നെയ്യാറ്റിന്‍കരയില്‍ നിന്നും ബി.ജെ.പി പഠിക്കേണ്ട പാഠം



നെയ്യാറ്റിന്‍കരയില്‍ നിന്നും ബി.ജെ.പി പഠിക്കേണ്ട പാഠം

അനവസരത്തില്‍ നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ക്ക്‌ മേലെ അടിച്ചേല്‍പ്പിക്കപ്പെട്ടതാണങ്കിലും നെയ്യാറ്റിന്‍കര ഉപതെരെഞ്ഞെടുപ്പ്‌ ഫലം കേരളത്തില്‍ ഒരു മൂന്നാം ശക്തിക്ക്‌ പ്രസക്തിയുണ്ട്‌ എന്ന്‌ തെളിയിക്കപ്പെട്ടിരിക്കുകയാണ്‌. മാറി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ജനങ്ങള്‍ തയ്യാറാണ്‌. അതിനൊത്ത്‌ ഉയരാന്‍ നിങ്ങള്‍ തയ്യാറുണ്ടോ എന്ന കേരള ജനതയുടെ ചോദ്യത്തിനാണ്‌ വരും നാളുകളില്‍ ബി.ജെ.പി മറുപടി പറയേണ്ടത്‌. നെയ്യാറ്റിന്‍കരയില്‍ ബി.ജെ.പി നേടിയ വോട്ടുകള്‍ കേവലം അഞ്ചാം മന്ത്രി വിവാദത്തിന്റേയോ ഏതെങ്കിലും വൈകാരിക പ്രശ്‌നങ്ങളോടുയോ പ്രതികരണമോ രാജഗോപാലിന്റെ വ്യക്തിത്വത്തിന്‌ ലഭിച്ച വോട്ടോ മാത്രമല്ല. കാലാകാലങ്ങളിലായി മാറി മാറി സഹിച്ച ആവര്‍ത്തനങ്ങളില്‍ നിന്നുള്ള ജനങ്ങളുടെ ഒരു തിരിച്ചു പോക്കു കൂടിയാണിത്‌.
ഈ ഉപതെരെഞ്ഞെടുപ്പോടെ കേരള രാഷ്‌ട്രീയത്തില്‍ ബി.ജെ.പി എന്ന പാര്‍ട്ടിയുടെ പ്രസക്തിയും പ്രാധാന്യവും വര്‍ദ്ധിച്ചിരിക്കുകയാണ്‌. ഒരു രാഷ്‌ട്രീയ പ്രസ്ഥാനം എന്ന നിലയിലേക്ക്‌ ബി.ജെ.പി മാറുകയാണങ്കില്‍ കേരള രാഷ്‌ട്രീയത്തിലും അജയ്യ ശക്തിയായി മാറുവാന്‍ ബി.ജെ.പിക്കും കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ അത്തി പൂക്കുമ്പോള്‍ കാക്കക്ക്‌ വായ്‌പുണ്ണ്‌ എന്ന പറഞ്ഞതു പോലെയാണ്‌ പലപ്പോഴും ബി.ജെ.പി യുടെ കാര്യം. ഇത്തരം സാഹചര്യങ്ങളില്‍ സംഘടനാ ദൗര്‍ബല്യങ്ങളും പടലപിണക്കങ്ങളും പത്തി വിടര്‍ത്തുകയാണ്‌ പതിവ്‌. നേതൃത്വത്തിന്റെ ശൈലിയും പ്രവര്‍ത്തന രീതികളും കാഴ്‌ചപാടുകളും ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്ക്‌ അനുസൃതമായ രീതിയില്‍ അടിമുടി മാറേണ്ടിയിരിക്കുന്നു.
സാധാരണ ജനങ്ങളുടെ ഇടയിലേക്ക്‌ അവരുടെ പ്രശ്‌നങ്ങള്‍ക്കിടയിലേക്ക്‌ അവരിലൊരാളായി ഇറങ്ങി ചെല്ലാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക്‌ സാധിച്ചിട്ടുണ്ടോ എന്ന്‌ ഒരു സ്വയം വിലയിരുത്തല്‍ അനിവാര്യമാണ്‌. വൈകാരിക പ്രശ്‌നങ്ങളിലും ക്ഷേത്ര കാര്യങ്ങളിലും ഒതുങ്ങാതെ പ്രവര്‍ത്തന മേഖല വ്യാപിക്കുവാന്‍ ബി.ജെ.പി തയ്യാറാകാത്തിടത്തോളം കാലം അതിന്റെ വളര്‍ച്ചയുടെ ഗ്രാഫ്‌ താഴേക്ക്‌ ആയിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ബി.ജെ.പിയെ ഇന്ന്‌ സാധാരണ ജനങ്ങള്‍ കാണുന്നത്‌ ഒരു തെരെഞ്ഞെടുപ്പ്‌ രാഷ്‌ട്രീയ പാര്‍ട്ടി എന്ന നിലയിലാണ്‌. തെരെഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ മാത്രം കടന്നു വരികയും മത്സരിക്കുകയും പോവുകയും തെരെഞ്ഞെടുപ്പ്‌ വരുമ്പോള്‍ പിന്നീട്‌ വരികയും ചെയ്യുന്ന രാഷ്‌ട്രീയ പാര്‍ട്ടി. ഇങ്ങനെ അല്ലാത്ത പ്രദേശങ്ങള്‍ ഇല്ലന്നല്ല അവിടങ്ങളില്‍ അതിന്റെ നേട്ടം പാര്‍ട്ടിക്ക്‌ ലഭിക്കുന്നുമുണ്ട്‌. പക്ഷെ അത്തരം പ്രദേശങ്ങള്‍ ആകെ ഉള്ള മണ്‌ഡലങ്ങളുടെ പത്തു ശതമാനം പോലും വരുന്നില്ല എന്ന സത്യം വിസ്‌മരിച്ചു കൂടാ.
പ്രവര്‍ത്തന മേഖല വ്യാപിപ്പിച്ചതുകൊണ്ടു മാത്രം കാര്യമില്ല. ഒപ്പം വിശ്വാസ്യതയുള്ള മനുഷ്യത്തമുള്ള നേതൃ നിരയേയും വളര്‍ത്തിയെടുക്കണം. സമൂഹം അവജ്ഞയോടെയോ ഭയത്തോടെയോ കാണുന്നവരാകരുത്‌ സംഘടനാ നേതാക്കള്‍. അവരെ അതിനായി ആദര്‍ശ ബദ്ധരായി സജ്ജമാക്കണം. ഏതൊരു രാഷ്‌ട്രീയ പാര്‍ട്ടിയുടേയും വളര്‍ച്ചക്ക്‌ അത്യന്താപേക്ഷികമായ കാര്യമാണ്‌ വിശ്വാസിതയും അച്ചടക്കബോധവും ഉള്ള നേതൃത്വ നിര. ഒരു അമ്മയുടെ വയറ്റില്‍ നിന്നും പിറവിയെടുക്കുന്ന മക്കള്‍ എല്ലാവര്‍ക്കും പോലും എല്ലാ കാര്യങ്ങളിലും ഒരേ അഭിപ്രായമല്ല. അപ്പോള്‍ പല പ്രദേശങ്ങളിലും പല കുടുംബങ്ങളില്‍ നിന്നും വ്യത്യസ്ഥ ജീവിത സാഹചര്യങ്ങളില്‍ നിന്നും വന്നു ചേരുന്ന സംഘടനാ നേതാക്കള്‍ക്ക്‌ ഒരഭിപ്രായം ആകണമെന്ന്‌ പറയുന്നതിലും കാര്യമില്ല. പക്ഷെ ഇവരെ എല്ലാവരേയും ഒരുമിപ്പിക്കുന്ന ഒന്നാക്കി നിര്‍ത്തുന്ന ഒന്നാവണം സംഘടന. ഓരോ വിഷയങ്ങള്‍ ഉണ്ടാകുമ്പോഴും നേതൃത്ത്വത്തില്‍ ഇരിക്കുന്ന വ്യക്തികളുടെ ആശയങ്ങളല്ല സംഘടനയുടെ ആശയങ്ങളാവണം പ്രതിഫലിക്കേണ്ടത്‌. അതിന്‌ അത്യാവശ്യമായും പ്രഥമമായും വേണ്ടത്‌ സംഘടനയുടെ ദൃഡീകരണമാണ്‌. സംഘടനയുടെ ആശയ ദാര്‍ശങ്ങളാല്‍ ബന്ധിതരാക്കപ്പെടുന്ന നേതൃത്വ നിര. അതിന്റെ അഭാവം ഈ സംഘടനയില്‍ ആവോളം പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്‌ എന്ന സത്യവും വിസ്‌മരിച്ചു കൂടാ.
സംഘടനാ ദൃഡീകരണം എന്നത്‌ ഏകാധിപത്യമല്ല. ആദര്‍ശ നിഷ്‌ടരായ ഒരു പറ്റം നേതാക്കളുടെ കൂട്ടായ്‌മയിലാകണം അതു പടുത്തുയര്‍ത്തേണ്ട്‌. അതിനായി സംഘടനയുടെ ചട്ടക്കൂടുകള്‍ ബലവത്താക്കണം. ആരെയെങ്കിലുമൊക്കെ പുറത്താക്കി കൊണ്ടുമാവരുത്‌ അത്‌.
നേതൃത്വത്തിലും പ്രവര്‍ത്തനത്തിലും പ്രകടനത്തിലും സ്ഥിരത ഇല്ലായ്‌മയാണ്‌ ബി.ജെ.പി. ഇന്ന്‌ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. സംഘടനയെ പ്രാപ്‌തമാക്കുവാന്‍ ഓരോ കാലഘട്ടത്തിലും നടക്കുന്ന പരീക്ഷണങ്ങള്‍ അബദ്ധ പഞ്ചാംഗങ്ങളായി മാറിയുട്ടുണ്ടോ എന്ന വിലയിരുത്തലുകള്‍ നടത്തേണ്ടിയിരിക്കുന്നു. ഓരോ ഘട്ടത്തിലും ഓരോ പരീക്ഷണങ്ങള്‍. ഒരു ചെടി നട്ട്‌ വെള്ളം ഒഴിച്ച്‌ പരിപാലിച്ച ശ്ശേഷം പലപ്പോഴായി അതിനെ പിഴുതെടുത്ത്‌ വേരു പിടിച്ചോ എന്ന്‌ പരിശോധിച്ച ശ്ശേഷം മാറി മാറി നട്ടു നടത്തുന്ന പോലുള്ള പരീക്ഷണങ്ങള്‍ പലപ്പോഴായി പാര്‍ട്ടിയില്‍ നടത്തിയതിന്റെ പരിണിത ഫലം ഇന്നും ഈ പാര്‍ട്ടി അനുഭവിക്കുന്നുണ്ടന്ന കാര്യം വിസ്‌മരിച്ചുകൂടാ. ഓരോ പരീക്ഷണങ്ങള്‍ക്കും ഒരു കാരണമുണ്ടകാം. അത്തരത്തില്‍ പരിശേധിക്കപ്പെടുന്ന ചെടിയുടെ അവസ്ഥ തന്നെ പാര്‍ട്ടിക്കും വന്നു ചേരും എന്ന്‌ അറിയാത്ത ബുദ്ധിശൂന്യരൊന്നുമല്ല ഇത്തരം പരീക്ഷണങ്ങള്‍ മേല്‍നോട്ടം വഹിക്കുന്നത്‌.
ഇത്തരം പരീക്ഷണങ്ങളിലൂടെ നഷ്‌ടമായ ആയുസ്സ്‌ പാര്‍ട്ടിക്ക്‌ വീണ്ടെടുക്കുവാന്‍ കഴിയുമോ എന്ന്‌ ചിന്തിക്കേണ്ടതാണ്‌. എന്തിനേയും തകര്‍ത്തെറിയുവാനും നശിപ്പിക്കുവാനും വളരെയെളുപ്പമാണ്‌. കേടുപാടുകള്‍ തീര്‍ത്ത്‌ മുന്നോട്ടു നയിക്കുവാന്‍ അല്‍പ്പം പണിയെടുക്കണം. അത്തരം താത്‌പര്യ സംരക്ഷണങ്ങള്‍ക്കു വേണ്ടി ചിലരെ ഒഴിവാക്കേണ്ടി വരും മറ്റ്‌ ചിലരെ അകറ്റി നിര്‍ത്തേണ്ടി വരും. ഇത്തരത്തില്‍ ഒഴിവാക്കേണ്ടവര്‍ക്കും മാറ്റി നിര്‍ത്തേണ്ടി വന്നവര്‍ക്കും എതിരെ തൊടുത്തു വിട്ട ഒളിയമ്പുകള്‍ ചെന്നു പതിച്ചത്‌ ഇത്തരം വ്യക്തികള്‍ക്കു നേരെ മാത്രമല്ല അത്‌ ഈ പ്രസ്ഥാനത്തിനു നേരെയാണന്നും പാര്‍ട്ടിയുടെ വിശ്വാസ്യതയുടെ നിറകയിലാണന്നും , അതിലൂടെ തകര്‍ന്നടിയുന്നത്‌ പാര്‍ട്ടിയുടെ പ്രതിശ്ചായയാണന്നും മനസ്സിലാക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും ആവര്‍ത്തിക്കില്ലന്ന്‌ പ്രതീക്ഷിക്കാം. ഇതൊന്നും നടത്തിയത്‌ താഴെ തട്ടിലല്ല മറിച്ച്‌ ഏറ്റവും ഉയര്‍ന്ന തലങ്ങളിലാണ്‌ എന്നതാണ്‌ സങ്കടം.
ഇത്തരം പരീക്ഷണങ്ങള്‍ മൂലം പ്രവര്‍ത്തകര്‍ക്ക്‌ ലഭിച്ച തെറ്റായ സന്ദേശങ്ങളേയും നാം വിസ്‌മരിച്ചുകൂടാ. കൃത്യമായി സംഘടനാ പ്രവര്‍ത്തനങ്ങള്‍ ചെയ്‌താലും കാലാകാലങ്ങളില്‍ നേതൃത്വം മാറ്റം സംഭവിക്കുമ്പോള്‍ തങ്ങള്‍ പരിഗണിക്കപ്പെടാം എന്ന വിശ്വാസം പ്രവര്‍ത്തകര്‍ക്ക്‌ നഷ്‌ടമായിരിക്കുന്നു. കാരണം നേതൃത്വത്തില്‍ വരുന്നവരുടെ താത്‌പര്യത്തിന്‌ അനുസരിച്ച്‌ നേതൃ നിരയും മാറി മറിയുന്നു. പരീക്ഷണത്തിന്റെ ഭാഗമായി പി.എസ്‌. ശ്രീധരന്‍ പിള്ള നേതൃത്വത്തിലേക്കു വന്നപ്പോള്‍ ഒരു വിഭാഗം തഴയപ്പെടുകയും പരിഷ്‌കരിച്ച നേതൃത്വ നിര നിലവില്‍ വരികയും ചെയ്‌തു. മറ്റൊരു പരീക്ഷണത്തിന്റെ ഭാഗമായി പി.കെ. കൃഷ്‌ണദാസ്‌ പ്രസിഡന്റായി വന്നപ്പോള്‍ നിലവിലുള്ള സംവിധാനങ്ങളില്‍ പൊളിച്ചെഴുത്ത്‌ നടത്തി സംസ്ഥാനത്തൊട്ടാകെ പഴയ യുവമോര്‍ച്ച ടീം ഒന്നടങ്കം പാര്‍ട്ടി നേതൃത്ത്വത്തിലേക്ക്‌ കടന്നു വരികയും അതു വരെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന പലരും തഴയപ്പെടുകയും ചെയ്‌തു. ആ പരീക്ഷണവും വിജയം കാണാതെ വന്നപ്പോള്‍ പുതിയ പരീക്ഷണത്തിലൂടെ വി.മുരളീധരന്‍ നേതൃത്വ നിരയിലേക്ക്‌ കടന്നു വന്നപ്പോള്‍ അതുവരെ ബി.ജെ.പി. പ്രവര്‍ത്തനങ്ങളില്‍ അത്ര സജ്ജീവമല്ലാതിരുന്ന എ.ബി.വി. പി. ടീം നേതൃത്വ നിരയിലേക്ക്‌ കടന്നു വരികയും ചെയ്‌തു. ആ പരീക്ഷണം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു. പക്ഷെ ഒരു സംഘടനയ്‌ക്കു അത്യന്താപേക്ഷികമായ പ്രവര്‍ത്തന തുടര്‍ച്ച നഷ്‌ടമാകുന്നു എന്നതാണ്‌ പ്രശ്‌നം. പുതിയ ആളുകള്‍ വരുക തന്നെ വേണം. അതിനോടൊപ്പം പഴയ തലമുറയെ സജ്ജീവമായി നിലനിര്‍ത്തുകയും ചെയ്യുമ്പോഴാണ്‌ സംഘടനാ ദൃഡമാകുന്നത്‌.
ബി.ജെ.പി. പ്രവര്‍ത്തകരുടെ ഇടയിലോ മറ്റ്‌ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഇടയിലോ അല്ല മറിച്ച സാധാരണ ജനങ്ങള്‍ ബഹുമാനത്തോടെ കാണുന്ന അല്ലെങ്കില്‍ സ്‌നേഹിക്കുന്ന എത്ര ജനകീയ നേതാക്കന്‍മാരെ കഴിഞ്ഞ 26 വര്‍ഷത്തെ പ്രവര്‍ത്തനത്തിനുള്ളില്‍ സൃഷ്‌ടിക്കാന്‍ ബി.ജെ.പി സാധിച്ചിട്ടുണ്ട്‌. വേണ്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ മുഴുവന്‍ സ്‌നേഹത്തോടെയും വിശ്വാസത്തോടെയും കാണുന്ന നേതാക്കള്‍ എത്ര പേരുണ്ട്‌ പാര്‍ട്ടിയില്‍. ഇത്‌ ഒരു ആക്ഷേപമല്ല. ഒരു കാര്യം വളരെ വ്യക്തമാണ്‌ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയും നേതാക്കള്‍ക്കെതിരെയും ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതും പ്രചരിപ്പിക്കുന്നതും ഒന്നും മറ്റ്‌ രാഷ്‌ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരോ നാട്ടുകാരോ അല്ല മറിച്ച്‌ സ്വന്തം പാര്‍ട്ടിക്കാരും പരിവാരങ്ങളുമാണ്‌. പാര്‍ട്ടിയെക്കുറിച്ച്‌ സ്വന്തം നേതാക്കള്‍ പറയുന്നതിലും അവര്‍ക്ക്‌ വിശ്വാസം മാധ്യമങ്ങളില്‍ വരുന്ന നിറം പിടിപ്പിച്ച കഥകളാണ്‌. ഇത്തരത്തില്‍ കുത്തഴിഞ്ഞ പ്രവര്‍ത്തന ശൈലി മൂലമാണ്‌ നേതൃത്ത്വത്തിന്റെ വിശ്വാസ്യത സമൂഹത്തില്‍ നഷ്‌ടമാകുന്നത്‌. സംഘടനക്കുള്ളില്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടേണ്ട ശക്തി ദൗര്‍ബല്യങ്ങള്‍ സൂചിപ്പിച്ചത്‌ ഒരു വീണ്ടുവിചാരത്തിനു വേണ്ടിയാണ്‌.
ആദ്യമെ സൂചിപ്പിച്ച ഒരു കാര്യമുണ്ട്‌ ഒരു രാഷ്‌ട്രീയ പ്രസ്ഥാനം എന്ന നിലയിലേക്ക്‌ ബി.ജെ.പി മാറുകയാണങ്കില്‍ കേരള രാഷ്‌ട്രീയത്തിലും അജയ്യ ശക്തിയായി മാറുവാന്‍ ബി.ജെ.പിക്കും കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല എന്ന്‌. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളും ഏറ്റവും വലിയ കരുത്ത്‌ എന്ന്‌ പറയപ്പെടുന്നത്‌ ശാസ്‌ത്രീയമായ ഒരു സൈത്താന്തിക അടിത്തറയാണ്‌. ബി.ജെ.പി.യെ സംബന്ധിച്ചിടത്തോളം അതിന്‌ ഒരു കുറവുമില്ല. ലോകം നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹാരം നിര്‍ദ്ദേശിക്കുന്ന പണ്‌ഡിറ്റ്‌ ദീനദയാല്‍ ഉപാദ്ധ്യയുടെ ഏകാത്മക മാനവ ദര്‍ശനം എന്ന അടിസ്ഥാന തത്വശാസ്‌ത്രത്തിന്റെ പിന്‍ബലമുണ്ട്‌. ആദര്‍ശബദ്ധരായ അനേകം പ്രവര്‍ത്തകര്‍ ഉണ്ട്‌. ഇനി ആവശ്യം ആദര്‍ശത്തില്‍ അധിഷ്‌ടിതമായ സംഘടനാ ദൃഡീകരണം മാത്രമാണ്‌.
ഇന്നത്തെ മുഖ്യ രാഷ്‌ട്രീയ പാര്‍ട്ടികളെയെല്ലാം സംബന്ധിച്ചിടത്തോളം അവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം അനുഭാവി വൃന്തത്തിന്റെ ചോര്‍ച്ചയാണ്‌. മാത്രമല്ല അസംതൃപ്‌തരായ അണികളും. പക്ഷെ ബി.ജെ.പി നേരിടുന്നതാകട്ടെ മറ്റൊരു ദുരവസ്ഥയും. ബി.ജെ.പി.യില്‍ പ്രതീക്ഷയും പ്രത്യാശയും കാണുന്നവരുടെ എണ്ണം കേരളത്തില്‍ അനുദിനം വര്‍ദ്ധിച്ചു വരികയാണ്‌. പക്ഷെ അവരുടെ പ്രതീക്ഷകള്‍ ഫലവത്താക്കാനോ അതിനൊപ്പം ഉയരാനോ പാര്‍ട്ടിക്ക്‌ കഴിയാത്തതിലുള്ള സങ്കടത്തിലാണവര്‍. അത്തരം ആളുകളുടെ പ്രതീകങ്ങളാണ്‌ നെയ്യാറ്റികരയില്‍ ബി.ജെ.പി.ക്ക്‌ വോട്ടുകള്‍ ചെയ്‌തവര്‍.
നെയ്യാറ്റിന്‍കര ഉപ തെരെഞ്ഞെടുപ്പില്‍ ഒ. രാജഗോപാലിനെപ്പോലെ ഒരാളെ മത്സരിപ്പിക്കാന്‍ ബി.ജെ.പി. കാണിച്ച മനോധൈര്യം അതാണ്‌ വരും ദിനങ്ങളില്‍ സംഘടനാ പ്രവര്‍ത്തനത്തിലും ബി.ജെ.പി. കാണിക്കേണ്ടത്‌. കേവലം ഒരു വര്‍ഷത്തിന്‌ മുമ്പ്‌ നടന്ന തെരെഞ്ഞെടുപ്പിലെ ബി.ജെ.പി.യുടെ പ്രകടനവും ഉപ തെരെഞ്ഞെടുപ്പിലെ പ്രകടനവും താരതമ്മ്യം ചെയ്യുമ്പോള്‍ ഇത്‌ ബോദ്ധ്യമാകും. വേണമെങ്കില്‍ ചക്ക വേരിലും കായ്‌ക്കുമെന്ന ്‌ ബി.ജെ.പി. തെളിയിച്ചിരിക്കുന്നു. ബി.ജെ.പിക്ക്‌ അത്രകണ്ട്‌ ജനകീയ അടിത്തറ ഒന്നും ഇല്ലാത്ത മണ്‌ഡലമാണ്‌ നെയ്യാറ്റിന്‍കര. 2001 ലെ തെരെഞ്ഞെടുപ്പില്‍ 200 ല്‍ കൂടുതല്‍ വോട്ട്‌ നേടാനായത്‌ കേവലം ഒരു ബൂത്തില്‍ മാത്രമാണ്‌. ഒന്നാം നമ്പര്‍ ബൂത്തില്‍. 100 കടക്കാനായത്‌ എട്ടു ബൂത്തുകളിലും 35 ബൂത്തുകളിലാകട്ടെ നേടാനായത്‌ ഇരുപത്തഞ്ചില്‍ താഴെ വോട്ടുകളും. കണക്കുകള്‍ ഇതായിരിക്കെ രാജഗോപാലിനെ മത്സരിപ്പിക്കുവാന്‍ തയ്യാറായതും വിജയിക്കുമെന്ന പ്രതീക്ഷ വളര്‍ത്തുവാന്‍ കഴിഞ്ഞതും ആറും ഏഴും പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന മുന്നണികളെ പിന്തള്ളി ഒറ്റക്ക്‌ അഞ്ചിരട്ടി വോട്ടുകള്‍ നേടാന്‍ കഴിഞ്ഞതും ചെറിയ കാര്യമല്ല. അതും കതിരില്‍ കൊണ്ടു പോയി വളം വച്ചിട്ടാണന്നു കൂടി മനസ്സിലാക്കണം. ഒരു തെരെഞ്ഞെടുപ്പിന്‌ ആവശ്യമായ മുന്നൊരുക്കങ്ങള്‍ ഒന്നും തന്നെ കാര്യമായി നടത്താതെ രാജഗോപാല്‍ മല്‍സരിക്കുമെന്ന്‌ തീരുമാനിച്ചതിനുശ്ശേഷമാണ്‌ കാര്യമായ തെരെഞ്ഞെടുപ്പ്‌ പ്രവര്‍ത്തനത്തിലേക്ക്‌ പ്രവേശിച്ചത്‌. മറ്റ്‌ രണ്ടു മുന്നണികളുമാകട്ടെ അതിനുമുമ്പു തന്നെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഒറ്റകെട്ടായി പരിശ്രമിച്ചാല്‍ അസാധ്യമായത്‌ ഒന്നുമില്ല എന്നു തെളിയിക്കുന്നതാണ്‌ തെരെഞ്ഞെടുപ്പ്‌ ഫലം. അപ്പോള്‍ അടിസ്ഥാന പരമായ സംഘടനാ പ്രവര്‍ത്തനം എല്ലാ ബൂത്തുകളിലും ഉണ്ടായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു ഫലം. പക്ഷെ പലപ്പോഴും ബി.ജെ.പി.യുടെ പ്രവര്‍ത്തികള്‍ ഒരു തമിഴ്‌ പഴഞ്ചൊല്ലിനെയാണ്‌ ഓര്‍മ്മിപ്പിക്കുന്നത്‌. നിനച്ചാല്‍ ഏന്‍ പുലിയെ പിടിപ്പേന്‍ പക്ഷെ ഉയിര്‍ പോനാലും നിനപ്പമാട്ടേന്‍.
തെരെഞ്ഞെടുപ്പ്‌ തന്ത്രങ്ങളിലും പ്രവര്‍ത്തന ശൈലികളിലും മാറ്റം അനിവാര്യമാണങ്കില്‍ മാറ്റം വരുത്തുക തന്നെ വേണം. 2011 ലെ തെരെഞ്ഞെടുപ്പില്‍ 8.72 ശതമാനം വോട്ടുകളുള്ള സി.പിഐക്ക്‌ കേരള നിയമ സഭയിലുള്ളത്‌ 13 സീറ്റുകളാണ്‌. 7.92 ശതമാനം വോട്ടുകളുള്ള മുസ്ലീം ലീഗിനാകട്ടെ കേരള നിയമ സഭയിലുള്ളത്‌ 20 സീറ്റുകളാണ്‌. 4.94 ശതമാനം വോട്ടുകളുള്ള കേരള കോണ്‍ഗ്രസ്സ്‌ മാണിക്കാവട്ടെ കേരള നിയമ സഭയിലുള്ളത്‌ 9 സീറ്റുകളാണ്‌. 1.52 ശതമാനം വോട്ടുകളുള്ള ജനതാദളിന്‌ കേരള നിയമ സഭയിലുള്ളത്‌ 4 സീറ്റുകളാണ്‌. ഒരു ശതമാനത്തില്‍ താഴെ വോട്ടുള്ള പാര്‍ട്ടികള്‍ക്ക്‌ വരെ കേരള നിയമ സഭയില്‍ സീറ്റുണ്ട്‌. പക്ഷെ 6.03 ശതമാനം വോട്ടുകളുള്ള ബി.ജെ.പിക്കാവട്ടെ കേരള നിയമ സഭയിലേക്ക്‌ ഒരാളെ പോലും വിജയിപ്പിക്കുവാനും കഴിയുന്നില്ല. ഇത്‌ മുന്നണി രാഷ്‌ട്രീയത്തിന്റെ പരിണിത ഫലമാണങ്കില്‍ അതിനെ പ്രതിരോധിക്കുവാനും തകര്‍ക്കുവാനും തന്ത്രങ്ങള്‍ രൂപീകരിക്കണം. അങ്ങിനെ തന്ത്രങ്ങള്‍ ഫലവത്താകണമെങ്കില്‍ ആദ്യം ബി.ജെ.പി. സുശക്തമായ സംഘടനയായി മാറുകയും പ്രവര്‍ത്തനം സ്റ്റെഡിയായി മാറ്റുകയും ചെയ്യണം. ബി.ജെ.പി ജയിക്കുമെന്ന്‌ വന്നാല്‍ വോട്ടു ചെയ്യാന്‍ ജനങ്ങള്‍ തയ്യാറാണന്നു തെളിയിക്കപ്പെട്ടിരിക്കുന്നു.
ജനകീയ അടിത്തറ വികസിപ്പിച്ചു കൊണ്ട്‌ ദൃഡമായ സംഘടന ചട്ടക്കൂടുകളിലൂടെ എല്ലാവര്‍ക്കും അര്‍ഹമായ പരിഗണന നല്‍കി മാരാര്‍ജിയെപോലെയും രാജേട്ടനെ പോലെയും കുടുതല്‍ ജനകീയ നേതാക്കളെ സൃഷ്‌ടിച്ചും വളര്‍ന്നു വരുന്നവരുടെ കൂമ്പ്‌ ചവിട്ടി ഒടിക്കാതെയും അച്ചടക്കത്തിലൂന്നിയ ഒരു പുതിയ പരിവര്‍ത്തനത്തിന്‌ ആവശ്യമായ ശക്തമായ കൂടുതല്‍ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും അതിലൂടെ കേരളത്തിലും ശക്തമായ ഒരു രാഷ്‌ട്രീയ പ്രസ്ഥാനമായി ബി.ജെ.പി. മാറുമെന്ന്‌ പ്രത്യാശിക്കാം.

Comments

  1. നെയ്യാറ്റിന്‍കരയില്‍ അത്തരമൊരു സംഘടനാ ബലം ബിജെപിക്കില്ലാതെ പോയതാണ് അനുകൂലമായി കിട്ടിയ 20,000-ല്‍ അധികം വോട്ടുകൊണ്ട് ആ പാര്‍ട്ടിക്ക് പ്രതിനിധിയെ നിയമസഭയിലെത്തിക്കാന്‍ ആകാതെ പോയത്. ബിജെപിക്ക് ഒരുപക്ഷേ നെയ്യാറ്റിന്‍കരയില്‍നിന്നുള്ള പാഠം അതാണ്- ഒന്നിച്ചുള്ള പ്രവര്‍ത്തനം, മികച്ച സ്ഥാനാര്‍ത്ഥി, ശക്തമായ പ്രവര്‍ത്തനം, അതിനു മുമ്പ് അടിസ്ഥാനപരമായ സംഘടനാ പ്രവര്‍ത്തനം. അങ്ങനെ വരുമ്പോള്‍ 140 മണ്ഡലങ്ങളിലും ഇതു സാധ്യമല്ലെന്നു തിരിച്ചറിഞ്ഞ് തിരഞ്ഞെടുത്ത ഏതാനും മണ്ഡലങ്ങളില്‍ കേന്ദ്രീകരിച്ചു തെരഞ്ഞെടുപ്പുകള്‍ നേരിടുകയാവും അവര്‍ക്ക് നല്ലത്.
    http://www.thesundayindian.com/ml/story/neyyattinkara-udf-gets-a-reprieve/2/3434/

    ReplyDelete
  2. പ്രിയ സുഹര്തിന്റെ കാത്തിനു കലിക പ്രസ്ക്തി ഉഡ്ഡ്.ഈ തുറ്ന്നെഴുതിനു അനുമൊധനം.

    ReplyDelete

Post a Comment