അഴിമതിയില്‍ കൊഴുക്കുന്ന കേന്ദ്ര സര്‍ക്കാരും വിലക്കയറ്റത്തില്‍ തളരുന്ന ജനങ്ങളും






കഴിഞ്ഞ കാലങ്ങളില്‍ സി.ബി.ഐ. യെ ഉപയോഗിച്ച്‌ നിരവധി പ്രതി സന്ധികളേയും പരീക്ഷണങ്ങളേയും തരണം ചെയ്‌ത്‌ കേന്ദ്രം ഭരിക്കുന്ന യു.പി.എ സര്‍ക്കാര്‍ അതേ സി.ബി.ഐ. മുഖാന്തിരം തന്നെ വീണ്ടും ഒരു പരീക്ഷണ ഘട്ടത്തില്‍ വന്നു ചേര്‍ന്നിരിക്കുന്നു. ഈ പരീക്ഷണത്തെ മറികടക്കാന്‍ സര്‍ക്കാര്‍ അല്‌പം അധികം വിയര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയും വലിയ അഴിമതികള്‍ നടത്തിയിട്ടുള്ള കഴിവുകെട്ട ഒരു ഭരണകൂടവും നമ്മുടെ നാട്‌ ഭരിച്ചിട്ടില്ല. യു.പി.എ. ഘടകകക്ഷികള്‍ തമ്മിലും കോണ്‍ഗ്രസ്സ്‌ നേതാക്കള്‍ തമ്മിലും അഴിമതിയുടെ കാര്യത്തില്‍ തമ്മില്‍ തമ്മില്‍ മത്സരിച്ചു കൊണ്ടിരിക്കുകയാണ്‌.
ഇത്രയും ദുര്‍ബലമായ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിതാണ്‌, കാര്യക്ഷമതയില്ലാതെ തളര്‍ന്നു വീണപ്പോഴും അവര്‍ക്ക്‌ താങ്ങും തണലുമായി മാറിയത്‌ രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയായ സി.ബി.ഐ ആയിരുന്നു. സ്വതന്ത്രവും നീതിയുക്തവുമായി പ്രവര്‍ത്തിക്കേണ്ട സി.ബി.ഐ ഭരണകൂടത്തിന്റെ ചട്ടുകമായി മാറുകയായിരുന്നു. ഒടുവില്‍ പ്രധാനമന്ത്രി നേരിട്ടു കൈകാര്യം ചെയ്‌തിരുന്ന കല്‍ക്കരി വകുപ്പിലെ അഴിമതികളെക്കുറിച്ച്‌ അന്വേഷണം നടത്തിയ സി.ബി.ഐ അവരുടെ അന്വേഷണ റിപ്പോര്‍ട്ട്‌ കോടതിയില്‍ ഹാജരാക്കുന്നതിനു മുമ്പായി പ്രധാന മന്ത്രിയുടെ ഓഫീസില്‍ കാണിച്ച്‌ തിരുത്തുക വഴി സിബിഐയും സര്‍ക്കാരും പരമോന്നത നീതി പീഠത്തിന്റെ ശാസനക്ക്‌ തന്നെ വിധേയമായിരിക്കുന്നു.
ഇപ്പോള്‍ കര്‍ണ്ണാടക നിയമസഭയിലേക്ക്‌ നടന്ന തെരെഞ്ഞെടുപ്പ്‌ ഫലം ഉയര്‍ത്തിപിടിച്ച്‌ ജനദ്രോഹ മുഖംമൂടി മറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ടങ്കിലും അതൊന്നും വില പോകാത്തത്ര കടുത്ത ഗര്‍ത്തത്തിലാണ്‌ സര്‍ക്കാര്‍ വന്നു പതിച്ചിരിക്കുന്നത്‌.
ഒരു വശത്ത്‌ അഴിമതിയിലൂടെ ഭരണകൂടവും അവരുടെ പിണിയാളുകളും തടിച്ചു കൊഴുക്കുമ്പോഴും മറു വശത്തു കൂടി വിലക്കയറ്റം മൂലം ജനങ്ങള്‍ പെറുതിമുട്ടുകയാണ്‌. വിലക്കയറ്റം മൂലം നിലയില്ലാകയത്തില്‍ അകപ്പെട്ടു പോയ പാവം ജനങ്ങളെ വിസ്‌മരിച്ച്‌ വിദേശ സ്വദേശ കുത്തകളേ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന നിലപാടുകളില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നു. നാടിന്റെ സമ്പത്തും വിഭവങ്ങളും യഥേഷ്‌ടം കൊള്ളയടിക്കാന്‍ സഹായം ഒരുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ആര്‍ക്കു വേണ്ടിയാണ്‌ ഭരണം നടത്തുന്നതെന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു.
കേന്ദ്രം ഭരിക്കുന്ന മന്ത്രിമാരില്‍ അഴിമതി ആരോപണത്തിന്‌ വിധേയരാകാത്തവര്‍ ആരും തന്നെയില്ല. അഴിമതി ആരോപണങ്ങളുടെ പേരില്‍ രാജിവച്ച്‌ പുറത്തു പോയവരും, രാജി വയ്‌ക്കാതെ ആരോപണങ്ങളില്‍ പെട്ട്‌ കടിച്ചു തൂങ്ങി കിടക്കുന്നവരും നിരവധിയാണ്‌.
ഒന്നാം യു.പി.എ. സര്‍ക്കാരിനേയും അതിനു മുമ്പുള്ള മറ്റ്‌ കോണ്‍ഗ്രസ്സ്‌ സര്‍ക്കാരുകളേയും എല്ലാം കടത്തി വെട്ടുന്ന അഴിമതിയാണ്‌ അപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്‌. യുപി എ സര്‍ക്കാരിന്റെ അഴിമതിയുടെ സാമ്രാജ്യം ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നതിലും എത്രയോ വലുതാണന്ന്‌ വരു ദിവസങ്ങളില്‍ തെളിയുവാന്‍ പോകുന്നതെയുള്ളു. ഇന്ന്‌ ഓരോ അഴിമതികളിലൂടെയും ഉയര്‍ന്നു വരുന്ന കണക്കുകള്‍ രാജ്യത്തിന്റെ പദ്ധതി തുകയേക്കാള്‍ വലുതാണ്‌.
അഴിമതിയിലൂടെ സംഭാദിച്ച കള്ളപ്പണം വിദേശരാജ്യങ്ങളില്‍ കൊണ്ടു പോയി നിക്ഷേപിക്കുന്നു. കള്ളപ്പണ നിക്ഷേപങ്ങളെക്കുറിച്ചുള്ള കണക്കുകളും വിവരങ്ങളും പുറത്തു വിടണമെന്ന പ്രതിപക്ഷത്തിന്റേയും മറ്റും ആവശ്യങ്ങള്‍ അംഗീകരിക്കുവാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ലഭ്യമായ കണക്കുകള്‍ അനുസരിച്ച്‌ 1500 ബില്ല്യണ്‍ ഡോളറാണ്‌ വിവിധ വിദേശ രാജ്യങ്ങളിലായി ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം. ഇതില്‍ അധികവും നിക്ഷേപിച്ചിട്ടുള്ളത്‌ സ്വിസ്‌ ബാങ്കിലാണ്‌. ഇത്തരത്തില്‍ കള്ളപ്പണ നിക്ഷേപം ഉള്ളവരുടെ ലിസ്റ്റ്‌ പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകത്തത്‌ അതില്‍ ഭൂരിപക്ഷവും അവര്‍ക്ക്‌ വേണ്ടപ്പെട്ടവരായതിനാല്‍ ആണത്രെ.
യു.പി.എ സര്‍ക്കാരിനു കീഴില്‍ നടന്നിട്ടുള്ള അഴിമതി കേസുകളെക്കുറിച്ച്‌ പറയാന്‍ തുടങ്ങിയാല്‍ പത്ര താളുകള്‍ അതിനുമാത്രമെ തികയുകയുള്ളൂ. അത്രമാത്രം വരും അഴിമതിയുടെ നീണ്ട ലിസ്റ്റ്‌. കല്‍ക്കരി കേസിലായാലും, ടുജി കേസ്സിലായാലും കോമണ്‍വെല്‍ത്ത്‌ അഴിമതിയിലാലും, ഡല്‍ഹി വിമാനത്താവള കാര്യത്തിലായാലും, ഐ.എസ്‌. ആര്‍.ഒ. യുമായി ബന്ധപ്പെട്ട എസ്‌ ബാന്‍ഡ്‌ അഴിമതി കേസിലായാലും, ആദര്‍ശ്‌ ഫ്‌ളാറ്റ്‌ കേസിലായാലും, ഐ.പി.എല്‍. അഴിമതി കേസിലായാലും, ലാവാസ്‌ ടൗണ്‍ഷിപ്പ്‌ കേസിലായും, ഹെലികോപ്‌ടര്‍ ഇടപാടിലായാലും, റയില്‍വേ മന്ത്രിയും മകനും ഇടപെട്ട റെയില്‍വേ അഴിമതി കേസിലായാലും, എണ്ണിയാല്‍ ഒടുങ്ങാത്ത മറ്റ്‌ അഴിമതി കേസ്സുകളിലേതിലായാലും കോഴപ്പണത്തിന്റെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്‌. ഇത്രയേറെ അഴിമതികള്‍ നടത്തിയും നാടിന്റെ സമ്പത്തുകള്‍ കൊള്ളയടിച്ചും ഇവര്‍ക്ക്‌ ഇനി എത്രകാലം മുന്നോട്ടു പോകാന്‍ കഴിയും.
രൂപയുടെ മൂല്യം അനുദിനം താഴ്‌ന്നു കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക്‌ കൂപ്പു കുത്തുന്നു. വിലക്കയറ്റം പരിധികളില്ലാതെ കുത്തിച്ചു പായുന്നു. ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരം ഏല്‍ക്കുന്ന 2004 മെയില്‍ കേവലം 33.70 രൂപാ വിലയുണ്ടായിരുന്ന പെട്രോളിന്റെ വില നൂറു രൂപയിലേക്ക്‌ അടുത്തു കൊണ്ടിരിക്കുന്നു. പെട്രോളിന്റേയും ഡീസലിന്റേയും പാചകവാതകത്തിന്റേയും എല്ലാം വിലനിശ്ചയിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കൈവിട്ടിരിക്കുന്നു. ഇപ്പോള്‍ കുത്തക കമ്പനികള്‍ക്ക്‌ വിലനിശ്ചയിക്കുവാനുള്ള പൂര്‍ണ്ണ അധികാരം കൈവന്നതിലൂടെ ജനങ്ങളെ പീഢിപ്പിക്കാനും ആരംഭിച്ചിരിക്കുന്നു. ഫലമോ വിലക്കയറ്റം നിയന്ത്രണമില്ലാതെ കുതിക്കുന്നു. സാധാരണക്കാരനും ഇടത്തരക്കാനും ജീവിതം വഴിമുട്ടിയിരിക്കുന്നു. സാധാരണക്കാര്‍ക്ക്‌ ലഭ്യമായിരുന്ന സബ്‌സിഡികള്‍ ഓരോന്നായി സര്‍ക്കാര്‍ എടുത്തു കളഞ്ഞുകൊണ്ടിരിക്കുന്നു. സബ്‌സിഡികള്‍ നല്‍കി വിലകള്‍ പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന്റെ കയ്യില്‍ പണം കായ്‌ക്കുന്ന മരം ഇല്ലന്നു പറയുന്ന പ്രധാന മന്ത്രി കുത്തക ഭീമന്‍മാരുടെ കോടാനു കോടി രൂപായുടെ കുടിശിഖകള്‍ എഴുതി തള്ളുന്നു. പുറമെ അവര്‍ക്കു വേണ്ടി സഹായ പാക്കേജുകള്‍ ഏര്‍പ്പെടുത്തുവാന്‍ വീണ്ടും അത്രയും തന്നെ തുക സൗജന്യമായി നല്‍കുകയും ചെയ്യുന്ന സര്‍ക്കാരാണ്‌ പാവങ്ങള്‍ക്ക്‌ സബ്‌സിഡി നല്‍കാന്‍ പണമില്ലന്ന കാരണം പറഞ്ഞ്‌ നക്കാപിച്ച സബ്‌സിഡികള്‍ എടുത്തു കളയുന്നത്‌. കുത്തകകളെ സഹായിക്കാന്‍ കോടികള്‍ മുടക്കാന്‍ മടിയില്ലാത്ത സര്‍ക്കാരിന്‌ എന്തേ പാവങ്ങളുടെയും സാധാരണക്കാരുടേയും കാര്യത്തില്‍ ഇരട്ടത്താപ്പ്‌. പാചക വാതകത്തിന്റേയും ഡീസലിന്റേയും വില വര്‍ദ്ധിപ്പിച്ചും സബ്‌സിഡികള്‍ എടുത്തു കളഞ്ഞും സര്‍ക്കാര്‍ മുന്നോട്ട്‌ പോകുമ്പോള്‍ സാധാരണക്കാരും വീട്ടമ്മമാരും മുണ്ടുമുറുക്കി ഉടുക്കുകയും വന്‍കിടക്കാരന്‌ സബ്‌സിഡികള്‍ അനുവദിച്ച്‌ ഭരണക്കാര്‍ മടിശീല നിറക്കുകയും ചെയ്യുന്നു.
നാടിന്റെ സുരക്ഷക്കു ഭീഷണി ഉയര്‍ത്തി വിഘടന വിധ്വംസക ശക്തികള്‍ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും ഒരേ പോലെ ആക്രമണം അഴിച്ചു വിടുന്നു. ഭരണകൂടത്തിന്റെ നട്ടെല്ലില്ലായ്‌മ നിമിത്തം അയല്‍ രാജ്യങ്ങള്‍ നാടിന്റെ പരമാധികാരത്തെ തന്നെ വെല്ലുവിളിക്കുന്നു. ലഡാക്കിലെ ചൈന അധിനിവേശവും പാക്‌ ജയിലില്‍ ഇന്ത്യല്‍ തടവുകാരനുണ്ടായ ദാരുണ മരണവും, രണ്ട്‌ ഇന്ത്യക്കാരെ വെടി വച്ചു കൊന്ന ഇറ്റാലിയന്‍ നാവികരുടെ വിഷയത്തില്‍ ഇറ്റലി സ്വീകരിച്ച നിലപാടും, ഇന്ത്യന്‍ സൈനികര്‍ക്കു നേരെ ബംഗ്ലാദേശും പാക്കിസ്ഥാനും നടത്തിയ നിഷ്‌ഠൂര നടപടികളും എല്ലാം സൂചിപ്പിക്കുന്നത്‌ ഈ സര്‍ക്കാരിന്റെ കഴിവു കേടുകളെയാണ്‌. പ്രതിരോധ വകുപ്പില്‍ നടക്കുന്ന അഴിമതികളും കമ്മീഷനു വേണ്ടി ഗുണനിലവാരം കുറഞ്ഞ ആയുധങ്ങള്‍ വാങ്ങി കൂട്ടുന്നതു നിമിത്തവും സൈനികരുടെ ആത്മവീര്യം വരെ നശിപ്പിക്കപ്പെടുന്നു.
പ്രാദേശിക പാര്‍ട്ടികള്‍ക്ക്‌ രാജ്യ ഭരണത്തില്‍ നിര്‍ണ്ണായക സ്വാധീനം ലഭിക്കുക വഴി നാടിന്റെ കെട്ടുറുപ്പും നിലനില്‍പ്പും തന്നെ ചോദ്യംചെയ്യപ്പെടുന്ന അവസ്ഥയിലേക്കാണ്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌. ഒന്നും രണ്ടും സംസ്ഥാനങ്ങളില്‍ മാത്രം സ്വാധീനമുള്ള പാര്‍ട്ടികള്‍ക്ക്‌ പ്രാദേശിക താത്‌പര്യങ്ങള്‍ക്ക്‌ അപ്പുറം ദേശീയമായ വീക്ഷണം ഉണ്ടാകണമെന്നില്ല.
സകല മേഖലയിലും പരാജയമായി മറി കഴിഞ്ഞ ഈ സര്‍ക്കാരിനെകൊണ്ട്‌ ആകെ ഗുണം ഉള്ളത്‌ സോണിയാ കുടുംബത്തിനു മാത്രമാണ്‌. രാജ്യത്താകമാനം നടക്കുന്ന മുഴുവന്‍ അഴിമതികളുടേയും ഒരു കൈ ചെന്നു നില്‍ക്കുന്നത്‌ രോബര്‍ട്ട്‌ വധേരയിലേക്കാണത്രെ. വധേരയുടെ ഇത്തരം അനധികൃത ഇടപാടുകളെക്കുറിച്ചുള്ള നിരവധി ആരോപണങ്ങള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നു. എന്തിനേറെ പറയുന്നു പാവങ്ങള്‍ക്ക്‌ സബ്‌സിഡി നല്‍കാന്‍ പണം കായ്‌ക്കുന്ന മരം ഇല്ലന്നു പറയുന്ന പ്രധാന മന്ത്രിയുടെ സര്‍ക്കാര്‍ തന്നെയാണ്‌ ഈ വധേരയുടെയും അനുചരന്മാരുടേയും സകല ചിലവുകളും വഹിക്കുന്നതും. സാധാരണക്കാരന്റെ ജീവിതം വഴിമുട്ടിക്കുന്നതും കുത്തകള്‍ക്കും അഴിമതിക്കാര്‍ക്കും പിന്‌ബലവുമായി മാറിയിട്ടുള്ള ഈ സര്‍ക്കാരിന്റെ നാളുകള്‍ക്ക്‌ വിരാമം ആകുമെന്ന്‌ തന്നെ കരുതാം. 

Comments