ഡല്‍ഹിയിലെ ബി.ജെ.പി.യുടെ പരാജയകാരണം വിരല്‍ ചൂണ്ടുന്നത്‌ എവിടേക്ക്‌.....?





ഡല്‍ഹിയിലെ ബി.ജെ.പി.യുടെ പരാജയകാരണം
വിരല്‍ ചൂണ്ടുന്നത്‌ എവിടേക്ക്‌.....?

എവിടെയാണ്‌ ബി.ജെ.പിക്ക്‌ പിഴച്ചത്‌......?

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലോ, അതോ ഏറെ വൈകി പാര്‍ട്ടി സംവിധാനത്തിനു പുറത്തു നിന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയേ ഇറക്കുമതി ചെയ്‌തതിലോ...? അതോ തെരെഞ്ഞെടുപ്പ്‌ നടത്താതെ കുതിര കച്ചവടത്തിലൂടെ അധികാരത്തിലെത്താന്‍ ശ്രമിക്കുന്നുവെന്ന്‌ ജനങ്ങള്‍ വിശ്വസിച്ചതോ എവിടെയാണ്‌ കുഴപ്പം അതോ തെരെഞ്ഞെടുപ്പില്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തിലോ, വോട്ടര്‍മാരോടുള്ള സമീപനത്തിലോ, എവിടെയാണ്‌ പിഴച്ചത്‌....?

എട്ടു മാസങ്ങള്‍ക്ക്‌ മുമ്പ്‌്‌ നടന്ന തെരഞ്ഞെടുപ്പില്‍ എഴുപതില്‍ അറുപത്‌്‌ സീറ്റുകളിലും ഒന്നാം സ്ഥാനത്ത്‌ എത്തിയ പാര്‍ട്ടി എങ്ങിനെ മൂന്നു സീറ്റുകളില്‍ ഒതുങ്ങി. വോട്ടിംഗ്‌ ശതമാനം 2013 നെ അ്‌ധികരിച്ച്‌ താഴെ പോയില്ലങ്കിലും സീറ്റുകള്‍ ഗണ്യമായി കുറഞ്ഞിരിക്കുന്നു.എതിര്‍പക്ഷത്തെ വോട്ടുകള്‍ ഒന്നിച്ചതുകൊണ്ടു മാത്രമാണോ ഈ പരാജയം സംഭവിച്ചത്‌

അതോ കേന്ദ്ര സര്‍ക്കാരിനോടുള്ള ജനങ്ങളുടെ എതിര്‍പ്പാണോ പരാജയകാരണം
എന്നും പറയാനാകില്ല. കാരണം അടുത്ത കാലങ്ങളില്‍ നടന്ന മറ്റ്‌ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരെഞ്ഞെടുപ്പുകളിലെല്ലാം ബി,ജെ.പി. ക്ക്‌ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കാനായിരിക്കുന്നു.

കേന്ദ്ര ഭരണം ബാധിക്കുക ഡല്‍ഹിയെ മാത്രമല്ലല്ലോ...

ഇവിടെയാണ്‌ നമ്മുടെ പാര്‍ട്ടി ഒരു പുനര്‍വിചിന്തനത്തിന്‌ തയ്യാറാകേണ്ടതെന്നു ഞാന്‍ കരുതുന്നു.

പത്തു വര്‍ഷത്തെ യു.പി.എ. ഭരണത്തില്‍ അനുഭവിച്ച കഷ്ടതകള്‍ ആണ്‌ മാറ്റി ചിന്തിക്കുവാനും കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നും തൂത്തെറിയുവാനും ബി.ജെ.പിയെ ഒറ്റയ്‌ക്കു ഭരണത്തില്‍ കയറ്റാനും ജനങ്ങളെ പ്രേരിപ്പിച്ച ചേതോവികാരം
ജനങ്ങള്‍ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും അതേ പടി നല്‍കാന്‍ നമുക്ക്‌ സാധിച്ചിട്ടുണ്ടോ എന്നതാണ്‌ പ്രശ്‌നം.
കഴിഞ്ഞ എട്ടു മാസത്തെ നരേന്ദ്രമോദിയുടെ ഭരണം രാജ്യത്തിന്റെ അന്തസ്സ്‌ ഉയര്‍ത്തുന്നതും ഭാരതത്തില്‍ ഒരു ഭരണകര്‍ത്താവ്‌ ഉണ്ടന്നു ലോകത്തെ ബോദ്ധ്യപ്പെടുത്തുന്നതും, അഴിമതി വിമുക്തവും, ദിശാ ബോധമുള്ളതും ആണന്നകാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകില്ല.
പക്ഷെ സാധാരണ ജനങ്ങള്‍ക്ക്‌ ഇതു അവരുടെ സര്‍ക്കാരാണന്നും സാദാരണക്കാരന്റെ ആവശ്യങ്ങളും ആവലാതികളും പരിഹരിക്കാന്‍ ഈ സര്‍ക്കാര്‍ പര്യാപ്‌തമാണന്നുമുള്ള ഒരു പൂര്‍ണ്ണമായ ബോധം അവരില്‍ ഉളവാക്കുവാന്‍ സാധിക്കാതെ പോയോ എന്നു കൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്‌. മറിച്ചുള്ള പ്രചാരണങ്ങള്‍ ശക്തമായി നടക്കുമ്പോള്‍ ബി.ജെ.പി. അനുഭാവികള്‍ക്കും മനസ്സിടറിയോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ഡീസലിന്റെ വില നിര്‍ണ്ണയാവകാശം കമ്പനികളെ ഏല്‌പിച്ചതും, അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കുറിവിന്റെ പൂര്‍ണ്ണ തോതിലുള്ള ആനുകൂല്യം ജനങ്ങള്‍ക്ക്‌ ലഭിക്കാതെ പോയതും, ആണവനിര്‍വ്യാപന കരാറില്‍ ഒപ്പിടാനുള്ള തീരുമാനവും, കടുത്ത നടപടികളും മുണ്ടുമുറുക്കി ഉടുക്കലുകളും ആവശ്യമായി വരുമെന്നുമുള്ള പ്രധാന മന്ത്രിയുടേയും ധനമന്ത്രിയുടേയും പ്രസ്ഥാവനകളും, പാചക വാതക സബ്‌സിഡിയെ ആധാറുമായി ബന്ധപ്പെടുത്താന്‍ എടുത്ത തീരുമാനവും, റെയില്‍വേ ചാര്‍ജ്‌ വര്‍ദ്ധനവും, ആധായനികുതി സ്ലാബുകളില്‍ കാര്യമായ ഇളവുകള്‍ ലഭിക്കാതെ പോയതും, പ്രത്യേക ഇക്കണോമിക്‌ സോണുകളും മറ്റും ഏര്‍പ്പെടുത്തുവാനുള്ള നിയമങ്ങളില്‍ ഇളവുകള്‍ വന്നതും, തൊഴില്‍ മേഖലയിലെ പരിഷ്‌കരണ നടപടികളും , പരിസ്ഥിതി വിഷയങ്ങളിലെ അഴഞ്ഞ സമീപനങ്ങളും എല്ലാം ഉയര്‍ത്തി ഇത്‌ പാവപ്പെട്ടവനും കര്‍ഷകര്‍ക്കും വേണ്ടിയുള്ള സര്‍ക്കാരല്ല മരിച്ച്‌ കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടിയുള്ള സര്‍ക്കാരാണന്നും പ്രചരിപ്പിച്ച്‌ സാധാരണക്കാരിലും അടിസ്ഥാന വര്‍ഗ്ഗത്തിലും ചാഞ്ചാട്ടം സൃഷ്ടിക്കുന്നതിലും നമ്മുടെ എതിരാളികളും മാധ്യമങ്ങളും ഒരു പരിധിയിലധികം വിജയിച്ചതും പരാജയകാരണമാണ്‌.
ഈ പ്രതികൂല സാഹചര്യങ്ങളേയും അതിജീവിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ദിശാ ബോധത്തോടെ നടപ്പിലാക്കിയ നല്ല പദ്ധതികളേക്കാള്‍ ഏറെ വീണ്ടു വിചാരം ഇല്ലാതെ നമ്മുടെ തന്നെ ചിലയാളുകള്‍ നടത്തിയ പ്രസ്ഥാവനകളും പ്രസംഗങ്ങളും, ഘര്‍വാപ്പസി പോലുള്ള പ്രോഗ്രാമുകളും സമീപകാലത്ത്‌ ഡല്‍ഹിയില്‍ നടന്നിട്ടുള്ള ചില ദേവാലയ ആക്രമണങ്ങളും, നമ്മളുമായി പുല ബന്ധം പോലും ഇല്ലാത്ത ഹിന്ദു മഹാസഭയുടെ നടപടികളും ഒക്കെയാണ്‌ പൊതു ചര്‍ച്ചയ്‌ക്ക്‌ വഴി വച്ചത്‌. ഇതും പാര്‍ട്ടിയുടെ ഇമേജിനെ തകര്‍ക്കുന്നതും ആയിരുന്നു.
അപ്പോള്‍ പലര്‍ക്കും സംശയം ഉണ്ടാകാം ഇതൊക്കെ എന്തുകൊണ്ട്‌ തൊട്ടു മമ്പ്‌ നടന്ന സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പുകളിലൊന്നും പ്രതിഫലിച്ചില്ല എന്ന്‌. എന്തുകൊണ്ട്‌ ഡല്‍ഹിയില്‍ മാത്രം...?

അതിനും മതിയായ കാരണം ഉണ്ട്‌. മറ്റ്‌ എല്ലായിടങ്ങലിലും ബി.ജെ.പിയോട്‌ ഏറ്റുമുട്ടിയത്‌ പ്രധാനമായും കോണ്‍ഗ്രസ്സോ അല്ലങ്കില്‍ അഴിമതിയുടെ ആള്‍ രൂപങ്ങളായ പ്രാദേശിക പാര്‍ട്ടികളോ ആയിരുന്നു. അവിടെ ജനങ്ങള്‍ക്ക്‌ പകരം വയ്‌ക്കാന്‍ ഒരു ചോയിസ്‌ ഉണ്ടായിരുന്നില്ല. എന്നാല്‍ ഡല്‍ഹിയില്‍ അതായിരുന്നില്ല അവസ്ഥ. അവിടെ പുതിയോരു പരീക്ഷണത്തിന്‌ ഒരു അവസരമുണ്ടായിരുന്നു. കഴിഞ്ഞ പൊതു തെരെഞ്ഞെടുപ്പില്‍ ഭാരത ജനത എങ്ങിനെ ചിന്തിച്ചോ അതേ ചിന്താ ഗതിയില്‍ തന്നെ ഡല്‍ഹി ജനതയും ചിന്തിച്ചിരിക്കുന്നു. അവര്‍ക്ക്‌ ഇവിടെ മറ്റൊരു ചോയിസ്‌ ആവശ്യമായി വന്നില്ല. മാത്രവുമല്ല ഡല്‍ഹിയിലെ അടിസ്ഥാന ജനതയേയും അതേ രീതിയില്‍ ചിന്തിപ്പിക്കാന്‍ പാകത്തിനുള്ള പ്രവര്‍ത്തന പദ്ധതികളും പ്രചരണങ്ങളും നടത്തുന്നതില്‍ കെജ്രിവാളും സംഘവും വിജയിയിക്കുകയും ചെയ്‌തിരിക്കുന്നു. എന്നാല്‍ അതിനെ പ്രതിരോധിക്കുവാനും ജനവിശ്വാസം നേടിയെടുക്കാനും ബി.ജെ.പി. പ്രവര്‍ത്തകര്‍ വേണ്ടും വിധം ശ്രമിച്ചിട്ടില്ലന്നു മാത്രമല്ല, സംഘടനാ ദൗര്‍ബല്യങ്ങള്‍ പരമകോടിയില്‍ എത്തുക കൂടി ചെയ്‌തു എന്നു വേണം കരുതാന്‍.

ഏതായാലും ഇതൊരു വഴിത്തിരവും ചൂണ്ടു പലകയും ആണന്ന കാര്യത്തില്‍ സംശയമില്ല. ഇതിന്റെ ഹാങ്‌ഓവറില്‍ നിരാശപ്പെടാതെ ആവശ്യമായ തിരുത്തലുകളും, നയവ്യതിയാനങ്ങളും വരുത്തി മുന്നോട്ടു പോയാല്‍ ഭാരതത്തിലെ ജനങ്ങള്‍ ബി.ജെ.പി.യെ നെഞ്ചിലേറ്റി വാഴ്‌ത്തിപ്പാടുമെന്ന കാര്യത്തില്‍ സംശയമില്ല. യഥാര്‍ത്ഥ ചൂണ്ടു പലകകളെ നാം തിരിച്ചറിയണമെന്നു മാത്രം.

വികസനം അതു മര്‍ത്ത്യ മനസ്സിന്നരികില്‍ നിന്ന്‌ തുടങ്ങണം,
വികസനം അതു നന്മപൂക്കും ലോകസൃഷ്ടിയ്‌ക്കാകണം.

സ്വാര്‍ത്ഥ ചിന്തകളുള്ളിലേറ്റി സുഖങ്ങളെല്ലാം കവരുവോര്‍
ചുട്ടെരിച്ചു കളഞ്ഞുവോ ഭൂമിതന്നുടെ നന്മകള്‍
നനവു കിനിയും മനസ്സുണര്‍ന്നാല്‍ മണ്ണിലിനിയും ജീവിതം
ഒരുമയോടെ നമുക്കു നീങ്ങാം തുയിലുണര്‍ത്തുക കൂട്ടരേ 

Comments