കേരളവും ജംഗിള്‍ രാജിലേക്കോ..?
(കേസരി വാരികയുടെ 2016 ഫെബ്രുവരി മാസം 12
ലെ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)
ദൈവത്തിന്‍റെ സ്വന്തം നാട് എന്നു പേരുകേട്ട കേരളം ഇന്ന് ചെകുത്താന്റെ ആലയമായി മാറിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിന്റെ തെരുവോരങ്ങളില്‍ ആരും ഏതു സമയത്തും ആക്രമിക്കപ്പെടുകയോ കൊലചെയ്യപ്പെടുകയോ ചെയ്യാം എന്ന നിലയിലേക്ക് നമ്മുടെ സാമൂഹിക അന്തരീക്ഷം പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു. കുട്ടികളും, സ്‌ത്രീകളും, വൃദ്ധരും ഒന്നും ഇതില്‍ നിന്നു വിമുക്തരല്ല. സാമൂഹിക പരിഷ്‌കര്‍ത്താക്കളും, ആത്മീയാചാര്യമാരും, ഉന്നത ഉദ്യോഗസ്ഥരും വരെ തെരുവില്‍ അപമാനിക്കപ്പെടുന്നു. സര്‍ക്കാര്‍, പോലീസ് സംവിധാനങ്ങള്‍ നോക്കുകുത്തികളായി മാറിയിരിക്കുന്നു. ഗുണ്ടകളും സാമൂഹ്യവിരുദ്ധരും തെരുവുകള്‍ അടക്കി വാഴുന്നു.
വാഗമണ്‍ ഉളുപ്പൂണില്‍ കന്യാസ്‌ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതും അടൂരില്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ കെട്ടിയിട്ടു പീഡിപ്പിച്ചതും, തലസ്ഥാന ജില്ലയില്‍ ഭരണകൂടങ്ങളുടെ മൂക്കിനു താഴെ പട്ടാപ്പകല്‍ രണ്ട് യുവാക്കളെയും ഒരു യുവതിയേയും ക്രൂരമായി കൊലപ്പെടുത്തിയതും സമീപകാല സംഭവവികാസങ്ങളാണ്. ആറ്റിങ്ങലിനു സമീപം വക്കത്ത് ഒരു യുവാവിനെ നടുറോഡില്‍ സംഘം ചേര്‍ന്ന് അതിക്രൂരമായി തല്ലിക്കൊന്നതിന്റെ നടുക്കം കേരള ജനതക്ക് വിട്ടുമാറിയിട്ടില്ല. ആറ്റിങ്ങല്‍ കെഎസ്‌ആര്‍ടിസി ബസ്സ്‌റ്റാന്‍ഡിനു സമീപം പട്ടാപ്പകല്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പാളയത്ത് കൊല്ലം സ്വദേശിയുടെ മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇതിനെല്ലാം പുറമെ സംഘടനാ ബലത്തിന്റെ മറവില്‍ കാട്ടികൂട്ടുന്ന അക്രമണങ്ങളും കൊലപാതകങ്ങളും വേറെയും അരങ്ങേറുന്നു. കോവളത്ത് ഭാരതത്തിന്റെ മുന്‍ നയതന്ത്ര പ്രതിനിധിയെ എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തില്‍ അടിച്ചു വീഴ്‌ത്തി നിലത്തിട്ട് ചവിട്ടിയതും, കോഴിക്കോട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ സ്വാമി ചിതാന്ദപുരിയെ വേദിയില്‍ കയറി ആക്രമിച്ചതും ഇതിന്റെ ഭാഗമായി തന്നെ വേണം കാണാന്‍. ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം നടക്കുന്നത് കാട്ടു നീതികള്‍ക്കും അക്രമങ്ങള്‍ക്കും പേരുകേട്ട അങ്ങ് പശ്ചിമ ബംഗാളിലോ, ബീഹാറിലോ ഒന്നുമല്ല നമ്മുടെ കേരളത്തിലാണ്.
ഈ സംഭവങ്ങളെല്ലാം വിരല്‍ചൂണ്ടുന്നത് കേരളവും ജംഗിള്‍ രാജിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു എന്ന സത്യത്തിലേക്കാണ്. ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളായ പശ്ചിമ ബംഗാളിലും ബീഹാറിലും അരങ്ങങ്ങേറുന്ന അക്രമങ്ങളും അരാജകത്വവും എല്ലാം മാനവിക സംസ്‌കാരങ്ങള്‍ക്ക് വിരുദ്ധമായമായവയാണന്നും കാട്ടു നീതിയാണന്നും പറഞ്ഞ് വിലപിച്ചിരുന്ന മലയാളികള്‍ ഇന്ന് അവയ്‌കെല്ലാം ഇരകളായി മാറിയിരിക്കുന്നു.
കേരളത്തെ ഈ ദുര്‍ഗതിയിലേക്ക് എത്തിച്ചതില്‍ ഇടതുപക്ഷ രാഷ്‌ട്രീയ ചിന്തകള്‍ക്ക് ഉള്ള സ്വാധീനവും പ്രേരണയും ചെറുതല്ല. കേരളത്തേയും മറ്റൊരു ബംഗാളാക്കി മാറ്റുവാനാണ് ഇവര്‍ ശ്രമിക്കുന്നത്. മനുഷ്യന്റെ ശരീരം പോയിട്ട് എല്ലുവരെ ദ്രവിച്ചു പോകുന്ന വിദ്യവരെ ബംഗാളിലെ കുപ്രസിദ്ധമായ പഞ്ചസാര പ്രയോഗത്തിലൂടെ ഇക്കൂട്ടര്‍ പരീക്ഷിച്ച് വിജയിച്ചതാണ്. അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും മഹത്വ വത്‌കരിക്കുകയും ചെയ്യുന്ന മാര്‍ക്‌സിസ്റ്റുകളുടെ തത്വശാസ്‌ത്രപരമായ ചിന്തകള്‍ കേരളത്തിന്റെ സമാധാന മനസ്സിനെ മുറിവേല്‍പ്പിക്കുന്നുണ്ട് എന്ന സത്യം ജനം തിരിച്ചറിയുന്നു. ഈയൊരു ദുരവസ്ഥ കണ്ടു മനം മടുത്തിട്ടാകണം �സ്‌നേഹിക്കയില്ല ഞാന്‍ നോവും ആത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വശാസ്‌ത്രത്തെയും� എന്ന് പഴയ വിപ്ലവ കവി വയലാര്‍ പാടിയത്.
ഒരു ഭാഗത്ത് ആയുധം എടുത്ത് അക്രമണം അഴിച്ചു വിടുമ്പോള്‍ മറുവശത്തു കൂടി കേരളത്തിന്റെ സംസ്‌കാരത്തേയും പാരമ്പര്യത്തേയും തകര്‍ക്കാന്‍ ശ്രമം നടക്കുന്നു. സ്‌ത്രീത്വം വില്‌പനചരക്കാക്കി മാറ്റുന്നതിന് ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നു. ചുംബന സമരവും, അമാനവ സംഗമങ്ങളും എല്ലാം നാടിനെ അരാജകത്വത്തിലേക്ക് തള്ളി വിടുന്നതിനുള്ള മാര്‍ഗ്ഗങ്ങളായി ഉപയോഗിക്കുന്നു. അങ്ങിനെ പടി, പടിയായി ദൈവത്തിന്റെ സ്വന്തം നാടിനെ കാട്ടുനീതിയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നു.
ഇതിനെയെല്ലാം നിയന്ത്രിക്കുകയും പൗരന് സ്വാതന്ത്ര്യമായി ജീവിക്കാന്‍ അവസരം ഒരുക്കുകയും ചെയ്യേണ്ട ഭരണകൂടവും പോലീസുമാകട്ടെ കണ്ണും പൂട്ടിയിരിക്കുകയാണ്. അഴിമതി ആരോപണങ്ങളിലും ചേരിപ്പോരിലും പെട്ട് ദുര്‍ബലമായ ഭരണനേതൃത്വം നിഷ്‌കൃയമാണ്. പോലീസിന്റെ തലപ്പത്താവട്ടെ ഭരണ നേതൃത്വത്തില്‍ ഉള്ളതിനേക്കാള്‍ ചേരിപ്പോരു നടക്കുന്നു. പൗരന്റെ സുരക്ഷ ഇവിടെ തുലാസില്‍ ആടുകയാണ്. ഇതിനെയെല്ലാം ശരിയായ ദിശയില്‍ സമൂഹമനസാക്ഷിക്കു മുന്നില്‍ എത്തിക്കേണ്ട് മാധ്യമങ്ങളാകട്ടെ അവയെ മനപൂര്‍വ്വം തമസ്‌കരിച്ചുകൊണ്ട് അന്യ സംസ്ഥാനങ്ങളിലെ ചെറിയ സംഭവങ്ങളെ പര്‍വ്വതീകരിച്ചു ചര്‍ച്ച ചെയ്യുന്നു. �ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചേരതന്നെ കൊതുകിന്ന് കൗതുകം� എന്ന നിലപാടാണ് ഇവിടുത്തെ ഭൂരിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ക്കും. നാട്ടില്‍ നടക്കുന്ന അക്രമങ്ങളേയും അനീതികളേയും കണ്ടില്ലന്നു നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കാന്‍ പറ്റുമോ എന്ന ശ്രമമാണ് അവര്‍ നടത്തുന്നത്. ഇത് കേരളത്തിലെ അക്രമ കാരികള്‍ക്ക് പ്രചേദനവും പ്രോത്സാഹനവും ആകുന്നു.
സംസ്ഥാന പോലീസ് വകുപ്പിന്റെ വൈബ്‌സൈറ്റ് സാക്ഷ്യപ്പെടുത്തുന്നതനുസരിച്ച് കേരളത്തിലെ കുറ്റകൃത്യങ്ങളുടെ തോത് കുറയുകയല്ല കൂടുകയാണ് എന്ന് നമുക്ക് മനസിലാക്കാന്‍ കഴിയും. 2015 ല്‍ സെപ്‌തംബര്‍ മാസം വരെയുള്ള കണക്കുകള്‍ അനുസരിച്ച് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള കേസ്സുകളുടെ എണ്ണം 189584 ആണ്. തുടര്‍ന്നുള്ള മാസത്തെ കണക്കുകള്‍ കൂടി ലഭിച്ചാല്‍ ഈ സംഖ്യ ഗണ്യമായി ഇനിയും വര്‍ദ്ധിക്കും. 2014 ല്‍ ആകെ രജിസ്റ്റര്‍ ചെയ്‌ത കേസ്സുകളുടെ എണ്ണം 205337 ആയിരുന്നു. ഇതില്‍ നിന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ക്രമസമാധാനം പാലിക്കുന്നതിന് വേണ്ട സംവിധാനങ്ങള്‍ ഒരുക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു എന്നു വേണം കരുതാന്‍. മദ്ധ്യ കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതോടെ അവര്‍ പ്രതികളായ കേസുകളുടെ എണ്ണവും വര്‍ദ്ധിച്ചു. സ്‌ത്രീകള്‍ക്കും കുട്ടികകള്‍ക്കും എതിരായ അതിക്രമങ്ങളും ഒട്ടും കുറവല്ല. 2015 ല്‍ ഒമ്പതു മാസത്തിനുള്ളില്‍ 132 കേസുകളാണ് സ്‌ത്രീകളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. 2014 ല്‍ ആവട്ടെ ഇത് 145 ആയിരുന്നു. ഈകാലയളവില്‍ 235 കൊലക്കേസുകളാണ് 2015 ല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.
പട്ടിക ജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമ പ്രകാരം 2015 ല്‍ രജിസ്റ്റര്‍ ചെയ്‌തത് 69 കേസുകളാണ്.
ഈ കണക്കുകള്‍ നല്‍കുന്ന സൂചന അനുസരിച്ച് കേരളം സമാധാന പൂര്‍ണ്ണമായ ജീവിതത്തിന് അനുയോജ്യമല്ലാത്ത പ്രദേശമായി മാറിയിരിക്കുന്നു. അക്രമങ്ങള്‍ക്ക് പേരു കേട്ട വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളായ പശ്ചിമ ബംഗാളിനേയും ബീഹാറിനേയും പോലും പിന്നിലാക്കുന്ന രീതിയില്‍ നമ്മുടെ നാടിനെ മാറ്റിയത് മാറി മാറി ഭരിച്ച ഇടതു വലതു മുന്നണികളാണ് എന്നതില്‍ സംശയമില്ല. അടിസ്ഥാന സൗകര്യങ്ങളും വികസനവും ഉണ്ടാകുന്നതിനൊപ്പം ജനങ്ങള്‍ക്ക് സൗര്യമായി ജീവിക്കുവാനുള്ള അവസരമൊരുക്കേണ്ട കടയും ഭരണകൂടങ്ങള്‍ക്കുണ്ട്.
എന്തിനും ഏതിനും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി സ്വയം മാന്യന്‍മാരാകുനുള്ള ശ്രമം കേരളത്തിലെ ഒരു വിഭാഗം ആളുകള്‍ എന്നും നടത്തിയിരുന്നു. മുമ്പ് ഭീകരാക്രമണങ്ങള്‍ക്കും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കാശ്‌മീരിലേയും പഞ്ചാബിലേയും ആളുകളെ കുറ്റപ്പെടുത്തിയിരുന്ന കേരളം തന്നെ അതിന്റെയെല്ലാം ഉത്ഭവ സ്ഥാനമായി മാറിയിരിക്കുന്നു. 1980 കളില്‍ ഈ വിപത്തിനെ മുന്നില്‍ കണ്ട് കേരളം കാശ്‌മീരാകാന്‍ പോകുന്നു എന്ന് ഇവിടുത്തെ ദേശീയ പ്രസ്ഥാനങ്ങള്‍ ചൂണ്ടി കാട്ടിയപ്പോള്‍ ഇവിടുത്തെ കപടമതേരതവാദികളും മാധ്യമ ഹിജഡകളും അതിനെ പുശ്ചിച്ചു തള്ളി. ഫലമോ കേരളം ദേശവിരുദ്ധ ശക്തികളുടെ സുരക്ഷിത കേന്ദ്രമായി മാറി. കേരളത്തിന്റെ ഭരണ നേതൃത്വത്തില്‍ നിര്‍ണ്ണായക സ്ഥാനം ഇത്തരം ശക്തികള്‍ക്ക് ആര്‍ജ്ജിക്കുവാന്‍ കഴിയുക കൂടി ചെയ്‌തതോടെ അത് സ്‌പോടനാത്മകമായി വളരുകയും ചെയ്‌തിരിക്കുന്നു. വീണ്ടും അതേ സാഹചര്യത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. ഇപ്പോള്‍ ഗുണ്ടാരാജും അതു നടപ്പിലാക്കുന്ന കാട്ടു നീതിയും കേരളത്തിന്റെ മനസാക്ഷിയെ പിടിച്ചു കുലുക്കാന്‍ തുടങ്ങിയിരിക്കുന്നു. കേരളത്തിന്റെ തെരുവോരങ്ങളിലും ഇടവഴികളിലും മനുഷ്യരക്ത വാര്‍ന്നൊഴുകുന്ന പ്രഭാതങ്ങള്‍ ദൃശ്യമാകാന്‍ മുമ്പേ തുടങ്ങിയിരുന്നു. ഇപ്പോള്‍ അത് അല്‌പം കൂടി വളര്‍ന്ന് ഏതൊരു അക്രമത്തിനും കൊലപാതകത്തിനും ഇരുട്ടിന്റെ മറവ് ആവശ്യമില്ലന്ന് വന്നിരിക്കുന്നു. പട്ടാപ്പകല്‍ നാട്ടുകാരുടെ കണ്‍മുന്നില്‍ മനുഷ്യരെ അടിച്ചും വെട്ടിയും വീഴ്‌ത്താന്‍ ആളുകള്‍ക്ക് മടിയില്ലാതായിരിക്കുന്നു. ഭരണത്തിലും പോലീസിലും മാഫിയകള്‍ക്കുള്ള സ്വാധീനമാണ് ഈ സംഭവങ്ങളിലുടെ വെളിവാകുന്നത്.
കാട്ടു നീതിക്കും കാട്ടാള ഭരണത്തിനും എതിരെ ഭാരതത്തിലെ മറ്റ് പ്രദേശങ്ങള്‍ക്കു നേരെ നാം ചൂണ്ടു വിരല്‍ നീട്ടുമ്പോള്‍ അതേ കൈകളിലെ മറ്റു നാലു വിരലുകളും നമ്മളെ തന്നെ തിരിഞ്ഞ് ചൂണ്ടുന്നുണ്ടന്ന സത്യം മലയാളി അറിയാതെ പോകരുത്. കാരണം നാം നില്‍ക്കുന്നത് ഏതു സമയത്തും പൊട്ടിത്തെറിക്കാവുന്ന ഒരു അഗ്നി പര്‍വ്വതത്തിനു മുകളിലാണ്. നമുക്ക് നേരേയും ഒരു കൊടുവാളോ മഴുവോ പാഞ്ഞുവരുന്ന പ്രഭാതം അകലയല്ല. അതുകൊണ്ട് തന്നെ മറ്റുള്ളവരെ കുറ്റപ്പെടുത്തി മാന്യത ചമയാതെ സ്വയം നന്നാവാല്‍ കേരളവും തയ്യാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
സന്തോഷ് അറയ്‌ക്കല്‍
9961747406
email : arackantdpa@gmail.com



Comments
Post a Comment