ആന്റണിയുടെ മൗനം വാചാലമായത്‌ എന്തിനു വേണ്ടി .... !?







എ.കെ. ആന്റണി അങ്ങിനെയാണ്‌. എപ്പോഴും മൗനമായിരിക്കും, വല്ലപ്പോഴുമേ വായ്‌ തുറക്കുകയുള്ളു. പക്ഷെ കേരളത്തില്‍ വന്ന്‌ വായ്‌ തുറന്നാല്‍ അത്‌ ആരെയെങ്കിലും ലക്ഷ്യം വച്ചായിരിക്കും. ഇപ്പോള്‍ കേന്ദ്ര പ്രതിരോധ മന്ത്രി കൂടി ആയപ്പോള്‍ പുറത്തു വരുന്ന വാക്കുകള്‍ക്ക്‌ മിസൈലിന്റെ ശക്തി ഉണ്ടാവുക സ്വഭാവികം. കേരളത്തിലെ കോണ്‍ഗ്രസ്സ്‌ രാഷ്‌ട്രീയവും യു ഡി എഫ്‌ സംവിധാനവും കലങ്ങിമറിഞ്ഞ്‌ ഒരു പരുവത്തില്‍ എത്തി പരിഹാരം കാണാനാവാതെ ഉലയുന്ന അവസരത്തിലാണ്‌ ഇത്തവണത്തെ വായ്‌ തുറക്കല്‍ എന്നതും ശ്രദ്ധേയമാണ്‌.
ഒരുകാലത്ത്‌ കോണ്‍ഗ്രസ്സിലെ എ ഗ്രൂപ്പ്‌ എന്ന്‌ പറഞ്ഞാല്‍ ആന്റണി ഗ്രൂപ്പ്‌ ആയിരുന്നു. എന്നാല്‍ ഇന്ന്‌ എ ഗ്രൂപ്പിന്റെ നേതാവ്‌ ഉമ്മന്‍ ചാണ്ടിയാണ്‌. ആന്റണി എ ഗ്രൂപ്പി ല്‍ നിന്നും പുറത്തു പോയി എന്നു മാത്രമല്ല ഇപ്പോള്‍ അദ്ദേഹം ഐ ഗ്രൂപ്പിന്റെ വക്കീലായി മാറിയിട്ടുണ്ടന്നും എ ഗ്രൂപ്പുകാര്‍ സംശയിക്കുന്നു. ഇത്തരം സംശയങ്ങള്‍ക്ക്‌ ചിറക്‌ മുളച്ചിരിക്കുമ്പോള്‍ തന്നെ ആന്റണി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തു വന്നതും ശ്രദ്ധേയമാണ്‌.
ഇപ്പോഴത്തെ യു ഡി എഫ്‌ സര്‍ക്കാരിന്റെ വ്യവസായ നയത്തെ തുറന്ന്‌ എതിര്‍ത്തതിലൂടെ ആന്റണി ലക്ഷ്യം വയ്‌ക്കുന്നത്‌ മുസ്ലീം ലീഗിനേയും അതുവഴി സര്‍ക്കാരിന്റെ തലവനായ ഉമ്മന്‍ ചാണ്ടിയേയും തന്നെ ആണന്നത്‌ പകല്‍ വെളിച്ചം പോലെ വ്യക്തമാണ്‌. വ്യവസായ വകുപ്പ്‌ കൈകാര്യം ചെയ്യുന്നവര്‍ക്ക്‌ നാട്ടില്‍ വികസനം കൊണ്ടു വരുന്നതിനല്ല മറിച്ച്‌ നാടിന്റെ സമ്പത്തുകള്‍ അടിച്ചുമാറ്റുവാനാണ്‌ കൂടുതല്‍ താത്‌പര്യമെന്നു ആന്റണി പറയാതെ പറയുകയും ചെയ്‌തു. ഒപ്പം ഇടതുപക്ഷത്തെ അല്‌പം സുഖിപ്പിക്കുക കൂടി ചെയ്യാന്‍ ആന്റണി മറന്നില്ല.
ആദര്‍ശ ധീരനെന്നൊക്കെ പറയുമെങ്കിലും ആന്റണിക്ക്‌ പാമ്പിന്റെ പകയാണുള്ളതെന്നാണ്‌ അദ്ദേഹത്തോട്‌ അടുപ്പം ഉള്ളവര്‍ പറയുന്നത്‌. ആന്റണിയെ വേദനിപ്പിച്ചവരെ എത്രകാലം കഴിഞ്ഞായാലും വെറുതെ വിടില്ലന്നാണ്‌ കേള്‍വി. ഉമ്മന്‍ ചാണ്ടിയോടും കുഞ്ഞാലിക്കുട്ടിയോടും തീര്‍ത്ത തീരാത്ത പക ആന്റണിയുടെ മനസ്സില്‍ കിടപ്പുണ്ടു താനും. ആ പകയ്‌ക്ക്‌ ആസ്‌പദമായ സംഭവങ്ങളുടെ തുടക്കവും ഇതേ പോലെ ഒരു വേദിയില്‍ ഒരു സത്യം തുറന്നു പറഞ്ഞതു മുതലാണ്‌.
കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങള്‍ സംഘടിത ശക്തി ഉപയോഗിച്ച്‌ അനര്‍ഹമായത്‌ പലതും നേടിയെടുക്കുന്നുണ്ട്‌ എന്ന സത്യം മുഖ്യ മന്ത്രി ആയിരുന്നപ്പോള്‍ തന്നെ ഒരിക്കല്‍ ആന്റണി തുറന്നടിച്ചിരുന്നു. ആ പ്രസ്ഥാവന കേരള രാഷ്‌ട്രീയത്തില്‍ ഉണ്ടാക്കിയ കോലാഹലങ്ങള്‍ ചെറുതൊന്നുമായിരുന്നില്ല. മുമ്പ്‌ ചാരക്കേസിന്റെ പേരില്‍ കരുണാകരനെ പാതി വഴിയില്‍ ഇറക്കി വിട്ട്‌ മുഖ്യമന്ത്രി ആയ ആന്റണിയെ പുറത്താക്കാന്‍ ഈ അവസരം ഐ ഗ്രൂപ്പുകാര്‍ മുസ്ലീംലീഗിനെ കൂട്ടു പിടിച്ചു വിനിയോഗിക്കുകയായിരുന്നു. ആ പ്രതിസന്ധി ഘട്ടത്തില്‍ ആന്റണിയുടെ ഏറ്റവും വിശ്വസ്ഥ വിധേയനായ ഉമ്മന്‍ ചാണ്ടി ആന്റണിയെ വേണ്ടും വിധം സഹായിച്ചില്ലന്നു മാത്രമല്ല മുസ്ലീം ലീഗിനൊപ്പം ചേര്‍ന്ന്‌ ആന്റണിയെ മാറ്റി മുഖ്യ മന്ത്രി കസേര കൈക്കലാക്കാന്‍ കരുക്കള്‍ നീക്കുകയും ചെയ്‌തു. ഈ നീക്കങ്ങള്‍ക്ക്‌ കേരളത്തിലെ സഭകളുടെ അനുഗ്രഹവും ഒപ്പം ഒരു പത്ര സ്ഥാപനത്തിന്റെ പിന്തുണയും ലഭിച്ചിരുന്നു. ആന്റണിയുടെ മുഖ്യ മന്ത്രി കസേര അങ്ങിനെ നഷ്‌ടപ്പെടുകയും ചെയ്‌തു.
തുടര്‍ന്നുള്ള കാലം ആന്റണിയുടെ രാഷ്‌ട്രീയ ഗ്രാഫ്‌ ഉയര്‍ച്ചയിലേക്ക്‌ ആയിരുന്നെങ്കിലും മുഖ്യമന്ത്രി കസേര നഷ്‌ടപ്പെട്ടതിലും കേരളത്തില്‍ സ്വന്തം അനിയായികളില്‍ നിന്നു പോലും ഉണ്ടായ അപമാനവും അദ്ദേഹത്തിന്‌ മറക്കാന്‍ കഴിയുന്നത്‌ ആയിരുന്നില്ല. അതില്‍ ആന്റണിയെ ഏറെ വേദനിപ്പിച്ചത്‌ ഉമ്മന്‍ചാണ്ടിയുടെ ചുവടുമാറ്റം ആയിരുന്നത്രെ. അതുകൊണ്ടു തന്നെ മുസ്ലീം ലീഗിനോടും ഉമ്മന്‍ ചാണ്ടിയോടും ഉള്ള പക മനസ്സില്‍ കിടന്നു നീറുന്നുണ്ടന്നു വേണം കരുതാന്‍.
കേരള ഭരണം കോണ്‍ഗ്രസ്സ്‌ മുസ്ലീം ലീഗിന്റെ കാല്‍ക്കല്‍ അടിയറവച്ചു എന്ന്‌ ആരോപിച്ച്‌ നായര്‍- ഈഴവ നേതാക്കളുടെ നേതൃത്വത്തില്‍ ഹൈന്ദവ ഏകീകരണത്തിന്റെ നീക്കങ്ങള്‍ ആരംഭിച്ച സമയത്തും കേരളത്തില്‍ എത്തിയ ആന്റണി അതിന്‌ അനുകൂലമായ പ്രസ്ഥാവനകള്‍ നടത്തിയും ശ്രദ്ധേയമാണ്‌. സംഘടിത സമുദായങ്ങളെ നേട്ടം ഉണ്ടാക്കുന്നുള്ളൂ എന്നും അതുകൊണ്ട്‌ ഹൈന്ദവ സമൂഹം സംഘടിത ശക്തി ആവണമെന്നുമാണ്‌ ആന്റണി പ്രസംഗിച്ചത്‌. ചെറുകോല്‍പ്പുഴയിലായിരുന്നു ആ പ്രസംഗം എന്നു തോന്നുന്നു.
ഇത്തരത്തിലുള്ള പകയുടെ തുടര്‍ച്ചതന്നെയാണ്‌ ബ്രഹ്മോസുമായി ബന്ധപ്പെടുത്തി സര്‍ക്കാരിനും വ്യവസായ വകുപ്പിനുമെതിരെ ആഞ്ഞടിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌. കേരളത്തില്‍ നടക്കുന്ന അഴിമതികളേയും പകല്‍ കൊള്ളകളേയും കുറിച്ച്‌ ഒരു തുറന്ന ചര്‍ച്ചക്കു തന്നെ വഴിയോരുക്കുവാന്‍ എന്തായാലും ഈ പരാമര്‍ശങ്ങള്‍ക്ക്‌ കഴിഞ്ഞിരിക്കുന്നു.
ശനിയാഴ്‌ച കാസര്‍കോട്‌ ആന്റണി തന്റെ പ്രസ്ഥാവന നിക്ഷേധിച്ചില്ലങ്കില്‍ കുഞ്ഞാലിക്കുട്ടി ആഞ്ഞടിക്കുമെന്നാണ്‌ പത്രവാര്‍ത്തകള്‍ കണ്ടത്‌. എന്നാല്‍ പറഞ്ഞതിനെ ഒന്നും നിക്ഷേധിച്ചിട്ടല്ലന്നു മാത്രമല്ല നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയുമാണ്‌ ആന്റണി ചെയ്‌തത്‌. മുസ്ലീം ലീഗാകട്ടെ തന്ത്രപരമായി വിഷയത്തില്‍ നിന്നും പിന്‍മാറാനാണ്‌ ശ്രമിക്കുന്നതും.
ഇത്‌ ഈ വിഷയത്തിന്റെ ഒരു വശമാണങ്കില്‍ ഇതിന്‌ ഒരു മറുവശം കൂടി ഉണ്ട്‌. അതുകൂടി കാണാതെ പോകുന്നത്‌ ശരിയല്ലല്ലോ. ആന്റണിയെക്കുറിച്ച്‌ മുമ്പ്‌ കേട്ടിട്ടുള്ള ഒരു പ്രധാന ആരോപണം സ്വന്തം ഇമേജ്‌ വര്‍ദ്ധിപ്പിക്കാന്‍ പല ചെപ്പടി വിദ്യകളും കാട്ടുന്ന ആളാണ്‌ ആന്റണി എന്നാണ്‌. നാം ഒരു കാര്യം ചിന്തിക്കുക ആന്റണിയുടെ കേരള സന്ദര്‍ശന വേളയില്‍ ആന്റണി ഇത്തരം ഒരു പരാമര്‍ശം നടത്തിയില്ല എന്നു കരുതുക, എങ്കില്‍ യു.പി.എ. സര്‍ക്കാരിലെ രണ്ടാം സ്ഥാനക്കാരനായ ആന്റണി കേരളത്തില്‍ എത്തുമ്പോള്‍ പത്രക്കാര്‍ക്ക്‌ ചോദിക്കുവാനുള്ളതും പ്രതിപക്ഷങ്ങള്‍ക്ക്‌ പറയുവാനുള്ളതും ചര്‍ച്ച ചെയ്യപ്പെടുന്നതും യു.പി.എ യുടെ അഴിമതിക്കഥകള്‍ തന്നെയായിരിക്കില്ലെ ...? ചര്‍ച്ച ചെയ്യപ്പെടുക. പ്രതിരോധ ഇടപാടുകളിലും ആദര്‍ശ്‌ ഫ്‌ളാറ്റ്‌ കുംഭകോണത്തിലും അടക്കം ആന്റണിക്ക്‌ എതിരെ വരെ ആരോപണങ്ങള്‍ ഉയര്‍ന്നു വരികയും സോണിയാ കുടുംബവും കേന്ദ്ര സര്‍ക്കാരും ഒന്നടങ്കം അഴിമതിയില്‍ മുങ്ങിക്കുളിച്ച്‌ മുഖം നഷ്‌ടപ്പെട്ട അവസ്ഥയില്‍ നില്‍ക്കുകയും ചെയ്യുമ്പോള്‍ മറ്റൊരു ചര്‍ച്ചയിലേക്ക്‌ കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്‌ ആന്റണിയുടെ കുശാഗ്ര ബുദ്ധി കൊണ്ടായിരിക്കില്ലെ. ആന്റണിക്കും അദ്ദേഹം രണ്ടാമനായ യു.പി.എ. സര്‍ക്കാരിനും സോണിയ കുടുംബത്തിനും എതിരെയുള്ള അഴിമതിക്കഥകള്‍ വിവാദ തിരിശ്ശിലകള്‍ കൊണ്ടു മൂടി വയ്‌ക്കാന്‍ ഈ വിവാദ പ്രസ്ഥാവനകള്‍ക്ക്‌ സാധിച്ചിരിക്കുന്നു. എന്തിനേറെ പറയുന്നു കേരളത്തിലെ പ്രതിപക്ഷവും അവരുടെ ദേശീയ നേതൃത്വവും ആന്റണിക്കും അതുവഴി കേന്ദ്രസര്‍ക്കാരിനും ഈ പ്രസ്ഥാവനയിലൂടെ ക്ലീന്‍ ചീട്ട്‌ നല്‍കിയിരിക്കുന്നു. ഒരു വെടിക്ക്‌ രണ്ടു പക്ഷികള്‍ എന്ന വേട്ടക്കാരന്റെ തന്ത്രം തന്നെ ആന്റണി ഇവിടെ വിജയിപ്പിച്ചിരിക്കുന്നു. ആന്റണിയുടെ കേരള പര്യടന കാലത്ത്‌ ഒരിക്കല്‍ പോലും കേന്ദ്ര സര്‍ക്കാരിന്റെ അഴിമതിക്കഥകള്‍ ചര്‍ച്ചയായിട്ടില്ലന്നതും ഇതിന്റെ തെളിവാണ്‌. രാഷ്‌ട്രീയം ഇങ്ങനെയാണ്‌ ഒന്നു ചീഞ്ഞാലെ മറ്റൊന്നിനു വളമാകു. 

Comments

  1. നല്ല പ്രദിപാദന രീതി............അഭിനന്ദനങ്ങള്‍

    ReplyDelete
  2. നല്ല പ്രദിപാദന രീതി............അഭിനന്ദനങ്ങള്‍
    അജിത്‌ കളമശ്ശേരി

    ReplyDelete

Post a Comment