മുഖ്യമന്ത്രിയും ഓഫീസും സംശയത്തിന്റെ നിഴലില്‍






കോടികളുടെ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ കേരളത്തിന്റെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുകയാണല്ലോ....? പ്രധാന മന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും കല്‍ക്കരി കേസ്സില്‍ അഴിമതി ആരോപണങ്ങളില്‍ മുങ്ങി നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ക്ക്‌ അത്‌ ഒരു വലിയ വിഷമല്ലായിരിക്കാം. പക്ഷെ പൊതു ജനത്തിന്‌ ഇതോരു വലിയ വിഷയമാകുമെന്നതിന്‌ സംശയമില്ല. കോണ്‍ഗ്രസ്സിന്‌ വലിയ വിഷയം അല്ലാത്തതിനാലാണോ അതോ മറ്റെന്തെങ്കിലും ലക്ഷ്യം വച്ചാണോ എന്നറിയില്ല കെ.പി.സി.സി. പ്രസിഡന്റും ഐ ഗ്രൂപ്പും കാര്യമായൊന്നും പ്രതികരിച്ചു കണ്ടില്ല. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും മാത്രമല്ല അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയും, വീടും ഡല്‍ഹിയിലെ ഓഫീസും എല്ലാം സംശയത്തിന്റെ നിഴലില്‍ ആയതിലൂടെ മുഖ്യ മന്ത്രിക്ക്‌ ഇനിയും ഒഴിഞ്ഞ്‌ മാറാനാകത്ത കുരുക്കില്‍ തന്നെയാണ്‌ അദ്ദേഹം പെട്ടിരിക്കുന്നത്‌ എന്നതില്‍ സംശയമില്ല. കാരണം മുഖ്യമന്ത്രിയുടെ ഏതെങ്കിലും പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക്‌ മാത്രമാണ്‌ ഇതില്‍ ബന്ധമെങ്കില്‍ അവരെ മാത്രം വിളിച്ചാല്‍ പോരെ. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യം ഉള്ളിടങ്ങളിലെല്ലാം ഈ തട്ടിപ്പുകാരുടെ സാന്നിദ്ധ്യവും വ്യക്തമാകുന്നതിലൂടെ വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമായി കൊണ്ടിരിക്കുകയാണ്‌. മുഖ്യ മന്ത്രിയുടെ രാഷ്‌ട്രീയത്തില്‍ സജീവമായുള്ള കുടുംബാംഗങ്ങളുടെ ഫോണ്‍ ഡീറ്റൈല്‍സ്‌ കൂടി പരിശോധിക്കാന്‍ തയ്യാറായാല്‍ ഒരു പക്ഷെ ഈ കേസ്‌ ഒരു വലിയ വഴിത്തിരിവിലേക്ക്‌ എത്തിപ്പെട്ടു കൂടായ്‌കയും ഇല്ല.
മുഖ്യ മന്ത്രി സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുന്നതും ഒരു തന്ത്രത്തിന്റെ ഭാഗം ആയി കൂടായകയും ഇല്ല. വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫിന്റെ തലയില്‍ കെട്ടി വച്ച്‌ മുഖം രക്ഷിക്കുകയും ചെയ്യാം. ഈ വിഷയത്തില്‍ തന്റെ നിരപരാധിപത്വം തെളിയിക്കുവാന്‍ മുഖ്യമന്ത്രി തയ്യാറായേ മതിയാവൂ. മുഖ്യ മന്ത്രിയുടെ ഔദ്യോഗിക വസതിയും ഓഫീസുമെല്ലാം സുതാര്യമായതെന്നാണല്ലോ പരയുന്നത്‌. അതുകൊണ്ട്‌ തന്നെ ഈ തട്ടിപ്പുകാര്‍ മുഖ്യ മന്ത്രിയുടെ ഓഫീസുമായും സ്റ്റാഫുകളായും ബന്ധപ്പെട്ട സമയങ്ങളിതെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിടാന്‍ മുഖ്യ മന്ത്രി തയ്യാറാകണം. അങ്ങിനെയെങ്കില്‍ ആ സമയങ്ങളില്‍ ഫോണ്‍ അറ്റന്റ്‌ ചെയ്യുന്നതും സംസാരിക്കുന്നതും ആരെല്ലാമാണന്ന്‌ അറിയാവുന്നതല്ലേ ഉള്ളൂ.
ഈ ആരോപണങ്ങളില്‍ കഴമ്പുണ്ടങ്കിലും ഇല്ലങ്കിലും ഇത്തരം ആരോപണങ്ങള്‍ ഇനിയും ഉയര്‍ന്നു വരുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം നമ്മുടെ ഇപ്പോഴത്തെ മുഖ്യ മന്ത്രിയുടെ പൂര്‍വ്വകാല ചരിത്രങ്ങള്‍ പരിശേധിക്കുമ്പോള്‍ അതിനുള്ള ചില സൂചനകള്‍ ഒളിഞ്ഞിരുപ്പുണ്ട്‌. പാമോയില്‍ കേസിന്റെ രൂപത്തിലും രമേശ്‌ ചെന്നിത്തലയുടെ രൂപത്തിലും ആന്റണിയുടെ പ്രസംഗങ്ങളുടെ രൂപത്തിലും എല്ലാം ഇതിനുമുമ്പും ചില പ്രേതങ്ങള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിപ്പോഴും ആ വിഷയങ്ങള്‍ നമ്മള്‍ ചര്‍ച്ച ചെയ്‌തിട്ടുള്ളതാണ്‌. എങ്കിലും പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലച്ചിലും ആ കഥകള്‍ കൂടി ചര്‍ച്ച ചെയ്യാതെ പോയാല്‍ പൂര്‍ണ്ണമാകില്ല എന്നതിനാല്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാം.
കോണ്‍ഗ്രസ്സ്‌ നേതൃത്ത്വത്തില്‍ മുമ്പ്‌ കേരളത്തില്‍ അധികാരത്തിലിരുന്ന പല സര്‍ക്കാരുകള്‍ക്കും ഇത്തരം വിഷയങ്ങളില്‍ പെട്ട്‌ രാജി വച്ച്‌ പുറത്തു പോകേണ്ടി വരികയോ, മുഖ്യ മന്ത്രിയെ മാറ്റേണ്ടി വരികയോ ചെയ്യേണ്ട സാഹചര്യവും വന്നു ചേര്‍ന്നിട്ടുണ്ട്‌. അതേ ചരിത്രത്തിന്റെ ആവര്‍ത്തനത്തിലേക്കാണ്‌ ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാരും പോകുന്നത്‌. ഇതിന്‌ മുമ്പ്‌ കേരളത്തില്‍ അധികാരത്തിലിരുന്ന രണ്ട്‌ മുഖ്യ മന്ത്രിമാരെ പാതിവഴിയില്‍ വച്ച്‌ ഭരണം അവസാനിപ്പിച്ച്‌ പറഞ്ഞു വിടുന്നതില്‍ മുഖ്യ പങ്ക്‌ വഹിച്ചിട്ടുള്ള ആളാണ്‌ ഇപ്പോഴത്തെ മുഖ്യമന്ത്രി. അതുകൊണ്ടു തന്നെ ഉമ്മന്‍ ചാണ്ടിക്ക്‌ എതിരെ ഇപ്പോള്‍ ഉയരുന്ന വിവാദങ്ങള്‍ ഒരു മുഖ്യ മന്ത്രി മാറ്റത്തില്‍ കലാശിച്ചാലും അത്ഭുതപ്പെടാനില്ല.
കെ.കരുണാകരന്‍ കേരളത്തിന്റെ മുഖ്യ മന്ത്രി ആയിരുന്ന സമയത്ത്‌ രാജന്‍ കേസ്സില്‍ കരുണാകരന്‌ എതിരെ ഉയര്‍ന്നു വന്ന ഒരു ആരോപണത്തിന്റെ പേരില്‍ അദ്ദേഹത്തെ വലിച്ചു താഴെയിടാന്‍ ആദ്യം രംഗത്ത്‌ എത്തിയത്‌ അന്നത്തെ കെ.എസ്‌.യു. ക്കാരും യൂത്തന്‍മാരും ആയിരുന്നു. അതിന്‌ നേതൃത്വം കൊടുത്തവരില്‍ ഇപ്പോഴത്തെ മുഖ്യനും കൂട്ടാളികളും നേതൃത്വ വരമായ പങ്ക്‌ വഹിച്ചത്‌ മറ്റാരു മറന്നാലും ഐ വിഭാഗക്കാര്‍ മറക്കാന്‍ ഇടയില്ല. പിന്നീട്‌ വീണ്ടും കെ.കരുണാകരന്‍ കേരളത്തിന്റെ മുഖ്യ മന്ത്രി ആയിരുന്ന സമയത്ത്‌ ചാരക്കേസ്‌ കുത്തി പൊക്കി കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കാന്‍ അന്ന്‌ ശക്തമായ കരുനീക്കങ്ങള്‍ നടത്തിയത്‌ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പാണ്‌. അന്ന്‌ എ ഗ്രൂപ്പിന്റെ നേതാവ്‌ ആന്റണി ആയിരുന്നുവെങ്കിലും കരുനീക്കങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചത്‌ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ആയിരുന്നു. അത്തവണ എ ഗ്രൂപ്പിന്റെ ശ്രമം വിജയിക്കുകയും കരുണാകരനെ മാറ്റി ആന്റണിയെ മുഖ്യമന്ത്രി ആക്കുകയും ചെയ്‌തു. പിന്നീട്‌ വീണ്ടും കോണ്‍ഗ്രസ്സിന്‌ അധികാരം ലഭിച്ച അവസരത്തില്‍ ആന്റണിയെ തന്നെ മുഖ്യമന്ത്രി ആക്കുകയും ചെയ്‌തു. ആന്റണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതു മുതല്‍ തന്നെ കരുണാകരന്റെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ്‌ ശക്തമായ കരുനീക്കങ്ങളുമായി രംഗത്ത്‌ എത്തുകയും ചെയ്‌തു. എങ്കിലും ആന്റണിയെ പുകച്ചു പുറത്തു ചാടിക്കാന്‍ കരുണാകരന്റെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പിനായില്ല.
ആ സമയത്താണ്‌ കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങള്‍ സംഘടിത ശക്തി ഉപയോഗിച്ച്‌ അനര്‍ഹമായത്‌ പലതും നേടിയെടുക്കുന്നുണ്ട്‌ എന്ന സത്യം മുഖ്യ മന്ത്രി ആയിരുന്നപ്പോള്‍ തന്നെ ആന്റണി തുറന്നടിച്ചത്‌ . ആന്റണിയുടെ ആ പ്രസ്ഥാവന വിവാദമായി. ആന്റണി പറഞ്ഞത്‌ യാഥാര്‍ത്ഥ്യമാണെങ്കിലും അത്‌ പലര്‍ക്കും അത്ര സുഗിച്ചില്ല. ആ പ്രസ്ഥാവനക്കു പിന്നാലെ ഐ ഗ്രൂപ്പിനെ മറികടന്ന്‌ ആന്റണിക്കെതിരെയുള്ള പടയൊരുക്കങ്ങളുടെ നേതൃസ്ഥാനത്ത്‌ ഉമ്മന്‍ ചാണ്ടി വന്നു ചേരുകയായിരുന്നു. മുസ്ലീം ലീഗിന്റേയും കേരളാ കോണ്‍ഗ്രസ്സിന്റേയും പിന്തുണയോടെയും ഐ ഗ്രൂപ്പിന്റെ സഹായത്തോടെയും ഉമ്മന്‍ചാണ്ടി നടത്തിയ നീക്കങ്ങള്‍ ഫലം കാണുകയായിരുന്നു. ആന്റണി മുഖ്യ മന്ത്രി സ്ഥാനത്ത്‌ നിന്നും നിഷ്‌കാസിതനാവുകയും ഉമ്മന്‍ ചാണ്ടി മുഖ്യ മന്ത്രി ആവുകയും ചെയ്‌തു.
പുതിയ വിവാദങ്ങള്‍ ഉമ്മന്‍ ചാണ്ടിയുടെ മുഖ്യമന്ത്രി കസേരയ്‌ക്കു മുകളില്‍ ഡമാക്ലിയസ്സിന്റെ വാളുപോലെ തൂങ്ങിയാടുമ്പോള്‍ ചിരിക്കുന്നവര്‍ നിരവധിയാണ്‌. ജീവിച്ചിരിക്കുന്നവരും മരിച്ചവരും വരെ ഊറി ഊറി ചിരിക്കുന്ന കാഴ്‌ച ഉമ്മന്‍ ചാണ്ടിയെ അസ്വസ്ഥനാക്കുന്നുണ്ടാകുമെന്നാണ്‌ കേള്‍വി. ഒരു ഭാഗത്ത്‌ പഴയ ഒരു മുഖ്യമന്ത്രിയുടെ ആത്മാവും ജീവിച്ചിരിക്കുന്ന മക്കളും, ഒന്നും അറിയാത്തവനെ പോലെ നടിച്ച്‌ എല്ലാം അറിഞ്ഞ്‌ കൊണ്ട്‌ മുകളില്‍ (ഡല്‍ഹിയില്‍) ഇരുന്ന്‌ ഈ ശിഷ്യന്റെ പതനം സ്വപ്‌നം കാണുന്ന മൗനിയായ ഗുരുവും, ഇങ്ങ്‌ കേരളത്തില്‍ ഇരുന്ന്‌ മുഖ്യമന്ത്രികസേര സ്വപ്‌നം കാണുന്ന സുന്ദര പുരുഷനും ഇതെല്ലാം കണ്ടുകൊണ്ട്‌ ആരുമറിയാതെ പൊട്ടിച്ചിരിക്കുന്നത്‌ എല്ലാവരും അറിയുന്നു. 

Comments