കേരളം ഒരു പരിവര്‍ത്തനത്തിനായി കാതോര്‍ക്കുകയാണ്.
ദൈവത്തിന്റെ സ്വന്തം നാടായ കേരളം
ഇന്ന് ചെകുത്താന്‍മാരുടെ ഭരണത്തിന്‍ കീഴില്‍ വീര്‍പ്പു മുട്ടുകയാണ്.
ഐക്യ കേരളം രൂപം കൊണ്ടത്തിനുശേഷം നമ്മെ ഭരിച്ച സര്‍ക്കാരുകളെല്ലാം തന്നെ കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്‌ത്തുകയാണ് ചെയ്‌തിട്ടുള്ളത്‌്. നമ്മുടെ തൊട്ട് അയല്‍ സംസ്ഥാനങ്ങള്‍ എല്ലാം തന്നെ കാര്‍ഷികവും, വ്യാവസായികവും, വിദ്യാഭ്യാസപരവും ആയി അനുദിനം പുരോഗമനത്തിലേക്ക് കുതിക്കുമ്പോള്‍ നമുടെ നാടുമാത്രം എന്തുകൊണ്ട് പരാശ്രയത്തിലേക്കും, പരാജയത്തിലേക്കും നീങ്ങുന്നു എന്ന് കേരള ജനത ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇന്ന് എന്തിനും ഏതിനും അന്യ സംസ്ഥാനങ്ങളെ മാത്രം ആശ്രയിക്കേണ്ടുന്ന ഗതികേടിലേക്ക് നാം ചെന്നു പെട്ടിരിക്കുന്നു. ഒരു കാലത്ത് വിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നോട്ടു പോകുവാന്‍ കഴിഞ്ഞു എന്നവകാശപ്പെടുന്ന നമ്മുടെ കുട്ടികള്‍ ഇന്ന് ദേശീയ തലങ്ങളില്‍ നടക്കുന്ന മത്സര പരീക്ഷകളില്‍ നിന്നും പിന്‍തള്ളപ്പെടുന്നു. എന്നു മാത്രമല്ല നമ്മുടെ വിദ്യാഭ്യാസ രംഗമാകെ കുത്തഴിഞ്ഞ പുസ്‌തകം പോലെയായിരിക്കുന്നു. കുരങ്ങിന്റെ കയ്യില്‍ കിട്ടിയ പൂമാല പോലെ വിദ്യാഭ്യസ വകുപ്പിനെ കൈകാര്യം ചെയ്‌ത വിദ്യാഭ്യാസമന്ത്രി അബ്‌ദുള്‍ റബ്ബ് വിദ്യാര്‍ത്ഥികളുടെ ഭാവി തന്നെ അനിശ്ചിതത്വത്തില്‍ ആക്കിയിരിക്കുന്നു. വ്യാവസായിക രംഗത്തെ വളര്‍ച്ചാ നിരക്കു പിന്നോട്ടടിക്കുന്നു എന്നു മാത്രമല്ല നിലവിലുള്ള പല വ്യവസായ സ്ഥാപനങ്ങളും പടി പടി ആയി അന്യ സംസ്ഥാനങ്ങളിലേക്ക് പറിച്ചു നടപ്പെടുന്നു. കേരളത്തില്‍ മുതല്‍മുടക്കുന്നതിനെ നിക്ഷേപകര്‍ ഭയക്കുന്നു. ഏറെ കൊട്ടിഘോഷിച്ച് നടത്തിയ നിക്ഷേപ സംഗമങ്ങള്‍ വെള്ളത്തില്‍ വരച്ച വരകള്‍ പോലെയാകുന്നു. കാര്‍ഷിക മേഖലയും ആരോഗ്യ മേഖലയുമെല്ലാം നിലയില്ലാ കയത്തില്‍ ആയിരിക്കുന്നു. സാധാരണക്കാരനും കര്‍ഷകനും ജീവിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ എത്തപ്പെട്ടിരിക്കുന്നു. ദേശീയ തലത്തില്‍ വിലക്കയറ്റം പിടിച്ച് നിര്‍ത്തുകയും ഭക്ഷ്യധാന്യങ്ങളുടെ വില ഗണ്യമായി കുറയുകയും ചെയ്‌തിട്ടും അതിന്റെയൊന്നും ഗുണഫലങ്ങള്‍ കേരളത്തിന് അനുഭവയോഗ്യമാക്കാന്‍ കഴിയുന്നുമില്ല.
മാറി മാറി വരുന്ന സര്‍ക്കാരുകള്‍ പിന്‍തുടര്‍ന്നു വരുന്ന ന്യൂനപക്ഷ പ്രീണന നയങ്ങളുടെ ഫലമായി സാമൂഹ്യ നീതി അപകടത്തില്‍ ആയിരിക്കുന്നു. ആദിവാസികള്‍ക്കും പിന്നോക സമുദായങ്ങള്‍ക്കും ലഭിക്കേണ്ട അര്‍ഹമായ നീതി നിക്ഷേധിക്കപ്പെടുന്നതിലൂടെ അവരില്‍ അരക്ഷിതാവസ്ഥ സംജാതമായിരിക്കുന്നു. ഈ അരക്ഷിതാവസ്ഥ മുതലെടുത്ത് മാവോയിസ്റ്റ് സംഘടനകള്‍ നാട്ടില്‍ ശക്തി പ്രാപിക്കുന്നു. കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റുന്നതിന് കാരണമായ നമ്മുടെ കാടുകളും മലകളും പുഴകളും എന്തിനേറെ നമ്മുടെ പ്രകൃതിയെ തന്നെ അപ്പാടെ ചൂഷണം ചെയ്യുന്നു. നാട്ടില്‍ അരാജകത്വവും അക്രമവും നടമാടുന്നു. അടിമുടി വളര്‍ന്ന അഴിമതി സമൂഹത്തെ ആകെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നു. ഏറ്റവും താഴെ വില്ലേജ് ഓഫീസ് മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ അഴിമതി അരോപണങ്ങളില്‍ നിന്നു മുക്തമല്ല. ആരാണ് ഇതിനുത്തരവാദികള്‍, കഴിഞ്ഞ ആറു പതിറ്റാണ്ടുകാലം നമ്മെ മാറി മാറി ഭരിച്ച ഭരണ കര്‍ത്താക്കള്‍ ഇതിന്റെ മറുപടി പറഞ്ഞെ ഒക്കു.
ഇക്കഴിഞ്ഞ് ആറു പതിറ്റാണ്ടിനുള്ളില്‍ കേരളാ നിയമസഭയിലേക്ക് പതിമൂന്ന് പ്രാവശ്യം തെരെഞ്ഞെടുപ്പ് നടന്നു. ഈ തിരഞ്ഞെടുപ്പിലൂടെ ഇരുപത് മന്ത്രിസഭകള്‍ ഭരണം നടത്തി ഇപ്പോള്‍ ഇരുപത്തൊന്നാമത്തെ് മന്ത്രി സഭയാണ് ഭരണം നടത്തി കൊണ്ടിരിക്കുന്നത്. ഇതില്‍ ഏറ്റവും വലിയ പ്രത്യേകത ഇപ്പോള്‍ രണ്ട് മുന്നണികളിലുമായി നിലകൊള്ളുന്ന ഒന്നൊഴിയാതെ എല്ലാ പാര്‍ട്ടികളും തമ്മില്‍ തമ്മില്‍ ചേര്‍ന്ന് ഭരണം നടത്തിയവരാണ് എന്നതാണ്.
തിരുകൊച്ചി രാജപ്രമുഖന്‍ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് അധികാരം ഒഴിഞ്ഞതിനെ തുടര്‍ന്ന് 1956 നവംബര്‍ മാസം ഒന്നാം തിയതി ഐക്യകേരളം നിലവില്‍വന്നു. മഹാരാജാവിന്റെ ഉപദേശകനായിരുന്നു പി.എസ്. റാവു നവംബര്‍ ഒന്നിന് രാവിലെ കേരളത്തിന്റെ ആദ്യത്തെ ആക്ടിംഗ് ഗവര്‍ണര്‍ ആയി സത്യപ്രതിജ്ഞ ചെയ്‌തു. അങ്ങനെ ഐക്യകേരളം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായി.
1957 ഏപ്രില്‍ 4 ന് സ്വതന്ത്രന്മാരുടെ സഹായത്തോടെ ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മന്ത്രിസഭ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കേരളത്തിലധികാരത്തില്‍ വന്നു. 1959 ഏപ്രില്‍ 16 കോണ്‍ഗ്രസ് നേതാവ് പനമ്പിള്ളി ഗോവിന്ദമേനോന്‍, സര്‍ക്കാരിനെതിരെ വിമോചനസമരം പ്രഖ്യാപിച്ചു. ഭരണഘടനയുടെ 355-ാം വകുപ്പ് ഉപയോഗിച്ച് ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായ കേന്ദ്രസര്‍ക്കാര്‍ കേരള സര്‍ക്കാരിനെ ഡിസ്‌മിസ് ചെയ്‌തു. കേരളം പ്രസിഡന്റ് ഭരണത്തിലായി.
വിമോചനസമരത്തേയും ഇ.എം.എസ്. മന്ത്രിയുടെ പിരിച്ചുവിടലിനേയും തുടര്‍ന്ന് പ്രസിഡന്റ് ഭരണത്തിലായ കേരളത്തില്‍ 1960 ഫെബ്രുവരി ഒന്നിന് രണ്ടാം തിരഞ്ഞെടുപ്പ് നടന്നു. പി.എസ്.പി. നേതാവ് പട്ടംതാണുപിള്ള മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവ് ആര്‍. ശങ്കര്‍ ഉപമുഖ്യമന്ത്രിയുമായി അധികാരമേറ്റു. മുസ്ലിംലീഗിനെ മന്ത്രിസഭയില്‍ എടുക്കുന്നതിനെ കോണ്‍ഗ്രസ്സിന്റെ അഖിലന്ത്യോ നേതൃത്വം എതിര്‍ത്തു. ഇതേത്തുടര്‍ന്ന് മുസ്ലീംലീഗ് നേതാവ് കെ.എം. സീതിസാഹിബിനെ സ്‌പീക്കറാക്കി. രണ്ടാം നിയമ സഭയില്‍ തന്നെ ആര്‍. ശങ്കറിന്റെ നേതൃത്വത്തില്‍ 26.9.1962 ല്‍ മൂന്നാം മന്ത്രിസഭ നിലവില്‍ വന്നു. ശങ്കര്‍ രാജി വച്ചതിനെ തുടര്‍ന്ന് മൂന്നാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നു.
1967 മാര്‍ച്ച് 6 ന് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നാലാമതു മന്ത്രി സഭ അധികാരമേറ്റു. 1969 നവംബര്‍ ഒന്നിന് ഇ.എം.എസ്. മന്ത്രിസഭ രാജി വച്ചതിനെ തുടര്‍ന്ന് സി. അച്ചുതമേനോന്‍ മുഖ്യമന്ത്രിയായി അഞ്ചാം മന്ത്രിസഭ 1969 നവംബര്‍ 1 ന് നിലവില്‍ വന്നു. 1970 ആഗസ്റ്റ് നാലിന് കേരളം വീണ്ടും പ്രസിഡന്റ് ഭരണത്തിലായി. സെപ്‌റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അച്ചുതമേനോന്‍ വീണ്ടും മുഖ്യമന്ത്രിയായി 1970 ഒക്ടോബര്‍ 4 ന് നാലാം നിയമസഭയും ആറാം മന്ത്രി സഭയും അധികാരമേറ്റു.
അഞ്ചാം നിയമസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പിനെ തുടര്‍ന്ന് 1977 മാര്‍ച്ച് 25 ന് കെ. കരുണാകരന്‍ മുഖ്യമന്ത്രിയായി ഏഴാം മന്ത്രിസഭ അധികാരമേറ്റു. ഏപ്രില്‍ 25 ന് കെ. കരുണാകരന്‍ മന്ത്രിസഭ നിലംപതിച്ചതിനെ തുടര്‍ന്ന് 1977 ഏപ്രില്‍ 27 ന് എ.കെ. ആന്‍റണി മുഖ്യമന്ത്രിയായി എട്ടാം മന്ത്രിസഭ അധികാരമേറ്റു. 1978 ഒക്ടോബര്‍ 27ന് എ.കെ. ആന്‍റണി രാജിവച്ചതിനെ തുടര്‍ന്ന് 1978 ഒക്ടോബര്‍ 29 ന് പി.കെ. വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായി ഒന്‍പതാം മന്ത്രി സഭ അധികാരമേറ്റു. പി.കെ.വി. 1979 ഒക്ടോബര്‍ 7ന് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെ തുടര്‍ന്ന് 1979 ഒക്ടോബര്‍ 12ന് സി.എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രിയായി പത്താം നിയമസഭ അധികാരത്തിലെത്തി. 1979 ഡിസംബര്‍ ഒന്നിന് സി.എച്ച്. മുഹമ്മദ് കോയ രാജിവച്ചതിനെതുടര്‍ന്ന് അഞ്ചാം നിയമസഭയുടെ കാലാവധിയും അവസാനിച്ചു.
ആറാം നിയമ സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചതിനെ തുടര്‍ന്ന് 1980 ജനുവരി 25ന് ഇ.കെ. നയനാര്‍ മുഖ്യമന്ത്രിയായി പതിനൊന്നാം മന്ത്രിസഭ നിലവില്‍ വന്നു. ഭൂരിപക്ഷം നഷ്ടപ്പെട്ട നയനാര്‍ മന്ത്രിസഭ 1981 ഒക്ടോബര്‍ 20 ന് രാജിവച്ചു. കോണ്‍ഗ്രസ് (എസ്.) പിന്നീട് പിളര്‍ന്ന് എ.കെ. ആന്‍റണിയുടെ മുഖ്യവിഭാഗം കോണ്‍ഗ്രസ് (ഐ.)യില്‍ ചേര്‍തിനെ തുടര്‍ന്ന് 1981 ഡിസംബര്‍ 28 ന് കെ. കരുണാകരന്‍ നേതൃത്വത്തില്‍ പന്ത്രണ്ടാമത് മന്ത്രിസഭ നിലവില്‍ വന്നു. 1982 മാര്‍ച്ച് 17ന് മന്ത്രിസഭ രാജിവച്ചു. ഇതേത്തുടര്‍ന്ന് കേരളം വീണ്ടും പ്രസിഡന്റ് ഭരണത്തിലായി.
ഏഴാം നിയമസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യമുന്നണിക്ക് ഭൂരിപക്ഷം ലഭിക്കുകയും കെ. കരുണാകരന്‍ മുഖ്യമന്ത്രിയായി 1982 മേയ് 24 ന് പതിമൂന്നാം മന്ത്രിസഭ നിലവില്‍ വന്നു. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ കരുണാകരന്‍ മന്ത്രിസഭ 1987 മാര്‍ച്ച് 25ന് രാജിവച്ചു.
എട്ടാം നിയമസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ച ഇടതു മുന്നണിയുടെ നേതാവ് ഇ.കെ. നയനാര്‍ മുഖ്യമന്ത്രിയായി പതിനാലാം മന്ത്രിസഭ 1987 മാര്‍ച്ച് 26 ന്‌അധികാരമേറ്റു. കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരുവര്‍ഷം ബാക്കിയുള്ളപ്പോള്‍ നയനാര്‍ മന്ത്രിസഭ രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ചു. 1991ല്‍ മന്ത്രിസഭ രാജിവച്ചു. ഒന്‍പപതാം കേരള നിയമസഭയിലേക്കു നടന്ന തെരെഞ്ഞെടുപ്പിനെ തുടര്‍ന്ന് കെ. കരുണാകരന്‍ മുഖ്യമന്ത്രിയായി പതിനഞ്ചാം മന്ത്രിസഭ 1991 ജൂണ്‍ 24 ന് നിലവില്‍ വന്നു. 1994ല്‍ തിരുവനന്തപുരം ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ നടന്നതായി ആരോപിച്ച ചാരവൃത്തി കേസില്‍ ചില പോലീസ് ഉദ്യോഗസ്ഥന്മാരെ സഹായിച്ചു എന്ന പേരില്‍ ഭരണമുന്നണിയില്‍ പ്രശ്‌നം രൂക്ഷമായി. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസിലെ വഴക്ക് അവസാനം എത്തിച്ചത് മുഖ്യമന്ത്രി കെ. കരുണാകരന്റെ രാജിയിലായിരുന്നു. 1995 മാര്‍ച്ച് 16ന് അദ്ദേഹം രാജിവച്ചു. തുടര്‍ന്ന് എ.കെ. ആന്‍റണി മുഖ്യമന്ത്രിയായി പതിനാറാം മന്ത്രിസഭ 1995 മാര്‍ച്ച് 22 ന് നിലവില്‍ വന്നു.
പത്താം നിയമസഭയിലേക്കു നടന്ന തെരെഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചതിനെ തുടര്‍ന്ന് ഇ.കെ. നയനാര്‍ മുഖ്യമന്ത്രിയായി 1996 മേയ് 20 ന് പതിനേഴാം മന്ത്രിസഭ അധികാരമേറ്റു. പതിനൊന്നാം നിയമസഭയിലേക്കു നടന്ന തെരെഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണിക്ക് ഭരണം ലഭിച്ചു. 2001 മേയ് 17 ന് എ.കെ. ആന്‍റണി മുഖ്യമന്ത്രിയായി പതിനെട്ടാം മന്ത്രിസഭ നിലവില്‍ വന്നു. എ.കെ. ആന്‍റണി 2004 ആഗസ്റ്റ് 28ന് മഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ പത്തൊന്‍പതാം മന്ത്രിസഭ അധികാരമേറ്റു.
പന്ത്രണ്ടാം നിയമസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി ഇരുപതാം മന്ത്രിസഭ അധികാരത്തിലെത്തി. പതിമൂന്നാം നിയമസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ 2011 മേയ് 18 ന് അധികാരത്തിലെത്തിയ ഇരുപത്തി ഒന്നാം മന്ത്രിസഭ ഇപ്പോഴും തുടരുന്നു.
കേരള രാഷ്‌ട്രീയത്തില്‍ ഏറെക്കാലം പരീക്ഷിച്ച് വിജയിപ്പിച്ച മോഢല്‍ എന്നു പറയുന്നത് മുന്നണി സംവിധാനമാണ്. കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന ഐക്യ ജനാധിപത്യ മുന്നണിയും സി.പി.എം. നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമാണ് ഈ മുന്നണികള്‍ . കാലാകാലങ്ങളായി കേരളം മാറി മാറി ഭരിച്ച കേരളത്തിലെ ഈ ഇരു മുന്നണികളും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്നേ അവസാനിച്ചതാണ്. ഇരുമുന്നണികളും ഒരേ കള്ള നാണയത്തിന്റെ ഇരു വശങ്ങളുമല്ല മറിച്ച് ഒരേ വശങ്ങള്‍ തന്നെയാണ്. പേരിലുള്ള മാറ്റങ്ങള്‍ അല്ലാതെ ഇരു മുന്നണികളും തമ്മില്‍ യാതൊരു മാറ്റവും ഇല്ല.
ഇരു മുന്നണികളുടേയും നയങ്ങളും, പരിപാടികളും, കൊടി അടയാളങ്ങളും എന്തിനേറെ പറയുന്നു ഇരു മുന്നണികളിലുമുള്ള പാര്‍ട്ടികള്‍ പോലും ഒന്നു തന്നെയാണ്. ഐക്യ മുന്നണിയില്‍ കോണ്‍ഗ്രസ്സ് (ഐ) ഉള്ളപ്പോള്‍ ഇടതു മുന്നണിയിലാകട്ടെ കോണ്‍ഗ്രസ്സ് (എസ്), എന്‍.സി.പി. എന്നീ പാര്‍ട്ടികള്‍ ഉണ്ട്. ഇവരുടെ കൊടികളുടെ കളറുകള്‍ പോലും ഒന്നു തന്നെയാണ്. വലതു മുന്നണിയില്‍ ലീഗ് നില്‍ക്കുമ്പോള്‍ അതേ നയവുമായി ഇടതു മുന്നണിയില്‍ ഐ.എന്‍.എല്‍ ഉണ്ട്. കേരളാ കോണ്‍ഗ്രസ്സുകളും, ജനതാദളും, ആര്‍.എസ്.പിയും എല്ലാം വിവിധ കഷണങ്ങളായി ഇരുമുന്നണികളിലും നിലകൊള്ളുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളായ സി.പി.എം., സിപിഐ, എന്നീപാര്‍ട്ടികള്‍ ഇടതു മുന്നണിയില്‍ നില്‍ക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി പ്രവര്‍ത്തിക്കുന്ന സി.എം.പിയും ജെ.എസ്സ് എസ്സും വലതുമുന്നണിയില്‍ അണി ചേര്‍ന്നിരിക്കുന്നു. ഒരേ പേരിലും സ്വഭാവത്തിലും നയത്തിലും പ്രവര്‍ത്തിക്കുന്ന ഈ പാര്‍ട്ടികള്‍ എല്ലാം തന്നെ തഞ്ചത്തിനനുസരിച്ച് ഇരുമുന്നണികളിലും മാറി മാറി നിന്ന് പരീക്ഷണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു.
സാധാരണ ജനങ്ങള്‍ ഇരുമുന്നണികളേയും ഒരേപോലെയാണ് കാണുന്നത്. മുന്നണിയുടെ പേരുള്ള ബോര്‍ഡുകള്‍ ഓഫീസുകള്‍ക്കു മുമ്പില്‍ ഇല്ലങ്കില്‍ കൊടിയടയാളങ്ങള്‍ നോക്കി ഏതു മുന്നണിയുടെ ഓഫീസാണന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിധം ഇരു മുന്നണികളും ഒന്നായി കഴിഞ്ഞിരിക്കുന്നു.
ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന്റെ മുഖമുദ്ര എന്നു പറയുന്നത് അഴിമതിയാണ്. ഈ സര്‍ക്കാര്‍ സാമൂഹ്യ നീതിയെ അപ്പാടെ അട്ടിമറിച്ചുകൊണ്ട് സംഘടിത ന്യൂനപക്ഷങ്ങള്‍ക്കു മുന്നില്‍ ഭരണത്തെ അടിയറ വച്ചിരിക്കുന്നു. കേരളത്തിന്റെ പൊതു ഖജനാവ് എങ്ങിനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കുന്ന തരത്തിലുള്ള നിയന്ത്രണം ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ നേടിയിരിക്കുന്നു.
ഇരുപത് മന്ത്രിമാര്‍ എന്ന യു ഡി എഫ് പൊതു തീരുമാനത്തെ അട്ടിമറിച്ച്, മുഖ്യമന്ത്രിയേയും മുന്നണി നേതാക്കളേയും നോക്കു കുത്തികളാക്കി മാറ്റികൊണ്ട് ഇരുപത്തൊന്നാമത്തെ മന്ത്രിയെ ഏക പക്ഷീയമായി പ്രഖ്യാപിക്കാനും, അത് നേടിയെടുക്കാനും മുസ്ലീം ലീഗ് നേതൃത്വത്തിന് സാധിച്ചതും ഈ സര്‍ക്കാരിനെ ആരു നിയന്ത്രിക്കുന്നു എന്നതിന്റെ തെളിവാണ്. ? തങ്ങള്‍? തീരുമാനിക്കും യുഡിഎഫ് അത് അനുസരിക്കും എന്ന നയം അരക്കിട്ട് ഉറപ്പിക്കുവാനും അത് അവരെ ബോദ്ധ്യപ്പെടുത്തുവാനും വേണ്ടി തന്നെയാണ് പുതിയ മന്ത്രിയെ അവര്‍ പിടിച്ചു വാങ്ങിയത്. മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിക്കാനും പ്രഖ്യാപിക്കുവാനുമുള്ള മുഖ്യമന്ത്രിയുടെ അവകാശം പോലും നിഷേധിച്ചുകൊണ്ട് സത്യ പ്രതിജ്ഞക്കു മുമ്പേ ലീഗ് മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ച ലീഗ് നേതൃത്വം ലക്ഷ്യം വച്ചതും നേടിയെടുത്തതും ഒരു സൂപ്പര്‍ മുഖ്യമന്ത്രിയുടെ റോളു തന്നെയാണ്.
കേരള മന്ത്രിസഭയില്‍ ആകെയുള്ള 117 വകുപ്പുകളാണ് 21 മന്ത്രിമാര്‍ക്കായി വിഭജിച്ചിട്ടുള്ളത്. അതില്‍ കോണ്‍ഗ്രസ് 51 -ം മുസ്ലിംലീഗ് 21 -ം കേരള കോണ്‍ഗ്രസ്സുകള്‍ 30 -ം ജനതാദള്‍ 8 -ം ആര്‍എസ്‌പി 7 -ം വകുപ്പുകളാണ് ?ഭരിക്കുന്നത്. പൊതു ഭരണം, ധനകാര്യം, നിയമം, ഭവന നിര്‍മ്മാണം, ഭഷ്യ സിവില്‍ സപ്ലെസ്, തൊഴില്‍, വ്യവസായം, ഐടി, നഗരവികസനം, പൊതുമരാമത്ത്, വിദ്യാഭ്യാസം, സാമൂഹ്യ ക്ഷേമം, പഞ്ചായത്ത്, ജലവിഭവം, വൈദ്യുതി, ഗ്രാമവികസനം, രജിസ്‌ട്രേഷന്‍, തുടങ്ങിയ പ്രധാന വകുപ്പുകളില്‍ ഒന്നു പോലും കൈവിട്ടു പോകാതെ സംരക്ഷിക്കുവാന്‍ സംഘടിത ന്യൂനപക്ഷങ്ങള്‍ക്ക് സാധിച്ചിരിക്കുന്നു.
ഇതിനെല്ലാം പുറമെ കേരളത്തിന്റെ പൊതു സ്വത്തും കൈക്കലാക്കാന്‍ ഇക്കൂട്ടര്‍ക്ക് സര്‍ക്കാര്‍ അവസരം നല്‍കിയിരിക്കുന്നു. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഏക്കറുകണക്കിനു ഭൂമി ഇത്തരത്തില്‍ സ്വകാര്യ ട്രസ്റ്റുകളുടെ പേരില്‍ തട്ടിയെടുത്തു കൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ സ്വന്തമാക്കിയ ഭൂമികളില്‍ പാര്‍ട്ടി കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിനും പൊതു ജനത്തിന്റെ പണം തട്ടിയെടുക്കുന്നു. മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്ക് സംഭാവനകള്‍ നല്‍കാന്‍ പഞ്ചായത്തുകള്‍ക്ക് അനുവാദം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കുന്നു. ഒരു ലക്ഷം രൂപ മുതല്‍ മൂന്ന് ലക്ഷം രൂപവരെ സംഭാവന നല്‍കാനാണ് അനുമതി. മലപ്പുറത്തെ 35 യത്തീംഖാനകള്‍ക്ക് എയ്‌ഡഡ് പദവി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായതും ഈ പ്രീണന നയത്തിന്റെ ഭാഗമാണ്. ഈ 35 സ്ഥാപനങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ പോകുന്നു എന്ന മന്ത്രിസഭാ തീരുമാനത്തെ തീര്‍ത്തും അവഗണിച്ചാണ് വിദ്യാഭ്യാസമന്ത്രി എയ്‌ഡഡ് സ്‌കൂളുകള്‍ ആക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇതിനെല്ലാം പുറമെ വിദ്യാഭ്യാസ, വ്യവസായ, പൊതുമരാമത്ത് വകുപ്പുകളിലെ അഴിമതിയുടെ ചിഞ്ഞുനാറുന്ന കഥകള്‍ വേറേയും.
ഇതിനൊപ്പം തന്നെ ഭരണത്തേയും പൊതുമുതലിനേയും പരമാവധി അനുകൂലമാക്കുന്നതിനാവശ്യമായ നടപടികളുമായി കേരളാ കോണ്‍ഗ്രസ്സും സമാന്തരമായി പ്രവര്‍ത്തിക്കുന്നു. യു.ഡി.എഫിലെ മുഖ്യ കക്ഷിയായ കോണ്‍ഗ്രസ്സിനെ തന്നെ പിന്‍തള്ളി മുന്നണി സംവിധാനത്തില്‍ മുസ്ലീം ലീഗിന്റെ അപ്രമാധിത്യം ഏറെക്കുറെ പൂര്‍ണ്ണമാവുകയും ചെയ്‌തതോടെ മാണിക്കുള്ള അതൃപ്‌തി പലതവണ മറനീക്കി പുറത്തു വന്നിട്ടുള്ളതാണങ്കിലും അതൊരിക്കലും ഒരു മുന്നണി മാറ്റത്തിലേക്ക് എത്തിക്കാന്‍ പര്യാപ്‌തമായിരുന്നില്ല. മുന്നണിക്ക് ഉള്ളില്‍ നിന്ന് സമ്മര്‍ദ്ദശക്തിയായി മാറുക എന്നതു മാത്രമായിരുന്നു ലക്ഷ്യം. എന്നാല്‍ ഇപ്പോള്‍ മാണി വേണമെങ്കില്‍ മുന്നണി മാറും എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനു പിന്നിലുള്ള കുശാഗ്ര ബുദ്ധിയും മാണിയുടേത് തന്നെയാണന്ന് എല്ലാവര്‍ക്കും അറിയാം.
ഈ വാര്‍ത്തകള്‍ക്ക് പിന്നില്‍ മാണിക്ക് വ്യക്തമായ ലക്ഷ്യങ്ങള്‍ ഉണ്ട്. ഒപ്പം കേരളാ കോണ്‍ഗ്രസ്സിന്റെ വോട്ടുബാങ്കിന്റെ മുഖ്യ സ്രോതസ്സായ സമുദായത്തിന്റേയും സഭയുടേയും പിന്തുണയും ഉണ്ടാകാം. കാരണം സര്‍ക്കാരില്‍ ലീഗിന് ലഭിക്കുന്ന അപ്രമാധിത്യത്തില്‍ സഭ ഇപ്പോള്‍തന്നെ ദുഖിതരാണ്. പ്രത്യേകിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ കാര്യത്തില്‍. മാണിയിലൂടെ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുവാനുള്ള ശ്രമവും സഭക്കുണ്ടാകും. ഈയോരു അവസരം മുതലാക്കി പരമാവധി മൂപ്പിറക്കുന്ന തിരക്കിലാണ് ധനകാര്യ വകുപ്പും, നിയമവകുപ്പും കയ്യാളുന്ന കേരളാ കോണ്‍ഗ്രസ്സ്. കുമ്പസാര രഹസ്യം പോലെ പരിപാവനമായ ബഡ്‌ജറ്റ് രഹസ്യങ്ങള്‍ വരെ ചോര്‍ത്തി വിറ്റ് പണമുണ്ടാക്കുന്ന തരത്തില്‍ കേരളത്തിന്റെ ഭരണം അധപതിച്ചിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ബാറുടമകള്‍ മുതല്‍ സ്വര്‍ണ വ്യാപാരികള്‍ വരെയുള്ള വന്‍കിട നികുതിദായകരില്‍ നിന്ന് ധനമന്ത്രി കോഴ വാങ്ങി എന്ന വാര്‍ത്ത വരുന്നത്. ആരോപണം ശരിയാണെങ്കില്‍ സംസ്ഥാന ഖജനാവ് കാലിയാകുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന്റെ വ്യക്തമായ ഉത്തരമുണ്ടതില്‍. മന്ത്രിമാരുടെ കൈകളില്‍ എത്തുന്ന കോഴകള്‍ വഴി സര്‍ക്കാര്‍ ഖജനാവിലെത്തേണ്ട നികുതിയുടെ ഗണ്യമായ ഭാഗം പാഴായിപ്പോവുകയാണ്. സംസ്ഥാന ബജറ്റു തന്നെ വില്‍ക്കപ്പെടുന്നു എന്ന അവസ്ഥ വന്നു ചേര്‍ന്നിരിക്കുന്നു.
സംസ്ഥാന മന്ത്രിസഭയില്‍ അഴിമതിയാരോപണത്തിന് വിധേയനാകാത്ത ഒരു മന്ത്രിപോലും ഇല്ലന്നതാണ് സത്യം മുന്‍കാലങ്ങളില്‍ ഒരു മന്ത്രി സഭയ്‌ക്ക് എതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നത് പ്രതിപക്ഷ ബഞ്ചുകളില്‍ നിന്നായിരുന്നുവെങ്കില്‍ ഇന്ന് ആ അവസ്ഥയ്‌ക്കും മാറ്റം വന്നിരിക്കുന്നു. ഇന്ന് ഭരണപക്ഷ എം.എല്‍.എ. യും ഘടകകക്ഷി നേതാക്കന്‍മാര്‍ വരെയും അഴിമതിയുടെ കണക്കുകള്‍ എണ്ണമിട്ട് തെളിവുകള്‍ സഹിതം നിരത്തുന്നു. മാനം എന്നു പറയുന്നത് മുഖ്യമന്ത്രിക്കും സഹമന്ത്രിമാര്‍ക്കും ഇല്ലാതായിരിക്കുന്നു.
മുമ്പ് ഒരിക്കലും ഇല്ലാത്ത തരത്തില്‍ മുഖ്യ മന്ത്രിയുടെ ഓഫീസിന് നേരെ അഴിമതിയാരോപണങ്ങളുടെ മുള്‍മുന ചെന്നു പതിച്ചിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കേന്ദ്രം മാത്രമല്ല സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം കൂടിയായി അധപതിച്ചിരിക്കുന്നു എന്നു വേണം കരുതാന്‍. എല്ലാം സുതാര്യം എന്നവകാശപ്പെടുന്ന ഒരു മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളില്‍ വച്ച് ലക്ഷങ്ങളുടെ കോഴപ്പണം കൈമാറിയിട്ടും മുഖ്യമന്ത്രിയോ പോലീസോ, രഹസ്യാന്വേഷണ വിഭാഗമോ അതറിഞ്ഞില്ല എന്നു പറയുമ്പോള്‍ നമ്മുടെ നാടിന്റെ സുരക്ഷയും സമ്പത്തും ഈ മുഖ്യമന്ത്രിയാല്‍ എങ്ങിനെ സംരക്ഷിക്കപ്പെടാനാണ്. അതിലും വലിയ വിഷയം വര്‍ഷങ്ങളായി മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയുടെ പേരും ലറ്റര്‍പാഡും, ഓഫീസ് സംവിധാനങ്ങളും ഉപയോഗിച്ച് നാടുമുഴുവന്‍ നടന്ന് അഴിമതി നടത്തിയിട്ടും കേരളത്തിലെ രഹസ്യാന്വേഷണവിഭാഗവും, മുഖ്യമന്ത്രിയും മുഖ്യമന്ത്രിയോട് അടുപ്പമുള്ള പാര്‍ട്ടിക്കാരും ഒന്നും ഇതറഞ്ഞിരുന്നില്ല എന്ന് പറഞ്ഞാല്‍ അത് ആര്‍ക്ക് വിശ്വസിക്കാനാകും. ഇനി അത് അറിഞ്ഞിരുന്നില്ല എന്നത് സത്യമാണങ്കിലും മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. സ്വന്തം ഓഫീസിലെ നാലു ചുമരുകള്‍ക്കുള്ളില്‍ നടക്കുന്ന കാര്യങ്ങളെ പോലും നിയന്ത്രിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് എങ്ങിനെ സംസ്ഥാനത്തെ മൂന്നു കോടി ജനങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാനാകും.
കേളത്തിലെ ഏത് കേസ്സുകളെക്കുറിച്ച് അന്വേഷിച്ചാലും അതിന്റെ ഒരറ്റം ചെന്നു നില്‍ക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് എന്നതാണ് സത്യം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനുശേഷം ഉണ്ടായിട്ടുള്ള അഴിമതിയുടെ കണക്കുകള്‍ നിരവധിയാണ്. സോളാറില്‍ തുടങ്ങി ബാറിലൂടെ വളര്‍ന്ന് ദേശീയ ഗയിംസില്‍ എത്തി നില്‍ക്കുന്ന അഴിമതിയുടെ ലിസ്റ്റ് മുന്നണി വ്യത്യാസമില്ലാതെ എല്ലാ മന്ത്രിമാരിലും ഭരണ - പ്രതിപക്ഷ കക്ഷി നേതാക്കളിലും എത്തി നില്‍ക്കുന്നു. പാമോയില്‍ കേസും, ടൈറ്റാനിയം കേസും, പാറ്റൂര്‍ ഭൂമി ഇടപാടും, മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെട്ട കേസുകളും, വിദ്യാഭ്യാസ രംഗത്തെ അഴിമതിയും, പൊതുമരാമത്ത് വകുപ്പില്‍ നടക്കുന്ന അഴിമതികളും ദേവസ്വം ബോര്‍ഡിലേയും, ആഭ്യന്തര വകുപ്പിലേയും, അഴിമതികളും എല്ലാം അവയില്‍ ചിലതുമാത്രമാണ്. അഴിമതിക്കു പുറമെ വിലക്കയറ്റം കൊടികുത്തിവാഴുന്നു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും തേര്‍വാഴ്‌ച ഒരുവശത്ത്. മറുവശത്ത് ഭവന ഭേദനവും സ്‌ത്രീപീഡനവും. പട്ടാപ്പകല്‍ പോലും ചെറുപ്പക്കാര്‍ ബൈക്കില്‍ വിലസി സ്‌ത്രീകളുടെ മാലകള്‍ പൊട്ടിച്ചോടുന്നു. പോലീസും കോടതിയും ചട്ടപ്പടി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കുറ്റകൃത്യങ്ങള്‍ കുറയുന്നില്ല.
കാര്‍ഷിക മേഖല അനുദിനം വെല്ലുവിളികളെ നേരിടുമ്പോഴും സര്‍ക്കാര്‍ നിര്‍ജീവമാണ്. ശേഷിക്കുന്ന നെല്‍വയലുകളെക്കൂടി ഇല്ലാതാക്കുന്നതിനായി 2008ലെ തണ്ണീര്‍തട സംരക്ഷണ നിയമം പോലും സര്‍ക്കാര്‍ തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുമ്പോള്‍ കൃഷി വകുപ്പ് ഭരിക്കുന്ന മന്ത്രി മോഹനന്‍ എന്തുചെയ്യണമെറിയാതെ ഉഴലുകയാണ്. സര്‍ക്കാര്‍ നല്‍കുന്ന കണക്കനുസരിച്ച് ഈ നിയമം നടപ്പില്‍ വരുമ്പോള്‍ കേരളത്തില്‍ അവശേഷിക്കുന്ന നിലം 2.29 ലക്ഷം ഹെക്‌ടറാണ്. നിയമം നിലവില്‍ വന്ന തൊട്ടടുത്ത വര്‍ഷം മാത്രം പരിവര്‍ത്തനം ചെയ്യപ്പെട്ടത് 252 ഹെക്‌ടര്‍ നിലമാണ്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് കേരളത്തില്‍ അവശേഷിക്കുന്ന നെല്‍വയലുകളുടെ അളവ് 2,13,187 ഹെക്‌ടറാണ്. 1961-62 വര്‍ഷത്തില്‍ 7.53 ലക്ഷം ഹെക്‌ടറിലും 1975-76 വര്‍ഷത്തില്‍ 8.76 ഹെക്‌ടറിലും നെല്‍കൃഷി ഉണ്ടായിരുന്ന സ്ഥാനത്താണ് ഇതെന്ന് മനസ്സിലാക്കുമ്പോഴാണ് ഇതിന്റെ ഭീകരത നമ്മള്‍ മനസ്സിലാക്കുന്നത്. അതായത് അന്‍പത് വര്‍ഷം കൊണ്ട് കേരളത്തിലെ നെല്‍പാടങ്ങളുടെ അളവ് ഏഴുപത്തഞ്ച് ശതമാനത്തോളം ഇല്ലാതായിരിക്കുന്നു. കേരളത്തില്‍ നെല്‍കൃഷിയുടെ കാര്യത്തില്‍ ഇന്നും ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത് പാലക്കാടു തന്നെയാണ്. പാലക്കാട് അവശേഷിക്കുന്ന നെല്‍പാടം 87,511 ഹെക്‌ടറാണ്. കേരളത്തിന്റെ മൊത്തം നിലത്തിന്റെ 41% ശതമാനം വരും ഇത്. പാലക്കാട് മാത്രം കഴിഞ്ഞ ഒരു വര്‍ഷത്തില്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളത് 13% നിലമാണ്. ഏറ്റവും കുറവ് നെല്‍കൃഷി യുള്ളത് ഇടുക്കിയിലാണ്.1,819 ഹെക്‌ടര്‍. ഇടുക്കിയില്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് പരിവര്‍ത്തനം ചെയ്യപ്പെട്ടിച്ചുള്ളത് ആകെയുള്ളതിന്റെ 22% നിലമാണ്. ഇതു നെല്‍കൃഷിയുടെ കണക്കുകളാണങ്കില്‍ ഇതിലും കഷ്‌ടമാണ് മറ്റു വിളകളുടെ കാര്യവും. ഐക്യ കേരളം രൂപപ്പെടുമ്പോള്‍ ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ സ്വയം പരിപ്‌തമായിരുന്ന നാമിന്ന് എന്തിനും ഏതിനും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് എത്തപ്പെട്ടിരിക്കുന്നു. മുമ്പ് വികസനത്തിന്റെ കേരള മാതൃക എന്നൊരു പദപ്രയോഗം തന്നെയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതൊരു തമാശയായി മാറിയിരിക്കുന്നു. ആറു പതിറ്റാണ്ടുകളായി കേരളം മാറി മാറി ഭരിച്ച ഇടതു വലതു മുന്നണികളാണ് ഈ ഭൂമിയെ ചെകുത്താന്റെ ഭൂമിയാക്കി മാറ്റിയത്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനുശേഷമുണ്ടായ ചാര്‍ജു വര്‍ദ്ധനവുകള്‍ നിരവധിയാണ്. സംസ്ഥാന ബഡ്‌ജറ്റില്‍ നിര്‍ദ്ദേശിച്ചതില്‍ കൂടുതല്‍ ഇരുട്ടടികള്‍ ഇല്ലാത്ത മദ്യ നിരോധനത്തിന്റെ പേരില്‍ അധികമായി ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായി. അടച്ചു പൂട്ടിയ മുഴുവന്‍ ബാറുകളും തുറന്നിട്ടും അതിന്റെ പേരില്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച അധിക നികുതികള്‍ ഒന്നു പോലും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പിരിച്ചെടുക്കുവാനുള്ള വന്‍കിടക്കാരുടെ നികുതി കുടിശിഖകള്‍ക്കെല്ലാം മന്ത്രിമാര്‍ സ്റ്റേ നല്‍കികൊണ്ട് സാധാരണക്കാരെ ഞെക്കിപിഴിയുന്ന നയമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. വൈദ്യുതിചാര്‍ജ്, വാട്ടര്‍ചാര്‍ജ്, ബസ്സ് - ടാക്‌സി കൂലി, കെട്ടിട നികുതി, ഭൂ നികുതി, രജിസ്‌ട്രേഷന്‍ ചിലവുകള്‍ തുടങ്ങി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാത്തതായി ഇനി ഒന്നുമില്ല.
ഇത്തരം എണ്ണിയാല്‍ ഒടുങ്ങാത്ത ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടു പോകുന്ന ഈ സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന നയമാണ് ഇവിടുത്തെ ഔദ്യോഗിക പ്രതിപക്ഷമായ ഇടതുപക്ഷം കൈക്കൊള്ളുന്നത്. ഈയോരു ദുരവസ്ഥയിലേക്ക് നമ്മെ കൊണ്ടെത്തിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഇന്നത്തെ പ്രതിപക്ഷവും വിമുക്തരല്ല. കാരണം കാലാകാലങ്ങളായി ഇവിടെ നടക്കുന്നത് പരസ്‌പരമുള്ള ഒരു അഡ്‌ജസ്റ്റ്‌മെന്റാണ് എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അയ്യഞ്ച് ആണ്ടുകള്‍ തോറും മാറി മാറി കട്ടുമുടിക്കാനും ജനങ്ങളെ ദ്രോഹിക്കുവാനുമുള്ള പരസ്‌പര ധാരണ ഇപ്പോള്‍ നടമാടുന്നത്.
ആദ്യം സൂചിപ്പിച്ചതു പോലെ തന്നെ ഈ രണ്ടു മുന്നണികളും പിന്‍തുടര്‍ന്നു വരുന്ന നയങ്ങള്‍ ഒന്നു തന്നെയാണ്. ഇപ്പോള്‍ അധികാരത്തില്‍ ഇരിക്കുന്ന സര്‍ക്കാരിന് എതിരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുവാനോ പ്രതിപക്ഷത്തിന്റെ ധര്‍മ്മം അനുഷ്‌ടിക്കുവാനോ ഇടതുമുന്നണിക്കായിട്ടില്ല. അടിമുടി അഴിമതിയില്‍ മുങ്ങിക്കുളിച്ച ഈ ജനവിരുദ്ധ സര്‍ക്കാരിനെതിരെ പ്രതികരിച്ചു എന്ന് വോട്ടു ചെയ്‌ത് വിജയിപ്പിച്ച ജനങ്ങളെ ബോദ്ധ്യപ്പെടുത്തുവാന്‍ പോലും ഒന്നും ചെയ്യാന്‍ കഴിയാത്ത പതിപക്ഷം പരാജയപ്പെട്ടിരിക്കുന്നു. അഡ്‌ജസ്റ്റുമെന്റ് സമരങ്ങള്‍ നടത്തി പൊതു സമൂഹത്തില്‍ അപഹാസ്യരായി തീര്‍ന്നിരിക്കുകയാണ് പ്രതിപക്ഷം. മതേതരത്വം പ്രസംഗിക്കുന്ന ഇടതു മുന്നണി ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മതമേലധ്യക്ഷന്‍മാരുമായി സഖ്യം ചെയ്യുന്നതും സ്ഥാനാര്‍തിത്വം തന്നെ കച്ചവടം ചെയ്യുന്നതും നമ്മള്‍ കണ്ടു. ഇടുക്കിയിലും എറണാകുളത്തും, ചാലക്കുടിയിലും തിരുവനന്തപുരത്തുമെല്ലാം മതശക്തികള്‍ക്കു കീഴ്‌പെട്ടു പോയ ഇടതു പക്ഷത്തിന്റെ ദയനീയാവസ്ഥയും കേരളജനത കണ്ടു കഴിഞ്ഞു.
പരസ്‌പരം തമ്മിലടിച്ചും ചെളിവാരി എറിഞ്ഞും മുന്നണിയിലെ കക്ഷികള്‍ തമ്മിലും പാര്‍ട്ടികളിലെ ഗ്രൂപ്പുകള്‍ തമ്മിലും നടത്തുന്ന പോര്‍വിളികള്‍ക്കപ്പുറം ഒന്നും നടക്കുന്നില്ലന്നു മാത്രമല്ല, പ്രതിപക്ഷത്തിന്റെ ശക്‌്‌തി അനുദിനം ശോഷിച്ചു വരികയുമാണ്. നിസ്സാരമായ ഭൂരിപക്ഷവുമായി അധികാരത്തില്‍ എത്തിയതായിരുന്നു കേരളത്തിലെ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. എന്നാല്‍ പ്രതിപക്ഷത്തിന്റെ ബലഹീനതകളെ മുതലെടുത്ത് ഇടതുപക്ഷത്തു നിന്നും ഒരു എം.എല്‍.എ. യെ രാജി വയ്‌പിച്ച് തങ്ങളോടൊപ്പം ചേര്‍ക്കാന്‍ ഐക്യമുന്നണിക്ക് ആദ്യമെ സാധിച്ചു. പിന്നീട് ആര്‍.എസ്.പി.യെ കൂടി ഇടതുപക്ഷത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് പ്രതിപക്ഷത്തിന്റെ വീഴ്‌ചക്ക് ഒരടി കൂടി നല്‍കാന്‍ ഭരണപക്ഷത്തിനു സാധിച്ചു.
ഇടതുമുന്നണിയിലെ മുഖ്യ കക്ഷിയായ സി.പി.എമ്മിലെ ആഭ്യന്തര കലഹങ്ങള്‍ മൂര്‍ഛിക്കുകയും, അതൊടെപ്പം ആര്‍.എം.പി. നേതാവ് ചന്ദ്രശേഖരന്‍ വധം ഉയര്‍ത്തിയ അലയൊലികള്‍ ഇടതുമുന്നണിയെ ആകെ തന്നെ പിടിച്ചുലയ്‌ക്കുകയും ചെയ്‌തതോടെ ഇടതുമുന്നണി കേരളത്തില്‍ അല്‌പാല്‌പമായി ക്ഷയിക്കാന്‍ തുടങ്ങിയിരുന്നു. അവസാനമായി അച്ചുതാന്ദന്‍ ഉയര്‍ത്തിയ കലാപക്കെടി കൂടിയായപ്പോള്‍ സി.പി.എം ന്റെ തകര്‍ച്ച ഏകദേശം പരിസമാപ്‌തിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.
കൈയൂക്കുകൊണ്ട് കാര്യങ്ങള്‍ വരുതിയിലാക്കുന്ന സിപിഎം ശൈലിയാണ് ഇന്നും സാക്ഷരകേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വടക്കന്‍ കേരളത്തില്‍ രാഷ്‌ട്രീയ എതിരാളികള്‍ക്കെതിരേയും ഹിന്ദുസാമുദായിക സംഘടനകള്‍ക്കും ആത്മീയ പ്രസ്ഥാനങ്ങള്‍ക്കുമെതിരെ സിപിഎമ്മുകാര്‍ പരസ്യമായി രംഗത്തുവരാന്‍ തുടങ്ങിയിട്ട് നാളേറെയായി. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും മറ്റും ശവസംസ്‌കാര ചടങ്ങുകളില്‍ അനുശോചനമറിയിക്കാന്‍ എത്തുന്ന സമുദായ സംഘടനകളെ അതിനനുവദിക്കില്ലെന്ന് കഴിഞ്ഞ മാസം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം ഗോവിന്ദന്‍ മാസ്റ്റര്‍ പരസ്യമായി പ്രസ്‌താവിച്ചിരുന്നു. ഇതിനെതുടര്‍ന്ന് തളിപ്പറമ്പിനടുത്ത് റീത്തുമായെത്തിയ എസ്‌എന്‍ഡിപി പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ ബലപ്രയോഗം നടത്തി തുരത്തിയോടിച്ചിരുന്നു.
മട്ടന്നൂരിനടുത്ത് പെരുവയല്‍ക്കരയില്‍ സ്വന്തം കരയോഗത്തില്‍പ്പെട്ട അംഗത്തിന്റെ വീട്ടിലെ മരണത്തില്‍ അനുശോചിക്കാനെത്തിയ എന്‍എസ്‌എസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ ആക്രമിച്ചു. അന്തരിച്ച ആളിനെ ആദരിക്കാനായി കൊണ്ടുവന്ന റീത്ത് സിപിഎമ്മുകാര്‍ ബലം പ്രയോഗിച്ച് നശിപ്പിക്കുകയും അവരെ അപമാനിച്ച് ഓടിക്കുകയുമാണുണ്ടായത്. ഇതിനു പുറമെ ഹിന്ദുആദ്ധ്യാത്മിക സംഘടനകളായ അമൃതാനന്ദമയി മിഷന്‍, ശ്രീശ്രീ രവിശങ്കര്‍ പ്രസ്ഥാനം, ചിന്മയാമിഷന്‍ എന്നീ സംഘടനകള്‍ക്കും പലയിടങ്ങളിലും സിപിഎം പ്രതിരോധത്തിന്റെ തിക്തഫലങ്ങള്‍ക്ക് ഇരയാകേണ്ടിവന്നിട്ടുണ്ട്. ഭരണഘടന ഉറപ്പുനല്‍കുന്ന സംഘടനാസ്വാതന്ത്ര്യവും അനുബന്ധ പൗരാവകാശങ്ങളും ഇല്ലാതാക്കാനാണ് സിപിഎം. ശ്രമിക്കുന്നത്. അതു വഴി ന്യൂനപക്ഷ പ്രീണന കാര്യത്തിലും, സാമൂഹ്യ നീതി നിക്ഷേധിക്കുന്ന കാര്യത്തിലും ഐക്യമുന്നണിയില്‍ നിന്നും ഒട്ടും വിഭിന്നരല്ല ഇടതുപക്ഷവും എന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു.
ഭരണകൂടത്തിനെതിരെ യഥാര്‍ത്ഥ പ്രതിപക്ഷത്തിന്റെ റോള്‍ എടുത്ത് ജനങ്ങളെ നയിക്കാന്‍ ഇടതുപക്ഷത്തിന് കഴിയില്ലന്ന് തെളിയിച്ചുകൊണ്ട് അവര്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ എല്ലാം തുടര്‍ച്ചയായി പരാജയപ്പെടുകയും സമൂഹ മദ്ധ്യത്തില്‍ പ്രതിപക്ഷത്തിന്റെ അസ്ഥിത്വം തന്നെ ചോദ്യപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത് . ഈയൊരു ഗ്യാപ്പ് പരമാവധി ഉപയോഗപ്പെടുത്തി പ്രതിപക്ഷത്തിന്റെ റോളിലേക്ക് ബി.ജെ.പി. ഉയരാന്‍ തുടങ്ങിയതോടെ കേരളത്തില്‍ ഒരു മൂന്നാം ശക്തിക്ക് പ്രസക്തി വര്‍ദ്ധിക്കുക കൂടി ചെയ്‌തിരിക്കുന്നു. കേന്ദ്രത്തില്‍ ബി.ജെ.പിക്ക് അനുകൂലമായ ഭരണ മാറ്റം കൂടി ഉണ്ടായതോടെ കേരള രാഷ്‌ട്രീയത്തില്‍ ഒരു മൂന്നാം ശക്തിയുടെ ഉയര്‍ച്ച ജനങ്ങള്‍ പ്രതീക്ഷിക്കുന്നുമുണ്ട്. അതിനനുസൃതമായി കേരള രാഷ്‌ട്രീയത്തില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. ഇന്നലകളില്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ശക്തമായ പിന്‍ബലമായിരുന്ന അധസ്ഥിത പിന്നോക്ക വിഭാഗങ്ങള്‍ അവരെ കയ്യൊഴിയുകയും മാറ്റത്തിനായി അണിചേരുകയും ചെയ്യുന്ന കാഴ്‌ചയും കാണാന്‍ കഴിന്നു.
?ഭാരതത്തിന്റെ കിഴക്കന്‍ ചക്രവാളത്തില്‍ ചുവന്ന സൂര്യനുദിക്കുന്ന ഒരു ദിനം വരും. അതു കാണാന്‍ ഞാനുണ്ടായെന്നുവരില്ല. അതിനുള്ള ഭാഗ്യം എന്റെ സഖാക്കള്‍ ക്കാണുണ്ടാവുക ??എന്ന് പറഞ്ഞ എകെജി സ്വപ്‌നം കണ്ട ചുവന്ന സൂര്യോദയം ഇതുവരെ ഉണ്ടായില്ലന്നു മാത്രമല്ല ഇനി അതുണ്ടാവുകയുമില്ല. ഏറെ പരിതാപകരം അദ്ദേഹത്തിന്റെ സഖാക്കള്‍ക്ക് ഭാരതത്തിന്റെ കിഴക്കന്‍ ചക്രവാളത്തില്‍ സ്വര്‍ണതാമര വിരിയുന്നതു കാണേണ്ടതായി വന്നു എന്നതാണ്. മാര്‍ക്‌സിസ്റ്റുകാര്‍ അമ്മയെ തല്ലുന്നവരല്ലായെന്ന് വിഎസ് പറഞ്ഞു. എന്നാല്‍ തന്തയുടെ തല തല്ലിപ്പൊട്ടിക്കുന്നവരാണെന്ന് കൃഷ്‌ണപിള്ള സ്‌മാരകം തകര്‍ത്തുകൊണ്ടു അവര്‍ തെളിയിച്ചു. കോണ്‍ഗ്രസ്സ് വിരോധം പാടി നടന്നവര്‍ പിന്നീട് കോണ്‍ഗ്രസിനെ താങ്ങുന്നതും തടവുന്നതും കാലു നക്കുന്നതും വരെ നാം കണ്ടു. ഏറ്റവും ഒടുവിലായി കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള മുന്നണിയായ യുപിഎ യുടെ അഭിവാജ്യ ഘടകമാകാന്‍ അവര്‍ തയ്യാറെടുക്കുന്നു. ഈ ഗതികേടുകളില്‍ പെട്ട് ഉഴലുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കേരളത്തില്‍ ഒരു ബദലാകാനോ സാമൂഹ്യ മാറ്റത്തിനായി പ്രവര്‍ത്തിക്കാനോ കഴിയില്ലന്നു തെളിയിച്ചിരിക്കുന്നു.
ഇവിടെയാണ് ആഴിമതിവിമുക്തവും, വികസനാത്മകവുമായ ഒരു പുതിയ ബദലിന്റെ പ്രസക്തി. നരേന്ദ്ര മോദി സര്‍ക്കാര്‍ ചുരുങ്ങിയ. കാലയളവിനുള്ളില്‍ ഇക്കാര്യങ്ങള്‍ തന്റെ പ്രവര്‍ത്തനങ്ങളിലൂടെ തെളിയിച്ചിട്ടുമുണ്ട്. അനുദിനം തകര്‍ന്നുകൊണ്ടിരുന്ന ഇന്ത്യന്‍ സമ്പദ് വ്യസ്ഥയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റി എന്നു മാത്രമല്ല , ചുരുങ്ങിയ സമയങ്ങള്‍ക്കുള്ളില്‍ തന്നെ ചൈനയേയും , അമേരിക്കയേയും കടത്തി വെട്ടി ലേകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌് ഘടന എന്ന അവസ്ഥയിലേക്ക് അതിനെ വളര്‍ത്താനും കഴിഞ്ഞു എന്നതാണ് അതിന്റെ ഏറ്റവും വലിയ നേട്ടം.
കഴിഞ്ഞ പതിനൊന്ന്‌് മാസങ്ങള്‍ക്കു മുമ്പ് വരെ ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്‌നമായിരുന്ന വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചിരിക്കുന്നു. അഴിമതി എന്ന വിപത്തിനെ ഇല്ലാതാക്കാനും കള്ളപ്പണത്തെ നിയന്ത്രിക്കാനും ശക്തമായ നടപടികളാണ് കൈക്കൊള്ളുന്നത്. ബഡ്‌ജറ്റ് രഹസ്യങ്ങളെ ചോര്‍ത്തിയെടുക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ റിലയന്‍സ്, എസ്സാര്‍ തുടങ്ങിയ വന്‍കിട കമ്പനികളുടെ മേധാവികളേയും മാധ്യമ പ്രവര്‍കരേയും, വിവിധ മന്ത്രാലയങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെയും വരെ അറസ്റ്റ് ചെയ്‌ത് ജയിലിടച്ചതിലൂടെ അഴിമതിക്ക് എതിരെ ശക്തമായ മുന്നറിയിപ്പു നല്‍കാനും കേന്ദ്ര സര്‍ക്കാരിന് സാധിച്ചിരിക്കുന്നു. ഭരണ രംഗത്തെ അഴിമതി പൂര്‍ണ്ണമായും ഇല്ലാക്കാനും പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാനും എല്ലാ മന്ത്രാലയങ്ങള്‍ക്കും സാധിച്ചിരിക്കുന്നു. ഉദ്യോഗസ്ഥ തലത്തിലെ അഴിമതിക്കും കുറവു വന്നു കൊണ്ടിരിക്കുന്നു. ജനദ്രോഹ കേന്ദ്രങ്ങളായിരുന്ന കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് ജന സൗഹൃദ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു, ഒഴിഞ്ഞ കസേരകളുടെ സ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ആളുകളെ കാണാന്‍ കഴിയുന്നു.
ഈയൊരു ഗുണപരമായ മാറ്റങ്ങള്‍ കേരളത്തിനും അനുഭവ യോഗ്യമായി തുടങ്ങിയിരിക്കുന്നു. കേരളത്തില്‍ നിന്നും എട്ടു മന്ത്രിമാര്‍ അടക്കം ഇരുപത്തൊന്‍പത് എം.പി.മാര്‍ പിന്തുണച്ചിരുന്ന സര്‍ക്കാരുകള്‍ നല്‍കിയതില്‍ കൂടുതല്‍ പരിഗണനയും അനുഭാവവും ഒരാള്‍ പോലും പിന്തുണക്കാന്‍ ഇല്ലാഞ്ഞിട്ടും കേരളത്തിന് ലഭിക്കുന്നുണ്ട്. മുന്‍ കേന്ദ്ര സര്‍ക്കാരുകള്‍ പിന്‍തുടര്‍ന്നു വന്ന നയങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ജാതി, മത, പ്രാദേശിക പരിഗണനകള്‍ ഇല്ലാതെ ഭാരതത്തെ ഒന്നായി കണ്ടുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കുന്നത്. കേരളത്തില്‍ ഫാക്‌ടിനും, കൊച്ചിന്‍ കപ്പല്‍ശാലക്കും, വിഴിഞ്ഞത്തിനും എല്ലാം ലഭിച്ചുകൊണ്ടിരിക്കുന്ന സഹായങ്ങള്‍ സൂചിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാരിന് കേരളത്തോടുള്ള അനുഭാവ പൂര്‍ണ്ണമായ നിലപാടുകളാണ്.
നരേന്ദ്ര മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റ 2014 മെയ് 26 നു മുമ്പു വരെ നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകരായിരുന്നവരെ പോലും അനുകൂലികള്‍ ആക്കി മാറ്റാന്‍ പതിനൊന്ന് മാസത്തെ തന്റെ ഭരണ നൈപുണ്യത്താല്‍ ഭാരതത്തിന്റെ പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് സാധിച്ചിരിക്കുന്നു. ഭരണത്തിന്റെ ഓരോ ദിവസങ്ങള്‍ പിന്നിടുമ്പോഴും എതിര്‍ സ്വരങ്ങള്‍ കുറഞ്ഞു വരുന്നു എന്നു മാത്രമല്ല കടുത്ത എതിരാളികളായിരുന്നവര്‍ പോലും ഇപ്പോള്‍ മോദിയുടേയും സര്‍ക്കാരിന്റേയും കടുത്ത ആരാധകരായും മാറുന്ന കാഴ്‌ചയാണ് കാണാന്‍ സാധിക്കുന്നത്. അസൂയാലുക്കള്‍ പടച്ചു വിടുന്നതും ബി.ജെ.പി- മോഡി വിരുദ്ധ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുമായ വ്യാജ പ്രചരണങ്ങളുടെ ആയുസ്സ് ഒന്നോ രണ്ടോ ദിവസങ്ങളില്‍ അവസാനിക്കുന്നു. ഈ വ്യാജ പ്രചരണങ്ങള്‍ തെറ്റാണന്ന് അവര്‍ക്കു തന്നെ സമ്മതിക്കേണ്ടിയും വരുന്ന കാഴ്‌ചയാണ് ഇന്നുള്ളത്. സാമ്പത്തികവും സാമൂഹ്യവും സാംസ്‌കാരികവുമായ രംഗങ്ങളിലെല്ലാം തകര്‍ന്നു കൊണ്ടിരുന്ന ഒരു രാഷ്ട്രത്തെ കൈപിടിച്ചുയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ തുടക്കം കുറിക്കാനായി എന്നതും അഭിമാനാര്‍ഹമായ നേട്ടമാണ്.
രാജ്യത്തിന്റെ വളര്‍ച്ചനിരക്ക് അഞ്ച് ശതമാനത്തില്‍ താഴെപ്പോകുകയും നാണ്യപ്പെരുപ്പം ആശങ്കാജനകമായ വിധത്തില്‍ ഉയര്‍ന്ന് നില്‍ക്കുകയും വ്യാവസായികോത്‌പാദന നിരക്ക് കുറഞ്ഞുവരികയും വിദേശനിക്ഷേപകര്‍ക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ട് വരികയും ചെയ്യുന്ന പശ്ചാത്തലത്തിലായിരുന്നു കേന്ദ്രത്തില്‍ ഭരണമാറ്റമുണ്ടായത്. അധികാരത്തിലെത്തിയപ്പോള്‍ ജനങ്ങളുടെ വലിയ പ്രതീക്ഷകളെ ആ കടുത്ത യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടുത്തുക എന്നതായിരുന്നു മോദി സര്‍ക്കാര്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി . പക്ഷെ ആ വെല്ലുവിളി സധൈര്യം നേരിട്ട് മറികടക്കുവാന്‍ ഭാരതത്തിന് കഴിയുമെന്ന് ജനങ്ങളെ ചുരുങ്ങിയ കാലത്തിനുള്ളില്‍ ബോദ്ധ്യപ്പെടുത്തുവാന്‍ നരേന്ദ്ര മോദിക്ക് സാധിച്ചിരിക്കുന്നു.
നരേന്ദ്രമോദി സര്‍ക്കാരിന്റെ ഇത്രയും നാളത്തെ ഭരണം തദ്ദേശീയരും വിദേശവാസികളുമായ ഭാരതീയര്‍ക്ക് ഇവിടെയൊരു സുശക്തമായ സര്‍ക്കാരും അതിനെ നയിക്കാന്‍ പ്രാപ്‌തനായ ഒരു പ്രധാനമന്ത്രിയുമുണ്ട് എന്ന ആത്മവിശ്വാസമുണ്ടാക്കാന്‍ പര്യാപ്‌തമായി എന്നതില്‍ സംശയമില്ല. ഇറാക്കിലും യെമനിലും എല്ലാം കുടുങ്ങിയ നഴ്‌സുമാരെ തിരിച്ചു കൊണ്ടു വരാന്‍ കാണിച്ച നയതന്ത്രജ്ഞത സാധാരണ ജനങ്ങളുടെ വരെ അഭിനന്ദനം ലഭിക്കാന്‍ ഇടയാക്കി. ഇന്ന് ഭാരതീയര്‍ മാത്രമല്ല മൂന്നാം ലോക രാഷ്‌ട്രങ്ങളും എല്ലാം നരേന്ദ്രമോദിയില്‍ ഒരു ലോക രക്ഷകനെ കാണുന്നു. ഭാരതത്തിനകത്തും പുറത്തും നമ്മുടെ പ്രധാന മന്ത്രി കടന്നു പോകുന്ന ഒരോ വഴിത്താരകളിലും അദ്ദേഹത്തെ കാണാനും , പരിചയപ്പെടുവാനും ആ വാക്‌ധോരണി ശ്രവിക്കുവാനും ആളുകള്‍ കൂട്ടംകൂടുന്ന കാഴ്‌ചയാണ് എവിടെയും കാണാന്‍ കഴിയുന്നത്.
അമേരിക്കക്കും സോവിയറ്റ് യൂണിയനും അഭിമുഖമായി പാര്‍ശവല്‍ക്കിക്കപ്പെട്ടിരുന്ന ലോക രാഷ്‌ട്ര സംവിധാനം സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ അമേരിക്കന്‍ സാമ്രാജ്യത്തിന്റെ കീഴില്‍ ഏകമുഖമായി മാറുകയും അമേരിക്ക ലോക പോലീസ് ചമയുന്ന കാഴ്‌ചയുമാണ് പീന്നീട് കാണാനായത്. ഐക്യ രാഷ്‌ട്ര സഭയെ നോക്കുകുത്തിയാക്കി മാറ്റി ഐ.എം.എഫിന്റേയും ലോക ബാങ്കിന്റേയും നിയന്ത്രണങ്ങള്‍ ഏറ്റെടുത്ത അമേരിക്കന്‍ സാമ്രാജ്യത്ത വാദം മൂന്നാം ലോക രാഷ്‌ട്രങ്ങളെ ഞെക്കിപിഴിയുന്ന കാല ഘട്ടത്തിലാണ് ഭാരതത്തില്‍ ഭരണ മാറ്റം ഉണ്ടാകുന്നതും നരേന്ദ്ര മോദി ഭാരതത്തിന്റെ പ്രധാന മന്ത്രിയായി അധികാരം ഏല്‌ക്കുന്നതും. പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷമുള്ള മോദിയുടെ ഓരോ നീക്കങ്ങളും മൂന്നാം ലോക രാഷ്‌ട്രങ്ങള്‍ക്ക് കരുത്തു പകരുന്നതും അമേരിക്കന്‍ സാമ്രാജ്യത്വത്തെ വെല്ലുവിളിക്കാന്‍ കഴിയുന്ന നിലയിലേക്ക് ഒരു ബദല്‍ രൂപീകരിക്കാന്‍ പ്രാപ്‌തമാണന്നും ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. അതിന്റെ ആദ്യ പടിയായിരുന്ന ഐ.എം.എഫിനും ലോക ബാങ്കിനും ബദലായി ബ്രിക്‌സ് ബാങ്ക് രൂപീകരിക്കുവാനുള്ള നീക്കവും അതിന്റെ പ്രഥമ അദ്ധ്യക്ഷ സ്ഥാനം ഭാരതത്തിന് ലഭ്യമാക്കാനായതും. ഇന്നലകളില്‍ വിവിധ രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആഗോള സഭകളില്‍ കാഴ്‌ചക്കാരന്റെ റോളിലായിരുന്നു ഭാരത ഭരണത്തലവന്‍മാര്‍ ഇരുന്നിരുന്നതെങ്കില്‍ ഇന്ന് അത് നേതാവിന്റെ റോളിലേക്ക് മാറ്റിയെടുക്കാന്‍ ഭാരതത്തിന്റെ പ്രധാന മന്ത്രിക്ക് സാധിച്ചിരിക്കുന്നു. കഴിഞ്ഞ ആറുമാസങ്ങള്‍ക്കുള്ളില്‍ നടന്ന എല്ലാ ഉച്ചകോടികളിലും ഭാരതത്തിന്റെ വാക്കുകള്‍ക്ക് വില കല്‌പിക്കുവാനും ഭാരതത്തെ അംഗീകരിക്കുവാനും ലോക രാഷ്‌ട്രങ്ങള്‍ തയ്യാറായതിന്റെ നേര്‍ചിത്രങ്ങള്‍ മാത്രമെ കാണുവാനുണ്ടായിരുന്നുള്ളൂ. ഒരിക്കല്‍ ലോകത്തിനു മുഴുവന്‍ വെളിച്ചവും വഴിയും ആയി മാറാന്‍ ഭാരതത്തിനു കഴിഞ്ഞിരുന്നെങ്കില്‍ , ഇന്ന് അതേ പാതയിലേക്ക് ഭാരതത്തെ വിണ്ടും നയിക്കുവാനുള്ള തുടക്കം കുറിക്കുവാന്‍ മോദി സര്‍ക്കാരിനായിരിക്കുന്നു.
കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആധികാരത്തില്‍ എത്തിയപ്പോള്‍ തന്നെ ഈ സര്‍ക്കാരിന് എതിരെയുള്ള അപവാദ പ്രചരണങ്ങള്‍ക്കും തുടക്കം കുറിക്കാന്‍ മിക്ക മാധ്യമങ്ങളും രാഷ്‌ട്രീയ പാര്‍ട്ടികളും രംഗത്ത് എത്തിയിരുന്നു. ഈ സര്‍ക്കാര്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് അടിമപ്പെട്ട് കുത്തകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഒപ്പമാണ് നിലകൊള്ളുന്നത് എന്നതായിരുന്നു അവര്‍ ഉന്നയിച്ച പ്രധാന ആരോപണം. എന്നാല്‍ സ്വന്തം പ്രവര്‍ത്തനങ്ങള്‍കൊണ്ടു തന്നെ തങ്ങള്‍ ആരുടെയൊപ്പമാണന്ന് തെളിയിക്കാന്‍ മോദി സര്‍ക്കാരിനു കഴിഞ്ഞിരിക്കുന്നു. ഇടതു പക്ഷങ്ങളുടെ പ്രത്യക്ഷ പിന്തുണയോടെയും പിന്നീട് അവരുടെ പരോക്ഷ പിന്തുണയോടെയും ഭരിച്ച യു.പി.എ. സര്‍ക്കാരുകളും, മൂന്നാം മുന്നണി സര്‍ക്കാരുകളുമെല്ലാം യാതൊരു തത്വ ദീക്ഷയുമില്ലാതെ കര്‍ഷകരുടേയും, സാധാരണക്കാരന്റേയും താത്‌പര്യങ്ങളെ പരിഗണിക്കാതെ അന്താരാഷ്‌ട്ര കരാറുകളില്‍ ഒപ്പിടുന്ന പതിവാണ് മുമ്പ് ഉണ്ടായിരുന്നത്. അമേരിക്കയുടെ കണ്ണുരുട്ടലുകള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഇടതുപക്ഷത്തിനോ കോണ്‍ഗ്രസ്സിനോ സാധിച്ചിരുന്നുമില്ല.
എന്നാല്‍ സ്വതന്ത്ര വ്യാപാരം സുഗമമാക്കാനുള്ള ലോക വ്യാപാര സംഘടനാ ഉടമ്പടിയില്‍ ഒപ്പിടുവാനുള്ള ലോക രാജ്യങ്ങളുടേയും അമേരിക്കയുടേയും സമര്‍ദ്ദത്തെ നരേന്ദ്ര മോദി സര്‍ക്കാര്‍ വകവച്ചില്ലന്നു മാത്രമല്ല, വ്യവസ്ഥകളില്‍ മാറ്റം വരുത്താതെ അതില്‍ ഒപ്പിടാനാവില്ല എന്ന ധീരോദാത്തമായ നിലപാടാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചത്. പാവപ്പെട്ടവന്റെ പാത്രത്തില്‍ ആഹാരം കിട്ടുന്നതും, കര്‍ഷകരുടെ നിലനില്‍പ്പ് ഉറപ്പാക്കുന്നതും അല്ലാത്ത ഒരു കരാറുകളിലും ഇനി ഭാരതം ഒപ്പിടൂകയില്ല എന്ന ഉറച്ച നിലപാട് ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാന മന്ത്രി എടുത്തത.് അമേരിക്കന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി വ്യാപാരക്കരാറുകള്‍ക്ക് വിധേയമാകുന്ന മുന്‍ നയങ്ങളുപേക്ഷിച്ച ഭാരതം രാജ്യത്തിനു ദോഷകരമായ ലോക വ്യാപാര സംഘടനാ ഉടമ്പടിയില്‍ ഒപ്പുവെയ്‌ക്കില്ലെന്ന് വ്യക്തമാക്കി. എന്നു മാത്രമല്ല ആ കരാറു തന്നെ അസ്ഥിരപ്പെടുത്താനായതും പീന്നീട് ഭാരതത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വ്യവസ്ഥകളില്‍ മാറ്റം വരുത്താനായതും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയമാണ്. അമേരിക്കന്‍ നിര്‍മ്മിത ജാവലിന്‍ മിസൈലുകള്‍ക്ക് പകരം ഇസ്രേയേലിന്റെ ടാങ്ക്‌വേധ മിസൈലുകള്‍ വാങ്ങാന്‍ കരസേന തീരുമാനിച്ചതും അമേരിക്കന്‍ അനുകൂല നയങ്ങളില്‍ നിന്നുമുള്ള വ്യതിചലനമാണ്.
ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ പരീക്ഷണം നിര്‍ത്തിവക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിതാണ് മറ്റൊരു നടപടി. ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ ഭാരതത്തിന്റെ തനതായ കാര്‍ഷിക സമ്പത്തിനെ നശിപ്പിക്കുമെന്നും, വിത്തുകള്‍ സ്വന്തമാക്കുന്ന ബഹുരാഷ്‌ട്ര കുത്തക കമ്പനികള്‍ക്ക് രാജ്യവും കര്‍ഷകരും അടിമകളാകുമെന്ന ആശങ്കകള്‍ നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജനിതക മാറ്റം വരുത്തിയ വിത്തുകളുടെ പരീക്ഷണം നിര്‍ത്തിവയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്.
ഭരണത്തിന്റെ ഓരോ തലങ്ങളിലും തന്റെ കയ്യൊപ്പു ചാര്‍ത്തുവാനും മാറ്റം കൊതിച്ച ജനതക്കു മുന്നില്‍ അതിനനുസരിച്ചുള്ള മാറ്റം സൃഷ്‌ടിക്കാനായതും ഒന്നൊന്നായി നമുക്ക് അനുഭവ വേദ്യമായി തുടങ്ങിയിരിക്കുന്നു. അധികാരത്തിലെത്തി ആറു മാസത്തിനകം പെട്രോളിന്റേയും ഡീസലിന്റേയും വില ഗണ്യമായി കുറക്കാനായതും എടുത്തു പറയേണ്ട സംഗതിയാണ്. ഇത് അന്താരാഷ്‌ട്ര വിപണിയില്‍ പെട്രോളിയം ഉല്‍പ്പന്ന്‌ങ്ങള്‍ക്ക് വില കുറഞ്ഞതുകൊണ്ടാണന്നും, വില കുറച്ചത് സര്‍ക്കാരല്ലല്ലോ എണ്ണ കമ്പനികളല്ലേ എന്നും വിമര്‍ശകര്‍ ചേദ്യങ്ങള്‍ ഉന്നയിക്കാം. പക്ഷെ നാം ഒരു കാര്യ വിസ്‌മരിക്കരുത്. ഇതിനുമുമ്പ് യു.പി.എ. ഭരിച്ചിരുന്ന കാലത്തും നിരവധി തവണ അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ എണ്ണ വില ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ആ അവസരത്തില്‍ ഒരിക്കല്‍ പോലും ഡീസല്‍ വില കുറക്കാനോ, പെട്രോള്‍ വിലയില്‍ കാര്യമായ മാറ്റം വരുത്താനോ പത്തുവര്‍ഷത്തില്‍ ഒരിക്കലെങ്കിലും യു.പി.എ. സര്‍ക്കാരിന് സാധിച്ചിട്ടുണ്ടോ. ഇല്ലന്നു മാത്രമല്ല കഴിഞ്ഞ പത്തു വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ഡീസലിന്റെ വിലയില്‍ കുറവു വരുത്താന്‍ തയ്യാറായിരുന്നില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തി അഞ്ചുമാസത്തിനകം ഡീസല്‍ വിലയില്‍ രണ്ടു പ്രവാശ്യമാണ് കുറവു വരുത്തിയത്. പെട്രോള്‍ വിലയില്‍ പത്തു രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.
കുറച്ചത് എണ്ണ കമ്പനികളാണെങ്കിലും അവര്‍ക്ക് അതിനുള്ള അവസരം ഒരുക്കിയത് നരേന്ദ്ര മോദി സര്‍ക്കാരണന്നത് വിസ്‌മരിച്ചു കൂടാ. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കുത്തനെ കുറഞ്ഞതും രൂപയുടെ മൂല്യം ഉയര്‍ന്നതും മൂലമാണ് വിലകുറക്കാന്‍ കമ്പനികള്‍ക്ക് ആയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്‌ന്ന നിലയിലേക്ക് പണപ്പെരുപ്പ നിരക്ക് എത്തികാനായത് മോദിസര്‍ക്കാരിന്റെ സാമ്പത്തിക രംഗത്തെ ഇടപെടല്‍ മൂലമാണ്. ക്രൂഡോയില്‍ വില നിശ്ചയിക്കമ്പോള്‍ ഡോളറിന് എതിരായ രൂപയുടെ മൂല്യം കണക്കാക്കുന്നതിനാല്‍ ആദ്യന്തര സാമ്പത്തിക രംഗത്തിന്റെ ഉണര്‍വ്വ് വിലക്കുറവിന് സഹായിക്കുന്നു. അതുകൊണ്ടു തന്നെയാണ് യു.പി.എ.യുടെ കാലത്ത് സാധിക്കാതിനരുന്ന വിലക്കുറവ് ഇപ്പോള്‍ നല്‍കാന്‍ എണ്ണ കമ്പനികള്‍ക്ക് സാധിക്കുന്നതും. സാമ്പത്തിക രംഗത്തെ അച്ചടക്കവും ദൃഢമായ നടപടികളും മൂലം രാജ്യത്തെ വിലക്കയറ്റത്തിന്റെ തോത് ക്രമേണെ കുറക്കുവാനും സാധിച്ചിരിക്കുന്നു. സാമ്പത്തിക രംഗത്ത് കൈവരിച്ച സ്ഥിരതയും വളര്‍ച്ചയും വിലക്കയറ്റത്തിന്റെ തോത് കുറച്ചുകൊണ്ടു വരികയയും ചെയ്‌തിരിക്കുന്നു. രാജ്യത്ത് വിലക്കയറ്റത്തിന് എതിരായ പ്രക്ഷോഭങ്ങളോ പ്രസ്ഥാവനകളോ ഉയരുന്നില്ലന്നു മാത്രമലമല്ല വിലക്കുറവിന്റെ ലക്ഷണങ്ങള്‍ എല്ലാ മേഖലകളിലും കണ്ടും തുടങ്ങിയിരിക്കുന്നു.
വ്യവയായികോല്‍പ്പാദന നിരക്ക് കുറഞ്ഞു വന്നതും വിദേശനിക്ഷേപകര്‍ക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ടതുമായിരുന്നു കഴിഞ്ഞ പത്തു വര്‍ഷമായി ഭാരതം നേരിട്ടുകൊണ്ടിരുന്ന മറ്റൊരു പ്രതിസന്ധി. ആ പ്രതിസന്ധികളെ മനോഹരമായി അതിജീവിക്കാന്‍ ഭാരതത്തെ പ്രപ്‌തമാക്കാനും മോദിക്കും സാധിച്ചിരിക്കുന്നു. അതിനായി സര്‍ക്കാര്‍ രൂപം നല്‍കിയ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് നല്ല പ്രതികരണമാണ് ലോകത്തെമ്പാടു നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യാവസായിക രംഗത്തെ കുതിച്ചു ചാട്ടത്തിനു മാത്രമല്ല ഭാരതത്തിലെ തൊഴിലിലില്ലാത്ത യുവാക്കള്‍ക്കും അതൊരു വലിയ അനുഗ്രഹമായി മാറിയിരിക്കുന്നു. ലോകത്തിനു മുന്നിലേക്കുള്ള ഭാരതത്തിന്റെ സിംഹച്ചുവടുകളാണ് മേക്ക് ഇന്‍ ഇന്ത്യ പദ്ധതി. നിര്‍മ്മാണമേഖലയുടെ ആഗോളകേന്ദ്രമായി രാജ്യത്തെ മാറ്റിയെടുത്ത് ലക്ഷക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എഫ്‌ഡിഐ (നേരിട്ടുള്ള വിദേശ നിക്ഷേപം) എന്നതുകൊണ്ട് എന്‍ഡിഎ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് ഫസ്റ്റ് ഡവലപ് ഇന്ത്യ എന്നതാണന്ന് പ്രധാനമന്ത്രി തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. ജപ്പാനും ചൈനയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും എല്ലാം ഭാരതത്തില്‍ മുതല്‍ മുടക്കാനും വ്യവസായങ്ങള്‍ ആരംഭിക്കുവാനും പരസ്‌പരം മത്സരിക്കുന്ന അവസ്ഥയിലേക്ക് നമ്മുടെ വ്യവസായ രംഗത്തെ മാറ്റിയെടുക്കാനും സാധിച്ചിരിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാഷ്ട്രം എന്നതുമാറ്റി ഏറ്റവും വലിയ ആയുധനിര്‍മ്മാതാവ് എന്ന നിലയിലേക്ക് ഇന്ത്യയെ മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ക്കും സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി 80,000 കോടി രൂപയുടെ പ്രതിരോധ കരാറിനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. തദ്ദേശീയമായി നിര്‍മ്മിക്കുന്ന 6 അന്തര്‍വാഹിനികളും 8,356 ടാങ്കുവേധ മിസൈലുകളും പന്ത്രണ്ട് നിരീക്ഷണ വിമാനങ്ങളും ഉള്‍പ്പെടെ വാങ്ങുന്നതിനാണ് പ്രതിരോധ ഏറ്റെടുക്കല്‍ കൗണ്‍സില്‍ അനുമതി നല്‍കിയത്. പ്രതിരോധ മേഖലയില്‍ ആവശ്യമായ സംവിധാനങ്ങള്‍ പരമാവധി രാജ്യത്ത് തന്നെ നിര്‍മ്മിക്കാനുള്ള തീരുമാനവും ഏറെ പ്രശംസ നേടി . 6000 കോടിയുടെ ഹെലികോപ്‌റ്റര്‍ ഇടപാട് റദ്ദാക്കാനും തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്ന പ്രതിരോധ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ തുകയനുവദിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം.
അതോടൊപ്പം തന്നെ രാജ്യത്ത് നിലവിലുള്ളതും പുതുതായി ആരംഭിക്കാന്‍ തയ്യാറെടുക്കുന്നതുമായ മുഴുവന്‍ സ്ഥാപനങ്ങളേയും സഹായിക്കുന്ന നിലപാടുകളും സര്‍ക്കാര്‍ സ്വീകരിച്ചു പോരുന്നു. കേരളത്തിന്റെ അഭിമാനമായ കൊച്ചി കപ്പല്‍ശാല വികസനത്തിനായി 2,700 കോടി രൂപയുടെ പദ്ധതികളാണ് കേന്ദ്രം അനുവദിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് കപ്പല്‍ശാലയ്‌ക്ക് ഇത്രയും വലിയ കേന്ദ്രസഹായം ലഭ്യമാകുന്നത്. ഇതിനു മുന്‍പത്തെ വലിയ ധനസഹായം കൈവന്നത് പത്തു വര്‍ഷങ്ങള്‍ക്കപ്പുറം വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തായിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വയബിലിറ്റി ഗ്യാപ് ഫണ്ടായി 800 കോടി രൂപ കേന്ദ്ര സഹായം അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയ്‌ക്കുള്ള സ്വകാര്യ പങ്കാളി മുടക്കുന്നതിന്റെ 40% വരെയാണ് വി.ജി.എഫ് ആയി അനുവദിക്കുക. ഇതില്‍ ആദ്യ 20 ശതമാനമാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. വ്യാവസായിക സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും സുതാര്യമാക്കുകയും ചെയ്‌തിരിക്കുന്നു.
ഇതിനെല്ലാം അപ്പുറം സാധാരണക്കാരന് ഈ നാട്ടില്‍ ഒരു ഭരണവും ഭരണാധികാരിയും ഉണ്ടന്ന് വികാരമുണ്ടാക്കിയെടുക്കാവാന്‍ കഴിഞ്ഞിരിക്കുന്നു. ചുവപ്പു നാട അഴിച്ചു നീക്കാനും, ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വം അവസാനിപ്പിക്കാനും അതുവഴി അഴിമതിയുടെ തോത് കുറച്ചു കൊണ്ടുവരുവാനും വഴിയൊരുങ്ങിയിരിക്കുന്നു. ഓഫീസുകളില്‍ സ്ഥിരമായി വൈകി വരുന്നവരെ കുടുക്കാനായി എല്ലാ ഓഫീസുകളിലും ബയോ മെട്രിക് സ്‌കാനര്‍ സംവിധാനവും ഓണ്‍ലെന്‍ അറ്റന്റന്‍സ് സംവിധാനവും നിലവില്‍ വന്നു. ആഴ്‌ചയില്‍ ഒന്നോ, രണ്ടോ ദിവസം മാത്രം ജോലി ചെയ്‌തിരുന്നവര്‍ ഇപ്പോള്‍ സമയം പോലും നോക്കാതെ പ്രയത്‌നിക്കുകയാണ് രാജ്യത്തിനുവേണ്ടി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കണമെന്ന നിര്‍ദ്ദേശം മാനിക്കുന്ന തരത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ ജീവനക്കാര്‍ മാറി കഴിഞ്ഞിരിക്കുന്നു.
പൊതുജനങ്ങള്‍ക്ക് പ്രധാനമന്ത്രിയോട് ഏത് ആവലാതിയും നേരിട്ട് ബോധിപ്പിക്കുവാനുള്ള സംവിധാനം ഒരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങി ചെന്നിരിക്കുന്നു. അതിനായി രൂപീകരിച്ചിട്ടുള്ള സര്‍ക്കാരിന്റെ പുതിയ വെബ്‌സൈറ്റ് മൈ ഗവ് (http://pmindia.gov.in/feedback.php ) സദ്‌ഭരണത്തിനുള്ള വഴിയാണ്. പരാതികളും അഭിപ്രായങ്ങളും തെളിവുകളും സമര്‍പ്പിക്കാന്‍ കഴിയും. മൊബൈലില്‍ ഫോട്ടോയെടുത്ത് സൈറ്റിലിടാന്‍ കഴിയും. സര്‍ക്കാര്‍ പദ്ധതികള്‍ക്കുള്ള പൊതു ഓഡിറ്റ് പോലെയും ഈ സൈറ്റ് പ്രവര്‍ത്തിക്കും.
അപേക്ഷകളോടൊപ്പവും മറ്റും സത്യവാങ്‌മൂലം സമര്‍പ്പിക്കാനുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സ്വയം ഒപ്പിട്ട രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയെന്ന തീരുമാനമെടുത്തുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയും സാധാരണ ജനങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതും നോട്ടറൈസു ചെയ്യന്നതുമൂലം ഉണ്ടാകുന്ന 100 മുതല്‍ 500 രൂപ വരെ ചെലവ് ഒഴിവായി കിട്ടുകയും ചെയ്യുന്നു.
രാജ്യത്തിന്റെ നിലനില്‍പ്പിന് ആധാരമായതും സമ്പദ്‌വ്യവസ്ഥയുടെ ആണിക്കല്ലുമായ കാര്‍ഷിക മേഖലയുടെ സമഗ്രമായ ഉന്നതി ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികള്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ തുടക്കം കുറിക്കുവാനും പുതിയ സര്‍ക്കാരിന് സാധിച്ചിരിക്കുന്നു. നൂതന സാങ്കേതിക വിദ്യകളുടെ പ്രയോഗത്തിലൂടെ രണ്ടാം ഹരിത വിപ്ലവമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്‌ക്കുന്നത്. കുറഞ്ഞ പലിശയ്‌ക്ക് കാര്‍ഷിക വായ്‌പ, പലിശയിളവുകള്‍, കര്‍ഷകന് സോയില്‍ കാര്‍ഡ്, കാര്‍ഷിക യൂണിവേഴ്‌സിറ്റികള്‍, ഹോര്‍ട്ടികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റികള്‍ അങ്ങനെ നിരവധിയായ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അഞ്ച് ലക്ഷം ഭൂരഹിതരായ കര്‍ഷകരെ ലക്ഷ്യമിട്ടുള്ള ?ഭൂമി ഹീന്‍ കിസാന്‍? പദ്ധതി, വിലക്കയറ്റം പിടിച്ചു നിര്‍ത്താനും കാര്‍ഷികരംഗത്തിന് കുതിപ്പുപകരാനും വില സ്ഥിരതാ ഫണ്ട്, മണ്ണിന്റെ ഗുണനിലവാരത്തകര്‍ച്ച തടയാനും കൃഷി മെച്ചപ്പെടുത്താനും രാജ്യത്തൊട്ടാകെ 100 മണ്ണു പരിശോധനാ കേന്ദ്രങ്ങള്‍, എല്ലാകര്‍ഷകര്‍ക്കും സോയില്‍ കാര്‍ഡുകള്‍, കാലാവസ്ഥാമാറ്റം കൃഷിയില്‍ വരുത്തുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആയിരം കോടിയുടെ നാഷണല്‍ അഡാപ്‌റ്റേഷന്‍ ഫണ്ട് ഫോര്‍ ക്ലൈമാറ്റിക് ചെയ്‌ഞ്ച്, പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് സ്വകാര്യ ചന്തകളും കര്‍ഷക ചന്തകളും, കാര്‍ഷിക വികസനത്തിന് രണ്ട് അഗ്രികള്‍ക്കച്ചറല്‍ യൂണിവേഴ്‌സിറ്റികള്‍ , രണ്ട് ഹോര്‍ട്ടികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റികള്‍ എന്നിവ ഇവയില്‍ ചിലതു മാത്രമാണ്. കാര്‍ഷിക രംഗത്ത് വന്‍ വളര്‍ച്ച കൈവരിക്കാന്‍ എല്ലാ കൃഷിയിടങ്ങളിലും ജലസേചന മെത്തിക്കുന്ന പ്രധാനമന്ത്രി ഗ്രാം സിഞ്ചായി യോജന പദ്ധതി നടപ്പാക്കും.
തെരെഞ്ഞെടുപ്പ് സമയത്ത് രാജ്യത്തിനു നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതാണ് എടുത്തു പറയേണ്ട പ്രധാന നേട്ടങ്ങള്‍. വിലക്കയറ്റം പിടിച്ചു നിര്‍ത്താനും, സാമ്പത്തിക രംഗത്ത് ഉണര്‍വുണ്ടാക്കാനും കഴിഞ്ഞതോടൊപ്പം തന്നെ അഴിമതി തുടച്ചു നീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കാനുമായി . നിയന്ത്രണങ്ങളും അച്ചടക്കവും ഏറ്റവും മുകള്‍ തട്ടില്‍ നിന്നും തുടക്കം കുറിച്ചു എന്നതും ശ്രദ്ധേയമാണ്. കേന്ദ്രമന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിക്കുന്നതിലും, മന്ത്രിമാര്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിലും കൊണ്ടുവന്ന നിയന്ത്രണങ്ങളും ഈ നടപടികളുടെ തുടക്കമായി. മന്ത്രിമാരും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും സ്വത്ത് വെളിപ്പെടുത്തണമെന്ന നിര്‍ദ്ദേശവും ഭരണം സുതാര്യമാകുന്നതിന്റേയും ലക്ഷണമാണ്.
വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ സൂക്ഷിച്ചിട്ടുള്ള കള്ളപ്പണം കണ്ടെ ത്തി തിരിച്ചു കൊണ്ടു വരുമെന്നതായിരുന്നു തെരെഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളില്‍ പ്രധാനപ്പെട്ടത്. അതിനുള്ള നടപടികള്‍ക്കായി ജസ്റ്റിസ് എം.ബി. ഷാ യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ പ്രഥമ കേന്ദ്രമന്ത്രിസഭാ യോഗം തന്നെ ചുമതലപ്പെടുത്തി. ഇരട്ട നികുതി സംബന്ധിച്ച് മുന്‍ സര്‍ക്കാര്‍ വിദേശരാജ്യങ്ങളുമായി ഉണ്ടാക്കിയ കരാര്‍ നിലനില്‍ക്കുന്നതിനാല്‍ അത്തരം ആളുകളുടെ പേരുവിവരം വെളിപ്പെടുത്താന്‍ ചില തടസ്സങ്ങള്‍ ഉണ്ടായെങ്കിലും മുഴുവന്‍ കള്ളപ്പണവും തിരികെ കൊണ്ടു വരുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുക തന്നെ ചെയ്‌തു. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കുള്ള സംശയം ദൂരീകരിക്കുവാന്‍ പ്രധാനമന്ത്രി തന്നെ തയ്യാറായിട്ടുള്ളതുമാണ്. പൊതുജനങ്ങളോടുള്ള പ്രധാനമന്ത്രിയുടെ റേഡിയോ സന്ദേശമായ മന്‍ കീ ബാത്തില്‍ പങ്കെടുത്ത് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞത് ''കള്ളപ്പണത്തെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ ഈ പ്രധാനസേവകനില്‍ വിശ്വാസമര്‍പ്പിക്കണം. ഈ രാജ്യത്തെ പാവങ്ങളുടെ ഒരൊറ്റ ചില്ലിക്കാശും അവശേഷിക്കാതെ തിരിച്ചുകൊണ്ടവരണം. ഇത് എന്റെ പ്രതിബദ്ധതയാണ് '' എന്നാണ്. ഇതില്‍ നിന്നു തന്നെ സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്‌ദാനം അക്ഷരം പ്രതി പാലിക്കുമെന്നും ഉറപ്പാണ്.
സര്‍ക്കാര്‍ നടപടി ആരംഭിച്ച മറ്റൊരുപ്രധാനം വാഗ്‌ദാനം കാശ്‌മീരികളുടെ പുനരധിവാസം ആയിരുന്നു. ഭീകരാക്രമണങ്ങള്‍ മൂലം അഭയാര്‍ത്ഥികളാകേണ്ടി വന്ന കാശ്‌മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിന് കേന്ദ്രസര്‍ക്കാര്‍ 500 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു കഴിഞ്ഞു. 1990 മുതല്‍ ഭീകരാക്രമണങ്ങള്‍ മൂലം ഏതാണ്ട് 57,000 കുടുംബങ്ങള്‍ കാശ്‌മീര്‍ താഴ്‌വരയില്‍ നിന്നും ജമ്മുവിലേക്കും ദല്‍ഹിയിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും പലായനംചെയ്‌തതായിട്ടാണ് കണക്കുകള്‍. ഇപ്പോള്‍ രാജ്യത്ത് 60452 കാശ്‌മീരി അഭയാര്‍ത്ഥി കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. 38119 കാശ്‌മീരി അഭയാര്‍ത്ഥി കുടുംബങ്ങള്‍ ജമ്മുവിലും 19338 കുടുംബങ്ങള്‍ ദല്‍ഹിയിലും 1995 കുടുംബങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലും രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ഇപ്പോള്‍ സര്‍ക്കാര്‍ ഒരാള്‍ക്ക് 1650 രൂപവച്ച് പരമാവധി ഒരു കുടുംബത്തിന് 6600 രുപയുടെ സഹായം ഒരുമാസം നല്‍കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളും ഇതേ രീതിയില്‍ കാശ്‌മീരി അഭയാര്‍ത്ഥികള്‍ക്ക് സഹായം എത്തിക്കുവാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗംഗാ സംരക്ഷണം എന്ന വാഗ്‌ദാനവും പൂര്‍ത്തീകരിക്കുവാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഗംഗാ സംരക്ഷണത്തെ കേവലം ഭക്തിയുടെ നിറം നല്‍കി കണ്ട് ചെറുതായി കാണാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. ഭാരതത്തിന്റെ നാലിലൊന്ന് ജനങ്ങളുടെ ജലാവശ്യം നിറവേറ്റുന്ന നദിയാണ് ഗംഗ. ഉത്ഭവസ്ഥാനം മുതല്‍ ബംഗാള്‍ സമുദ്രം വരെ 2525 കി.മീ. ആണ് ഗംഗയുടെ ദൈര്‍ഘ്യം(ഭാഗീരഥിയുടെ നീളം ഉള്‍പ്പെടെ). ഗംഗയുടെ ആകെ നീര്‍വാര്‍ച്ചാപ്രദേശം ഇന്ത്യയുടെ ആകെ വിസ്‌തൃതിയുടെ 26 ശതമാനത്തിലധികം (9,07,000 ച.കി.മീ.) വരും. ഇത്രയും വലിയ നീര്‍വാര്‍ച്ചാപ്രദേശം ഇന്ത്യയില്‍ മറ്റൊരു നദിയ്‌ക്കുമില്ല. മധ്യേന്ത്യ മുഴുക്കെ ഗംഗയുടെ നീര്‍വാര്‍ച്ചാ പ്രദേശമാണെന്നു പറയാം. വേനല്‍ക്കാലത്ത് ഹിമാലയത്തിലെ മഞ്ഞുരുകിയും കാലവര്‍ഷക്കാലത്ത്(ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ) അങ്ങനെയും, ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടാകാറുള്ള മര്‍ദ്ദവ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്ന ചുഴലിക്കൊടുങ്കാറ്റ് പെയ്യിക്കുന്ന പേമാരിയും ഗംഗയ്‌ക്ക് ജലം നല്‍കുന്നു. മിക്കവര്‍ഷങ്ങളിലും ഗംഗ കരകവിഞ്ഞൊഴുകകയും നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഈ ഗംഗയെ സംരക്ഷിക്കുക എന്നത് കേവലം ഭക്തിയുടെനിറം നല്‍കി ചെറുതായി കാണണ്ടതല്ല മറിച്ച് ഭാരതത്തിന്റെ ആത്മാവാണ് ഗംഗ.
ഇതിനെല്ലാം പുറമെ പുതിയ നിരവധിയായ ജനോപകരപ്രദമായ പദ്ധതികള്‍ക്കും തുടക്കം കുറിക്കാന്‍ സര്‍ക്കാരിനു സാധിച്ചിരിക്കുന്നു. അതില്‍ ഏറെ ശ്രദ്ധേയമായ പദ്ധതിയാണ് ഗ്രാമവികസന രംഗത്ത് വമ്പിച്ച വിപ്ലവത്തിനു വഴിയൊരുക്കുന്ന ആദര്‍ശ ഗ്രാമപദ്ധതി. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കുന്ന ഗ്രാമങ്ങളെ മാതൃകാ ഗ്രമങ്ങളാക്കി മാറ്റിക്കഴിഞ്ഞാല്‍ രണ്ടാംഘട്ടം എന്നോണം ഓരോ എംപിമാരും പ്രതിവര്‍ഷം ഒന്നെന്ന നിലയില്‍ അഞ്ച് ഗ്രാമങ്ങളെ ആദര്‍ശ ഗ്രാമങ്ങളാക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേയും എംപിമാരുടെ വികസന ഫണ്ടാണ് ഇതിനു വിനിയോഗിക്കുന്നത്. ലോക്‌സഭാംഗങ്ങള്‍ക്ക് അവരവരുടെ മണ്ഡലത്തിലെ ഗ്രാമം വികസനത്തിനു തെരഞ്ഞെടുക്കാം. രാജ്യസഭാംഗങ്ങള്‍ക്ക് അവരവരുടെ സംസ്ഥാനത്തെ ഏതു മണ്ഡലവും വികസിപ്പിക്കാം. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എംപിക്ക് രാജ്യത്തെ ഏത് പഞ്ചായത്തും തിരഞ്ഞെടുക്കാം. ഗ്രാമപഞ്ചായത്ത് ഇല്ലാത്ത നഗരപ്രദേശത്തെ ലോക്‌സഭാ എംപിക്ക്, മണ്ഡലത്തിനടുത്തുള്ളഒരു ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുക്കാം.
വിപ്ലവകരമായ മറ്റൊരു പദ്ധതി എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് ഉറപ്പാക്കുന്ന പദ്ധതിയായ ജന്‍ ധന്‍ യോജനയാണ്. സീറോബാലന്‍സില്‍ അക്കൗണ്ട് തുറക്കാം. ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. ഡെബിറ്റ് കാര്‍ഡ് നല്‍കണമെന്നും പദ്ധതിയിലുണ്ട്. ആധാര്‍ കാര്‍ഡില്ലെങ്കില്‍ പകരം ജനന സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ് എന്നിവയ്‌ക്കൊപ്പം മേല്‍വിലാസം തെളിയിക്കുന്ന രേഖ, റേഷന്‍ കാര്‍ഡ്, െ്രെഡവിംഗ് ലൈസന്‍സ്, തൊഴിലുറപ്പു പദ്ധതി കാര്‍ഡ്, ടെലിഫോണ്‍ ബില്‍, വൈദ്യുതി ബില്‍, എം. പി, എം.എല്‍.എ. പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ കത്ത് എന്നിവയും ഉപയോഗിക്കാം.
മറ്റൊരു പദ്ധതിയാണ് ഭാരതത്തെ ശുചിത്വ പൂര്‍ണ്ണമാക്കാനുള്ള സ്വച്ഛ് ഭാരത് മിഷന്‍. അഥവാ ശുചിത്വ ഭാരതം പദ്ധതി. ശുചിത്വം ഉറപ്പാക്കാനായി പ്രധാനമന്ത്രി തുടങ്ങി വച്ച ഈ പദ്ധതിക്ക് രാജ്യത്താകമാനം നിന്നും വലിയ പ്രതികരണമാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. പല പ്രമുഖരും പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് രംഗത്ത് എത്തി കഴിഞ്ഞു. ദൈവത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ഒന്നാണ് ശുചിത്വം. ശുചിത്വമെന്ന ആശയം മഹാത്മാഗാന്ധിയുടെ ഹൃദയത്തോട് വളരെ ചേര്‍ന്നു നില്‍ക്കുന്നു. 2019 ല്‍ ഗാന്ധിജിയുടെ 150 -ാമത് ജയന്തിയാണ്. ശുചിത്വപൂര്‍ണ്ണമായ ഭാരതം ബാപ്പുജിക്കുള്ള ഏറ്റവും നല്ല ശ്രദ്ധാജ്ഞലിയാക്കുവാനുള്ള ശ്രമത്തിലാണ് രാഷ്‌ട്രം. ഇതിനു പുറമേ ഈ വര്‍ഷം ശിശുദിനം മുതല്‍ ബാല്‍ സ്വച്ഛ് വര്‍ഷമായി ആഘോഷിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സ്വച്ഛ് ഭാരത് പദ്ധതിക്ക് പിന്നാലെ സ്വച്ഛ് ഇന്റര്‍നെറ്റ് പദ്ധതി നടപ്പിലാക്കാനും മോദി സര്‍ക്കാര്‍ തയ്യാറെടുത്തു കഴിഞ്ഞു. ഭാരതത്തില്‍ അശ്ലീലവെബ്‌സൈറ്റുകള്‍ വിലക്കേര്‍പ്പെടുത്താന്‍ ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയോടു ഇത്തരം സൈറ്റുകളുടെ പട്ടിക സര്‍ക്കാര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.
ചെറുകിട നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിനും അവര്‍ക്ക് കുറഞ്ഞ പലിശക്ക് ഈടില്ലാതെ വായ്‌പ ലഭ്യമാക്കുന്നതിനും മറ്റുമായി ആരംഭിച്ചിട്ടുള്ള മുദ്രാ ബാങ്ക് മറ്റൊരു ശ്രദ്ധേയമായ പദ്ധതിയാണ്.
സ്‌ത്രീ ശാക്തീകരണവും, സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി ബേഠി ബച്ചാവോ ബേഠി പഠാവോ എന്ന പദ്ധതിയുടെ ഭാഗമായി മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ മറ്റൊരു വിപ്ലവാത്മകമായ പദ്ധതിയാണ് സുകന്യാ സമൃദ്ധി യോജന. പെണ്‍കുട്ടികളുടെ പഠനവും ഭാവി ജീവിതവും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടു കൊണ്ടുവന്നതാണ് ഈ പദ്ധതി
ജീവന്‍ രക്ഷാ മരുന്നുകള്‍ അടക്കം അഞ്ഞൂറിലേറെ മരുന്നുകള്‍ കുറഞ്ഞ വിലയ്‌ക്ക് ലഭ്യമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതിയാണ് ജന്‍ ഔഷധി . പന്ത്രണ്ട് രൂപാ വാര്‍ഷിക പ്രീമിയത്തില്‍ രണ്ട് ലക്ഷം രൂപാ വരെ അപകട ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുന്ന പദ്ധതി സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നു.
വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍ തമ്മിലുള്ള ഭരണപരമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനമായ മന്ത്രിതല സമിതികള്‍ പ്രധാനമന്ത്രി പിരിച്ചുവിട്ടതും, കൈത്തറി മേഖലയെ ശക്തിപ്പെടുത്താനും നെയ്‌ത്തുകാരുടെ ശാക്തീകരണത്തിനുമായി രാജ്യത്തെ കൈത്തറി മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രമുഖ ഓണ്‍ലൈന്‍ വില്‍പ്പനക്കാരായ ഫല്‍പ്‌കാര്‍ട്ടുമായി നടപ്പിലാക്കിയ പദ്ധതി, ചൈനയുടെ കടല്‍ ആധിപത്യത്തിന് അന്ത്യം വരുത്തി പഴയ കടല്‍പ്പാതകള്‍ പുനരുജ്ജീവിപ്പിക്കുവാനുള്ള ഭാരതത്തിന്റെ പുതിയ പദ്ധതിമായ പ്രൊജക്ട് മൗസം, യുവജനങ്ങളുടെ നൈപുണ്യ ശേഷി വികസിപ്പിക്കാനുള്ള പുനര്‍ജാഗരണ്‍ പദ്ധതി. പേഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പിഐഒ) കാര്‍ഡിന്റെ കാലാവധി ആജീവനാന്തമാക്കുവാനുള്ള തീരുമാനം, ചരിത്രത്തിലാദ്യമായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച് മാനസികാരോഗ്യ നയ രൂപീ കരരണം, രാജ്യത്ത് സമഗ്രമായ തൊഴില്‍ പരിഷ്‌ക്കരണങ്ങള്‍ക്ക് തുടക്കമിട്ട പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ശ്രമേവ് ജയതേ എന്ന സമഗ്ര തൊഴില്‍ പരിഷ്‌ക്കരണ പദ്ധതിയും , ജീവന്‍രക്ഷാമരുന്നുകളുടെ വില കുറക്കുന്നതിനും വിലനിയന്ത്രണ പട്ടിക പരിഷ്‌ക്കരിക്കുവാനുമുള്ള തീരുമാനവും, ഉന്നത നീതിപീഠങ്ങളിലെ ജഡ്‌ജിമാരുടെ നിയമനത്തിന് കൊളീജിയം സമ്പ്രദായത്തില്‍ മാറ്റം വരുത്തുന്നതിനുള്ള ബില്ലും, ആസൂത്രണ കമ്മിഷന്‍ സംവിധാനം പൊളിച്ചെഴുതുവാന്‍ എടുത്ത തീരുമാനവും, ബലാത്സംഗം, കൊലപാതകം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങള്‍ ചെയ്യുന്ന 16 വയസ്സിന് മുകളിലുള്ള കുട്ടികളെ പ്രായപൂര്‍ത്തിയായതായി കണക്കാക്കി വിചാരണ ചെയ്യുല്ലതിനായി നടപ്പിലാക്കിയ ജുവനൈല്‍ നിയമ ഭേദഗതിയും, വിവരാവകാശ നിയമപ്രകാരം വിവിധ വകുപ്പുകളും മന്ത്രാലയങ്ങളും മറ്റും നല്‍കുന്ന വിശദവിവരങ്ങളും മറുപടികളും എല്ലാം ഇനി സകലര്‍ക്കും ലഭിക്കും വിധം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കാനുള്ള പദ്ധതിയും, വിതരണത്തില്‍ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീംകോടതി അനുമതി റദ്ദാക്കിയ കല്‍ക്കരിപ്പാടങ്ങള്‍ ഏറ്റെടുക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സും, പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നതിനായി സ്വീകരിച്ച നടപടികളും, പ്രധാനമന്ത്രിയുടെ യാത്രയുടെ പേരില്‍ സാധാരണക്കാരുടെ യാത്ര മുടങ്ങരെതെന്ന നിര്‍ദ്ദേശവും, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും ധനക്കമ്മി കുറയ്‌ക്കാനും പദ്ധതിയേതരച്ചെലവുകള്‍ വെട്ടിച്ചുരുക്കാന്‍ എടുത്ത തീരുമാനവും, ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ടൂറിസ്റ്റ് ബസ് ഓപ്പറേറ്റേഴ്‌സിനും ആശ്വാസം പകരുന്നതിനായി ടൂറിസ്റ്റ് ബസുകള്‍ക്ക് ഓള്‍ ഇന്ത്യാ പെര്‍മിറ്റ് നല്‍കുന്നതിനുള്ള നീക്കവും, എല്ലാം കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുള്ള നവീന പദ്ധതികളിലും പുതിയ കാല്‍വയ്‌പുകളിലും ചിലതു മാത്രമാണ്.
സാംസ്‌കാരികമായി ഭാരതത്തോട് ബന്ധപ്പെട്ടു നില്‍ക്കുന്ന നേപ്പാള്‍ , ഭൂട്ടാന്‍ , ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി ഉറച്ച ബന്ധം സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കുമ്പോഴും നമ്മുടെ നാടിന്റെ ആത്മാഭിമാനത്തെ ഉയര്‍ത്തി പിടിച്ചുകൊണ്ടു തന്നെ അമേരിക്കയും പാക്കിസ്ഥാനും ചൈനയുമായുള്ള ബന്ധങ്ങളും ഊഷ്‌മളമാക്കുവാനും സാധിച്ചിരിക്കുന്നു. കാശ്‌മീരിലെ വിഘടനവാദികളുമായി ചര്‍ച്ച നടത്താനുള്ള പാകിസ്ഥാന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്ത്യ പാകിസ്ഥാന്‍ സെക്രട്ടറി തല ചര്‍ച്ചകള്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനം ശക്തമായ സന്ദേശമാണ് നല്‍കിയത് . അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളോട് ആദ്യം സമാധാനത്തിന്റെ ഭാഷയിലും പിന്നീട് ശക്തിയുടെ ഭാഷയിലും പ്രതികരിക്കാനുള്ള തീരുമാനവും വേറിട്ടതായി.
സമാധാനത്തിന്റേയും സഹവര്‍ത്തിത്വത്തിന്റേയും ഭാഷയില്‍ സംസാരിക്കുമ്പോഴും നമ്മുടെ നാടിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികളും തുടര്‍ന്നു പോരികയും ചെയ്‌തു. ചൈന നിരന്തരമായി നടത്തുന്ന കടന്നുകയറ്റം കണക്കിലെടുത്ത് അതിര്‍ത്തിയില്‍ ഭാരതം സൈനിക വിന്യാസം ശക്തിപ്പെടുത്തി. ചൈനയുടെ പ്രതിഷേധം അവഗണിച്ചുകൊണ്ട് അതിര്‍ത്തിമേഖലയുടെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ 175 കോടിരൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. 54 പുതിയ അതിര്‍ത്തി ഔട്ട് പോസ്റ്റുകള്‍ നിര്‍മ്മിക്കുവാന്‍ നടപടി ആരംഭിക്കുകയും ചെയ്‌തു.
കേന്ദ്രം കാര്‍ഷിക വായ്‌പാ സബ്‌സിഡി നിര്‍ത്തലാക്കിയെന്നതായിരുന്നു മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്ന മറ്റൊരു വാര്‍ത്ത. എന്നാല്‍ കേന്ദ്ര ധനമന്ത്രാലയം അത് നിക്ഷേധിച്ചു. കാര്‍ഷിക വായ്‌പകള്‍ ശരിയായി തിരിച്ചടയ്‌ക്കുന്നവര്‍ക്ക് നല്‍കുന്ന പലിശ സബ്‌സിഡി തുടരുമെന്ന് ബാങ്കുകളെ മന്ത്രാലയം അറിയിച്ചുകഴിഞ്ഞു.
ഇ.പി.എഫ് പെന്‍ഷന്‍ 1000 രൂപയാക്കാനുളള തീരുമാനം മരവിപ്പിച്ചുവെന്നാണ് സര്‍ക്കാരിന് എതിരെ പ്രചരിപ്പിച്ച മറ്റൊരു ആരോപണം. എന്നാല്‍ ഈ ആരേപണവും തെറ്റായ വാര്‍ത്തയാണന്നും ആയിരം രൂപ മാസ പെന്‍ഷന്‍ കിട്ടാനുളള തീരുമാനം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതാണന്നും അതേ മാധ്യമങ്ങള്‍ക്കു തന്നെ തിരുത്തി പറയേണ്ടിയും വന്നു.
മറ്റൊരു വ്യാജ വാര്‍ത്ത ആറന്മുള വിമാന താവളത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി എന്ന തരത്തിലായിരുന്നു. ഇതും തെറ്റാണന്ന് പ്രചരണം നടത്തിയവര്‍ക്കു തന്നെ തിരുത്തി പറയേണ്ടി വന്നിരിക്കുന്നു.
കേന്ദ്ര സര്‍ക്കാര്‍ നിലകൊള്ളുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണന്നതാണ് മറ്റൊരു പ്രധാന ആരോപണം. എന്നാല്‍ ഈ സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയല്ലെന്നും പാവപ്പെട്ടവരുടേതാണെന്നും ജനങ്ങള്‍ തിരിച്ചറിയണം. ഈ സര്‍ക്കാരിന്റെ സ്‌പ്‌ന പദ്ധതികളായ രാജ്യത്തെ സ്‌കൂളുകളില്‍ ടോയ്‌ലെറ്റുകള്‍ പണിയുന്നതും ജന്‍ ധന്‍ യോജനയും , ആരോഗ്യ കാര്‍ഡും, ഗംഗാ ശുചീകരണവും, സ്വച്ഛതാ അഭിയാനും മുദ്രാ ബാങ്കും, സുകന്യ സമൃദ്ധി പദ്ധതിയും ജന്‍ഔഷധിയും തുടങ്ങിയ പദ്ധതികളും ബാങ്ക് അക്കൗണ്ട് തുറന്നതും കൃഷിനാശമുണ്ടാകുന്നവര്‍ക്കുള്ള നഷ്ട പരിഹാരത്തുക ഇരട്ടിയോളമാക്കി ഉയര്‍ത്തിയതും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയായിന്നോ അതോ ഭാരതത്തിലെ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി ആയിരുന്നോ എന്ന് ജനങ്ങള്‍ ചിന്തിക്കുക.
ഭാരത അമേരിക്ക ആണവ കരാറിന്റെ അടിസ്ഥാനത്തില്‍ ആണവ ദുരന്തമുണ്ടാകുമ്പോള്‍ ആണവ റിയാക്ടറുകള്‍ നല്‍കിയ വിദേശ രാജ്യങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടിവരില്ലായെന്നുള്ളതായിരുന്നു മറ്റൊരു വ്യാജ വാര്‍ത്ത. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ആണവ നഷ്ടബാധ്യതാ നിയമം (സിഎല്‍എന്‍ഡി) ഭേദഗതി ചെയ്യേണ്ട യാതൊരു സാഹചര്യവും ഇപ്പോഴില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ആണവദുരന്തം ഉണ്ടായാല്‍ അത് പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കൊപ്പം നല്‍കിയവര്‍ക്കും ബാധ്യതയുണ്ട്.
ഇതാണ് ഇവിടുത്തെ മാധ്യമങ്ങള്‍ പടച്ചു വിടുന്ന കള്ള പ്രചാര വേലകളുടെ തനി നിറമെന്ന് ജനങ്ങള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഇത്തരം ജനോപകാരപ്രദമായ പദ്ധതികളുമായി മുന്നോട്ടു പോകുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ അപവാദ പ്രചരണങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കുന്ന ഇടതുവലതു മുന്നണികളേയും കൂലിയെഴുത്തുകാരായ മാധ്യമങ്ങളേയും അവഗണിക്കുവാനും ഈ സര്‍ക്കാരിന് മുഴുവന്‍ ജനങ്ങളും തയ്യാറാകണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
ജനവഞ്ചകരായ ഇടതു-വലതു മുന്നണികളില്‍ നിന്നും ഒരു മോചനം കേരളത്തിലെ ജനങ്ങളും ആഗ്രഹിക്കുന്നുണ്ട്. അതിലൂടെ വീണ്ടും കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റാന്‍ കഴിയുമെന്നു പ്രത്യാശിക്കാം.
സന്തോഷ് അറയ്‌ക്കല്‍
(ബി.ജെ.പി. സംസ്ഥാന സമിതി അംഗം)
അറയ്‌ക്കല്‍ വീട്,
വെങ്ങല്ലൂര്‍ പി.ഒ.
തൊടുപുഴ- 685 608



Comments
Post a Comment