ആ നല്ല ദിനങ്ങളിലേക്കുള്ള ഉറച്ച ചുവട് വയ്പിന്റെ ആറു മാസങ്ങള്‍
(കടുത്ത വിമര്‍ശകരെ പോലും അനുകൂലികള്‍ ആക്കി മാറ്റുന്ന മോദി മാജിക്കിന്
ഇന്ന് (26- 11 - 2014) ആറു മാസം തികയുന്നു. )
നരേന്ദ്ര മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ 2014 മെയ് 26 നു മുമ്പു വരെ നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകരായിരുന്നവരെ പോലും അനുകൂലികള്‍ ആക്കി മാറ്റാന്‍ ആറുമാസത്തെ തന്റെ ഭരണ നൈപുണ്യത്താല്‍ ഭാരതത്തിന്റെ പ്രധാന മന്ത്രി ഛത്രപതി നരേന്ദ്രമോദിക്ക് സാധിച്ചിരിക്കുന്നു. ഭരണത്തിന്റെ ഓരോ ദിവസങ്ങള്‍ പിന്നിടുമ്പോഴും എതിര് സ്വരങ്ങള്‍ കുറഞ്ഞു വരുന്നു എന്നു മാത്രമല്ല കടുത്ത എതിരാളികളായിരുന്നവര്‍ പോലും ഇപ്പോള്‍ മോദിയുടേയും സര്‍ക്കാരിന്റേയും കടുത്ത ആരാധകരായും മാറുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. എതിരാളികള്‍ക്ക് സര്‍ക്കാരിന് എതിരെ അരോപണങ്ങള്‍ ഉന്നയിക്കാന്‍ പോലും കഴിയാത്ത വിധം ഭരണ രംഗത്തും പൊതു രംഗത്തും അടിമുടി ഉടച്ചു വാര്‍ക്കലിന് തുടക്കം കുറിക്കാനായതും ഈ സര്‍ക്കാരിന്റെ പ്രധാന നേട്ടമാണ്. സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവുമായ രംഗങ്ങളിലെല്ലാം തകര്‍ന്നു കൊണ്ടിരുന്ന ഒരു രാഷ്ട്രത്തെ കൈപിടിച്ചുയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ തുടക്കം കുറിക്കാനായി എന്നതും അഭിമാനാര്‍ഹമായ നേട്ടമാണ്.
രാജ്യത്തിന്റെ വളര്‍ച്ചനിരക്ക് അഞ്ച് ശതമാനത്തില്‍ താഴെപ്പോകുകയും നാണ്യപ്പെരുപ്പം ആശങ്കാജനകമായ വിധത്തില്‍ ഉയര്‍ന്ന് നില്‍ക്കുകയും വ്യാവസായികോത്പാദന നിരക്ക് കുറഞ്ഞുവരികയും വിദേശനിക്ഷേപകര്‍ക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ട് വരികയും ചെയ്യുന്ന പശ്ചാത്തലത്തിലായിരുന്നു കേന്ദ്രത്തില്‍ ഭരണമാറ്റമുണ്ടായത്. അധികാരത്തിലെത്തിയപ്പോള്‍ ജനങ്ങളുടെ വലിയ പ്രതീക്ഷകളെ ആ കടുത്ത യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടുത്തുക എന്നതായിരുന്നു മോദി സര്‍ക്കാര്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി . പക്ഷെ ആ വെല്ലുവിളി സധൈര്യം നേരിട്ട് മറികടക്കുവാന്‍ ഭാരതത്തിന് കഴിയുമെന്ന് ജനങ്ങളെ ചുരുങ്ങിയ കാലത്തിനുള്ളില്‍ ബോദ്ധ്യപ്പെടുത്തുവാന്‍ നരേന്ദ്ര മോദിക്ക് സാധിച്ചിരിക്കുന്നു.
വൈക്ത്യകമായ നേട്ടങ്ങളും ആനുകൂല്യങ്ങളും ആഗ്രഹിച്ചിരുന്നവര്‍ക്ക് അതു പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നല്കാന് ആയില്ലങ്കിലും നാടിന്റെ നന്മയെ ആഗ്രഹിക്കുന്നവര്‍ക്ക് എക്കാലവും സംതൃപ്തി നല്കുന്ന നടപടികളുടെ തുടക്കം തന്നെയാണ് ഉണ്ടായിട്ടുള്ളത്. വ്യത്യസ്ഥമായ നയങ്ങളും പരിപാടികളും ഉള്ള പാര്‍ട്ടി എന്ന ബി.ജെ.പി. യുടെ മുദ്രാവാക്യത്തെ അര്‍ത്ഥവത്താക്കി വ്യത്യസ്ഥമായ ഒരു ഭരണം പ്രധാനം ചെയ്യുവാനും മോദിക്കും സംഘത്തിനും ആയിരിക്കുന്നു. തെരെഞ്ഞെടുപ്പ് സമയത്ത് പറഞ്ഞിരുന്ന മുഴുവന്‍ വാഗ്ദാനങ്ങളും സമയ ബന്ധിതമായി നടപ്പിലാക്കുവാനുള്ള പദ്ധികള്‍ക്ക് തന്നെയാണ് പിന്നിട്ട് ചുരുങ്ങിയ സമയത്തിനുള്ളില്‍ രൂപം നല്കിയിട്ടുള്ളതും.
നരേന്ദ്രമോദി സര്‍ക്കാരിന്റെ ഇത്രയും നാളത്തെ ഭരണം തദ്ദേശീയരും വിദേശവാസികളുമായ ഭാരതീയര്‍ക്ക് ഇവിടെയൊരു സുശക്തമായ സര്‍ക്കാരും അതിനെ നയിക്കാന്‍ പ്രാപ്തനായ ഒരു പ്രധാനമന്ത്രിയുമുണ്ട് എന്ന ആത്മവിശ്വാസമുണ്ടാക്കാന്‍ പര്യാപ്തമായി എന്നതില്‍ സംശയമില്ല. ഇറാക്കില്‍ കുടുങ്ങിയ നഴ്സുമാരെ തിരിച്ചു കൊണ്ടു വരാന്‍ കാണിച്ച നയതന്ത്രജ്ഞത സാധാരണ ജനങ്ങളുടെ വരെ അഭിനന്ദനം ലഭിക്കാന്‍ ഇടയാക്കി. ഇന്ന് ഭാരതീയര്‍ മാത്രമല്ല മൂന്നാം ലോക രാഷ്ട്രങ്ങളും എല്ലാം നരേന്ദ്രമോദിയില്‍ ഒരു ലോക രക്ഷകനെ കാണുന്നു. ഭാരതത്തിനകത്തും പുറത്തും നമ്മുടെ പ്രധാന മന്ത്രി കടന്നു പോകുന്ന ഒരോ വഴിത്താരകളിലും അദ്ദേഹത്തെ കാണാനും , പരിചയപ്പെടുവാനും ആ വാക്ധോരണി ശ്രവിക്കുവാനും ആളുകള്‍ കൂട്ടംകൂടുന്ന കാഴ്ചയാണ് എവിടെയും കാണാന്‍ കഴിയുന്നത്. ഏറ്റവും ഒടുവിലായി കഴിഞ്ഞ ആഴ്ച ജി-20 ഉച്ചകോടിയില്‍ പങ്കെടുത്തതിനു ശേഷം സിഡ്നിയില്‍ അദ്ദേഹം പങ്കെടുത്ത മഹാ സമ്മേളവും യു.എസ്. പര്യടന സമയത്ത് സങ്കടിപ്പിക്കപ്പെട്ട യോഗങ്ങളും എല്ലാം ഇതിന്റെ പ്രതിഫലനങ്ങളില്‍ ചിലതു മാത്രമാണ്.
അമേരിക്കക്കും സോവിയറ്റ് യൂണിയനും അഭിമുഖമായി പാര്‍ശവല്‍ക്കിക്കപ്പെട്ടിരുന്ന ലോക രാഷ്ട്ര സംവിധാനം സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ അമേരിക്കന്‍ സാമ്രാജ്യത്തിന്റെ കീഴില്‍ ഏകമുഖമായി മാറുകയും അമേരിക്ക ലോക പോലീസ് ചമയുന്ന കാഴ്ചയുമാണ് പീന്നീട് കാണാനായത്. ഐക്യ രാഷ്ട്ര സഭയെ നോക്കുകുത്തിയാക്കി മാറ്റി ഐ.എം.എഫിന്റേയും ലോക ബാങ്കിന്റേയും നിയന്ത്രണങ്ങള്‍ ഏറ്റെടുത്ത അമേരിക്കന്‍ സാമ്രാജ്യത്ത വാദം മൂന്നാം ലോക രാഷ്ട്രങ്ങളെ ഞെക്കിപിഴിയുന്ന കാല ഘട്ടത്തിലാണ് ഭാരതത്തില്‍ ഭരണ മാറ്റം ഉണ്ടാകുന്നതും നരേന്ദ്ര മോദി ഭാരതത്തിന്റെ പ്രധാന മന്ത്രിയായി അധികാരം ഏല്‍ക്കുന്നതും. പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷമുള്ള മോദിയുടെ ഓരോ നീക്കങ്ങളും മൂന്നാം ലോക രാഷ്ട്രങ്ങള്‍ക്ക് കരുത്തു പകരുന്നതും അമേരിക്കന്‍ സാമ്രാജ്യത്വത്തെ വെല്ലുവിളിക്കാന്‍ കഴിയുന്ന നിലയിലേക്ക് ഒരു ബദല്‍ രൂപീകരിക്കാന്‍ പ്രാപ്തമാണന്നും ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. അതിന്റെ ആദ്യ പടിയായിരുന്ന ഐ.എം.എഫിനും ലോക ബാങ്കിനും ബദലായി ബ്രിക്സ് ബാങ്ക് രൂപീകരിക്കുവാനുള്ള നീക്കവും അതിന്റെ പ്രഥമ അദ്ധ്യക്ഷ സ്ഥാനം ഭാരതത്തിന് ലഭ്യമാക്കാനായതും. ഇന്നലകളില്‍ വിവിധ രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആഗോള സഭകളില്‍ കാഴ്ചക്കാരന്റെ റോളിലായിരുന്നു ഭാരത ഭരണത്തലവന്മാര് ഇരുന്നിരുന്നതെങ്കില്‍ ഇന്ന് അത് നേതാവിന്റെ റോളിലേക്ക് മാറ്റിയെടുക്കാന്‍ ഭാരതത്തിന്റെ പ്രധാന മന്ത്രിക്ക് സാധിച്ചിരിക്കുന്നു. കഴിഞ്ഞ ആറുമാസങ്ങള്‍ക്കുള്ളില്‍ നടന്ന എല്ലാ ഉച്ചകോടികളിലും ഭാരതത്തിന്റെ വാക്കുകള്‍ക്ക് വില കല്പിക്കുവാനും ഭാരതത്തെ അംഗീകരിക്കുവാനും ലോക രാഷ്ട്രങ്ങള്‍ തയ്യാറായതിന്റെ നേര്‍ചിത്രങ്ങള്‍ മാത്രമെ കാണുവാനുണ്ടായിരുന്നുള്ളൂ. ഒരിക്കല്‍ ലോകത്തിനു മുഴുവന്‍ വെളിച്ചവും വഴിയും ആയി മാറാന്‍ ഭാരതത്തിനു കഴിഞ്ഞിരുന്നെങ്കില്‍ , ഇന്ന് അതേ പാതയിലേക്ക് ഭാരതത്തെ വിണ്ടും നയിക്കുവാനുള്ള തുടക്കം കുറിക്കുവാന്‍ മോദി സര്‍ക്കാരിനായിരിക്കുന്നു.
കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആധികാരത്തില്‍ എത്തിയപ്പോള്‍ തന്നെ ഈ സര്‍ക്കാരിന് എതിരെയുള്ള അപവാദ പ്രചരണങ്ങള്‍ക്കും തുടക്കം കുറിക്കാന്‍ മിക്ക മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത് എത്തിയിരുന്നു. ഈ സര്‍ക്കാര്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് അടിമപ്പെട്ട് കുത്തകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഒപ്പമാണ് നിലകൊള്ളുന്നത് എന്നതായിരുന്നു അവര്‍ ഉന്നയിച്ച പ്രധാന ആരോപണം. എന്നാല്‍ സ്വന്തം പ്രവര്‍ത്തനങ്ങള്‍കൊണ്ടു തന്നെ തങ്ങള്‍ ആരുടെയൊപ്പമാണന്ന് തെളിയിക്കാന്‍ മോദി സര്‍ക്കാരിനു കഴിഞ്ഞിരിക്കുന്നു. ഇടതു പക്ഷങ്ങളുടെ പ്രത്യക്ഷ പിന്തുണയോടെയും പിന്നീട് അവരുടെ പരോക്ഷ പിന്തുണയോടെയും ഭരിച്ച യു.പി.എ. സര്‍ക്കാരുകളും, മൂന്നാം മുന്നണി സര്‍ക്കാരുകളുമെല്ലാം യാതൊരു തത്വ ദീക്ഷയുമില്ലാതെ കര്‍ഷകരുടേയും, സാധാരണക്കാരന്റേയും താത്പര്യങ്ങളെ പരിഗണിക്കാതെ അന്താരാഷ്ട്ര കരാറുകളില്‍ ഒപ്പിടുന്ന പതിവാണ് മുമ്പ് ഉണ്ടായിരുന്നത്. അമേരിക്കയുടെ കണ്ണുരുട്ടലുകള്‍ക്ക് മുന്നില്‍ പിടിച്ചു നില്ക്കാന് ഇടതുപക്ഷത്തിനോ കോണ്‍ഗ്രസ്സിനോ സാധിച്ചിരുന്നുമില്ല.
എന്നാല്‍ സ്വതന്ത്ര വ്യാപാരം സുഗമമാക്കാനുള്ള ലോക വ്യാപാര സംഘടനാ ഉടമ്പടിയില്‍ ഒപ്പിടുവാനുള്ള ലോക രാജ്യങ്ങളുടേയും അമേരിക്കയുടേയും സമര്‍ദ്ദത്തെ നരേന്ദ്ര മോദി സര്‍ക്കാര്‍ വകവച്ചില്ലന്നു മാത്രമല്ല, വ്യവസ്ഥകളില്‍ മാറ്റം വരുത്താതെ അതില്‍ ഒപ്പിടാനാവില്ല എന്ന ധീരോദാത്തമായ നിലപാടാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചത്. പാവപ്പെട്ടവന്റെ പാത്രത്തില്‍ ആഹാരം കിട്ടുന്നതും, കര്‍ഷകരുടെ നിലനില്‍പ്പ് ഉറപ്പാക്കുന്നതും അല്ലാത്ത ഒരു കരാറുകളിലും ഇനി ഭാരതം ഒപ്പിടൂകയില്ല എന്ന ഉറച്ച നിലപാട് ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാന മന്ത്രി എടുത്തത.് അമേരിക്കന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി വ്യാപാരക്കരാറുകള്‍ക്ക് വിധേയമാകുന്ന മുന്‍ നയങ്ങളുപേക്ഷിച്ച ഭാരതം രാജ്യത്തിനു ദോഷകരമായ ലോക വ്യാപാര സംഘടനാ ഉടമ്പടിയില്‍ ഒപ്പുവെയ്ക്കില്ലെന്ന് വ്യക്തമാക്കി. എന്നു മാത്രമല്ല ആ കരാറു തന്നെ അസ്ഥിരപ്പെടുത്താനായതും പീന്നീട് ഭാരതത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വ്യവസ്ഥകളില്‍ മാറ്റം വരുത്താനായതും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയമാണ്. അമേരിക്കന്‍ നിര്‍മ്മിത ജാവലിന്‍ മിസൈലുകള്‍ക്ക് പകരം ഇസ്രേയേലിന്റെ ടാങ്ക്വേധ മിസൈലുകള്‍ വാങ്ങാന്‍ കരസേന തീരുമാനിച്ചതും അമേരിക്കന്‍ അനുകൂല നയങ്ങളില്‍ നിന്നുമുള്ള വ്യതിചലനമാണ്.
ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ പരീക്ഷണം നിര്‍ത്തിവക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിതാണ് മറ്റൊരു നടപടി. ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ ഭാരതത്തിന്റെ തനതായ കാര്‍ഷിക സമ്പത്തിനെ നശിപ്പിക്കുമെന്നും, വിത്തുകള്‍ സ്വന്തമാക്കുന്ന ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് രാജ്യവും കര്‍ഷകരും അടിമകളാകുമെന്ന ആശങ്കകള്‍ നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജനിതക മാറ്റം വരുത്തിയ വിത്തുകളുടെ പരീക്ഷണം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്.
ഭരണത്തിന്റെ ഓരോ തലങ്ങളിലും തന്റെ കയ്യൊപ്പു ചാര്‍ത്തുവാനും മാറ്റം കൊതിച്ച ജനതക്കു മുന്നില്‍ അതിനനുസരിച്ചുള്ള മാറ്റം സൃഷ്ടിക്കാനായതും ഒന്നൊന്നായി നമുക്ക് അനുഭവ വേദ്യമായി തുടങ്ങിയിരിക്കുന്നു. അധികാരത്തിലെത്തി ആറു മാസത്തിനകം പെട്രോളിന്റേയും ഡീസലിന്റേയും വില ഗണ്യമായി കുറക്കാനായതും എടുത്തു പറയേണ്ട സംഗതിയാണ്. ഇത് അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിയം ഉല്‍പ്പന്ന്ങ്ങള്‍ക്ക് വില കുറഞ്ഞതുകൊണ്ടാണന്നും, വില കുറച്ചത് സര്‍ക്കാരല്ലല്ലോ എണ്ണ കമ്പനികളല്ലേ എന്നും വിമര്‍ശകര്‍ ചേദ്യങ്ങള്‍ ഉന്നയിക്കാം. പക്ഷെ നാം ഒരു കാര്യ വിസ്മരിക്കരുത്. ഇതിനുമുമ്പ് യു.പി.എ. ഭരിച്ചിരുന്ന കാലത്തും നിരവധി തവണ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണ വില ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ആ അവസരത്തില്‍ ഒരിക്കല്‍ പോലും ഡീസല്‍ വില കുറക്കാനോ, പെട്രോള്‍ വിലയില്‍ കാര്യമായ മാറ്റം വരുത്താനോ പത്തുവര്‍ഷത്തില്‍ ഒരിക്കലെങ്കിലും യു.പി.എ. സര്‍ക്കാരിന് സാധിച്ചിട്ടുണ്ടോ. ഇല്ലന്നു മാത്രമല്ല കഴിഞ്ഞ പത്തു വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ഡീസലിന്റെ വിലയില്‍ കുറവു വരുത്താന്‍ തയ്യാറായിരുന്നില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തി അഞ്ചുമാസത്തിനകം ഡീസല്‍ വിലയില്‍ രണ്ടു പ്രവാശ്യമാണ് കുറവു വരുത്തിയത്. പെട്രോള്‍ വിലയില്‍ പത്തു രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.
കുറച്ചത് എണ്ണ കമ്പനികളാണെങ്കിലും അവര്‍ക്ക് അതിനുള്ള അവസരം ഒരുക്കിയത് നരേന്ദ്ര മോദി സര്ക്കാരണന്നത് വിസ്മരിച്ചു കൂടാ. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കുത്തനെ കുറഞ്ഞതും രൂപയുടെ മൂല്യം ഉയര്‍ന്നതും മൂലമാണ് വിലകുറക്കാന്‍ കമ്പനികള്‍ക്ക് ആയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പണപ്പെരുപ്പ നിരക്ക് എത്തികാനായത് മോദിസര്‍ക്കാരിന്റെ സാമ്പത്തിക രംഗത്തെ ഇടപെടല്‍ മൂലമാണ്. 2.38 ശതമാനമായിരുന്നു സെപ്തംബര്‍ മാസത്തെ പണപ്പെരുപ്പം. ഓഗസ്റ്റ് മാസത്തില്‍ മൊത്തവിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 3.74 ശതമാനമായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 5.15ല്‍ നിന്ന് 3.52 ശതമാനമായും ഉത്പാദനമേഖലിയിലെ പണപ്പെരുപ്പം 3.45ല്‍ നിന്ന് 2.84 ശതമാനമായും താഴ്ന്നിട്ടുണ്ട്. ക്രൂഡോയില്‍ വില നിശ്ചയിക്കമ്പോള്‍ ഡോളറിന് എതിരായ രൂപയുടെ മൂല്യം കണക്കാക്കുന്നതിനാല്‍ ആദ്യന്തര സാമ്പത്തിക രംഗത്തിന്റെ ഉണര്‍വ്വ് വിലക്കുറവിന് സഹായിക്കുന്നു. അതുകൊണ്ടു തന്നെയാണ് യു.പി.എ.യുടെ കാലത്ത് സാധിക്കാതിനരുന്ന വിലക്കുറവ് ഇപ്പോള്‍ നല്കാന് എണ്ണ കമ്പനികള്‍ക്ക് സാധിക്കുന്നതും. സാമ്പത്തിക രംഗത്തെ അച്ചടക്കവും ദൃഢമായ നടപടികളും മൂലം രാജ്യത്തെ വിലക്കയറ്റത്തിന്റെ തോത് ക്രമേണെ കുറക്കുവാനും സാധിച്ചിരിക്കുന്നു. സാമ്പത്തിക രംഗത്ത് കൈവരിച്ച സ്ഥിരതയും വളര്‍ച്ചയും വിലക്കയറ്റത്തിന്റെ തോത് കുറച്ചുകൊണ്ടു വരികയയും ചെയ്തിരിക്കുന്നു. രാജ്യത്ത് വിലക്കയറ്റത്തിന് എതിരായ പ്രക്ഷോഭങ്ങളോ പ്രസ്ഥാവനകളോ ഉയരുന്നില്ലന്നു മാത്രമലമല്ല വിലക്കുറവിന്റെ ലക്ഷണങ്ങള്‍ എല്ലാ മേഖലകളിലും കണ്ടും തുടങ്ങിയിരിക്കുന്നു..
വ്യവയായികോല്പ്പാദന നിരക്ക് കുറഞ്ഞു വന്നതും വിദേശനിക്ഷേപകര്‍ക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ടതുമായിരുന്നു കഴിഞ്ഞ പത്തു വര്‍ഷമായി ഭാരതം നേരിട്ടുകൊണ്ടിരുന്ന മറ്റൊരു പ്രതിസന്ധി. ആ പ്രതിസന്ധികളെ മനോഹരമായി അതിജീവിക്കാന്‍ ഭാരതത്തെ പ്രപ്തമാക്കാനും മോദിക്കും സാധിച്ചിരിക്കുന്നു. അതിനായി സര്‍ക്കാര്‍ രൂപം നല്കിയ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് നല്ല പ്രതികരണമാണ് ലോകത്തെമ്പാടു നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യാവസായിക രംഗത്തെ കുതിച്ചു ചാട്ടത്തിനു മാത്രമല്ല ഭാരതത്തിലെ തൊഴിലിലില്ലാത്ത യുവാക്കള്‍ക്കും അതൊരു വലിയ അനുഗ്രഹമായി മാറിയിരിക്കുന്നു. ലോകത്തിനു മുന്നിലേക്കുള്ള ഭാരതത്തിന്റെ സിംഹച്ചുവടുകളാണ് മേക്ക് ഇന്‍ ഇന്ത്യ പദ്ധതി. നിര്‍മ്മാണമേഖലയുടെ ആഗോളകേന്ദ്രമായി രാജ്യത്തെ മാറ്റിയെടുത്ത് ലക്ഷക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എഫ്ഡിഐ (നേരിട്ടുള്ള വിദേശ നിക്ഷേപം) എന്നതുകൊണ്ട് എന്‍ഡിഎ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് ഫസ്റ്റ് ഡവലപ് ഇന്ത്യ എന്നതാണന്ന് പ്രധാനമന്ത്രി തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. ജപ്പാനും ചൈനയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും എല്ലാം ഭാരതത്തില്‍ മുതല്‍ മുടക്കാനും വ്യവസായങ്ങള്‍ ആരംഭിക്കുവാനും പരസ്പരം മത്സരിക്കുന്ന അവസ്ഥയിലേക്ക് നമ്മുടെ വ്യവസായ രംഗത്തെ മാറ്റിയെടുക്കാനും സാധിച്ചിരിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാഷ്ട്രം എന്നതുമാറ്റി ഏറ്റവും വലിയ ആയുധനിര്‍മ്മാതാവ് എന്ന നിലയിലേക്ക് ഇന്ത്യയെ മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ക്കും സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി 80,000 കോടി രൂപയുടെ പ്രതിരോധ കരാറിനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. . തദ്ദേശീയമായി നിര്‍മ്മിക്കുന്ന 6 അന്തര്‍വാഹിനികളും 8,356 ടാങ്കുവേധ മിസൈലുകളും പന്ത്രണ്ട് നിരീക്ഷണ വിമാനങ്ങളും ഉള്‍പ്പെടെ വാങ്ങുന്നതിനാണ് പ്രതിരോധ ഏറ്റെടുക്കല്‍ കൗണ്‍സില്‍ അനുമതി നല്‍കിയത്. പ്രതിരോധ മേഖലയില്‍ ആവശ്യമായ സംവിധാനങ്ങള്‍ പരമാവധി രാജ്യത്ത് തന്നെ നിര്‍മ്മിക്കാനുള്ള തീരുമാനവും ഏറെ പ്രശംസ നേടി . 6000 കോടിയുടെ ഹെലികോപ്റ്റര്‍ ഇടപാട് റദ്ദാക്കാനും തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്ന പ്രതിരോധ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ തുകയനുവദിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം.
അതോടൊപ്പം തന്നെ രാജ്യത്ത് നിലവിലുള്ളതും പുതുതായി ആരംഭിക്കാന്‍ തയ്യാറെടുക്കുന്നതുമായ മുഴുവന്‍ സ്ഥാപനങ്ങളേയും സഹായിക്കുന്ന നിലപാടുകളും സര്‍ക്കാര്‍ സ്വീകരിച്ചു പോരുന്നു. കേരളത്തിന്റെ അഭിമാനമായ കൊച്ചി കപ്പല്‍ശാല വികസനത്തിനായി 2,700 കോടി രൂപയുടെ പദ്ധതികളാണ് കേന്ദ്രം അനുവദിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് കപ്പല്‍ശാലയ്ക്ക് ഇത്രയും വലിയ കേന്ദ്രസഹായം ലഭ്യമാകുന്നത്. ഇതിനു മുന്‍പത്തെ വലിയ ധനസഹായം കൈവന്നത് പത്തു വര്‍ഷങ്ങള്‍ക്കപ്പുറം വാജ്പേയി സര്‍ക്കാരിന്റെ കാലത്തായിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വയബിലിറ്റി ഗ്യാപ് ഫണ്ടായി 800 കോടി രൂപ കേന്ദ്ര സഹായം അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയ്ക്കുള്ള സ്വകാര്യ പങ്കാളി മുടക്കുന്നതിന്റെ 40% വരെയാണ് വി.ജി.എഫ് ആയി അനുവദിക്കുക. ഇതില്‍ ആദ്യ 20 ശതമാനമാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. വ്യാവസായിക സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും സുതാര്യമാക്കുകയും ചെയ്തിരിക്കുന്നു.
ഇതിനെല്ലാം അപ്പുറം സാധാരണക്കാരന് ഈ നാട്ടില്‍ ഒരു ഭരണവും ഭരണാധികാരിയും ഉണ്ടന്ന് വികാരമുണ്ടാക്കിയെടുക്കാവാന് കഴിഞ്ഞിരിക്കുന്നു. ചുവപ്പു നാട അഴിച്ചു നീക്കാനും, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം അവസാനിപ്പിക്കാനും അതുവഴി അഴിമതിയുടെ തോത് കുറച്ചു കൊണ്ടുവരുവാനും വഴിയൊരുങ്ങിയിരിക്കുന്നു. ഓഫീസുകളില്‍ സ്ഥിരമായി വൈകി വരുന്നവരെ കുടുക്കാനായി എല്ലാ ഓഫീസുകളിലും ബയോ മെട്രിക് സ്കാനര്‍ സംവിധാനവും ഓണ്‍ലെന്‍ അറ്റന്റന്‍സ് സംവിധാനവും നിലവില്‍ വന്നു. ആഴ്ചയില്‍ ഒന്നോ, രണ്ടോ ദിവസം മാത്രം ജോലി ചെയ്തിരുന്നവര്‍ ഇപ്പോള്‍ സമയം പോലും നോക്കാതെ പ്രയത്നിക്കുകയാണ് രാജ്യത്തിനുവേണ്ടി. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കണമെന്ന നിര്‍ദ്ദേശം മാനിക്കുന്ന തരത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ ജീവനക്കാര്‍ മാറി കഴിഞ്ഞിരിക്കുന്നു.
പൊതുജനങ്ങള്‍ക്ക് പ്രധാനമന്ത്രിയോട് ഏത് ആവലാതിയും നേരിട്ട് ബോധിപ്പിക്കുവാനുള്ള സംവിധാനം ഒരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങി ചെന്നിരിക്കുന്നു. അതിനായി രൂപീകരിച്ചിട്ടുള്ള സര്‍ക്കാരിന്റെ പുതിയ വെബ്സൈറ്റ് മൈ ഗവ് (http://pmindia.gov.in/feedback.php ) സദ്ഭരണത്തിനുള്ള വഴിയാണ്. പരാതികളും അഭിപ്രായങ്ങളും തെളിവുകളും സമര്‍പ്പിക്കാന്‍ കഴിയും. മൊബൈലില്‍ ഫോട്ടോയെടുത്ത് സൈറ്റിലിടാന്‍ കഴിയും. സര്‍ക്കാര്‍ പദ്ധതികള്‍ക്കുള്ള പൊതു ഓഡിറ്റ് പോലെയും ഈ സൈറ്റ് പ്രവര്‍ത്തിക്കും.
അപേക്ഷകളോടൊപ്പവും മറ്റും സത്യവാങ്മൂലം സമര്‍പ്പിക്കാനുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സ്വയം ഒപ്പിട്ട രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയെന്ന തീരുമാനമെടുത്തുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയും സാധാരണ ജനങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതും നോട്ടറൈസു ചെയ്യന്നതുമൂലം ഉണ്ടാകുന്ന 100 മുതല്‍ 500 രൂപ വരെ ചെലവ് ഒഴിവായി കിട്ടുകയും ചെയ്യുന്നു.
രാജ്യത്തിന്റെ നിലനില്‍പ്പിന് ആധാരമായതും സമ്പദ്വ്യവസ്ഥയുടെ ആണിക്കല്ലുമായ കാര്‍ഷിക മേഖലയുടെ സമഗ്രമായ ഉന്നതി ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികള്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ തുടക്കം കുറിക്കുവാനും പുതിയ സര്‍ക്കാരിന് സാധിച്ചിരിക്കുന്നു. നൂതന സാങ്കേതിക വിദ്യകളുടെ പ്രയോഗത്തിലൂടെ രണ്ടാം ഹരിത വിപ്ലവമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. കുറഞ്ഞ പലിശയ്ക്ക് കാര്‍ഷിക വായ്പ, പലിശയിളവുകള്‍, കര്ഷകന് സോയില്‍ കാര്‍ഡ്, കാര്‍ഷിക യൂണിവേഴ്സിറ്റികള്‍, ഹോര്‍ട്ടികള്‍ച്ചര്‍ യൂണിവേഴ്സിറ്റികള്‍ അങ്ങനെ നിരവധിയായ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അഞ്ച് ലക്ഷം ഭൂരഹിതരായ കര്‍ഷകരെ ലക്ഷ്യമിട്ടുള്ള ?ഭൂമി ഹീന്‍ കിസാന്‍? പദ്ധതി, വിലക്കയറ്റം പിടിച്ചു നിര്‍ത്താനും കാര്‍ഷികരംഗത്തിന് കുതിപ്പുപകരാനും വില സ്ഥിരതാ ഫണ്ട്, മണ്ണിന്റെ ഗുണനിലവാരത്തകര്‍ച്ച തടയാനും കൃഷി മെച്ചപ്പെടുത്താനും രാജ്യത്തൊട്ടാകെ 100 മണ്ണു പരിശോധനാ കേന്ദ്രങ്ങള്‍, എല്ലാകര്‍ഷകര്‍ക്കും സോയില്‍ കാര്‍ഡുകള്‍, കാലാവസ്ഥാമാറ്റം കൃഷിയില്‍ വരുത്തുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആയിരം കോടിയുടെ നാഷണല്‍ അഡാപ്റ്റേഷന് ഫണ്ട് ഫോര്‍ ക്ലൈമാറ്റിക് ചെയ്ഞ്ച്, പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് സ്വകാര്യ ചന്തകളും കര്‍ഷക ചന്തകളും, കാര്‍ഷിക വികസനത്തിന് രണ്ട് അഗ്രികള്‍ക്കച്ചറല്‍ യൂണിവേഴ്സിറ്റികള്‍ , രണ്ട് ഹോര്‍ട്ടികള്‍ച്ചറല്‍ യൂണിവേഴ്സിറ്റികള്‍ എന്നിവ ഇവയില്‍ ചിലതു മാത്രമാണ്. കാര്‍ഷിക രംഗത്ത് വന്‍ വളര്‍ച്ച കൈവരിക്കാന്‍ എല്ലാ കൃഷിയിടങ്ങളിലും ജലസേചന മെത്തിക്കുന്ന പ്രധാനമന്ത്രി ഗ്രാം സിഞ്ചായി യോജന പദ്ധതി നടപ്പാക്കും.
തെരെഞ്ഞെടുപ്പ് സമയത്ത് രാജ്യത്തിനു നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതാണ് എടുത്തു പറയേണ്ട പ്രധാന നേട്ടങ്ങള്‍. വിലക്കയറ്റം പിടിച്ചു നിര്‍ത്താനും, സാമ്പത്തിക രംഗത്ത് ഉണര്‍വുണ്ടാക്കാനും കഴിഞ്ഞതോടൊപ്പം തന്നെ അഴിമതി തുടച്ചു നീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കാനുമായി . നിയന്ത്രണങ്ങളും അച്ചടക്കവും ഏറ്റവും മുകള്‍ തട്ടില്‍ നിന്നും തുടക്കം കുറിച്ചു എന്നതും ശ്രദ്ധേയമാണ്. കേന്ദ്രമന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിക്കുന്നതിലും, മന്ത്രിമാര്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിലും കൊണ്ടുവന്ന നിയന്ത്രണങ്ങളും ഈ നടപടികളുടെ തുടക്കമായി. മന്ത്രിമാരും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും സ്വത്ത് വെളിപ്പെടുത്തണമെന്ന നിര്‍ദ്ദേശവും ഭരണം സുതാര്യമാകുന്നതിന്റേയും ലക്ഷണമാണ്.
വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ സൂക്ഷിച്ചിട്ടുള്ള കള്ളപ്പണം കണ്ടെ ത്തി തിരിച്ചു കൊണ്ടു വരുമെന്നതായിരുന്നു തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടത്. അതിനുള്ള നടപടികള്‍ക്കായി ജസ്റ്റിസ് എം.ബി. ഷാ യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ പ്രഥമ കേന്ദ്രമന്ത്രിസഭാ യോഗം തന്നെ ചുമതലപ്പെടുത്തി. ഇരട്ട നികുതി സംബന്ധിച്ച് മുന്‍ സര്‍ക്കാര്‍ വിദേശരാജ്യങ്ങളുമായി ഉണ്ടാക്കിയ കരാര്‍ നിലനില്‍ക്കുന്നതിനാല്‍ അത്തരം ആളുകളുടെ പേരുവിവരം വെളിപ്പെടുത്താന്‍ ചില തടസ്സങ്ങള്‍ ഉണ്ടായെങ്കിലും മുഴുവന്‍ കള്ളപ്പണവും തിരികെ കൊണ്ടു വരുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുക തന്നെ ചെയ്തു. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കുള്ള സംശയം ദൂരീകരിക്കുവാന്‍ പ്രധാനമന്ത്രി തന്നെ തയ്യാറായിട്ടുള്ളതുമാണ്. പൊതുജനങ്ങളോടുള്ള പ്രധാനമന്ത്രിയുടെ റേഡിയോ സന്ദേശമായ മന് കീ ബാത്തില്‍ പങ്കെടുത്ത് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞത് ''കള്ളപ്പണത്തെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ ഈ പ്രധാനസേവകനില്‍ വിശ്വാസമര്‍പ്പിക്കണം. ഈ രാജ്യത്തെ പാവങ്ങളുടെ ഒരൊറ്റ ചില്ലിക്കാശും അവശേഷിക്കാതെ തിരിച്ചുകൊണ്ടവരണം. ഇത് എന്റെ പ്രതിബദ്ധതയാണ് '' എന്നാണ്. ഇതില്‍ നിന്നു തന്നെ സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്കിയ വാഗ്ദാനം അക്ഷരം പ്രതി പാലിക്കുമെന്നും ഉറപ്പാണ്.
സര്‍ക്കാര്‍ നടപടി ആരംഭിച്ച മറ്റൊരുപ്രധാനം വാഗ്ദാനം കാശ്മീരികളുടെ പുനരധിവാസം ആയിരുന്നു. ഭീകരാക്രമണങ്ങള്‍ മൂലം അഭയാര്‍ത്ഥികളാകേണ്ടി വന്ന കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിന് കേന്ദ്രസര്‍ക്കാര്‍ 500 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു കഴിഞ്ഞു. 1990 മുതല്‍ ഭീകരാക്രമണങ്ങള്‍ മൂലം ഏതാണ്ട് 57,000 കുടുംബങ്ങള്‍ കാശ്മീര്‍ താഴ്വരയില് നിന്നും ജമ്മുവിലേക്കും ദല്‍ഹിയിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും പലായനംചെയ്തതായിട്ടാണ് കണക്കുകള്‍. ഇപ്പോള്‍ രാജ്യത്ത് 60452 കാശ്മീരി അഭയാര്‍ത്ഥി കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 38119 കാശ്മീരി അഭയാര്‍ത്ഥി കുടുംബങ്ങള്‍ ജമ്മുവിലും 19338 കുടുംബങ്ങള്‍ ദല്‍ഹിയിലും 1995 കുടുംബങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സര്‍ക്കാര്‍ ഒരാള്‍ക്ക് 1650 രൂപവച്ച് പരമാവധി ഒരു കുടുംബത്തിന് 6600 രുപയുടെ സഹായം ഒരുമാസം നല്‍കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളും ഇതേ രീതിയില്‍ കാശ്മീരി അഭയാര്‍ത്ഥികള്‍ക്ക് സഹായം എത്തിക്കുവാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗംഗാ സംരക്ഷണം എന്ന വാഗ്ദാനവും പൂര്‍ത്തീകരിക്കുവാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഗംഗാ സംരക്ഷണത്തെ കേവലം ഭക്തിയുടെ നിറം നല്കി കണ്ട് ചെറുതായി കാണാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. ഭാരതത്തിന്റെ നാലിലൊന്ന് ജനങ്ങളുടെ ജലാവശ്യം നിറവേറ്റുന്ന നദിയാണ് ഗംഗ. ഉത്ഭവസ്ഥാനം മുതല്‍ ബംഗാള്‍ സമുദ്രം വരെ 2525 കി.മീ. ആണ് ഗംഗയുടെ ദൈര്‍ഘ്യം(ഭാഗീരഥിയുടെ നീളം ഉള്‍പ്പെടെ). ഗംഗയുടെ ആകെ നീര്‍വാര്‍ച്ചാപ്രദേശം ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ 26 ശതമാനത്തിലധികം (9,07,000 ച.കി.മീ.) വരും. ഇത്രയും വലിയ നീര്‍വാര്‍ച്ചാപ്രദേശം ഇന്ത്യയില്‍ മറ്റൊരു നദിയ്ക്കുമില്ല. മധ്യേന്ത്യ മുഴുക്കെ ഗംഗയുടെ നീര്‍വാര്‍ച്ചാ പ്രദേശമാണെന്നു പറയാം. വേനല്‍ക്കാലത്ത് ഹിമാലയത്തിലെ മഞ്ഞുരുകിയും കാലവര്‍ഷക്കാലത്ത്(ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ) അങ്ങനെയും, ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടാകാറുള്ള മര്‍ദ്ദവ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്ന ചുഴലിക്കൊടുങ്കാറ്റ് പെയ്യിക്കുന്ന പേമാരിയും ഗംഗയ്ക്ക് ജലം നല്കുന്നു. മിക്കവര്‍ഷങ്ങളിലും ഗംഗ കരകവിഞ്ഞൊഴുകകയും നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഈ ഗംഗയെ സംരക്ഷിക്കുക എന്നത് കേവലം ഭക്തിയുടെനിറം നല്കി ചെറുതായി കാണണ്ടതല്ല മറിച്ച് ഭാരതത്തിന്റെ ആത്മാവാണ് ഗംഗ.
ഇതിനെല്ലാം പുറമെ പുതിയ നിരവധിയായ ജനോപകരപ്രദമായ പദ്ധതികള്‍ക്കും തുടക്കം കുറിക്കാന്‍ സര്‍ക്കാരിനു സാധിച്ചിരിക്കുന്നു. അതില്‍ ഏറെ ശ്രദ്ധേയമായ പദ്ധതിയാണ് ഗ്രാമവികസന രംഗത്ത് വമ്പിച്ച വിപ്ലവത്തിനു വഴിയൊരുക്കുന്ന ആദര്‍ശ ഗ്രാമപദ്ധതി. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കുന്ന ഗ്രാമങ്ങളെ മാതൃകാ ഗ്രമങ്ങളാക്കി മാറ്റിക്കഴിഞ്ഞാല്‍ രണ്ടാംഘട്ടം എന്നോണം ഓരോ എംപിമാരും പ്രതിവര്‍ഷം ഒന്നെന്ന നിലയില്‍ അഞ്ച് ഗ്രാമങ്ങളെ ആദര്‍ശ ഗ്രാമങ്ങളാക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേയും എംപിമാരുടെ വികസന ഫണ്ടാണ് ഇതിനു വിനിയോഗിക്കുന്നത്. ലോക്സഭാംഗങ്ങള്‍ക്ക് അവരവരുടെ മണ്ഡലത്തിലെ ഗ്രാമം വികസനത്തിനു തെരഞ്ഞെടുക്കാം. രാജ്യസഭാംഗങ്ങള്‍ക്ക് അവരവരുടെ സംസ്ഥാനത്തെ ഏതു മണ്ഡലവും വികസിപ്പിക്കാം. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എംപിക്ക് രാജ്യത്തെ ഏത് പഞ്ചായത്തും തിരഞ്ഞെടുക്കാം. ഗ്രാമപഞ്ചായത്ത് ഇല്ലാത്ത നഗരപ്രദേശത്തെ ലോക്സഭാ എംപിക്ക്, മണ്ഡലത്തിനടുത്തുള്ളഒരു ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുക്കാം.
വിപ്ലവകരമായ മറ്റൊരു പദ്ധതി എല്ലാവര്ക്കും ബാങ്ക് അക്കൗണ്ട് ഉറപ്പാക്കുന്ന പദ്ധതിയായ ജന്‍ ധന് യോജനയാണ്. സീറോബാലന്‍സില്‍ അക്കൗണ്ട് തുറക്കാം. ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. ഡെബിറ്റ് കാര്‍ഡ് നല്‍കണമെന്നും പദ്ധതിയിലുണ്ട്. ആധാര്‍ കാര്‍ഡില്ലെങ്കില്‍ പകരം ജനന സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കൊപ്പം മേല്‍വിലാസം തെളിയിക്കുന്ന രേഖ, റേഷന്‍ കാര്‍ഡ്, െ്രെഡവിംഗ് ലൈസന്‍സ്, തൊഴിലുറപ്പു പദ്ധതി കാര്‍ഡ്, ടെലിഫോണ്‍ ബില്‍, വൈദ്യുതി ബില്‍, എം. പി, എം.എല്‍.എ. പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ കത്ത് എന്നിവയും ഉപയോഗിക്കാം.
മറ്റൊരു പദ്ധതിയാണ് ഭാരതത്തെ ശുചിത്വ പൂര്‍ണ്ണമാക്കാനുള്ള സ്വച്ഛ് ഭാരത് മിഷന്. അഥവാ ശുചിത്വ ഭാരതം പദ്ധതി. ശുചിത്വം ഉറപ്പാക്കാനായി പ്രധാനമന്ത്രി തുടങ്ങി വച്ച ഈ പദ്ധതിക്ക് രാജ്യത്താകമാനം നിന്നും വലിയ പ്രതികരണമാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. പല പ്രമുഖരും പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് രംഗത്ത് എത്തി കഴിഞ്ഞു. ദൈവത്തോട് ഏറ്റവും അടുത്തുനില്ക്കുന്ന ഒന്നാണ് ശുചിത്വം. ശുചിത്വമെന്ന ആശയം മഹാത്മാഗാന്ധിയുടെ ഹൃദയത്തോട് വളരെ ചേര്‍ന്നു നില്ക്കുന്നു. 2019 ല്‍ ഗാന്ധിജിയുടെ 150 -ാമത് ജയന്തിയാണ്. ശുചിത്വപൂര്‍ണ്ണമായ ഭാരതം ബാപ്പുജിക്കുള്ള ഏറ്റവും നല്ല ശ്രദ്ധാജ്ഞലിയാക്കുവാനുള്ള ശ്രമത്തിലാണ് രാഷ്ട്രം. ഇതിനു പുറമേ ഈ വര്‍ഷം ശിശുദിനം മുതല്‍ ബാല്‍ സ്വച്ഛ് വര്‍ഷമായി ആഘോഷിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സ്വച്ഛ് ഭാരത് പദ്ധതിക്ക് പിന്നാലെ സ്വച്ഛ് ഇന്റര്‍നെറ്റ് പദ്ധതി നടപ്പിലാക്കാനും മോദി സര്‍ക്കാര്‍ തയ്യാറെടുത്തു കഴിഞ്ഞു. ഭാരതത്തില്‍ അശ്ലീലവെബ്സൈറ്റുകള്‍ വിലക്കേര്‍പ്പെടുത്താന്‍ ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന് ഓഫ് ഇന്ത്യയോടു ഇത്തരം സൈറ്റുകളുടെ പട്ടിക സര്‍ക്കാര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.
വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍ തമ്മിലുള്ള ഭരണപരമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനമായ മന്ത്രിതല സമിതികള്‍ പ്രധാനമന്ത്രി പിരിച്ചുവിട്ടതും, കൈത്തറി മേഖലയെ ശക്തിപ്പെടുത്താനും നെയ്ത്തുകാരുടെ ശാക്തീകരണത്തിനുമായി രാജ്യത്തെ കൈത്തറി മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രമുഖ ഓണ്‍ലൈന്‍ വില്‍പ്പനക്കാരായ ഫല്‍പ്കാര്‍ട്ടുമായി നടപ്പിലാക്കിയ പദ്ധതി, ചൈനയുടെ കടല്‍ ആധിപത്യത്തിന് അന്ത്യം വരുത്തി പഴയ കടല്പ്പാതകള് പുനരുജ്ജീവിപ്പിക്കുവാനുള്ള ഭാരതത്തിന്റെ പുതിയ പദ്ധതിമായ പ്രൊജക്ട് മൗസം, യുവജനങ്ങളുടെ നൈപുണ്യ ശേഷി വികസിപ്പിക്കാനുള്ള പുനര്‍ജാഗരണ്‍ പദ്ധതി. പേഴ്സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പിഐഒ) കാര്‍ഡിന്റെ കാലാവധി ആജീവനാന്തമാക്കുവാനുള്ള തീരുമാനം, ചരിത്രത്തിലാദ്യമായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച് മാനസികാരോഗ്യ നയ രൂപീ കരരണം, രാജ്യത്ത് സമഗ്രമായ തൊഴില്‍ പരിഷ്ക്കരണങ്ങള്‍ക്ക് തുടക്കമിട്ട പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ശ്രമേവ് ജയതേ എന്ന സമഗ്ര തൊഴില്‍ പരിഷ്ക്കരണ പദ്ധതിയും , ജീവന്‍രക്ഷാമരുന്നുകളുടെ വില കുറക്കുന്നതിനും വിലനിയന്ത്രണ പട്ടിക പരിഷ്ക്കരിക്കുവാനുമുള്ള തീരുമാനവും, ഉന്നത നീതിപീഠങ്ങളിലെ ജഡ്ജിമാരുടെ നിയമനത്തിന് കൊളീജിയം സമ്പ്രദായത്തില്‍ മാറ്റം വരുത്തുന്നതിനുള്ള ബില്ലും, ആസൂത്രണ കമ്മിഷന് സംവിധാനം പൊളിച്ചെഴുതുവാന്‍ എടുത്ത തീരുമാനവും, ബലാത്സംഗം, കൊലപാതകം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങള്‍ ചെയ്യുന്ന 16 വയസ്സിന് മുകളിലുള്ള കുട്ടികളെ പ്രായപൂര്‍ത്തിയായതായി കണക്കാക്കി വിചാരണ ചെയ്യുല്ലതിനായി നടപ്പിലാക്കിയ ജുവനൈല്‍ നിയമ ഭേദഗതിയും, വിവരാവകാശ നിയമപ്രകാരം വിവിധ വകുപ്പുകളും മന്ത്രാലയങ്ങളും മറ്റും നല്കുന്ന വിശദവിവരങ്ങളും മറുപടികളും എല്ലാം ഇനി സകലര്‍ക്കും ലഭിക്കും വിധം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കാനുള്ള പദ്ധതിയും, വിതരണത്തില്‍ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീംകോടതി അനുമതി റദ്ദാക്കിയ കല്‍ക്കരിപ്പാടങ്ങള്‍ ഏറ്റെടുക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സും, പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നതിനായി സ്വീകരിച്ച നടപടികളും, പ്രധാനമന്ത്രിയുടെ യാത്രയുടെ പേരില്‍ സാധാരണക്കാരുടെ യാത്ര മുടങ്ങരെതെന്ന നിര്‍ദ്ദേശവും, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും ധനക്കമ്മി കുറയ്ക്കാനും പദ്ധതിയേതരച്ചെലവുകള് വെട്ടിച്ചുരുക്കാന്‍ എടുത്ത തീരുമാനവും, ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ടൂറിസ്റ്റ് ബസ് ഓപ്പറേറ്റേഴ്സിനും ആശ്വാസം പകരുന്നതിനായി ടൂറിസ്റ്റ് ബസുകള്‍ക്ക് ഓള് ഇന്ത്യാ പെര്‍മിറ്റ് നല്‍കുന്നതിനുള്ള നീക്കവും, എല്ലാം കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുള്ള നവീന പദ്ധതികളിലും പുതിയ കാല്‍വയ്പുകളിലും ചിലതു മാത്രമാണ്.
സാംസ്കാരികമായി ഭാരതത്തോട് ബന്ധപ്പെട്ടു നില്ക്കുന്ന നേപ്പാള്‍ , ഭൂട്ടാന് , ജപ്പാന് എന്നീ രാജ്യങ്ങളുമായി ഉറച്ച ബന്ധം സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കുമ്പോഴും നമ്മുടെ നാടിന്റെ ആത്മാഭിമാനത്തെ ഉയര്‍ത്തി പിടിച്ചുകൊണ്ടു തന്നെ അമേരിക്കയും പാക്കിസ്ഥാനും ചൈനയുമായുള്ള ബന്ധങ്ങളും ഊഷ്മളമാക്കുവാനും സാധിച്ചിരിക്കുന്നു. കാശ്മീരിലെ വിഘടനവാദികളുമായി ചര്‍ച്ച നടത്താനുള്ള പാകിസ്ഥാന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്ത്യ പാകിസ്ഥാന് സെക്രട്ടറി തല ചര്‍ച്ചകള്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനം ശക്തമായ സന്ദേശമാണ് നല്‍കിയത് . അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളോട് ആദ്യം സമാധാനത്തിന്റെ ഭാഷയിലും പിന്നീട് ശക്തിയുടെ ഭാഷയിലും പ്രതികരിക്കാനുള്ള തീരുമാനവും വേറിട്ടതായി.
സമാധാനത്തിന്റേയും സഹവര്‍ത്തിത്വത്തിന്റേയും ഭാഷയില്‍ സംസാരിക്കുമ്പോഴും നമ്മുടെ നാടിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികളും തുടര്‍ന്നു പോരികയും ചെയ്തു. ചൈന നിരന്തരമായി നടത്തുന്ന കടന്നുകയറ്റം കണക്കിലെടുത്ത് അതിര്‍ത്തിയില്‍ ഭാരതം സൈനിക വിന്യാസം ശക്തിപ്പെടുത്തി. ചൈനയുടെ പ്രതിഷേധം അവഗണിച്ചുകൊണ്ട് അതിര്‍ത്തിമേഖലയുടെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ 175 കോടിരൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. 54 പുതിയ അതിര്‍ത്തി ഔട്ട് പോസ്റ്റുകള്‍ നിര്‍മ്മിക്കുവാന്‍ നടപടി ആരംഭിക്കുകയും ചെയ്തു.
കഴിഞ്ഞ ആറു മാസത്തെ മോദി സര്‍ക്കാറിന്റെ നേട്ടം പദ്ധതികളെക്കാളേറെ ഭരണസംവിധാനത്തിലുണ്ടാക്കിയ അച്ചടക്കമാണ്. അഴിമതി പൂര്‍ണ്ണമായി ഇല്ലാതായി എന്ന് ഇതിനര്‍ഥമില്ല. ചുവപ്പുനാടകള്‍ അഴിച്ച് ഭരണം ത്വരിതപ്പെടുത്താനുള്ള മോദിയുടെ ശ്രമം ഒരുപരിധി വരെ വിജയം കണ്ടിരിക്കുന്നു. സര്‍ക്കാര്‍ ഓഫീസുകളിലെ കസേരകളില്‍ ആളുണ്ട്. സര്‍ക്കാര്‍ സംവിധാനവുമായി നേരിട്ടുള്ള ഒരു ബന്ധം തന്നെ പ്രധാനമന്ത്രി സൃഷ്ടിച്ചിട്ടുണ്ട്.
ഓരോ വിദേശ യാത്രകളും ഓരോ പരിപാടികളും രാജ്യത്തിന്റേയും സര്‍ക്കാരിന്റേയും പ്രധാനമന്ത്രിയുടേയും യശസ്സ് ഉയര്‍ത്തുന്നതും മാതൃകപരവുമാണ്. വിദേശത്തും സ്വദേശത്തുമുള്ള ഓരോ ഭാരതീയനും ശിരസ്സുയര്‍ത്തി ഞാന്‍ ഭാരതീയനാണ് എന്ന് ഉറക്കെ പറയാന്‍ കഴിയുന്ന സാഹചര്യം ഇന്നു സമാഗതമായിരിക്കുന്നു. സ്വാതന്ത്ര്യദിന പരിപാടികളും, അദ്ധ്യാപക ദിന പരിപാടികളും, ഗാന്ധിജയന്തി പരിപാടികളും ഭൂട്ടാന് ജപ്പാന്, അമേരിക്ക സന്ദര്‍ശനങ്ങളും ആസിയാന്‍ സമ്മേളനവും എല്ലാം അതില്‍ ഏതാനും ഉദാഹരണങ്ങള്‍ മാത്രം.
ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോയതോടെ സര്‍ക്കാരിന്റെ വിമര്‍ശകരുടെ ആരേപണശരങ്ങളുടെ മുനയൊടിയുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. പല വിമര്‍ശകരും വിമര്‍ശനം അവസാനിപ്പിച്ച് സര്‍ക്കാരിന്റേയും, പ്രധാന മന്ത്രിയുടേയും സ്തുതി പാഠകരായും മാറിയിരിക്കുന്നു.
ഇതു ഒരു തുടക്കമായി കാണാമെങ്കില്‍ വരുനാളുകളില്‍ ജനം നരേന്ദ്രമോദിയില്‍ അര്‍പ്പിച്ച വിശ്വാസം അതിന്റെ പതിന്മടങ്ങ് ഇരട്ടിയോടെ നമുക്ക് മടക്കി നല്‍കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
സന്തോഷ് അറയ്ക്കല്‍
(ബി.ജെ.പി. സംസ്ഥാന സമിതി അംഗം)
9961747406



നിങ്ങൾ ഒരു ബിസിനസ്സ് പുരുഷനോ സ്ത്രീയോ? നിങ്ങൾ ഏതെങ്കിലും സാമ്പത്തിക സമ്മർദ്ദത്തിലാണോ അല്ലെങ്കിൽ ചെയ്യുക
ReplyDeleteനിങ്ങളുടെ സ്വന്തം ബിസിനസ്സ് ആരംഭിക്കുന്നതിന് നിങ്ങൾക്ക് ഫണ്ടുകൾ ആവശ്യമുണ്ടോ? നിങ്ങൾ തീർപ്പാക്കണമോ ആവോ?
നിങ്ങളുടെ ഡെറ്റ് ലോൺ അല്ലെങ്കിൽ നിങ്ങളുടെ ബില്ലുകൾ അടയ്ക്കുക അല്ലെങ്കിൽ ഒരു നല്ല ബിസിനസ് ആരംഭിക്കുക? നീ
വായ്പ ലഭിക്കുന്നതിന് ഒരു താഴ്ന്ന ക്രെഡിറ്റ് സ്കോർ നേടി നിങ്ങൾ അത് കണ്ടെത്തുന്നു
പ്രാദേശിക ബാങ്കുകളിൽ നിന്നും മറ്റ് ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നും നിങ്ങൾക്ക് ഒരു വായ്പ ആവശ്യമുണ്ടോ
കൂടുതൽ കാരണങ്ങളാൽ ഇന്ന് ഞങ്ങളെ ബന്ധപ്പെടുക
ഞങ്ങളെ പിന്തുടരുക, ഞങ്ങൾക്ക് ഇത് നൽകൂ
താൽപ്പര്യമുള്ള വിവരങ്ങൾ
1) മുഴുവൻ പേര്: .........
2) ലിംഗഭേദം: .........
3) വായ്പാ തുക ആവശ്യമുണ്ട്: .........
4) വായ്പാ കാലാവധി: .........
5) രാജ്യം:
6) ഹോം വിലാസം: .........
7) മൊബൈൽ നമ്പർ:
നന്ദി എന്റെ എല്ലാവിധ ഭാവുകങ്ങളും.
മിസ്റ്റർ