‍ സന്ദര്‍ശനം
അതിര്‍ത്തി രാജ്യങ്ങളുമായുള്ള സഹകരണവും സമ്പര്‍ക്കവും ശക്തിപ്പെടുത്തുന്നതിനായി അഫ്‌ഗാനിസ്ഥാനില്‍ ഭാരതം നിര്‍മ്മിച്ചുകൊടുത്ത അഫ്‌ഗാന്‍ പാര്‍ലമെന്റിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കുന്നതിനായിരുന്നു : ഡിസംബര്‍ 25ന്‌ മോദി അഫ്‌ഗാന്‍ സന്‌ഹര്‍ശിച്ചത്‌.
റഷ്യ സന്ദര്‍ശനം
കഴിഞ്ഞ വര്‍ഷം രണ്ട്‌ തവണയാണ്‌ മോദി റഷ്യ സന്ദര്‍ശിച്ചത്‌ . ആദ്യ സന്ദര്‍ശനം ജൂലൈ എട്ടുമുതല്‍ 10 വരെയായിരുന്നു. ബ്രിക്‌സ്‌ ഉച്ചകോടിയിലും ഷാങ്‌ഹായ്‌ കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയിലും പങ്കെടുക്കുന്നതിനായിരുന്നു സന്ദര്‍ശനം
ഭാരത റഷ്യാ വാര്‍ഷിക ഉച്ചകോടിയി പങ്കെടുക്കുന്നതിനായിരുന്നു ഡിസംബര്‍ 23, 24, തിയതികളില്‍ രണ്ടാം തവണയും മോദി റഷ്യ സന്ദര്‍ശിച്ചത്‌. ഈ സസന്ദര്‍ശനത്തിലൂടെ സാമ്പത്തിക മേഖലയിലെ ബന്ധങ്ങള്‍ ശക്തി പ്പെടുത്താന്‍ തീരുമാനമുണ്ടായി. നേതാജി സുഭാഷ്‌ ചന്ദ്ര ബോസിന്റെ ദുരൂഹമായ തിരോധാനത്തിന്റെ രഹസ്യ രേഖകള്‍ ഭാരതത്തിനു ലഭ്യമാക്കുവാനും ഈ സന്ദര്‍ശനത്തിലൂടെ ഭാരതത്തിന്‌ സാധിച്ചു.
ഫ്രാന്‍സ്‌ സന്ദര്‍ശനം
പരിസ്ഥിതി ഉച്ചകോടിയില്‍ പങ്കെടുന്നതിനായാണ്‌ നവംബര്‍ 30, ഡിസംബര്‍ ഒന്ന്‌ തിയതികളില്‍ മോദി ഫ്രാന്‍സ്‌ സന്ദര്‍ശിച്ചത്‌. പരിസ്ഥിതി ഉച്ചകോടിയില്‍ ഭാരത നിലപാടു പ്രഖ്യാപിക്കുവാനും അത്‌ ലോക രാഷ്‌ട്രങ്ങളെക്കൊണ്ട്‌ അംഗീകരിപ്പിക്കുവാനും കഴിഞ്ഞു.
സിങ്കപ്പൂര്‍ സന്ദര്‍ശനം
നവംബര്‍ 23 മുതല്‍ 25 വരെയായിരുന്നു സിങ്കപ്പൂര്‍ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50-ാം വര്‍ഷാഘോ ഷത്തില്‍ പങ്കെടുക്കുകയായിരുന്നു സന്‌ഹര്‍ശന ലക്ഷ്യം. ഈ സന്ദര്‍ശനം കൊണ്ടുണ്ടായ പ്രധാന നേട്ടം ഭാരത സിങ്കപ്പൂര്‍ തന്ത്രപരമായ പങ്കാളി ത്തക്കരാറില്‍ ഒപ്പുവെക്കാനായി എന്നുള്ളതാണ്‌.
മലേഷ്യ സന്ദര്‍ശനം
നവംബര്‍ 21,22: ആസിയാന്‍, ഈസ്റ്റ്‌ ഏഷ്യാ ഉച്ചകോടികളില്‍ പങ്കെടുത്തു. ആയുര്‍വേദം, പ്രതിരോധം എന്നീ മേഖലകളില്‍ ചര്‍ച്ച നടത്തി.
തുര്‍ക്കി സന്ദര്‍ശനം
ആഗോള സമ്പദ്‌ വ്യവസ്ഥ സംബന്ധിച്ച ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ്‌ നവംബര്‍ 15,16 തിയതികളില്‍ മോദി തുര്‍ക്കി സന്ദര്‍ശിച്ചത്‌. വികസനം, വളര്‍ച്ച, കാലാവസ്ഥാ മാറ്റം, നിക്ഷേപം, വ്യാപാരം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച്‌ ഉച്ചകോടിയില്‍ ചര്‍ച്ച നടത്തി
ബ്രിട്ടണ്‍ സന്ദര്‍ശനം
നവംബര്‍ 12 മുതല്‍ 14വരെ നടന്ന സന്ദര്‍ശനത്തിന്റെ ഭാഗമായി ബ്രിട്ടണുമായി ഒമ്പതു മില്യണ്‍ പൗണ്ടിന്റെ സിവില്‍ ആണവ കരാറില്‍ ഏര്‍പ്പെട്ടു. പ്രതിരോധം, സൈബര്‍ സുരക്ഷ തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചചെയ്‌തു.
അമേരിക്ക സന്ദര്‍ശനം
യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു സെപ്‌തംബര്‍ 24 മുതല്‍ 30 വരെ മോദി അമേരിക്ക സന്ദര്‍ശനം നടത്തിയത്‌ സിലിക്കണ്‍ വാലിയില്‍ പ്രവാസി ഭാരതീയരുടെ വന്‍ സമ്മേ ളത്തെയും അഭിസംബോധന ചെയ്‌തു.
അയര്‍ലാണ്ട്‌ സന്ദര്‍ശനം
കഴിഞ്ഞ 59 വര്‍ഷത്തിനിടെ ആദ്യമായി ആ രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയായി മോദി. മൗലികവാദം, ഭീകരവാദം ഉള്‍പ്പെടെ രാജ്യങ്ങള്‍ നേരിടുന്ന വിഷയങ്ങള്‍ ചര്‍ച്ചചെയ്‌തു. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഭാരത സ്ഥിരാംഗത്വത്തിന്‌ പിന്തുണ നേടി.സെപ്‌തംബര്‍ 23 നായിരുന്നു അയര്‍ലന്റ്‌ സന്ദര്‍ശനം
യുഎ ഇ സന്ദര്‍ശനം
ഇന്ദിരാഗാന്ധിക്കു ശേഷം ആദ്യമായി യുഎഇ സന്ദര്‍ശിക്കുന്ന ഭാരത പ്രധാനമന്ത്രിയാണ്‌ മോദി. അറബ്‌ രാജ്യങ്ങളിലെ പ്രവാസി ഭാരതീയരുമായി സമ്പര്‍ ക്കത്തിനവസരം ഉണ്ടാക്കിയതായിരുന്നു ആഗസ്റ്റ്‌ 16,17 തിയതികളില്‍ നടന്ന യു എ ഇ സന്ദര്‍ശനം . ഇരു രാജ്യങ്ങളും തമ്മിലുള്ള ഊര്‍ജ്ജവ്യാപാര സഹകരണം ശക്തിപ്പെടുത്താന്‍ ഈ സന്ദര്‍ശനത്തിലൂടെ ധാരണകളുണ്ടാക്കി.
താജിക്കിസ്ഥാന്‍ സന്ദര്‍ശനം
ജൂലൈ 12, 13 തിയതികളില്‍ നടന്ന താജിക്കിസ്ഥാന്‍ സന്ദര്‍നത്തില്‍ ദുഷാന്‍ബെയില്‍ മഹാകവി രവീന്ദ്ര നാഥ ടാഗോറിന്റെ പ്രതിമ അനച്ഛാദനം ചെയ്‌തു. ഷാങ്‌ഹായ്‌ കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉള്‍പ്പെടെ ചര്‍ച്ചകള്‍ നടത്തി.
കിര്‍ഗിസ്ഥാന്‍ സന്ദര്‍ശനം
ജൂലൈ 12 നായിരുന്നു മോദി കിര്‍ഗിസ്ഥാന്‍ സന്ദര്‍ശിച്ചത്‌. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള പ്രതിരോധ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ നാലു കരാറുകള്‍ ഉണ്ടാക്കി.

തുര്‍ക്‌മെനിസ്ഥാന്‍ സന്ദര്‍ശനം
തുര്‍ക്‌മെനിസ്ഥാന്‍ സന്ദര്‍ശനം വഴി ഭീകരതയ്‌ക്കെതിരേയുള്ള പോരാട്ടത്തിനു സംയുക്ത കരാറുണ്ടാക്കി. പത്തുകോടി ഡോളറിന്റെ തപി പ്രോജക്ട്‌ നടപ്പാക്കാന്‍ ധാരണ.ജൂലൈ 10,11 തിയതികളില്‍ ആയിരുന്നു തുര്‍ക്‌മെനിസ്ഥാന്‍ സന്ദര്‍ശനം
കസാക്കിസ്ഥാന്‍ സന്ദര്‍ശനം
ജൂലെ ഏഴിനായിരുന്നു കസാക്കിസ്ഥാന്‍ സന്ദര്‍ശിച്ചത്‌. ഇരു രാജ്യങ്ങളും സംയുക്തമായി ഭീകരതയെ നേരിടുന്നതു സംബന്ധിച്ച കരാറുകള്‍ ഒപ്പുവെച്ചു.
ഉസ്‌ബെക്കിസ്ഥാന്‍ സന്ദര്‍ശനം
സാംസ്‌കാരിക ടൂറിസത്തിന്‌ ഉള്‍പ്പെടെ ഇരു രാജ്യങ്ങളുമായി മൂന്നു മുഖ്യ കരാര്‍ ഉണ്ടാക്കി. : ജൂലൈ 6 നായിരുന്നു സന്ദര്‍ശനം
ബംഗ്ലാദേശ്‌ സന്ദര്‍ശനം
1974 ല്‍ തീരുമാനമായ ധാരണ പ്രകാരം ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പുനര്‍നിര്‍ണ്ണയ കരാറുണ്ടാക്കുക എന്ന ലക്ഷ്യം ആയിരുന്നു ജൂണ്‍ 6, 7 തിയതികളിലെ മുഖ്യ ലക്ഷ്യം
ദക്ഷിണ കൊറിയ സന്ദര്‍ശനം
മെയ്‌ 18,19 തിയതികളില്‍ നടത്തിയ ദക്ഷിണ കൊറിയ സന്ദര്‍ ശനത്തില്‍ ഇരു രാജ്യങ്ങളുമായി ഏഴു സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു.
മംഗോളിയ സന്ദര്‍ശനം
മെയ്‌ 17ലെ ഗ്രേറ്റ്‌ ഖുരാല്‍ ആഘോഷവുമായി ബന്ധപ്പെട്ടായിരുന്നു സന്ദര്‍ശനം. അവിടെ വിവിധ സ്ഥാപനങ്ങള്‍ സമാരംഭിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റുമായി ഒരുകോടി അമേരിക്കന്‍ ഡോളറിന്റെ സാമ്പത്തികസഹായം പഖ്യാപിച്ചു.
ചൈന സന്ദര്‍ശനം
മെയ്‌ 14 മുതല്‍ 16 വരെ നടന്ന ചൈന സന്ദര്‍ശനത്തിലൂടെ ഇരു രാജ്യങ്ങളും തമ്മില്‍ ദീര്‍ഘനാളായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കങ്ങള്‍, വ്യാപാര ബന്ധം, വിസ ബന്ധം, സാമ്പത്തിക കാര്യങ്ങള്‍ തുടങ്ങിയവ ചര്‍ച്ചാ വിഷയമായി.
ക്യാനഡ സന്ദര്‍ശനം
ഭാരത ക്യാനഡ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ്‌ പ്രധാനമന്ത്രി മോദി ഏപ്രില്‍ 14 മുതല്‍ 16 വരെ ക്യാനഡ സന്ദര്‍ശിച്ചത്‌. വ്യോമശാസ്‌ത്രം, പ്രതിരോധം, വിദ്യാഭ്യാസം, ഊര്‍ജ്ജം, ഖനനം, അടിസ്ഥാനസൗകര്യ വികസനം, വിവരസാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലെ വിഷയങ്ങളാണ്‌ ചര്‍ച്ച ചെയ്‌തത്‌. അവിടെ ഭാരതവംശജരുമായി കൂടിക്കാഴ്‌ച നടത്തിയ പ്രധാനമന്ത്രി ലക്ഷ്‌മി നാരായണ്‍ ക്ഷേത്രവും ഗുരുദ്വാരയും അന്ദര്‍ശിച്ചു.
ജര്‍മ്മനി സന്ദര്‍ശനം
ഹാന്നോവര്‍ മെസ്സെ ബിസിനസ്‌ ഫെയറില്‍ ഭാരതത്തെ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ മോദി ഏപ്രില്‍ 12 മുതല്‍ 14 വരെ ജര്‍മ്മനി സന്ദര്‍ശിച്ചത്‌. സന്ദര്‍ശനം വമ്പന്‍ വിജയമായിരുന്നു. ഹാന്നോവറില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ അനച്ഛാദനം ചെയ്യുകയും ചെയ്‌തു.
ഫ്രാന്‍സ്‌ സന്ദര്‍ശനം
മേക്ക്‌ ഇന്ത്യാ പദ്ധതിയുടെ പ്രചാരണമായിരുന്നു എപ്രില്‍ 9 മുതല്‍ 12 വരെയുള്ള ഫ്രാന്‍ സന്ദര്‍ശനതത്തിന്റെ മുഖ്യ ലക്ഷ്യം ഭക്ഷ്യ സംസ്‌കാരണ കമ്പനികള്‍, ഫ്രഞ്ച്‌ പ്രതിരോധ മന്ത്രാലയം, ആണവോര്‍ജ്ജ സംവിധാനം എന്നിവയെ അതില്‍ പങ്കെടുപ്പിക്കുന്നതിനു ലക്ഷ്യമിട്ടുള്ള ബിസിനസ്‌ ചര്‍ച്ചകള്‍ വിജയമായിരുന്നു.
സിങ്കപ്പൂര്‍ സന്ദര്‍ശനം
സിങ്കപ്പൂരിന്റെ ആദ്യപ്രധാനമന്ത്രി ലീ കുവാന്‍ യ്യൂവിന്റെ അന്തിമസംസ്‌കാര കര്‍മ്മങ്ങളില്‍ പങ്കെടുക്കാനാണ്‌ മാര്‍ച്ച്‌ 29 ന്‌ മോദി സിങ്കപ്പൂര്‍ സന്ദര്‍ശിച്ചത്‌. അവിടെ ലോക നേതാക്കളില്‍ പലരുമായും, ഇസ്രായേല്‍ പ്രസിഡന്റിനെ ഉള്‍പ്പെടെ, കൂടിക്കാണുകയും ചെയ്‌തു.
ശ്രീലങ്ക സന്ദര്‍ശനം
മുന്‍പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ട്‌ 28 വര്‍ഷത്തിനു ശേഷം ഒരു ഭാരത പ്രധാനമന്ത്രി നടത്തുന്ന ആദ്യ ലങ്കന്‍ സന്ദര്‍ശനമായിരുന്നു ഇത്‌ മാര്‍ച്ച്‌ 13, 14 തീയതികളിലാണ്‌ പ്രധാനമന്ത്രി മോദി ശ്രീലങ്ക സന്ദര്‍ശിച്ചത്‌. ലങ്കയില്‍ ചൈന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പ്രധാനമന്ത്രി നടത്തി. ലങ്കയില്‍ തടവിലായിരുന്നു 86 മീന്‍പിടുത്ത തൊഴിലാളികളെ മോദിയുടെ സന്ദര്‍ശനത്തിനു മുമ്പ്‌ ആ രാജ്യം മോചിപ്പിച്ചു.
മൗറീഷ്യസ്‌ സന്ദര്‍ശനം
മാര്‍ച്ച്‌ 12ന്‌ നടന്ന അവിടത്തെ റിപ്പബ്ലിക്‌ ദിനാഘോഷ വേളയില്‍ മുഖ്യാതിഥിയായിരുന്നു മോദി. അവിടെ ഭാരതം നിര്‍മ്മിച്ച നാവിക കപ്പലിന്റെ കമ്മീഷനിങ്‌ മോദി നിര്‍വഹിച്ചു.
സീഷെല്‍സ്‌ സന്ദര്‍ശനം
സീഷെല്‍സ്‌ സന്ദര്‍ശിച്ച്‌ പ്രസിഡന്റ്‌ ജെയിംസ്‌ മിഖേലിനുമായി കൂടിക്കാഴ്‌ച നടത്തി. ഇന്ത്യന്‍ ഓഷ്യന്‍ ഔട്‌റീച്ച്‌ പ്രോഗ്രാം എന്ന പദ്ധതിയുടെ ചര്‍ച്ചകള്‍ നടത്തി. തന്ത്രപ്രധാനമായ ഈ ദ്വീപില്‍ ഭാരതത്തിന്റെ റഡാറുകളും മറ്റ്‌ ആശയ വിനിമയോപാധികള്‍ സ്ഥാപിക്കുന്നതിനുമായിരുന്നു ചര്‍ച്ചകള്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള സമുദ്ര ബന്ധവും സഹകരണവും വര്‍ദ്ധിപ്പിക്കുന്നതു സംബന്ധിച്ചും ചര്‍ച്ചകള്‍ നടത്തി.
മേല്‍ സൂജിപ്പിച്ചവ രണ്ടാം വര്‍ഷത്തില്‍ മോദി നടത്തിയ വിദേശ സന്ദര്‍ശനങ്ങള്‍ ആയിരുന്നു. മോദി ഭരണത്തിന്റെ ആദ്യ വര്‍ഷം നടത്തിയ വിദേശ യാത്രകളും രാജ്യത്തിന്‌ ഏറെ നേട്ടങ്ങളാണ്‌ സംഭാവന ചെയ്‌തത്‌.

അമേരിക്കന്‍ സന്ദര്‍ശനം
പ്രധാനമന്ത്രിയായതിനുശേഷമുള്ള ആദ്യ അമേരിക്കന്‍ സന്ദര്‍ശനം തന്നെ ചരിത്രമാക്കിമാറ്റാന്‍ മോദിക്കു കഴിഞ്ഞിരിക്കുന്നു. അമേരിക്ക അവരുടെ സമന്‍മാരോട്‌ എന്നതു പോലുള്ള സമീപനവും പരിഗണനയുമാണ്‌ മോദിക്ക്‌ നല്‍കിയത്‌. സാധാരണ ഭാരത പ്രധാനമന്ത്രിമാരുടെ അമേരിക്കന്‍ സന്ദര്‍ശനം അവിടുത്തെ പത്രങ്ങളിലെ ഉള്‍പ്പേജുകളില്‍ ഒതുങ്ങി യിരുന്നുവെങ്കില്‍ മോദിയുടെ സന്ദര്‍ശനത്തെ ഏറെ പ്രാധാന്യത്തോടെയാണ്‌ അവര്‍ കൈകാര്യം ചെയ്‌തത്‌. നിരവധി കരാറുകളില്‍ ഒപ്പിടുവാനും ഭീകരവാദ ത്തിനെതിരെ പുതിയ സഖ്യം രൂപീകരിക്കുവാനും ഈ സന്ദര്‍ശനം വഴി സാധിച്ചു. ഇന്ത്യന്‍ നേവിയുമായി ടെക്‌നോളജി സഹകരണം, പ്രതിരോധ രംഗത്തെ സഹകരണം, അലഹാബാദ്‌, അജ്‌മീര്‍, വിശാഖപട്ടണം എന്നിവിടങ്ങളില്‍ സ്‌മാര്‍ട്ട്‌സിറ്റി നിര്‍മിക്കാനുള്ള സഹകരണം, 500 നഗരങ്ങള്‍ക്ക്‌ ജലം ലഭ്യമാക്കാനുള്ള പദ്ധതി, 60 ബില്യണ്‍ ഡോളറിന്റെ വ്യാപാരകരാര്‍ തുടങ്ങിയ നിരവധി മേഖലകളില്‍ സഹകരണം ഉറപ്പാക്കാനായ സന്ദര്‍ശനമായിരുന്നു അത്‌. ആഗോള വന്‍കിട കമ്പനി തലവന്മാരായ മൈക്രോസോഫ്‌റ്റ്‌ , പെപ്‌സികോ , ഫേസ്‌ ബുക്ക്‌ ,ആമസോണ്‌ എന്നി കമ്പനികള്‍ ഭാര തത്തില്‍ നിക്ഷേപം നടത്താന്‍ തയ്യാറായി
ബ്രസീല്‍ സന്ദര്‍ശനം
ബ്രസീലില്‍ നടന്ന വികസ്വര രാജ്യങ്ങളുടെ കൂട്ടായ്‌മയായ ബ്രിക്‌സില്‍ ന്യൂ ഡവലപ്‌മെന്റ്‌ ബാങ്ക്‌ എന്ന പുതുസംരംഭത്തിന്‌ തുടക്കം കുറിക്കാനായതും അതിന്റെ ആദ്യ അദ്ധ്യക്ഷ സ്ഥാനം ഭാരതത്തിനു നേടിയെടുക്കാന്‍ കഴിഞ്ഞതും വലിയ നേട്ടമായി. ബ്രസീലില്‍ എത്തിയപ്പോള്‍ ലോക നേതാക്കള്‍ക്കൊപ്പം ഊര്‍ജം, സ്‌കില്‍ ഡവലപ്‌മെന്റ്‌, സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി, ഡിജിറ്റല്‍ ഇന്ത്യ, മേക്‌ ഇന്‍ ഇന്ത്യ എന്നിങ്ങനെ നിരവധി മേഖലകളില്‍ ജര്‍മ്മനി ഉള്‍പ്പടെയുള്ള ലോകരാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ സാധിച്ചു.
ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം
ഭാരത- ഓസ്‌ട്രേലിയയുമായി ബന്ധം ഊട്ടിയുറപ്പിക്കുന്നതായിരുന്നു അവിടേക്കുള്ള യാത്ര. പ്രതിരോധസാമ്പത്തിക മേഖലകളില്‍ പരസ്‌പര സഹകരണം ഉറപ്പുവരുത്തിയ നിരവധി കരാറുകള്‍ക്ക്‌ ഈ യാത്ര യില്‍ തീരുമാനമായി. മേക്‌ ഇന്‍ ഇന്ത്യക്ക്‌ നിക്ഷേപ വാഗ്‌ദാനം. അഞ്ഞൂറ്‌ ടണ്‍ യൂറേനിയം വിതരണം ചെയ്യുവാനുള്ള ന്യൂക്ലിയര്‍ കരാര്‍, സുരക്ഷാ സഹകരണം എന്നിവ അവയില്‍ ചിലതുമാത്രമാണ്‌.
ജപ്പാന്‍സന്ദര്‍ശനം
ജപ്പാനുമായുള്ള സൗഹൃദവും വ്യാപരവും പരസ്‌പര സഹകരണവും ഊട്ടി ഉറപ്പിക്കുന്നതായിരുന്നു ജപ്പാന്‍ സന്ദര്‍ശനം. മാത്രവുമല്ല മേഖലയിലെ ചൈനയുടെ മേല്‍ക്കോയ്‌മ തകര്‍ക്കുന്നതിനും തന്ത്രപരമായ ഈ സഹകരണം വഴി തെളിക്കും. ഭാരത സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ കുതിപ്പേകുന്ന വന്‍ നിക്ഷേപമടക്കമുള്ള കരാറുകള്‍ ഈ യാത്രയില്‍ യാഥാര്‍ത്ഥ്യമായി. ബുള്ളറ്റ്‌ ട്രെയിനുകള്‍ക്കും കരാര്‍ ഒപ്പിട്ടിട്ടുണ്ട്‌. ജപ്പാന്റെ സഹകരണത്തോടെ 60,000 കോടി മുതല്‍ 70,000 കോടി വരെ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്‌. 35 ബില്യണ്‍ അഞ്ചുവര്‍ഷത്തിനകം രാജ്യത്ത്‌ നിക്ഷേപിക്കും. സ്‌മാര്‍ട്ട്‌സിറ്റി പദ്ധതി യാഥാര്‍ത്ഥ്യ മാക്കുന്നതിനും �മേക്‌ ഇന്‍ ഇന്ത്യ� പദ്ധതിക്ക്‌ സഹകരണവും നിക്ഷേപവും വാഗ്‌ദാനം ചെയ്‌തതും മോദിയുടെ യാത്രയുടെ ചരിത്രപരമായ വിജയമായി.
ചൈന സന്ദര്‍ശനം
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ദൃഢമാക്കുന്നതായിരുന്നു മോദിയുടെ ചൈന സന്ദര്‍ശനം. തന്ത്ര പ്രധാന മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്ന പന്ത്രണ്ട്‌ കരാറുകളില്‍ ഭാരതവും ചൈനയും ഒപ്പുവച്ചു. റെയില്‍വേ മേഖലയിലെ സഹകരണത്തിന്‌ രണ്ട്‌ രാജ്യങ്ങളും തമ്മില്‍ പരസ്‌പരം ആദരവ്‌ നിലനിര്‍ത്തും. ചൈനയിലെ ഷാങ്‌ഹായ്‌ നഗരവും മുംബൈയും തമ്മില്‍ സൗഹൃദകരാര്‍ ഒപ്പുവച്ചു. പഞ്ചവത്സര വാണിജ്യ സ്വീകരണ കരാറുകളിലും റെയില്‍വ മാധ്യമ മേഖലകളില്‍ സഹകരണത്തിനും കൈലാസ്‌ മാനസസരോവര്‍ യാത്രക്ക്‌ പുതിയ പാത നിര്‍മ്മിക്കുന്ന കാര്യത്തിലും ഇരുരാജ്യങ്ങളും കരാറുകളില്‍ ഒപ്പിട്ടു. ഭാരതത്തില്‍ ചൈന രണ്ട്‌ വാണിജ്യ പാര്‍ക്കുകളും തുടങ്ങും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ചൈന 1.14 ലക്ഷം കോടി രൂപ ഇന്ത്യയില്‍ നിക്ഷേപിക്കുവാനും സന്നദ്ധത പ്രകടിപ്പിച്ചു.

ഫ്രാന്‍സ്‌ സന്ദര്‍ശനം
പരസ്‌പര സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം തന്നെ ഭാരതത്തില്‍ മുതല്‍ മുടക്കുന്നതിനുള്ള തീരമാനവും ഈ സന്ദര്‍ശനത്തിലൂടെ ഉണ്ടായി. 36 അത്യാധുനിക റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചു. സ്‌മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍ പങ്കാളിത്തം സെമി ഹൈസ്‌പീഡ്‌ ട്രെയിന്‍ ഭാരതത്തില്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ക്കും ധാരണയായി. ജെയ്‌താപൂരില്‍ അറ്റോമിക്‌ പ്ലാന്റ്‌ നിര്‍മിക്കാനും വ്യവസ്ഥയായി. ഭാരതത്തിന്റെ ആണവ നിലയങ്ങള്‍ക്ക്‌ 500 ടണ്‌ യുറേനിയം നല്‌കാന്‍ ഫ്രാന്‍സുമായി കരാറിലേര്‍പ്പെട്ടു.
കാനഡ സന്ദര്‍ശനം
42 വര്‍ഷത്തിനുശേഷമാണ്‌ ഒരു ഭാരത പ്രധാനമന്ത്രി കാനഡ സന്ദര്‍ശിക്കുന്നത്‌. ഭാരതത്തിന്‌ ആവശ്യമായ യുറേനിയം അടുത്ത അഞ്ചു വര്‍ഷത്തേക്കു ലഭ്യമാക്കുവാനുള്ള തീരുമാനംഈ സന്ദര്‍ശനത്തിലൂടെ ഉണ്ടായി. സൈബര്‍ സുരക്ഷാ മേഖലയിലെ പരസ്‌പര സഹകരണം ഉള്‍പ്പടെ മറ്റു നിരവധി കരാറുകളിലും ഏര്‍പ്പെടാനും യാത്ര വഴി സാധിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഭാരതത്തിലെ അതിപുരാവസ്‌തു ശില്‍പം ` പാര്രറ്റ്‌ ലേഡി ` കാനഡ ഭാരതത്തിനു കൈമാറി.
ശ്രീലങ്ക സന്ദര്‍ശനം
ചൈനയുടെ സാന്നിദ്ധ്യം കൊണ്ട്‌ ഭാരതത്തിന്റെ സുരക്ഷയ്‌ക്ക്‌ ഭീഷണി ആകാവുന്ന രാജ്യമായ ശ്രീലങ്കയുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതായിരുന്നു ശ്രീലങ്കാ സന്ദര്‍ശനം. ശ്രീലങ്കയിലെ വംശീയപോരാട്ടങ്ങളുടെ കേന്ദ്രമായിരുന്ന ജാഫ്‌ന സന്ദര്‍ശിച്ചതും തമിഴ്‌വംശജരുമായി ഉണ്ടാക്കിയ വൈകാരിക അടുപ്പവും ഏറെ പ്രധാനമാണ്‌. പുതിയ കച്ചവടബന്ധങ്ങളും പുതിയ രാഷ്ട്രീയ സമവാക്യവും ഈ യാത്രയിലൂടെ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു.
മ്യാന്‍മര്‍ സന്ദര്‍ശനം
ഭാരതത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനുള്ള പുത്തന്‍ പാതകള്‍ വെട്ടിത്തുറക്കാന്‍ പോന്നതായിരുന്നു മോദിയുടെ മ്യാന്‍മര്‍ സന്ദര്‍ശനം. മ്യാന്‍മറിലൂടെ തായ്‌ലന്റിലേക്കും മലേഷ്യയിലേക്കുമുള്ള കച്ചവടപാതകള്‍ തുറക്കുന്നതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വികസനത്തിന്റെ പുതിയ അദ്ധ്യായത്തിന്‌ തുടക്കമാകും.
ഫിജി സന്ദര്‍ശനം
ചൈനയുടെ പങ്കാളിത്തത്തിന്‌ തത്തുല്യമോ അതിനേക്കാള്‍ ഒരുപടി മുകളിലോ ഭാരതത്തിന്റെ വ്യാപാര നിക്ഷേപലക്ഷ്യങ്ങള്‍ ഫിജിയില്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു ഫിജി യാത്രയുടെ മുഖ്യ ലക്ഷ്യം. ഇപ്പോള്‍ ഫിജിയിലെ മൊത്തം നിക്ഷേപത്തിന്റെ 30 ശതമാനം ചൈനയുടേതാണ്‌.
മംഗോളിയ സന്ദര്‍ശനം
ഇതാദ്യമായാണ്‌ ഒരു ഭാരത പ്രധാനമന്ത്രി മംഗോളിയ സന്ദര്‍ശി ക്കുന്നത്‌. മംഗോളിയക്ക്‌ ഭാരതം നൂറു കോടി ഡോളറിന്റെ സഹായവും പ്രഖ്യാപിച്ചു. പ്രതിരോധം, സൈബര്‍ സുരക്ഷ, കൃഷി, പാരമ്പര്യേതര ഊര്‍ജ്ജം, ആരോഗ്യം എന്നീ മേഖലകളില്‍ പതിനാല്‌ ഉടമ്പടികളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.
ദക്ഷിണകൊറിയ സന്ദര്‍ശനം
ദക്ഷിണ കൊറിയ സന്ദര്‍ശനതിതിനെത്തിയ മോദി സോള്‍ യുദ്ധ സ്‌മാരകത്തിലെത്തി പുഷ്‌പചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന്‌ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്‌തു. കൊറിയ സര്‍വകലാശാലയും മോദി സന്ദര്‍ശിച്ചു. നിരവധി വാണിജ്യപ്രതിരോധ കരാറുകളിലും സന്ദര്‍ശനത്തിനിടെ ഒപ്പുവച്ചു.
നരേന്ദ്ര മോദി നടത്തിയ ഓരോ വിദേശ യാത്രകളും ഓരോ പരിപാടികളും രാജ്യത്തിന്റേയും സര്‍ക്കാരിന്റേയും പ്രധാനമന്ത്രിയുടേയും യശസ്സ്‌ ഉയര്‍ത്തുന്നതും മാതൃകപരവുമാണ്‌. വിദേശത്തും സ്വദേശത്തുമുള്ള ഓരോ ഭാരതീയനും ശിരസ്സുയര്‍ത്തി ഞാന്‍ ഭാരതീയനാണ്‌ എന്ന്‌ ഉറക്കെ പറയാന്‍ കഴിയുന്ന സാഹചര്യം ഇന്നു സമാഗതമായിരിക്കുന്നു. ഇതൊന്നും കണ്ടില്ലന്നു നടിച്ചുകൊണ്ട്‌ നരേന്ദ്ര മോദിയെ അന്തമായി എതിര്‍ക്കുന്നവരുടെ ലക്ഷ്യം രാജ്യത്തിന്റേയും ജനങ്ങളുടേയും ഉന്നമനവും വികസനവും അല്ല മറിച്ച്‌ സങ്കുചിത രാഷ്‌ട്രീയ ലക്ഷ്യങ്ങളാണന്നും ജനം തിരിച്ചറിയുക തന്നെ ചെയ്യും.

സന്തോഷ്‌ അറയ്‌ക്കല്‍
9961747406  

Comments