കണ്ണ്‌ അടച്ച്‌ പാലു കുടിക്കുന്ന പൂച്ച




തെരെഞ്ഞെടുപ്പ്‌ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലായിരിക്കുമെന്ന മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള പ്രസ്ഥാവന ജനങ്ങളെ പറ്റിക്കുവാനുള്ള ഒരു തന്ത്രമാണോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. വ്യക്തമായ ഹിഡന്‍ അജണ്ടയോടു കൂടി കോണ്‍ഗ്രസ്സ്‌ നടത്തുന്ന ഒരു നാടകത്തിന്റെ ബാക്കി പത്രം മാത്രാമാണ്‌ ഈ പ്രസ്ഥാവന. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന്‌ നേടാനായത്‌ ഇരുപതില്‍ പതിനാറ്‌ സീറ്റാണ്‌. ഇന്നത്തെ രാഷ്‌ട്രീയ സാഹചര്യത്തില്‍ പതിനാറ്‌ സീറ്റ്‌ വിജയം ആവര്‍ത്തിക്കുക എന്നത്‌ യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം എളുപ്പമല്ലന്ന്‌ മുഖ്യമന്ത്രിക്കും കോണ്‍ഗ്രസ്സ്‌ നേതൃത്വത്തിനും വ്യക്തവുമാണ്‌. എന്നിട്ടും ആദ്യം തെരെഞ്ഞെടുപ്പിന്‌ മുമ്പും പിന്നീട്‌ തെരഞ്ഞെടുപ്പിന്‌ ശേഷവും മുഖ്യമന്ത്രി പ്രസ്ഥാവന ആവര്‍ത്തിക്കുന്നതിനു പിന്നിലെ തന്ത്രമാണ്‌ ജനം മനസ്സിലാക്കേണ്ടത്‌. 
സോളാര്‍ കേസുമായി ബന്ധപ്പെട്ടും പിന്നീട്‌ സലീംരാജ്‌ മായി ബന്ധപ്പെട്ട ഭൂമി ഇടപാടു സംബന്ധിച്ചും മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരെ ആവര്‍ത്തിച്ചു ഉണ്ടായികൊണ്ടിരിക്കുന്ന കോടതി പരാമര്‍ശങ്ങളും മുഖ്യമന്ത്രിയടെ ഓഫീസിന്റെ മാഫിയാ ബന്ധവും എല്ലാം മുഖ്യമന്ത്രിയെ ഒരു രാജിയുടെ വക്കത്തു എത്തിച്ചിച്ചിരിക്കുകയാണ്‌ എന്ന യഥാര്‍ത്ഥ്യം കേരള ജനതക്കു മുഴുവന്‍ അറിയാവുന്നതാണ്‌. അതായത്‌ എന്തൊക്കെ സംഭവിച്ചാലും തെരെഞ്ഞെടുപ്പ്‌ ഫലം പുറത്തു വന്നതിനുശേഷം മുഖ്യമന്ത്രി സ്ഥാനഭ്രഷ്‌ടനാക്കപ്പെടുക തന്നെ ചെയ്യുമെന്ന അവസ്ഥയിലേക്കാണ്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌.
അപ്പോള്‍ അത്തരം ഒരു സാഹചര്യത്തില്‍ പുറത്തു പോകേണ്ടി വരുന്നത്‌ കോടതി പരാമര്‍ശങ്ങളുടെ പേരിലാണ്‌ എന്ന്‌ വന്നാല്‍ കാലാകാലങ്ങളില്‍ അത്‌ മുഖ്യമന്ത്രിക്ക്‌ അപമാനമായി നില്‍ക്കും. മാത്രവുമല്ല അത്‌ മുഖ്യമന്ത്രിയുടെ രാഷ്‌ട്രീയ ആത്മഹത്യക്കു തുല്യമാവുകയും ചെയ്യും. അപ്പോള്‍ ആത്മഹത്യ ഒഴിവാക്കി വീരചരമം പ്രാപിക്കുവാനുള്ള അവസരം ഒരുക്കുക എന്നതാണ്‌ നാടകാന്ത്യം സംഭവിക്കാന്‍ പോകുന്നത്‌. താന്‍ ഭരിക്കുമ്പോള്‍ നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌. മുന്നണിക്ക്‌ ആഗ്രഹിച്ച വിജയം കൈവരിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ലവലേശം അധികാരക്കൊതിയില്ലാതെ സ്ഥാനത്യാഗം ചെയ്‌ത മഹാനാണ്‌ താനെന്ന ഭാവി കേരളം വാഴ്‌ത്തിപാടുവാന്‍ കളം ഒരുക്കുകയാണ്‌ ഇപ്പോള്‍ മുഖ്യമന്ത്രി ചെയ്യുന്നത്‌. സീറ്റു കുറഞ്ഞാല്‍ കോണ്‍ഗ്രസ്സ്‌ മുഖ്യമന്ത്രിമാര്‍ക്ക്‌ സ്ഥാന ചലനം ഉണ്ടായേക്കുമെന്ന രീതിയില്‍ വാര്‍ത്ത പ്രചരിപ്പിച്ചതും ഈ തന്ത്രത്തിന്റെ ഭാഗമാണ്‌. ഇത്‌ കേരളത്തില്‍ മാത്രമല്ല ഭാരതം ഒട്ടാകെയുള്ള പ്രതിഭാസമാണന്ന്‌ മുമ്പേ പറഞ്ഞിരുന്നതല്ലേ എന്നും നാളെ ഇക്കൂട്ടര്‍ക്കു ചോദിക്കുകയും ചെയ്യാം. അതോടെ സോളാറിന്റേയും, ഭൂമിതട്ടിപ്പിന്റേയും പേരിലുള്ള കോടതി പരാമര്‍ശങ്ങളും, മറ്റെല്ലാ കളങ്കങ്ങളും ജനങ്ങള്‍ മറന്ന്‌ ആദര്‍ശപരിവേഷം ചാര്‍ത്തി നില്‍ക്കാമെന്നുമാണ്‌ മുഖ്യമന്ത്രി സ്വപ്‌നം കാണുന്നത്‌. മറ്റാരും കാണാതിരിക്കാന്‍ കണ്ണടച്ച്‌ പാലുകുടിക്കുന്ന പൂച്ചയെയാണ്‌ ഓര്‍മ്മ വരുന്നത്‌. 

Comments