ഇ. ശ്രീധരന്‍ വീണ്ടും അപമാനിക്കപ്പെടുമോ.... !?





കൊച്ചി മെട്രൊയെ ചൊല്ലിയുള്ള വിവാദങ്ങള്‍ വീണ്ടും തല പൊക്കിയിരിക്കുകയാണല്ലോ. വികസനത്തിന്റെ വിഷയം എന്നതിലുപരി ഇതിനെ ഒരു രാഷ്‌ട്രീയ വിഷയമായി മാറ്റാന്‍ പ്രതിപക്ഷങ്ങളും , പരമാവധി കമ്മീഷന്‍ അടിച്ചുമാറ്റുവാനുള്ള കറവപശുവായി മെട്രൊയെ മാറ്റുവാന്‍ ഭരണക്കാരും അവരുടെ ശില്‍പന്തികളും ശ്രമം ആരംഭിച്ചു കഴിഞ്ഞു. ഇതിനിടയില്‍ ബലിയാടാകുവാന്‍ വീണ്ടും ഇ. ശ്രീധരനെ പോലുള്ള ഒരാളെ കേരളത്തിലേക്ക്‌ വിളിച്ചു വരുത്തേണ്ടതുണ്ടോ എന്ന്‌ മലയാളികള്‍ ആലോചിക്കണം. അഴിമതി വിമുക്തവും കാര്യക്ഷമവുമായ വികസന പ്രവര്‍ത്തനങ്ങള്‍ അസാധ്യമാണന്ന അനുഭവങ്ങളിലൂടെയുള്ള നമ്മളുടെ തിരിച്ചറിവിന്റെ കാലത്താണ്‌ ഇ. ശ്രീധരനെ പോലുള്ളവരുടെ പ്രസക്തി വര്‍ദ്ധിക്കുന്നത്‌. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിശ്ചിത കാലയളവും കഴിഞ്ഞ്‌ അടങ്കല്‍ തുകയുടെ മൂന്നിരട്ടി വരെ ചിലവഴിച്ചിട്ടും പൂര്‍ത്തിയാക്കാനാവാത്ത കാലത്ത്‌ ഏറ്റെടുത്ത പ്രവര്‍ത്തികളെല്ലാം നിശ്‌ചിത സമയത്തിന്‌ മുമ്പ്‌ പരാതികള്‍ക്ക്‌ ഇടം നല്‍കാതെ പൂര്‍ത്തികരിക്കുവാന്‍ ഇ. ശ്രീധരന്‌ സാധിച്ചിട്ടുണ്ട്‌. പാമ്പന്‍ പാലവും കൊങ്കണ്‍ പാതയും ഡല്‍ഹി മെട്രെ റെയിലും എല്ലാം അതില്‍ ചിലതുമാത്രമാണ്‌. ഡി.എം.ആര്‍. സി. യേയും ഇ. ശ്രീധരനെയും കൊച്ചി മെട്രോയില്‍ നിന്ന്‌ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്ന ആളുകള്‍ എല്ലാം ഗൂഢമായ ലക്ഷ്യം മുന്നില്‍ കണ്ട്‌ പ്രവര്‍ത്തിക്കുന്നവരാണ്‌. 
ഒട്ടും മോശമല്ലാത്ത ദുരനുഭവം ഇതിനുമുമ്പും കേരളത്തില്‍ നിന്നും ഇ. ശ്രീധരന്‌ ലഭിച്ചിട്ടുണ്ടന്നാണ്‌ അറിയാന്‍ കഴിയുന്നത്‌. ചൂടു വെള്ളത്തില്‍ ചാടിയ പൂച്ച പച്ചവെള്ളം കണ്ടാലും ഭയക്കുമെന്നാണ്‌ പഴമക്കാര്‍ പറയുന്നത്‌. അതുകൊണ്ട്‌ തന്നെ ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തിലേക്കുള്ള പുതിയ ക്ഷണത്തേയും ഇ. ശ്രീധരന്‍ ഭയക്കേണ്ടതാണ്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കമ്മീഷന്‍ ദാഹികളായ കേരളത്തിലെ ഭരണാധികാരികളും ഉദ്യോഗസ്ഥ മേല്‍ക്കോയ്‌മയും ചേര്‍ന്ന്‌ ഇ. ശ്രീധരനെ ആട്ടിപായിച്ച ഒരു ചരിത്രമുണ്ടന്നാണ്‌ കേള്‍വി. എന്റെയൊക്കെ ശൈശവ കാലത്തു നടന്ന സംഭവമാകയാല്‍ കേട്ടു കേള്‍വി മാത്രമെ ഉള്ളു. ഇന്റര്‍നെറ്റിലും മറ്റും അതിന്റെ നിജസ്ഥിതി തിരക്കിയെങ്കിലും സൂചനകള്‍ അല്ലാതെ കാര്യമായ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. അതേ കൊച്ചിയിലേക്ക്‌ തന്നെ വീണ്ടും വരികെയെന്നത്‌ ഇ. ശ്രീധരന്റെ ഒരു വാശി കൂടി ആയികൂടെന്നില്ല.
കൊച്ചിന്‍ ഷിപ്പിയാര്‍ഡിന്റെ പ്രവര്‍ത്തന ആരംഭ കാലത്ത്‌ അതിന്റെ മേല്‍ നോട്ടവും നിയന്ത്രണവും നടത്തിയിരുന്നത്‌ ഇ. ശ്രീധരന്‍ ആയിരുന്നു. കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനാവശ്യമായ എല്ലാ നടപടികളും ആരംഭിച്ച സമയം കമ്മീഷന്‍ ദാഹികളായ ഉദ്യോഗസ്ഥ ഭരണ നേതാക്കന്‍മാര്‍ നടത്തിയ നാടിന്റെ പൊതു താല്‍പര്യങ്ങള്‍ക്ക്‌ വിരുദ്ധമായ ചില മലക്കം മറിച്ചിലുകള്‍ക്ക്‌ കൂട്ടു നില്‍ക്കാന്‍ ഇ. ശ്രീധരന്‍ തയ്യാറായില്ലത്രെ. ഫലമോ കൊച്ചിന്‍ ഷിപ്പിയാര്‍ഡിന്റെ മേല്‍ നോട്ടത്തില്‍ നിന്നും ഇ. ശ്രീധരന്‍ മാറ്റപ്പെട്ടു. അവിടെയും പ്രശ്‌നം കമ്മീഷന്‍ തന്നെ. പോളണ്ടിലെ ഒരു കമ്പനിയുമായിട്ടായിരുന്നുവത്രെ ഷിപ്പിയാര്‍ഡിന്റെ ആദ്യ നിര്‍മ്മാണ എഗ്രിമെന്റ്‌. അതിനനുസരിച്ചുള്ള സജ്ജീകരണങ്ങളും അവിടെ ഒരുക്കിയിരുന്നു. എന്നാല്‍ പോളണ്ട്‌ കമ്പനിയെ മാറ്റാനുള്ള ഭരണാധികാരികളുടെ നീക്കത്തെ ഇ. ശ്രീധരന്‍ എതിര്‍ത്തതാണ്‌ ഭരണക്കാരെ ചൊടിപ്പിച്ചത്‌. കമ്പനി മാറുന്നത്‌ അനുസരിച്ച്‌ ഷിപ്പിയാര്‍ഡില്‍ ഒരുക്കിയിരുന്ന ഇലക്‌ട്രിഫിക്കേഷന്‍ ഉള്‍പ്പടെയുള്ള സജ്ജീകരണങ്ങളും മാറേണ്ടതായി ഉണ്ടായിരുന്നു. ഇത്‌ ,ഷിപ്പിയാര്‍ഡിന്‌ അധിക സാമ്പത്തിക ബാദ്ധ്യതക്കു കാരണമാകും എന്നുള്ളതിനാലണത്രെ ഇ. ശ്രീധരന്‍ ഈ നീക്കത്തെ എതിര്‍ത്തത്‌. അസാമാന്യമായ എഞ്ചിനീയറിംഗ്‌ വൈദഗദ്ധ്യം ഉണ്ടായിരുന്നെങ്കിലും ഡിപ്ലോമക്കാരനായ ഇ. ശ്രീധരനു കീഴില്‍ ജോലി ചെയ്യേണ്ടി വന്ന ചില ഡിഗ്രിക്കാരുടെ അസൂയയും ഇ. ശ്രീധരന്റെ മാറ്റത്തിന്‌ ആക്കം കൂട്ടി എന്നും ഒരു പിന്നാമ്പുറ വര്‍ത്തമാനം ഉണ്ട്‌. എന്തായാലും ആ ഒരു അവസ്ഥയിലേക്ക്‌ കൊച്ചി മെട്രോയും മാറുകയില്ലന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം.
ഓരോ പദ്ധതികള്‍ വരുമ്പോഴും ആഗോള ടെന്‍ഡര്‍ വിളിക്കുന്നതിനാണ്‌ എല്ലാവര്‍ക്കും താത്‌പര്യം. നമ്മള്‍ കരുതുന്നതുപോലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ്ണതക്കോ കാര്യക്ഷമതക്കോ ഒന്നുമല്ല ആ വ്യഗ്രത. അതിന്റെ പിന്നിലെ ലക്ഷ്യം വേറെയാണ്‌. ഇത്തരത്തില്‍ ആഗോള ടെന്‍ഡറിലൂടെ വരുന്ന കമ്പനികള്‍ വാഗ്‌ദാനം ചെയ്യുന്ന കമ്മീഷന്‍ മാത്രമാണ്‌ ഇക്കൂട്ടരുടെ ലക്ഷ്യം. പത്തു ശതമാനം മുതല്‍ മുപ്പതു ശതമാനം വരെ കമ്മീഷന്‍ നല്‍കാന്‍ പല കമ്പനികളും തയ്യാറാണ്‌. അതായത്‌ 4500 കോടി രൂപാ അടങ്കല്‍ തുക പ്രതീക്ഷിക്കുന്ന കൊച്ചിന്‍ മെട്രോക്ക്‌ പരമാവധി ലഭിക്കാവുന്ന കമ്മീഷന്‍ 1350 കോടി രൂപയാണ്‌. ഇത്‌ നഷ്‌ടപെടുമെന്ന്‌ അറിയുമ്പോഴുള്ള വിഷമം നമുക്ക്‌ ഊഹിക്കാവുനല്ലേയുള്ളു. ഇരു ചെവി അറിയാതെ ഈ തുകകള്‍ ബന്ധപ്പെട്ടവരുടെ വിദേശ ബാങ്ക്‌ അക്കൗണ്ടുകളില്‍ പണമായോ അല്ലങ്കില്‍ ഭൂമിയായോ എല്ലാം വന്നു ചേരും. ഈ ഒരു വലിയ ലക്ഷ്യം മുന്നില്‍ നില്‍ക്കുന്നിടത്തോളം കാലം ഇ. ശ്രീധരനെ പോലുള്ളവരെ ഇത്തരം പദ്ധതികളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ഇവിടുത്തെ ഉദ്യേഗസ്ഥ ഭരണവര്‍ഗ്ഗം ശ്രമിച്ചു കൊണ്ടേ ഇരിക്കും.
അധികാര ദല്ലാളന്‍മാരുടേയും കമ്മീഷന്‍ ഏജന്റുമാരുടേയും ചട്ടുകങ്ങളായല്ല ഭരണകൂടങ്ങളും രാഷ്‌ട്രീയ നേതാക്കന്‍ മാരും നില കൊള്ളേണ്ടത്‌. മറിച്ച്‌ പൊതു ജനത്തിന്റെ താത്‌പര്യങ്ങള്‍ക്ക്‌ ഒപ്പമാണ്‌. ട്രാഫിക്ക്‌ കുരുക്കുമൂലം വട്ടം കറങ്ങുന്നഎറണാകുളത്ത്‌ എത്തുന്നവരുടെ കഷ്‌ടപാടുകള്‍ കണ്ടില്ലന്നു നടിച്ച്‌ കമ്മീഷനു പുറകെ പോകുന്നവരെ ജനങ്ങള്‍ തന്നെ കൈകാര്യം ചെയ്യേണ്ടിവരുന്നിടങ്ങളിലാണ്‌ നക്‌സലിസം വളരുന്നത്‌.
2005 ല്‍ ആരംഭിച്ച കൊച്ചി മെട്രോ റെയില്‍ പദ്ധതി അനന്തമായി ഇത്രകാലം നീട്ടികൊണ്ടു പോയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ മാറി മാറി ഭരിച്ച ഇരുമുന്നണികള്‍ക്കും സാധിക്കില്ല. ഇപ്പോള്‍ മെട്രോ റെയിലിന്റെ പേരില്‍ മനുഷ്യ മെട്രൊ സൃഷ്‌ടിക്കുന്നവര്‍ ലക്ഷ്യം വക്കുന്നത്‌ കേവലം രാഷ്‌ട്രീയ മുതലെടുപ്പ്‌ മാത്രമാണ്‌.
ഓരോ പദ്ധതികളും കൊണ്ടുവരുന്നരുടെ കൊടിയുടെ നിറം നോക്കി അതിനെ തുരങ്കം വയ്‌ക്കുന്ന പരിപാടികളാണ്‌ ഇന്ന്‌ കേരളത്തില്‍ നടക്കുന്നത്‌. ഭരണപക്ഷം മുന്നോട്ടു വയ്‌ക്കുന്ന എല്ലാ പരിപാടികളേയും എതിര്‍ക്കുക എന്നതാണ്‌ പ്രതിപക്ഷത്തിന്റെ കടമ എന്ന്‌ നാം അറിഞ്ഞോ അറിയാതെയോ ധരിച്ചു വച്ചിരിക്കുകയാണ്‌. അതുപോലെ തന്നെ ഭരണത്തില്‍ ഇരിക്കുന്നവര്‍ പ്രതിപക്ഷത്തിന്റേയും ഒപ്പം പൊതുജനങ്ങളുടേയും കൂടി വിശ്വാസ്യത ആര്‍ജ്ജിക്കണം.
ഇതിനെക്കാള്‍ എല്ലാം കഷ്‌ടമായ സംഗതി കേരളത്തിലെ ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വമാണ്‌. ഇവരെ നിയന്ത്രിക്കാന്‍ ഒരു ഭരണകൂടങ്ങള്‍ക്കും കഴിയുന്നുമില്ല. സര്‍ക്കാരിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളേയും നിയമകുരുക്കില്‍ പെടുത്തി ചുവപ്പു നാടക്കുള്ളില്‍ അനന്തമായി വലിച്ചു നീട്ടി കൊണ്ടു പോകുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ചില ഉദ്യോഗസ്ഥരും ഉണ്ട്‌. ചില ഉന്നത ഉദ്യോഗസ്ഥരാകാട്ടെ സര്‍ക്കാരിനെ തന്നെ നിയന്ത്രിക്കുമ്പോള്‍ ഭരണകര്‍ത്താക്കള്‍ വെറും ഒപ്പീടില്‍ യന്ത്രങ്ങളായി അധപതിക്കുകയും ചെയ്യുന്നു.
പുതുതായി പുറത്തു വന്ന രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളിലെ നിക്ഷേപാനുപാതത്തിന്റെ കണക്കുകള്‍ മലയാളികളെ നാണം കെടുത്തുന്നതാണ്‌. ഈയോരവസരത്തില്‍ വികസനത്തേയും രാഷ്‌ട്രീയത്തേയും രണ്ടായി കാണാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ സാധിക്കണം. കഴിവുകെട്ട ദിശാബോധമില്ലാത്ത ഭരണാധികാരികളും, എന്തിനേയും അന്തമായി എതിര്‍ക്കുന്ന പ്രതിപക്ഷവും, വെള്ളാനകളായ ഉദ്യോഗസ്ഥ ദുഷ്‌പ്രഭുക്കളും, നിഷ്‌ക്രിയരായ ജനങ്ങളും ചേര്‍ന്നാണ്‌ നമ്മുടെ നാടിനെ പിന്നോട്ടടിക്കുന്നത്‌. 

Comments