ലോകാരാധ്യനായ അടല്‍ബിഹാരി വാജ്‌പേയിക്ക്‌ രാജ്യത്തെ പരോമോന്നത ബഹുമതിയായ ഭാരതരത്‌ന



ലോകാരാധ്യനായ അടല്‍ബിഹാരി വാജ്‌പേയിക്ക്‌ 

രാജ്യത്തെ പരോമോന്നത ബഹുമതിയായ ഭാരതരത്‌ന


ഈ വര്‍ഷം മുതല്‍ ഡിസംബര്‍ 25 നു ഒരു പ്രത്യേകത കൂടിയുണ്ട്‌. ഭാരതത്തിന്റെ മുന്‍ പ്രധാന മന്ത്രി ലോകാരാധ്യനായ അടല്‍ബിഹാരി വാജ്‌പേയിയുടെ ജന്മദിനം കൂടിയായ ഡിസംബര്‍ 25 ഇനി മുതല്‍ ദേശീയ സദ്‌ഭരണ ദിനമായി ആചരിക്കപ്പെടും. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തി കഴിഞ്ഞു.
ലോകം എമ്പാടുമുള്ള ആളുകള്‍ അന്ന്‌്‌ സ്‌നേഹ സന്ദേശ വാഹകനായ ക്രിസ്‌തു ദേവന്റെ ജന്മദിനം ആഘോഷിക്കുന്നു. ഒപ്പം മറ്റൊരു സ്‌നേഹ ഗായഗന്റെ കൂടി ജന്മദിനമാണ്‌ ഡിസംബര്‍ 25 . ഭാരതം കണ്ട ഏറ്റവും മാന്യനും ഒപ്പം നയതന്ത്രജ്ഞനുമായ മുന്‍ പ്രധാന മന്ത്രിയു അടല്‍ബിഹാരി വാജ്‌പേയിയുടെ ജന്മ ദിനം. ഭാരതത്തിന്റെ രാഷ്‌ട്രീയ നഭസ്സില്‍ കവിയും വാഗ്മിയും രാജനൈതിക രംഗത്തെ പ്രവര്‍ത്തകനുമായെല്ലാം നിറഞ്ഞു നിന്ന അദ്ദേഹം ഇന്ന്‌ സ്‌മൃതിനാശ രോഗബാധിതനായി ശയ്യാവലംബനായിരിക്കുകയാണ്‌. എങ്കിലും ക്രിസ്‌തു ദേവന്റെ ജന്മദിനം ആഘോഷിക്കുന്ന തിരക്കിനിടയിലും ഓരോ ഭാരതീയനും അടല്‍ബിഹായി വാജ്‌പേയി എന്ന വലിയ മനുഷ്യനേയും ഓര്‍ക്കുന്നുണ്ടാകും. എട്ടു പതിറ്റാണ്ട്‌ പിന്നിട്ട ജീവിത യാത്രയില്‍ ഏഴു പതിറ്റാണ്ടോളം കാലം പൊതുപ്രവര്‍ത്തന രംഗത്ത്‌ അദ്ദേഹം സജീവമുണ്ടായിരുന്നു. ഇപ്പോള്‍ ശയ്യാവലംബനാണെങ്കിലും ഭാരതം അഭിമുഖീകരിക്കുന്ന പല നയതന്ത്ര പ്രതിസന്ധികളിലും അദ്ദേഹത്തിന്റെ പേര്‌ ഉയര്‍ന്നു വരുന്നതും നാട്‌ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ആഗ്രഹിക്കുന്നതും സ്വാഭാവികം മാത്രമാണ്‌. ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാന മന്ത്രിമാരില്‍ ഒരാള്‍ മാത്രമായിരുന്നില്ല ഏറ്റവും നല്ല വിദേശകാര്യ മന്ത്രിയുമായിരുന്നു അദ്ദേഹം.
ജീവിതത്തിലും പ്രവര്‍ത്തിയിലും എല്ലാം മിത ഭാഷിയും മിത വാദിയും ഒക്കെ ആയിരുന്നുവെങ്കിലും രാജ്യ താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ എന്നും കര്‍ക്കശ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള വ്യക്തിയാണ്‌ വാജ്‌പേയി. പൊക്രാനിലെ അണുവിസ്‌പോടനത്തിന്റെ പേരില്‍ അമേരിക്കയും മറ്റ്‌ ലോക രാഷ്‌ട്രങ്ങളും ഭാരതത്തിനെതിരെ ഉപരോധവുമായി വന്നപ്പോള്‍ അതില്‍ തെല്ലും കൂസാതെ തൊട്ടടുത്ത ദിവസം തന്നെ വീണ്ടും രണ്ട്‌ ആണവ പരീക്ഷണങ്ങള്‍ കൂടി നടത്തികൊണ്ട്‌ ശക്തമായ മൗനത്തിലൂടെ ലോകത്തിന്‌ മറുപടി നല്‍കാനും അദ്ദേഹത്തിനു സാധിച്ചിരുന്നു. ഒപ്പം ഇന്ത്യ ആണവ ശക്തിയായി മാറിയെന്ന്‌ ലോകത്തോട്‌ വിളിച്ചു പറയാനും അദ്ദേഹത്തിനു സാധിച്ചു. എന്നു മാത്രമല്ല ഉപരോധം നീക്കാന്‍ ആവശ്യപ്പെട്ട്‌ ഭാരതീയ സര്‍ക്കാര്‍ ആരേയും സമീപിക്കുവാന്‍ തയ്യാറായതുമില്ല. പിന്നീട്‌ അവര്‍ തന്നെ ഉപരോധങ്ങള്‍ പിന്‍ വലിക്കുകയായിരുന്നു. കാര്‍ഗില്‍ യുദ്ധ സമയത്തും അതേ കാര്‍ക്കശ്യം കാത്തു സൂക്ഷിക്കാന്‍ അദ്ദേഹത്തിന്‌ കഴിഞതിനാലാണ്‌ ഇന്ത്യയുടെ ഒരു തരി മണ്ണ്‌ പോലും നഷ്‌ടപ്പെടാതെ കാത്തു സൂക്ഷിക്കുവാന്‍ കഴിഞ്ഞത്‌. ഇതിന്‌ മുമ്പ്‌ കോണ്‍ഗ്രസ്സ്‌ പ്രധാന മന്ത്രിമാരുടെ കാലത്തു നടന്ന ചൈന യുദ്ധത്തിലും പാക്കിസ്ഥാന്‍ യുദ്ധത്തിലും ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ നഷ്‌ടപ്പെടുത്തികൊണ്ട്‌ സമ്മര്‍ദ്ദത്തിനു വഴങ്ങി പാതി വഴിയില്‍ യുദ്ധ അവസാനിപ്പിച്ച മുന്‍കാല ചരിത്രങ്ങള്‍ കൂട്ടി വായിക്കുമ്പോഴാണ്‌ വാജ്‌പേയിയുടെ വിജയത്തിന്‌ തിളക്കമേറുന്നത്‌. കടന്നു കയറ്റങ്ങളേയും വെല്ലുവിളികളേയും ശക്തമായ ഭാഷയില്‍ നേരിടുമ്പോഴും സമാന്തരമായി സമാധാനത്തിന്റെ പാതയും വെട്ടിതെളിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ച വ്യക്തിയാണ്‌ വാജ്‌പേയി. ലാഹോര്‍ ബസ്സ്‌ യാത്ര അതിന്റെ ചെറിയ ഒരു ഉദാഹരണം മാത്രം.
1924 ഡിസംബര്‍ 25 ന്‌ ഗ്വാളിയോറില്‍ കൃഷ്‌ണബിഹാരി വാജ്‌പേയിയുടേയും കൃഷ്‌ണാദേവിയുടേയും മകനായിട്ടായിരുന്നു ജനനം. ആര്‍,എസ്സ്‌എസ്സ്‌ പ്രവര്‍ത്തകാനായിട്ടായിരുന്നു പൊതുപ്രവര്‍ത്തനം ആരംഭിച്ചത്‌. നന്നേ ചെറുപ്പത്തില്‍ തന്നെ സ്വാതന്ത്ര്യ സമര പേരാട്ടങ്ങളില്‍ സജിവസാന്നിദ്ധ്യമാകാനും അദ്ദേഹത്തിനു സാധിച്ചിരുന്നു. ക്വിറ്റ്‌ ഇന്ത്യ സമരത്തില്‍ പങ്കെടുത്ത്‌ സഹോദരനോടൊപ്പം ജയിലാവുകയും ചെയ്‌തു. രാഷ്‌ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദം സംബാധിച്ചിട്ടും ഒരു തൊഴില്‍ തേടി സ്വന്തം കാര്യം നോക്കി ജീവിക്കാതെ സമാജ സേവനത്തിനായി ജീവിതം സമര്‍പ്പിക്കാനാണ്‌ അദ്ദേഹം തയ്യാറായത്‌. വൈവാഹിക ജീവിതവും കുടുംബ സുഖങ്ങളും എല്ലാം ഉപേക്ഷിച്ച്‌ ആര്‍.എസ്സ്‌.എസ്സിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറിയ വാജ്‌പേയി ഇന്നും അതേ പ്രചാരക ജീവിതം തുടരുകയും ചെയ്യുന്നു.
അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തന ജീവിതം എന്നു പറയുന്നത്‌ ഒരു തുറന്ന പുസ്‌തകമാണ്‌. ആര്‍ക്കും വായിച്ചെടുക്കാവുന്ന തരത്തില്‍ അതിന്റെ താളുകള്‍ സുവ്യക്തമാണ്‌. എന്നെങ്കിലും ഭാരതത്തില്‍ ബി.ജെ.പി. അധികാരത്തില്‍ എത്തുകയാണങ്കില്‍ അതിന്റെ തലവനാവുക വാജ്‌പേയി ആയിരിക്കുമെന്ന്‌ കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. അങ്ങിനെ തന്നെ സംഭവിക്കുകയും ചെയ്‌തു. ഭാരതത്തില്‍ അധികാരത്തിലെത്തുന്ന ആദ്യത്തെ കോണ്‍ഗ്രസ്സുകാരനല്ലാത്ത പ്രധാനമന്ത്രി എന്ന ചരിത്ര പദവിക്ക്‌ അദ്ദേഹം അര്‍ഹനാവുകയും ചെയ്‌തു. സ്വാതന്ത്ര്യാനന്തരം നാല്‍പ്പത്തൊന്‍പത്‌ വര്‍ഷങ്ങള്‍ വേണ്ടി വന്നു അങ്ങിനെ ഒരു ചരിത്രം കുറിക്കാന്‍. അതിനുമുമ്പ്‌ പല കോണ്‍ഗ്രസ്‌ ഇതര സര്‍ക്കാരുകളും കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയിരുന്നെങ്കിലും അതിന്റെ എല്ലാം തലവന്‍മാര്‍ മുന്‍കാല കോണ്‍ഗ്രസ്സ്‌ നേതാക്കന്‍മാരും കോണ്‍ഗ്രസ്സ്‌ സംസ്‌കാരം ഉള്‍ക്കൊണ്ടവരും ആയിരുന്നു.
ഇന്ത്യയിലെ ആദ്യ കോണ്‍ഗ്രസ്സ്‌ ഇതര പ്രധാനമന്ത്രി എന്നു മാത്രമല്ല മറ്റ്‌ പല കാര്യങ്ങളിലും ചരിത്രം ആകാന്‍ കഴിഞ്ഞ അപൂര്‍വ്വ വ്യക്തിത്വമാണ്‌ വാജ്‌പേയിയുടേത്‌. ഐക്യരാഷ്‌ട്ര സഭയുടെ ചരിത്രത്തില്‍ ആദ്യമായി ഹിന്ദിയില്‍ പ്രസംഗിച്ച ആളും വാജ്‌പേയിയാണ്‌. 1977 ഒക്‌ടോബര്‍ നാലിന്‌ ന്യൂയോര്‍ക്കില്‍ നടന്ന മുപ്പത്തൊന്നാമത്‌ ഐക്യരാഷ്‌ട്രസഭാ സമ്മേളനത്തിലാണ്‌ വാജ്‌പേയി ഇന്തിയയെ പ്രതിനിധികരിച്ച്‌ ഹിന്ദിയില്‍ പ്രസംഗിച്ചത്‌. ജനതാ സര്‍ക്കാരിന്റെ കാലത്ത്‌ വിദേശകാര്യ വകുപ്പ്‌ മന്ത്രി ആയിരിക്കുമ്പോള്‍ വാജ്‌പേയി നടത്തിയ ചെന സന്ദര്‍ശനവും പാക്കിസ്ഥാന്‍ സന്ദര്‍ശനുവും ചരിത്രത്തിന്റെ ഭാഗമായിട്ടുള്ളതാണ്‌. വിദേശ ഇന്ത്യക്കാരെ സംബന്ധിച്ചും അവര്‍ക്ക്‌ ഒരിക്കലും മറക്കാന്‍ കഴിയാത്ത വിദേശ കാര്യ മന്ത്രിയും വാജ്‌പേയി ആയിരിക്കും. പാസ്സ്‌പോര്‍ട്ട്‌ ലഭിക്കുന്നതിന്‌ നിലനിന്നിരുന്ന കാലതാമസവും സങ്കീര്‍ണ്ണമായ നിയമകുരുക്കുകള്‍ക്കും പെലീസ്‌ അന്വേഷണ നടപടികള്‍ക്കും ഇളവ്‌ വരുത്തി ലളിതമായി പാസ്സ്‌ പോര്‍ട്ട്‌ ലഭിക്കാവുന്ന സാഹചര്യം സൃഷ്‌ടിച്ചതും വാജ്‌പേയി വിദേശകാര്യ വകുപ്പ്‌ മന്ത്രി ആയിരിക്കുമ്പോള്‍ നടത്തിയ ഇടപെടലുകളിലൂടെയാണ്‌. വര്‍ഷങ്ങള്‍ നീണ്ട നിയമക്കുരുക്കിലും രണ്ട്‌ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള തെരുവു യുദ്ധങ്ങള്‍ക്കും നിരവധി മനുഷ്യരുടെ ജീവഹാനിക്കും വരെ കാരണമായ കാവേരി പ്രപശ്‌നം നയപരമായ ഇടപെടലുകളിലൂടെ പരിഹരിച്ചതിലും വാജ്‌പേയി വഹിച്ച പങ്ക്‌ എടുത്തു പറയേണ്ടതാണ്‌. അതുപോലെ തന്നെ വാജ്‌പേയി പ്രധാന മന്ത്രി ആയിരുന്ന കാലഘട്ടത്തില്‍ ഒരിക്കല്‍ പോലും വിലക്കയറ്റത്തിന്‌ എതിരെ പ്രതിപക്ഷമോ മറ്റോ ഒരു സമരം പോലും സംഘടിപ്പിച്ചിരുന്നില്ല എന്നതും എടുത്തു പറയേണ്ട സംഗതിയാണ്‌.
മൂന്നു പ്രാവശ്യം ഭാരതത്തിന്റെ പ്രധാന മന്ത്രി പദത്തില്‍ എത്തുകയും ഒരു തവണ ഇന്ത്യുടെ വിദേശകാര്യ വകുപ്പ്‌ മന്ത്രിയായും ഒന്‍പത്‌ തവണ ലോകസഭാംഗം ആയും രണ്ടു തവണ രാജ്യ സഭാംഗം ആയും പ്രവര്‍ത്തിക്കുകയും പദ്‌മ വിഭൂഷണ്‍ അടക്കം നിരവധിയായ രാജ്യത്തിന്റെ പരമോന്നത ബഹുമതികള്‍ നേടുകയും ചെയ്‌ത്‌ നിരവധി ഹൃദയ ഹാരികളായ കവിതകള്‍ രചിക്കുകയും ചെയ്‌ത ഇപ്പോള്‍ രോഗശയ്യയില്‍ വിശ്രമ ജീവിതം നയിക്കുന്ന അടല്‍ ബിഹാരി വാജ്‌ പേയിയെ ജന്മദിനനം അല്ലാതെ മറ്റൊരു ദിനവും ഇതിനായി തെരഞ്ഞെടുക്കാനില്ല .
അദ്ദേഹത്തെക്കുറിച്ചുള്ള ഒരു ലഘു വിവരണം കൂടി ഇതിനോടൊപ്പം നല്‍കുന്നു.

ജീവിതരേഖ
ഉത്തര്‍പ്രദേശില്‍നിന്നും മധ്യപ്രദേശിലെ ഗ്വളിയോറിലേക്ക്‌ കുടിയേറിയ ഒരു ഇടത്തരം കുടുംബത്തില്‍ കൃഷ്‌ണ ദേവിയുടെയും കൃഷ്‌ണ ബിഹാരി വാജ്‌പേയിയുടെയും മകനായി 1924 ഡിസംബര്‍ 25നാണ്‌ വാജ്‌പേയി ജനിച്ചത്‌. ഗ്വാളിയറിലെ വിക്ടോറിയ കോളേജില്‍ നിന്ന്‌ സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ്‌ എന്നിവയില്‍ ഡിസ്റ്റിങ്‌ഷനോടെ ബിരുദവും കാണ്‍പൂര്‍ ഡി.എ.വി. കോളേജില്‍ (ദയാനന്ദ്‌ ആന്‍ഗ്ലോ വൈദിക്‌ മഹാവിദ്യാലയം) നിന്ന്‌ രാഷ്ട്രതന്ത്രത്തില്‍ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദവും നേടി. 1942 ലെ ക്വിറ്റ്‌ ഇന്ത്യ പ്രസ്ഥാനത്തിലൂടെ ദേശീയ രാഷ്ട്രീയത്തില്‍ പ്രവേശിച്ച വാജ്‌പേയി സ്വതന്ത്ര ഇന്ത്യയുടെ ആഭ്യന്തരവും വൈദേശികവുമായ പല നയങ്ങളും രൂപപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്‌. 1951ല്‍ ഭാരതീയ ജന സംഘത്തിന്റെയും പിന്നീട്‌ 1977-80 കാലഘട്ടത്തില്‍ ജനതാ പാര്‍ട്ടിയുടെയും സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു. 1979 ല്‍ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനത പാര്‍ട്ടി മന്ത്രിസഭ രാജിവെച്ചപ്പോള്‍ മറ്റു നേതാക്കള്‍ക്കൊപ്പം ഭാരതീയ ജനതാ പാര്‍ട്ടി എന്ന പുതിയ സംഘടന ഉണ്ടാക്കി. 1980-86 കാലയളവില്‍ അദ്ദേഹം ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രസിഡന്റായിരുന്നു. 1957ലെ രണ്ടാം ലോകസഭ മുതലിങ്ങോട്ട്‌ ഒന്‍പതു തവണ ലോകസഭയിലേക്കും രണ്ടു തവണ രാജ്യസഭയിലേക്കും ആദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. ഇത്‌ വാജ്‌പേയിക്ക്‌ മാത്രം അവകാശപ്പെടാവുന്ന നേട്ടമാണ്‌ പാര്‍ലിമെന്റിലെ പല സമിതികളിലും അദ്ദേഹം അംഗമായിരുന്നു.1977ലെ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനത പാര്‍ട്ടി മന്ത്രിസഭയില്‍ വാജ്‌പേയി വിദേശകാര്യ മന്ത്രിയായിരുന്നു.

പ്രഭാഷകനെന്ന നിലയിലും കവിയായും പ്രശസ്‌തി നേടി. 2005 ഡിസംബറില്‍ മുംബൈയില്‍ നടന്ന റാലിയില്‍ വെച്ച്‌ വാജ്‌പേയി സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചു.
ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന കാലഘട്ടം

1996 മുതല്‍ 2004 വരെ മൂന്നു പ്രാവശ്യം വാജ്‌പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്‌.

പ്രധാനമന്ത്രി പദത്തില്‍ ആദ്യ തവണ
1996ലെ പൊതു തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അന്നത്തെ രാഷ്ട്രപതിയായ ശങ്കര്‍ ദയാല്‍ ശര്‍മ്മ ബി.ജെ. പി. പാര്‍ലിമെന്ററി പാര്‍ട്ടിനേതാവായ വാജ്‌പേയിയെ മന്ത്രി സഭയുണ്ടാക്കാന്‍ ക്ഷണിച്ചു. ഇന്ത്യയുടെ പതിനൊന്നാമത്തെ പ്രധാന മന്ത്രിയായി മെയ്‌ 16ന്‌ വാജ്‌പേയി സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു. ലോകസഭയില്‍ ഭൂരിപക്ഷം തികയ്‌ക്കാന്‍ മറ്റു കക്ഷികളുടെ പിന്തുണ ലഭിക്കാതെ വന്നപ്പോള്‍ പതിമൂന്നു ദിവസത്തിനു ശേഷം അദ്ദേഹം രാജിവെച്ചു.

പ്രധാനമന്ത്രി പദത്തില്‍ രണ്ടാം തവണ
ആവശ്യത്തിനു ഭൂരിപക്ഷമില്ലാതെ രണ്ടു ഐക്യ മുന്നണി മന്ത്രിസഭകളുടെ പതനങ്ങള്‍ കാരണം 1998ല്‍ ലോകസഭ പിരിച്ചുവിട്ടു വീണ്ടും പൊതു തിരഞ്ഞെടുപ്പ്‌ നടത്തി. ഈ തിരഞ്ഞെടുപ്പിലും ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടു. മറ്റു കക്ഷികളുമായി ചേര്‍ന്ന്‌ ദേശീയ ജനാധിപത്യ സഖ്യം (എന്‍.ഡി.എ) എന്ന മുന്നണിയുണ്ടാക്കാന്‍ ബി ജെ പിക്ക്‌ കഴിഞ്ഞു. വാജ്‌പേയി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു. പിന്നീട്‌ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ എന്‍.ഡി.എ കേവല ഭൂരിപക്ഷം തെളിയിച്ചു. പക്ഷേ മന്ത്രിസഭക്ക്‌ പതിമൂന്നു മാസത്തെ ആയുസ്സുമാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടര്‍ച്ചയായി സമ്മര്‍ദം ചെലുത്തിയിരുന്ന എ. ഐ. എ. ഡി. എം. കെ. യുമായുള്ള അനുരഞ്‌ജനചര്‍ച്ചകളെല്ലാം പരാജയപ്പെട്ട്‌ മുന്നണി വിട്ടപ്പോള്‍ കേവലഭൂരിപക്ഷം നഷ്ടപ്പെട്ട വാജ്‌പേയി മന്ത്രിസഭ വിശ്വാസവോട്ടെടുപ്പില്‍ ഒരു വോട്ടിനു പരാജയപ്പെട്ടു. പ്രതിപക്ഷ കക്ഷികള്‍ക്കൊന്നും മന്ത്രിസഭയുണ്ടാക്കാനുള്ള ഭൂരിപക്ഷമില്ലാതിരുന്നതുകൊണ്ട്‌ ലോകസഭ പിരിച്ചുവിട്ടു വീണ്ടും പൊതു തിരഞ്ഞെടുപ്പ്‌ നടത്തി. വാജ്‌പേയി മന്ത്രിസഭ കാവല്‍ മന്ത്രിസഭയായി തിരഞ്ഞെടുപ്പ്‌ വരെ തുടര്‍ന്നു.

ആണവ പരീക്ഷണം
1998 മെയ്‌ മാസത്തില്‍ രാജസ്ഥാനിലെ പൊഖ്‌റാന്‍ മരുഭൂമിയില്‍വെച്ച്‌ ഇന്ത്യ രണ്ടാം ആണവ പരീക്ഷണം നടത്തി. ഭൂമിക്കടിയിലായിരുന്നു പരീക്ഷണങ്ങള്‍. ഈ പരീക്ഷണങ്ങളിലൂടെ ഇന്ത്യ സ്വയം ആണവായുധമുണ്ടാക്കുന്ന ആറാമത്തെ രാജ്യമായി. പിന്നീട്‌ യഥാര്‍ത്ഥ ആണവ പരീക്ഷണങ്ങള്‍ നടത്താതെ ആണവ വിസ്‌ഫോടനങ്ങളുടെ ശക്തി മനസ്സിലാക്കുന്നതിനുള്ള ശാസ്‌ത്രീയ മാതൃകകള്‍ക്കാവശ്യമായ വിവരങ്ങള്‍ ഈ പരീക്ഷണങ്ങളിലൂടെ ശാസ്‌ത്രജ്ഞര്‍ ശേഖരിച്ചു. അതീവ രഹസ്യമായി നടന്ന പരീക്ഷണങ്ങള്‍ വിവിധ അന്താരാഷ്ട്ര ചാരസംഘടനകള്‍ക്കോ ഉപഗ്രഹങ്ങള്‍ക്കോ കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ത്യ നടത്തിയ ആണവപരീക്ഷണങ്ങള്‍ വിവിധ ലോകരാജ്യങ്ങളുടെ പ്രതിഷേധങ്ങള്‍ക്കും നിരോധനങ്ങള്‍ക്കും കാരണമായി. പ്രധാനമന്ത്രിയുടെ ശാസ്‌ത്രീയ ഉപദേഷ്ടാവും ഡി.ആര്‍.ഡി.ഒ തലവനുമായിരുന്ന എ.പി.ജെ. അബ്ദുല്‍ കലാം, ആണവോര്‍ജ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍. ചിദംബരം, ഡി.ആര്‍.ഡി.ഒ യിലെയും ബാര്‍കിലെയും ഉന്നത ശാസ്‌ത്രജ്ഞന്മാര്‍ എന്നിവരാണ്‌ പരീക്ഷണങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചത്‌. ഓപ്പറേഷന്‍ ശക്തി എന്ന രഹസ്യനാമത്തില്‍ നടപ്പിലാക്കിയ പരീക്ഷണം പിന്നീട്‌ പൊഖ്‌റാന്‍ 2 എന്നാ പേരിലാണ്‌ അറിയപ്പെട്ടത്‌. അമേരിക്കയുടെ നേതൃത്വത്തില്‍ ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെ നയതന്ത്രബന്ധം കൊണ്ടും ഇച്ഛാശക്തികൊണ്ടും മറികടന്നത്‌ വാജ്‌പേയിയുടെ നേതൃപാടവത്തിനു ഉദാഹരണമാണ്‌.

ലാഹോര്‍ കരാര്‍
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തി മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ വാജ്‌പേയി മന്ത്രിസഭ നിരവധി നടപടികളുടെ അനന്തര ഫലമാണ്‌ സുപ്രധാന ലാഹോര്‍ കരാര്‍. 1999 ഫെബ്രുവരി 21നു ഇരു രാജ്യങ്ങളുടെ പ്രധാനമന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്‌ച്ചകള്‍ക്ക്‌ ശേഷമാണ്‌ കരാറില്‍ ഒപ്പുവെച്ചത്‌. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര വാണിജ്യ ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും ആണവനിരായുധീകരണത്തിനും കരാറില്‍ വ്യവസ്ഥ ചെയ്യുന്നു. ഡല്‍ഹിയില്‍ നിന്നും ലാഹോറിലേക്കുള്ള ബസ്‌ സര്‍വീസിന്റെ ഉല്‍ഘാടന യാത്രയിലാണ്‌ വാജ്‌പേയിയും മറ്റു നയതന്ത്രഉദ്യോഗസ്ഥരും പാകിസ്ഥാനിലേക്ക്‌ പോയത്‌. ഈ ബസ്‌ സര്‍വീസ്‌ 2001ലെ പാര്‍ലമെന്റ്‌ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ നിര്‍ത്തലാക്കിയിരുന്നു. പിന്നീട്‌ 2003 ജൂലൈയില്‍ സര്‍വീസ്‌ പുനരാരംഭിച്ചു.

കാര്‍ഗില്‍ബയുദ്ധം
കശ്‌മീരിലെ കാര്‍ഗില്‍ പ്രദേശത്ത്‌ 1999 മെയ്‌ മുതല്‍ ജൂലൈ വരെ ഇന്ത്യയും പാകിസ്‌താനും തമ്മില്‍ നടന്ന സായുധപോരാട്ടത്തെയാണ്‌ കാര്‍ഗില്‍ യുദ്ധം അഥവാ കാര്‍ഗില്‍ പോരാട്ടം എന്നു വിളിക്കുന്നത്‌. കാശ്‌മീരില്‍ ഇന്ത്യയും പാകിസ്‌താനും തത്ത്വത്തില്‍ അംഗീകരിച്ചിരിക്കുന്ന അതിര്‍ത്തിരേഖയായ നിയന്ത്രണ രേഖ ലംഘിച്ച്‌ ഇന്ത്യന്‍ പ്രദേശത്തേക്ക്‌ പാകിസ്‌താനി പട്ടാളവും കാശ്‌മീര്‍ തീവ്രവാ!ദികളും നുഴഞ്ഞു കയറിയതാണ്‌ ഈ യുദ്ധത്തിനു കാരണമായത്‌. ഇന്ത്യന്‍ വായുസേനയുടെ പിന്‍ബലത്തോടെ ഇന്ത്യന്‍ കരസേന നടത്തിയ ആക്രമണങ്ങള്‍ നിയന്ത്രണ രേഖയ്‌ക്ക്‌ പിന്നിലേക്ക്‌ പിന്മാറാന്‍ പാകിസ്‌താനെ നിര്‍ബന്ധിതമാക്കി. ജൂലൈ 26നു പോരാട്ടം അവസാനിച്ചു. ഈ ദിവസം ഇന്ത്യയില്‍ ?കാര്‍ഗില്‍ വിജയദിവസ്‌? എന്ന പേരില്‍ ആഘോഷിക്കുന്നു.

പ്രധാനമന്ത്രി പദത്തില്‍ മൂന്നാം തവണ
1999ലെ പൊതു തിരഞ്ഞെടുപ്പില്‍ 303 സീറ്റുകളില്‍ വിജയിച്ച ദേശീയ ജനാധിപത്യ സഖ്യം ലോകസഭയില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി. 1999 ഒക്ടോബര്‍ 13നു വാജ്‌പേയി പ്രധാനമന്ത്രിയായിസത്യപ്രതിജ്ഞ ചെയ്‌ത്‌ ചുമതലയേറ്റു, വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്ന മുന്നണി അഞ്ചു വര്‍ഷക്കലാവധി പൂര്‍ത്തിയാക്കുന്ന ആദ്യത്തെ കോണ്‍ഗ്രസ്‌ ഇതര മന്ത്രിസഭയാണ്‌.

ഗതാഗത സംവിധാനങ്ങളുടെ വികസനം
1998ല്‍ ദേശീയ പാതകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താന്‍ വേണ്ടി ഇന്ത്യന്‍ ദേശീയ പാത അതോറിറ്റിയുടെ മേല്‍നോട്ടത്തിലുള്ള ദേശീയ പാതാ വികസന പദ്ധതി നിലവില്‍ വന്നു. വിവിധ ഭാഗങ്ങളായി ഇതിന്റെ പ്രവര്‍ത്തങ്ങള്‍ നടന്നു. ഗ്രാമങ്ങളിലേക്കുള്ള റോഡുകളുടെ വികസനത്തിനായി 2000 ഡിസംബറില്‍ പ്രധാന മന്ത്രി ഗ്രാമ സദക്‌ യോജന എന്ന പേരില്‍ ഗ്രാമവികസന മന്ത്രാലയത്തിന്റെ കീഴില്‍ മറ്റൊരു പദ്ധതിയും ആവിഷ്‌കരിച്ചു. ഗ്രാമങ്ങളിലേക്കുള്ള റോഡ്‌ ഗതാഗതം അവയുടെ കാര്‍ഷിക സാമ്പത്തിക വളര്‍ച്ചക്ക്‌ ഉപകരിക്കും എന്ന്‌ പദ്ധതി വിഭാവനം ചെയ്യുന്നു. ഈ പദ്ധതിയുടെ മുഴുവന്‍ സാമ്പത്തിക ചിലവുകളും കേന്ദ്ര ഗവണ്മെന്റ്‌ ആണ്‌ വഹിക്കുക

വിദേശ നയം
പല വിദേശരാജ്യങ്ങളുമായുള്ള നയതന്ത്ര, വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ വാജ്‌പേയിയുടെ മന്ത്രിസഭക്ക്‌ കഴിഞ്ഞു. ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണത്തിനുള്ള സുപ്രധാന നാഴികക്കല്ലായി. ചൈനയുമായി വാണിജ്യബന്ധങ്ങള്‍ക്കും അതിര്‍ത്തി തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിനും ധാരണയായി. പ്രതിരോധ മേഖലയിലെ സഹകരണത്തിന്‌ ഇസ്രായേല്‍, റഷ്യ, ഫ്രാന്‍സ്‌ തുടങ്ങിയ രാജ്യങ്ങളുമായും കരാറുകളില്‍ ഏര്‍പ്പെട്ടു.

സാമ്പത്തിക നവീകരണം 
സാമ്പത്തിക ഉദാരീകരണം വിപുലപ്പെടുത്തുക വഴി ധാരാളം വിദേശനിക്ഷേപം ഇന്ത്യയിലുണ്ടായി. പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്വകാര്യവല്‍ക്കരണവും ബാങ്കിംഗ്‌ മേഖലയിലെ സ്വകാര്യ നിക്ഷേപവും ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ചക്ക്‌ കാരണമായി.

വഹിച്ച പ്രധാന പദവികള്‍
1951 സ്ഥാപക അംഗം, ഭാരതീയ ജനസംഘം
1957 ലോകസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു
195777 ജനസംഘത്തിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്‌
1962 രാജ്യസഭാഗം
1966-67 ഗവണ്മെന്റ്‌ അസ്സുരന്‍സ്‌ കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍
1967 ലോകസഭയിലേക്ക്‌ രണ്ടാംവട്ടം തിരഞ്ഞെടുക്കപ്പെട്ടു
1967-70 പബ്ലിക്‌ അക്കൌണ്ട്‌സ്‌ കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍
1968-73 ഭാരതീയ ജനസംഘത്തിന്റെ പ്രസിഡന്റ്‌
1971 ലോകസഭയിലേക്ക്‌ മൂന്നാം പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടു
1977 ലോകസഭയിലേക്ക്‌ നാലാം പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടു
1977-79 കേന്ദ്രമന്ത്രി, വിദേശ കാര്യം
1977-80 സ്ഥാപക അംഗം, ജനതാ പാര്‍ട്ടി
1980 ലോകസഭയിലേക്ക്‌ അഞ്ചാം പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടു
1980-86 ഭാരതീയ ജനതാ പാര്‍ട്ടിയുടെ(ബി.ജെ.പി.) പ്രസിഡന്റ്‌
1980-84 ഭാരതീയ ജനതാ പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്‌
1986 രാജ്യസഭാഗം, ജെനറല്‍ പര്‍പ്പസ്‌ കമ്മിറ്റി അംഗം
1988-90 വാണിജ്യ ഉപദേശക സമിതിയില്‍ അംഗം
1990-91 പെറ്റിഷന്‍സ്‌ കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍
1991 ലോകസഭാഗം (ആറാം പ്രാവശ്യം)
1991-93 പബ്ലിക്‌ അക്കൌണ്ട്‌സ്‌ കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍
1993-96 ലോകസഭയിലെ പ്രതിപക്ഷ നേതാവ്‌; വിദേശ കാര്യസമിതിയുടെ അദ്ധ്യക്ഷന്‍
1996 ലോകസഭാഗം (ഏഴാം തവണ)
1996 മെയ്‌ 16 മുതല്‍ മെയ്‌ 31 വരെ പ്രധാന മന്ത്രി(13 ദിവസം), വിദേശ കാര്യം, വിവര സാങ്കേതിക വിദ്യ, വാര്‍ത്താവിനിമയം, തുടങ്ങിയ നിരവധി വകുപ്പുകള്‍
1996 - 97 ലോകസഭയിലെ പ്രതിപക്ഷ നേതാവ്‌
1997 -98 വിദേശ കാര്യസമിതിയുടെ അദ്ധ്യക്ഷന്‍
1998 ലോകസഭാഗം (എട്ടാം തവണ)
1998 -99 പ്രധാന മന്ത്രി; വിദേശ കാര്യം, മറ്റു മന്ത്രിമാര്‍ക്ക്‌ നല്‍കിയിട്ടില്ലാത്ത എല്ലാ വകുപ്പുകളും
1999 ലോകസഭാഗം (ഒന്‍പതാം പ്രാവശ്യം)
1999 2004 പ്രധാന മന്ത്രി; മറ്റു കേന്ദ്ര മന്ത്രിമാര്‍ക്ക്‌ നല്‍കിയിട്ടില്ലാത്ത എല്ലാ വകുപ്പുകളും

പുരസ്‌കാരങ്ങള്‍
പത്മ വിഭൂഷണ്‍ (1992)
ഏറ്റവും മികച്ച പാര്‍ലമെന്റേറിയന്‍ (1994)
ലോക മാന്യ തിലക്‌ പുരസ്‌കാരം (1994)
കാണ്‍പൂര്‍ സര്‍വകലാശാലയുടെ ഡോക്ടരേറ്റ്‌ (1993)

കൃതികള്‍
പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി തിരഞ്ഞെടുത്ത പ്രസംഗങ്ങള്‍ (2000)
ഇന്ത്യയുടെ വിദേശ നയത്തിന്റെ പുതിയ മാനങ്ങള്‍ (1977 -79 വരെ വിദേശകാര്യ മന്ത്രിയായിരുന്ന കാലത്ത്‌ നടത്തിയ പ്രസംഗങ്ങളുടെ സമാഹാരം)
പാര്‍ലമെന്റില്‍ നാല്‌ പതിറ്റാണ്ട്‌ (ഇംഗ്ലീഷ്‌) 1957 -95 കാലത്ത്‌ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗങ്ങള്‍ (4 ഭാഗങ്ങള്‍)

കാവ്യങ്ങള്‍
ഇരുപത്തിയൊന്ന്‌ കവിതകള്‍. (2003)
ക്യാ ഖോയാ ക്യാ പായാ (1999)
മേരി ഇക്യാവനാ കവിതായേം (1995)
ശ്രേഷ്‌ഠ കവിത (1997)  

Comments