ഇന്ത്യന്‍ വസന്തത്തിന്റെ ഇടിമുഴക്കത്തിന്‌ കാതോര്‍ത്ത്‌




ഇന്ത്യന്‍ വസന്തത്തിന്റെ ഇടിമുഴക്കത്തിന്‌ കാതോര്‍ത്ത്‌

മദ്ധ്യ പൂര്‍വ്വേഷ്യയില്‍ സോഷ്യല്‍ നെറ്റ്‌ വര്‍ക്ക്‌ കൂട്ടായ്‌മകളുടെ പിന്‍ബലത്തില്‍ സ്വാതന്ത്ര്യത്തിന്റെ പൊന്‍ പുലരി സ്വപ്‌നം കണ്ട യുവതയുടെ ചുവട്‌ പിടിച്ച്‌ നവ വസന്തത്തിന്റെ ഇടിമുഴക്കങ്ങള്‍ക്ക്‌ ഇന്ത്യന്‍ മണ്ണും പാകമാക്കപ്പെടുകയാണോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.
ഡല്‍ഹിയില്‍ ജ്യോതി എന്ന പെണ്‍കുട്ടി ബസ്സിനുള്ളില്‍ കൂട്ട ബലാല്‍സംഗത്തിന്‌ ഇരയായി കൊലചെയ്യപ്പെട്ട സംഭവം ഒറ്റപ്പെട്ടതോ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമോ അല്ല. ഡല്‍ഹിയിലും അതോടൊപ്പം തന്നെ ഇന്ത്യയിലാകമാനവും സര്‍വ്വ സാധാരണമായി നടക്കുന്ന ഒരു സംഭവമായി സ്‌ത്രീകള്‍ക്കു നേരെയുള്ള അതിക്രമം മാറിയിരിക്കുന്നു. ഇത്തരം അതിക്രമങ്ങളിലെ ആദ്യത്തേയോ അവസാനത്തേയോ ഇരയുമല്ല ജ്യോതി. പക്ഷെ ജ്യോതി ഇന്ത്യന്‍ ചരിത്രത്തില്‍ എന്നും ഓര്‍മ്മിക്കപ്പെടുകതന്നെ ചെയ്യും. അത്‌ ഒരു പീഢനത്തിന്‌ ഇരയായി മരിച്ച ഇര എന്ന നിലക്കായിരിക്കില്ലന്നു മാത്രം. ഉറക്കം നടിക്കുന്ന ഭരണകൂടങ്ങളുടെ ഉറക്കാം കെടുത്താന്‍ തക്ക ചാലക ശക്തിയായി ഇന്ത്യന്‍ യുവ ജനതയെ പരിവര്‍ത്തനത്തനം ചെയ്യുന്നതില്‍ പ്രചോദനമായ രക്ത സാക്ഷി എന്ന നിലയില്‍ ആയിരിക്കും ജ്യോതി ഓര്‍മ്മിക്കപ്പെടുക. അതുകൊണ്ട്‌ തന്നെ ജ്യോതിയുടെ ജീവത്യാഗം വരും തലമുറക്ക്‌ ചര്‍ച്ച ചെയ്യാതെ മുന്നോട്ടു പോകുമാനുമാകില്ല. അതുകൊണ്ടു തന്നെ അതിന്റെ പേരില്‍ ഇന്ത്യന്‍ മണ്ണില്‍ ഉയര്‍ന്നു വന്ന പ്രതിക്ഷേധം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഗതിയാണ്‌. ഇന്ത്യന്‍ മണ്ണും നമ്മുടെ ജനതയും ഒരു വിപ്ലവത്തിന്‌ പാകമല്ല എന്നു വിശ്വസിച്ചവര്‍ക്കും വിശ്വസിപ്പിച്ചവര്‍ക്കും ശക്തമായ മറുപടി നല്‍കാന്‍ ഡല്‍ഹിയിലെ യുവജനങ്ങള്‍ക്ക്‌ ആയിരിക്കുന്നു.
ദൈനംദിനമെന്നോണം പെണ്‍കുട്ടികള്‍ക്ക്‌ നേരെയുള്ള അതിക്രമങ്ങള്‍ കൂടി കൂടി വരികയും സ്‌ത്രീകള്‍ക്ക്‌ സുരക്ഷിതമായി ഇന്ത്യന്‍ നഗരങ്ങളിലൂടെ ഇറങ്ങി നടക്കാന്‍ കഴിയാതെ വരികയും ചെയ്‌തപ്പോഴും, ഒന്നും കണ്ടില്ലന്നും കേട്ടില്ലന്നും നടിച്ച്‌ ഇസഡ്‌ പ്ലസ്സും ഇസഡും കാറ്റഗറിയില്‍ എന്നും സുരക്ഷിതമായി ഇരിക്കാമെന്നു കരുതിയവര്‍ ഒന്നു വിറകൊണ്ട കാഴ്‌ചക്കും ഡല്‍ഹി സാക്ഷ്യം വഹിച്ചു. ഡല്‍ഹിയിലെ കൂറ്റന്‍ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ ആയുധ ധാരികളായ സൈനിക- അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെ സംരക്ഷണയില്‍ കിടന്നുറങ്ങിയവരെ ഞെട്ടി വിറപ്പിക്കുവാനും ഇന്ത്യന്‍ യുവ ശക്തിക്ക്‌ ആകുമെന്ന്‌ അവര്‍ തെളിയിച്ചിരിക്കുന്നു. അടിയന്തിരാവസ്ഥയെ വെല്ലുന്ന കരിനിയമങ്ങളും കര്‍ഫ്യുവും അടിച്ചേല്‍പ്പിച്ചും റയില്‍വേ സ്റ്റേഷനുകള്‍ അടച്ചു പൂട്ടിയും സഞ്ചാര സ്വാതന്ത്ര്യത്തെ തന്നെ തടസ്സപ്പെടുത്തിയിട്ടും ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടേയും മേല്‍വിലാസം ഇല്ലാതെ ഒഴികിയെത്തിയ പതിനായിരങ്ങളുടെ പ്രതിക്ഷേധാഗ്നി ഭരണ വര്‍ഗ്ഗത്തെ ഞെട്ടിച്ചു കളഞ്ഞു എന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. ഇത്‌ ഭരണപക്ഷത്തിനു മാത്രമുള്ള മുന്നറിയിപ്പല്ല കര്‍ത്തവ്യങ്ങള്‍ യഥാവിധി നടപ്പിലാക്കാതെ ചിന്തകളില്‍ ജരാനര ബാധിച്ച എല്ലാ രാഷ്‌ട്രീയക്കാര്‍ക്കുമുള്ള മുന്നറിയിപ്പു കൂടിയാണ്‌. ഞാന്‍ അരാഷ്‌ട്രീയ വാദത്തെ പ്രോത്സാഹിപ്പിക്കാന്‍ ആഗ്രഹിക്കാത്ത ആളാണ്‌. പക്ഷെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെടുന്നിടങ്ങളില്‍ അരാഷ്‌ട്രീയ വാദം എത്രത്തോളം ശക്തമാകുമെന്നതിന്‌ സമീപ കാല ഭാരതം സാക്ഷിയാണ്‌.
ഡല്‍ഹി എന്നും ക്രിമിനലുകളുടെ സുരക്ഷിതമായ മണ്ണ്‌ തന്നെയാണ്‌. കാരണം ഡല്‍ഹിയിലെ പോലീസ്‌ സംവിധാനം ക്രമസമാധാന പാലന കാര്യത്തില്‍ തികഞ്ഞ പരാജയമാണ്‌. ഡല്‍ഹിയിലെ പോലീസിന്റെ പ്രധാന ജോലി പൗരന്‍മാര്‍ക്ക്‌ സംരക്ഷണം നല്‍കുക എന്നതല്ല. അവിടെയെത്തുന്ന വി ഐ പികള്‍ക്ക്‌ സംരക്ഷണം നല്‍കുക എന്നതുമാത്രമാണ്‌ പോലീസിന്റെ ജോലി. മറിച്ച്‌ ഏതെങ്കിലും പോലീസ്‌ ഉദ്യോഗസ്ഥന്‍ എന്തെങ്കിലും ക്രൈമില്‍ ഉള്‍പ്പെട്ട ആളുകളെ അബദ്ധത്തില്‍ പിടിച്ചാല്‍ തന്നെയും അപ്പോള്‍ തന്നെ ഏതെങ്കിലും എം.പി. ഇടപെട്ട്‌ അയാളെ മോചിപ്പിക്കുകയുമാണത്രെ പതിവ്‌. അതുകൊണ്ടു തന്നെ പോലീസ്‌ യാതൊരു നടപടിക്കും മുതിരാറുമില്ല. ഇത്രയും കുത്തഴിഞ്ഞ നിയമ പാലന സംവിധാനം ഇന്ത്യയില്‍ മറ്റൊരിടത്തും ഉണ്ടാകില്ലന്നാണ്‌ പറയുന്നത്‌.
സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളും ബലാല്‍ക്കാരങ്ങളും ഇന്ത്യയെ സംഭവിച്ചിടത്തോളം ഒറ്റപ്പെട്ട സംഭവമല്ല. പലപ്പോഴും അതിനു വേണ്ടത്ര വാര്‍ത്താ പ്രാധാന്യം പോലു കിട്ടാതെ പോവുകയും ചെയ്യുന്നുണ്ട്‌. ഒരു സംഭവം ഡല്‍ഹിയില്‍ ഉണ്ടാകുമ്പോള്‍ ലഭിക്കുന്നത്ര വാര്‍ത്താ പ്രാധാന്യം മറ്റിടങ്ങളില്‍ ലഭിക്കാതെ പോവുന്നു. എങ്കിലും ഒറ്റപ്പെട്ട ശബ്‌ദങ്ങളാണ്‌ നാളെ വലിയ ശബ്‌ദങ്ങളായി മാറുക. ഇവിടെ പ്രശ്‌നം നിയമങ്ങളുടെ കുറവല്ല. മറിച്ച്‌ മനുഷ്യന്റെ കാഴ്‌ചപാടുകളുടെ കുഴപ്പമാണ്‌. ശിക്ഷ കടുത്തതായതു കൊണ്ട്‌ മാത്രം കാര്യമില്ല. ശക്തമായ നടപടികളും പ്രതിരോധങ്ങളുമാണ്‌ നമുക്കാവശ്യം.
സര്‍ക്കാര്‍ ഔദ്യോഗികമായ പുറപ്പെടുവിച്ചിട്ടുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ നമുക്ക്‌ മനസ്സിലാക്കുവാന്‍ സാധിക്കും ഈ വിഷയത്തിന്റെ തീവ്രത എത്രത്തോളം വലുതാണന്ന്‌. കേസുകള്‍ ചാര്‍ജ്‌ ചെയ്യാപ്പെടാതെ പോകുന്ന സംഭവങ്ങളും മാനം ഭയന്ന്‌ പുറത്തു പറയാതിരിക്കുന്ന കേസ്സുകളും ഒന്നും ഇതില്‍ പെടുന്നില്ലന്നറിയുമ്പോഴാണ്‌ കണ്ടതിലും എത്രയോ വലുതാണ്‌ മറഞ്ഞിരിക്കുന്ന സത്യം എന്ന്‌ നാം അറിയുന്നത്‌. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കണക്കനുസരിച്ച്‌ 2011 ലെ ചാര്‍ജ്ജ്‌ ചെയ്‌ത കേസ്സുകളുടെ എണ്ണം വച്ചു നോക്കുകയാണങ്കില്‍ ഇന്ത്യയില്‍ ശരാശരി ഓരോ ഇരുപത്‌ മിനിറ്റിലും ഓരോ സ്‌ത്രീ എന്ന കണക്കിന്‌ പീഢനത്തിന്‌ ഇരയാകുന്നുണ്ട്‌. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലാകമാനം രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള സ്‌ത്രീ പീഢന കേസ്സുകളുടെ എണ്ണം 23582 എണ്ണമാണ്‌. മധ്യ പ്രദേശില്‍ 3406, പശ്ചിമബംഗാളില്‍ 2363, ഉത്തര്‍ പ്രദേശില്‍ 2042, രാജസ്ഥാനില്‍ 1800, മഹാരാഷ്‌ട്രയില്‍ 1701, ആസ്സാമില്‍ 1700, ആന്ധ്രപ്രദേശില്‍ 1442,കേരളത്തില്‍ 1132, ഒഡീഷയില്‍ 1112, ബീഹാറില്‍ 934, ജാര്‍ക്കണ്ടില്‍784,ഗുജറാത്തില്‍439 ഇങ്ങനെ പോകുന്നു ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം നടന്ന പീഢനങ്ങളുടെ കണക്കുകള്‍. ഇന്ത്യയിലെ ഒരു സംസ്ഥാനവും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. 2012 ലെ കണക്കുകള്‍ വരുവാനിരിക്കുന്നതെയുള്ളൂ. ഡല്‍ഹിയും ഇക്കാര്യത്തില്‍ ഒട്ടും മോശമല്ല. 2012 ല്‍ ഇതുവരെ ഡല്‍ഹിയില്‍ ചാര്‍ജ്‌ ചെയ്‌തിട്ടുള്ള കേസ്സുകളുടെ എണ്ണം 635 വരും. 2011 ല്‍ 572-ം 2010 ല്‍ 507-ം 2009 ല്‍ 469 -ം 2008 ല്‍ 466-ം കേസ്സുകളാണ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്‌. ഈ കേസ്സുകളിലെല്ലാം പെട്ട്‌ കൊല്ലപ്പെടുന്നവരും നിത്യ രോഗികളായി മാറുന്നവരും, ആത്മഹത്യ ചെയ്യുന്നവരും നിരവധിയാണ്‌. അതുകൊണ്ടു തന്നെയാണ്‌ ആദ്യം പറഞ്ഞത്‌ ജ്യോതിയുടേത്‌ ഒരു ഒറ്റപ്പെട്ട സംഭവമല്ലന്ന്‌.
ഇത്തരത്തില്‍ സ്‌ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും പെണ്‍കുട്ടികളെ തെരുവില്‍ പിച്ചിച്ചീന്തുമ്പോഴും അതിനെതിരെ ക്രീയാത്മകമായ നടപടികള്‍ സ്വീകരിക്കേണ്ട ഭരണകൂടങ്ങളും നേതാക്കന്‍മാരും കൈക്കൊള്ളുന്ന വികലമായ നിലപാടുകളാണ്‌ വന്‍ പ്രതിക്ഷേധങ്ങള്‍ വിളിച്ചു വരുത്തുന്നത്‌. സ്‌ത്രീകളുടെ വസ്‌ത്രധാരണത്തേയും സഞ്ചാര സ്വാതന്ത്ര്യത്തേയും ചോദ്യം ചെയ്യുന്ന ഭരണ കര്‍ത്താക്കള്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്‌ സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്‌. തനിക്ക്‌ മൂന്ന്‌ പെണ്‍മക്കളുണ്ടന്ന്‌ പറയുന്ന പ്രധാന മന്ത്രിക്കറിയാം തന്റെ മക്കള്‍ സഞ്ചരിക്കുന്നത്‌ സുരക്ഷിത വലയത്തിലാണന്ന്‌. പക്ഷെ കുടുംബം നയിക്കാന്‍ തൊഴിലിനായി നഗരത്തില്‍ എത്തുന്ന സ്‌ത്രീകളും ഉന്നത വിദ്യാഭ്യാസത്തിന്‌ കിലോമീറ്ററുകള്‍ യാത്ര ചെയ്യേണ്ടി വരികയും ചെയ്യുന്ന വിദ്യാര്‍ത്ഥിനികളും ഈ മണ്ണില്‍ സുരക്ഷിതരല്ലന്ന സത്യം കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കണക്കുകള്‍ കാണുന്ന അദ്ദേഹത്തിന്‌ അറിമായിരുന്നിട്ടും അദ്ദേഹം മറച്ചു വയ്‌ക്കുകയാണ്‌ ചെയ്യുന്നത്‌.
ഭരണക്കാരും അധികാരികളും ഇതേ രീതിയിലാണ്‌ തുടരുന്നതെങ്കില്‍ അത്‌ രാജ്യത്തിന്റെ സമാധാന പൂര്‍ണ്ണമായ നിലനില്‍പ്പിനെ ചേദ്യം ചെയ്യപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. ആരുടേയും ആഹ്വാനമില്ലാതെയും ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടേയും പിന്തുണ ഇല്ലാതെയും ഡല്‍ഹി തെരുവോരങ്ങളില്‍ മഴവെള്ളപ്പാച്ചില്‍ പോലെ വന്നണഞ്ഞ യുവസഞ്‌ജയം , അസംതൃപ്‌തരും അരക്ഷിതരുമാണന്ന സത്യം വിസ്‌മരിച്ചു കൂടാ. സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകളും ബ്ലോഗുകളും ട്വിറ്ററുമെല്ലാം വിരല്‍തുമ്പില്‍ കൈകാര്യം ചെയ്യുന്ന യുവ തലമുറ വിപ്ലവം സ്വപ്‌നം കാണാന്‍ തുടങ്ങിയിരിക്കുന്നു. നമുക്കു ചുറ്റുമുള്ള പല വിദേശ രാജ്യങ്ങളിലും ഇത്തരം കൂട്ടായ്‌മകള്‍ തീര്‍ത്ത സംഘ ശക്തിയാല്‍ പുതു സ്വാതന്ത്ര്യത്തിന്റെ വസന്തം വിരിയിച്ചവരെ കണ്ട്‌ യുവതലമുറ ഇന്ത്യയിലും ഉണര്‍ന്നു കഴിഞ്ഞിരിക്കുന്നു. അവരും പുതു വസന്തം സ്വപ്‌നം കാണാന്‍ തുടങ്ങിയാല്‍ അതിന്റെ പിന്നില്‍ മുതലെടുപ്പിന്‌ മറ്റ്‌ പലരും എത്തുമെന്ന കാര്യവും വിസ്‌മരിച്ചു കൂടാ. ഇന്ത്യയിലാകമാനം (കേരളത്തിലൊഴികെ) ആ പുതു വസന്തത്തിന്റെ ചുടുകാറ്റ്‌ വീശാന്‍ യാതൊരു വിഷമവും ഇല്ലന്ന്‌ സമീപകാല സംഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്‌.
ഇന്ത്യയിലാകമാനം 55 ശതമാനം വരുന്ന യുവതലമുറയുടെ ഒരു ചെറിയ വിഭാഗം കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കണ്ടതു പോലെ എന്തിനും തയ്യാറായി പുറപ്പെട്ടാല്‍ നവ ലിബറല്‍ വസന്തത്തിന്റെ ഇടിമുഴക്കങ്ങള്‍ ഇന്ത്യന്‍ മണ്ണിലും ഉയരുമെന്ന കാര്യത്തില്‍ സംശയമില്ല. ജനാധിപത്യം എന്നത്‌ ആയുധം ഏന്തിയ അംഗ രംക്ഷകരുടെയും അടച്ചിട്ട വാതിലുകളുടേയും ഉള്ളില്‍ നിന്ന്‌ ജീവിക്കുവാനുള്ള അവകാശത്തിനും സുരക്ഷക്കും വേണ്ടി യാജിക്കുന്ന സാധാരണക്കാരന്റെ മേല്‍ കുതിര കയറാനുള്ള അധികാരമല്ലന്ന്‌ പുതുതലമുറ ഭരണാധികാരി വര്‍ഗ്ഗത്തെ പഠിപ്പിച്ചു നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട്‌ ചിന്തിക്കുക.... തിരുത്തുക.... യതാര്‍ത്ഥമായ ജനാധിപത്യം തന്നെയാണ്‌ നമുക്കാവശ്യം. 

Comments