സദ്ദാമിനെ ഭീകരര്‍ സ്വന്തമാക്കുമ്പോള്‍..



(2007 ജനുവരിയില്‍ ജന്മഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്‌)

സദ്ദാം ഹുസൈന്‍ എന്ന ഇറാഖിന്റെ മുന്‍ പ്രസിഡന്റിനെ എല്ലാ വിധ അന്താരാഷ്‌ട്ര മര്യാദകളും ലംഘിച്ചുകൊണ്ട്‌ അമേരിക്ക അവരോധിച്ച ഇറാഖിലെ ഭരണകൂടം തൂക്കിലേറ്റി. സദ്ദാമിന്റെ പ്രവര്‍ത്തികള്‍ ഒരു പക്ഷേ ഈ ശിക്ഷയ്‌ക്ക്‌ കാരണമായിട്ടുണ്ടാകാം. പക്ഷേ അമേരിക്കന്‍ അധിനിവേശവും അവര്‍ സ്വീകരിച്ച വിചാരണനടപടികളും പ്രതിഷേധാര്‍ഹമാണ്‌.
പ്രതിഷേധിക്കാന്‍ കേരളത്തില്‍ ബി.ജെ.പി. ഒഴികെയുള്ള മുഴുവന്‍ രാഷ്‌ട്രീയപാര്‍ട്ടികളും, സര്‍ക്കാരും സ്‌പോണ്‍സര്‍ ചെയ്‌ത്‌ നടത്തിയ ഹര്‍ത്താലില്‍ പ്രകടമായത്‌ മതഭീകരവാദത്തിന്റെ മറ്റൊരു മുഖമാണ്‌. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താലറിയാതെ നിരവധി സ്‌ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ അക്ഷരാര്‍ത്ഥത്തില്‍ തെരുവിലകപ്പെടുകയായിരുന്നു. ഇവരില്‍ ശിവഗിരി, ശബരിമല, തീര്‍ത്ഥാടകരും പെടും.
സദ്ദാം ഹുസൈന്റെ വധത്തിന്‌ എതിരെ കേരളത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വവാദത്തിന്‌ എതിരായിരുന്നുവോ? അതോ കേരളത്തിലെ മുസ്‌ലിം ഇതര ജനവിഭാഗങ്ങള്‍ക്ക്‌ എതിരെ ആയിരുന്നുവോ?
മുസ്‌ലിം വര്‍ഗ്ഗീയതയ്‌ക്ക്‌ കേരളത്തില്‍ മാന്യതയുടെ പരിവേഷം ആദ്യമായി ചാര്‍ത്തിക്കൊടുത്തത്‌ ഇ.എം.എസ്‌.ഉം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുമാണ്‌ 1946-ല്‍ മലബാര്‍ ജില്ലാ ബോര്‍ഡ്‌ തെരഞ്ഞെടുപ്പ്‌ സഖ്യത്തില്‍ ഏര്‍പ്പെട്ടത്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയാണ്‌. 1967-ല്‍ മുസ്‌ലിംലീഗിനെ ആദ്യമായി മന്ത്രിസഭയില്‍ അംഗമാക്കുന്നതും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി തന്നെയാണ്‌. എന്തിനേറെ പറയുന്നു ഒരു മുസ്‌ലിം ലീഗുകാരന്‍ ആദ്യമായി ഭാരതസര്‍ക്കാരില്‍ അംഗമാകുന്നതും ഇതേ കമ്മ്യൂണിസ്റ്റുകാര്‍ പങ്കാളിയായി താങ്ങിനിര്‍ത്തുകയും മാര്‍ക്‌സിസ്‌ററ്‌ നേതാവ്‌ അദ്ധ്യക്ഷനായി (സ്‌പീക്കര്‍) വിഹരിക്കുന്ന സഭയിലാണെന്നതും ശ്രദ്ധേയമാണ്‌. മതഭീകരവാദികള്‍ക്ക്‌ താവളമായ മലപ്പുറം ജില്ല രൂപീകരിച്ച്‌ നല്‍കിയതും കമ്മ്യൂണിസ്റ്റുകാരാണ്‌ ഇപ്പോള്‍ ലീഗീന്‌ വീര്യം പോരായെന്ന്‌ തോന്നിയപ്പോള്‍ മതവര്‍ഗ്ഗീയവാദികളെ വിട്ട്‌ മതഭീകരവാദികളുമായി ഇടതുപക്ഷം ചങ്ങാത്തം കൂടിയിരിക്കയാണ്‌. എന്‍.ഡി.എഫും, പി.ഡി.പി.യും സിമിയും, ജമാഅത്തെ ഇസ്‌ലാമിയും എല്ലാം ഇന്ന്‌ കമ്മ്യൂണിസ്റ്റ്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടേയും അവര്‍ നയിക്കുന്ന സര്‍ക്കാരിന്റെയും ചിറകിനടിയില്‍ ഇരുന്നുകൊണ്ട്‌ കേരളത്തില്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക്‌ വഴിമരുന്ന്‌ ഇട്ടുകൊണ്ടിരിക്കുന്നു. ഇവര്‍ക്ക്‌ പ്രചോദനം നല്‍കിക്കൊണ്ട്‌ ഇടതുപക്ഷനേതൃത്വം നടത്തുന്ന പ്രസ്‌താവനകളാണ്‌ ദേശവിരുദ്ധശക്തികള്‍ക്ക്‌ ഊര്‍ജ്ജം നല്‍കുന്നത്‌. സത്യത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ തീക്കൊള്ളി കൊണ്ടാണ്‌ തല ചൊറിയുന്നത്‌.
മതഭീകരവാദം കേരളത്തിന്റെയോ ഭാരതത്തിന്റെയോ മാത്രം പ്രശ്‌നമല്ല. ഇന്ന്‌ ലോകത്താകമാനം മതഭീകരവാദം തഴച്ചുവളരുകയാണ്‌. ലോകത്ത്‌ എവിടെയെല്ലാം സംഘര്‍ഷങ്ങളും കലാപങ്ങളും നടക്കുന്നുണ്ടോ അവിടെയെല്ലാം ഒരു ഭാഗത്ത്‌ ഇസ്‌ലാമിക മതഭീകരതയാണ്‌ നേതൃത്വം നല്‍കുന്നത്‌ എന്ന്‌ കാണാന്‍ കഴിയും. എന്നു കരുതി മുസ്‌ലിംകളെല്ലാം വര്‍ഗ്ഗീയവാദികളോ ഭീകരവാദികളോ ആണെന്നല്ല പറയുന്നത്‌. പക്ഷേ, ഭീകരവാദികളില്‍ അധികവും മുസ്‌ലിംകളാണ്‌. അതുകൊണ്ട്‌ തന്നെ ആ മതവിശ്വാസികള്‍ ഒരു പരിഷ്‌കരണത്തിന്‌ മുതിരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
1992 ഏപ്രില്‍ മാസം 1,2 തീയതികളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും 1993 ഫെബ്രുവരി 18ന്‌ തലസ്ഥാനത്തും പിന്നീട്‌ പത്തനംതിട്ടയിലും മലബാറിലാകമാനവും മാറാട്‌, പൂന്തുറ കടപ്പുറങ്ങളിലും കടലുണ്ടിയിലും കൊടുങ്ങല്ലൂരും, നാദാപുരത്തും ഇരിട്ടിയിലുമെല്ലാം നടന്ന ഭീകരതാണ്‌ഡവങ്ങള്‍ കണ്ടില്ലെന്ന്‌ നടിച്ച്‌, ഇത്തരം മത ഭീകരവാദശക്തികളെ പാലൂട്ടി വളര്‍ത്തുന്നത്‌ ഇടതുപക്ഷകക്ഷികള്‍ അടക്കമുള്ള രാഷ്‌ട്രീയപാര്‍ട്ടികളും മാധ്യമങ്ങളും അവസാനിപ്പിച്ചില്ലെങ്കില്‍ അവര്‍ വലിയ വിപത്ത്‌ വിലകൊടുത്ത്‌ വാങ്ങുകയായിരിക്കുകയും ചെയ്യുന്നത്‌
സദ്ദാം ഹുസൈന്‍ വധത്തിന്റെ പേരില്‍ തെരുവിലിറങ്ങുന്നവര്‍ കാട്ടിക്കൂട്ടിയ മുഴുവന്‍ പേക്കൂത്തിന്റെയും പരിണിതഫലങ്ങള്‍ അനുഭവിക്കേണ്ടിവന്നവര്‍ കേരളത്തിലെ ജനമാണ്‌. അല്ലാതെ അമേരിക്കന്‍ ഭരണകൂടമല്ല. ഒരു തീപടര്‍ത്തി വിടുക എളുപ്പമാണ്‌. പക്ഷേ അത്‌ ആളിപ്പടര്‍ന്നാല്‍ അണയ്‌ക്കാന്‍ വളരെ ബുദ്ധിമുട്ടേണ്ടിവരും. അതുകൊണ്ട്‌ തന്നെ ഇത്തരം തീപടരാതെ സൂക്ഷിക്കേണ്ടവരാണ്‌ ഭരണാധികാരികളും രാഷ്‌ട്രീനേതാക്കളും എന്നവര്‍ വിസ്‌മരിക്കരുത്‌.
1921-ല്‍ ഖിലാഫത്തിന്റെ പേരില്‍ തെരുവിലിറങ്ങിയവര്‍ നേരിട്ടത്‌ ബ്രിട്ടീഷ്‌കാരെയായിരുന്നില്ല, മറിച്ച്‌ മലബാറിലെ ഹിന്ദുക്കളെയായിരുന്നു. ആയിരക്കണക്കിന്‌ ഹിന്ദുക്കള്‍ കശാപ്പ്‌ ചെയ്യപ്പെട്ടു. നൂറുകണക്കിന്‌ വരുന്ന സ്വത്തുക്കള്‍ കൊള്ളയടിച്ചു. യഥാര്‍ത്ഥത്തില്‍ ഖിലാഫത്തുമായി ബന്ധപ്പെട്ട കേരളത്തിലെ ഹിന്ദുക്കളുടെ പങ്ക്‌ എന്തായിരുന്നു? അവര്‍ ഹിന്ദുക്കളായി എന്നു മാത്രം.
ഇത്തരത്തില്‍ അന്യമതക്കാരേയും നാടിനേയും തകര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ദേശവിരുദ്ധശക്തികളുടെ ഊര്‍ജ്ജസ്രോതസ്സായി ഇത്തരം സംഭവങ്ങള്‍ മാറിക്കൂടാ. വോട്ട്‌ ബാങ്ക്‌ സൃഷ്‌ടിക്കുവാന്‍ വേണ്ടി ഇത്തരം സംഭവങ്ങളെ പെരുപ്പിച്ച്‌ കാണിച്ച്‌ അനാവശ്യമായ മതവികാരങ്ങളെ ഇളക്കിവിടുന്ന നടപടികളില്‍ നിന്നും രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും പിന്തിരിയണം. അതിന്‌ വേണ്ട വിവേകവും തിരിച്ചറിവും ഭരണരാഷ്‌ട്രീയനേതൃത്വങ്ങളും മാധ്യമങ്ങളും കൈക്കൊണ്ടില്ല എങ്കില്‍ കാലം അവര്‍ക്ക്‌ മാപ്പ്‌ കൊടുക്കില്ല. 

Comments