സര്‍ക്കാര്‍ രാജ്യത്തിനുവേണ്ടി



പാര്‍ലമെന്റ്‌ സെന്‍ട്രല്‍ ഹാളില്‍ പ്രധാനമന്ത്രിയായി നാമനിര്‍ദേശം ചെയ്യപ്പെട്ടശേഷം നരേന്ദ്രമോദി
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി.ലോക്‌സഭാംഗങ്ങളെ അഭിസംബോധന ചെയ്‌ത്‌ നടത്തിയ പ്രസംഗം


''ബഹുമാന്യരേ,

നിങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം അംഗീകരിക്കുന്നു. എന്റെ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ അവജ്ഞയോടെ കാണേണ്ടിവരുന്ന ഒരു സാഹചര്യം ഉണ്ടാകില്ല.

ഈ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം സാധാരണക്കാരന്‌ മുന്നില്‍ പ്രത്യാശയുടെ കിരണം ഉയര്‍ന്നിരിക്കുന്നുവെന്നതാണ്‌. എല്ലാത്തിനും ഒടുവില്‍ ആര്‍ക്ക്‌ വേണ്ടിയാണ്‌ ഭരണം. പാവങ്ങള്‍ക്ക്‌ വേണ്ടി. പുതിയ സര്‍ക്കാര്‍ പാവങ്ങളുടെ ക്ഷേമത്തില്‍ പ്രതിജ്ഞാബദ്ധമായിരിക്കും. കോടിക്കണക്കിന്‌ യുവാക്കളുടെയും അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷയ്‌ക്കും ഗ്രാമങ്ങളിലും മറ്റുമുള്ള അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടിയായിരിക്കും ഈ സര്‍ക്കാര്‍. പാവങ്ങള്‍ക്ക്‌ വേണ്ടിയായിരിക്കും ഈ സര്‍ക്കാര്‍ ചിന്തിക്കുക, കേള്‍ക്കുക, ജീവിക്കുക.

സാധാരണക്കാരനായി ജനിച്ച എനിക്ക്‌ പ്രധാനമന്ത്രിപദത്തില്‍ വരെയെത്താന്‍ കഴിഞ്ഞുവെന്നത്‌ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയാണ്‌. സാധാരണക്കാരനും ആഗ്രഹിക്കാനും ഉന്നതനിലയിലേക്ക്‌ എത്താനും കഴിയുമെന്നതിന്‌ തെളിവാണിത്‌. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ പ്രതിഫലനം കൂടിയാണത്‌. എന്നില്‍ വിശ്വാസമര്‍പ്പിച്ച ജനങ്ങളുടെ താത്‌പര്യത്തിനൊത്ത്‌ ഉയരാന്‍ ഞാന്‍ ശ്രമിക്കും.

മുന്‍കാലങ്ങളിലെ മോശം അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അശുഭകരമായ പ്രതീക്ഷകളുടെ ആവശ്യമില്ല. അത്തരം ചിന്തകള്‍ നമുക്ക്‌ ഒന്നും നേടിത്തരുന്നില്ല. ഞാന്‍ ശുഭാപ്‌തവിശ്വാസമുള്ള മനുഷ്യനാണ്‌. ശുഭാപ്‌തിവിശ്വാസമുള്ള ഒരാള്‍ക്ക്‌ മാത്രമേ രാജ്യത്ത്‌ ശുഭപ്രതീക്ഷകള്‍ കൊണ്ടു വരാന്‍ കഴിയൂ. 2019ല്‍ അതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഒരു റിപ്പോര്‍ട്ട്‌ കാര്‍ഡ്‌ ജനങ്ങള്‍ക്കും എം.പി.മാര്‍ക്കും മുന്നില്‍ വെക്കും.

തൂക്കുസഭയോ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലമോ ആയിരുന്നുവെങ്കില്‍ സര്‍ക്കാറിനെതിരെയുള്ള ജനവിധിയാണെന്ന്‌ പറയാമായിരുന്നു. എന്നാല്‍, ബി.ജെ.പി.ക്ക്‌ വ്യക്തമായ ഭൂരിപക്ഷം നല്‍കിയ സാഹചര്യത്തില്‍ പ്രതീക്ഷയ്‌ക്കും വിശ്വാസത്തിനുമാണ്‌ അവര്‍ വോട്ടു ചെയ്‌തിരിക്കുന്നത്‌ എന്ന്‌ വ്യക്തമാണ്‌. അവരുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിന്‌ കഴിയുന്നതെല്ലാം ചെയ്യും.

എന്റെ സര്‍ക്കാര്‍ എല്ലാവര്‍ക്കുമൊപ്പം ആയിരിക്കും. എല്ലാവരുടെയും വികസനത്തിന്‌ വേണ്ടി സര്‍ക്കാര്‍ നിലക്കൊള്ളും. അതാണ്‌ സര്‍ക്കാറിന്റെ മുദ്രാവാക്യം. മുന്‍ സര്‍ക്കാറുകള്‍ നല്ലകാര്യങ്ങള്‍ ചെയ്‌തിട്ടുണ്ട്‌. രാജ്യത്തെ വളര്‍ച്ചയ്‌ക്ക്‌ എല്ലാ സര്‍ക്കാറുകളും നേതാക്കളും സഹായിച്ചിട്ടുണ്ട്‌. അവര്‍ ചെയ്‌ത നല്ല കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകും.

എല്ലാവിധത്തിലുള്ള ആത്മാര്‍ഥതയോടെയും പ്രവര്‍ത്തിക്കും. സ്ഥാനങ്ങള്‍ക്ക്‌ വേണ്ടിയല്ല. ജനങ്ങള്‍ക്കുവേണ്ടി. ജോലിയും ഉത്തരവാദിത്വങ്ങളുമാണ്‌ പ്രധാനം. പ്രത്യാശയുടെയും ശക്തിയുടെയും സമയമാണിത്‌. എനിക്കുവേണ്ടിയല്ല സര്‍ക്കാര്‍. രാജ്യത്തിനുവേണ്ടിയാണത്‌. പാവങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യേണ്ടതുണ്ട്‌. അധികാരമൊഴിയുന്ന യു.പി.എ. സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷേമത്തിന്‌ വേണ്ടി ഒന്നും ചെയ്‌തില്ലെന്ന്‌ ഞാന്‍ കരുതുന്നില്ല. അവര്‍ക്ക്‌ ചെയ്യാന്‍ കഴിയുന്നത്‌ അവര്‍ ചെയ്‌തു. അവര്‍ ചെയ്‌ത നല്ലകാര്യങ്ങള്‍ക്ക്‌ അവരെ അഭിനന്ദിക്കേണ്ടതുണ്ട്‌.

മുന്‍ പ്രധാനമന്ത്രിയും പാര്‍ട്ടിയുടെ നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയി ഇപ്പോള്‍ നമ്മുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഈ അവസരം കൂടുതല്‍ മഹത്തരമാകുമായിരുന്നു. നമ്മളില്‍ നിന്ന്‌ ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. ഉത്തരവാദിത്വങ്ങളുടെ ഒരു യുഗം തുടങ്ങുകയായി. ഈ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ നരേന്ദ്രഭായ്‌ പാര്‍ട്ടിക്ക്‌ ഉപകാരം ചെയ്‌തുവെന്ന്‌ ബഹുമാന്യനായ അദ്വാനിജി പറയുകയുണ്ടായി. ഉപകാരം ചെയ്‌തുവെന്ന വാക്ക്‌ ദയവ്‌ ചെയ്‌ത്‌ ഉപയോഗിക്കരുത്‌. പാര്‍ട്ടിയെയും രാജ്യത്തെയും സേവിക്കുന്നത്‌ ഉപകാരമാണോ? അമ്മയെ സേവിക്കാന്‍ മകന്‍ പ്രതിജ്ഞാബദ്ധനാണ്‌. ഇന്ത്യയെ പ്പോലെ ബി.ജെ.പി.യും എനിക്ക്‌ അമ്മയാണ്‌. രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കുക വഴി പാര്‍ട്ടിയാണ്‌ എന്നെ സഹായിച്ചിരിക്കുന്നത്‌.

നിങ്ങള്‍ ഇപ്പോള്‍ മോദിയെ കാണുന്നത്‌ മോദിയുടെ പൊക്കം കൂടിയതിനാല്‍ അല്ല. പാര്‍ട്ടിയുടെ മുതിര്‍ന്നനേതാക്കള്‍ എന്നെ തോളിലേറ്റിയത്‌ കൊണ്ടാണ്‌ കാണാന്‍ കഴിയുന്നത്‌. സ്വാതന്ത്ര്യത്തിന്‌ വേണ്ടി പോരാടാന്‍ എന്റെ തലമുറയില്‍പ്പെട്ടവര്‍ക്ക്‌ കഴിഞ്ഞിട്ടില്ല. രാജ്യത്തിനുവേണ്ടി മരിക്കാന്‍ കഴിഞ്ഞില്ല. എന്നാലിപ്പോള്‍ രാജ്യത്തിനുവേണ്ടി ജീവിക്കാന്‍ ഒരവസരം ലഭിച്ചിരിക്കുകയാണ്‌. അഞ്ച്‌ തലമുറയില്‍പ്പെട്ട ബി.ജെ.പി. പ്രവര്‍ത്തകരുടെ ത്യാഗമാണ്‌ ഈ വിജയത്തിന്‌ പിറകില്‍.

ജനങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുകയാണ്‌ എം.പി.മാര്‍ ചെയ്യേണ്ടത്‌. എല്ലാ സത്യസന്ധതയോടെയും നിങ്ങള്‍ പ്രവര്‍ത്തിക്കണം. സ്ഥാനങ്ങള്‍ക്ക്‌ വേണ്ടിയാകരുത്‌. ജനാധിപത്യത്തിന്റെ ശ്രീകോവിലിനുള്ളിലാണ്‌ നമ്മള്‍. പ്രവൃത്തിയും ഉത്തരവാദിത്വവുമാണ്‌ നമ്മെ നയിക്കേണ്ടത്‌. തിരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനത്തിനായി എന്റെ മനസ്സും ശരീരവും ഉഴിഞ്ഞുവെച്ചു. എന്റെ ശരീരത്തിലെ ഒരോ പാടും സമയവും ബി.ജെ.പി. എന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം സഫലമാക്കുന്നതിന്‌ വേണ്ടിയാണ്‌ നീക്കിവെച്ചത്‌. കഴിഞ്ഞ കൊല്ലം പ്രധാനമന്ത്രിസ്ഥാനാര്‍ഥിയാക്കുക വഴി വലിയൊരു ഉത്തരവാദിത്വമാണ്‌ പാര്‍ട്ടി എന്നെ ഏല്‍പ്പിച്ചത്‌.

ആദ്യമായിട്ടാണ്‌ പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ പ്രവേശിക്കുന്നത്‌. 2001ല്‍ മുഖ്യമന്ത്രിയായശേഷമാണ്‌ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും നിയമസഭയും ഞാന്‍ കണ്ടത്‌. 

Comments