ഇഷ്‌ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം
കേരളത്തിലെ ഒരു വിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അദ്ധ്യാപകരും വീണ്ടുമൊരു അനിശ്ചിത കാല പണിമുടക്കിന് തുടക്കം കുറിക്കുകയാണല്ലോ. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് എല്ലാ സംഘടനകളും ചേര്‍ന്ന് നടത്തിയ അനിശ്ചിതകാല പണിമുടക്കിന്റെ തിക്താനുഭവങ്ങള്‍ സമരക്കാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.
സ്റ്റാറ്റിയുട്ടറി പെന്‍ഷന്‍ സംബ്രദായം അവസാനിപ്പിച്ച് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിലുള്ള പ്രതിക്ഷേധമാണ് പ്രധാനമായും സമരത്തിനിറങ്ങാന്‍ ഉദ്യോഗസ്ഥരേയും അദ്ധ്യാപകരേയും പ്രേരിപ്പിച്ചത്. ഏതൊരാളേയും സര്‍ക്കാര്‍ ഉദ്യോഗത്തിലേക്ക് ആകര്‍ഷിച്ചിരുന്നത് മരണവരേയും തനിക്കും മരണശ്ശേഷം ആശ്രിതര്‍ക്കും മുടങ്ങാതെ ലഭിക്കുന്ന പെന്‍ഷന്‍ തന്നെയായിരുന്നു. സ്റ്റാറ്റിയുട്ടറി പെന്‍ഷന്‍ സംബ്രദായം നിര്‍ത്തലാക്കുന്നതോടെ ആളുകള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗത്തോടുള്ള ആകര്‍ഷണം ഇല്ലാതാകുമെന്ന കാര്യത്തില്‍ സംശയമില്ല. ചുരുങ്ങിയ കാലം കൊണ്ട് കൂടുതല്‍ വരുമാനം ലഭിക്കുന്ന മറ്റ് തൊഴിലുകള്‍ സ്വകാര്യ മേഖലയില്‍ ഉണ്ടായിരുന്നിട്ടും യുവാക്കളെ സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് ആകര്‍ഷിച്ചത് തൊഴില്‍ സ്ഥിരതയും മറ്റ് ആനുകൂല്യങ്ങളും തന്നെയായിരുന്നു. പുറം കരാറുകളിലൂടെ ജീവനക്കാരുടെ എണ്ണം കുറക്കുകയും തൊഴില്‍ സ്ഥിരതയില്ലാതാവുകയും, പല ആനുകൂല്യങ്ങളും സര്‍ക്കാര്‍ തിരിച്ചെടുക്കുകയും ചെയ്‌തതിനു പുറമെ സ്റ്റാറ്റിയുട്ടറി പെന്‍ഷന്‍ കൂടി ഇല്ലാതാവുകയും ചെയ്‌ത സാഹചര്യത്തില്‍ യുവാക്കള്‍ സ്വകാര്യ മേഖലയിലേക്ക് തിരിയുമെന്ന കാര്യത്തില്‍ സംശയമില്ല.
സര്‍ക്കാരിന്റെ നികുതി വരുമാനത്തിന്റെ ഭൂരി ഭാഗവും ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും, പെന്‍ഷനും മറ്റ് ആനുകൂല്യങ്ങള്‍ക്കും വേണ്ടി ചിലവാക്കേണ്ടി വരികയാണന്നും ആയതിനാല്‍ ഇതേ അവസ്ഥ തുടരാന്‍ പറ്റുന്നില്ലന്നും വികസന, ക്ഷേമ പരിപാടികള്‍ക്ക് മറ്റു പണം കണ്ടെത്തെനാവുന്നില്ലന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. പുതിയ പെന്‍ഷന്‍ സബ്രദായം നിലവിലുള്ള ഒരു ജീവനക്കാരനേയും ഒരു തരത്തിലും ബാധിക്കുന്നില്ലന്നും 2013 ഏപ്രില്‍ ഒന്നു മുതല്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നവരെ മാത്രമെ ബാധിക്കുകയുള്ളൂ എന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്.
സമരം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ പറയുന്നത് സര്‍ക്കാര്‍ പൊതുജനങ്ങളേയും ഉദ്യോഗസ്ഥരേയും ഒരേപോലെ കബളിപ്പിക്കുകയാന്നാണ്. ഇപ്പോള്‍ സര്‍വ്വീസില്‍ ഇരിക്കുന്ന ജീവനക്കാരെ ഈ പരിഷ്‌കരണം ഒരു തരത്തിലും ബാധിക്കില്ലന്നു പറയുമ്പോഴും അതിനെ വിശ്വാസത്തിലെടുക്കാന്‍ സമരാനുകൂല സംഘടനകള്‍ ഒരു തരത്തിലും തയ്യാറല്ല. 92 വര്‍ഷം പഴക്കമുള്ള സ്റ്റാറ്റിയുട്ടറി പെന്‍ഷന്‍ കേവലം ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ ഇല്ലാതാക്കിയ സാഹചര്യത്തില്‍ നിലവിലുള്ള ജീവനക്കാര്‍ക്ക് ഭാവിയില്‍ പെന്‍ഷന്‍ ലഭിക്കുമെന്ന കാര്യത്തില്‍ എന്തുറപ്പാണ് സര്‍ക്കാരിന് നല്‍കാന്‍ സാധിക്കുകയെന്നാണ് സമരക്കാര്‍ ചോദിക്കുന്നത്. പങ്കാളിത്ത പെന്‍ഷന്‍ ബാധകമായ ഒരു ജീവനക്കാരന്‍ 25 വര്‍ഷത്തിനുശ്ശേഷം പിരിയുമ്പോള്‍ അയാളുടെ ശമ്പളത്തിന്റെ എത്ര ശതമാനം തുക അടിസ്ഥാന പെന്‍ഷന്‍ നല്‍കാന്‍ കഴിയുമെന്ന് ഉറപ്പു നല്‍കാന്‍ സര്‍ക്കാരിനു കഴിയുമോ എന്നും അവര്‍ ചോദിക്കുന്നു. ലോകത്ത് നിലനിന്നിരുന്ന സ്വകാര്യ പങ്കാളിത്തത്തോടെയുള്ള മുഴുവന്‍ പെന്‍ഷന്‍ പദ്ധതികളും ഓഹരി കമ്പോളത്തിന്റെ ചാഞ്ചാട്ടത്തില്‍ പെട്ട് തകര്‍ന്ന ചരിത്രം നേരില്‍ കണ്ടവരാണ് ഈ തലമുറ. ഇനി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്ന വര്‍ക്ക് പെന്‍ഷന്‍ വിദൂര സ്‌പ്‌നമായി മാറുമോ എന്ന് ഇവര്‍ ഭയപ്പെടുന്നു. നാളെ ഇതേ ഗതി നിലവിലുള്ള ജീവനക്കാര്‍ക്കും വരുമോ എന്ന ഭയത്തിലാണ് അവര്‍.
കാര്യങ്ങള്‍ എന്തു തന്നെയായാലും പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ അതിനായി നിയമ നിര്‍മ്മാണവും നടത്തി കഴിഞ്ഞു. അപ്പോള്‍ ഇന്നാരംഭിക്കുന്ന സമരത്തിന്റെ പരിസമാപ്‌തി നമുക്ക് ചിന്തിക്കാവുന്നതല്ലേയുള്ളൂ. പ്രതിക്ഷേധിക്കാന്‍ ഒരു മാര്‍ഗ്ഗം എന്നതിനപ്പുറം ഈ സമരം കൊണ്ട് ഒന്നും നേടാന്‍ പോകുന്നില്ലന്നര്‍ത്ഥം. ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ വിജയിക്കണമെങ്കില്‍ വലിയ ബഹുജന പിന്തുണ ആവശ്യമാണ്. പക്ഷെ അതു ലഭിക്കില്ലന്നുള്ളത് ഉറപ്പായ സംഗതിയുമാണ്. ഈ സമരം കൊണ്ട് കഷ്‌ടപ്പെടാന്‍ പോകുന്നത് സാധാരണക്കാരായ പൊതു ജനം ആണന്നുള്ളതുകൊണ്ട് മാത്രമല്ല അത്. സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരുടെ സമരം, അത് ഇനി എന്തു നല്ല കാര്യത്തിനാണങ്കില്‍ പോലും കേരളത്തിലെ ബഹു ഭൂരിപക്ഷം വരുന്ന പൊതു സമൂഹവും അതിനെ പിന്തുണക്കില്ലന്നു മാത്രമല്ല ശക്തമായി പ്രതിരോധിക്കാന്‍ തയ്യാറാവുകയും ചെയ്യും. ഇഷ്‌ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്നു പറയുന്നതുപോലെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടുള്ള പൊതുസമൂഹത്തിന്റെ സമീപനം അതിന് അവരെ കുറ്റം പറഞ്ഞിട്ടു കാര്യവുമില്ല. അവരുടെ അനുഭവങ്ങള്‍ അവരെ പഠിപ്പിച്ചത് അങ്ങിനെയാണ്.
സര്‍ക്കാരാഫീസുകളില്‍ നിന്നും ലഭിക്കുന്ന വിവിധ തരം സര്‍ട്ടിഫിക്കറ്റുകളില്ലാതെ ഒരു കാര്യവും ചെയ്യാന്‍ സാധ്യമല്ല. ഒരു കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കണമെങ്കില്‍ മുതല്‍ വീട് നിര്‍മ്മിക്കുന്നതിനുവരെ സര്‍ക്കാര്‍ ആഫീസുകളെ ആശ്രയിക്കാതെ വയ്യ. ഇന്ന് കേരളത്തിലെ ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസുകളില്‍ കടന്നു ചെന്ന് കൈക്കൂലി നല്‍കാതെ കാര്യം നടത്തുക എന്നത് അസാദ്ധ്യമാണ്. പൊതുജനം നല്‍കുന്ന നികുതിപ്പണം ശമ്പളമായി കൈപ്പറ്റി പൊതുജനങ്ങള്‍ക്ക് സേവനം ചെയ്യേണ്ട സര്‍ക്കാര്‍ ഗുമസ്ഥന്‍മാര്‍ പൊതുജനങ്ങളുടെ യജമാനന്‍മാര്‍ ചമയുകയാണ്. പൊതുജനങ്ങളുടെ സേവകരാകേണ്ട ഈ കൂട്ടരുടെ ദാര്‍ഷ്‌ട്യം അനുഭവിച്ച് അറിയാത്ത ഒരാള്‍ പോലും ഉണ്ടാകില്ല കേരളത്തില്‍. ഇത്തരക്കാല്ലാത്ത ഉദ്യോഗസ്ഥര്‍ വിരളമാണ്. ഭൂരിഭാഗവും മുകളില്‍ സൂചിപ്പിച്ചതു പോലുള്ളവരാണ്. അപ്പോള്‍ ഇവര്‍ക്ക് എതിരെ പ്രതികരിക്കാന്‍ ലഭിക്കുന്ന ഒരു അവസരവും പൊതു സമൂഹം നഷ്‌ടപ്പെടുത്തില്ലന്നര്‍ത്ഥം. തങ്ങള്‍ക്ക് സാധിക്കാത്തത് മറ്റൊരാള്‍ ചെയ്‌താല്‍ ദുര്‍ബലര്‍ അതില്‍ ആനന്ദം കൊള്ളുന്നത് സ്വാഭാവികം. സിനിമയില്‍ നായകന്‍മാര്‍ പോലീസിനെ തല്ലുന്ന രംഗങ്ങള്‍ കണ്ട് ജനം കയ്യടിക്കുന്നതുപോലെ ഉദ്യോഗസ്ഥര്‍ക്ക് എതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചാല്‍ അവരെ വേട്ടയാടാന്‍ ജനവും കൂടും.
ഈ സമരം നിലവിലുള്ള ജീവനക്കാര്‍ക്കു വേണ്ടിയല്ല നാളെ സര്‍വ്വീസില്‍ എത്താന്‍ പോകുന്ന ഭാവി തലമുറക്കു വേണ്ടിയാണന്ന് സമരം ചെയ്യുന്ന ജീവനക്കാര്‍ പറയുന്നുണ്ടങ്കിലും പൊതു സമൂഹം അതിനെ അംഗീകരിക്കാന്‍ തയ്യാറായെന്നു വരില്ല. പ്രതിപക്ഷ പാര്‍ട്ടികളും അവരുടെ സജീവ പ്രവര്‍ത്തകരും സമരാനുകൂല ചിന്തകള്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചാലും സര്‍ക്കാര്‍ സമരത്തിനെതിരെ ജനങ്ങളെ തിരിച്ചു വിടുന്നതിനുള്ള തന്ത്രങ്ങള്‍ പ്രയോഗിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അവകാശങ്ങള്‍ക്കൊപ്പം കര്‍ത്തവ്യങ്ങളെക്കുറിച്ചു കൂടി സ്വന്തം ജീവനക്കാരെ ബോധവത്‌കരിക്കാന്‍ സര്‍വ്വീസ് സംഘടനകള്‍ തയ്യാറാകുന്നില്ലങ്കില്‍ പൊതു സമൂഹവും ജീവനക്കാരും തമ്മിലുള്ള അകലം അനുദിനം വര്‍ദ്ധിക്കുകയേയുള്ളൂ. സമരം അനിശ്ചിതമായി നീളുകയാണങ്കില്‍ അവര്‍ക്ക് അത് ബോദ്ധ്യപ്പെടുക തന്നെ ചെയ്യും,



Comments
Post a Comment