വാജ്‌പേയം ഇന്നു മറ്റൊരു ജന്മദിനം കൂടി
വാജ്‌പേയം
ഇന്നു മറ്റൊരു ജന്മദിനം കൂടി
ഇന്ന് മറ്റൊരു ഡിസംബര്‍ 25 കൂടി വന്നണഞ്ഞിരിക്കുന്നു. ലോകം എമ്പാടുമുള്ള ആളുകള്‍ ഇന്ന് സ്‌നേഹ സന്ദേശ വാഹകനായ ക്രിസ്‌തു ദേവന്റെ ജന്മദിനം ആഘോഷിക്കുന്നു. ഒപ്പം മറ്റൊരു സ്‌നേഹ ഗായഗന്റെ കൂടി ജന്മദിനമാണ് ഇന്ന്. ഭാരതം കണ്ട ഏറ്റവും മാന്യനും ഒപ്പം നയതന്ത്രജ്ഞനുമായ മുന്‍ പ്രധാന മന്ത്രിയു അടല്‍ബിഹാരി വാജ്‌പേയിയുടെ ജന്മ ദിനം. ഭാരതത്തിന്റെ രാഷ്‌ട്രീയ നഭസ്സില്‍ കവിയും വാഗ്മിയും രാജനൈതിക രംഗത്തെ പ്രവര്‍ത്തകനുമായെല്ലാം നിറഞ്ഞു നിന്ന അദ്ദേഹം ഇന്ന് സ്‌മൃതിനാശ രോഗബാധിതനായി ശയ്യാവലംബനായിരിക്കുകയാണ്. എങ്കിലും ക്രിസ്‌തു ദേവന്റെ ജന്മദിനം ആഘോഷിക്കുന്ന തിരക്കിനിടയിലും ഓരോ ഭാരതീയനും അടല്‍ബിഹായി വാജ്‌പേയി എന്ന വലിയ മനുഷ്യനേയും ഓര്‍ക്കുന്നുണ്ടാകും. എട്ടു പതിറ്റാണ്ട് പിന്നിട്ട ജീവിത യാത്രയില്‍ ഏഴു പതിറ്റാണ്ടോളം കാലം പൊതുപ്രവര്‍ത്തന രംഗത്ത് അദ്ദേഹം സജീവമുണ്ടായിരുന്നു. ഇപ്പോള്‍ ശയ്യാവലംബനാണെങ്കിലും ഭാരതം അഭിമുഖീകരിക്കുന്ന പല നയതന്ത്ര പ്രതിസന്ധികളിലും അദ്ദേഹത്തിന്റെ പേര് ഉയര്‍ന്നു വരുന്നതും നാട് അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ആഗ്രഹിക്കുന്നതും സ്വാഭാവികം മാത്രമാണ്. ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാന മന്ത്രിമാരില്‍ ഒരാള്‍ മാത്രമായിരുന്നില്ല ഏറ്റവും നല്ല വിദേശകാര്യ മന്ത്രിയുമായിരുന്നു അദ്ദേഹം.
ജീവിതത്തിലും പ്രവര്‍ത്തിയിലും എല്ലാം മിത ഭാഷിയും മിത വാദിയും ഒക്കെ ആയിരുന്നുവെങ്കിലും രാജ്യ താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ എന്നും കര്‍ക്കശ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള വ്യക്തിയാണ് വാജ്‌പേയി. പൊക്രാനിലെ അണുവിസ്‌പോടനത്തിന്റെ പേരില്‍ അമേരിക്കയും മറ്റ് ലോക രാഷ്‌ട്രങ്ങളും ഭാരതത്തിനെതിരെ ഉപരോധവുമായി വന്നപ്പോള്‍ അതില്‍ തെല്ലും കൂസാതെ തൊട്ടടുത്ത ദിവസം തന്നെ വീണ്ടും രണ്ട് ആണവ പരീക്ഷണങ്ങള്‍ കൂടി നടത്തികൊണ്ട് ശക്തമായ മൗനത്തിലൂടെ ലോകത്തിന് മറുപടി നല്‍കാനും അദ്ദേഹത്തിനു സാധിച്ചിരുന്നു. ഒപ്പം ഇന്ത്യ ആണവ ശക്തിയായി മാറിയെന്ന് ലോകത്തോട് വിളിച്ചു പറയാനും അദ്ദേഹത്തിനു സാധിച്ചു. എന്നു മാത്രമല്ല ഉപരോധം നീക്കാന്‍ ആവശ്യപ്പെട്ട് ഭാരതീയ സര്‍ക്കാര്‍ ആരേയും സമീപിക്കുവാന്‍ തയ്യാറായതുമില്ല. പിന്നീട് അവര്‍ തന്നെ ഉപരോധങ്ങള്‍ പിന്‍ വലിക്കുകയായിരുന്നു. കാര്‍ഗില്‍ യുദ്ധ സമയത്തും അതേ കാര്‍ക്കശ്യം കാത്തു സൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞതിനാലാണ് ഇന്ത്യയുടെ ഒരു തരി മണ്ണ് പോലുലും നഷ്‌ടപ്പെടാതെ കാത്തു സൂക്ഷിക്കുവാന്‍ കഴിഞ്ഞത്. ഇതിന് മുമ്പ് കോണ്‍ഗ്രസ്സ് പ്രധാന മന്ത്രിമാരുടെ കാലത്തു നടന്ന ചൈന യുദ്ധത്തിലും പാക്കിസ്ഥാന്‍ യുദ്ധത്തിലും ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ നഷ്‌ടപ്പെടുത്തികൊണ്ട് സമ്മര്‍ദ്ദത്തിനു വഴങ്ങി പാതി വഴിയില്‍ യുദ്ധ അവസാനിപ്പിച്ച മുന്‍കാല ചരിത്രങ്ങള്‍ കൂട്ടി വായിക്കുമ്പോഴാണ് വാജ്‌പേയിയുടെ വിജയത്തിന് തിളക്കമേറുന്നത്. കടന്നു കയറ്റങ്ങളേയും വെല്ലുവിളികളേയും ശക്തമായ ഭാഷയില്‍ നേരിടുമ്പോഴും സമാന്തരമായി സമാധാനത്തിന്റെ പാതയും വെട്ടിതെളിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ച വ്യക്തിയാണ് വാജ്‌പേയി. ലാഹോര്‍ ബസ്സ് യാത്ര അതിന്റെ ചെറിയ ഒരു ഉദാഹരണം മാത്രം.
1924 ഡിസംബര്‍ 25 ന് ഗ്വാളിയോറില്‍ കൃഷ്‌ണബിഹാരി വാജ്‌പേയിയുടേയും കൃഷ്‌ണാദേവിയുടേയും മകനായിട്ടായിരുന്നു ജനനം. ആര്‍,എസ്സ്‌എസ്സ് പ്രവര്‍ത്തകാനായിട്ടായിരുന്നു പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. നന്നേ ചെറുപ്പത്തില്‍ തന്നെ സ്വാതന്ത്ര്യ സമര പേരാട്ടങ്ങളില്‍ സജിവസാന്നിദ്ധ്യമാകാനും അദ്ദേഹത്തിനു സാധിച്ചിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്ത് സഹോദരനോടൊപ്പം ജയിലാവുകയും ചെയ്‌തു. രാഷ്‌ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദം സംബാധിച്ചിട്ടും ഒരു തൊഴില്‍ തേടി സ്വന്തം കാര്യം നോക്കി ജീവിക്കാതെ സമാജ സേവനത്തിനായി ജീവിതം സമര്‍പ്പിക്കാനാണ് അദ്ദേഹം തയ്യാറായത്. വൈവാഹിക ജീവിതവും കുടുംബ സുഖങ്ങളും എല്ലാം ഉപേക്ഷിച്ച് ആര്‍.എസ്സ്.എസ്സിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറിയ വാജ്‌പേയി ഇന്നും അതേ പ്രചാരക ജീവിതം തുടരുകയും ചെയ്യുന്നു.
അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തന ജീവിതം എന്നു പറയുന്നത് ഒരു തുറന്ന പുസ്‌തകമാണ്. ആര്‍ക്കും വായിച്ചെടുക്കാവുന്ന തരത്തില്‍ അതിന്റെ താളുകള്‍ സുവ്യക്തമാണ്. എന്നെങ്കിലും ഭാരതത്തില്‍ ബി.ജെ.പി. അധികാരത്തില്‍ എത്തുകയാണങ്കില്‍ അതിന്റെ തലവനാവുക വാജ്‌പേയി ആയിരിക്കുമെന്ന് കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. അങ്ങിനെ തന്നെ സംഭവിക്കുകയും ചെയ്‌തു. ഭാരതത്തില്‍ അധികാരത്തിലെത്തുന്ന ആദ്യത്തെ കോണ്‍ഗ്രസ്സുകാരനല്ലാത്ത പ്രധാനമന്ത്രി എന്ന ചരിത്ര പദവിക്ക് അദ്ദേഹം അര്‍ഹനാവുകയും ചെയ്‌തു. സ്വാതന്ത്ര്യാനന്തരം നാല്‍പ്പത്തൊന്‍പത് വര്‍ഷങ്ങള്‍ വേണ്ടി വന്നു അങ്ങിനെ ഒരു ചരിത്രം കുറിക്കാന്‍. അതിനുമുമ്പ് പല കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകളും കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയിരുന്നെങ്കിലും അതിന്റെ എല്ലാം തലവന്‍മാര്‍ മുന്‍കാല കോണ്‍ഗ്രസ്സ് നേതാക്കന്‍മാരും കോണ്‍ഗ്രസ്സ് സംസ്‌കാരം ഉള്‍ക്കൊണ്ടവരും ആയിരുന്നു.
ഇന്ത്യയിലെ ആദ്യ കോണ്‍ഗ്രസ്സ് ഇതര പ്രധാനമന്ത്രി എന്നു മാത്രമല്ല മറ്റ് പല കാര്യങ്ങളിലും ചരിത്രം ആകാന്‍ കഴിഞ്ഞ അപൂര്‍വ്വ വ്യക്തിത്വമാണ് വാജ്‌പേയിയുടേത്. ഐക്യരാഷ്‌ട്ര സഭയുടെ ചരിത്രത്തില്‍ ആദ്യമായി ഹിന്ദിയില്‍ പ്രസംഗിച്ച ആളും വാജ്‌പേയിയാണ്. 1977 ഒക്‌ടോബര്‍ നാലിന് ന്യൂയോര്‍ക്കില്‍ നടന്ന മുപ്പത്തൊന്നാമത് ഐക്യരാഷ്‌ട്രസഭാ സമ്മേളനത്തിലാണ് വാജ്‌പേയി ഇന്തിയയെ പ്രതിനിധികരിച്ച് ഹിന്ദിയില്‍ പ്രസംഗിച്ചത്. ജനതാ സര്‍ക്കാരിന്റെ കാലത്ത് വിദേശകാര്യ വകുപ്പ് മന്ത്രി ആയിരിക്കുമ്പോള്‍ വാജ്‌പേയി നടത്തിയ ചെന സന്ദര്‍ശനവും പാക്കിസ്ഥാന്‍ സന്ദര്‍ശനുവും ചരിത്രത്തിന്റെ ഭാഗമായിട്ടുള്ളതാണ്. വിദേശ ഇന്ത്യക്കാരെ സംബന്ധിച്ചും അവര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത വിദേശ കാര്യ മന്ത്രിയും വാജ്‌പേയി ആയിരിക്കും. പാസ്സ്‌പോര്‍ട്ട് ലഭിക്കുന്നതിന് നിലനിന്നിരുന്ന കാലതാമസവും സങ്കീര്‍ണ്ണമായ നിയമകുരുക്കുകള്‍ക്കും പെലീസ് അന്വേഷണ നടപടികള്‍ക്കും ഇളവ് വരുത്തി ലളിതമായി പാസ്സ് പോര്‍ട്ട് ലഭിക്കാവുന്ന സാഹചര്യം സൃഷ്‌ടിച്ചതും വാജ്‌പേയി വിദേശകാര്യ വകുപ്പ് മന്ത്രി ആയിരിക്കുമ്പോള്‍ നടത്തിയ ഇടപെടലുകളിലൂടെയാണ്. വര്‍ഷങ്ങള്‍ നീണ്ട നിയമക്കുരുക്കിലും രണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള തെരുവു യുദ്ധങ്ങള്‍ക്കും നിരവധി മനുഷ്യരുടെ ജീവഹാനിക്കും വരെ കാരണമായ കാവേരി പ്രപശ്‌നം നയപരമായ ഇടപെടലുകളിലൂടെ പരിഹരിച്ചതിലും വാജ്‌പേയി വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണ്. അതുപോലെ തന്നെ വാജ്‌പേയി പ്രധാന മന്ത്രി ആയിരുന്ന കാലഘട്ടത്തില്‍ ഒരിക്കല്‍ പോലും വിലക്കയറ്റത്തിന് എതിരെ പ്രതിപക്ഷമോ മറ്റോ ഒരു സമരം പോലും സംഘടിപ്പിച്ചിരുന്നില്ല എന്നതും എടുത്തു പറയേണ്ട സംഗതിയാണ്.
മൂന്നു പ്രാവശ്യം ഭാരതത്തിന്റെ പ്രധാന മന്ത്രി പദത്തില്‍ എത്തുകയും ഒരു തവണ ഇന്ത്യുടെ വിദേശകാര്യ വകുപ്പ് മന്ത്രിയായും ഒന്‍പത് തവണ ലോകസഭാംഗം ആയും രണ്ടു തവണ രാജ്യ സഭാംഗം ആയും പ്രവര്‍ത്തിക്കുകയും പദ്‌മ വിഭൂഷണ്‍ അടക്കം നിരവധിയായ രാജ്യത്തിന്റെ പരമോന്നത ബഹുമതികള്‍ നേടുകയും ചെയ്‌ത് നിരവധി ഹൃദയ ഹാരികളായ കവിതകള്‍ രചിക്കുകയും ചെയ്‌ത ഇപ്പോള്‍ രോഗശയ്യയില്‍ വിശ്രമ ജീവിതം നയിക്കുന്ന അടല്‍ ബിഹാരി വാജ് പേയിയെ ഈ ജന്മദിനത്തില്‍ സ്‌മരിക്കാതിരിക്കുന്നത് ഉജിതമല്ല. അദ്ദേഹത്തെ പൂര്‍ണ്ണ ആരോഗ്യവാനാക്കി ദൈവം സമാജത്തിലേക്ക് എത്തിക്കട്ടെയെന്ന് പ്രര്‍ത്ഥിക്കുന്നതോടെപ്പം അദ്ദേഹത്തിന് ഒരായിരം ജന്മദിനാശംസകളും നേരുന്നു.....






Comments
Post a Comment