മദനി ഭക്തരുടെ കപട മുഖംമൂടി അഴിഞ്ഞു വീണപ്പോള്‍

മദനി ഭക്തരുടെ കപട മുഖംമൂടി അഴിഞ്ഞു വീണപ്പോള്‍ (Kesari Varika Aug. 11 Sunday)

മദനിയെ മഹത്വ വല്‍ക്കരിക്കാനും അതുവഴി കര്‍ണ്ണാടകയില്‍ അധികാരത്തില്‍ ഇരുന്ന സര്‍ക്കാരിനേയും അതിനു നേതൃത്വം നല്‍കിയ ഭാരതീയ ജനതാ പാര്‍ട്ടിയേയും അധിക്ഷേപിക്കുവാനും അപകീര്‍ത്തിപെടുത്തുവാനും സമീപ കാലത്തു നടന്ന നീക്കങ്ങള്‍ കേരള ജനത മറന്നിട്ടുണ്ടാവാന്‍ ഇടയില്ല. കര്‍ണ്ണാടകത്തിലെ ബി.ജെ.പി. സര്‍ക്കാര്‍ മാറിയാല്‍ മാത്രമെ മദനിക്ക്‌ നീതി ലഭിക്കുകയുള്ളൂ എന്നും, മദനി നീതി നിക്ഷേധത്തിന്റെ ഇരയാണ്‌ എന്നുമായിരുന്നു കപട മതേതരവാദികളായ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളും ബുദ്ധിജീവി ജാഢക്കാരും പറഞ്ഞു പരത്തിയിരുന്നത്‌.
എന്നാല്‍ മദനിക്ക്‌ എതിരായ കേസ്സുകളുടെ വ്യാപ്‌തി കര്‍ണ്ണാടകയിലെ ബി.ജെ.പി. സര്‍ക്കാര്‍ പറഞ്ഞതിലും എത്രയോ വലുതാണന്ന്‌ ഇപ്പോള്‍ അവിടെ ഭരണത്തില്‍ ഇരിക്കുന്ന കോണ്‍ഗ്രസ്സ്‌ സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. സര്‍ക്കാരിന്റെ വാദഗതികള്‍ പുറത്തു വന്നതിലൂടെ മദനിയെ ഉയര്‍ത്തി ബി.ജെ.പി.യെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചവരുടെ കപട മുഖം മൂടി അഴിഞ്ഞു വീണിരിക്കുകയാണ്‌.
ബാംഗ്ലൂര്‍ സ്‌പോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട്‌ കര്‍ണ്ണാടകയിലെ ജയിലില്‍ കഴിയുന്ന അബ്‌ദുല്‍ നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സ്‌ സര്‍ക്കാര്‍ അതീവ ഗുരുതരമായ ആരോപണങ്ങളാണ്‌ കോടതി മുമ്പാകെ അവതരിപ്പിച്ചിട്ടുള്ളത്‌. മദനിക്കെതിരെ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സ്‌ സര്‍ക്കാര്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളോടുള്ള മുഖ്യധാര മാധ്യമങ്ങളുടേയും രാഷ്‌ട്രീയ നേതാക്കളുടേയും ബുദ്ധിജീവികളുടേയും പ്രതികരണങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്‌. കര്‍ണ്ണാടകയില്‍ ബി.ജെ.പി. ഭരിക്കുന്ന കാലത്ത്‌ മുന്‍ പേജില്‍ മദനിക്കഥകളുടെ പേരില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും എതിരെ വെണ്ടക്ക നിരത്തിയ പ്രമുഖ പത്രങ്ങള്‍ പലതും ഈ വാര്‍ത്തയെ ചരമ പേജില്‍ രണ്ട്‌ കോളത്തില്‍ ഒതുക്കിയിരിക്കുകയാണ്‌. രാഷ്‌ട്രീയ നേതാക്കള്‍ക്കും ബുദ്ധിജീവികള്‍ക്കുമാകട്ടെ മിണ്ടാട്ടം മുട്ടുകയും ചെയ്‌തിരിക്കുന്നു. മദനിക്കു വേണ്ടി മുമ്പ്‌ ശര്‍ദ്ദിച്ചതു പലതും തിരികെ വിഴുങ്ങേണ്ടി വരുമെന്നുള്ള ഭയപ്പാടാണ്‌ ഇക്കൂട്ടരുടെ ഇപ്പോഴത്തെ മൗനത്തിനു കാരണം.
മദനിക്കെതിരായ ആരോപണങ്ങള്‍ കര്‍ണ്ണാടകയില്‍ ഭരണത്തില്‍ ഇരുന്ന ബി.ജെ.പി. സര്‍ക്കാര്‍ കെട്ടിച്ചകച്ചതാണന്നും നിരപരാധിയും രോഗിയുമായ മദനിക്ക്‌ ആവശ്യമായ ചികിത്സ പോലും അനുവദിക്കാതെ രാഷ്‌ട്രീയ വിരോധം തീര്‍ക്കുകയാണന്നാണ്‌ കഴിഞ്ഞ നാള്‍ വരെ കോണ്‍ഗ്രസ്സ്‌ അടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികളും അഭിനവ മനുഷ്യാവകാശകരും ആരോപിച്ചിരുന്നത്‌. എന്നാല്‍ മദനിയോട്‌ ബി.ജെ.പിക്ക്‌ പ്രത്യേകമായ യാതൊരു വൈരാഗ്യമില്ലന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ മദനിയെ അറസ്റ്റ്‌ ചെയ്‌തിട്ടുള്ളതെന്നും നിയമം അനുശാസിക്കുന്ന എല്ലാ ചികിത്സകളും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണന്നുമാണ്‌ അന്ന്‌ ബി.ജെ.പി. സര്‍ക്കാര്‍ വ്യക്തമാക്കിയത്‌. അതിനുള്ള സൗകര്യങ്ങളും ബി.ജെ.പി. സര്‍ക്കാര്‍ ഒരുക്കിയിരുന്നു. എന്നാല്‍ കേവലം രാഷ്‌ട്രീയ നേട്ടങ്ങളെ മാത്രം ലാക്കാക്കി ബി.ജെ.പിക്ക്‌ എതിരെ അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിച്ച്‌ മദനി വിഷയത്തെ വര്‍ഗ്ഗീയ വത്‌കരിക്കാനും അതിലൂടെ രാഷ്‌ട്രീയ നേട്ടങ്ങള്‍ കൊയ്യാനുമായിരുന്നു ഇടതു വലതു മുന്നണികളും അവരുടെ പിണിയാളുകളും തയ്യാറായത്‌.
ഇപ്പോള്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സ്‌ സര്‍ക്കാര്‍ പറയുന്നത്‌ ജയിലില്‍ ആവശ്യമായ ചികിത്സാ സൗകര്യമുണ്ട്‌, ചികിത്സയ്‌ക്കായി ജാമ്യം കൊടുക്കേണ്ട കാര്യമില്ലന്നുമാണ്‌. മദനിക്ക്‌ കാര്യമായ യാതൊരു അസുഖങ്ങളും ഇല്ലന്നും 50 വയസ്സുകഴിഞ്ഞ ആര്‍ക്കും ഉണ്ടാകാവുന്ന അസുഖങ്ങള്‍ മാത്രമേ മദനിക്കുള്ളൂ എന്നു മാത്രവുമല്ല വിദഗ്‌ധ ചികില്‍സ ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിക്കുന്നു. മദനിക്ക്‌ ആവശ്യമായ ചികില്‍സ ജയിലില്‍ നല്‍കുന്നുണ്ട്‌. കൂടുതല്‍ ചികില്‍സ നല്‍കാന്‍ തയാറാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത്ര പോലും അന്നത്തെ ബി.ജെ.പി. സര്‍ക്കാര്‍ പറഞ്ഞില്ലന്നുമാത്രമല്ല മദനി ആവശ്യപ്പെടുന്ന ഏതു ചികിത്സയും നല്‍കാന്‍ തയ്യാറാവുകയും ചെയ്‌തു എന്നു മാത്രമല്ല ഒരു സഹായിയെ കൂടെ നിന്നു പരിചരിക്കാന്‍ വരെ അനുവദിക്കുകയും ചെയ്‌തിരുന്നു. മദനിക്കെതിരെ കര്‍ണ്ണാടക സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിച്ചിട്ടുള്ള കുറ്റങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണ്‌. മദനിയുടെ ജാമ്മ്യാപേക്ഷയെ എതിര്‍ത്ത സര്‍ക്കാര്‍ പറയുന്നത്‌ തീവ്രവാദ കേസുകളിലെ പ്രതിക്ക്‌ ജാമ്യം കൊടുക്കുന്ന പതിവില്ലന്നും ജാമ്യം നല്‍കിയാല്‍ കേസ്‌ അട്ടിമറിക്കപ്പെടുമെന്നുമാണ്‌. ജാമ്മ്യാപേക്ഷയെ എതിര്‍ക്കുന്നതിനായി സര്‍ക്കാര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം 57 കേസുകളില്‍ പ്രതിയായ മദനി സ്ഥിരം കുറ്റവാളിയാണ്‌എന്നാണ്‌. മതസ്‌പര്‍ധയുണ്ടാക്കുന്നപ്രസംഗങ്ങള്‍നടത്തുന്നു, രാജ്യത്തിനെതിരെ യുദ്ധം ചെയ്യാനാഹ്വാനം നല്‍കുന്നു, പാക്‌, ബംഗ്‌ളാദേശ്‌ തീവ്രവാദികളുമായി ബന്ധം പുലര്‍ത്തുന്നു, തുടങ്ങിയ അതീവ ഗുരുതരമായ ആരോപണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്‌. ഇക്കാര്യങ്ങള്‍ ബി.ജെ.പി. സര്‍ക്കാരാണ്‌ പറഞ്ഞിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സ്‌ സര്‍ക്കാര്‍ കോടതിയില്‍ ബോദ്ധ്യപ്പെടുത്തിയിട്ടുള്ളതെല്ലാം പകല്‍ വെളിച്ചം പോലെ സത്യമാണന്ന്‌ ഇവിടുത്തെ ഇടതു വലതു മുന്നണികള്‍ക്കും അറിയില്ലാഞ്ഞിട്ടല്ല. പക്ഷെ സങ്കടിത വോട്ടുബാങ്കിന്റെ പേരില്‍ അവയൊന്നും അംഗീകരിച്ചു നല്‍കാന്‍ അവര്‍ തയ്യാറാകുന്നില്ലന്നു മാത്രം. മദനിക്ക്‌ ജാമ്മ്യം ലഭിച്ചാല്‍ എന്താകും അയാള്‍ ചെയ്യാന്‍ പോകുന്നത്‌ എന്നതിനെ വ്യക്തമായ തെളിവ്‌ നമ്മുടെയെല്ലാം കണ്‍മുമ്പില്‍ തന്നെയുണ്ടല്ലോ. ഏതാനും മാസങ്ങള്‍ക്ക്‌ മുമ്പ്‌ ഉപേക്ഷിക്കപ്പെട്ട മകളുടെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ ജാമ്മ്യം ലഭിച്ച അവസരത്തില്‍ പരസ്യ പ്രസ്ഥാവനകള്‍ നടത്തരുതെന്ന കോടതിയുടെ ജാമ്മ്യ വ്യവസ്ഥ ലംഘിച്ചു കൊണ്ട്‌ കൊട്ടിയത്തു വച്ച്‌ നടത്തിയ പ്രസംഗം തന്നെ അതിന്‌ തെളിവാണല്ലോ. കേന്ദ്ര മന്ത്രിസസഭയിലെ അംഗം ഉള്‍പ്പടെയുള്ള എം.പി. മാരുടേയും മറ്റ്‌ ജന പ്രതിനിധികളുടേയും ഇടതു വലതു രാഷ്‌ട്രീയ നേതാക്കളുടേയും മുന്നില്‍ വച്ചു കൊണ്ട്‌ ഭാരതത്തിലെ നിയമ വ്യവസ്ഥയെ തന്നെയേയും നീതിന്യായ കോടതികളേയും അപഹസിക്കുവാനും അപ കീര്‍ത്തി പെടുത്തുവാനും മദനി ശ്രമിച്ചപ്പോള്‍ അവരാരും അതിനെ തടയാനോ പ്രതിക്ഷേധിക്കുവാനോ തയ്യാറിയില്ല എന്ന ദുഖ സത്യവും നാം വിസ്‌മരിച്ചു കൂടാ. ഇന്ത്യന്‍ പരമാധികാരത്തേയും നീതിന്യായ വ്യവസ്ഥയേയും വിശ്വസിക്കുന്നില്ല എന്നു പറയുന്നത്‌ തന്നെ രാജ്യദ്രോഹമാണ്‌. ഇതുതന്നെയാണല്ലോ കര്‍ണ്ണാാടകയിലെ കോണ്‍ഗ്രസ്സ്‌ സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചിട്ടുള്ളതും
പരസ്‌പര സ്‌നേഹത്തിന്റേയും മത സൗഹാര്‍ദ്ദത്തിന്റേയും സഹവര്‍ത്തിത്വത്തിന്റേയും നാടായ കേരളത്തിന്റെ പൊതു സാമുദായികാന്തരീക്ഷം 1990 നവംബറില്‍ മദനി ഐ.എസ്‌.എസ്‌. രൂപീകരിക്കുന്നതിന്‌ മുമ്പും അതിനു ശേഷവും എന്ന നിലയില്‍ ഒരു വിശകലനത്തിന്‌ തയ്യാറാവുമ്പോഴാണ്‌ യഥാര്‍ഥ മദനി ആരാണന്നും കേരള സമൂഹത്തോട്‌ മദനി കാണിച്ച ക്രൂരതകള്‍ എത്ര വലുതാണന്നും നാം തിരിച്ചറിയുന്നത്‌. കേരളത്തിന്റെ മണ്ണില്‍ കലാപത്തിന്റെ കലുഷിതമായ വിഷ വിത്തുകള്‍ പാകിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മദനിക്ക്‌ ഒരിക്കലും മോചിതനാകാന്‍ കഴിയില്ല. അത്തരത്തില്‍ കേരളത്തിലെ ഭീകരതയുടെ പിതാവായി മാറാന്‍ മദനിക്ക്‌ ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നല്‍കിയതിന്റെ കൊടും പാതകത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കേരളത്തിലെ ഇടതു- വലതു രാഷ്‌ട്രീ നേതൃത്വങ്ങള്‍ക്കും ആകില്ല. അതിന്റെ ഭാഗം തന്നെയാണല്ലോ മദനിയെ മുന്‍നിര്‍ത്തി ബി.ജെ.പിക്ക്‌ എതിരെ വാളോങ്ങാന്‍ ഇക്കൂട്ടരെ പ്രേരിപ്പിച്ചതും.
1992 ഏപ്രില്‍ ഒന്നിന്‌ ദക്ഷിണ കേരളത്തിലെ ആറ്‌ ജില്ലകളില്‍ മദനിയുടെ നേതൃത്വത്തിലുള്ള ഐ.എസ്‌.എസ്‌. പ്രവര്‍ത്തകര്‍ ക്ഷേത്രങ്ങള്‍ക്കും, സ്ഥാപനങ്ങള്‍ക്കും , ഗുരുമന്ദിരങ്ങള്‍ക്കും, വീടുകള്‍ക്കും എതിരെ അഴിച്ചു വിട്ട ആക്രമണ പരമ്പരകള്‍ കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ചതായിരുന്നില്ലേ. എന്തിനേറെ പറയുന്നു 1990 ല്‍ രൂപീകരിച്ച ഐ.എസ്‌.എസ്‌. 1992 ല്‍ പിരിച്ചു വിടുമ്പോള്‍ മദനിക്കും കൂട്ടാളികള്‍ക്കു മെതിരെ അറുപതോളം ക്രിമിനല്‍ കേസുകള്‍ കേരളത്തിലെ വിവിധ കോടതികളിലായി നിലവിലുണ്ടായിരുന്നു. ആ കേസുകളുടെയെല്ലാം പരിണിത ഫലങ്ങള്‍ എന്തായി എന്നും, ഈ കേസുകള്‍ പിന്‍വലിക്കാന്‍ ഉണ്ടായ കാരണങ്ങളെക്കുറിച്ചും പൊതു സമൂഹത്തോടു പറയുവാന്‍ കേരളത്തിലെ ഇടതു വലതു മുന്നണികള്‍ തയ്യാറുണ്ടോ.
നീധി നിക്ഷേധത്തിന്റെ ഇരയാണ്‌ മദനി എന്ന വാദത്തിനായി എല്ലാവരും ഉയര്‍ത്തിയിരുന്ന ആരോപണം കോയമ്പത്തുര്‍ സ്‌പോടനക്കേസില്‍ പ്രതിയാക്കപ്പെട്ട മദനിക്ക്‌ ജാമ്മ്യം പോലും നല്‍കാതെ ദീര്‍ഘകാലം ജയിലഴിക്കുള്ളിലാക്കി എന്നതായിരുന്നു. എന്നാല്‍ കോയമ്പത്തുര്‍ സ്‌പോടനക്കേസില്‍ മദനിക്ക്‌ ജാമ്മ്യം ലഭിച്ചിരുന്നില്ല എന്ന വാദം തികഞ്ഞ കളവാണ്‌. ഏതൊരു ക്രിമിനല്‍ കേസിലും എന്നതു പോലെ കുറ്റപ്പത്രം യഥാസമയം സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ സാധിച്ചില്ലങ്കില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നവര്‍ക്ക്‌ ജാമ്യം നല്‍കണമെന്നാണ്‌ വ്യവസ്ഥ. അതിന്റെ അടിസ്ഥാനത്തില്‍ 1998 ജൂലൈ 24 ന്‌ മദനിക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ജാമ്യക്കാരെ ഹാജരാക്കുവാനോ ജാമ്യത്തുക കെട്ടിവയ്‌ക്കുവാനോ ജാമ്യത്തില്‍ പുറത്തിറങ്ങുവാനോ അന്നു മദനി തയ്യാറായില്ല. ജാമ്യത്തില്‍ ഇറങ്ങി നിയമ നടപടികളെ നേരിടാതെ ഈ വിഷയത്തെ രാഷ്‌ട്രീയമായി നേരിടാനായിരുന്നത്രെ മദനിക്ക്‌ ലഭിച്ച ഉപദേശം. ആ ഉപദേശമാണ്‌ കോയമ്പത്തൂര്‍ കേസില്‍ മദനിയെ ജാമ്യമില്ലാ തടവുകാരാനാക്കി മാറ്റിയത്‌. അന്ന്‌ നിയമത്തെ വെല്ലുവിളിച്ച്‌ മുതലെടുപ്പിന്‌ ശ്രമിക്കാതെ നിയമത്തിന്‌ കീഴടങ്ങിയിരുന്നെങ്കില്‍ ഒരു പക്ഷെ ഈ നിതിനിക്ഷേധത്തിന്റെ കഥകള്‍ ഉണ്ടാകുമായിരുന്നില്ല. എന്നും നിയമത്തേയും നീതിയേയും വെല്ലുവിളിച്ച പാരമ്പര്യമാണ്‌ മദനിക്കുള്ളത്‌. എന്നാല്‍ ഇക്കാര്യങ്ങള്‍ ബോധപൂര്‍വ്വം മറച്ചു വച്ചു കൊണ്ടാണ്‌ നിതി നിക്ഷേധത്തിന്റെ കഥകള്‍ മാത്രമാണ്‌ പ്രചരിപ്പിക്കുന്നത്‌.
മദനിക്കു വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കിയ കേരളത്തിലെ ഇടതുവലതു മുന്നണികളുടെ നേതാക്കന്‍മാരും കപട ബുദ്ധിജീവികളും മനസ്സിലാക്കേണ്ട ഒരു സത്യമുണ്ട്‌ മദനി ഇപ്പോള്‍ അനുഭവിക്കുന്നതെല്ലാം ആയാളുടെ ചെയ്‌തികളുടെ പരിണിത ഫലങ്ങള്‍ തന്നെയാണ്‌. ക്രിമിനല്‍ കേസ്സുകളേയും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളേയും ഭരിക്കുന്ന പാര്‍ട്ടിയുടെ കൊടി അടയാളത്തിന്റെ നിറം നോക്കിയല്ല മറിച്ച്‌ കേസിന്റെ മെറിറ്റ്‌ അനുസരിച്ചാണ്‌ വിലയിരുത്തപ്പെടേണ്ടത്‌. കേവലം രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയോ ആരെയെങ്കിലും പ്രീണിപ്പിക്കുന്നതിനു വേണ്ടിയോ , അതിനെയെല്ലാം വളച്ചൊടിക്കുവാനും വഴി തിരിച്ചു വിടാനും ശ്രമിച്ചാലും അതൊന്നും ശാശ്വതമാവുകയില്ല എന്നതിന്റെ ഉത്തമ ഉദാഹാരണം മാത്രമാണ്‌ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സ്‌ സര്‍ക്കാരിന്റെ വെളിപ്പെടുത്തലുകള്‍. ഇത്തര കേസുകളെ സങ്കടിത വോട്ടുബാങ്കിനെ ലക്ഷ്യം വച്ച്‌ ദുര്‍ബലപ്പെടുത്തുന്നതിലൂടെ യഥാര്‍ത്ഥത്തില്‍ ദുര്‍ബലമാകുന്നത്‌ നാടിന്റെ നിയമ നീതിന്യായ വ്യവസ്ഥ തന്നെയാണന്നുള്ള തിരിച്ചറിവു കൂടി ഉണ്ടാകണം. 

Comments