ദുരന്ത മേഖലകളില്‍ സാന്ത്വന സ്‌പര്‍ശവുമായി സേവാഭാരതി
(Kesari Varika 18 08 2013 Sunday)
കര്‍ക്കിടകത്തില്‍ കലി തുള്ളി എത്തിയ പേമാരി ഇടുക്കിയുടെ മലയോരങ്ങള്‍ക്ക് നല്‍കിയ ദുരന്തത്തിന്റെ ദിനങ്ങളില്‍ ദുരിത ബാധിതര്‍ക്ക് താങ്ങും തണലുമായി മാറാന്‍ സേവാഭാരതി രംഗത്ത് എത്തി. ഇരുപത്താറ് മണിക്കൂറിലധികം തുടര്‍ച്ചയായി പെയ്‌ത മഴയില്‍ ജില്ലയിലെ മലയോര മേഖലകളിലെല്ലാം ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളും നാശം വിതച്ചപ്പോള്‍, താഴ്‌വാരങ്ങളിലാകട്ടെ മലവെള്ളപ്പാച്ചിലില്‍ മുങ്ങി താഴ്‌ന്നത് നൂറുകണക്കിന് വീടുകളാണ്.
ജില്ലയില്‍ ആകെ നാല്‍പ്പത്താറ് ഉരുള്‍ പൊട്ടലുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. 681 വീടുകള്‍ പൂര്‍ണ്ണമായും നശിച്ചതായും 26 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും എത്രയോ വലുതായിരിക്കാം. ദുരന്തത്തില്‍ മരണം സംഭവിക്കാത്ത മേഖലകളിലേക്ക് ഇതുവരെ കാര്യമായ അധികൃത ശ്രദ്ധയോ മാധ്യമ ശ്രദ്ധയോ കടന്നു ചെന്നിട്ടില്ല. നൂറുകണക്കിന് ചെറു ഉരുള്‍ പൊട്ടലുകളും മണ്ണിടച്ചിലുകളുമാണ് സംഭവിച്ചിട്ടുള്ളത്. ഇതിനു പുറമെ പുഴകളും തോടുകളും കരകവിഞ്ഞ് ഉണ്ടായ ദുരന്തങ്ങള്‍ വേറെയും. വെള്ളം കയറി വീടുകള്‍ നിലം പൊത്തിയതും വീട്ടുപകരണങ്ങളും കുട്ടികളുടെ പാഠപുസ്‌തകങ്ങളും വിലപിടിച്ച റിക്കാര്‍ഡുകളും നശിച്ചതുമായ കേസ്സുകള്‍ എണ്ണിയെടുക്കാന്‍ പറ്റാത്തത്രെയുണ്ട്. റവന്യു വകുപ്പിനോ മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കോ പല കേന്ദ്രങ്ങളിലേക്കും കടന്നു ചെല്ലാന്‍ പോലും ആയിട്ടില്ല. മണ്ണൂം ചെളിയും നിറഞ്ഞ വീടുകള്‍ കഴുകി വൃത്തിയാക്കി താമസയോഗ്യമാക്കുവാന്‍ ദിവസങ്ങള്‍ വേണ്ടി വരും. ബന്ധു വീടുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും ജീവിതം തള്ളി നീക്കുന്നവര്‍ നിരവധിയാണ്. പല ദുരിതാശ്വാസ ക്യാമ്പുകളിലും ഭക്ഷണവും മറ്റും എത്തിക്കുന്നത് സേവാഭാരതി പോലുള്ള വിവിധ സാമൂഹിക സംഘടനകളാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അപര്യാപ്‌തമാണ്.
അപ്രതീക്ഷിതമായി കുതിച്ചെത്തിയ ദുരന്തങ്ങളില്‍ ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ഒന്നറച്ചു നിന്നപ്പോഴും അവര്‍ക്ക് പിന്തുണയും കരുത്തും ആകാന്‍ സേവാഭാരതി പ്രവര്‍ത്തകര്‍ക്കായി. അപ്രതീക്ഷിത ദുരന്തങ്ങളില്‍ എന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സേവാഭാരതി പ്രവര്‍ത്തകര്‍ രംഗത്ത് ഇറങ്ങാറുണ്ടങ്കിലും, ഇക്കുറി ഇടുക്കിയിലുണ്ടായ ദുരന്തത്തില്‍ ഒരു പടി കൂടി കടന്ന് ചിലയിടങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നയിക്കാനും സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരിക്കുന്നു.
ഏകദേശം ഒരേ സമയത്ത് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ദുരന്തങ്ങള്‍ സംഭവിച്ചപ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടേയും മാധ്യമങ്ങളുടേയും ശ്രദ്ധ കൂടുതലും പതിച്ചത് അടിമാലിക്കടുത്ത് ചീയപ്പാറയില്‍ ആയിരുന്നു. അവിടുത്തെ ദുരന്തത്തിന്റെ ആഴത്തെക്കുറിച്ച് പടര്‍ന്ന അഭ്യൂഹങ്ങളും അവിടെ ശ്രദ്ധ പതിപ്പിക്കുവാന്‍ കാരണവുമായി.
അതുകൊണ്ട് തന്നെ അതോടൊപ്പം മലയിഞ്ചിയില്‍ മൂന്നു പേരുടെ മരണത്തിന് കാരണമായ രണ്ട് ഉരുള്‍പൊട്ടല്‍ പ്രദേശങ്ങളിലേക്ക് അധികൃതരുടെ ശ്രദ്ധ അല്‌പം കുറയുകയും ചെയ്‌തിരുന്നു. എന്നാല്‍ കുറവുകളെല്ലാം പരിഹരിച്ച് ജനങ്ങള്‍ക്ക് ആത്മവീര്യം നല്‍കാനായത് സേവാഭാരതി പ്രവര്‍ത്തകരുടെ അവസരോചിതമായ ഇടപെടലുകളാണ്. യാതൊരുവിധ സാങ്കേതിക സൗകര്യങ്ങളും ഇല്ലാതെ മനക്കരുത്തിന്റെ പിന്‍തുണ ഒന്നുകൊണ്ടുമാത്രമാണ് സേവാഭാരതി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചത്. കനത്ത മഴയും കുലം കുത്തി ഒഴുകുന്ന പുഴയും ഒന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായില്ല. അറുപതോളം വരുന്ന സേവാഭാരതി പ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ അവര്‍ തന്നെയാണ് കാണാതായ ബീനയുടേയും മകന്‍ ആദിത്യന്റേയും മൃതദേഹങ്ങള്‍ കണ്ടെത്തി കരയ്‌ക്ക് എത്തിച്ചത്. നിറഞ്ഞ് കഴിഞ്ഞ് ഒഴുകിയ പുഴ മറികടക്കാന്‍ ഫയര്‍ഫോഴ്‌സിന്റെ വടം ലഭിക്കാത്തതിനാല്‍ കാട്ടുവള്ളി പുഴക്കു വട്ടം പിടിച്ച് പരസ്‌പരം കൈകോര്‍ത്താണ് സേവാഭാരതി പ്രവര്‍ത്തകര്‍ പുഴ വട്ടം കടന്ന് തിരച്ചില്‍ നടത്തിയതും മൃതദേഹങ്ങള്‍ കണ്ടെത്തിയതും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായി നിന്നപ്പോഴും സധൈര്യം പ്രവര്‍ത്തിച്ച സേവാഭാരതി പ്രവര്‍കര്‍ക്ക് നാട്ടുകാര്‍ ചൊരിഞ്ഞ സ്‌നേഹം മാത്രമായിരുന്നു കരുത്ത്.
മലയിഞ്ചിയിലെ ദുരിതാശ്വാസ ക്യാമ്പിന്റെ വ്യവസ്ഥകള്‍ എങ്ങിനെ നിശ്ചയിക്കണമെന്നറിയാതെ ഉദ്യോഗസ്ഥര്‍ കുഴഞ്ഞു നിന്നപ്പോള്‍ അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കി പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ ഉദ്യോഗസ്ഥരെ സഹായിച്ചത് സേവാ ഭാരതി പ്രവര്‍ത്തകരാണ്. ക്യാമ്പിലുള്ളവര്‍ക്ക് ആവശ്യമായ ഭക്ഷണവും പായും മറ്റും എത്തിക്കുന്നതിനും പ്രവര്‍ത്തകര്‍ മുന്‍കയ്യെടുത്തു. ഇത് അവിടുത്തെ മാത്രം കാര്യമല്ല ജില്ലയില്‍ ആകമാനം നടക്കുന്ന മുഴുവന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സേവാഭാരതി പ്രവര്‍ത്തകരുടെ സാന്നിദ്ധ്യവും സഹായവും നിര്‍ലോഭം ലഭിക്കുന്നുണ്ട്.
ചീയപ്പാറയില്‍ മൂന്നു പേരുടെ മരണത്തിടയാക്കിയ ദുരന്തത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയിരുന്നു. ചീയപ്പാറയിലെ റോഡിന് താഴ് വശത്തുള്ള ഭാഗത്ത് സൈന്യം എത്തുന്നതിനു മുമ്പ് ആദ്യം ഇറങ്ങി പരിശോധന നടത്താന്‍ പോലീസ് അനുമതി നല്‍കിയത് സേവാഭാരതി പ്രവര്‍ത്തകര്‍ക്കു മാത്രമാണ്. മുമ്പ് പല ഉരുള്‍പൊട്ടല്‍ മേഖലകളിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം മാതൃകപരമായ സേവനം ചെയ്‌ത് പരിചയമുള്ളവര്‍ അടങ്ങിയ സംഘമാണ് ടീയപ്പാറയില്‍ എത്തിയത്. കോതമംഗലത്തു നിന്നുമുള്ള മുപ്പതംഗ സംഘമാണ് തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ ആദ്യം പങ്കാളിയായത്. ഇതിനെക്കുറിച്ച് ചില സന്നദ്ധ സംഘടനകളും തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടും ചെയ്‌തിരുന്നു. കൂടാതെ ചീയപ്പാറയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിയ ആളുകള്‍ക്ക് സമയാസമയങ്ങളില്‍ ഭക്ഷണം എത്തിച്ചു കൊടുക്കുന്ന ചുമതലയും സേവാഭാരതി പ്രവര്‍ത്തകരാണ് ചെയ്‌തത്. ജില്ലയില്‍ അങ്ങോളമിങ്ങോളം സംഭവിച്ചിട്ടുള്ള ചെറുതും വലുതുമായ എല്ലാ ദുരന്ത മേഖലകളിലും സേവാഭാരതി പ്രവര്‍ത്തകരുടെ സഹായഹസ്‌തം എത്തിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ദുരിതബാധിതരുടെ സഹായത്തിന് സേവാഭാരതി പ്രവര്‍ത്തകര്‍ മാത്രം എത്തിയ സ്ഥലങ്ങളും ഉണ്ട്.
ഇത്തരം ദുരന്തങ്ങള്‍ സംഭവിച്ചു കഴിഞ്ഞാന്‍ ആദ്യ രണ്ടു ദിനങ്ങള്‍ക്കു ശേഷം പന്നീട് അവിടങ്ങളിലേക്ക് അധികൃതരോ മാധ്യമങ്ങളോ തിരിഞ്ഞ് നോക്കാറില്ല. എന്നാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും സേവാഭാരി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. വീടുകളിലിലും മറ്റും പതിച്ചിരിക്കുന്ന മണ്ണുകളും മറ്റും നീക്കം ചെയ്യുന്ന പ്രവര്‍ത്തികളും വീടുകള്‍ കഴുകി വൃത്തിയാക്കുന്ന പ്രവര്‍ത്തികളുമാണ് ചെയ്‌തു വരുന്നത്. ഇത്തരത്തില്‍ വ്യാഴാഴ്‌ച മൂവാറ്റുപുഴ സംഘ ജില്ലയില്‍ നിന്നുമുള്ള ഇരുന്നോറോളം പ്രവര്‍ത്തകര്‍ സേവന സന്നദ്ധമായി രംഗത്ത് എത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും മറ്റ് സ്ഥലങ്ങളില്‍ നിന്നുമുള്ള പ്രവര്‍ത്തകരും ഇതേ പ്രവര്‍ത്തികളും തുടരും.
ശാരീരികമായ സേവന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ ദുരിതബാധിതര്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങളും സഹായങ്ങളും ശരിയായ രീതിയില്‍ ലഭ്യമാക്കുന്നതിനാവശ്യമായ സഹായങ്ങളും സേവാഭാരതി ചെയ്‌തു നല്‍കുന്നുണ്ട്. മാനവസേവ തന്നെയാണ് മാധവ സേവ എന്ന മഹത്തായ കാഴ്‌ചപ്പാടോടെ സഹായം അര്‍ഹിക്കുന്നിടങ്ങളില്‍ ഓടിയെത്തി അവര്‍ക്കൊപ്പം അവരിലൊരാളായി മാറാന്‍ മറ്റ് പലയിടങ്ങളിലേയും പോലെ ഇവിടേയും സേവാഭാരതിക്ക് ആയിരിക്കുന്നു.



Comments
Post a Comment