കുലംകുത്തികള്‍ കുലം വാഴുമ്പോള്‍
അധ്വാനിക്കുന്നവരുടേയും മര്‍ദ്ദിതരുടേയും ഏക മോചന മന്ത്രവും, ലോകത്തിന്റെ പ്രതീക്ഷയും ആവേശവുമായ ആശയം എന്ന വിശേഷണത്തോടെ കടന്നു വന്ന കമ്മ്യൂണിസ്റ്റ് ആശയം അതിന്റെ ജന്മ നാടുകളില്‍ തന്നെ അകാല മൃത്യു അടഞ്ഞപ്പോഴും ഇന്ത്യയില്‍ അതിനെ പേരിലെങ്കിലും നിലനിര്‍ത്താന്‍ ഇവിടുത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഒരു പരിധി വരെ കഴിഞ്ഞിരുന്നു. ഇന്ത്യന്‍ കമ്മ്യൂണിസം എന്നു പറഞ്ഞാല്‍ അത് കേരള കമ്മ്യൂണിസവും ബംഗാള്‍ കമ്മ്യൂണിസവുമാണ്. അതിനപ്പുറം സ്വാധീന ശക്തി വളര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.
പശ്ചിമബംഗാളില്‍ അവരുടെ പ്രവര്‍ത്തി ഗുണം കൊണ്ട് അത് ഏറെക്കുറെ തകര്‍ന്ന് തരിപ്പണമാവുകയും കമ്മ്യൂണിസ്റ്റ് കാരെ കണ്ടാല്‍ ജനങ്ങള്‍ ഓടിച്ചിട്ടു തല്ലുന്ന കാലം വരികയും ചെയ്‌തു. പശ്ചിമ ബംഗാളിലെ ദീര്‍ഘകാല ഇടതുപക്ഷ ഭരണം കൊണ്ട് അവിടുത്തെ ജനങ്ങള്‍ക്ക് എന്തു തന്നെദോഷമുണ്ടായാലും ഏറെ നേട്ടം കൊയ്‌തത് നമ്മള്‍ മലയാളികളാണ്. കാരണം അവരുടെ ഭരണത്തിന്‍ കീഴില്‍ ദരിദ്രരരും തൊഴില്‍ രഹിതരുമായ യുവാക്കള്‍ തൊഴില്‍ തേടി കേരളത്തിലേക്ക് എത്തിയതിനാല്‍ നമുക്ക് ആവശ്യത്തിന് തൊഴിലാളികളായി. ഇല്ലങ്കില്‍ കേരളത്തിലെ തൊഴില്‍ മേഖലകളെല്ലാം നിശ്ചലമായേനെ.
എന്നാല്‍ കേരളത്തില്‍ ആ പാര്‍ട്ടിയെ കുറച്ചൊക്കെ പിടിച്ചു നിര്‍ത്താന്‍ നേതൃത്ത്വത്തിന് സാധിച്ചിരുന്നു. ബംഗാളിലെ പോലെ നാമവശേഷമായില്ലന്നര്‍ത്ഥം. അതിനവര്‍ക്ക് സാധിച്ചതാവട്ടെ ആശയപരമായ പിന്‍ബലത്തിലൊന്നുമല്ല മറിച്ച് നേതൃത്വം പിന്‍തുടര്‍ന്നു വന്ന സ്റ്റാലിനിസ്റ്റ് സംഘടനാ രീതി കൊണ്ടായിരുന്നു. ആടിനെ പട്ടിയാക്കാനും , പട്ടിയെ പേപ്പട്ടിയാക്കാനും ഒടുവില്‍ അതിനെ തല്ലിക്കൊല്ലാനും കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുള്ള കഴിവ് അവര്‍ണ്ണനീയമാണ്. സേച്ഛാധിപത്യത്തിന്റേയും നിര്‍ദയ മര്‍ദ്ദനത്തിന്റേയും പര്യായമായാണ് ലോകം സ്റ്റാലിനസത്തെ കണ്ടിരുന്നത്. അതുകൊണ്ടു തന്നെ പാര്‍ട്ടിയുടെ ഉരുക്കു മുഷ്‌ടികളും കാര്‍ക്കശ്യവും എന്നും പ്രവര്‍ത്തകരുടെ മേല്‍ അധീശക്തം നേടുവാന്‍ അവര്‍ വിനിയോഗിച്ചിരുന്നു.
പാര്‍ട്ടിക്ക് വഴങ്ങാത്തവരേയും അനുസരണക്കേടു കാണിക്കുന്നവരേയും നിലയ്‌ക്കു നിര്‍ത്താനും വരുതിയിലാക്കാനും അല്ലാത്തവരെ പാര്‍ട്ടിക്ക് പുറത്താക്കുവാനും പാര്‍ട്ടി നേതൃത്വത്തിന് സാധിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആ അവസ്ഥക്കു മാറ്റം വന്നിരിക്കുന്നു. പാണ്ടന്‍ നായയുടെ പല്ലിന് ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല.... എന്നു പറഞ്ഞതു പോലെ പാര്‍ട്ടിയുടെ തീട്ടൂരങ്ങളെ ഇന്ന് പ്രവര്‍ത്തകര്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നില്ലന്നു മാത്രമല്ല പരസ്യമായി പാര്‍ട്ടി സംവിധാനങ്ങളെ വെല്ലു വിളിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ചെയ്‌തിരിക്കുന്നു.
പണ്ടും ഇത്തരത്തില്‍ വെല്ലുവിളികള്‍ പലതും പലരും നടത്തിയിട്ടുണ്ടങ്കിലും അവരെ അടിച്ചമര്‍ത്താനോ ഇല്ലായ്‌മ പെടുത്താനോ പാര്‍ട്ടിക്ക് സാധിച്ചിരുന്നു. ഇന്ന് അവസ്ഥ ആകെ മാറിയിരിക്കുന്നു. ഗ്രഹണ സമയത്ത് ഞാഞ്ഞൂലുകള്‍ വരെ ഫത്തി വിടര്‍ത്തി ആടുമ്പോള്‍ കുലം കുത്തികള്‍ക്ക് മുമ്പില്‍ സാഷ്‌ടാംഗം പ്രണമിച്ച് കീഴടങ്ങേണ്ട അവസ്ഥ പാര്‍ട്ടിക്ക് സംജാതമായിരിക്കുന്നു. ഷൊര്‍ണ്ണൂരും ഒഞ്ചിയത്തും ഒക്കെ വിജയന്‍ സഖാവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കുലം കുത്തികള്‍ തല പൊക്കിയപ്പോള്‍ അവരെ പ്രതിരോധിക്കുവാനും പാര്‍ശ്വ വല്‍ക്കരിക്കുവാനും ഒരു പരിധി വരെ പാര്‍ട്ടിക്ക് സാധിച്ചിരുന്നുവെങ്കില്‍ മുണ്ടൂരില്‍ പാര്‍ട്ടിയുടെ ഉടുമുണ്ടു തന്നെ അഴിഞ്ഞ് വീഴുന്നു കാഴ്‌ചയാണ് നാം കാണുന്നത്. കുലം കുത്തികളെ തിരിച്ചു വിളിച്ച് കുലം വാഴിക്കേണ്ട ഗതികേടിലേക്ക് കേരളത്തിലെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി മാറി കഴിഞ്ഞിരിക്കുന്നു.
ഇത്തരത്തില്‍ പാര്‍ട്ടിയില്‍ അങ്ങിങ്ങായി വളര്‍ന്നു വരുന്ന കുലം കുത്തികളെ ഒന്നു ഭയപ്പെടുത്തുവാനും അതുവഴി അണികളെ കൂട്ടത്തില്‍ ഉറപ്പിച്ചു നിര്‍ത്താമെന്നുമുള്ള വിചാരത്തിലുമാണ് ഒഞ്ചിയത്തെ വലിയ കുലം കുത്തിയെ ഇല്ലായ്‌മ പെടുത്തിയത്. ഫലമൊ ജീവിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്നതില്‍ ഇരട്ട ശക്തിയോടെ അയാളുടെ ആത്മാവ് പാര്‍ട്ടിയെ വേട്ടയാടുന്നു എന്നു മാത്രമല്ല എതിരാളികള്‍ക്ക് യോജിച്ച് ആക്രമിക്കാന്‍ പ്ലാറ്റ് ഫോം ഇട്ടു കൊടുത്തതുമാതിരി ആവുകയും ചെയ്‌തു. എരി തീയില്‍ എണ്ണ ഒഴിക്കാന്‍ അച്ചുതാനന്ദന്‍ സഖാവു കൂടി എത്തിയതോടെ കാര്യങ്ങള്‍ ബഹു വിശേഷവുമായി.
കേരളത്തില്‍ അങ്ങിങ്ങായി ഉയര്‍ന്നു വരുന്ന വിമത ശബ്‌ദങ്ങളെയും ഒറ്റയാള്‍ പോരാട്ടങ്ങളേയും ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. കഴിഞ്ഞ കുറേ നാളുകളായി ആ പാര്‍ട്ടി നേരിടുന്ന ഒരു ഗുരുതരമായ അസ്ഥിത്വ പ്രശ്‌നമായി ഇതു മാറിയിരിക്കുന്നു.
ഇസത്തെയും സംഘടനയേക്കാളും വ്യക്തികള്‍ വളരുന്നതാണ് ഇന്ന് ആ പാര്‍ട്ടിയില്‍ കാണുന്നത്. സംഘടനാ അച്ചടക്കം വെറു വാക്കുകളില്‍ ഒതുക്കേണ്ട സംഗതിയായി മാറിയിരിക്കുന്നു. കേന്ദ്ര നേതൃത്തെ വരെ പരസ്യമായി വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തിയും പാര്‍ട്ടി പിന്‍തുടരുന്ന നയങ്ങളേയും പരിപാടികളേയും പരസ്യമായി തള്ളിപ്പറഞ്ഞും ഒരു ഭാഗത്തു കൂടി അച്ചുതാനന്ദന്‍ മുന്നോട്ടു പോകുമ്പോള്‍ നിര്‍വ്വികരാനായ കാഴ്‌ചക്കാരനെ പോലെ നോക്കി നില്‍ക്കേണ്ട ഗതി കേടിലേക്ക് പാര്‍ട്ടി നേതൃത്വം അകപ്പെട്ടിരിക്കുന്നു. അച്ചുതാനന്ദന്‍ തന്റെ തെറ്റുകള്‍ സ്വയം പരസ്യമായി ഏറ്റുപറയുമെന്ന് പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറി തന്നെ പറഞ്ഞിട്ടും അതും പോലും നടപ്പിലാക്കാന്‍ കഴിയാത്ത വിധം പാര്‍ട്ടി സംവിധാനങ്ങള്‍ ദുര്‍ബലമായിരിക്കുന്നു. നേതാക്കള്‍ പരസ്യമായി ചെളി വാരിയെറിയുന്നതിനു പുറമെ അവരുടെ കുടുംബക്കാരേയും വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നു. നേതൃത്വത്തിന്റെ ഈ ദുര്‍ബലത തിരിച്ചറിഞ്ഞ അണികള്‍ ചേരിതിരിഞ്ഞ് നേതാക്കന്‍മാരെ ചീത്ത വിളിക്കുന്നു. കൂടം കുളം സമരത്തിന് പോകരുതെന്ന പാര്‍ട്ടി നിര്‍ദ്ദേശം അവഗണിച്ച് പുറപ്പെട്ട് അച്ചുതാനന്ദന്‍ പോലിസിനെ അനുസരിച്ച് തിരിച്ചു പോന്നതിലൂടെ പാര്‍ട്ടിക്കു നല്‍കുന്ന സന്ദേശം പാര്‍ട്ടിയെ അനുസരിക്കില്ലന്ന ഒരു വെല്ലുവിളി തന്നെയാണ്.
ഒരു കാലത്ത് കേഡര്‍ പ്രസ്ഥാനം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പാര്‍ട്ടി ഇന്ന് കുത്തഴിഞ്ഞ അവസ്ഥയുടെ പര്യായമായി മാറിയിരിക്കുന്നു. ഈ ഒരു ഗതി കേടിലേക്ക് ഈ പാര്‍ട്ടി വന്നു ചേര്‍ന്നതിനു പിന്നില്‍ ഒരുപാടു ആത്മാക്കളുടെ ശാപവും ഉണ്ടാകും. പാര്‍ട്ടിയാണ് ശരി , പാര്‍ട്ടി മാത്രമാണ് ശരി എന്ന നിലയിലൂടെ ഇവര്‍ നടത്തിയിട്ടുള്ള ക്രൂരതകള്‍ വരും നാളുകളില്‍ ചര്‍ച്ച ചെയ്യപ്പെടുക തന്നെ ചെയ്യും. ഭരണത്തിന്റെ തണലിലും അല്ലാതെയും ഇവര്‍ നടത്തിയിട്ടുള്ള മനുഷ്യാവകാശ ലംഘനങ്ങളുടേയും കൊടും ക്രൂരതകളുടേയും ഞെട്ടിക്കുന്ന കഥകള്‍ വിമത നാവുകളിലൂടെ പുറത്തുവന്നു തുടങ്ങിയിരിക്കുന്നു. ഇന്നലെ വരെ പുന്നപ്ര വയലാര്‍ സമര പോരാട്ടത്തിന്റെ നായകസ്ഥാനത്തിന്റെ പേരില്‍ പാര്‍ട്ടി തന്നെ തേളിലേറ്റി നടത്തിയ അച്ചുതാനന്ദനെ അതേ പാര്‍ട്ടി തന്നെ ഇന്നു തള്ളിപ്പറയുന്നു. സമരത്തില്‍ പങ്കെടുക്കാതെ ഒളിച്ചോടിയ ഭീരുവായി നായകര്‍ മാറപ്പെടുന്നു. മനോരോഗിയല്ലാത്ത ഭാര്യയെ മാനസികാശുപത്രിയില്‍ ആക്കി പോലും മറ്റൊരു നേതാവ്. ഇനിയും എന്തെല്ലാം കഥകള്‍ പുറത്തുവരാനിരിക്കുന്നു. തമ്മില്‍ തല്ലി കുലംമുടിച്ച യാദവരെപ്പോലെ ഇവരും തീരില്ലന്ന് ആരുകണ്ടു.
ഭരണത്തില്‍ ഇരുന്ന സമയത്ത് ഗുണ്ടകളേയും പോലീസിനേയും ഉപയോഗിച്ച് രാഷ്‌ട്രീയ പ്രതിയോഗികളേയും പാര്‍ട്ടിയിലെ തന്നെ വിമതരേയും കൊന്നൊടുക്കുകയും ജിവശ്‌ഛവങ്ങളായി മാറ്റുകയു ചെയ്‌തതിനു പുറമെ നിരവധി നിരപരാധികളെ കള്ളക്കേസുകളില്‍ കുടുക്കി ജയിലിലടക്കുകയും ചെയ്‌തിരിക്കുന്നു. ഇത്തരം ഗൂഡാലോചനയില്‍ പെട്ട് ജയിലില്‍ കിടക്കുന്ന സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരും ചൊറിയഞ്ചാന്‍ മനോജ് കൊലക്കേസ് പ്രതികളുമായവര്‍ നിരപരാധികളായ തങ്ങളെ നുണ പരിശേധനക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നു. ഗ്രൂപ്പ് നോക്കി എതിര്‍ ഗ്രൂപ്പുകാരെ പ്രതികളാക്കുകയാണന്നാണ് അവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇത്തരത്തിലാണ് സ്വന്തം പാര്‍ട്ടിക്കാരോട് പോലും പെരുമാറുന്നതെങ്കില്‍ എതിരാളികളുടെ കാര്യം പറയണ്ടല്ലോ. ഇതിനെല്ലാം പുറമെ ഇവര്‍ നടത്തിയിട്ടുള്ള കൊലകള്‍ ഭരണത്തിന്റെ പിന്‍ ബലത്തില്‍ പോലീസിനെക്കൊണ്ട് എതിരാളികളുടെ തലയില്‍ കെട്ടി വയ്‌പിച്ച് നാട്ടില്‍ വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്‌ടിച്ച് മുതലെടുപ്പിന് ശ്രമിച്ചിക്കുന്നു. ഷുക്കൂര്‍ വധക്കേസിലും തലശ്ശേരിയിലെ ദാസന്‍ കൊലക്കേസിലും, ചങ്ങനാശ്ശേരില്‍ എസ് എഫ് ഐ , എ ബി വി പി സംഘര്‍ഷത്തിനിടയില്‍ എ എസ് ഐ മരിച്ച കേസിലും തുടങ്ങി നിരവധിയായ കേസ്സുകളില്‍ ഇതേ ഗീബല്‍സിയന്‍ തന്ത്രം ഇവര്‍ പ്രയോഗിച്ചിട്ടുണ്ട്. അവരുടെയെല്ലാം കണ്ണുനീരിനും ശാപത്തിനും ഇവര്‍ മറുപടി പറയാതെ പറ്റില്ലല്ലൊ.
ചിലപ്പോള്‍ ഇതെല്ലാം എന്റെ തോന്നലുകള്‍ ആവാം കാരണം നിങ്ങള്‍ക്കൊന്നും ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ലന്നാണല്ലോ വിജയന്‍ സഖാവ് പറയുന്നത്. സത്യത്തില്‍ നാട്ടുകാര്‍ക്ക് ഇപ്പോള്‍ ഈ പാര്‍ട്ടിയെ പറ്റി എല്ലാം അറിയാം ഒരു ചുക്കും അറിയാന്‍ പാടില്ലാത്തത് അധികാര ഗര്‍വ്വിനാല്‍ അന്ധന്‍മാരായ നേതാക്കന്‍ മാര്‍ക്കാണന്നു മാത്രം. കുലം കുത്തി, കുലം കുത്തി കുലം മുടിക്കാന്‍ പുറപ്പെട്ടവര്‍ക്ക് ഈ ദോഷൈക ദൃക്കിന്റെ ഭാവുകങ്ങള്‍.



Comments
Post a Comment