ഇവനെയൊക്കെ വെടി വച്ചു കൊല്ലണം





ഇന്ന്‌ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണല്ലോ മാവോയിസം. മാവോയിസത്തിന്റെ ആശയസംഹിതകള്‍ മനസ്സിലാക്കി ലോകം മാറ്റിമറിക്കണമെന്ന ഉത്‌ക്കട ചിന്തയോടെ അല്ലാതെ, ഒന്നും അറിയാതെ, ആക്‌ക്ഷനില്‍ പങ്കെടുക്കാതെയും സ്വയം മാവോയിസ്‌റ്റായി പോകുന്ന ഒരു വിഭാഗം ഉണ്ട്‌ ഈ നാട്ടില്‍ അവരാണ്‌ പൊതുജനം. ഇത്‌ ഒരു പരിണാമമാണ്‌ നിവൃത്തിയില്ലാത്തവന്റെ പരിണാമം. മക്കളുടെ വിദ്യാഭ്യാസത്തിനോ , വിഹാത്തിനോ വേണ്ടി അല്ലങ്കില്‍ നിത്യജീവിതത്തിന്റെ ഭാഗമായ ഏതെങ്കിലും ആവശ്യത്തിനോ വേണ്ടി ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസോ, പൊതുമേഖലാ സ്ഥാപനമോ, ഭരണാധികാര കേന്ദ്രങ്ങളോ കയറി ഇറങ്ങേണ്ടി വരുന്ന ഏതൊരു സാധാരണക്കാരനും ആത്മ നൊമ്പരത്തോടെ പറയുന്ന ഒരു വാക്കുണ്ട്‌. ഇവനെയൊക്കെ വെടി വച്ചു കൊല്ലണം. ജീവിതത്തില്‍ ഏതെങ്കിലുമൊക്കെ ആവശ്യങ്ങള്‍ക്ക്‌ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടുള്ള ഏതൊരാളും ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും പറഞ്ഞിട്ടുള്ള വാക്കായിരിക്കും ഇവനെയൊക്കെ വെടി വച്ചു കൊല്ലണം എന്നത്‌. ഒട്ടുമിക്ക ആളുകളും ഇതു പറച്ചിലിലൊതുക്കും. എന്നിട്ട്‌ ഭാര്യയുടേയോ കുഞ്ഞിന്റേയോ കാതിലോ കയ്യിലോ കിടക്കുന്ന നുറുങ്ങ്‌ സ്വര്‍ണ്ണം പണയം വച്ച്‌ കിട്ടുന്ന കാശ്‌ ഏതെങ്കിലും രാഷ്ട്രീയക്കാരനേയോ, ഏജന്റിനേയോ കൂട്ടു പിടിച്ച്‌ ഉദ്യോഗസ്ഥന്റെ അണ്ണാക്കില്‍ തള്ളി കാര്യം നേടും. മറ്റൊരു ചെറിയശതമാനം ഇതിനെതിരെ പ്രതികരിക്കാന്‍ തയ്യാറാകും. പ്രതികരിക്കാന്‍ തയ്യാറാകുന്നവരേക്കാള്‍ ശക്തരും സംഘടിതരുമാണ്‌ മേല്‍ പറഞ്ഞ പിടിച്ചു പറിക്കാര്‍ എന്നതുകൊണ്ട്‌ എന്നും ആത്യന്തിക വിജയം പിടിച്ചുപറിക്കാര്‍ക്കു തന്നെയായിരിക്കും. സാധാരണക്കാരന്റെ മനസ്സിലെ വികാരമാണ്‌ ഇവനെയൊക്കെ വെടിവച്ചു കൊല്ലണം എന്നത്‌. സത്യത്തില്‍ ആ വികാരത്തില്‍ നിന്നുമാണ്‌ നാട്ടില്‍ മാവോയിസ്‌റ്റ്‌ ചിന്തകള്‍ക്ക്‌ തുടക്കം കുറിക്കുന്നത്‌. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ ചികിത്സയും നടപടിയും തിരുത്തലുകളും ആവശ്യമായി വരുന്നത്‌ നമ്മുടെ വ്യവസ്ഥിതിക്ക്‌ ആണ്‌. വ്യവസ്ഥിതികള്‍ മാറിയാല്‍, സ്ഥിതി സമത്വം നടപ്പിലായാല്‍, ചൂഷണം അവസാനിച്ചാല്‍ നാട്ടില്‍ മാവോയിസ്‌റ്റുകള്‍ക്ക്‌ സ്ഥാനമില്ലാതാകും. അസമത്വവും അവഗണനയും സമ്മാനിക്കുന്ന മനോവിഷമങ്ങളില്‍ പെടുന്നവരെ പ്രത്യേകിച്ച്‌ യുവാക്കളെ ആകര്‍ഷിക്കുവാന്‍ ഇത്തരം സംഘടനകള്‍ക്ക്‌ സാധിക്കുന്നു. സാമൂഹിക നീതി സ്വപ്‌നം കണ്ട്‌ ഇത്തരം സംഘടനകളിലേക്ക്‌ എത്തിപ്പെടുന്നവരെ സഹായിക്കാനും സായുധരാക്കാനും ദേശവിരുദ്ധ ശക്തികള്‍ തയ്യാറാകുന്നിടത്താണ്‌ മാവോയിസ്‌റ്റുകള്‍ നാടിനു്‌ അപകടകാരികളായി മാറുന്നത്‌. ഇന്ത്യയുടെ പതനം കാംക്ഷിക്കുന്ന ചൈന പോലുള്ള വിദേശ രാജ്യങ്ങളാണ്‌ ഇത്തരം മിക്ക സംഘടനകളുടേയും സ്‌പോണ്‍സര്‍മാര്‍. അതുകൊണ്ട്‌ രണ്ടോ നാലോ മാവോയിസ്‌റ്റുകളെ പിടി കൂടിയതുകൊണ്ട്‌ ഈ വിപത്ത്‌ അവസാനിക്കുന്നില്ല. മാവോയിസ്‌റ്റ്‌ ചിന്തകള്‍ക്ക്‌ സ്ഥാനമില്ലാത്ത തരത്തില്‍ സാമൂഹിക നീതി നടപ്പിലാക്കാനാണ്‌ ശ്രമിക്കേണ്ടത്‌.

വാല്‍ക്കഷണം : പ്രിയ പോലീസുകാരെ സത്യമായും ഞാനൊരു മാവോയിസ്‌റ്റ്‌ അല്ലാട്ടോ. അടുത്ത റെഡില്‍ എന്നെ ഉള്‍പ്പെടുത്തി പകവീട്ടരുത്‌.  

Comments