മുല്ലപ്പെരിയാര്‍ മോഡല്‍ വിവാദം ഗാഡ്‌ഗിലിന്റെ പേരിലും ......... ഗാഡ്‌ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ വരും തലമുറയുടെ ജീവവായു




ഗാഡ്‌ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെ എതിര്‍ക്കുന്നവരുടെ ലക്ഷ്യം കേരളത്തെ ചെകുത്താന്റെ നാടാക്കി മാറ്റുക എന്നതാണ്‌. പശ്ചിമഘട്ട മലനിരകളുടെ വരദാനം ഒന്നു കൊണ്ടുമാത്രമാണ്‌ കേരളം ദൈവത്തിന്റെ സ്വന്തം നാടായി മാറിയത്‌ എന്ന വസ്‌തുത മലയാളികള്‍ മറക്കരുത്‌. മുമ്പെങ്ങും അനുഭവിക്കാത്ത തരത്തിലുള്ള വരള്‍ച്ചയായിരിക്കും ഈ വര്‍ഷം അനുഭവിക്കാന്‍ പോകുന്നത്‌ എന്ന മുന്നറിയിപ്പുകളേ കരുതിയെങ്കിലും പ്രകൃതിയെ ചൂഷണം ചെയ്യുന്ന കാര്യത്തില്‍ മനുഷ്യന്‍ ഒരു പുനര്‍വിചിന്തനത്തിന്‌ തയ്യാറാവണം. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട 35 ജൈവ വൈവിദ്ധ്യ ഹോട്ട്‌ സ്‌പോട്ടുകളിലൊന്നാണ്‌ ഗുജറാത്ത്‌ മുതല്‍ കേരളം വരെ നീണ്ടു കിടക്കുന്ന പശ്ചിമഘട്ടം.
എന്താണ്‌ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ദ സമിതി റിപ്പോര്‍ട്ട്‌ അഥവാ ഗാഡ്‌ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ എന്നതിനെക്കുറിച്ച്‌ കേരളത്തിലെ ഭൂരിഭാഗം ആളുകള്‍ക്കും അറിയില്ല . അതുകൊണ്ട്‌ തന്നെ റിപ്പോര്‍ട്ടിലെ ഉള്ളടക്കങ്ങളായി നാട്ടില്‍ പ്രചരിപ്പിക്കപ്പെടുന്നതും, ചര്‍ച്ച ചെയ്യപ്പെടുന്നതും അര്‍ത്ഥ സത്യങ്ങളൊ അസംബന്ധങ്ങളോ ആണ്‌. അതി ബൃഹത്തായ ഈ റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ മലയാളത്തിലാക്കി പൊതു സമൂഹത്തിന്റെ മുന്നില്‍ ചര്‍ച്ചക്കായി നല്‍കുവാന്‍ സര്‍ക്കാരും മാധ്യമങ്ങളും തയ്യാറാകണം. ഒപ്പം നിര്‍ദ്ദേശങ്ങളിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്‌ എന്ത്‌ എന്നതിനെക്കുറിച്ച്‌ സര്‍ക്കാരിന്റെ ഒരു ഔദ്യോഗിക വിശദീകരണം കൂടി നല്‍കുവാന്‍ കഴിയുമെങ്കില്‍ കൂടുതല്‍ ഗുണകരമാകും. റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങളെക്കുറിച്ചും നിര്‍ദ്ദേശങ്ങളെക്കുറിച്ചും ജനങ്ങള്‍ മനസ്സിലാക്കിയതിനശ്ശേഷം ചര്‍ച്ചകളും സംവാദങ്ങളും ഉയരട്ടെ. പിന്നീട്‌ പൊതു സമൂഹത്തില്‍ നിന്നും ഉയര്‍ന്നു വരുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട്‌ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം. അതു തന്നെയാണല്ലോ ഗാഡ്‌ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളതും. റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളില്‍ പ്രാദേശിക ഗ്രാമ സഭകള്‍ക്കും ജനകീയ കമ്മറ്റികള്‍ക്കും ആവശ്യമായ പരിവര്‍ത്തനങ്ങള്‍ നടത്താമെന്ന്‌ സമിതി തന്നെ നിര്‍ദ്ദേശിക്കുന്നുണ്ട്‌. മുല്ലപ്പെരിയാര്‍ ഡാമിന്റെ പേരില്‍ ഉയര്‍ന്നു വന്നതുപോലെ അനാവശ്യ വിവാദങ്ങള്‍ സൃഷ്‌ടിച്ച്‌ വൈകാരിക പ്രശ്‌നങ്ങളായി ഇതിനെ മാറ്റുന്നതില്‍ നിന്നും മത സംഘടനകളും രാഷ്‌ട്രീയ പാര്‍ട്ടികളും പിന്തിരിയുകയും വേണം.
പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ദ സമിതി റിപ്പോര്‍ട്ട്‌ അഥവാ ഗാഡ്‌ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ രഹസ്യമായി സൂക്ഷിക്കുവാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചിരുന്നു. ഇക്കാര്യം സമിതി ചെയര്‍മാന്‍ മാധവ്‌ ഗാഡ്‌ഗില്‍ തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്‌. ഖനന മാഫിയാകളുടേയും മറ്റും സമ്മര്‍ദ്ദം മൂലമാണ്‌ ഇതെന്നതും വ്യക്തമാണ്‌. പിന്നീട്‌ കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ നേരിട്ട്‌ ഇടപെട്ടതിനെ തുടര്‍ന്നാണ്‌ റിപ്പോര്‍ട്ട്‌ പുറം ലോകം കാണുന്നത്‌. പശ്ചിമഘട്ട മേഖലയേയും അതിലുള്‍പ്പെടുന്ന ഓരോ വിഷയങ്ങളേയും കുറിച്ച്‌ വ്യക്തമായും പ്രതിപാദിക്കുന്നതാണ്‌ റിപ്പോര്‍ട്ട്‌. ആമുഖമായി വരുന്ന 28 പേജുകളും പാര്‍ട്ട്‌ ഒന്നില്‍ ഉള്‍പ്പെടുന്ന 150 പേജുകളും പാര്‍ട്ട്‌ രണ്ടില്‍ ഉള്‍പ്പെടുന്ന 327 പേജുകളും അടക്കം അഞ്ഞൂറിലധികം പേജുകള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ 2011 ആഗസ്റ്റ്‌ 31 ന്‌ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‌ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ദ സമിതി റിപ്പോര്‍ട്ട്‌. പ്രൊഫ. മാധവ്‌ ഗാഡ്‌ഗില്‍ ചെയര്‍മാനും ബി.ജെ. കൃഷ്‌ണന്‍, ഡോ. കെ.എന്‍. ഗണേഷ്‌, ഡോ. പി.എസ്‌. വിജയന്‍, ഫ്രൊ. റീനെ, പ്രൊഫ. ആര്‍. സുകുമാര്‍, ഡോ. ലിജിയ, വിദ്യാ എസ്‌. നായിക്‌, ഡോ. ഡി.ജെ. സുബ്രഹ്മണ്യന്‍, എന്നിവര്‍ സ്ഥിരാംഗങ്ങളും വനം പരിസ്ഥിതി തുടങ്ങിയ വകുപ്പുകളിലേയും അനുബന്ധ ബോര്‍ഡുകളുടേയും തലവന്‍മാര്‍ എക്‌സ്‌- ഒഫിഷ്യോ മെമ്പര്‍മാരുമായ സമിതിയാണ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിട്ടുള്ളത്‌.
ഈ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ പ്രധാനമായും ഉന്നയിക്കുന്ന ഒരു ആരോപണം വേണ്ടത്ര പഠനങ്ങള്‍ നടത്താതെയും, സ്ഥല പരിശോധന നടത്താതെയും, വിദഗ്‌ദ്ധരുമായി കൂടിയാലോചനകള്‍ നടത്താതെയും ഡല്‍ഹിയിലെ ശീതീകരിച്ച മുറികളില്‍ ഇരുന്ന്‌ ഗൂഗിള്‍ മാപ്പ്‌ നോക്കി തയ്യാറാക്കിയതാണ്‌ ഈ റിപ്പേര്‍ട്ട്‌ എന്നാണ്‌. അതുകൊണ്ട്‌ തന്നെ റിപ്പോര്‍ട്ട്‌ അശാസ്‌ത്രീയവും അബദ്ധ ജടിലവുമാണന്നാണ്‌. എന്നാല്‍ വനം പരിസ്ഥിതി വകുപ്പിന്‌ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള റിപ്പോര്‍ട്ടില്‍ സമിതി നടത്തിയിട്ടുള്ള വിശദമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കൂടിക്കാഴ്‌ചകള്‍, സന്ദര്‍ശനങ്ങള്‍, പരിശോധിക്കപ്പെട്ട രേഖകള്‍ എന്നിവയെക്കുറിച്ച്‌ അക്കം ഇട്ട്‌ നിരത്തുന്നുണ്ട്‌. 14 പ്രാദേശിക സന്ദര്‍ശനങ്ങളും, 15 പാനല്‍ യോഗങ്ങളും, 42 പ്രത്യേക ഗവേണ ഗ്രന്ഥങ്ങളുടെ പരിശോധനയും, 7 ബൗദ്ധികാധിഷ്‌ടിത ചര്‍ച്ചകളും 40 സന്നദ്ധ സംഘടനകളുമായുള്ള ചര്‍ച്ചകളും കൂടിയാലോചനകളും, 8 സര്‍ക്കാര്‍ വകുപ്പുകളുമായുള്ള കൂടിയാലോചനകളും തുടങ്ങി അവര്‍ നടത്തിയ വിശദമായ ചര്‍ച്ചകളെക്കുറിച്ചും ഉള്ള രേഖകളും മറ്റു റിക്കാര്‍ഡുകളും നിരത്തി റിപ്പോര്‍ട്ടില്‍ പ്രദിപാദിക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ ഈ ആരോപണം അടിസ്ഥാന രഹിതമാണന്ന്‌ റിപ്പോര്‍ട്ട്‌ പരിശോധിച്ചാല്‍ വ്യക്തമാകും.
കേരളത്തിലെ എട്ടു ജില്ലകളിലായി വരുന്ന പതിനഞ്ച്‌ താലൂക്കുകളില്‍ നിന്നും മുഴുവന്‍ ആളുകളേയും കുടിയെഴിപ്പിക്കുമെന്നും, വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാം മുരടിക്കുമെന്നും, മലയോര കര്‍ഷകര്‍ക്ക്‌ പട്ടയം കിട്ടാക്കനി ആകുമെന്നും, തൊടുപുഴ, ഇരിങ്ങാലക്കുട, കട്ടപ്പന തുടങ്ങിയ ടൗണുകള്‍ ഇല്ലാതാകുമെന്നും, രണ്ട്‌ പശുക്കളില്‍ കൂടുതല്‍ വളര്‍ത്താന്‍ പറ്റാത്ത അവസ്ഥ വരുമെന്നും. പല ദേശീയ പാതകളും, സംസ്ഥാന പാതകളും മനുഷ്യര്‍ക്കോ വാഹനങ്ങള്‍ക്കോ സഞ്ചരിക്കാന്‍ കഴിയാത്ത വിധം ആനത്താരകളാക്കി മാറ്റുമെന്നും, അന്‍പതു വര്‍ഷം പിന്നിട്ട ഡാമുകള്‍ എല്ലാം പോളിച്ചു നീക്കുമെന്നും പട്ടയം കിട്ടാക്കനി ആകുമെന്നും എല്ലാമാണ്‌ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ പ്രചരിപ്പിക്കുന്നത്‌. ഇതിന്റെയെല്ലാം സത്യാവസ്ഥ അറിയാത്ത ആളുകളാണ്‌ ഇടയലേഖനങ്ങളിലും, അതിന്റെ ചുവട്‌ പിടിച്ച്‌ മിക്ക രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളും നടത്തുന്ന പ്രചാരണങ്ങളിലും കുടുങ്ങിയിരിക്കുന്നത്‌. മുല്ലപ്പെരിയാറിന്റെ പേരില്‍ കേരളത്തില്‍ സൃഷ്‌ടിച്ചതിനേക്കാള്‍ വലിയ ആശങ്കയാണ്‌ ഇപ്പോള്‍ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ചില സംഘടിത ശക്തികള്‍ ചേര്‍ന്ന്‌ കേരളത്തില്‍ സൃഷ്‌ടിച്ചിരിക്കുന്നത്‌. ബി.ജെ.പി. ഒഴികെയുള്ള മുഴുവന്‍ പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികളും റിപ്പോര്‍ട്ട്‌ നടപ്പിലാക്കരുത്‌ എന്ന്‌ ആവശ്യപ്പെടുന്നവരാണ്‌.
പശ്ചിമഘട്ട മേഖലയെ പൂര്‍ണ്ണമായും പരിസ്ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിക്കണമെന്നോ അവിടങ്ങളില്‍ നിന്നെല്ലാം മുഴുവന്‍ ജനങ്ങളേയും കുടിയൊഴിപ്പിക്കണമെന്നോ റിപ്പോര്‍ട്ടില്‍ ഒരിടത്തും പറയുന്നില്ല. അതിനു പകരം പശ്ചിമ ഘട്ടത്തെ മൂന്ന്‌ മേഖലകളാക്കി തിരിക്കുകയാണ്‌ സമിതി ചെയ്‌തിരിക്കുന്നത്‌. പരിസ്ഥിതി ലോല മേഖല 1 (അതീവ പ്രാധാന്യ മേഖല) പരിസ്ഥിതി ലോല മേഖല 2 (മിത പ്രാധാന്യ മേഖല) പരിസ്ഥിതി ലോല മേഖല 3 (കുറഞ്ഞ പ്രാധാന്യ മേഖല 3) ഈ ഓരോ മേഖലയിലും എന്തോക്കെ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നും എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ട്‌ നിര്‍ദ്ദേശങ്ങള്‍ വയ്‌ക്കുന്നുണ്ടങ്കിലും ആയതില്‍ പൊതു താത്‌പര്യ പ്രകാരം നിയന്ത്രണങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ റിപ്പോര്‍ട്ട്‌ അധികാരം നല്‍കുന്നുണ്ട്‌. ശാസ്‌ത്രീയമായ കണക്കെടുപ്പിലൂടെ തന്നെയാണ്‌ മൂന്നു മേഖലകളാക്കി തിരിച്ചിട്ടുള്ളതും മൊത്തം പശ്ചിമഘട്ടത്തെ സമിതി 2200 ചതുരങ്ങളായി തിരിച്ച്‌ ഓരോ ചതുരവും 9100 ഹെക്ടര്‍ സ്ഥലത്തെ പ്രതിനിധീകരിക്കുന്നു. ഓരോ മാനദണ്ഡവും അനുസരിച്ച്‌ ഓരോ ചതുരത്തിനും 1 മുതല്‍ 10 വരെ മാര്‍ക്ക്‌ നല്‍കി. ഒടുവില്‍ ഓരോ മാനദണ്ഡത്തിനും ലഭിച്ച മാര്‍ക്കുകളുടെ ശരാശരി ഓരോ ചതുരത്തിനും കണക്കാക്കി. 3 മാര്‍ക്കില്‍ കുറവ്‌ ലഭിച്ച ചതുരങ്ങള്‍ ഇക്കോളജിക്കലി സെന്‍സിറ്റീവ്‌ സോണ്‍ മൂന്നിലും 3 മുതല്‍ 5 വരെ മാര്‍ക്ക്‌ ലഭിച്ചവ ഇക്കോളജിക്കലി സെന്‍സിറ്റീവ്‌ സോണ്‍ രണ്ടിലും 5 നു മുകളില്‍ മാര്‍ക്ക്‌ ലഭിച്ചവ ഇക്കോളജിക്കലി സെന്‍സിറ്റീവ്‌ സോണ്‍ ഒന്നിലും ഉള്‍പ്പെടുത്തുകയായിരുന്നു. ഇത്തരത്തില്‍ ഇരുപത്തഞ്ച്‌ താലൂക്കുകളെയാണ്‌ കേരളത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌ . അതില്‍ 15 താലൂക്കുകള്‍ സോണ്‍ ഒന്നിലും രണ്ട്‌ താലൂക്കുകള്‍ സോണ്‍ രണ്ടിലും എട്ട്‌ താലൂക്കുകള്‍ സോണ്‍ മൂന്നിലും ഉള്‍പ്പെടുന്നു. ഒരു താലൂക്കിന്റെ പേര്‌ ഒന്നാം സോണില്‍ ഉള്‍പ്പെട്ടു എന്നതുകൊണ്ട്‌ ആ താലൂക്ക്‌ മുഴുവന്‍ സോണ്‍ ഒന്നില്‍ ഉള്‍പ്പെടുന്നു എന്നില്ല. പ്രസ്‌തുത താലൂക്കില്‍ പെട്ട പ്രദേശങ്ങള്‍ സോണ്‍ ഒന്നില്‍ ഉള്‍പ്പെടുന്നു എന്നു മാത്രം. കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി രൂപീകരിക്കണമെന്നും സമിതി റിപ്പോര്‍ട്ട്‌ ചെയ്യുന്നു. പ്രസ്‌തു അഥോരിറ്റിക്കും ആവശ്യമായ മാറ്റങ്ങള്‍ വരുത്തി റിപ്പോര്‍ട്ട്‌ നടപ്പിലാക്കാവുന്നതേയുള്ളു. റിപ്പോര്‍ട്ട്‌ പറയുന്നത്‌ പശ്ചിമഘട്ടത്തില്‍ ഇനി അവശേഷിക്കുന്ന പച്ചപ്പെങ്കിലും സംരക്ഷിക്കണമെന്നാണ്‌. ഇത്‌ എങ്ങിനെ കര്‍ഷക വിരുദ്ധമാകുമെന്ന്‌ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ വിശദീകരിക്കണം.
ഈ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരിക്കുന്ന മിക്ക നിര്‍ദ്ദേങ്ങളും കര്‍ഷകരേയും സാധാരണക്കാരേയും ഒരുവിധത്തിലും ദോഷകരമായി ബാധിക്കുന്നതല്ലന്നു മാത്രമല്ല കര്‍ഷകര്‍ക്കും പൊതുസമൂഹത്തിനും ഗുണകരമായവയുമാണ്‌. പശ്ചിമഘട്ടത്തില്‍ ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ ഉപയോഗിക്കുന്നതിന്‌ നിയന്ത്രണം വേണമെന്ന നിര്‍ദ്ദേശം മുമ്പ്‌ സ്വാമിനാഥന്‍ കമ്മറ്റിയും നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്‌. രാസകൃഷിയില്‍ നിന്നും ജൈവ കൃഷിയിലേക്ക്‌ മാറുന്ന ഘട്ടത്തില്‍ കര്‍ഷകര്‍ക്ക്‌ ഉണ്ടാകാവുന്ന സാമ്പത്തികനഷ്‌ടം സര്‍ക്കാര്‍ തന്നെ പരിഹരിക്കണമെന്നും ആവശ്യമായ സാങ്കേതിക സഹായം സര്‍ക്കാര്‍ തന്നെ നല്‍കണമെന്നും റിപ്പോര്‍ട്ട്‌ ശുപാര്‍ശ ചെയ്യുന്നു. രണ്ടു കന്നുകാലികളില്‍ കൂടുതല്‍ വളര്‍ത്താന്‍ പാടില്ലന്ന നിര്‍ദ്ദേശവും റിപ്പോര്‍ട്ടില്‍ ഉണ്ടന്നാണ്‌ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്‌. എന്നാല്‍ അങ്ങിനെ ഒരു നിര്‍ദ്ദേശവും ഈ റിപ്പോര്‍ട്ടില്‍ കാണുന്നില്ല. മറിച്ച്‌ രണ്ടു കന്നുകാലിയെങ്കിലും ഉള്ള കുടുംബത്തിനു ബയോഗ്യാസ്‌ പ്ലാന്റ്‌ നിര്‍മ്മിക്കാന്‍ ആവശ്യമായ സഹായം നല്‍കണമെന്നാണ്‌ റിപ്പോര്‍ട്ടില്‍ ഉള്ളത്‌. ഗ്രാമതലത്തില്‍ വലിയ ബയോഗ്യാസ്‌ പ്ലാന്റ്‌ നിര്‍മ്മിക്കാവുന്ന സാധ്യതകളെക്കുറിച്ച്‌ അന്വേഷിക്കണമെന്നും റിപ്പോര്‍ട്ട്‌ പറയുന്നു. പാരമ്പര്യ വിത്തുകള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കും, പാരമ്പര്യ കന്നുകാലി വര്‍ഗ്ഗങ്ങളെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും, നാടന്‍ മത്സ്യ വര്‍ഗ്ഗങ്ങളെ ടാങ്കില്‍ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും, കാവുകള്‍ സംരക്ഷിക്കുന്നവര്‍ക്കും, 30% ലധികം ചരിവുള്ള ഭൂമിയില്‍ ഹ്രസ്വകാല കൃഷിയില്‍ നിന്നും ദീര്‍ഘകാല കൃഷിയിലേക്ക്‌ മാറുന്നവര്‍ക്കും (പ്രത്യേകിച്ചും ചെറുകിട ഭൂവുടമകള്‍ക്ക്‌) സ്വാഭാവിക പ്രകൃതി സംരക്ഷിക്കുന്നവര്‍ക്കും, സംരക്ഷണ സേവന വേതനം?(പണമായി) നല്‍കണമെന്നും റിപ്പോര്‍ട്ട്‌ ശുപാര്‍ശ ചെയ്യുന്നു. ഇടുക്കി പോലുള്ള മലയോര ജില്ലകളിലെ ആളുകളെ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ ഏറെ പറഞ്ഞ്‌ ഭയപ്പെടുത്തിയിരിക്കുന്നത്‌ ഇനി ആര്‍ക്കും പട്ടയം കിട്ടില്ലന്നാണ്‌. നിലവിലുള്ള കൈവശക്കാര്‍ക്ക്‌ പട്ടയം നല്‍കരുതെന്ന്‌ റിപ്പോര്‍ട്ടില്‍ ഒരിടത്തും പറയുന്നില്ല. പൊതു ഉടമസ്ഥതയിലുള്ള ഭൂമി ഇനി സ്വകാര്യ ഭൂമിയാക്കരുത്‌. എന്ന റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം ചൂണ്ടിക്കാട്ടിയാണ്‌ ആളുകളെ ഭയപ്പെടുത്തുന്നത്‌. അവശേഷിക്കുന്ന വന ഭൂമിയില്‍ ഇനി ആരേയും കയ്യേറാന്‍ അനുവദിക്കരുതെന്നും അത്തരം കയ്യേറ്റങ്ങളെ അംഗീകരിക്കരുതെന്നുമാണ്‌ റിപ്പോര്‍ട്ട്‌ ആവശ്യപ്പെടുന്നത്‌. വനഭൂമി വനേതര ആവശ്യങ്ങള്‍ക്കും കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും വകമാറ്റരുതെന്ന്‌ പറയുമ്പോഴും നിലവിലുള്ള പ്രദേശങ്ങളിലെ ജനസംഘ്യാ വര്‍ധനവിന്‌ ആവശ്യമാകുന്ന വിധത്തില്‍ വികസനം കൊണ്ടുവരുന്നതിനോ വീടുകള്‍ വെയ്‌ക്കുന്നതിനോ ഈ നിയന്ത്രണം ബാധകമല്ലന്നും റിപ്പോര്‍ട്ട്‌ നിര്‍ദ്ദേശിക്കുന്നു. അപ്പോള്‍ ഈ റിപ്പോര്‍ട്ട്‌ വികസനവിരുദ്ധമാണന്ന്‌ പറയാനൊക്കുമോ.
സാധാരണക്കാരായ കര്‍ഷകരേയും ചെറുകിട ഭൂ ഉടമകളേയും തെറ്റിധരിപ്പിച്ച്‌ തെരുവിലിറക്കുന്നവര്‍ക്ക്‌ വ്യക്തമായ ഹിഡന്‍ അജണ്ടകള്‍ ഉണ്ട്‌ . കാരണം പ്രസ്‌തുത റിപ്പോര്‍ട്ട്‌ പൂര്‍ണ്ണമായും പരിശോധിച്ചാല്‍ അതു ബോദ്ധ്യമാവുക തന്നെ ചെയ്യും. അനധികൃതമായ സര്‍ക്കാര്‍ ഭൂമി വന്‍തോതില്‍ കൈവശം വച്ചു കൊണ്ടിരിക്കുന്നവര്‍ക്കും, ഖനനം നടത്തുന്നവര്‍ക്കും പരിസ്ഥിതി ലോല മേഖലകളില്‍ വന്‍കിട കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങള്‍ പണിതുയര്‍ത്തി ടൂറിസം ബിസ്സിനസ്സ്‌ നടത്തുന്നവര്‍ക്കും ദോഷകരമായ പല നിര്‍ദ്ദേശങ്ങളും ഈ റിപ്പോര്‍ട്ടില്‍ ഉണ്ട്‌. അത്തരക്കാരുടെ സ്വാധീനമാണ്‌ ഈ റിപ്പോര്‍ട്ട്‌ വെളിച്ചം കാണാതിരിന്നതിനും, ഇപ്പോള്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കാതിരിക്കാന്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നതിനും കാരണമായിട്ടുള്ളത്‌.
ഈ റിപ്പോര്‍ട്ടിനെക്കുറിച്ചും ഇതില്‍ അടങ്ങിയിരിക്കുന്ന നിര്‍ദ്ദേശങ്ങളെക്കുറിച്ചും പഠിക്കുന്നതിനും പ്രതികരിക്കുന്നതിനും യുവതലമുറ തയ്യാറാകണം. കാരണം ഈ റിപ്പോര്‍ട്ട്‌ നാളേക്കു വേണ്ടിയാണ്‌. ശുദ്ധവായു ശ്വസിച്ച്‌ ശുദ്ധജലം കുടിച്ച്‌ ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന പുതു തലമുറയ്‌ക്കു വേണ്ടി. 

Comments

  1. manushiante aartthi malayaalikallku kooduthalaayi poyi.naalatthe thalamurayude kaariam poyi swantham makkallku droham varutthunna cheithiyaanu prakruthiyode ennum kaanicchittullathu...ee vaakkukal nammude uttharavaaditwatthe ormippikkunnu.palarkkumulla thaakkeethumaanu...

    ReplyDelete
  2. ഈ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ മുഴുവനും ശരിയാണ്. പക്ഷെ ഈ അറിവ് സാധാരണ ജനങ്ങളുടെ ഇടയിലേക്ക് എത്തിക്കുന്നതിന് പുതിയ മാര്‍ഗങ്ങള്‍ ആലോചിക്കേണ്ടി ഇരിക്കുന്നു.

    ReplyDelete
  3. ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുക .ഒപ്പംപരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന താപ -രാസ വൈദ്യുത നിലയങ്ങള്‍, വ്യവസായ ശാലകൾ , മണ്ണെടുക്കല്‍ , പാറപൊട്ടിക്കല്‍, 5,000 ചതുരശ്ര മീറ്ററിലധികമുള്ള വലിയ കെട്ടിടങ്ങൾ എന്നിവ കർശനമായി തടയാൻ പശ്ചിമഘട്ടത്തിലെ മുഴുവൻ പ്രദേശങ്ങളും പാരിസ്ഥിതിക ലോല പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടു കേന്ദ്ര സർക്കാർ ഉത്തരവ് ഇറക്കുക .വൈദ്യുതി ഉത്പാദനത്തിനായി പരിസ്ഥിതിക്ക് ദോഷം ഉണ്ടാക്കാത്ത കാറ്റാടിയന്ത്രങ്ങള്‍,ജലവൈദ്യുത പദ്ധതികള്‍ എന്നിവ മാത്രം കര്‍ശന നിര്‍ദ്ദേശങ്ങളോടെ അനുവദിക്കുക .
    malayalatthanima.blogspot.in

    ReplyDelete

Post a Comment