കൊല്ലുന്ന രാജാവിന്‌ തിന്നുന്ന മന്ത്രി




കേന്ദ്രം ഭരിക്കുന്ന യു.പി.എ സര്‍ക്കാര്‍ വീണ്ടും ഒരു പരീക്ഷണ ഘട്ടത്തില്‍ വന്നു ചേര്‍ന്നിരിക്കുന്നു. ഈ പരീക്ഷണത്തെ മറികടക്കുക സര്‍ക്കാരിനെ സംബന്ധിച്ച്‌ വലിയ കാര്യമല്ല. കാരണം പുറമെ നിന്ന്‌ പിന്തുണക്കുന്നവരുടെ മുന്നില്‍ മുട്ടു മടക്കിയാല്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളെ നിലവിലുള്ളു. മായാവതിക്കെതിരെയുള്ള സി.ബി.ഐ അന്വേഷണം അട്ടിമറിച്ചു നല്‍കുകയും ഉത്തര്‍പ്രദേശിന്‌ ഒരു പാക്കേജ്‌ പ്രഖ്യാപിക്കുകയും ചെയ്യേണ്ടി വരും സര്‍ക്കാരിന്‌ , അതിനപ്പുറം ഒന്നും സംഭവിക്കാനില്ല.
ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയും വലിയ അഴിമതികള്‍ നടത്തിയിട്ടുള്ള കഴിവുകെട്ട ഒരു ഭരണകൂടവും നമ്മുടെ നാട്‌ ഭരിച്ചിട്ടില്ല. യു.പി.എ. ഘടകകക്ഷികള്‍ തമ്മിലും കോണ്‍ഗ്രസ്സ്‌ നേതാക്കള്‍ തമ്മിലും അഴിമതിയുടെ കാര്യത്തില്‍ തമ്മില്‍ തമ്മില്‍ മത്സരിച്ചു കൊണ്ടിരിക്കുകയാണ്‌.
ഇത്രയും ദുര്‍ബലമായ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിതാണ്‌, കാര്യക്ഷമതയില്ലാതെ തളര്‍ന്നു വീണപ്പോഴും അവര്‍ക്ക്‌ താങ്ങും തണലുമായി മാറിയത്‌ ഭാരതത്തിലെ പ്രതിപക്ഷമായിരുന്നു എന്ന സത്യം ഭാരതീയരെ സംബന്ധിച്ചിടത്തോളം നിരാശമാത്രമാണ്‌ സമ്മാനിച്ചത്‌. ഭരണക്കാരെക്കാള്‍ കഴിവുകെട്ടവരും നിഷ്‌ക്രിയരുമാണ്‌ തങ്ങള്‍ എന്ന്‌ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളിലൂടെ പ്രതിപക്ഷവും തെളിയിച്ചിരിക്കുന്നു.
വിലക്കയറ്റം മൂലം ജനങ്ങള്‍ പെറുതിമുട്ടിയപ്പോഴും അഴിമതിയില്‍ മുങ്ങിതാഴ്‌ന്ന്‌ സര്‍ക്കാര്‍ നിലയില്ലാകയത്തില്‍ അകപ്പെട്ടു പോയപ്പോഴും ജനവികാരത്തിനൊപ്പം എത്താന്‍ ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ കക്ഷികള്‍ക്ക്‌ സാധിച്ചിട്ടുണ്ടോ എന്ന്‌ ഒരു ആത്മ വിമര്‍ശനത്തിന്‌ അവര്‍ ഈ അവസരം ഉപയോഗിക്കുന്നത്‌ നന്നായിരിക്കും.
ഇന്ന്‌ രാഷ്‌ട്രീയ പാര്‍ട്ടികളുടെ സമര രീതികള്‍ക്ക്‌ തന്നെ മാറ്റം വന്നിരിക്കുന്നു. മുമ്പ്‌ ഏറ്റവും അവസാനം മറ്റ്‌ സമര മാര്‍ഗ്ഗങ്ങള്‍ എല്ലാം പരാചയപ്പെടുന്നിടത്ത്‌ എടുത്ത്‌ പ്രയോഗിച്ചിരുന്ന സമരമാര്‍ഗ്ഗങ്ങള്‍ ആദ്യമെ നടത്തി രാഷ്‌ട്രീയ പാര്‍ട്ടികള്‍ തലയൂരുന്നു. മുമ്പ്‌ ബന്ദും ഹര്‍ത്താലും നിയമസഭയും പാര്‍ലമെന്റും തടസ്സപ്പെടുത്തുന്നതും എല്ലാം അവസാന സമരമുഖങ്ങള്‍ ആയിരുന്നു. ഇന്നും അവ അവസാന സമരമുഖങ്ങള്‍ തന്നെ. പക്ഷെ അവ ആദ്യമെ ചെയ്യുന്നു എന്നു മാത്രം അതോടെ സമരങ്ങള്‍ അവസാനിക്കുന്നു. ജനങ്ങളിലേക്ക്‌ ഇറങ്ങി ചെന്ന്‌ ജനങ്ങളുടെ ഇടയില്‍ പ്രചാരണം നടത്തുവാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ സമയം ഇല്ലാതായിരിക്കുന്നു.
പുതിയ വിഷയങ്ങള്‍ വരുമ്പോള്‍ പഴയവ സൗകര്യപൂര്‍വ്വം വിസ്‌മരിക്കുന്നു. പാര്‍ലമെന്റിനകത്തോ പുറത്തോ അഴിമതികളെക്കുറിച്ചോ വിലക്കയറ്റത്തെക്കുറിച്ചോ ചര്‍ച്ചകള്‍ പോലും നടക്കുന്നില്ല. ജനങ്ങളെ വിഢികളാക്കുന്ന കാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരേപോലെ മത്സരിക്കുന്നു. രാഷ്‌ട്രീയ കക്ഷികള്‍ ജനങ്ങളില്‍ നിന്നകലുകയും ജനകീയ പ്രശ്‌നങ്ങളെ കണ്ടില്ലന്നു നടിക്കുകയും ചെയ്യുമ്പോള്‍ പ്രതികരിക്കുന്നവര്‍ക്ക്‌ ഒപ്പം കൂടാന്‍ സമൂഹം തയ്യാറാകുന്നതിന്റെ പ്രതിഫലനങ്ങളാണ്‌ അഴിമതി വിരുദ്ധ പോരാട്ടങ്ങളിലെ വന്‍ ജന പങ്കാളിത്തം തെളിയിക്കുന്നത്‌. അത്തരത്തില്‍ അരാഷ്‌ട്രീയവാദം വളരുന്നത്‌ രാജ്യത്തിനു ഗുണകരമല്ല എന്ന സത്യം കൂടി രാഷ്‌ട്രീയ പാര്‍ട്ടികള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഭരണ പക്ഷവും പ്രതിപക്ഷവും അവരുടെ കടമകള്‍ കൃത്യമായി പാലിച്ചിരുന്നുവെങ്കില്‍ രാജ്യത്ത്‌ ഇത്തരം അഴിമതികഥകള്‍ ആവര്‍ത്തിക്കപ്പെടുകയില്ലായിരുന്നു. വിശ്വാസ്യത നഷ്‌ടപ്പെട്ട രാഷ്‌ട്രീയ പാര്‍ട്ടികള്‍ രാജ്യത്തിന്‌ അപമാനകരം എന്നു മാത്രമല്ല ആപത്തു കൂടിയാണ്‌.
അഴിമതിയിലൂടെ സംബാധിച്ച കള്ളപ്പണം വിദേശരാജ്യങ്ങളില്‍ കൊണ്ടു പോയി നിക്ഷേപിക്കുന്നു. കുത്തക ഭീമന്‍മാരുടെ കോടാനു കോടി രൂപായുടെ കുടിശിഖകള്‍ സര്‍ക്കാര്‍ എഴുതി തള്ളുന്നതിനു പുറമെ അവര്‍ക്കു വേണ്ടി സഹായ പാക്കേജുകള്‍ ഏര്‍പ്പെടുത്തുവാന്‍ വീണ്ടും അത്രയും തന്നെ തുക സൗജന്യമായി നല്‍കുകയും ചെയ്യുന്ന സര്‍ക്കാരാണ്‌ പാവങ്ങള്‍ക്ക്‌ സബ്‌സിഡി നല്‍കാന്‍ പണമില്ലന്ന കാരണം പറഞ്ഞ്‌ നക്കാപിച്ച സബ്‌സിഡികള്‍ എടുത്തു കളയുന്നത്‌. കുത്തകകളെ സഹായിക്കാന്‍ കോടികള്‍ മുടക്കാന്‍ മടിയില്ലാത്ത സര്‍ക്കാരിന്‌ എന്തേ പാവങ്ങളുടെയും സാധാരണക്കാരുടേയും കാര്യത്തില്‍ ഇരട്ടത്താപ്പ്‌. പാചക വാതകത്തിന്റേയും ഡീസലിന്റേയും വില വര്‍ദ്ധിപ്പിച്ചും സബ്‌സിഡികള്‍ എടുത്തു കളഞ്ഞും സര്‍ക്കാര്‍ മുന്നോട്ട്‌ പോകുമ്പോള്‍ അരുതേ എന്ന്‌ ഉച്ചത്തില്‍ പറയാന്‍ രാജ്യത്ത്‌ ആളില്ലാതായിയിക്കുന്നു.
യുപിഎ സര്‍ക്കാരിന്റെ അഴിമതിയുടെ സാമ്രാജ്യം ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നതിലും എത്രയോ വലുതാണന്ന്‌ വരു ദിവസങ്ങളില്‍ തെളിയുവാന്‍ പോകുന്നതെയുള്ളു. ഇന്ന്‌ ഓരോ അഴിമതികളിലൂടെയും ഉയര്‍ന്നു വരുന്ന കണക്കുകള്‍ രാജ്യത്തിന്റെ പദ്ധതി തുകയേക്കാള്‍ വലുതാണ്‌. കല്‍ക്കരി കേസിലായാലും, ടുജി കേസ്സിലായാലും കോമണ്‍വെല്‍ത്ത്‌ അഴിമതിയിലാലും ഡല്‍ഹി വിമാനത്താവള കാര്യത്തിലായാലും എണ്ണിയാല്‍ ഒടുങ്ങാത്ത മറ്റ്‌ അഴിമതി കേസ്സുകളിലായാലും അഴിമതിയുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്‌. നാടിന്റെ സുരക്ഷക്കു ഭീഷണി ഉയര്‍ത്തി വിഘടന വിധ്വംസക ശക്തികള്‍ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും ഒരേ പോലെ ആക്രമണം അഴിച്ചു വിടുന്നു. രൂപയുടെ മൂല്യം അനുദിനം താഴ്‌ന്നു കൊണ്ടിരിക്കുന്നു.രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക്‌ കൂപ്പു കുത്തുന്നു. വിലക്കയറ്റം പരിധികളില്ലാതെ കുത്തിച്ചു പായുന്നു. ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരം ഏല്‍ക്കുന്ന 2004 മെയില്‍ കേവലം 33.70 രൂപാ വിലയുണ്ടായിരുന്ന പെട്രോളിന്റെ വില നൂറു രൂപയിലേക്ക്‌ അടുത്തു കൊണ്ടിരിക്കുന്നു. ഇങ്ങനെ നാട്‌ സകല മേഖലയിലും പ്രശ്‌നങ്ങളെ നേരിടുമ്പോള്‍ ഇത്ര നിഷ്‌ക്രിയമായിരിക്കാന്‍ പ്രതിപക്ഷത്തിന്‌ എങ്ങിനെ സാധിക്കുന്നു.
ഈ അവസരത്തില്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ കഴിഞ്ഞില്ലങ്കിലും ഇത്തരം ജനദ്രോഹ നടപടികളെ ചര്‍ച്ചയാക്കാനെങ്കിലും ബിജെപി അടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ക്ക്‌ ഇനിയെങ്കിലും കഴിയുന്നില്ലങ്കില്‍ ജനങ്ങളുടെ കോടതിയില്‍ നിങ്ങള്‍ മറുപടി പറയേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല.
മ മ ത ഉയര്‍ത്തിയ വെല്ലുവിളിയെ സര്‍ക്കാര്‍ തൃണവല്‍ഗണിച്ച്‌ മായാവതിയിലൂടേയും മുലായം സിങ്ങിലൂടെയും കാലാവധി തികച്ചേക്കാം. പക്ഷെ ഇന്നത്തെ മുഖ്യ പ്രതി പക്ഷ പാര്‍ട്ടി ഇതേ രീതിയില്‍ മുന്നോട്ടു പോയാല്‍ അടുത്ത തവണ മുഖ്യ പ്രതിപക്ഷമായി പോലും തുടരുവാന്‍ കഴിയുമോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.
പ്രാദേശിക പാര്‍ട്ടികള്‍ക്ക്‌ രാജ്യ ഭരണത്തില്‍ നിര്‍ണ്ണായക സ്വാധീനം ലഭിക്കുക വഴി നാടിന്റെ കെട്ടുറുപ്പും നിലനില്‍പ്പും തന്നെ ചോദ്യംചെയ്യപ്പെടുന്ന അവസ്ഥയിലേക്കാണ്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌. ഒന്നും രണ്ടും സംസ്ഥാനങ്ങളില്‍ മാത്രം സ്വാധീനമുള്ള പാര്‍ട്ടികള്‍ക്ക്‌ പ്രാദേശിക താത്‌പര്യങ്ങള്‍ക്ക്‌ അപ്പുറം ദേശീയമായ വീക്ഷണം ഉണ്ടാകണമെന്നില്ല. ദേശീയ വീക്ഷണമുള്ള നേതൃത്വവും ആശയങ്ങളും ഉയര്‍ന്നു വരിക തന്നെ വേണം. 


(20-09-2012 ല്‍ മറുനാടന്‍ മലയാളിയില്‍ പ്രസിദ്ധീകരിച്ചത്‌) 

Comments

  1. pls Visit and like New Page Arackal Santhosh
    http://www.facebook.com/arackanthodupuzha

    ReplyDelete

Post a Comment