മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞു വീഴുമ്പോള്‍



മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞു വീഴുമ്പോള്‍
കോണ്‍ഗ്രസ്സ്‌ പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്നത്‌ നാടകമോ അതോ ചരിത്രത്തിന്റെ ആവര്‍ത്തനമോ......... ? എന്താണന്ന്‌ ! സംശയിക്കേണ്ടിയിരിക്കുന്നു. സോളാറും സരിതയും ജോപ്പനുമെല്ലാം കൂടി സൃഷ്‌ടിച്ച നാണക്കോടില്‍ നിന്നും കരകയറാന്‍ ഉമ്മന്‍ചാണ്ടിക്കും സര്‍ക്കാരിനും തെറ്റയിലിന്റെ തെറ്റ്‌ പര്യാപ്‌തമാകാതെ വന്നപ്പോള്‍ രമേശും ഉമ്മനും ചേര്‍ന്ന്‌ സൃഷ്‌ടിച്ച്‌ നാടകമാണോ ലീഗ്‌ വിവാദമെന്നും സംശയിക്കുന്നവര്‍ കുറവല്ല.
സരിതയുടെ സോളാര്‍ ഊര്‍ജ്ജത്തെ കുറിച്ചുള്ള അന്വേഷണം ഉമ്മന്‍ചാണ്ടിയുടെ തലയിണക്കീഴില്‍ വരെ എത്തി നില്‍ക്കുന്ന അവസരത്തില്‍, ഈ വിഷയത്തില്‍ നിന്നും പുതിയ ഒരു പരിവര്‍ത്തനം മുഖ്യമന്ത്രിയും സംഘവും കാംക്ഷിക്കുന്നുമുണ്ട്‌. എന്തെല്ലാം വിവാദങ്ങള്‍ സൃഷ്‌ടിച്ചാലും സോളാര്‍ തട്ടിപ്പില്‍ നിന്നും നിയമപരമായോ ധാര്‍മ്മികമായോ തലയൂരാന്‍ ഉമ്മന്‍ ചാണ്ടിക്ക്‌ ആകില്ല. കാരണം നിയമം അറിയുന്നവര്‍ക്ക്‌ അറിയാം ഒരു വീട്ടില്‍ നിന്നോ ഓഫീസില്‍ നിന്നോ നിയമ വിരുദ്ധമായ എന്തെങ്കിലും സാധനങ്ങള്‍ പിടിച്ചെടുക്കുകയോ, നിയമവിരുദ്ധമായ പ്രവര്‍ത്തിക്ക്‌ ഒരു വീട്ടില്‍ നിന്നോ ഓഫീസില്‍ നിന്നോ ഒരാളെ കസ്റ്റഡിയില്‍ എടുക്കുകയോ ചെയ്‌താല്‍ നിശ്ചയമായും ആ വീട്ടുടമയോ, ഓഫീസ്‌ അധികാരിയോ ചോദ്യം ചെയ്യപ്പെടുകയും കേസ്സില്‍ പ്രതിയാവുകയും ചെയ്യുമെന്നത്‌ നാട്ടു നടപ്പ്‌ മാത്രമാണ്‌. അങ്ങിനെ നോക്കിയാല്‍ മുഖ്യ മന്ത്രി ഈ കള്ളത്തരങ്ങളിലെല്ലാം കൂട്ടു പ്രതിയാണന്നതിന്‌ മറ്റ്‌ എന്ത്‌ തെളിവാണ്‌ ആവശ്യം.
ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകളെ വിശ്വസിക്കാമെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്‌ അഴിമതിയുടെ കേന്ദ്രം മാത്രമല്ല സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം കൂടിയായി അധപതിച്ചിരിക്കുന്നു എന്നു വേണം കരുതാന്‍. എല്ലാം സുതാര്യം എന്നവകാശപ്പെടുന്ന ഒരു മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളില്‍ വച്ച്‌ ലക്ഷങ്ങളുടെ കോഴപ്പണം കൈമാറിയിട്ടും മുഖ്യമന്ത്രിയോ പോലീസോ, രഹസ്യാന്വേഷണ വിഭാഗമോ അതറിഞ്ഞില്ല എന്നു പറയുമ്പോള്‍ നമ്മുടെ നാടിന്റെ സുരക്ഷയും സമ്പത്തും ഈ മുഖ്യമന്ത്രിയാല്‍ എങ്ങിനെ സംരക്ഷിക്കപ്പെടാനാണ്‌. അതിലും വലിയ വിഷയം വര്‍ഷങ്ങളായി മുഖ്യമന്ത്രിയുടെ ഓഫീസ്‌ കേന്ദ്രീകരിച്ച്‌ മുഖ്യമന്ത്രിയുടെ പേരും ലറ്റര്‍പാഡും, ഓഫീസ്‌ സംവിധാനങ്ങളും ഉപയോഗിച്ച്‌ നാടുമുഴുവന്‍ നടന്ന അഴിമതി നടത്തിയിട്ടും കേരളത്തിലെ രഹസ്യാന്വേഷണവിഭാഗവും, മുഖ്യമന്ത്രിയും മുഖ്യമന്ത്രിയോട്‌ അടുപ്പമുള്ള പാര്‍ട്ടിക്കാരും ഒന്നും ഇതറഞ്ഞിരുന്നില്ല എന്ന്‌ പറഞ്ഞാല്‍ അത്‌ ആര്‍ക്ക്‌ വിശ്വസിക്കാനാകും. ഇനി അത്‌ അറിഞ്ഞിരുന്നില്ല എന്നത്‌ സത്യമാണങ്കിലും മുഖ്യമന്ത്രിക്ക്‌ ആ സ്ഥാനത്ത്‌ തുടരാന്‍ അര്‍ഹതയില്ല. സ്വന്തം ഓഫീസിലെ നാലു ചുമരുകള്‍ക്കുള്ളില്‍ നടക്കുന്ന കാര്യങ്ങളെ പോലും നിയന്ത്രിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക്‌ എങ്ങിനെ സംസ്ഥാനത്തെ മൂന്നു കോടി ജനങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാനാകും.
ഏതു രീതിയില്‍ നോക്കിയാലും മുഖ്യമന്ത്രി ആത്മാഭിമാനമുള്ള ആളാണങ്കില്‍ സ്ഥാനത്തു നിന്നും രാജിവയ്‌ക്കുകയല്ലാതെ മറ്റൊരു ധാര്‍മ്മികമായ മാര്‍ഗ്ഗവും അദ്ദേഹത്തിനില്ല. ഇത്‌ ചരിത്രത്തിന്റെ ആവര്‍ത്തനമോ, കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന പ്രമാണത്തിന്റെ ഫരിണിത ഫലമോ ഒക്കെയാകാം. അതെല്ലാം പ്രതിപക്ഷ രാഷ്‌ട്രീയക്കാരേയും, ഒറ്റകൊടുക്കപ്പെട്ട സ്വന്തം പാര്‍ട്ടിക്കാരേയും അവരുടെ പിന്‍ഗാമികളേയും മാത്രം ബാധിക്കുന്ന കാര്യങ്ങളാണ്‌. സാധാരണ ജനത്തിന്‌ ഇതൊന്നും ഒരു കാരണവും ആവുന്നില്ല. സാധാരണ ജനങ്ങള്‍ക്കു മുന്നില്‍ അവരുടെ മുഖ്യമന്ത്രി കുറ്റക്കാരനായി കഴിഞ്ഞിരിക്കുന്നു. അഴിമതി നടത്തുന്നതിലും വലിയ തെറ്റു തന്നെയാണ്‌ അഴിമതിക്ക്‌ അവസരം ഒരുക്കി കൊടുക്കുക എന്നതും. അതുകൊണ്ട്‌ തന്നെ ഉമ്മന്‍ ചാണ്ടിക്ക്‌ അഭികാമ്യമായത്‌ എത്രയും വേഗം രാജി വച്ച്‌ സ്വന്തം മുഖം രക്ഷിക്കുക എന്നതുമാത്രമാണ്‌. എത്രയും നേരത്തെ അത്‌ ചെയ്യുന്നതായിരിക്കും അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ഭാവിക്കും നല്ലത്‌. അല്ലങ്കില്‍ വരും ദിവസങ്ങളില്‍ കേരളത്തിന്റെ തെരുവോരങ്ങളില്‍ മുഖ്യ മന്ത്രിയുടെ മുഖം മൂടി പിച്ചിച്ചിന്തപ്പെടുമെന്ന കാര്യത്തിലും സംശയമില്ല.
പണ്ട്‌ രാജാവ്‌ നഗ്നനാണന്നു വിളിച്ചു പറഞ്ഞ കുട്ടിയെ പോലെ കേരള സമൂഹവും പിന്നീട്‌ പതുക്കെ പതുക്കെ കൂട്ടത്തിലുള്ള വിമതന്‍മാരും മുഖ്യമന്ത്രി കള്ളനാണന്ന്‌ വിളിച്ചു പറയാന്‍ തുടങ്ങിയാല്‍ കോട്ടയത്തെ ചില പത്രമുതലാളികള്‍ വിചാരിച്ചാല്‍ പോലും ഉതിവീര്‍പ്പിച്ച ഈ കപട മുഖഛായ ഏറെക്കാലം പിടിച്ചു നിര്‍ത്താന്‍ ആവില്ല.
മനസ്സറിഞ്ഞും അറിയാതെയും മുമ്പ്‌ ചെയ്‌തതിന്റെ ഫലങ്ങള്‍ കണ്ടു തുടങ്ങുന്നതും ഇത്തരം കഷ്‌ടകാല സമയങ്ങളില്‍ ആണന്നതും പ്രകൃതി നിയമമാണ്‌. ഏതൊരു ശക്തനും നിലത്തു വീണുകിടന്നാല്‍ വഴിയെ നടന്നു പോകുന്നവനും ഒന്നു ചവിട്ടിയിട്ടു പോകുമെന്നതും സത്യമാണ്‌. അതിന്റെ ലക്ഷണങ്ങളും കണ്ടു തുടങ്ങിയിരിക്കുന്നു. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്നും കുറ്റവാളികള്‍ ആയ ആരേയയും രാഷ്‌ട്രീയമായി സംരക്ഷിക്കാന്‍ കോണ്‍ഗ്രസ്സ്‌ തയ്യാറാവുകയില്ലന്നുമുള്ള രമേശ്‌ ചെന്നിത്തലയുടേയും, മുഖ്യമന്ത്രി കുറെ കൂടി ശ്രദ്ധിക്കണമായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്‌ തെറ്റു പറ്റിയിട്ടുണ്ടന്നുമുള്ള കെ. മുരളീധരന്റേയും പ്രസ്ഥാവനകളും വരാനിരിക്കുന്ന വലിയ ആക്രമണങ്ങള്‍ക്കുള്ള തുടക്കം മാത്രമായി കണ്ടാലും മതി.
ഒരു ഉപ മുഖ്യമന്ത്രി സ്ഥാനം സ്വപ്‌നം കണ്ട്‌ രമേശ്‌ ചെന്നിത്തല നടത്തിയ നീക്കങ്ങളെ മുസ്ലീം ലീഗിനെ കൂട്ടു പിടിച്ച തകര്‍ത്തുകളഞ്ഞപ്പോഴും അതുകൊണ്ടും അരിശം തീരാതെ രമേശിനെ അപമാനിച്ച്‌ നാട്ടിനും പാര്‍ട്ടിക്കും കൊള്ളാത്തവനാക്കി തീര്‍ത്തപ്പോഴും ഉമ്മന്‍ ചാണ്ടി വിചാരിച്ചിരുന്നിരിക്കില്ല ഇതു പോലൊരു മാനക്കേട്‌ ഇത്ര പെട്ടന്നു തന്നെ തനിക്കും സംഭവിക്കുമെന്ന്‌. അതുകൊണ്ട്‌ തന്നെ രമേശ്‌ ഈ വിഷയത്തില്‍ സന്തോഷത്താല്‍ മതിമറക്കുന്നുണ്ടാകാം. ഉമ്മന്‍ ചാണ്ടിയെ ലക്ഷ്യം വയ്‌ക്കുമ്പോഴും കൂട്ടു പ്രതികളായ മുസ്ലീം ലീഗിനേയും വെറുതെ വിടാന്‍ രമേശ്‌ തയ്യാറായിട്ടില്ല. ലീഗിന്‌ എതിരെ രമേശ്‌ നടത്തിയ പ്രസ്ഥാവനകള്‍ ശ്രദ്ധിച്ചാല്‍ അത്‌ വ്യക്തമാകും പിറ്റേന്നു തന്നെ കടകം മറിഞ്ഞ രമേശിന്റെ നട്ടെല്ലില്ലായ്‌മയെ ആളുകള്‍ കളിയാക്കുന്നുണ്ടങ്കിലും സംഗതി കൊള്ളേണ്ടിടത്തു കൊള്ളുക തന്നെ ചെയ്യുകയും ചെയ്‌തു. പറയേണ്ടതു പറഞ്ഞു കഴിഞ്ഞു പിന്‍വലിച്ചാലും വിഷയം ചര്‍ച്ച ചെയ്യാന്‍ ചാനലുകള്‍ ഉള്ളിടത്തോളം കാലം ഇത്‌ ചര്‍ച്ചയാവുക തന്നെ ചെയ്യുകയും ചെയ്യും. കേരളത്തിലെ ഐ ഗ്രൂപ്പുകാര്‍ ഇത്രയും കാലം അനുഭവിച്ചിരുന്ന ഏറ്റവും വലിയ പ്രശ്‌നം അവര്‍ക്ക്‌ ശക്തമായ നേതൃത്വമമോ വക്തക്കളളോ ഉണ്ടായിരുന്നില്ല എന്നതായിരുന്നു. എന്നാല്‍ മുരളിയിലൂടെ ആ വിടവും അവര്‍ നികത്തി കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെയാണ്‌ രമേശിന്‌ പിന്തുണയുമായി മുരളിയും രംഗത്തു വന്നതും. ഒരു കാര്യം ഉറപ്പാണ്‌ ഇവര്‍ക്കെല്ലാം മുകളില്‍ നിന്നും ശക്തമായ ആരുടേയോ പിന്തുണയും ലഭിക്കുന്നുണ്ട്‌.
ഏതായാലും പലപ്പോഴായി ഉമ്മന്‍ചാണ്ടിയില്‍ നിന്നും അപമാനം ഏറ്റു വാങ്ങേണ്ടി വന്നവരെല്ലാം പതുക്കെ പതുക്കെ രംഗത്തു വരുന്നതോടെ പ്രതിപക്ഷത്തിന്‌ പണി എളുപ്പമാവുകയും ചെയ്യും. പ്രതിപക്ഷത്തിന്‌ എടുത്ത്‌ ഉപയോഗിക്കാവുന്ന ആയുധങ്ങള്‍ ഒന്നൊന്നായി ഭരണ പക്ഷത്തെ ഇക്കൂട്ടരില്‍ നിന്നും ലഭിക്കാന്‍ തുടങ്ങുന്നതോടെ മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റേയും പൊയ്‌മുഖങ്ങള്‍ അഴിഞ്ഞ്‌ വീഴുമെന്ന കാര്യത്തില്‍ സംശയമില്ല. 

Comments