എന്തുകൊണ്ട്‌ നക്‌സിലസം തടയാനാവുന്നില്ല...?



ഭാരതത്തിന്റെ മദ്ധ്യ പൗരസ്‌ത്യ ഭാഗങ്ങളിലെ മലയോര മേഖലകളിലും ആന്ധ്ര, ഛത്തിസ്‌ഗഡ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലും നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന നക്‌സലേറ്റ്‌/മാവോയിസ്റ്റ്‌ ആക്രമണങ്ങളെ തടയിടാന്‍ നമുക്ക്‌ കഴിയാതെ വന്നിരിക്കുന്നു. രാജ്യത്തെ സമാധാന അന്തരീക്ഷത്തേയും നിയമവ്യവസ്ഥയേയും കാറ്റില്‍ പറത്തി സമാന്തര ഭരണകൂടങ്ങളും സമാന്തര സായുധ സേനയേയും സൃഷ്‌ടിച്ച്‌ അവര്‍ മുന്നേറ്റം തുടരുന്നു. സര്‍ക്കാരിന്റെ അവഗണനയും ഖനി മാഫിയാകളുടേയും ഭൂ പ്രഭുക്കന്‍മാരുടേയും പീഢനങ്ങളും മൂലം കഷ്‌ടത അനുഭവിക്കുന്ന നിഷ്‌കളങ്കരായ ഗ്രാമീണരുടേയും ആദിവാസികളുടേയും സംരക്ഷകരായി ചമഞ്ഞ്‌ പ്രീണിപ്പിച്ച്‌ കൂടെ നിര്‍ത്തന്നതുമൂലം അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഗ്രാമീണ ജനതയുടെ അംഗീകാരങ്ങളും ലഭിക്കുന്നു.
നക്‌സലിസം എന്നത്‌ ഭാരതത്തില്‍ പുതിയ സംഭവമല്ല. പ്രത്യശാസ്‌ത്രപരമായി എല്ലാ സക്‌സല്‍ ഗ്രൂപ്പുകളും പിന്‍തുടര്‍ന്നു വരുന്നത്‌ മാവോയിസം ആണ്‌. പശ്ചിമബംഗാളിലെ നക്‌സല്‍ ബാരി എന്ന ഗ്രാമത്തില്‍ കനു സന്യാലിന്റേയും, ചാരു മജുംദാറിന്റേയും നേതൃത്വത്തില്‍ 1967 ല്‍ നടത്തിയ സായുധ വിപ്ലവത്തിലൂടെയാണ്‌ ഇന്ത്യയില്‍ മാവോയിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ക്ക്‌ തുടക്കമാകുന്നത്‌. ആദ്യ വിപ്ലത്തിന്റെ വേദിയായ നക്‌സല്‍ ബാരി എന്ന ഗ്രാമത്തിന്റെ പേരില്‍ നിന്നുമാണ്‌ ഇന്ത്യന്‍ മാവോയിസ്റ്റുകളെ നക്‌സലുകള്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്‌. കനു സന്യാലിനും, ചാരു മജുംദാറിനും ഒപ്പം മാവോ സേതുംഗ്‌, പ്രചണ്ട, കൊണ്ടാപ്പിള്ളി സീതാരാമയ്യ എന്നിവരുമൊക്കെയായിരുന്ന ഇന്ത്യന്‍ മാവോയിസ്റ്റുകളുടെ ആചാര്യന്‍മാര്‍.
അറുപതുകളുടെ അവസാനമാണ്‌ കേരളത്തില്‍ നക്‌സല്‍ പ്രസ്ഥാനങ്ങളുടെ വേരോട്ടം ആരംഭിച്ചത്‌. ആകര്‍ഷകങ്ങളായ മുദ്രാവാക്യങ്ങളിലൂടെയും ചടുലമായ പ്രവര്‍ത്തന ശൈലികളിലൂടെയും വിദ്യാ സമ്പന്നരായ കേരളത്തിലെ ഒരു വിഭാഗം ചെറുപ്പക്കാരുടേയും അടിസ്ഥാന ജനവിഭാഗങ്ങളുടേയും ഇടയിലേക്ക്‌ കടന്നു ചെല്ലാനും അവരില്‍ സ്വാധീനം ഉറപ്പിക്കുവാനും നക്‌സല്‍ പ്രസ്ഥാനങ്ങള്‍ക്ക്‌ സാധിച്ചിരുന്നു. അന്നത്തെ സാമൂഹിക ചുറ്റുപാടുകളും ജന്മിത്വവുമെല്ലാം നക്‌സല്‍ ആശയങ്ങള്‍ക്ക്‌ വളരാന്‍ വളക്കൂറുള്ള മണ്ണ്‌ ഒരുക്കികൊടുക്കുകയും ചെയ്‌തിരുന്നു. പക്ഷെ അവര്‍ നടപ്പിലാക്കിയ ഉന്മൂലന സിദ്ധാന്തം മൂലം ഈ സ്വാധീന ശക്തി പതുക്കെ പതുക്കെ കുറഞ്ഞുകൊണ്ടിരുന്നു. ജനാധിപത്യ ക്രമത്തില്‍ ഇത്തരം ആശയങ്ങളുടെ പ്രസക്തിക്കുള്ള കുറവുമൂലവും, വഴിപിഴച്ച പ്രവര്‍ത്തന ശൈലികള്‍ മൂലവും, ഭരണകൂടത്തിന്റെ ശക്തമായ നടപടികള്‍ മൂലവും ഈ ആശയങ്ങളെ കേരളത്തിന്റെ മണ്ണില്‍ ഏറെക്കാലം പിടിച്ചു നിര്‍ത്താന്‍ അവര്‍ക്കായില്ല. എഴുപതുകളുടെ ആദ്യത്തില്‍ അവര്‍ക്ക്‌ ആര്‍ജ്ജിക്കാന്‍ കഴിഞ്ഞ ജനസമ്മതി എഴുപതുകളുടെ അവസാനമായപ്പോഴേക്കും ശിഥിലമായി തീരുകയായിരുന്നു. എണ്‍പതുകളിലേക്ക്‌ അടുത്തപ്പോഴേക്കും ശിഥിലമായ സംഘടനാ സംവിധാനങ്ങള്‍ പരസ്‌പരമുള്ള എതിര്‍പ്പുകളിലേക്കും സംഘട്ടനങ്ങളിലേക്കും വഴിതിരിഞ്ഞു. മുപ്പതിലധികം ചെറു ഗ്രൂപ്പുകളായി അപ്പോഴേക്കും അവര്‍ വേര്‍പിരിഞ്ഞിരുന്നു. കടുത്ത മാവോയിസ്റ്റുകള്‍ പലരും സായുധ വിപ്ലവത്തിന്റെ പാത ഉപേക്ഷിച്ച്‌ ജനകീയ ജനാധിപത്യത്തിന്റേയും, എന്തിനേറെ ആത്മീയതയുടേയും പാതയിലേക്ക്‌ പരിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്‌തു. മറ്റൊരു വിഭാഗം നിസംഗരായി മാറുകയും ചെയ്‌തു. അടിയന്തിരാവസ്ഥയുടെ പിന്‍ ബലത്തില്‍ അന്നത്തെ ആഭ്യന്തര വകുപ്പ്‌ മന്ത്രി കെ.കരുണാകന്‍ നടത്തിയ കടുത്ത പ്രയോഗങ്ങളായിരുന്നു നക്‌സല്‍ പ്രസ്ഥാനങ്ങളുടെ തകര്‍ച്ചുക്കുള്ള മറ്റൊരു പ്രധാന കാരണം. കുന്നിക്കല്‍ നാരായണന്‍, ഫിലിപ്പ്‌ എം. പ്രസാദ്‌, കെ.വേണു, അജിത, ഗ്രോ വാസു, വര്‍ഗ്ഗീസ്‌, ചോമന്‍ മൂപ്പന്‍, എം.പി. കാളന്‍, മന്ദാകിനി നാരായണന്‍, കെ.എന്‍. രാമചന്ദ്രന്‍, മുണ്ടൂര്‍ രാവുണ്ണി തുടങ്ങിയവരൊക്കെയായിരുന്നു അക്കാലത്തെ പ്രമുഖ നക്‌സല്‍ നേതാക്കള്‍.
എന്നാല്‍ മദ്ധ്യ പൗരസ്‌ത്യ ഭാഗങ്ങളിലെ മലയോര മേഖലകളിലും ആന്ധ്ര, ഛത്തിസ്‌ഗഡ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലും നക്‌സലേറ്റ്‌ ആശയങ്ങള്‍ക്ക്‌ പ്രസക്തി വര്‍ദ്ധിക്കുകയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപകമാവുകയുമാണ്‌ ഉണ്ടായത്‌. അതിനു നിരവധി കാരണങ്ങള്‍ ഉണ്ട്‌ കേരളത്തില്‍ നിന്നും വിഭിന്നമായി സാമൂഹിക വ്യവസ്ഥയില്‍ ഉള്ള മാറ്റവും ചൂഷണവും അതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്‌. ഇതിനെല്ലാം പുറമെ ഇന്ത്യന്‍ മാവോയിസ്റ്റുകള്‍ക്ക്‌ ലഭിക്കുന്ന ബാഹ്യ സഹായങ്ങളും കാരണമാണ്‌. ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വിദേശ ശക്തികള്‍ ഇന്ത്യന്‍ മാവോയിസ്റ്റുകള്‍ക്ക്‌ വലിയ തോതില്‍ ആയുധവും പണവും നല്‍കുന്നുണ്ട്‌. അതില്‍ പ്രധാനമായും മാവോയിസ്റ്റുകളെ സഹായിക്കുന്ന രാജ്യം ചൈനയാണ്‌. ചൈന അത്‌ നേരിട്ടു ചെയ്യാതെ നേപ്പാള്‍ വഴിയാണ്‌ ഇക്കാര്യങ്ങള്‍ ചെയ്യുന്നത്‌. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന നക്‌സലേറ്റുകളെ അടിച്ചമര്‍ത്തുകയും നക്‌സലിസത്തെ ഉന്മൂലനം ചെയ്യുകയും വേണമെന്ന കാര്യത്തില്‍ സംശയമില്ല
അതോടൊപ്പം തന്നെ നക്‌സലിസത്തിനു വളരാന്‍ തക്ക സാഹചര്യങ്ങള്‍ ഒരുക്കുന്ന സാമൂഹിക വ്യവസ്ഥക്കു കൂടി മാറ്റം വരുത്താന്‍ ഭരണകൂടങ്ങള്‍ തയ്യാറാകണം. ഇവിടെ ഇല്ലായ്‌മപ്പെടത്തേണ്ടത്‌ നക്‌സലുകളെ അല്ല നക്‌സലിസത്തേയും അതിനു വഴിയോരുക്കുന്ന നീതി നിക്ഷേധത്തേയും കൂടിയാണ്‌. അടിസ്ഥാന ജന വിഭാഗങ്ങള്‍ക്ക്‌ നീതി ഉറപ്പാക്കാന്‍ കൂടി സര്‍ക്കാര്‍ തയ്യാറാകണം. അര്‍ഹമായ നീതി നിക്ഷേധിക്കപ്പെട്ടവരേയും അവഗണിക്കപ്പെടുന്നവരേയും വേഗത്തില്‍ ആകര്‍ഷിക്കാനും അവരോടൊപ്പം നിന്നുകൊണ്ട്‌ അവരുടെ ആളുകളായി മാറാനും ഇക്കൂട്ടര്‍ക്ക്‌ സാധിക്കും. അതുകൊണ്ടു അവരിലൂടെ തന്നെ അവര്‍ക്ക്‌ സംരക്ഷണവും ഒളിത്താവളങ്ങളും ലഭിക്കും. നിയമ നിതിന്യായ വ്യവസ്ഥകളെ ദൃഡീകരിക്കുവാനും അതോടൊപ്പം സാമൂഹ്യ നീതി ഉറപ്പാക്കാനും സര്‍ക്കാരിനു സാധിച്ചാല്‍ മാവോയിസ്റ്റുകളെ പോലുള്ളവര്‍ക്ക്‌ സമൂഹത്തില്‍ താനെ ഇടമില്ലാതാകും. രോഗത്തെ ഇല്ലാതാക്കുന്നതിനൊപ്പം രോഗ കാരണത്തെ കൂടി കണ്ടെത്തി ഇല്ലാതാക്കന്‍ കഴിയണം.

Comments