സാധാരണക്കാരന്റെ നട്ടെല്ലൊടിച്ച വിലക്കയറ്റം

(Published In Kesari Weekly on 28 .03.2014) 

യു.പി.എ.യുടെ ഒന്നും രണ്ടും സര്‍ക്കാരുകള്‍ ഭാരത ജനതക്കു സമ്മാനിച്ചത്‌ വിലകയറ്റം സൃഷ്‌ടിച്ച തീരാ ദുരിതത്തിന്റെ പത്താണ്ടുകള്‍ ആയിരുന്നു. ഇടതുപക്ഷത്തിന്റേയും മറ്റ്‌ പ്രദേശിക രാഷ്‌ട്രീയ കക്ഷികളുടേയും പിന്‍തുണയോടെ ഭരിച്ച മന്‍മോഹന്‍സിങ്ങിന്റെ ഭരണ കാലത്ത്‌ സാധാരണക്കാരും പാവപ്പെട്ടവരും അടുപ്പ്‌ കത്തിക്കുവാന്‍ കുറച്ചൊന്നുമല്ല കഷ്‌ടപ്പെട്ടത്‌. 
വിലക്കയറ്റം ഇത്രകണ്ട്‌ രൂക്ഷമായ ഒരു കാലഘട്ടവും ഇതിനുമുമ്പ്‌ ഉണ്ടായിട്ടില്ല. കഴിഞ്ഞ പത്തു വര്‍ഷത്തിടയില്‍ നിത്യോപയോഗ സാധനങ്ങള്‍, ഭക്ഷ്യ വസ്‌തുക്കള്‍ പച്ചക്കറി, പാചകവാതകം , പെട്രോളിയം ഉള്‍പ്പന്നങ്ങള്‍ തുടങ്ങി വില വര്‍ദ്ധിക്കാത്തതായ ഒരു സാധനം പോലും ഉണ്ടായിരുന്നില്ല. വിലക്കയറ്റം പരിധികളില്ലാതെ വളര്‍ന്നപ്പോളും ജനജീവിതം ദുസ്സഹമായി മാറിയപ്പോഴും ജനങ്ങള്‍ പട്ടിണിയിലേക്ക്‌ വഴുതി വീണപ്പോഴും അതിനെ നിയന്ത്രിക്കുവാന്‍ പദ്ധതികള്‍ രൂപീകരിക്കുവാന്‍ തയ്യാറാകാത്ത ഭരണാധികാരികളും ഭരണത്തെ നിയന്ത്രിക്കുന്നവരും ജനങ്ങളെ അവഹേളിക്കുന്ന പ്രസ്ഥാവനകളുമായി രംഗത്തു വരികയാണ്‌ ചെയ്‌തത്‌. നാട്ടില്‍ വിലക്കയറ്റമോ പട്ടിണിയോ ഇല്ലന്നും അതെല്ലാം ഒരു മാനസികാവസ്ഥ മാത്രമാണന്നുമെന്നുള്ള പ്രസ്ഥാവനയുമായാണ്‌ കോണ്‍ഗ്രസ്സിന്റെ വൈസ്‌ പ്രസിഡന്റും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗന്ധി രംഗത്തു വന്നത്‌. പ്രധാന മന്ത്രിയാകട്ടെ ഒരു പടി കൂടി കടന്ന്‌ വിലക്കയറ്റം ഒരു ആഗോള പ്രതിമാസമാണന്ന്‌ പറഞ്ഞ്‌ തലയൂരാനാണ്‌ ശ്രമിച്ചത്‌.
വിലകയറ്റം സൃഷ്‌ടിക്കുന്നതിന്‌ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്ന്‌ പണപ്പെരുപ്പമാണ്‌. അതേപോലെ തന്നെ രൂപയുടെ മൂല്യും സര്‍വ്വകാല റെക്കോഡോടെ ഇടിഞ്ഞതും വിലക്കയറ്റം രൂക്ഷമാക്കുവാന്‍ കാരണമായിട്ടുണ്ട്‌. രൂപയുടെ വിലതകര്‍ച്ചയെ നിയന്ത്രിക്കുവാനോ പണപ്പെരുപ്പത്തിന്റെ തോത്‌ കുറക്കുവാനോ ആവശ്യമായ യാതൊരു നടപടികളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ലന്നു മാത്രമല്ല, നിലവിലുണ്ടായിരുന്ന പൊതു വിതരണ സംവിധാനങ്ങളെ തന്നെ അട്ടിമറിക്കുന്നതും കുത്തകകളെ സഹായിക്കുന്നതുമായ നടപടികളാണ്‌ യു.പി.എ. യുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്‌.
യു.പി.എ.യ്‌ക്ക്‌ മുമ്പ്‌ ഇന്ത്യയില്‍ അധികാരത്തിലിരുന്ന അടല്‍ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. സര്‍ക്കാരാകട്ടെ വിലക്കയറ്റവും നാണയപ്പെരുപ്പവും എല്ലാം നിയന്ത്രണവിധേയമാക്കുന്നതിന്‌ ആവശ്യമായ കാര്യക്ഷമമായ പദ്ധതികളാണ്‌ ആവിഷ്‌കരിച്ച്‌ നടപ്പിലാക്കിയിരുന്നത്‌. അതുകൊണ്ട്‌ തന്നെ എന്‍ ഡി എ ഭരിച്ചിരുന്ന ആറു വര്‍ഷക്കാലയളവില്‍ ഒരിക്കല്‍ പോലും വിലക്കയറ്റത്തിനെതിരെ ഒരു പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ പോലും പ്രതിപക്ഷങ്ങള്‍ക്കു സാധിച്ചിരുന്നില്ല. കാര്യക്ഷമമായ പദ്ധതികളിലൂടെ കാര്‍ഷിക മേഖലയില്‍ ഉണ്ടാക്കിയ നേട്ടങ്ങളും പൊതുവിതരണ രംഗത്തെ സമയോചിതമായ ഇടപെടലുകളും സാമ്പതിക രംഗത്തെ അച്ചടവും ആയിരുന്നു അത്തരത്തില്‍ ഒരു നേട്ടം കൈവരിക്കാന്‍ എന്‍ ഡി എ യെ സഹായിച്ചത്‌.
2001 ഡിസംബര്‍ 25 ന്‌ തുടക്കം കുറിച്ച അന്ത്യോദയ അന്നയോചന പദ്ധതി പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ സുരക്ഷാ പദ്ധതി ആയിരുന്നു. ഈ പദ്ധതി പ്രകാരം ദരിദ്ര ജനവിഭാഗങ്ങള്‍ക്ക്‌ പ്രതിമാസം മുപ്പത്തഞ്ച്‌ കിലോ ഭക്ഷ്യദാന്യം കിലോയ്‌ക്ക്‌ 2 രൂപാ നിരക്കില്‍ ഗോതമ്പും 3 രൂപാ നിരക്കില്‍ അരിയും വിതരണം ചെയ്‌തു വന്നിരുന്നു. ദാരിദ്ര രേഖയ്‌ക്കു താഴെ വരുന്ന 36 കോടി ജനങ്ങള്‍ക്ക്‌ നല്‍കുന്ന സഹായ വില റേഷന്‍ ധാന്യത്തിന്റെ അളവു ഗണ്യമായി വര്‍ദ്ധിപ്പിച്ചുനല്‍കി. ഇതിനു പുറമെ വിവിധ ക്ഷേമ പദ്ധതികള്‍ പ്രകാരം 50 ലക്ഷം ടണ്ണിലേറെ ഭക്ഷ്യധാന്യം സൗജന്യമായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ നല്‍കി. അതുപോലെ തന്നെ ജോലിക്ക്‌ ഭക്ഷണം പദ്ധതി തുടങ്ങിയ നിരവധിയായ ക്ഷേമ പദ്ധതികളിലുടെയും സമയാസമയങ്ങളിലുള്ള വിവണിയിലെ ഇടപെടലുകളിലൂടെയുമാണ്‌ അക്കാലത്ത്‌ വിലക്കയറ്റം പൂര്‍ണ്ണമായും പിടിച്ചു നിര്‍ത്താന്‍ എന്‍.ഡി. എ. യ്‌ക്കു സാധിച്ചത്‌.
തുടര്‍ന്നു വന്ന യുപിഎ സര്‍ക്കാരിന്റെ പത്തു വര്‍ഷത്തെ ഭരണം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക്‌ തകര്‍ത്തു. എന്‍ഡിഎ സര്‍ക്കാര്‍ ഭരണമൊഴിയുമ്പോഴുള്ള വളര്‍ച്ചാ നിരക്ക്‌ 8.5 ശതമാനമായിരുന്നു. എന്നാല്‍ 2014 ല്‍ രാജ്യത്തിന്റെ വളര്‍ച്ച കേവലം 4.5% ആയി കുറഞ്ഞതായി കഴിഞ്ഞ ദിവസം ധനമന്ത്രി അവതരിപ്പിച്ച ഇടക്കാല ബജറ്റിലെ കണക്കുകള്‍ പറയുന്നു.
തൊഴിലാളികളുടെ ഉപഭോക്തൃവില സൂചിക 2004 ല്‍ 3.9% ആയിരുന്നത്‌ 2013 - 2014 ആയപ്പോഴേക്കും 10.8% ആയി ഉയര്‍ന്നിട്ടുണ്ട്‌. 2013 അവസാനത്തില്‍ അതിനുമുമ്പത്തെ ഒരു വര്‍ഷത്തേതിനെ അപേക്ഷിച്ച്‌ വിലക്കയറ്റം 7.52 ശതമാനമായിരുന്നു. അതില്‍ത്തന്നെ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം 19.93 ശതമാനമായിരുന്നു; വൈദ്യുതിയുടെയും എണ്ണയുടെയും വിലക്കയറ്റം 11.08 ശതമാനവും ആയിരുന്നു. 2004 നും 2013നും ഇടയില്‍ ഭക്ഷ്യസാധനങ്ങളുടെ വില 157 ശതമാനം കണ്ടാണ്‌ വര്‍ധിച്ചത്‌. ഗോതമ്പിന്റെ വില 117 ശതമാനം വര്‍ധിച്ചു. പയര്‍വര്‍ഗങ്ങളുടെ വില 123 ശതമാനം കണ്ട്‌ വര്‍ധിച്ചു; ഉരുളക്കിഴങ്ങിെന്‍റ വില 185 ശതമാനം കണ്ടാണ്‌ വര്‍ധിച്ചത്‌. പച്ചക്കറികളുടെ വില 350 ശതമാനം കണ്ടും ഉള്ളിയുടെ വില 521 ശതമാനം കണ്ടും വര്‍ധിച്ചു. അതോടെ,അവയൊക്കെ സാധാരണക്കാരുടെ ഭക്ഷണ സാധനങ്ങളല്ലാതായി തീര്‍ന്നിരിക്കുന്നു. ഇതെല്ലാം സംഭവിച്ചിരിക്കുന്നത്‌ യു.പി.എ. യുടെ ഭരണകാലത്താണ്‌ എന്നതും നാം വിസ്‌മരിച്ചു കൂടാ.
വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്താന്‍ എന്‍ ഡി.എ. സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്ന മുഴുവന്‍ പദ്ധതികളേയും അട്ടിമറിച്ച ഒന്നും രണ്ടും യു പി എ സര്‍ക്കാരുകള്‍ പൊതുവിതരണ രംഗത്തേയും താറുമാറാക്കി. ബിപിഎല്‍ കാര്‍ഡുടമകള്‍ക്കുള്ള അരിയുടെ വില 1997- 98ല്‍ ക്വിന്‍റലിന്‌ 350 രൂപയായിരുന്നത്‌ 2007-08 ആയപ്പോഴേക്ക്‌ 415 രൂപയാക്കി വര്‍ധിപ്പിച്ചു. ഇതേ കാലഘട്ടത്തില്‍ എപിഎല്‍ കാര്‍ഡുടമകള്‍ക്കുള്ള അരിയുടെ വില ക്വിന്‍റലിന്‌ 550 രൂപയില്‍നിന്ന്‌ 755 രൂപയായും വര്‍ധിപ്പിച്ചു. ഗോതമ്പിന്റെ വില ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക്‌ ക്വിന്‍റലിന്‌ 250 രൂപയായിരുന്നത്‌ 415 രൂപയാക്കി വര്‍ധിപ്പിച്ചു. എപിഎല്‍ കാര്‍ഡ്‌ ഉടമകള്‍ക്ക്‌ ഗോതമ്പിന്റെ വില 450 രൂപയില്‍നിന്ന്‌ 610 രൂപയായും വര്‍ധിപ്പിച്ചു. പിന്നീട്‌ ഈ വര്‍ദ്ധനവ്‌ ഒരു തുടര്‍ക്കതയായി മാറുകയും ദിനംപ്രതി വില വര്‍ദ്ധനവ്‌ പ്രാബല്യത്തില്‍ വരികയുമായിരുന്നു. സാധാരണക്കാരും പാവപ്പെട്ടവരും ആശ്രയിച്ചിരുന്ന പൊതുവിതരണ സംവിധാനത്തെ പോലും ഇത്രയും വര്‍ധന വരുത്തി തകര്‍ക്കാന്‍ ശ്രമിച്ചതും കഴിഞ്ഞ പത്തുകൊല്ലത്തിനുള്ളിലാണ്‌. വില വര്‍ദ്ധനവിലൂടെ നട്ടം തിരിഞ്ഞിരുന്ന ജനങ്ങളുടെ മേല്‍ കൂടുതല്‍ പ്രഹരങ്ങള്‍ ഏല്‌പിച്ച്‌ പൊതുവിതരണ സംവിധാനത്തെ തന്നെ തകര്‍ക്കുവാനുള്ള കു ത്സിത സ്രമങ്ങളാണ്‌ പിന്നീട്‌ സര്‍ക്കാര്‍ നടപ്പിലാക്കിയത്‌ . ഇത്തരം ജനവിരുദ്ധ പരിഷ്‌കാരങ്ങളുടെ ഭാഗമായിരുന്നു ഭക്ഷ്യധാന്യങ്ങളുടെ സബ്‌സിഡിത്തുക പണമായി നല്‍കുന്ന പരിപാടി. പൊതുവിതരണ സംവിധാനങ്ങളെ ഘട്ടം ഘട്ടമായി ഇല്ലാതാക്കി സ്വകാര്യ കുത്തകകളെ സഹായിക്കുന്നതിന്റെ ഭാഗം തന്നെയായി വേണം ഇത്തരം പരിഷ്‌കാരങ്ങളെ കാണാനും. ഒപ്പണ്‍ വിപണിയിലെ വിലയ്‌ക്ക്‌ പൊതുവിതരണ കേന്ദ്രങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കേണ്ട സബ്‌സിഡികള്‍ ബാങ്ക്‌ വഴി പണയമായി നല്‍കുവാനുള്ള നീക്കവും ഫലത്തില്‍ ജനദ്രോഹം തന്നെയാണ്‌. ഈ പരിഷ്‌കാരം നടപ്പിലാകുന്നതോടെ റേഷന്‍ സാധനങ്ങളുടെ വിലയും വിലക്കയറ്റത്തിന്‌ കാരണമായിത്തീര്‍ന്നു. കാരണം അത്രയും പണവും വിപണിയിലേക്ക്‌ നേരിട്ട്‌ കടന്നുവരികയാണല്ലോ ചെയ്യുക. എന്നുതന്നെയല്ല, വില വര്‍ധിയ്‌ക്കുമ്പോള്‍, നിശ്ചിത വരുമാനമുള്ള ഒരു കുടുംബത്തിന്‌ വാങ്ങാന്‍ കഴിയുന്ന ഭക്ഷ്യധാന്യത്തിന്റെ അളവും ഗണ്യമായി കുറയും. നമ്മുടെ ചില്ലറ വ്യാപാരം വിദേശ നിക്ഷേപകര്‍ക്കായി തുറന്നുകൊടുക്കുന്നതിനുള്ള യു.പി.എ. യുടെ നീക്കങ്ങള്‍ ഇത്ര നാളും വേണ്ടത്ര വിജയിച്ചിരുന്നില്ല. അതിനാല്‍ വിദേശ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, നമ്മുടെ ചില്ലറ വ്യാപാരം ലാഭക്ഷമമാണെന്ന്‌ വരുത്തി തീര്‍ക്കുന്നതിനായി വിലകള്‍ കണ്ടമാനം ഉയരുന്നതിനെ ഗവണ്‍മെന്‍റ്‌ വളംവച്ച്‌ നല്‍കിയതും നാട്ടില്‍ വിലക്കയറ്റം വര്‍ദ്ധിക്കാന്‍ കാരണം ആയിട്ടുണ്ട്‌.
അതോടൊപ്പം തന്നെ നാടിന്റെ നട്ടെല്ലായ കാര്‍ഷിക മേഖലയ്‌ക്കു ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ കുറയുകയും വളങ്ങളുടെ സബ്‌സിഡികള്‍ എടുത്തുകളയുക കൂടി ചെയ്‌തതോടെ ചെറുകിട നാമമാത്ര കര്‍ഷരുടെ നട്ടെല്ലൊടിയുകയും കാര്‍ഷിക മേഖല തകരുകയും ചെയ്‌തു. ഇതും നാട്ടില്‍ വിലക്കയറ്റം വര്‍ദ്ധിക്കാന്‍ കാരണമായി തീര്‍ന്നു. ചെറുകിട കര്‍ഷകര്‍ നില്‍ക്കക്കള്ളിയില്ലാതെ പിന്തിരിഞ്ഞപ്പോള്‍ ഈ മേഖല കുത്തകള്‍ കയ്യടക്കുകയും പൂഴ്‌തി വയ്‌പിലൂടെയും ഊഹക്കച്ചവടത്തിലൂടെയും കോടികള്‍ ലാഭം കൊയ്യുകയും ചെയ്യുന്നു. യൂറിയ ഉല്‍പന്നങ്ങളല്ലാത്ത രാസവളങ്ങളുടെ വില ഇരട്ടിയില്‍ അധികമായിട്ടാണ്‌ വര്‍ധിച്ചത്‌. നൈട്രേറ്റുകളുടെയും പൊട്ടാസിയം അധിഷ്‌ഠിത രാസവളങ്ങളുടെയും വിലനിയന്ത്രണം നീക്കം ചെയ്യപ്പെട്ടതോടെ പൂഴ്‌ത്തിവെപ്പുകാര്‍ക്ക്‌ കൊള്ളലാഭത്തിനുള്ള കളമൊരുങ്ങി. ഡീസലിന്റെയും മറ്റ്‌ പെട്രോളിയം ഉല്‍പന്നങ്ങളുടെയും വിലക്കയറ്റവും റെയില്‍വെ കടത്തുകൂലി വര്‍ധനയും ഇതിന്നു പുറമെയാണ്‌.
കേരളത്തിലെ ഭൂരിഭാഗം വീടുകളിലേയും അടുക്കളകളില്‍ പാചകത്തിനായി ഉപയോഗിച്ചു പോന്നിരുന്നത്‌ എല്‍.പി.ജി. ആണ്‌. എന്നാല്‍ വീട്ടമ്മമാരുടെ അടുപ്പുകളില്‍ വെള്ളം കോരിയൊഴിക്കുന്ന നിലപാടുകളാണ്‌ യുപിഎ യുടെ സര്‍ക്കാരുകള്‍ ചെയ്‌തു വരുന്നത.്‌ പാചക വാതകത്തിന്റെ വില പതിന്മടങ്ങ്‌ വര്‍ദ്ധിപ്പിച്ചും സബ്‌സിഡികള്‍ എടുത്തു കളഞ്ഞും സിലണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചും വീട്ടമ്മമാരെ ദ്രോഹിക്കുന്ന നിലപാടുകള്‍ പത്തു വര്‍ഷവും തുടര്‍ന്നു കൊണ്ടിരുന്നു.
അതിനെല്ലാം ഒടുവില്‍ ആധാറിന്റെ പേരില്‍ കേരളത്തിലെ എല്‍പിജി ഉപയോക്താക്കളോട്‌ സര്‍ക്കാര്‍ കാണിച്ച ദ്രോഹനടപടികള്‍ ആര്‍ക്കും ക്ഷമിക്കാനോ വിസ്‌മരിക്കാനോ ആകുന്നതല്ല. തെരെഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ അത്തരം പരിഷ്‌കരണ നടപടികള്‍ അല്‌പ കാലത്തേക്ക്‌ മാറ്റി വച്ചിട്ടുണ്ടങ്കിലും വീണ്ടും അധികാരത്തിലെത്താന്‍ അവസരം ലഭിച്ചാല്‍ യു.പി.എ. നേതൃത്വം അവയെല്ലാം തിരിച്ചു കൊണ്ടു വരിക തന്നെ ചെയ്യും. അതുകൊണ്ട്‌ തന്നെ ഇത്തരം ജനദ്രോഹ നടപടികളുമായി വരുന്നവരെ ആട്ടിയോടിക്കുക തന്നെ വേണം.
പെട്രോളിന്റേയും ഡീസലിന്റെയും പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വിലനിര്‍ണയ അവകാശം കമ്പനികള്‍ക്ക്‌ വിട്ടു നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമാണ്‌ ഭാരതത്തിലെ അനിയന്ത്രിതമായ വിലക്കയറ്റത്തിനുള്ള പ്രധാന കാരണം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതിന്റെ രീതി സംബന്ധിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിനാണ്‌ 2013 ജൂണില്‍ കേന്ദ്രസര്‍ക്കാര്‍, ഡോ. കിരിത്‌ എസ്‌ പരീഖിന്റെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചത്‌. ഒരു വര്‍ഷത്തിനകം ഡീസല്‍ സബ്‌സിഡി പൂര്‍ണമായും ഇല്ലാതാക്കണമെന്നും ഡീസലിന്റെയും വിലനിര്‍ണയ അധികാരം എണ്ണക്കമ്പനികള്‍ക്ക്‌ നല്‍കണമെന്നും ഈ സമിതിയാണ്‌ നിര്‍ദേശിച്ചത്‌. ഡീസല്‍ വില ഒറ്റയടിക്ക്‌ അഞ്ചുരൂപ വര്‍ധിപ്പിക്കണമെന്ന്‌ നിര്‍ദേശിച്ച പരീഖ്‌ സമിതി ഡീസല്‍ സബ്‌സിഡി തല്‍ക്കാലം ആറുരൂപയായി നിജപ്പെടുത്തണമെന്ന്‌ നിര്‍ദേശിച്ചു. തുടര്‍ന്ന്‌ മാസാമാസം വില വര്‍ധിപ്പിച്ച്‌ ഒരുവര്‍ഷത്തിനകം സബ്‌സിഡി സമ്പൂര്‍ണമായി ഇല്ലാതാക്കണമെന്ന സമിതിയുടെ ഉപദേശമാണ്‌ കേന്ദ്രസര്‍ക്കാര്‍ ശിരസ്സാവഹിച്ച്‌ നടപ്പാക്കുന്നത്‌.
സ്വകാര്യ എണ്ണക്കമ്പനികളെ നഷ്ടത്തില്‍നിന്ന്‌ രക്ഷിക്കാനാണന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്വകാര്യ എണ്ണക്കമ്പനികളെ സഹായിക്കുന്ന നിലപാടുകളാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. രാജ്യത്തെ എണ്ണക്കമ്പനികളൊന്നും നഷ്ടത്തിലല്ല പ്രവര്‍ത്തിക്കുന്നത്‌. പെട്രോളിയം പ്ലാനിങ്‌ ആന്‍ഡ്‌ അനാലിസിസ്‌ സെല്‍ തയ്യാറാക്കിയ കണക്കുപ്രകാരം 2012-13 ല്‍ രാജ്യത്തെ എണ്ണക്കമ്പനികളുടെ അണ്ടര്‍ റിക്കവറി 1,61,029 കോടി രൂപയാണ്‌. എന്നാല്‍, 2012-13ല്‍ കേന്ദ്രസര്‍ക്കാര്‍ കണക്കുപ്രകാരം ഒഎന്‍ജിസിയുടെ ലാഭം 20,926 കോടിയാണ്‌. ഐഒസിയുടെ ലാഭം മുന്‍ വര്‍ഷത്തെ 3954.62 കോടിയില്‍ നിന്ന്‌ 2012- 13 ല്‍ 5005.17 കോടിയായി വര്‍ധിച്ചു. ബിപിസിഎല്ലിന്റെ ലാഭം 1311.27 കോടിയില്‍നിന്ന്‌ 2642.9 കോടിയായി. ഓയില്‍ ഇന്ത്യ, സിപിസിഎല്‍, എആര്‍പിഎല്‍ തുടങ്ങി എല്ലാ എണ്ണക്കമ്പനികളും വന്‍ ലാഭമുണ്ടാക്കുന്നവയാണെന്ന്‌ കേന്ദ്രസര്‍ക്കാരിന്റെതന്നെ കണക്കുകള്‍ വ്യക്തമാക്കുന്നു. കേന്ദ്രസര്‍ക്കാരിന്‌ നല്‍കുന്ന ഡിവിഡന്റും നികുതിയുമുള്‍പ്പെടെ നല്‍കിയശേഷമുള്ള എണ്ണക്കമ്പനികളുടെ അറ്റാദായമാണ്‌ ഇത്‌.
ഇത്തരത്തില്‍ സാധാരണക്കാരായ ജനങ്ങളെ മറന്നു കൊണ്ടു ഭരണം നടത്തിയിരുന്ന യുപിഎ സര്‍ക്കാരുകളും അവരെ തെളിഞ്ഞും ഒളിഞ്ഞും സഹായിക്കുന്ന ഇടതുപക്ഷങ്ങളും മൂന്നാം മുന്നണിക്കാരുമെല്ലാം വിയക്കയറ്റത്തിന്റെ ഉത്തരവാദികള്‍ തന്നെയാണ്‌. അവര്‍ക്ക്‌ ഈ ജനദ്രോഹ നടപടികളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കഴിയുകയുമില്ല. അതുകൊണ്ട്‌്‌ ഇക്കൂട്ടര്‍ ചെയ്‌തു വച്ച ജനദ്രോഹ നടപടികളില്‍ നിന്നും തലയൂരുന്നതിനാണ്‌ എന്‍ ഡി എ ഒഴികെയുള്ള കക്ഷികള്‍ എല്ലാം തന്നെ വിലക്കയറ്റം ഉള്‍പ്പടെയുള്ള പ്രധാന പ്രശ്‌നങ്ങളെ ഒന്നും പരാമര്‍ശിക്കുക പോലും ചെയ്യാതെ മോദി എന്ന ഒറ്റ അജണ്ടയില്‍ ഊന്നി പ്രചാരണങ്ങള്‍ നടത്തുന്നതും.

Comments